പ്രത്യയശാസ്ത്രത്തിന്റെ വീണ്ടെടുപ്പും കോണ്‍ഗ്രസ്സിന്റെ ഭാവിയും

പ്രത്യയശാസ്ത്രത്തിന്റെ വീണ്ടെടുപ്പും കോണ്‍ഗ്രസ്സിന്റെ ഭാവിയും
Summary

ശക്തമായ സംഘടനാശേഷി മാത്രമല്ല, ഇന്ന് കോണ്‍ഗ്രസ്സിനാവശ്യം. അതിനേക്കാളുപരി, ബിജെപിയുടെ സാംസ്കാരികദേശീയതയും ദേശസുരക്ഷയും പോപ്പുലിസവും കൂടിച്ചേര്‍ന്ന പ്രത്യയശാസ്ത്രത്തിന് എങ്ങനെയുള്ള ബദല്‍ നരേറ്റീവ് ആണ് കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും കോണ്‍ഗ്രസ്സിന്റെ ഭാവി.

സുധാ മേനോന്‍ എഴുതുന്നു

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ദേശീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിരവധി സങ്കീര്‍ണ്ണമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലമാണിത്. സ്വതന്ത്ര ഇന്ത്യയെ ശൂന്യതയില്‍ നിന്നു നിര്‍മ്മിച്ചെടുത്ത പാര്‍ട്ടി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുകയും മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് നേരിടാനാവാതെ പകച്ചുനില്‍ക്കുകയും ചെയുന്നു. ഒരു വശത്ത്‌ കോണ്‍ഗ്രസ് മുക്തഭാരതം എന്ന ലക്ഷ്യത്തിന് വേണ്ടി ബിജെപി സാധ്യമായ എല്ലാ മാര്‍ഗങ്ങളും അവലംബിക്കുമ്പോള്‍ മറുവശത്ത്‌ ഏകീകൃതപ്രതിപക്ഷത്തെ നയിക്കാനുള്ള കോണ്‍ഗ്രസിന്റെ യോഗ്യതയെ ഇടതുപാര്‍ട്ടികളടക്കം ചോദ്യം ചെയുകയാണ്. കോണ്‍ഗ്രസ് പൂര്‍ണ്ണമായി നശിച്ചാല്‍ മാത്രമേ ബിജെപിയെ ഫലപ്രദമായി നേരിടാന്‍ കെല്‍പ്പുള്ള മറ്റൊരു വികല്‍പ്പം ഉയര്‍ന്നു വരികയുള്ളു എന്ന വാദവും സജീവമായി ഉയര്‍ന്നുവരുന്നുണ്ട്.

ഈ പ്രതിസന്ധികള്‍ക്കിടയിലാണ് തിരിച്ചുവരവിനുള്ള ശ്രമം കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത്ജോഡോ യാത്രയിലെ ജനപങ്കാളിത്തം നല്‍കിയ ആവേശവും ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം നടത്തിയ ദേശീയഅധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും രാജ്യമെമ്പാടുമുള്ള അണികള്‍ക്ക് പുതുജീവന്‍ നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യമാണെന്ന സന്ദേശമാണ് ‘തിങ്ക്‌ തരൂര്‍, തിങ്ക്‌ ടുമാറോ’ എന്ന മുദ്രാവാക്യവും ഉയര്‍ത്തി മത്സരരംഗത്ത് സജീവമായ ശശി തരൂര്‍ നല്‍കിയത്. മുഖ്യധാരാമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഒരുപോലെ ആ പ്രചരണം ഏറ്റെടുക്കുകയും ചെയ്തു. പ്രതീക്ഷിച്ചതുപോലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിജയിച്ചുവെങ്കിലും കോണ്‍ഗ്രസ്സിന്റെ മുന്നിലുള്ളത് അനന്തമായ പ്രശ്നങ്ങളാണ്. തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്‍ ഈ പ്രശ്നങ്ങളെ എങ്ങനെ നിര്‍ധാരണം ചെയ്യും എന്നതിനെ അനുസരിച്ചാകും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്റെ ഭാവി.

വാസ്തവത്തില്‍, കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന സങ്കീര്‍ണ്ണമായ പ്രതിസന്ധി ആ പാര്‍ട്ടിയുടെ മാത്രം ദൌര്‍ബല്യത്തില്‍ നിന്ന് ഉരുവെടുത്തതല്ല. മറിച്ച്, ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന അസാധാരണമായ പരിവർത്തനത്തിന്റെ ഏറ്റവും വലിയ ഇരയായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാറേണ്ടി വന്നു എന്നതാണ് യാഥാര്‍ഥ്യം. പല യുറോപ്യന്‍ രാജ്യങ്ങളിലും വലതുപക്ഷ വംശീയപ്രത്യയശാസ്ത്രത്തിന്റെ പടയോട്ടത്തില്‍ ഇടതു-മദ്ധ്യവര്‍ത്തി പാര്‍ട്ടികള്‍ അപ്രസക്തമാക്കപ്പെട്ടതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

സമൂഹം വലതുവല്‍ക്കരിക്കപ്പെടുകയും ഭൂരിപക്ഷവംശീയവാദത്തിന്റെ പ്രത്യയശാസ്ത്രത്തിനു പൊതുസ്വീകാര്യത ലഭിക്കുകയും ചെയ്യുമ്പോള്‍ അതിനെതിരായ ബദല്‍ പ്രത്യയശാസ്ത്രം ഉയര്‍ത്തിക്കൊണ്ടുവരുന്നത് അത്ര എളുപ്പമല്ല. വിശേഷിച്ചും സംഘടനാപരമായി ദൌര്‍ബല്യം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക്. അതുകൊണ്ടുതന്നെ എന്തായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം എന്നും എങ്ങനെയാണ് ആ പ്രത്യയശാസ്ത്രവ്യക്തത കോണ്‍ഗ്രസ്സിനു നഷ്ടമായതെന്നും മതപരമായി ധ്രുവീകരിക്കപ്പെട്ട ഒരു രാഷ്ട്രീയവ്യവസ്ഥയില്‍ കോണ്‍ഗ്രസ് മുന്നോട്ടു വെക്കേണ്ട ബദല്‍ പ്രത്യയശാസ്ത്രത്തിന്റെ സ്വഭാവം എന്തായിരിക്കണം എന്നുമുള്ള ഒരു അന്വേഷണമാണ് ഈ ലേഖനം.

