മൗലികതയുള്ള രാഷ്ട്രീയ ചിന്തകന്‍, ഇന്ത്യയെ തിരിച്ചറിഞ്ഞ ഡോ. ബി ആര്‍ അംബേദ്കര്‍

മൗലികതയുള്ള രാഷ്ട്രീയ ചിന്തകന്‍, ഇന്ത്യയെ തിരിച്ചറിഞ്ഞ ഡോ. ബി ആര്‍ അംബേദ്കര്‍

ഡോ. ബി.ആര്‍. അംബേദ്കറുടെ ജന്മദിനം പണ്ടെങ്ങുമില്ലാത്ത വിധം ലോകമെമ്പാടും ആഘോഷിക്കുന്ന കാഴ്ചയ്ക്കാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. എന്തുകൊണ്ടായിരിക്കാം ഇന്നലെവരെ ഇല്ലാതിരുന്ന വലിയ ഒരു ആഘോഷം അംബേദ്കറുടെ പേരില്‍ നടക്കുന്നത്?

തീര്‍ച്ചയായും ലോകത്തിന് ബാധകമായ, ലോകത്തിന് സ്വീകാര്യമായ, ലോകത്തിന് ആവശ്യമുള്ള ചിന്താ പദ്ധതികള്‍, സങ്കല്‍പനങ്ങള്‍ തത്വങ്ങള്‍ എന്നിവ അംബേദ്കര്‍ മുന്നോട്ട് വെച്ചിട്ടുണ്ട് എന്നതുകൊണ്ടാണ് ഇത്രയും വലിയ ഒരു ആഘോഷം നടക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്ത്യയില്‍ ജനിച്ച് ജീവിച്ച ഒരു മനുഷ്യനെന്ന, പൗരനെന്ന നിലയില്‍ ഇന്ത്യയിലെ ദേശീയ നേതാക്കളും ഇടതുപക്ഷ നേതാക്കളും സോഷ്യലിസ്റ്റ് നേതാക്കളും കണ്ടതില്‍ നിന്നും ഭിന്നമായ ഇന്ത്യയെയാണ് കണ്ടതും മനസിലാക്കിയതും.

ഇന്ത്യയുടെ അടിസ്ഥാന പ്രകൃതമായി അദ്ദേഹം മനസിലാക്കിയത് ഇന്ത്യയിലുള്ളത് വെറും അസമത്വമല്ല, ശ്രേണീകൃതമായ അസമത്വമാണ് നിലനില്‍ക്കുന്നത് എന്നതാണ്. അത് അംബേദ്കര്‍ 1936ല്‍ തന്നെ നിര്‍വചിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നൈ കേവല സമത്വവാദങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രസക്തിയില്ലെന്നും സമൂഹത്തിലുള്ള അനീതികളെ തുടച്ചു നീക്കുന്ന കേവലമായ രസതന്ത്രങ്ങള്‍ക്ക് ഇന്ത്യന്‍ സമൂഹത്തിന് ഇന്ത്യന്‍ സമൂഹത്തിന്റെ അസമത്വങ്ങളെ തുടച്ചു നീക്കാനാവില്ലെന്നും അതുകൊണ്ടാണ്, മാക്‌സിസം അടക്കമുള്ള സൈദ്ധാന്തിക പദ്ധതികള്‍ ഇന്ത്യയില്‍ പരാജയമാകുന്നതെന്നും അംബേദ്കര്‍ മനസിലാക്കിയിരുന്നു.

രണ്ടാമതൊരു കാര്യം ഇന്ത്യയില്‍ അസമത്വമുണ്ട് എന്നതല്ല ഇന്ത്യയുടെ പ്രശ്‌നം, മറിച്ച് ആ അസമത്വത്തെ ന്യായീകിരക്കുന്ന ഒരു വ്യവഹാര മണ്ഡലം, ഒരു തത്വചിന്താ മണ്ഡലം, ഒരു മിത്തോളജിക്കല്‍ മണ്ഡലം തുടങ്ങിയവ ഇന്ത്യക്കുണ്ട് എന്നത് വളരെ പ്രധാനമാണ് എന്ന് അംബേദ്കര്‍ കാണുന്നുണ്ട്. ഈ തത്വചിന്താ മണ്ഡലത്തിനും ഈ സാമൂഹ്യ ബോധ്യങ്ങളും ഉത്പാദിപ്പിക്കുന്ന ധാര്‍മിക വ്യവസ്ഥയ്ക്കകത്തുമാണ് ഓരോ ഇന്ത്യക്കാരനും ജീവിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റുള്ളവരോട്, സാമൂഹ്യമായ അകലം പാലിക്കുന്നതോ സാമൂഹ്യമായ അസമത്വം പ്രകടിപ്പിക്കുന്നതോ ഉപദ്രവിക്കുന്നതോ അക്രമിക്കുന്നതോ താന്‍ ചെയ്യുന്ന കുറ്റമാണെന്നല്ല, അതെന്റെ ധാര്‍മിക ബാധ്യതയാണെന്നാണ് ഓരോ ഇന്ത്യക്കാരനും വിചാരിച്ചു പോന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ വേദങ്ങളിലൂടെയും ഇതിഹാസങ്ങളിലൂടെയും ഇന്ത്യയിലെ ആസ്തിക തത്വചിന്താ പാരമ്പര്യത്തിലൂടെയും രൂപപ്പെട്ട അസമത്വങ്ങളെ ന്യായീകരിക്കുന്ന ഈ വ്യവഹാര മണ്ഡലങ്ങളെ ദുര്‍ബലപ്പെടുത്താതെ ജനാധിപത്യം ഇന്ത്യയില്‍ സാധ്യമല്ലെന്ന് മനസിലാക്കിയ ഒരേയൊരു രാഷ്ട്രീയ ചിന്തകനാണ് ഡോ. ബി ആര്‍ അംബേദ്കര്‍.

