സ്വാതന്ത്ര്യത്തിന്റെ ചിന്തകനായ സ്വാമി വിവേകാനന്ദനിലെ ഹിന്ദുത്വ വിരുദ്ധത

സ്വാതന്ത്ര്യത്തിന്റെ ചിന്തകനായ സ്വാമി വിവേകാനന്ദനിലെ ഹിന്ദുത്വ വിരുദ്ധത
Summary

ഷിക്കാഗോയിൽ വെച്ച് നടന്ന ലോകമതസമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ തന്റെ പ്രഭാഷണം നിർവഹിച്ചിട്ട് ഈ സെപ്തംബർ 11ന് 130 വർഷം തികയുന്നു. മലയാളി പത്രപ്രവർത്തകനായ ഗോവിന്ദ് കൃഷ്ണൻ വി ഇംഗ്ലീഷിലെഴുതി Aleph Books ഈയിടെ പ്രസിദ്ധീകരിച്ച "വിവേകാനന്ദ, സ്വാതന്ത്ര്യത്തിന്റെ ചിന്തകൻ" എന്ന പുസ്തകം സംഘ് പരിവാറിന്റെ ഏറ്റവും വലിയ ബിംബം എങ്ങിനെ ഹിന്ദുത്വ വിരുദ്ധനാണ് എന്ന് സമർത്ഥിക്കുന്നു.

ഡാർജിലിംഗ് ,

ഏപ്രിൽ 3, 1897

പ്രിയപ്പെട്ട മിസ് നോബിൾ,

ഇന്ത്യയിലെ അധ:സ്ഥിത ജനലക്ഷങ്ങൾക്കുവേണ്ടി ചെയ്യാൻ ഒരു പ്രധാന പണി ഞാൻ നിങ്ങൾക്കായി കണ്ടു വെച്ചിട്ടുണ്ട്. ഞാൻ പരിചയപ്പെടുത്താനുള്ള സ്വാതന്ത്ര്യമെടുക്കുന്ന ഈ മാന്യൻ മലബാറിലെ അധ:സ്ഥിത വിഭാഗമായ തീയരുടെ (ഈഴവരുടെ) കൂട്ടത്തിൽ നിന്ന് ഇംഗ്ലണ്ടിൽ എത്തിയ ആളാണ്. സ്വന്തം ജാതി കൊണ്ട് മാത്രം എത്ര മാത്രം നിഷ്ഠുരതയാണ് ഈ പാവം ആളുകൾ സഹിക്കേണ്ടി വരുന്നതെന്ന് ഇദ്ദേഹത്തിൽ നിന്ന് നിങ്ങൾക്ക് മനസ്സിലാവും. നാട്ടുരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ല എന്നതിനാൽ ഇന്ത്യൻ ഭരണകൂടം ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ വിസമ്മതിച്ചിരുന്നു. ഈ ആളുകളുടെ ഏക പ്രതീക്ഷ ഇംഗ്ലീഷ് പാർലമെന്റാണ്. ഇക്കാര്യം ബ്രിട്ടീഷ് പൊതുജനങ്ങളുടെ മുമ്പാകെ എത്തിക്കുവാൻ നിങ്ങളാൽ കഴിയുന്നതെല്ലാം ദയവായി ചെയ്യുക.

സത്യത്തിൽ എന്നും നിങ്ങളുടെ.

വിവേകാനന്ദ.

(The Complete Works of Swami Vivekananda, Vol IX, Page 95, qtd in Vivekananda, the Philosopher of Freedom p. 393)