മല്ലികാര്‍ജുന ഗാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുന്നു
മല്ലികാര്‍ജുന ഗാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുന്നു

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഭരണഘടന കോണ്‍ഗ്രസ്സിന്റെ ലക്‌ഷ്യം എന്താണ് എന്ന് സുവ്യക്തമായി പറയുന്നുണ്ട്. അവസരസമത്വവും സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക അവകാശങ്ങളും ഉറപ്പു നല്‍കുകയും ഇന്ത്യന്‍ ജനതയുടെ ക്ഷേമവും പുരോഗതിയും കാംക്ഷിക്കുകയും ലോകസമാധാനത്തിനായി യത്നിക്കുകയും ചെയുന്ന പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം സമാധാനപരവും ഭരണഘടനാപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ കെട്ടിപ്പടുക്കുക എന്നാണ് കോണ്‍ഗ്രസ്സിന്റെ അടിസ്ഥാനലക്ഷ്യമായി പാര്‍ട്ടിയുടെ ഭരണഘടനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ലാഹോര്‍ സമ്മേളനത്തിലും ആവഡി സമ്മേളനത്തിലും അംഗീകരിക്കപ്പെട്ട ആശയങ്ങളും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന ആശയങ്ങളും പ്രതിഫലിപ്പിക്കുന്ന പ്രത്യയശാസ്ത്രം തന്നെയാണ് വാസ്തവത്തില്‍ കോണ്‍ഗ്രസ് എക്കാലത്തും ഉയര്‍ത്തിക്കാട്ടിയത്. ദീര്‍ഘനാളത്തെ ബ്രിട്ടീഷ്‌ ഭരണത്തിന്റെ കൊടുംദുരിതങ്ങള്‍ അനുഭവിച്ച ഇന്ത്യന്‍ സമൂഹത്തിന്റെ രാഷ്ട്രീയവും സാംസ്കാരികവും സാമ്പത്തികവുമായ ഉയിര്‍ത്തെഴുന്നേല്‍പ്പിനു ഉല്‍പ്രേരകമായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കണം എന്നായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു ആഗ്രഹിച്ചത്‌. സ്വാഭാവികമായും പുതുതായി സ്വാതന്ത്ര്യം കിട്ടിയ ഒരു ജനാധിപത്യരാഷ്ട്രത്തെ ആധുനികതയിലേക്കും പുരോഗതിയിലേക്കും നയിക്കാന്‍ പര്യാപ്തമായ ഒരു പ്രത്യയശാസ്ത്രമാണ് കോണ്‍ഗ്രസ് മുന്നോട്ടു വെച്ചത്. അയ്യായിരം വര്‍ഷത്തെ ബഹുസ്വരമായ ഒരു സംസ്കാരത്തിന്റെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകുന്നതു പോലെ പ്രധാനമാണ് ഭാവിതലമുറയുടെ ആശയാഭിലാഷങ്ങള്‍ക്കൊപ്പം സഞ്ചരിക്കേണ്ടത് എന്നും നെഹ്‌റു മനസ്സിലാക്കിയിരുന്നു. ഫാബിയന്‍ സോഷ്യലിസവും റിപ്പബ്ലിക്കന്‍ ചിന്തകളും സംയോജിക്കുന്ന ഒരു ലിബറല്‍ ആധുനിക മതേതരപ്രസ്ഥാനമായി കോണ്‍ഗ്രസ് നിലനില്‍ക്കണം എന്നായിരുന്നു നെഹ്രുവിന്റെ ആഗ്രഹം. എങ്കില്‍ മാത്രമേ വൈവിധ്യങ്ങളിലും വൈജാത്യങ്ങളിലും അധിഷ്ഠിതമായ ഇന്ത്യയെന്ന മഹാരാജ്യത്തെ കൂട്ടിയിണക്കുന്ന കണ്ണിയായി കോണ്‍ഗ്രസ്സിനു പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. പൊതുനന്മ, ജനക്ഷേമം, നയരൂപീകരണത്തിലെ ജനപങ്കാളിത്തം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയവ റിപ്പബ്ലിക്കന്‍ ചിന്തയുടെ ഭാഗമായിരുന്നു. അതേസമയം, വിപ്ലവത്തിലൂടെയല്ലാതെ സമാധാനപരമായ ഭരണഘടനാമാർഗ്ഗങ്ങളിലൂടെ അവസരസമത്വവും തുല്യതയും ഉറപ്പു വരുത്തുക എന്നത് ഫാബിയന്‍ സോഷ്യലിസത്തിന്റെ ആശയധാരയാണ്. ഈ രണ്ട് ആശയങ്ങളുടെ മിശ്രിതത്തിലേക്ക് ഗാന്ധിയന്‍ ചിന്തകളുടെ ആധാരമായ ‘അന്ത്യോദയ’ യും കൂടി ചേര്‍ത്താണ് സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രത്യയശാസ്ത്രം നിര്‍മ്മിച്ചെടുത്തത്. ആ പ്രത്യയശാസ്ത്രത്തില്‍ ഊന്നിയ സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക നയങ്ങള്‍ ആണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസ് നടപ്പിലാക്കിയതും.

