സ്വലിംഗ വിവാഹം: ജെൻഡർ ന്യൂട്രൽ നിയമവും പ്രതീക്ഷയുടെ പുതുവെളിച്ചവും

സ്വലിംഗ വിവാഹം: ജെൻഡർ ന്യൂട്രൽ   നിയമവും
 പ്രതീക്ഷയുടെ പുതുവെളിച്ചവും
Published on
Summary

തത്കാലത്തേയ്ക് ഇതൊരു പരാജയപ്പെട്ട യുദ്ധമാണ്. ഹർജിക്കാരെ സംബന്ധിച്ച് മാത്രമല്ല; അവർ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെ സംബന്ധിച്ച് മാത്രമല്ല; വ്യക്തിസ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടി നിലകൊള്ളുന്ന ഏതൊരാളെയും സംബന്ധിച്ച്. പക്ഷേ, എല്ലാ തിരിച്ചടികൾക്കും മുകളിൽ പ്രതീക്ഷയുടെ പുതുവെളിച്ചം പകരാൻ പോന്ന ഉള്ളടക്കം ഈ വിധിന്യായത്തിൽ പലയിടങ്ങളിലായി ചിതറിക്കിടപ്പുണ്ട്.

റോൺ ബാസ്റ്റിൻ എഴുതുന്നു

‘പ്രത്യുല്പാദനം അല്ല വിവാഹത്തിൻറെ ഒരേയൊരു ഉദ്ദേശം. അത് രണ്ട് വ്യക്തികൾ തമ്മിലുള്ള കണ്ടുമുട്ടലോ ഇണചേരലോ അല്ല. അത് രണ്ടു മനസ്സുകളുടെ സംഗമം ആണ്.’ ഒരു കവിതാശകലം എന്ന് തോന്നിക്കുന്ന ഈ വരികൾ, ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കുവാനുള്ള ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശത്തിനായി സുപ്രീം കോടതിയിൽ ഉയർന്ന വാദങ്ങളിൽ ഒന്നാണ്. അതിനുള്ള സ്വാതന്ത്ര്യത്തെ വാനോളം പുകഴ്ത്തുകയും അരക്കിട്ടുറപ്പിക്കുകയും ചെയ്ത കോടതി, നിലവിലെ നിയമം അതിന് അനുവദിക്കുന്നില്ല എന്ന് വിധിയെഴുതി കൈ കഴുകിയപ്പോൾ പന്തുരുളുന്നത് പാർലമെൻറിലേക്കാണ്. എന്നാൽ ഒരേ ലിംഗപദവിയിൽ ഉള്ളവർ തമ്മിലുള്ള വിവാഹത്തെ നഖശിഖാന്തം എതിർത്ത കേന്ദ്രസർക്കാരിൽ നിന്നോ അവരെ നയിക്കുന്ന വിചാരധാരയ്ക്ക് ഭൂരിപക്ഷമുള്ള പാർലമെൻറിൽ നിന്നോ വിപ്ലവം സൃഷ്ടിക്കുന്ന ഒരു നിയമനിർമ്മാണമോ ഭേദഗതിയോ പ്രതീക്ഷിക്കുവാൻ നിലവിൽ കഴിയില്ല. കോടതിയിൽ കേന്ദ്രസർക്കാരിനോളം തന്നെ വീറോടെ ഹർജിക്കെതിരെ പോരാടിയവരിൽ ശ്രീ സനാതൻ ധരം പ്രതിനിധി സഭയും അഖിൽ ഭാരതീയ സന്ത്‌ സമിതിയും മാത്രമല്ല, ജാമിയത് ഉലെമ-ഇ-ഹിന്ദും തെലങ്കാന മർകസി ഷിയാ ഉലെമ കൗൺസിലും ഉണ്ടായിരുന്നു. വിധിയിൽ സന്തോഷം പ്രകടിപ്പിച്ചവരിൽ കേരളാ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് അടക്കം ഉള്ളവർ ഉണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾക്കൊപ്പം ബിജെപി ഇതര സംസ്ഥാന സർക്കാരുകളും സ്വലിംഗ വിവാഹത്തെ എതിർത്തുകൊണ്ട് സുപ്രീം കോടതിയിൽ നിലപാട് എടുത്തതായി വാർത്തകൾ വന്നിരുന്നു. വ്യവസ്ഥാപിത കുടുംബഘടനയുടെ തകർച്ചയെക്കുറിച്ചുള്ള ‘ആശങ്കയാണ്’ ഇവരെയെല്ലാം ഒരു കുടക്കീഴിൽ വ്യക്തിസ്വാതന്ത്ര്യത്തിന് എതിരായി അണിനിരത്തിയത്. നിയമനിർമ്മാണസഭകൾക്ക് അകത്തും പുറത്തും കൈകോർക്കാൻ ശേഷിയുള്ള ഈ മൃഗീയ ഭൂരിപക്ഷത്തിൻറെ മുന്നിലേയ്ക് ലൈംഗിക ന്യൂനപക്ഷങ്ങളുടെ വിധിനിർണ്ണയം വിട്ടുകൊടുക്കാതെ, സന്ദർഭത്തിന് ഒത്തുയരാനും മറിച്ചൊരു വിധി പറയുവാനും സുപ്രീം കോടതിയ്ക്ക് കഴിയുമായിരുന്നോ?