സുഹൃത്തും ശിഷ്യയുമായ മാർഗരറ്റ് നോബിളിന് (ഇവരുടെ സന്യാസപ്പേരാണ് സിസ്റ്റർ നിവേദിത) ഡോ. പല്പുവിനെ പരിചയപ്പെടുത്തിക്കൊണ്ടെഴുതിയ ഈ കത്ത് സ്വാമി വിവേകാനന്ദന്റെ കാഴ്ചപ്പാട് എടുത്തു കാണിക്കുന്നു: ജാതിവിരുദ്ധ പോരാട്ടങ്ങൾക്ക് അദ്ദേഹം കൊടുത്ത പ്രാധാന്യം, കീഴ്ജാതിക്കാർക്കു നിഷേധിക്കപ്പെട്ട സാമൂഹ്യനീതി ഹിന്ദുക്കളുടെയോ ഇന്ത്യക്കാരുടെയോ ആഭ്യന്തര പ്രശ്നമല്ല എന്നും പടിഞ്ഞാറിന് പോലും അതിൽ എന്തെങ്കിലും ചെയ്യാനുണ്ടെന്നുമുള്ള നിലപാട്. ഈഴവരോടുള്ള വിവേചനം 1897 ജൂലൈ 19 നു ബ്രിട്ടീഷ് പാർലമെന്റിൽ അന്ന് പ്രതിപക്ഷത്തായിരുന്ന ഹെർബെർട് റോബെർട്സ് എന്ന എം പി ഉന്നയിക്കുകയുണ്ടായി. വിവേകാനന്ദനും ഡോ. പദ്മനാഭൻ പൽപ്പുവും തമ്മിലുള്ള സുപ്രധാന സംഭാഷണങ്ങൾ കൊണ്ടും എസ് എൻ ഡി പിയുടെ രൂപീകരണത്തിൽ തന്നെ സ്വാമിയുടെ ഉപദേശങ്ങൾക്കുള്ള പങ്കു കൊണ്ടും കുമാരൻ ആശാൻ അദ്ദേഹത്തിന്റെ കൃതികൾ ബംഗാളിയിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് കൊണ്ടും കേരളത്തിന്റെ സാമാന്യബോധത്തിൽ സ്വാമി വിവേകാനന്ദൻ ജാതിവിരുദ്ധനും സാമൂഹികസമത്വത്തിൽ വിശ്വസിക്കുന്ന ആളും ആധുനികതയോട് സംവദിക്കുന്ന ആളും എന്ന രീതിയിലാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്.

എന്നാൽ ഉത്തരേന്ത്യയിലെ സ്ഥിതി ഇതല്ല. ഹിന്ദുത്വത്തിന്റെ ഒരു വലിയ ബിംബം എന്ന നിലക്കാണ് സ്വാമി വിവേകാനന്ദനെ പൊതുവേ അവതരിപ്പിക്കാറ്. നിരന്തരമായ ആവർത്തനത്തിലൂടെ അതങ്ങിനെ ആണെന്ന് ഒരു തോന്നൽ രൂപപ്പെട്ടു കഴിഞ്ഞിട്ടും ഉണ്ട്. ഉദാരവാദികളും മതേതരരുമായ എഴുത്തുകാരുടെയും രാഷ്ട്രീയക്കാരുടെയും കുറ്റകരമായ അനാസ്ഥയും ഈ ഇടം സംഘ് പരിവാറുകാർക്കായി ഒഴിച്ച് കൊടുക്കുന്നതിന് കാരണമായിട്ടും ഉണ്ട്. ഈ സാഹചര്യത്തിലാണ് മലയാളിയായ ഗോവിന്ദ് കൃഷ്ണൻ വി എഴുതിയ Vivekananda, the Philosopher of Freedom എന്ന ഇംഗ്ലീഷ് പുസ്തകം ശ്രദ്ധാർഹമാവുന്നത്. വിവേകാനന്ദനെ മതേതര- സമത്വഅധിഷ്ടിതരാഷ്ട്രീയത്തിനായി വീണ്ടെടുക്കുക എന്ന പ്രധാനപ്പെട്ട സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തനമാണ് ഈ പുസ്തകം നടത്തുന്നത്.