ജവഹര്‍ലാല്‍ നെഹ്‌റു
ജവഹര്‍ലാല്‍ നെഹ്‌റു wikimedia commons

എടുത്തു പറയേണ്ട വസ്തുത ദേശീയതയോടുള്ള കോൺഗ്രസ്സിന്റെ അക്കാലത്തെ സമീപനമാണ്. നെഹ്റൂവിയന്‍ കാലഘട്ടത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ചത് വികസനദേശീയത (Developmental Nationalism) ആയിരുന്നു. ഇന്ത്യയെന്ന പുതിയ ദേശരാഷ്ട്രത്തെ സര്‍വതോമുഖമായ പുരോഗതിയിലേക്ക് നയിക്കുന്ന ജനപ്രിയവും നൂതനവുമായ വികസനനയത്തിന്റെ മുന്നണിപ്പോരാളിയായിട്ടാണ് കോണ്‍ഗ്രസ് അക്കാലത്ത് സ്വയം അടയാളപ്പെടുത്തിയത്. വന്‍കിട ഡാമുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, പഞ്ചവല്‍സരപദ്ധതികള്‍ തുടങ്ങിയ ആധുനിക ഇന്ത്യയിലെ മഹാക്ഷേത്രങ്ങള്‍ ഓരോ ഇന്ത്യാക്കാരനിലും ഉണ്ടാക്കിയെടുത്തത് വൈവിധ്യങ്ങളെ അതിലംഘിച്ച് നില്‍ക്കുന്ന മതാതീതമായ ഒരു ഏകതാബോധമായിരുന്നു. പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്ത്യ എന്ന രാഷ്ട്രീയഭാവനയും ആ ഭാവനയില്‍ ഊന്നിയ പ്രചാരണവും കോണ്‍ഗ്രസിനെ ഇന്ത്യയില്‍ ജനപ്രിയമാക്കി. നെഹ്രുവും നാസറും സുകാര്‍ണോയും ഒക്കെ ഈ വികസനദേശീയതയുടെ വക്താക്കള്‍ ആയിരുന്നു. ഫാസിസത്തില്‍ നിന്നും മുതലാളിത്തത്തില്‍ നിന്നും വ്യത്യസ്തമായി അവര്‍ മൂലധനത്തിന്റെ അപ്രമാദിത്വത്തിനു മുകളില്‍ ജനക്ഷേമത്തിനു വേണ്ടിയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ ‘വികസനദേശീയത’ ഇന്ത്യന്‍സംസ്കാരത്തെ വീക്ഷിച്ചത്‌ യുക്തിപൂര്‍ണ്ണവും ബഹുസ്വരവും ആധുനികവും പുരോഗമാനത്മകവുമായിട്ടാണ്. അല്ലാതെ പഴമയില്‍ നിന്നു മാത്രം ഊര്‍ജ്ജം കണ്ടെത്തുന്ന ഒരു അടഞ്ഞ അവസ്ഥ ആയിട്ടല്ല.

ഈ വികസനദേശീയതയും അതിനു അനുരൂപമായ റിപ്പബ്ലിക്കന്‍/ ഫാബിയന്‍ സോഷ്യലിസ്റ്റ്/ഗാന്ധിയന്‍ ചിന്താധാരകളും ആയിരുന്നു കോണ്‍ഗ്രസ്സിന്റെ വസന്തകാലത്ത് ആ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം. പിന്നീട് ഇന്ദിരാഗാന്ധിയുടെ കാലത്ത് അതിനോടൊപ്പം അവര്‍ ‘അഖണ്ഡദേശീയത’(Unitary Nationalism) കൂട്ടിച്ചേര്‍ത്തു. കാശ്മീരിലും പഞ്ചാബിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഉയര്‍ന്നുവന്ന വിഘടനവാദപ്രസ്ഥാനങ്ങളുടെ കാലത്ത് രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും വളരെ പ്രധാനമായിരുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സിന്റെ പ്രത്യയശാസ്ത്രത്തിനു കൂടുതല്‍ സ്വീകാര്യത ഉണ്ടായി.

ഇക്കാലത്ത് കോണ്‍ഗ്രസ്സിന്റെ പ്രത്യയശാസ്ത്രം പൂര്‍ണ്ണമായും മതേതരവും ബഹുസ്വരവും ആയിരുന്നു. ഒരു പ്രത്യേകസമുദായത്തെ മാത്രം ഇന്ത്യന്‍ സംസ്കാരത്തിന്റെ നേരവകാശി ആക്കാനുള്ള ശ്രമങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. അത് മുന്നോട്ടു വെച്ച വികസനദേശീയതയും അഖണ്ഡദേശീയതയും അപ്രസക്തമാകുന്നത് 1990-കളില്‍ ആണ്. ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും കോണ്‍ഗ്രസ് നയങ്ങളുടെ ഭാഗമായതോടുകൂടി, സ്റ്റേറ്റ്- നിയന്ത്രിതമായ വികസനദേശീയതക്ക് കളം നഷ്ടപ്പെട്ടു. മാര്‍ക്കറ്റ് മോഡല്‍ സാമ്പത്തികപരിഷ്ക്കാരങ്ങളും നഷ്ടത്തിലായ പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണവും ഒരു പരിധിവരെ അന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു.

നെഹ്‌റു
നെഹ്‌റു

ടെക്നോളജിയുടെ ആഗോളവല്‍ക്കരണം രാജ്യാതിര്‍ത്തികള്‍ കടന്നുകൊണ്ടുള്ള മൂലധനത്തിന്റെ പടയോട്ടത്തിന് അപാരസാദ്ധ്യതകള്‍ ഒരുക്കിയപ്പോള്‍ അതില്‍ നിന്നു മാറിനില്‍ക്കുക ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന്‌ എളുപ്പമല്ല. പക്ഷേ അതിനിടയിലും പഴയ പ്രത്യയശാസ്ത്രത്തെ പൂര്‍ണ്ണമായും കൈവെടിയാതെ കോണ്‍ഗ്രസ് ശ്രദ്ധിക്കേണ്ടിയിരുന്ന രണ്ടു കാര്യങ്ങള്‍ ഉണ്ടായിരുന്നു.

