സദാചാര ഗുണ്ടകളുടെ ഇൻസ്റ്റിറ്റ്യൂഷനൽ കൊല

സദാചാര ഗുണ്ടകളുടെ 
ഇൻസ്റ്റിറ്റ്യൂഷനൽ കൊല

ഇതുപോലുള്ള മനുഷ്യരുടെ ചോര കൊണ്ട് സദാചാര കേരളം പണിതുയര്‍ത്തുന്ന സങ്കുചിതത്വത്തിന്റെ മതിലുകള്‍ തകര്‍ക്കപ്പെടുക തന്നെ ചെയ്യണം. ഇനിയും മനുഷ്യരുടെ ആയുസ്സ് ഇത്തരം ദുഷിച്ച പൊതുബോധ നിര്‍മ്മിതിയുടെ അടിവളമായിക്കൂടാ.

ഒരു സ്ത്രീക്ക് വാട്‌സ് ആപ്പില്‍ സന്ദേശമയച്ചു എന്നത് ആ സ്ത്രീക്ക് പരാതിയാവത്തിടത്തോളം ഒരു തെറ്റാവുന്നതെങ്ങനെ? അതിന്റെ പേരില്‍ ഒരാളെ വീട്ടില്‍ കയറി വന്ന് അക്രമിക്കാനും അയാളുടെ സ്വകാര്യ ജീവിതം കയ്യേറ്റം ചെയ്യാനും ആത്മഹത്യയിലേക്ക് തള്ളിവിടാനും മറ്റുളളവര്‍ക്ക് അവകാശമുണ്ടാവുന്നതെങ്ങനെ?

സദാചാര ഗുണ്ടായിസം നടത്തിയ ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊല തന്നെയായിത്. നൂറുകണക്കിന് സ്ത്രീകള്‍, തങ്ങള്‍ നേരിട്ട ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്കെതിരെ നല്‍കിയ പരാതികള്‍ പരിഗണിക്കപ്പെടാതെ കിടക്കുമ്പോഴാണിത് എന്നു കൂടി ഓര്‍ക്കണം.

ഏതാനും ആര്‍ട്ടിസ്റ്റുകള്‍, കുറച്ച് അദ്ധ്യാപകര്‍, അവിടെയും ഇവിടെയും ചില എഴുത്തുകാര്‍ ഒഴികെ കഴിഞ്ഞ രണ്ടു ദിവസങ്ങളായി സോഷ്യല്‍മീഡിയാമലയാളം ഈ മനുഷ്യന്റെ ആത്മാഹുതിയോട് പുലത്തിയ ക്രൂരമായ നിസ്സംഗത കൂടി നിശിതമായ ആത്മവിമര്‍ശനത്തിന് നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ട്.

ഇതൊക്കെ നമ്മുടെ നാടിന്റെ പൊതുജീവിതത്തെ ബാധിക്കുന്ന ആഴമുള്ള സാമൂഹ്യ മനോരോഗത്തിന്റെ ചില ബാഹ്യ പ്രകടനങ്ങളാണെന്നറിഞ്ഞിട്ടും അതിനെയൊക്കെ അവഗണിക്കാന്‍ നമ്മെ സഹായിക്കുന്നതെന്താവും?

കഴിഞ്ഞ ദിവസം ഒരുമിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ ( ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും) വാഹനാപകടത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത വന്നിരുന്നല്ലോ. അത് നമ്മുടെ മുഖ്യധാര ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വായിക്കണം. അതിന്റെയൊക്കെ ചുവട്ടില്‍ സദാചാര കേരളത്തിന്റെ ദുഷിച്ചു നാറിയ പൊതുബോധം ആഘോഷിചിട്ട കമന്റുകള്‍ വായിക്കണം. ട

ഫെയ്ക്ക് ഐഡിയില്‍ ഒന്നുമല്ല. സ്വന്തം പേരും ഫോട്ടോയുമിട്ട്, കേരളത്തിലെ എല്ലാ മത, സമുദായിക, രാഷ്ട്രീയ ചലനങ്ങളിലും നിലപാടും അഭിപ്രായവുമുള്ള മനുഷ്യരുടെ ഉള്ളിലെ കഴുതക്കാമവും ഉള്ളിലടിഞ്ഞ ദുരയും പകയും പൊട്ടിയൊലിച്ചു കിടപ്പുണ്ട്. അതിന് ഒഴുകിപ്പരക്കാനുള്ള ചാല് വെട്ടിക്കീറിയിട്ടാണ് ഇത്തരം ഒരോ വാര്‍ത്തകളും അതിന്റെ തലക്കെട്ടുള്‍പ്പടെ തയ്യാര്‍ ചെയ്യുന്നതും.

ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരെ പിന്തുണച്ച് ലൈവില്‍ വന്ന ഏഴാം ക്ലാസുകാരെയും എട്ടാം ക്ലാസുകാരെയും കരയിപ്പിച്ച് വീഡിയോ എടുത്ത് ട്രോളെന്ന പേരില്‍ പോസ്റ്റ് ചെയ്ത ഇടതുപക്ഷ/ യുക്തിവാദ / ലിബറല്‍ ഖാപ്പ് പഞ്ചായത്ത് ആള്‍ക്കൂട്ടവും ഇവരില്‍ നിന്ന് ഒട്ടും ഭേദമല്ല.

ട്രോളും തമാശയും രാഷ്ട്രീയ പ്രവര്‍ത്തനവും സമുദായ പരിപാലനവും ലൈംഗികതയും മാത്രമല്ല, തുപ്പലും തൂറലുമെല്ലാം മറ്റു മനുഷ്യരുടെ മേല്‍ കുതിരകയറിയാല്‍ മാത്രം തൃപ്തിയോടെ പൂര്‍ത്തീകരിക്കാവുന്ന ജനാധിപത്യ വിരുദ്ധതയ്ക്ക് എത്രയും ഒളിച്ചു പാര്‍ക്കാവുന്ന സാദ്ധ്യതകളുണ്ട് നമ്മുടെ പൊതു ജീവിതത്തില്‍.

അങ്ങനെ തമ്മിലറിഞ്ഞും അറിയാതെയും പരസ്പരം കൈകോര്‍ത്തും നില്‍ക്കുന്ന ഒരു ശൃംഖലയുടെ ഏറ്റവും എക്‌സ്ട്രീമിസ്റ്റ് വേര്‍ഷനാണ് സുരേഷ് മാഷിന്റെ കൊലയാളിക്കൂട്ടം. അതിശക്തമായ അന്വേഷണത്തിലൂടെ ഈ ആണ്‍കൂട്ടക്കൊലപാതകികളെ വെളിച്ചത്ത് കൊണ്ടുവരണം. കിട്ടാവുന്നതിലേറ്റവും വലിയ ശിക്ഷ നല്‍കുകയും വേണം.

Related Stories

No stories found.
logo
The Cue
www.thecue.in