പുസ്തകത്തിൽ ഗോവിന്ദ് ഉപയോഗിച്ചിരിക്കുന്ന രീതി തീർത്തും ഫലപ്രദമാണ്: ഇന്നത്തെ രാഷ്ട്രീയ സംഭവവികാസങ്ങളോ അവയ്ക്കു നിദാനമായ രാഷ്ട്രീയ ചിന്താധാരയോ ആദ്യം വിവരിക്കുന്നു. എന്നിട്ടു അവയ്ക്കു പിറകിലെ മനോഭാവത്തെ വ്യക്തമാക്കുന്നു. അതിനു ശേഷം വിവേകാനന്ദ ചിന്തയിലോ ചരിത്രത്തിലോ ഉള്ള സംഭവങ്ങളെയോ ആലോചനകളെയോ വിശദമായി അവതരിപ്പിച്ച ശേഷം വിവേകാനന്ദൻ എങ്ങിനെ ഹിന്ദുത്വക്കാരുടെ എതിർപക്ഷത്താണ് എന്ന് സ്ഥാപിക്കുന്നു.

ഇന്ത്യയുടെ പോരായ്മകൾക്കും തകർച്ചകൾക്കും ഉള്ള കാരണമായി പുറമെ നിന്നുള്ളവരെ കുറ്റപ്പെടുത്തുന്ന ഹിന്ദു ഭൂരിപക്ഷതാ വാദത്തിന്റെ രീതികൾക്ക് കടകവിരുദ്ധമാണ് സ്വാമി വിവേകാനന്ദന്റെ രീതി എന്നതാണ് ഗോവിന്ദിന്റെ ഒന്നാമത്തെ പോയിന്റ്. വിവേകാനന്ദന്റെ കാഴ്ചപ്പാടിൽ ഇന്ത്യയിലെ അധീശത്വ വിഭാഗങ്ങളാണ് ഇതിനു കാരണം: " നമ്മുടെ കുലീനവിഭാഗക്കാർ ഇവിടുത്തെ സാധാരണക്കാരുടെ തല ഞെരിച്ചാണ് നടന്നിരുന്നത്. അവർ തീർത്തും നിസ്സഹായരാവും വരെ. പീഡയിലൂടെ ഈ പാവം പാവം ആളുകൾ അവർ മനുഷ്യരാണെന്നു മറന്നു പോകും വരെ" (qtd in p. 81). അമേരിക്കയിൽ നിന്ന് മടങ്ങി ശിവഗംഗയിലെ ഹിന്ദുക്കൾ നൽകിയ സ്വീകരണയോഗത്തിൽ അദ്ദേഹം പറഞ്ഞു: "നമ്മൾ വേദാന്തികളോ പൗരാണികരോ താന്ത്രികരോ ഒന്നുമല്ലാതായി. "തൊടരുത് വാദികൾ" മാത്രമായി. നമ്മുടെ മതം അടുക്കളയിലാണ്. നമ്മുടെ ദൈവം അടുക്കളയിലെ പാത്രമായി. നമ്മുടെ മതം "എന്നെ തൊടരുത്, ഞാൻ പുണ്യശരീരമാണ് എന്നായി" ഒരു നൂറ്റാണ്ടു കൂടി ഇങ്ങനെ തന്നെ പോയാൽ ഇതൊരു ഭ്രാന്താലയമാകും (p. 78).

ചിഹ്നങ്ങളിലൂടെ ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചു അപരാശത്രുതയിലൂടെ വളരാനാണ് ഹിന്ദുത്വം ശ്രമിക്കുന്നതെങ്കിൽ സ്വാമി വിവേകാനന്ദന്റെ നോട്ടം സാമൂഹ്യയാഥാർഥ്യങ്ങളിലേക്കാണ്. . അപാരമായ ധാർമിക ശക്തിയോടെ അദ്ദേഹം സാമൂഹിക വിമർശനം നടത്തി. ബംഗാളി നവോത്ഥാനത്തോടും അവയിലെ പരിഷ്ക്കരണശ്രമങ്ങളോടും സ്വാമി വിവേകാനന്ദനുള്ള ഒരു വലിയ വിമർശനം അതെപ്പോഴും ഉയർന്ന തട്ടിലുള്ള ആളുകളിൽ ഒതുങ്ങിപ്പോവുന്നു എന്നതായിരുന്നു. സ്വന്തം നാട്ടിലെ ജനങ്ങളുടെ പട്ടിണി അദ്ദേഹത്തെ എപ്പോഴും അലട്ടി. ആ സാമൂഹ്യയാഥാർഥ്യത്തിന്റെ പരിഹാരത്തിന് മതവിശ്വാസസംഹിതകൾക്കു എന്ത് നൽകാനാവും എന്നതായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ.