ജെൻഡർ ന്യൂട്രൽ ഹസ്ബൻഡും വൈഫും

സ്പെഷ്യൽ മാരിയേജ് ആക്ട്, 1954 ഒരേ ലിംഗപദവിയിൽ ഉള്ളവർ തമ്മിലുള്ള വിവാഹം അനുവദിക്കുന്നില്ലെന്നും അത് വിവേചനമാണെങ്കിലും ആ ഒരു കാരണത്താൽ നിയമത്തെ അസാധുവായി പ്രഖ്യാപിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെയ്ക്കുമെന്നുമാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിധി എഴുതിയത്. നിയമത്തിൽ പറയാത്ത കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നത് നിയമം തിരുത്തിയെഴുതുന്നതിന് സമാനമാണെന്നും അത് നിയമനിർമ്മാണത്തിൻറെ മേഖലയിലേയ്ക്കുള്ള കടന്നുകയറലാവും എന്നും അദ്ദേഹം തൻറെ ന്യൂനപക്ഷവിധിയിൽ പറഞ്ഞു. പോരായ്മകളുടെ പേരിൽ പുരോഗമനോന്മുഖമായ ഒരു നിയമത്തെ ഇല്ലായ്മ ചെയ്യുന്നതോ ജനപ്രതിനിധി സഭയുടെ അധികാരത്തിലേക്ക് കടന്നുകയറുന്നതോ ശരിയല്ല എന്ന നിരീക്ഷണത്തോട് നൂറുശതമാനവും നമുക്ക് യോജിക്കാം. എന്നാൽ, സ്‌പെഷ്യൽ മാര്യേജ് ആക്ടിലെ ജെൻഡർ ന്യൂട്രൽ പദങ്ങളുടെ ധാരാളിത്തത്തിൽ നിന്ന് അത് ഹെട്രോസെക്ഷ്വൽ വ്യക്തികളെ മാത്രം ഉദ്ദേശിച്ചിട്ടുള്ളതല്ല എന്ന വ്യാഖ്യാനം ശക്തമായ ഒരു കാലഘട്ടത്തിൽ നിന്നാണ് ഈ വിഷയം നാം ചർച്ച ചെയ്യുന്നത്. ഉദാഹരണത്തിന് ‘any person in India’, ‘a marriage between any two persons’ ‘either of the parties’, അങ്ങനെ രണ്ടു വ്യക്തികൾ തമ്മിലുള്ള സിവിൽ ഉടമ്പടിയെക്കുറിച്ചാണ് നിയമത്തിലുടനീളം പറയുന്നത്. എന്നാൽ നിയമത്തിലെ നാലാം വകുപ്പിൽ പുരുഷന് 21 വയസും സ്ത്രീക്ക് 18 വയസ്സും പൂർത്തിയായിരിക്കണം എന്ന് പറയുന്നതിനാൽ, പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹമാണ് നിയമത്തിൽ വിഭാവനം ചെയ്തിരിക്കുന്നത് എന്നാണ് കോടതി കണ്ടെത്തിയത്. സ്വലിംഗ വിവാഹത്തിൻറെ പശ്ചാത്തലത്തിൽ, രണ്ടു പുരുഷന്മാർ തമ്മിലുള്ള വിവാഹത്തിൽ രണ്ടുപേർക്കും 21 തികഞ്ഞിരിക്കണം എന്നും രണ്ടു സ്ത്രീകൾ തമ്മിലുള്ള വിവാഹത്തിൽ രണ്ടുപേർക്കും 18 തികഞ്ഞിരിക്കണം എന്നും ആ നിബന്ധനയെ ലളിതമായി മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ. ഇനി പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹമാണെങ്കിലും പ്രായപരിധിയിൽ വ്യത്യാസമില്ല. പ്രത്യേകിച്ച്, നിയമത്തിൽ മറ്റെവിടെയും മറിച്ചു ഒരു സൂചന ഇല്ലാത്തിടത്തോളം. 15, 25 വകുപ്പുകളിൽ മാത്രമാണ് 'ഹസ്ബൻഡ് ആൻഡ് വൈഫ്' എന്ന പ്രയോഗം കടന്നുവരുന്നത്. രണ്ടുപേർ വിവാഹബന്ധത്തിൽ ഒരുമിച്ചു ജീവിച്ചു വരികയായിരുന്നു എന്ന് സൂചിപ്പിക്കുന്നതിനാണ് അത് ചെയ്തിരിക്കുന്നത്. സ്ത്രീകൾക്ക് ചൂഷണത്തിൽ നിന്നും സംരക്ഷണം കൊടുക്കുവാൻ ഉദ്ദേശിച്ചിട്ടുള്ള വകുപ്പുകളാണ് അത് എന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. ഗാർഹിക പീഡനം തടയുന്നതിനുള്ള നിയമം പോലെ, സ്ത്രീകൾക്ക് സംരക്ഷണം കൊടുക്കാൻ ഉദ്ദേശിച്ചിട്ടുള്ള സാഹചര്യങ്ങളിൽ ഒഴികെ നിയമത്തെ പരമാവധി ജെൻഡർ ന്യൂട്രൽ ആയി വ്യാഖ്യാനിക്കുന്ന സമീപനത്തെയാണ് പുതിയ കാലം സ്വാഗതം ചെയ്യുന്നത്. മാത്രമല്ല, ‘ഹസ്ബൻഡ് ആൻഡ് വൈഫ്’ എന്നത് ഹെട്രോസെക്ഷ്വൽ ദാമ്പത്യങ്ങളുടെ മാത്രം കുത്തക ആയി കാണാനും കഴിയില്ല. ഒരു വിവാഹബന്ധത്തിൽ ഉൾപ്പെട്ട വ്യക്തികൾ സ്വയം നിർണയിക്കേണ്ട പദവികൾ ആണ് അതെല്ലാം. പ്രത്യേകിച്ചും പങ്കാളികൾ(partners) എന്ന വിശാലലോകത്തിലേയ്ക്ക് ഭാര്യാ ഭർത്താക്കന്മാർ വളരുന്ന ഈ ഘട്ടത്തിൽ.

