റേപ്പ് ചെയ്യപ്പെട്ട പെൺകുഞ്ഞുങ്ങൾ; വംശീയകലാപത്തിന്റെ നിശബ്ദസാക്ഷികൾ

റേപ്പ് ചെയ്യപ്പെട്ട പെൺകുഞ്ഞുങ്ങൾ; വംശീയകലാപത്തിന്റെ നിശബ്ദസാക്ഷികൾ
Summary

സ്ത്രീകളെ ആദരിക്കുകയും പൂജിക്കുകയും ചെയ്യുന്ന ഒരു പുരാതനസംസ്കാരത്തെ തകർത്തുകളഞ്ഞത് നെഹ്റുവിയൻ ആധുനികതയാണ് എന്ന് വിലപിക്കുന്നവർ സ്ത്രീയെ നഗ്നയാക്കി നടത്തി പരസ്യമായി അപമാനിച്ചവർക്ക് എതിരെ ഇത്രയും നാളായിട്ടും എന്ത് നടപടിയാണ് എടുത്തത്? ഏത് സംസ്കാരത്തെപ്പറ്റിയാണ്, ഏത് ഭാരതത്തെപ്പറ്റിയാണ് നിങ്ങൾ സംസാരിക്കുന്നത്? സുധ മേനോൻ എഴുതുന്നു.

‘റേപ്പ് ചെയ്ത് കൊല്ലപ്പെട്ട നമ്മുടെ പെൺകുഞ്ഞുങ്ങൾക്ക് ആത്മാവ് ഉണ്ടെങ്കിൽ, ആ ആത്മാക്കൾ പറയുന്ന കഥകളായിരിക്കും ഒരു പക്ഷെ, ലോകം കണ്ടിട്ടുള്ളതിൽ ഏറ്റവും മഹത്തായ ജീവൽസാഹിത്യം. അവരാണ് ശരിക്കും വംശീയകലാപത്തിന്റെ നിശബ്ദസാക്ഷികള്‍. ആരും ജയിക്കാതെ പോകട്ടെ എന്ന് ഈ നരവേട്ടയെ അവരിപ്പോള്‍ ഏതോ ലോകത്തിരുന്നുകൊണ്ട് അതിദീനമായി ശപിക്കുന്നുണ്ടാകും.’

ശ്രീലങ്കയിലെ വിദൂരമായ ഒരു ഗ്രാമത്തിൽ വെച്ച് എന്നോട് ഇങ്ങനെ പറഞ്ഞത് ജീവലതയെന്ന സ്ത്രീയായിരുന്നു. വംശീയവിദ്വേഷം മാത്രം രക്തത്തിലുള്ള ചില ഡ്രാക്കുളകൾ അവരുടെ മകളെയും, മറ്റനേകം പെൺകുട്ടികളെയും റേപ്പ് ചെയ്ത് കൊലപ്പെടുത്തിയ ഹൃദയം പിളർക്കുന്ന കഥ പറയുകയായിരുന്നു ജീവലത. 'ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ' എന്ന പുസ്തകം നിശബ്ദമാക്കപ്പെട്ട ജീവലത അടക്കമുള്ള ഇരകളുടെ കഥയാണ്.