അബ്രഹാമിക് മതങ്ങളോടുള്ള വെറുപ്പും ശത്രുതയും ഹിന്ദുത്വത്തിന്റെ സിദ്ധാന്തത്തിലും പ്രയോഗത്തിലും നിറയെ കാണാൻ ആവുമെങ്കിൽ വിവേകാനന്ദന്റെ ക്രിസ്തുമതത്തോടും ഇസ്ലാം മതത്തോടുമുള്ള മനോഭാവം ഇതിനു നേരെ വിപരീതമായിരുന്നു എന്ന് ഗോവിന്ദ് നിരീക്ഷിക്കുന്നു. സ്വാമിയുടെ കയ്യിൽ രണ്ടു പുസ്തകങ്ങളാണ് സ്വതവേ യാത്രകളിൽ ഒപ്പമുണ്ടാവുക: ഭഗവദ് ഗീതയും The Imitation of Christ എന്ന പുസ്തകവും (തോമസ് എ കെമ്പിസ് എഴുതിയ ക്രിസ്ത്യൻ മിസ്റ്റിസിസത്തെകുറിച്ചുള്ള ഈ പുസ്തകം "ഈശാനുസരണ" എന്ന പേരിൽ സ്വാമി വിവേകാനന്ദൻ ബംഗാളിയിലേക്കു പരിഭാഷപ്പെടുത്തുകയുമുണ്ടായി). അമേരിക്കയിലെ യൂണിറ്റേറിയൻ പള്ളികളിൽ ആണ് പലപ്പോഴും വിവേകാനന്ദന്റെ പ്രഭാഷണങ്ങൾ നടന്നിരുന്നത് , സെയിന്റ് ലിയോ ചർച്ചിൽ അദ്ദേഹം പ്രാർത്ഥനയിൽ പങ്കെടുത്തതിനെപ്പറ്റി കോൺസ്റ്റൻസ് ടൌൺ എഴുതിയതു ഗോവിന്ദ് ഉദ്ധരിക്കുന്നുണ്ട്.

ഇസ്‌ലാമിന്റെ കാര്യത്തിൽ ഇസ്‌ലാമിനെ പടിഞ്ഞാറ് വെച്ച് അവഹേളിച്ചു സംസാരിച്ചവരോട് ഇസ്ലാമിന്റെ സമത്വദര്ശനത്തെപ്പറ്റിയും ആഗോള സാഹോദര്യത്തെപ്പറ്റിയും പറഞ്ഞു കൊടുക്കുന്ന വിവേകാനന്ദനെ പുസ്തകം പരിചയപ്പെടുത്തുന്നുണ്ട്. മുഗൾ കാലത്തെ ഇല്ലായ്മ ചെയ്യാനായി നടക്കുന്ന സംഘ് പരിവാറിന്റെ ആലോചനകൾക്കുള്ള മറുമരുന്ന് വിവേകാനന്ദനിൽ ഉണ്ട്: മുഗൾ സൗന്ദര്യബോധത്തെയും വാസ്തുവിനെപ്പറ്റിയും ഉള്ള അദ്ദേഹത്തിന്റെ മതിപ്പു ശ്രദ്ധാർഹമാണ്. അദ്ദേഹത്തിന്റെ വിവരണത്തെപ്പറ്റി ക്രിസ്റ്റിൻ ഗ്രീൻഫീൽഡ് പറയുന്നത് കാണുക: “ മുഗളന്മാർ അദ്ദേഹത്തെ ആകര്ഷണവലയത്തിലാക്കിയ പോലെ ആയിരുന്നു. ഇന്ത്യയ ചരിത്രത്തിലെ ഈ ഘട്ടത്തെ അദ്ദേഹം അവതരിപ്പിച്ചിരുന്ന നാടകീയത കാണുമ്പോൾ അദ്ദേഹം സ്വന്തം ഭൂതകാലത്തെപ്പറ്റി തന്നെ ആണ് പറയുന്നതെന്ന് കേൾവിക്കാർക്കു തോന്നുക (qtd in p. 105).