ഒന്ന്, നെഹ്രുവിയന്‍ കണ്‍സെന്‍സസ് എന്നറിയപ്പെട്ടിരുന്ന കോണ്‍ഗ്രസ്സിന്റെ മുഖ്യധാരാ ഐഡിയോളജിയെ പൂര്‍ണ്ണമായും കൈവെടിയാതെ തന്നെ ജനപക്ഷമുഖം ഉള്ള ഉദാരവല്‍ക്കരണം നടപ്പിലാക്കുക എന്നുള്ളത്. ഉദാരവല്‍ക്കരണത്തിന്റെ ദോഷഫലങ്ങള്‍ ബാധിക്കാനിടയുള്ള ജനവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായ നയപരിപാടികള്‍ നടപ്പിലാക്കുന്നതിലൂടെ ഒരു പരിധി വരെ കോണ്‍ഗ്രസിന് പരമ്പരാഗത വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം നിലനിര്‍ത്താന്‍ കഴിയുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം അതില്‍ ശ്രദ്ധിച്ചില്ല. രണ്ടാമത്തെ കാര്യം, നാല്‍പ്പതുവര്‍ഷത്തിലേറെ കാലമായി കോണ്‍ഗ്രസ്സും ഇന്ത്യയും പിന്തുടരുന്ന ക്ഷേമരാഷ്ട്രനയങ്ങള്‍ പെട്ടെന്ന് ഉപേക്ഷിച്ചുകൊണ്ട് നിയോ-ലിബറല്‍ വികസനമാതൃകയെ ആലിംഗനം ചെയ്യുമ്പോള്‍ അതിനിടയാക്കിയ സാഹചര്യം കുറേക്കൂടി വിശ്വാസയോഗ്യമായ രീതിയില്‍ ജനങ്ങളെ ബോധ്യപ്പെടുത്തുകയും പുതിയ പ്രത്യയശാസ്ത്രത്തെ ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കുകയും ചെയ്യേണ്ടതായിരുന്നു. പക്ഷെ, സംഘടനാപരമായി ദുര്‍ബലമായ തൊണ്ണൂറുകളിലെ കോണ്‍ഗ്രസ്സിനും അടിത്തട്ടില്‍ വേരുകളില്ലാത്ത അന്നത്തെ നേതാവ് പി.വി. നരസിംഹറാവുവിനും ഈയൊരു നരേറ്റീവ്, ‘വികസനദേശീയത’യുടെ അനിവാര്യമായ തുടര്‍ച്ചയായി ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ കഴിഞ്ഞില്ല. അന്ന് മുതല്‍ കോണ്‍ഗ്രസ്സിന്റെ പ്രത്യയശാസ്ത്ര നരേറ്റീവിനു താളംതെറ്റി.

അതുകൊണ്ടുതന്നെ, പുതിയ സാമ്പത്തികനയങ്ങള്‍ ജനവിരുദ്ധമായ ഒന്നാണെന്ന പൊതുബോധം പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടു ബാങ്കുകള്‍ ആയ ദളിത്‌- ആദിവാസി-പിന്നോക്ക-ദുര്‍ബലവിഭാഗങ്ങളെ കോണ്‍ഗ്രസ്സില്‍ നിന്ന് അകറ്റി. അതോടൊപ്പം, ‘മണ്ഡല്‍- മസ്ജിദ്’ പ്രശ്നങ്ങള്‍ പരമ്പരാഗതവോട്ടര്‍മാരായ മുസ്ലിം- ഒബിസി വിഭാഗങ്ങളെയും പാര്‍ട്ടിയില്‍ നിന്ന് അകറ്റിക്കഴിഞ്ഞിരുന്നു. ജാതിസ്വത്വബോധത്തില്‍ അധിഷ്ഠിതമായ പുതിയ പാര്‍ട്ടികള്‍ ഹിന്ദിമേഖലയില്‍ വളര്‍ന്നതോടെ കോണ്‍ഗ്രസ് തിരികെവരാന്‍ കഴിയാത്ത വണ്ണം ദുര്‍ബലമായി. ഹിന്ദി മേഖല കൈവിട്ടതോടെ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുന്നതിനു വേണ്ടി പ്രാദേശികപാര്‍ട്ടികളുമായി പലയിടത്തും സഖ്യത്തില്‍ ഏര്‍പ്പെട്ടു. ഈ പാര്‍ട്ടികളില്‍ പലതും തീവ്രമായ ഉപദേശീയതാവാദം ഉയര്‍ത്തുന്ന രാഷ്ട്രീയകക്ഷികള്‍ ആയതുകൊണ്ട് ‘അഖണ്ഡദേശീയത’യും ദേശസുരക്ഷയും സംരക്ഷിക്കുന്ന ഒരേയൊരു രാഷ്ട്രീയപാര്‍ട്ടി കോണ്‍ഗ്രസ് ആണെന്ന വാദം തിരഞ്ഞെടുപ്പുകളില്‍ സജീവമാക്കാന്‍ കോണ്‍ഗ്രസിന് കഴിയാതായി. അപ്പോഴേക്കും ബിജെപി ഹൈന്ദവദേശീയതയുടെ വിത്തുകള്‍ പാകി മുളപ്പിക്കാന്‍ തുടങ്ങിയിരുന്നു. സ്വാഭാവികമായും പിന്നീടുവന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു.

ചുരുക്കത്തില്‍, ലിബറല്‍ ജനാധിപത്യം വെറും വോട്ടു ബാങ്ക് രാഷ്ട്രീയമായും ദേശീയത പൊള്ളയായ മുദ്രാവാക്യമായും മതേതരത്വം രാഷ്ട്രീയ അവസരവാദമായും സാമൂഹ്യനീതി വെറും ജാതിരാഷ്ട്രീയവാദികളുടെ സ്വത്വവല്‍ക്കരണം മാത്രമായും ആധുനികത പാശ്ചാത്യഅനുകരണമായും പരിവര്‍ത്തനം ചെയ്യപ്പെട്ടപ്പോള്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പരമ്പരാഗത വോട്ട്ബാങ്ക് സങ്കല്പം തകര്‍ന്നു. കോണ്‍ഗ്രസ് പോലുള്ള എല്ലാ വിഭാഗങ്ങളെയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന മഴവില്‍പാര്‍ട്ടികള്‍ ഈ മാറ്റത്തില്‍ തകര്‍ന്നടിഞ്ഞപ്പോള്‍, ജാതി-മതസ്വത്വ രാഷ്ട്രീയവും ഉപദേശീയതാവാദവും സമര്‍ത്ഥമായി കളിച്ച ബിജെപിയും മണ്ഡല്‍പ്പാര്‍ട്ടികളും പ്രാദേശികപ്പാര്‍ട്ടികളും ആ സ്ഥാനത്തേക്ക് കടന്നുവന്നു. ഈ സാഹചര്യത്തിലും ഒരു ബദല്‍ രാഷ്ട്രഭാവനയും രാഷ്ട്രീയഭാവനയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ല എന്നുള്ളത് ചരിത്രപരമായ അബദ്ധമായിരുന്നു. ഈ അനാസ്ഥ കോണ്‍ഗ്രസ്സിനെ വീണ്ടും ക്ഷീണിപ്പിച്ചു.