മണിപ്പൂരിൽ നിന്നുള്ള ആ പൊള്ളിക്കുന്ന വീഡിയോ ഒരു നോക്ക് കണ്ടപ്പോൾ എനിക്ക് ജീവലതയെ ഓർമ വന്നു. ഞാൻ നേരിൽ കണ്ട വംശീയരാഷ്ട്രീയത്തിന്റെ നിരവധി ഇരകളെയും. ശ്രീലങ്കയിലെ, അഫ്ഘാനിസ്ഥാനിലെ, മ്യാൻമറിലെ, പാകിസ്ഥാനിലെ ഒക്കെ സ്ത്രീകൾ ഭരണകൂടം നൈതികമായ ചുമതലകളിൽ നിന്നും ഒളിച്ചോടുന്നതിന്റെയും, വെറുപ്പിന്റെ വിത്തുകൾ വിതച്ച് രാഷ്ട്രീയനേട്ടം കൊയ്യുന്നതിന്റെയും, സാധാരണ മനുഷ്യരെ വെറും ഇരകള്‍ ആക്കി മാറ്റുന്നതിന്റെയും നിസ്സഹായാവസ്ഥ എന്നോട് പങ്ക് വെച്ചപ്പോൾ എന്റെ രാജ്യത്തിന്റെ നിയമവ്യവസ്ഥയും, നീതിബോധവും അത്തരം ഭീഷണികളെ അതിജീവിക്കാൻ കരുത്തുള്ളതാണെന്ന് ഉള്ളിൽ എവിടെയോ ആശ്വസിച്ചിരുന്നു. പക്ഷേ, മണിപ്പൂരിലെ നിസ്സഹായരായ സ്ത്രീകളോട് ആ ആൾക്കൂട്ടം കാണിക്കുന്ന കടുത്ത ഹിംസ എന്നെ തകർത്തുകളഞ്ഞു. മെയ് നാലിന് നടന്ന സംഭവമാണ്. ലോകമറിഞ്ഞത് ഇപ്പോൾ. പക്ഷേ, മണിപ്പൂരിൽ പോലീസും, ആഭ്യന്തരവകുപ്പും, ഒരു മുഖ്യമന്ത്രിയും ഉണ്ട്. അവർ ഇങ്ങനെയൊരു സംഭവം നടന്നിട്ട് ഇത്രയും നാൾ എന്താണ് ചെയ്തത്? പുറത്തുവരാത്ത സംഭവങ്ങൾ ഇതുപോലെ ഇനിയും ഉണ്ടാകില്ലേ? തീവണ്ടിയും പാലങ്ങളും ഉൽഘാടനം ചെയ്യാനും, തിരഞ്ഞെടുപ്പ് റാലികളിൽ പുഷ്പവൃഷ്ടി ഏറ്റുവാങ്ങി പ്രസംഗിക്കാനും ധാരാളം സമയമുള്ള ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് എന്തുകൊണ്ടാണ് ഒരു തവണ പോലും കലാപത്തിന്റെ ഇരകളെ സന്ദർശിക്കണമെന്ന് തോന്നാത്തത്? എന്തുകൊണ്ടാണ് അവരെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കണം എന്ന് തോന്നാത്തത്?

'കേരളത്തെനോക്കൂ' എന്ന് പറഞ്ഞുകൊണ്ട് കർണ്ണാടകയിലെ വോട്ടർമാരെ ഭയപ്പെടുത്താനും അകാരണമായ ഭയം കുത്തിവെക്കാനും ശ്രമിച്ച ഇന്ത്യയുടെ ആഭ്യന്തരമന്ത്രിക്ക് എന്താണ് കത്തിയെരിഞ്ഞ മണിപ്പൂരിന്റെ കാര്യത്തിൽ ആകുലതകൾ ഇല്ലാത്തത്?

സ്ത്രീകളെ ആദരിക്കുകയും പൂജിക്കുകയും ചെയ്യുന്ന ഒരു പുരാതനസംസ്കാരത്തെ തകർത്തുകളഞ്ഞത് നെഹ്റുവിയൻ ആധുനികതയാണ് എന്ന് വിലപിക്കുന്നവർ സ്ത്രീയെ നഗ്നയാക്കി നടത്തി പരസ്യമായി അപമാനിച്ചവർക്ക് എതിരെ ഇത്രയും നാളായിട്ടും എന്ത് നടപടിയാണ് എടുത്തത്? ഏത് സംസ്കാരത്തെപ്പറ്റിയാണ്, ഏത് ഭാരതത്തെപ്പറ്റിയാണ് നിങ്ങൾ സംസാരിക്കുന്നത്? സ്ത്രീശരീരം ദക്ഷിണേഷ്യൻ സമൂഹത്തിൽ ഗോത്രാഭിമാനത്തിന്റെ ചിഹ്നം കൂടിയാണ്. ഒരാൾ അപരദേശീയതകളെ മുറിവേൽപ്പിക്കുന്നത് സ്ത്രീശരീരത്തെ ലൈംഗികമായി കീഴടക്കിക്കൊണ്ടാണ്. ഗോത്രാഭിമാനത്തിന്റെ പരിശുദ്ധതയും, അഭിമാനവും സ്ത്രീകളുടെ ‘ശരീരവിശുദ്ധി’ സങ്കൽപ്പത്തിലൂടെ നിലനിർത്തുന്ന രീതി. അതുകൊണ്ടാണ് ഒരു കുക്കി സ്ത്രീയെ ശാരീരികമായി ആക്രമിക്കുമ്പോൾ അത് മെയ്തികൾക്ക് വീരാഘോഷമായി മാറുന്നത്. വംശീയവെറുപ്പിന്റെ ഏറ്റവും അപകടകരമായ ഘട്ടമാണിത്. മണിപ്പൂർ എത്തിനിൽക്കുന്നത് ഈയൊരവസ്ഥയിലാണ് എന്നത് നമ്മൾ അങ്ങേയറ്റം ജാഗ്രതയോടെ കാണണം.