ആർഎസ്എസ് ഘോഷയാത്രയിൽ വിവേകാനന്ദനായി വേഷം ധരിച്ചിരിക്കുന്ന കുട്ടികൾ
ആർഎസ്എസ് ഘോഷയാത്രയിൽ വിവേകാനന്ദനായി വേഷം ധരിച്ചിരിക്കുന്ന കുട്ടികൾPhoto Credit: A.M. Faruqu
സ്വാമി വിവേകാനന്ദന്റെ യാത്രകളിലെ മുസ്ലിം സാന്നിധ്യത്തെ വിശദീകരിക്കുന്ന ഗോവിന്ദ് കൃഷ്ണൻ അന്നത്തെ പതിവുകൾക്കു വിരുദ്ധമായി മുസ്ലിംകളുടെ ആതിഥ്യം സ്വീകരിച്ചതിനെ ചോദ്യം ചെയ്തപ്പോൾ പറഞ്ഞ മറുപടിയും എടുത്തു കൊടുക്കുന്നുണ്ട്: "എനിക്ക് ദൈവകോപത്തെ ഭയമില്ല. ദൈവം ഇതനുവദിക്കുന്നുണ്ട്. എനിക്ക് വേദങ്ങളെയും ഭയമില്ല കാരണം അവയനുസരിച്ചും ഇതിൽ തെറ്റില്ല. എനിക്കാകെ പേടി നിങ്ങൾ ആളുകളെയും നിങ്ങളുടെ സമൂഹത്തെയുമാണ്" (p. 98). കശ്മീരിൽ വെച്ച് ഒരു പെൺകുട്ടിയെ ദേവിയായി പൂജിക്കുന്ന ചടങ്ങിൽ മുസ്ലിമായ തോണിക്കാരന്റെ മകളെ പൂജിച്ച സംഭവവും പുസ്തകം വിവരിക്കുന്നുണ്ട്.

സ്വാമി വിവേകാനന്ദനെ ഗോവിന്ദ് രണ്ടു ധാരകളിൽ സ്ഥാനപ്പെടുത്തുന്നുണ്ട്: ഒന്ന്, ഹിന്ദു ആധ്യാത്മികതയുടെ ധാരയിൽ സാമൂഹിക കാഴ്ചപ്പാടും സമത്വഭാവനയും ഉള്ള ഒരു പ്രായോഗിക വേദാന്തിയായി. രണ്ട്, ബ്രിട്ടീഷ് അനുഭവവാദം (ശാസ്ത്രബോധത്തിന്റെ അടിത്തറ), ജർമൻ ആശയവാദം, കാല്പനികതയുടെ സൗന്ദര്യബോധം എന്നിവയെ ഒരുമിപ്പിച്ചു വ്യക്തി സ്വാതന്ത്ര്യത്തെ പ്പറ്റിയുള്ള ഒരു സങ്കൽപം നിർമിച്ചെടുക്കാൻ ശ്രമിക്കുന്ന വിക്ടോറിയൻ കാലത്തെ ഒരു ചിന്തകൻ. വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വിവേകാനന്ദന്റെ നിർബന്ധബുദ്ധി ("ആളുകൾക്ക് സ്വാതന്ത്ര്യം ഉണ്ടാവട്ടെ. വളർച്ചയ്ക്കുള്ള ഏക നിബന്ധന അതാണ്" [qtd. In 262]) ഈ കാഴ്ചപ്പാട് വ്യക്തിത്വത്തെ പൂർണമായി അടിയറവു വെക്കേണ്ട ഹിന്ദു ആധിപത്യ വാദികളായ സംഘടനകളിൽ നിന്ന് തികച്ചും വ്യത്യസ്തവും വിരുദ്ധവും ആണെന്ന് ഗോവിന്ദ് ചൂണ്ടിക്കാണിക്കുന്നു.