പിന്നീട് കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നത് 2004-ലെ പൊതുതിരഞ്ഞെടുപ്പില്‍ ആണ്. ആ തിരഞ്ഞെടുപ്പിന് ശേഷം 2014 വരെയുള്ള കാലം സാക്ഷ്യം വഹിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പഴയ പ്രത്യയശാസ്ത്രത്തിന്റെ വീണ്ടെടുപ്പ് ആയിരുന്നു. ‘ഇന്ത്യ തിളങ്ങുന്നു’ എന്ന ബിജെപിയുടെ പ്രചാരണം ഗ്രാമങ്ങളില്‍ അവര്‍ക്ക് തിരിച്ചടിയായതിനെ തുടര്‍ന്നാണ്‌ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണി വീണ്ടും അധികാരത്തില്‍ വന്നത്. കോമണ്‍ മിനിമം പ്രോഗ്രാമിന്റെ അടിസ്ഥാനത്തിലുള്ള മുന്നണി സമ്പ്രദായം ആയതുകൊണ്ടു തന്നെ ജനക്ഷേമത്തില്‍ ഊന്നിയുള്ള നിരവധി പൊതുനയങ്ങള്‍ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാറുകള്‍ കൊണ്ടുവന്നു. തൊഴിലുറപ്പ് പദ്ധതി, വിവരാവകാശനിയമം, സര്‍വശിക്ഷാഅഭിയാന്‍, ഭക്ഷ്യസുരക്ഷാനിയമം തുടങ്ങിയ വിപ്ലവാത്മകമായ പദ്ധതികള്‍ വാസ്തവത്തില്‍ വെറും ‘പോപ്പുലിസ്റ്റ്’ പരിപാടികള്‍ ആയിരുന്നില്ല. മറിച്ച്, അവകാശങ്ങളില്‍ അധിഷ്ഠിതമായ യഥാര്‍ത്ഥ സോഷ്യല്‍ ഡെമോക്രാറ്റിക്‌ നയരൂപീകരണത്തിന്റെ ഭാഗമായിരുന്നു. കോണ്‍ഗ്രസ് തന്നെ തുടക്കമിട്ട ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ ഇന്ത്യന്‍ സമൂഹത്തില്‍ ഉണ്ടാക്കിയ സാമ്പത്തിക അസമത്വത്തെ ഒരു പരിധിവരെ നിര്‍വീര്യമാക്കാനും സാധാരണ ജനങ്ങള്‍ക്ക് തങ്ങള്‍ കൂടി വികസനത്തിന്റെ ഭാഗമാണെന്ന തോന്നല്‍ ഉണ്ടാക്കാനും ഈ സമഗ്രമായ പൊതുനയപരിപാടികള്‍ സഹായിച്ചു. അതോടൊപ്പം, ഭേദപ്പെട്ട സാമ്പത്തിക വളര്‍ച്ചയും ഉണ്ടായതോടെ കോണ്‍ഗ്രസിന് മധ്യവര്‍ഗ്ഗ-അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പിന്തുണ വീണ്ടും നേടാന്‍ കഴിഞ്ഞു. അങ്ങനെയാണ് 2009-ലെ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത്.

വാസ്തവത്തില്‍, അക്കാലത്ത് കോണ്‍ഗ്രസ് നേതൃത്വം ചെയ്യേണ്ടിയിരുന്നത് ജനങ്ങളുടെ സാമൂഹ്യവും, നൈതികവും സാമ്പത്തികവുമായ അടിസ്ഥാന അവകാശങ്ങളില്‍ (right-based approach) ഊന്നിയുള്ള ഒരു പുതിയ മധ്യവര്‍ത്തി പ്രത്യയശാസ്ത്ര മാതൃക- സോഷ്യല്‍ ഡെമോക്രാറ്റിക്‌ മാതൃക- വളരെ കൃത്യമായും ലളിതമായും മനോഹരമായും പൊതുസമൂഹത്തില്‍ എത്തിക്കുക എന്ന ചരിത്രപരമായ ദൗത്യമായിരുന്നു. ‘നവലിബറല്‍ കാലത്തെ കോണ്‍ഗ്രസ് ബദല്‍’ എന്ന നിലക്ക് ഈയൊരു ‘ജനക്ഷേമ-ബഹുസ്വരദേശീയത'യെ (welfare pluralistic nationalism) നെഹ്രുവിയന്‍ ‘വികസനദേശീയതയുടെ’ സ്വാഭാവിക പിന്‍ഗാമി എന്ന നിലയില്‍ കോണ്‍ഗ്രസ്സിന് ഉയര്‍ത്തിക്കാട്ടാമായിരുന്നു. കോണ്‍ഗ്രസ്സിന്റെ പോഷകസംഘടനകളെയും പ്രാദേശികഘടകങ്ങളെയും ഉപയോഗിച്ച് രാജ്യമെമ്പാടും വ്യാപകമായി പ്രചരിപ്പിക്കാമായിരുന്നു. ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടി അവരുടെ പൊള്ളയായ പോപുലിസ്റ്റ് ദില്ലി മോഡല്‍ പോലും ഗംഭീരമായി രാജ്യം മുഴുവന്‍ പ്രചരിപ്പിക്കുന്നത് കാണുമ്പോളാണ് അക്കാലത്തെ കോണ്‍ഗ്രസ്സിന്റെ അലസത വിമര്‍ശിക്കപ്പെടേണ്ടത്.