വിവാഹം കഴിക്കുവാൻ മതം ഉപേക്ഷിച്ചവരുടെ പ്രതിജ്ഞ

ഭൂരിപക്ഷവിധിയുടെ ഭാഗമായി ജസ്റ്റിസ് രവീന്ദ്ര ഭട്ട് തനിക്കും ജസ്റ്റിസ് ഹിമ കോലിയ്ക്കും വേണ്ടി എഴുതിയ വിധിന്യായത്തിൽ പറയുന്നത്, വ്യത്യസ്ത മതവിശ്വാസങ്ങളിൽ ഉൾപ്പെട്ടവർ തമ്മിലുള്ള വിവാഹം സാധ്യമാക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് 1954-ൽ സ്‌പെഷ്യൽ മാരിയേജ് ആക്ട് കൊണ്ടുവന്നതെന്നും വിവാഹം എന്നതിന് അക്കാലത്തു മനസ്സിലാക്കപ്പെട്ട അർത്ഥം ആണ് നിയമത്തിൽ ഉദ്ദേശിച്ചിരിക്കുന്നത് എന്നുമാണ്. ഹെട്രോസെക്ഷ്വൽ വിവാഹങ്ങൾ മാത്രമാണ് പാർലമെൻറിൻറെ പരിഗണനയിൽ ഉണ്ടായിരുന്നത് എന്നാണ് കോടതി അർത്ഥമാക്കുന്നത്. ‘ഹെട്രോസെക്ഷ്വൽ അല്ലാത്തവരെ ഒഴിവാക്കാൻ നിയമം നിർമിച്ചവർക്ക് ഉദ്ദേശം ഉണ്ടാവില്ല; കാരണം സ്വലിംഗത്തിൽ ഉൾപ്പെട്ടവർ തമ്മിലുള്ള ശാരീരിക അടുപ്പം പോലും ക്രിമിനൽ കുറ്റം ആയിരുന്ന അക്കാലത്തു അവർ അതേക്കുറിച്ചു ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ല’, എന്നും അതോടൊപ്പം പറയുന്നു. നിയമം സ്വലിംഗ പങ്കാളികളോട് വിവേചനം കാണിക്കുന്നില്ല എന്നും മെച്ചപ്പെട്ട ഒരു വർഗീകരണം നടത്തിയില്ല എന്ന കാരണത്താൽ നിയമത്തെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കാൻ ആവില്ല എന്നും സ്ഥാപിക്കുവാനാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്. ഈ നിരീക്ഷണത്തെ മുഖവിലയ്ക്ക് എടുക്കുകയാണെങ്കിൽ ഒരു കാര്യം വ്യക്തമാണ്. നിയമനിർമ്മാണസഭയ്ക്ക് സ്വലിംഗ പങ്കാളികളെ നിയമത്തിൻറെ പരിധിയിൽ നിന്നും ഒഴിവാക്കുവാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. നിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും നമ്മളോട് അത് തന്നെയാണ് പറയുന്നത്. LGBTIQA+ അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ പൊതുമണ്ഡലത്തിൽ നിറഞ്ഞു നിന്ന ഒരു കാലഘട്ടമല്ല അൻപതുകൾ എന്ന് നമുക്കറിയാം. അതുകൊണ്ടായിരിക്കാം ലൈംഗിക ന്യൂനപക്ഷങ്ങളെ പ്രത്യേകമായി നിയമത്തിൽ പരാമർശിക്കാതിരുന്നത്. 