പലയിടത്തായി പറഞ്ഞതും എഴുതിയതുമായ കാര്യങ്ങളെ സാഹചര്യവും ചരിത്രസന്ദർഭവും നൽകി വിശദീകരിക്കുന്ന രീതിയാണ് ഗോവിന്ദ് ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും വിവാദമായ പ്രസ്താവനകളെപ്പോലും വിശദമായി അവതരിപ്പിക്കാനും വ്യാഖ്യാനിക്കാനുമുള്ള ബൗദ്ധിക സത്യസന്ധത എഴുത്തുകാരൻ കാണിച്ചിട്ടുണ്ട്.

ഇസ്ലാമോഫോബുകളുടെയും ഇസ്ലാമിസ്റ്റുകളുടെയും ഇസ്‌ലാമിനെക്കുറിച്ചുള്ള ധാരണ ഒന്ന് തന്നെ ആണ് എന്നത് പോലെ ഹിന്ദുത്വക്കാർ പറയുന്നത് തന്നെയാണ് ചില വിവേകാനന്ദ വിരോധികളായ എഴുത്തുകാരും പറയുന്നത് എന്നത് ഗോവിന്ദ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

മധ്യകാലഘട്ടങ്ങളിലെ ആധ്യാത്മിക പാരമ്പരകളുമായുള്ള സ്വാമി വിവേകാനന്ദന്റെ ബന്ധം പുസ്തകം കാര്യമായി പഠിക്കാൻ ശ്രമിക്കുന്നെ ഇല്ല. ജാതിയുടെ കാര്യത്തിൽ വിവേകാനന്ദനും അംബേദ്കറും തമ്മിലുള്ള സാജാത്യ -വൈജാത്യങ്ങൾ ചർച്ച ചെയ്യുന്നത് ചിന്താപരമായി ഏറെ ഉൾക്കാഴ്ചകൾ ഉള്ളതാണെങ്കിലും ഹിന്ദുധര്മ ധാര്മികതയെപ്പറ്റിയുള്ള ആലോചന പുസ്തകത്തിൽ പൂർണമല്ല. ഇവിടെ ഗാന്ധിയൻ ധാർമികതയും ഹിന്ദു വിശ്വാസത്തിലൂന്നിയ ഭാഷയും അരാജകവാദവും അനുപൂരകമായി ഉപയോഗിക്കാവുന്നതാണെങ്കിലും ഗ്രന്ഥകാരൻ അത്തരത്തിൽ ഒരു ശ്രമം നടത്തിക്കാണുന്നില്ല.

ഈ പുസ്തകം വായിക്കുമ്പോൾ ചലനാത്മകവും സ്വതന്ത്രവുമായ ഒരു വ്യക്തിത്വത്തെയാണ് കാണാനാവുക. സ്വന്തം ഹിന്ദു വിശ്വാസത്തെയും പാരമ്പര്യത്തെയും ആത്മവിശ്വാസത്തോടെ ഉയർത്തിപ്പിടിക്കുന്ന, പുതുലോകത്തിനു അതിനെ വ്യാഖ്യാനിച്ചു കൊടുക്കുന്ന ഒരു വക്താവ്. അതേസമയം അതിലെ സാമൂഹികപ്രശ്നങ്ങളെ കണിശമായ വിമർശന ബുദ്ധ്യാ കാണുന്ന ഒരു ആഭ്യന്തരവിമർശകൻ. മാറിക്കൊണ്ടിരിക്കുന്ന ലോകത്തോടൊപ്പം മുന്നോട്ടു നോക്കി സഞ്ചരിച്ചതിനാൽ ഏതോ സുവര്ണഭൂതകാലത്തെ പുനരുത്ഥാനം നടത്തുവാൻ വേണ്ടി നടക്കുന്ന ഹിന്ദു ഭൂരിപക്ഷതാവാദികൾക്കു വന്നു പെടുന്ന പല അപകടങ്ങളും സ്വാമി വിവേകാനന്ദന് ഇല്ല. അസ്തിത്വപരമായി തന്നെ സ്ത്രീവിരുദ്ധമായ ഹിന്ദുത്വക്കാർക്കു പാശ്ചാത്യ ലോകത്തിലെ സ്ത്രീകളുടെ വളര്ച്ചയിലെ സാധ്യതകളെ കൊണ്ടാടിയിരുന്ന സ്വാമി വിവേകാനന്ദനെ ഉൾക്കൊള്ളാൻ തന്നെ പ്രയാസമാവേണ്ടതാണ്.