എന്നാല്‍, കോണ്‍ഗ്രസ് അന്ന് ചെയ്തത് ഭരണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും സംഘടനയെ ബൂത്ത് തലം മുതല്‍ ജനാധിപത്യപരമായി ഉടച്ചു വാര്‍ക്കുന്നത് അവഗണിക്കുകയുമാണ്. അതുകൊണ്ടുതന്നെ, കോണ്‍ഗ്രസ് മുന്നോട്ട് വെച്ച നയപരിപാടികളുടെ അനന്യതയും പട്ടിണി കുറയ്ക്കുന്നതില്‍ ആ പദ്ധതികള്‍ക്കുള്ള പങ്കും സാധാരണജനങ്ങളില്‍ എത്തിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പകരം, അന്നത്തെ ‘നാഷണല്‍ ഡെവലപ്മെന്റ് കൌണ്‍സിലും’ അതില്‍ അംഗങ്ങള്‍ ആയിരുന്ന സിവില്‍ സമൂഹത്തിന്റെ പ്രതിനിധികളും ഈ മാതൃകയുടെ ശില്‍പ്പികള്‍ ആയി വാഴ്ത്തപ്പെട്ടു. അത് സാങ്കേതികമായി ശരിയാണെങ്കിലും ഈ പരിപാടികള്‍ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി കാണിച്ചത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആയിരുന്നതു കൊണ്ട് അതിന്റെ വിജയം രാഷ്ട്രീയമായി പാര്‍ട്ടിയുടെ ‘പ്രത്യയശാസ്ത്രമേല്‍ക്കോയ്മക്ക്’ വേണ്ടി ഉപയോഗിക്കണമായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ‘കൈയൊപ്പ്‌’ ഇല്ലാതെയും വലിയ അവകാശവാദങ്ങള്‍ ഇല്ലാതെയും ഈ പദ്ധതികള്‍ ജനങ്ങള്‍ക്കിടയില്‍ യാന്ത്രികമായി നടപ്പിലാക്കുകയാണ് ഉണ്ടായത്.

ഈയൊരു അനാസ്ഥക്ക് കോണ്‍ഗ്രസിന് പിന്നീട് വലിയ വില കൊടുക്കേണ്ടി വന്നു. അതുകൊണ്ടുതന്നെ പോളിസി പരാലിസിസും പര്‍വതീകരിക്കപ്പെട്ട അഴിമതിയും അണ്ണാഹസാരെ പ്രസ്ഥാനവും നരേന്ദ്രമോഡിയുടെ ഗുജറാത്ത് മാതൃക മുന്‍നിര്‍ത്തിയുള്ള പ്രചാരണവും ഉയര്‍ത്തിയ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞില്ല. അതുകൊണ്ട് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു.

കോണ്‍ഗ്രസ് ഹിന്ദുത്വ ദേശീയതയ്ക്കെതിരെയുള്ള നിലപാട് എടുക്കുന്ന കാര്യത്തില്‍ പലപ്പോഴും ചാഞ്ചല്യം കാണിച്ചു. ഭൂരിപക്ഷവംശീയതയെ നിശബ്ദമായി പിന്തുണക്കുന്ന പൊതുബോധം ഇന്ത്യയില്‍ അബോധമായി സൃഷ്ടിക്കപ്പെട്ടു എന്നുള്ളത് വാസ്തവമാണ്. ഈയൊരു വര്‍ഗീയ ചേരിതിരിവ് ഇന്ത്യയെന്ന ബഹുസ്വരരാഷ്ട്രത്തിന്റെ നിലനില്‍പ്പിന് അപകടമാണെന്ന സന്ദേശം സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും ഇതിനെതിരെ കൃത്യവും വ്യക്തവുമായ ഒരു മതേതര ദേശീയനരേറ്റീവ് ഉണ്ടാക്കാനും സംഘടനാപരമായ ശോഷണം കാരണം കോണ്‍ഗ്രസ്സിനു കഴിഞ്ഞില്ല.

കഴിഞ്ഞ രണ്ടു പൊതു തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ തുടര്‍ച്ചയായ വിജയവും ഹിന്ദു ധ്രുവീകരണത്തിന്റെ രാഷ്ട്രീയവും ബാധിച്ചത് കോണ്‍ഗ്രസ്സിനെ മാത്രമല്ല. ഇടതുപക്ഷം അടക്കമുള്ള മതേതരകക്ഷികളെയും മണ്ഡല്‍ പാര്‍ട്ടികളെയും കൂടിയാണ്. പ്രാദേശികപാര്‍ട്ടികളും പ്രത്യയശാസ്ത്രഭാരമില്ലാത്ത ആം ആദ്മി പാര്‍ട്ടിയും മാത്രമാണ് കുറച്ചെങ്കിലും പിടിച്ചു നില്‍ക്കുന്നത്.

ബിജെപിയുടെ പ്രത്യയശാസ്ത്രം പ്രധാനമായും സാംസ്‌കാരികദേശീയത എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ‘ഹിന്ദുത്വ’മാണ്. സാംസ്കാരിക ദേശീയത പൊതുവേ ആശ്രയിക്കുന്നത് പഴമയെ ആണെന്ന് ഓര്‍ക്കണം. സമൃദ്ധവും സമ്പന്നവുമായ ഇന്നലെകളില്‍ നിന്ന് ഊര്‍ജ്ജം കണ്ടെത്താനാണ് സാംസ്‌കാരികദേശീയത ജനങ്ങളോട് പറയുന്നത്. അത് നിശ്ചലമായ ഒന്നാണ്. അതോടൊപ്പം, മൃദുസമഗ്രാധിപത്യവും വിപണിപ്രിയമായ നയങ്ങളും അപരത്വവും വെറുപ്പും ദേശസുരക്ഷയുമൊക്കെ ഈ പ്രത്യയശാസ്ത്രത്തിന്റെ കൈവഴികളായി ഉണ്ട്. കോണ്‍ഗ്രസ്സില്‍ നിന്നു വ്യത്യസ്തമായി പോപ്പുലിസ്റ്റ് വികസനനയങ്ങളാണ് ബിജെപി നടപ്പിലാക്കുന്നത്. സ്വച്ഛഭാരത്, ഉജ്ജ്വല്‍ യോജന, പി.എം കിസാന്‍ തുടങ്ങി നിരവധി ജനക്ഷേമപരിപാടികള്‍ അവര്‍ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. ബിജെപിയെ രണ്ടാമതും അധികാരത്തില്‍ എത്തിക്കുന്നതില്‍ ഈ പോപ്പുലിസ്റ്റ് പദ്ധതികള്‍ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്‌. തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള കോണ്‍ഗ്രസ്സിന്റെ നയപരിപാടികള്‍ ‘ഗ്യാരണ്ടി’ യും ജനതയുടെ ‘ന്യായമായ അവകാശവും’ ആയിട്ടാണ് നടപ്പിലാക്കപ്പെട്ടതെങ്കില്‍, മോഡിയുടെ എല്ലാ ജനക്ഷേമപദ്ധതികളും ‘സ്റ്റേറ്റിന്റെ ഉദാരതയും മോഡിയുടെ സമ്മാനവും’ ആയിട്ടാണ് രാജ്യമൊട്ടാകെ അവതരിപ്പിക്കപ്പെട്ടത്. മാത്രമല്ല, ബിജെപിയുടെ മികവുറ്റ സംഘടനാശേഷി അതിസമര്‍ത്ഥമായി ഉപയോഗിച്ച് കൊണ്ട് ഓരോ ഗുണഭോക്താവിലും ഈ സന്ദേശം കൃത്യമായി എത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ, കോണ്‍ഗ്രസ്സില്‍ നിന്നു ഭിന്നമായി ഈ പദ്ധതികളിലെല്ലാം ‘മോദിയുടെ കൈയൊപ്പ്‌’ ഉണ്ടായിരുന്നു. നോട്ടുനിരോധനവും തൊഴിലില്ലായ്മയും വിലക്കയറ്റവും ഉണ്ടാക്കിയ പ്രതിസന്ധികളെ മറന്നുകൊണ്ട് ജനം വീണ്ടും മോഡിക്ക് വോട്ട് ചെയ്യാനുള്ള ഒരു കാരണം ഈ ‘സര്‍വം മോദി മയം’ എന്ന നരേറ്റീവ് ആണ്. അതോടൊപ്പം ‘ദേശസുരക്ഷ’യെ ദേശീയതയുമായി കൂട്ടിയിണക്കിയപ്പോള്‍ ഭൂരിപക്ഷ വോട്ടുകള്‍ നേടുന്നത് അവര്‍ക്ക് എളുപ്പമായി.