'ഇന്ത്യയിലെ ഏതൊരു വ്യക്തിയ്ക്കും' എന്ന് പറയുന്നിടത്തു ഒരു പ്രത്യേക പരാമർശത്തിൻറെ ആവശ്യവും ഇല്ലായിരിക്കാം. ബ്രിട്ടിഷ് ഭരണത്തിൽ സർക്കാരിൻറെ നിയമോപദേശകൻ ആയിരുന്ന ഹെൻറി സംനെർ മെയിൻ അവതരിപ്പിച്ച Act III of 1872 ആണ് സ്‌പെഷ്യൽ മാര്യേജ് ആക്ടിൻറെ മുൻഗാമി. വ്യവസ്ഥയെ വെല്ലുവിളിക്കുന്നവർക്ക് വിവാഹം കഴിക്കുന്നതിനുള്ള അവകാശം സംരക്ഷിക്കുന്നതിന് വേണ്ടി കൊണ്ടുവന്ന ഈ നിയമപ്രകാരം വിവാഹം കഴിക്കുന്നതിന് മതവിശ്വാസം ഉപേക്ഷിച്ചുകൊണ്ടുള്ള പ്രതിജ്ഞ എടുക്കണമായിരുന്നു എന്നാണ് വിക്കിപീഡിയയിൽ പറയുന്നത്. വ്യത്യസ്ത മതത്തിലും ജാതിയിലും ഉൾപ്പെട്ടവർ തമ്മിലുള്ള വിവാഹത്തിന് വേണ്ടിയാണ് നിയമം കൊണ്ടുവന്നത്. കാമാസക്തി കാരണമുള്ള വിവാഹങ്ങൾ പെരുകുമെന്നും അത് കാലക്രമേണ അധാർമികതയിലേയ്ക്ക് നയിക്കുമെന്നും പറഞ്ഞു പ്രാദേശിക സർക്കാരുകളും ഭരണാധികാരികളും നിയമത്തെ നഖശിഖാന്തം എതിർത്തു. ഇതേ യാഥാസ്ഥിതിക ശക്തികളുടെ പുത്തൻ വകഭേദങ്ങളാണ് ഇന്ന് സ്വലിംഗ വിവാഹത്തിനെതിരെ കോടതിയ്ക്ക് അകത്തും പുറത്തും അധികാരത്തിൻറെ പിൻബലത്തിൽ പടവെട്ടുന്നത്. മതേതര വിവാഹങ്ങളോടുള്ള അവരുടെ എതിർപ്പ് അവർ അവസാനിപ്പിച്ചിട്ടുമില്ല. 1872-ലെ നിയമവും 1954-ലെ നിയമവും കൊണ്ടുവന്നത് മതത്തിൻറെയും ജാതിയുടെയും വേലിക്കെട്ടുകൾക്ക് പുറത്തു കുടുംബജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്നവരെ സംരക്ഷിക്കുവാനാണ്. കുറേക്കൂടി വിശാലമായി ചിന്തിച്ചാൽ, ഭൂരിപക്ഷത്തിൻറെ ധാർമിക-സദാചാര മൂല്യങ്ങൾ അതിനോട് വിയോജിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് മേൽ അടിച്ചേല്പിക്കപ്പെടുന്നതിൽ നിന്നുള്ള സംരക്ഷണമാണ് നിയമം നൽകുന്നത്. അങ്ങനെയെങ്കിൽ, ആ സംരക്ഷണത്തിന് ലൈംഗിക ന്യൂനപക്ഷങ്ങളോളം അർഹതയുള്ള ആരാണുള്ളത്? അതിലൂടെ നിയമത്തിൻറെ ഉദ്ദേശലക്ഷ്യങ്ങൾ നിറവേറുകയല്ലേ ചെയ്യുക?