ഒരു ബഹുസ്വരസമൂഹത്തിന്റെ നിലനിൽപ്പിന് ഏറ്റവും ഭീഷണി വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ്. അന്യമതത്തോടും, ജാതിയോടും, വംശത്തോടും, ഭാഷയോടും ഉള്ള അകാരണമായ വെറുപ്പിൽ നിന്നുമാണ് ഹിംസയും കലാപവും ഉണ്ടാകുന്നത്. സ്വന്തം രാജ്യത്തിനുള്ളിൽ തന്നെ ‘ശത്രുക്കളെയും അപരന്മാരെയും’ കണ്ടെത്തി, അവർക്കെതിരെ നിരന്തരം നുണകൾ പടച്ചുവിടുന്നവർ ഒരു കലാപത്തിന്റെ അതിഭീകരമായ അനന്തരഫലങ്ങളെക്കുറിച്ച് ഓർക്കുന്നില്ല. രാഷ്ട്രപിതാവ് രക്തസാക്ഷിയായത് വെറുപ്പിനു പകരം സ്നേഹത്തിന്റെയും അഹിംസയുടെയും അനുകമ്പയുടെയും വിത്തുകൾ മുളപ്പിക്കാൻ ശ്രമിച്ചപ്പോൾ ആയിരുന്നു. ഇന്ത്യയെന്ന ആശയത്തിന്റെ ഭിത്തി ഉറച്ചത്, ഈ രാജ്യം ആചന്ദ്രതാരം ഉയർന്നു നിന്നത് ഓഎൻവിയുടെ കവിത കടമെടുത്തു പറഞ്ഞാൽ, ബാപ്പുവിന്റെ രക്തസാക്ഷിത്വത്തെ ‘ചെത്തിയ കല്ലിന്നിടക്കു നിർത്തികെട്ടിപ്പടുത്തത്’ കൊണ്ടായിരുന്നു എന്നത് നമ്മൾ മറന്നുപോകരുത്. മണിപ്പൂർ ഒരോർമ്മപ്പെടുത്തലാണ്. വംശീയതയെയും, മൌലികവാദത്തേയും, പൌരുഷദേശീയതയേയും എതിർക്കാനും സഹജീവിയെ ശത്രുവായി കാണുന്ന സംസ്കാരത്തെ മുളയിൽ തന്നെ നുള്ളിക്കളയാനും ശ്രമിക്കേണ്ടത് ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും പ്രാഥമികമായ ഉത്തരവാദിത്വമാണെന്ന ഓർമ്മപ്പെടുത്തൽ. അതുകൊണ്ടുതന്നെ, ബഹുമാന്യനായ പ്രധാനമന്ത്രി, ഞങ്ങൾക്ക് ആവശ്യം ‘ബേട്ടി ബചാവോ’ മുദ്രാവാക്യവും, സർക്കാർ വെബ്സൈറ്റിലെ പൊള്ളയായ ഡാഷ്ബോർഡ് കണക്കുകളും അല്ല. ഈ ദേശത്തെ സ്ത്രീകളുടെ സുരക്ഷയാണ്, അവരുടെ ജീവനാണ്. അവർക്ക് നീതി കിട്ടിയേ തീരൂ.

Related Stories

No stories found.
logo
The Cue
www.thecue.in