കോണ്‍ഗ്രസ് ഹിന്ദുത്വ ദേശീയതയ്ക്കെതിരെയുള്ള നിലപാട് എടുക്കുന്ന കാര്യത്തില്‍ പലപ്പോഴും ചാഞ്ചല്യം കാണിച്ചു. ഭൂരിപക്ഷവംശീയതയെ നിശബ്ദമായി പിന്തുണക്കുന്ന പൊതുബോധം ഇന്ത്യയില്‍ അബോധമായി സൃഷ്ടിക്കപ്പെട്ടു എന്നുള്ളത് വാസ്തവമാണ്. ഈയൊരു വര്‍ഗീയ ചേരിതിരിവ് ഇന്ത്യയെന്ന ബഹുസ്വരരാഷ്ട്രത്തിന്റെ നിലനില്‍പ്പിന് അപകടമാണെന്ന സന്ദേശം സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും ഇതിനെതിരെ കൃത്യവും വ്യക്തവുമായ ഒരു മതേതര ദേശീയനരേറ്റീവ് ഉണ്ടാക്കാനും സംഘടനാപരമായ ശോഷണം കാരണം കോണ്‍ഗ്രസ്സിനു കഴിഞ്ഞില്ല. സന്ദര്‍ഭമനുസരിച്ചുള്ള ന്യുനപക്ഷ-ഭൂരിപക്ഷ പ്രീണനമല്ല മതേതരത്വം. ആഗോളവല്‍ക്കരണവും ടെക്നോളജിയുടെ വ്യപനവും ഉണ്ടായിട്ടും ഇന്ത്യന്‍ സമൂഹം ഇനിയും മതേതരവല്ക്കരിക്കപ്പെട്ടിട്ടില്ല. വര്‍ഗീയമായി ചിന്തിക്കുന്ന ഒരു സമൂഹത്തിനു മുകളില്‍ മതേതരസ്ഥാപനങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതിന്റെ വൈരുധ്യം ഇന്ത്യയില്‍ ഉണ്ട്. അതുകൊണ്ടാണ് ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകള്‍ ഒരുപോലെ ഇവിടെ വളരുന്നത്‌.

ചുരുക്കിപ്പറഞ്ഞാല്‍, എന്താണ് ഇനി കോണ്‍ഗ്രസ്സിന്റെ ഭാവിയെ നിര്‍ണ്ണയിക്കുന്നത്? ശക്തമായ സംഘടനാശേഷി മാത്രമല്ല, ഇന്ന് കോണ്‍ഗ്രസ്സിനാവശ്യം. അതിനേക്കാളുപരി, ബിജെപിയുടെ സാംസ്കാരികദേശീയതയും ദേശസുരക്ഷയും പോപ്പുലിസവും കൂടിച്ചേര്‍ന്ന പ്രത്യയശാസ്ത്രത്തിന് എങ്ങനെയുള്ള ബദല്‍ നരേറ്റീവ് ആണ് കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും കോണ്‍ഗ്രസ്സിന്റെ ഭാവി.

ഇതിന് ആദ്യം ചെയ്യേണ്ടത് ആളിക്കത്തുന്ന വര്‍ഗീയരാഷ്ട്രീയത്തിന് മുകളില്‍ വെള്ളം കോരിയൊഴിച്ച് അതിനെ തണുപ്പിക്കുകയാണ്. കോണ്‍ഗ്രസ്സിനെപ്പോലുള്ള മതേതരപാര്‍ട്ടികള്‍ പ്രായോഗികമായി ചെയ്യേണ്ടത്, ‘സര്‍വധര്‍മ സമഭാവന’യും, മതസൗഹാര്‍ദ്ദവും ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും വെറുപ്പിന്റെ അപകടകരമായ പ്രത്യയശാസ്ത്രത്തെ അതിശക്തമായി എതിര്‍ക്കുകയുമാണ്‌. ഹിന്ദുത്വവും ഹിന്ദുമതവും തമ്മിലുള്ള വ്യത്യാസവും ബഹുസ്വരമായ ഇന്ത്യന്‍ ദേശീയതയും ഏകാശിലാത്മകമായ ഹൈന്ദവദേശീയതയും തമ്മിലുള്ള വ്യത്യാസവും വ്യക്തതയോടെ സാധാരണമനുഷ്യരില്‍ എത്തിക്കണം. കോണ്‍ഗ്രസ് പ്രതിനിധീകരിക്കുന്നത് ഇന്ത്യ എന്ന ആശയത്തെയാണെന്നും ദേശസുരക്ഷ ആ ആശയത്തിന്റെ ആണിക്കല്ലാണെന്നും അത്രമേല്‍ ലളിതമായി ജനങ്ങളില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിയണം. മതേതരത്വവും ബഹുസ്വരതയും ഒക്കെ ആശയതലത്തില്‍ നിന്ന് നിത്യജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളായി മാറണമെങ്കില്‍ അതിനുവേണ്ടിയുള്ള സംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് നിരന്തരമായി നടത്തേണ്ടതുണ്ട്. ഈ യുദ്ധത്തില്‍ കോണ്‍ഗ്രസ് തോറ്റുപോയത് അങ്ങനെയൊരു ബദല്‍ നരേറ്റീവ് കൃത്യമായി ഏറ്റെടുക്കാന്‍ പറ്റാത്തത് കൊണ്ടാണ്.