1954-ലെ പാർലമെൻറിനു മുന്നിൽ ഇന്നത്തെ സംവാദങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ അവർ എടുക്കുന്ന തീരുമാനത്തെ അതെങ്ങനെയാവും സ്വാധീനിക്കുക? അത്തരം ഒരു സമകാലീന വ്യാഖ്യാനം സ്‌പെഷ്യൽ മാര്യേജ് ആക്ടിന് ഭരണഘടനാബെഞ്ച് കൊടുക്കേണ്ടിയിരുന്നു. സാധാരണ വളരെ പഴക്കം ചെന്ന നിയമങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സുപ്രീം കോടതിയും ഹൈക്കോടതികളും ഈ രീതി അവലംബിക്കാറുണ്ട്. ഉദാഹരണത്തിന്, 1962-ലെ സീനിയർ ഇലക്ട്രിക്ക് ഇൻസ്‌പെക്ടർ v ലക്ഷ്മി നാരായണൻ ചോപ്ര ആൻഡ് അതേർസ് എന്ന കേസിലെ വിധിന്യായത്തിൽ, 1885-ലെ ടെലിഗ്രാഫ് ആക്ടിൽ പറയുന്ന 'ടെലിഗ്രാഫ് ലൈൻ' എന്നതിൻറെ അർത്ഥപരിധിയിൽ വയർലെസ് ലൈനുകളും ഉൾപ്പെടും എന്ന് സുപ്രീം കോടതി പറഞ്ഞു. 1885-ൽ നിയമം കൊണ്ടുവന്ന നിയമനിർമ്മാണസഭയ്ക്ക് വയർലെസ്സ് സാങ്കേതിക വിദ്യയെക്കുറിച്ചു സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു എന്നാണ് കോടതി പറഞ്ഞത്. മാത്രമല്ല, ഒരു ആധുനിക പുരോഗമന സമൂഹത്തിൽ, ഒരു നിയമത്തിൽ പറയുന്ന വാക്കിൻറെ അർത്ഥത്തേയും അതിന് പിന്നിലെ നിയമനിർമ്മാണസഭയുടെ ഉദ്ദേശത്തെയും ആ നിയമം ഉണ്ടായ കാലത്തിൽ തളച്ചിടുന്നത് യുക്തിസഹമല്ല എന്നും മറിച്ചൊരു ഉദ്ദേശലക്ഷ്യം നിയമനിർമ്മാണ സഭയ്ക്ക് ഇല്ലാത്തിടത്തോളം സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക, ശാസ്ത്ര മേഖലകളിൽ ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങൾ കൂടി പരിഗണിച്ചു, വിശാല അർത്ഥത്തിൽ വേണം വാക്കുകളെയും ആശയങ്ങളെയും വ്യാഖ്യാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഈ തത്വം സ്വീകരിച്ചുകൊണ്ട് സ്‌പെഷ്യൽ മാര്യേജ് ആക്ടിനെ അസാധുവാക്കാതെ തന്നെ സ്വലിംഗ വിവാഹങ്ങളും അതിൻറെ പരിധിയിൽ വരുമെന്ന സമകാലീന വ്യാഖ്യാനം നിയമത്തിന് കൊടുക്കുവാൻ കേസ് പരിഗണിച്ച ഭരണഘടനാബെഞ്ചിന് കഴിയുമായിരുന്നു.