എന്നിട്ടും എങ്ങിനെ വിവേകാന്ദൻ സംഘ് പരിവാറിന്റെ ആശയമണ്ഡലവുമായി അടുത്ത ആളാണെന്നുള്ള ധാരണ എങ്ങിനെ വന്നു? ആരും വിവേകാനന്ദനെ ശ്രദ്ധിച്ചു വായിക്കാത്തതു കൊണ്ട് എന്നാണ് ഗോവിന്ദിന്റെ ഉത്തരം. ആവശ്യമുള്ള ഉദ്ധരണികൾ അവിടെ നിന്നും ഇവിടെ നിന്നും എടുത്തു സമകാലിക വൈകാരികതയിൽ അലസമായി അഭിരമിക്കുന്ന ഒരു വിവേകാനന്ദപ്രതിച്ഛായ രൂപപ്പെട്ടിരിക്കുന്നു. അവിടെ കിടന്നുള്ള കറങ്ങലിൽ നിന്ന് വിവേകാന്ദന്ദനെ എന്ന പോലെ നമ്മുടെ ചിന്തയെയും മോചിപ്പിക്കാൻ ശ്രമിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ ഒരു സംഭാവന.

ഈ പുസ്തകത്തിന്റെ ഒരു നേട്ടം, ഇത് വായിച്ചു കഴിയുമ്പോൾ, ഇതിലെ വിവേകാനന്ദനെ അറിയുമ്പോൾ, 1893 ലെ ഷിക്കാഗോ പ്രസംഗത്തിലെ അവസാനത്തെ വരികൾ വിവേകാനന്ദന്റെ ജീവിതത്തെയും ചിന്തയെയും ഒരു ചുരുക്കി അവതരിപ്പിക്കുന്നു എന്ന് തോന്നും എന്നതാണ്.

"ഞാൻ ഗാഢമായി വിശ്വസിക്കുന്നു: ഇന്ന് രാവിലെ, ഇവിടെ ഈ പാർലമെന്റിൽ ഭൂമിയിലെ വിവിധ മതങ്ങളുടെ പ്രതിനിധികളുടെ ആദരവിൽ ഇവിടെ മുഴങ്ങിയ മണി എല്ലാ തരം മതഭീകരവാദങ്ങളുടെയും മരണമണിയാണെന്നു, വാളുകൊണ്ടും പേന കൊണ്ടുമുള്ള എല്ലാത്തരം പീഡനങ്ങളുടെയും അവസാനമറിയിക്കലാണെന്നു, ഒരേ ലക്ഷ്യത്തിലേക്കു പല വഴിയിലൂടെ നീങ്ങുന്ന സഹോദരങ്ങൾക്കിടയിലുള്ള കാരുണ്യരഹിതമായ എല്ലാ വികാരങ്ങളുടെയും അന്ത്യമറിയിക്കുന്ന മണിയാണ് അത് എന്ന് ഞാൻ വിശ്വസിക്കുന്നു.

അങ്ങിനെ ഒരു സംഗ്രഹത്തിനു തുടക്കമിടാൻ "എന്റെ അമേരിക്കയിലെ സഹോദരീ-സഹോദരന്മാരെ" എന്നതിലധികം എന്ത് അഭിസംബോധനയാണ് യോജിക്കുക?

(എൻ പി ആഷ്‌ലി ഡൽഹി സെയിന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് അധ്യാപകനാണ്).

Related Stories

No stories found.
logo
The Cue
www.thecue.in