ആ ഉത്തരവാദിത്വത്തില്‍ കോണ്‍ഗ്രസ്സിനെ സഹായിക്കുന്നത് മൂന്നു കാര്യങ്ങള്‍ ആയിരിക്കും, ഒന്ന്, ഗാന്ധിജിയുടെ സംവേദനാത്മകവും മതേതരവും ലളിതവുമായ ഭാഷ. രണ്ട്, നെഹ്രുവിന്റെ ആധുനികവും പുരോഗമനാത്മകവും ശാസ്ത്രീയവുമായ രാഷ്ട്രഭാവന. മൂന്ന്, അംബേദ്‌കര്‍ മുന്നോട്ട് വെച്ച ഭരണഘടനാധാര്‍മികതയുടെയും മൈത്രിയുടെയും വിട്ടുവീഴ്ചയില്ലാത്ത പ്രയോഗവല്‍ക്കരണം.

സുധ മേനോന്‍

രണ്ടാമതായി, വര്‍ഗീയതക്ക് മുകളില്‍ സര്‍വതലസ്പര്‍ശിയായ ജനക്ഷേമരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. അങ്ങനെയുള്ള ഒരു ബദല്‍ സാമൂഹ്യ-സാമ്പത്തിക ദര്‍ശനം മുന്നോട്ടു വെച്ചാല്‍ മാത്രമേ ധ്രുവീകരണരാഷ്ട്രീയം അപ്രസക്തമാവുകയുള്ളൂ. ഇവിടെയാണ്‌ നേരത്തെ സൂചിപ്പിച്ച ‘മധ്യവര്‍ത്തി- സോഷ്യല്‍ ഡെമോക്രാറ്റിക്‌ ജനക്ഷേമപരിപാടികള്‍’ കോണ്‍ഗ്രസ് വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതിന്റെ പ്രസക്തി. ഗുജറാത്ത് മോഡലും ദല്‍ഹി മോഡലും, മോഡിയും കേജ്രിവാളും പോളിറ്റിക്കല്‍ മാര്‍ക്കറ്റിംഗ് ഉപകരണങ്ങള്‍ ആക്കിയതുപോലെ കോണ്‍ഗ്രസ് അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒരു മാതൃക സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടത്. ‘ന്യായ’ പോലുള്ള അവകാശാധിഷ്ടിത പദ്ധതികള്‍ ഏതെങ്കിലും ഒരു സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കുന്നത് ഇതിന്റെ ആദ്യപടിയായിരിക്കും. വിജയിച്ച മാതൃകകളാണ് ഇന്ന് ജനങ്ങള്‍ക്ക്‌ വേണ്ടത്.

മൂന്നാമതായി, സാമ്പത്തികപ്രശ്നങ്ങളും തൊഴിലില്ലായ്മയും വിലക്കയറ്റവും പുതിയ തൊഴില്‍ നിയമങ്ങള്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണമായ പ്രതിസന്ധികളും ഒക്കെ മുന്‍നിര്‍ത്തി രാജ്യം മുഴുവന്‍ അലയടിക്കുന്ന ഒരു ജനകീയ സമരം കോണ്‍ഗ്രസ് നടത്തേണ്ടത് അത്യാവശ്യമാണ്. ഭാരത് ജോഡോ യാത്ര അതിന്റെ ആദ്യപടിയാണ് എന്ന് കരുതാം. ജാഥയില്‍ ദൃശ്യമായ ഊര്‍ജ്ജം കെട്ടുപോകാതെ എല്ലാ പോഷക-ബഹുജനസംഘടനകളിലേക്കും പകരാനാണ് പാര്‍ട്ടി ശ്രമിക്കേണ്ടത്. മുകളില്‍ പറഞ്ഞ മധ്യവര്‍ത്തി-ബദല്‍ പ്രത്യയശാസ്ത്രം ആയിരിക്കണം ആ സമരങ്ങളും മുന്നോട്ടു വെക്കേണ്ടത്. പൊതുബോധത്തെ ഭരണഘടനാമൂല്യങ്ങളുമായി ചേര്‍ത്തു നിര്‍ത്തുന്ന ഒരു സമന്വയ പ്രത്യയശാസ്ത്രത്തിന്റെ അനിവാര്യത ഇന്ത്യയില്‍ ഇപ്പോള്‍ ഉണ്ട്. ആ ഇടം നിറയ്ക്കേണ്ടത് കോണ്‍ഗ്രസ്സിന്റെ ചരിത്രപരമായ ഉത്തരവാദിത്വമാണ്.

ആ ഉത്തരവാദിത്വത്തില്‍ കോണ്‍ഗ്രസ്സിനെ സഹായിക്കുന്നത് മൂന്നു കാര്യങ്ങള്‍ ആയിരിക്കും, ഒന്ന്, ഗാന്ധിജിയുടെ സംവേദനാത്മകവും മതേതരവും ലളിതവുമായ ഭാഷ. രണ്ട്, നെഹ്രുവിന്റെ ആധുനികവും പുരോഗമനാത്മകവും ശാസ്ത്രീയവുമായ രാഷ്ട്രഭാവന. മൂന്ന്, അംബേദ്‌കര്‍ മുന്നോട്ട് വെച്ച ഭരണഘടനാധാര്‍മികതയുടെയും മൈത്രിയുടെയും വിട്ടുവീഴ്ചയില്ലാത്ത പ്രയോഗവല്‍ക്കരണം. ഈ മൂന്നു ഘടകങ്ങളില്‍ ഊന്നിയ സജീവമായ രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ അതിതീവ്രദേശീയതയുടെ സ്ഥാനത്ത് വിശാലമായ ദേശഭാവനകളെയും ആധുനികരാഷ്ട്രബോധത്തെയും വീണ്ടെടുക്കാന്‍ ഉള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് ഇനി നടത്തേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in