വിവാഹം കഴിക്കുവാനുള്ള മൗലികാവകാശം

അഞ്ച് അംഗ ഭരണഘടനാബെഞ്ച് പ്രധാനവിഷയങ്ങളിൽ പലതിലും പരസ്പരം വിയോജിച്ചെങ്കിലും, വിവാഹം കഴിക്കുവാനുള്ള അവകാശം മൗലികാവകാശത്തിൻറെ പരിധിയിൽ വരില്ല എന്ന് വിധിച്ചത് ഐകകണ്ഠേനയാണ്. എന്നാൽ, സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമായി പ്രഖ്യാപിച്ച പുട്ടസ്വാമി കേസിലെ വിധിന്യായത്തിൽ (2017), ഒൻപത് അംഗ ഭരണഘടനാബെഞ്ച് പറഞ്ഞത് വ്യക്തിപരമായ അടുപ്പം, കുടുംബജീവിതത്തിൻറെ പവിത്രത, വിവാഹം, പ്രത്യുല്പാദനം, വീട്, ലൈംഗിക അഭിരുചി എന്നിവ കാത്തുസൂക്ഷിക്കുന്നത് സ്വകാര്യതയുടെ കാതലായ ഭാഗമാണ് എന്നാണ്. പുട്ടസ്വാമി കേസിൻറെ സത്തയെ ഉൾക്കൊണ്ടുകൊണ്ട് ശക്തിവാഹിനി കേസിൽ സുപ്രീം കോടതി പറഞ്ഞത്, പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ സ്വന്തം ഇഷ്ടപ്രകാരം പരസ്പരം ജീവിതപങ്കാളികളായി സ്വീകരിക്കുമ്പോൾ, ആ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ അനുഛേദം 19-നാലും 21-നാലും അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നാണ്. തൊട്ടുപുറകെ വന്ന ഷഹിൻ ജഹാൻ കേസിൽ, സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുക എന്നത് അനുഛേദം 21-ൻറെ അവിഭാജ്യഘടകം ആണെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. എന്നാൽ, ഈ വിധിന്യായങ്ങളുടെ തുടർച്ചയെ നഷ്ടപ്പെടുത്തിക്കൊണ്ടാണ് ഇപ്പോൾ വിവാഹം കഴിക്കുവാനുള്ള അവകാശം മൗലികാവകാശമല്ല എന്ന് വിധിച്ചിരിക്കുന്നത്.