ലോകത്തുള്ള വിവിധ രൂപത്തിലുള്ള വിവേചനങ്ങള്‍ക്കുള്ള ഉത്തരം അംബേദ്കറുടെ ചിന്തകളില്‍ പലരൂപത്തില്‍ ചിതറികിടക്കുന്നുണ്ട്. ആഫ്രിക്കയിലെ കറുത്ത വംശജര്‍ ഗാന്ധിയെ തള്ളിപ്പറഞ്ഞ് അംബേദ്കറെ അവരുടെ നേതാവായി സ്വീകരിച്ചു കഴിഞ്ഞിരുന്നു. ഒരുപക്ഷെ നെല്‍സണ്‍ മണ്ഡേല ജീവിച്ചിരുന്ന കാലത്ത് അപാര്‍ത്തീഡിനെതിരെ സമരം ചെയ്യുമ്പോള്‍ ലോകസമാധാനത്തിന്റെ വക്താവും അഹിംസയുടെ പ്രചാരകനുമായിരുന്ന ഗാന്ധിയായിരുന്നു മണ്ഡേലയ്ക്ക് പോലും മാതൃക പുരുഷനായിരുന്നത്. ആ പ്രദേശത്ത് അംബേദ്കര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഗാന്ധിയെക്കുറിച്ചുള്ള സൂക്ഷ്മ പഠനങ്ങള്‍ പുറത്തുവന്നപ്പോള്‍ ആഫ്രിക്കയിലെ കറുത്ത വംശജര്‍ മനസിലാക്കിയത്, ഗാന്ധി അടിസ്ഥാനപരമായി ആഫ്രിക്കയിലെ കറുത്ത മനുഷ്യരോട് വംശീയ വിവേചനം കാണിച്ച മനുഷ്യനാണ് എന്നായിരുന്നു. അദ്ദേഹം ചെയ്ത ഒരു സമരത്തില്‍ പോസ്റ്റ് ഓഫീസിലേക്കുള്ള എന്‍ട്രന്‍സിന്, ഒരു കവാടം വെള്ളക്കാര്‍ക്കും മറ്റേത് കറുത്തവര്‍ക്കും ഇന്ത്യക്കാര്‍ക്കും ആയി തുറന്നുകൊടുത്തപ്പോള്‍ കറുത്തവര്‍ഗക്കാരെ പോലെ അവഗണിക്കപ്പെടേണ്ട ഒരു വിഭാഗത്തോടൊപ്പം ഇന്ത്യക്കാരെ പരിഗണിച്ചതിനെതിരെ സമരം ചെയ്തയാളാണ് ഗാന്ധി എന്നുകൂടി മനസിലാക്കണം.

ഗാന്ധിയുടെ സമാധാനപ്പട്ടം അവിടെ തകര്‍ന്ന് വീഴുകയും ഘാന യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഗാന്ധിയുടെ പ്രതിമ എടുത്തുമാറ്റണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുകയും ചെയ്ത ഒരു ഘട്ടത്തിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. എന്നുപറഞ്ഞാല്‍ വിവേചനങ്ങള്‍ക്കെതിരെ ആ വിവേചനങ്ങളുടെ അടിസ്ഥാന സ്വഭാവം മനസിലാക്കിക്കൊണ്ട്, അതിനെ ഉന്മൂലനം ചെയ്താല്‍ മാത്രമേ സമത്വം, സ്വാതന്ത്ര്യം സഹോദര്യം എന്ന മൂല്യം അടിത്തറയായ ഒരു ജനാധിപത്യ സമൂഹത്തെയും രാഷ്ട്രത്തെയും കെട്ടിപ്പടുക്കാന്‍ കഴിയൂ എന്ന ഒരു പൊളിറ്റിക്കല്‍ ഫിലോസഫി, അഥവാ ജനാധിപത്യത്തിന്റെ ഒരു വികസിത രൂപം ലോകത്ത് അവതരിപ്പിച്ച മൗലികതയുള്ള ഒരു രാഷ്ട്രീയ ചിന്തകനാണ് ഡോ. ബി ആര്‍ അംബേദ്കര്‍ എന്നതാണ് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ലോകത്തെമ്പാടുമുള്ള, സാമൂഹിക താത്പര്യമുള്ള, ധാര്‍മിക താത്പര്യമുള്ള, നീതിബോധമുള്ള സമത്വ ഭാവനയുള്ള മനുഷ്യര്‍ ഉള്ളില്‍ ഉറപ്പിക്കേണ്ട ആശയം.

Related Stories

No stories found.
logo
The Cue
www.thecue.in