കാലത്തിൻറെ ചുവരെഴുത്തുകളെ ഭരണഘടനാസത്തയോട് ചേർത്തുവായിക്കുന്ന ഒരു വിധിയിലൂടെ, മതനിരപേക്ഷ വിവാഹനിയമത്തിൻറെ പിൻബലം സ്വലിംഗ വിവാഹങ്ങൾക്കും സുപ്രീം കോടതി ബാധകമാക്കും എന്ന് ചിലരെങ്കിലും കരുതിയിരുന്നു. നീതിപീഠത്തിന് മാത്രം സാധ്യമാകുന്ന അത്തരം ഒരു വിശാലവ്യാഖ്യാനത്തിലൂടെ നാളിതുവരെ അവഗണിക്കപ്പെട്ട വലിയ ഒരു വിഭാഗം ജനങ്ങൾക്ക് നിയമം കൊണ്ട് ശക്തി പകരുവാൻ കഴിയുമായിരുന്നു. തത്കാലത്തേയ്ക് ഇതൊരു പരാജയപ്പെട്ട യുദ്ധമാണ്. ഹർജിക്കാരെ സംബന്ധിച്ച് മാത്രമല്ല; അവർ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെ സംബന്ധിച്ച് മാത്രമല്ല; വ്യക്തിസ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടി നിലകൊള്ളുന്ന ഏതൊരാളെയും സംബന്ധിച്ച്. പക്ഷേ, എല്ലാ തിരിച്ചടികൾക്കും മുകളിൽ പ്രതീക്ഷയുടെ പുതുവെളിച്ചം പകരാൻ പോന്ന ഉള്ളടക്കം ഈ വിധിന്യായത്തിൽ പലയിടങ്ങളിലായി ചിതറിക്കിടപ്പുണ്ട്. സ്വലിംഗ വിവാഹം എന്ന ആശയത്തിന് പരിമിതമായ തോതിൽ എങ്കിലും പൊതുസമൂഹത്തിൽ സ്വീകാര്യത ഉണ്ടാക്കിയെടുക്കുവാൻ ഈ നിയമപോരാട്ടം സഹായിച്ചിട്ടുണ്ട്. മാത്രമല്ല, ലൈംഗിക ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ അതർഹിക്കുന്ന രൂപത്തിൽ അഭിസംബോധന ചെയ്ത കോടതി, അത്തരം പ്രവണതകൾക്ക് തടയിടുവാൻ വിവിധ അധികാരകേന്ദ്രങ്ങൾ സ്വീകരിക്കേണ്ട നടപടികൾ വിധിയിൽ അക്കമിട്ട് നിരത്തുകയും ചെയ്തിട്ടുണ്ട്. എല്ലാത്തിനും പരിഹാരമായെന്നല്ല. പക്ഷേ, ഇതൊരു കാഹളമാണ്. അധികം ദൂരെയല്ലാത്ത വിജയത്തിൻറെ.

Related Stories

No stories found.
logo
The Cue
www.thecue.in