ഫ്രീ മാര്‍ക്കറ്റിനെ പുണര്‍ന്ന സൗത്ത് കൊറിയയ്ക്ക് എന്ത് സംഭവിക്കുന്നു?

ഫ്രീ മാര്‍ക്കറ്റിനെ പുണര്‍ന്ന സൗത്ത് കൊറിയയ്ക്ക് എന്ത് സംഭവിക്കുന്നു?

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ചരിത്ര വിദ്യാർത്ഥികളുടെയും പഠിതാക്കളുടെയും ഇഷ്ട വിഷയങ്ങളാണ്. പൊതുവെ ഉത്തര കൊറിയയെ കുറിച്ചും അവരുടെ സമ്പദ് ഘടനകളെ കുറിച്ചും വാർത്തകൾ ദൃശ്യമാധ്യമങ്ങളിൽ ധാരാളം ലഭ്യമാണെങ്കിലും ദക്ഷിണ കൊറിയ അഥവാ സൗത്ത് കൊറിയയുടെ സാമ്പത്തിക രാഷ്ട്രീയ ചരിത്രവും വാർത്തകളും അധികം പ്രാധാന്യത്തോടെ ആരും എഴുതുന്നതായി കാണാറില്ല. ഉത്തര കൊറിയ അഥവാ നോർത്ത് കൊറിയ മാധ്യമങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിഷയങ്ങളിലൊന്നാണ്. കൊറിയൻ യുദ്ധത്തെ കുറിച്ച് ചെറിയ ധാരണകൾ നമുക്കുണ്ടെങ്കിലും അതിന് ശേഷം ഇരു കൊറിയകളിലും പ്രത്യേകിച്ച് സൗത്ത് കൊറിയയുടെ ചരിത്രം നമുക്ക് പൊതുവെ അറിയാത്ത അല്ലെങ്കിൽ അധികമൊന്നും ചർച്ച ചെയ്യപ്പെടാത്ത ഒരു വിഷയമാണ്. കൊറിയൻ ഡ്രാമകൾ പരിചിതമായ വായനക്കാർക്ക് മുന്നിൽ സൗത്ത് കൊറിയയുടെ സാമ്പത്തിക രാഷ്ട്രീയ ചരിത്രത്തിന്റെ സംക്ഷിപ്ത രൂപം അവതരിപ്പിക്കാനാണ് ഈ ലേഖനത്തിൽ ശ്രമിക്കുന്നത്.

കൊറിയൻ യുദ്ധത്തിന് ശേഷവും അതിനു മുൻപും സൗത്ത് കൊറിയ എന്ന് വിളിക്കപ്പെടുന്ന രാജ്യം 1997 വരെ പട്ടാള ഭരണത്തിന് കീഴിലായിരുന്നു. സിംഗ്മാൻ റീ എന്ന പട്ടാള തലവനാണ് 1960 വരെ ദക്ഷിണ കൊറിയയുടെ ഭരണം കയ്യാളിയിരുന്നത്. മാർക്സിസവും കമ്മ്യൂണിസവും ഒരുപാട് ജനങ്ങൾക്ക് ഇടയിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന സമയമായതിനാലും ജപ്പാനീസ് അധിനിവേശത്തിനെതിരെ പോരാട്ടം നയിച്ച കിം ഇൽ സാങ് അടക്കമുള്ളവർക്ക് ജനങ്ങൾക്കിടയിൽ വലിയ പിന്തുണ നേടി വരുന്നത് കൊണ്ടും സിംഗ്മാൻ റീയെ അധികാരത്തിൽ തന്നെ പ്രതിഷ്ഠിക്കാൻ അമേരിക്കയും സഖ്യകക്ഷികളും ശക്തമായി പ്രവർത്തിച്ചു. 1961 ൽ നടന്ന ഏപ്രിൽ വിപ്ലവം എന്ന് വിളിക്കപ്പെടുന്ന വിദ്യാർത്ഥി മുന്നേറ്റത്തിൽ സിംഗ്മാൻ പുറത്താക്കപ്പെട്ടെങ്കിലും ജെനെറൽ പാർക്ക് ചുങ് ഹീ അധികാരം പിടിച്ചെടുത്തതോടെ മറ്റൊരു കിരാത ഭരണത്തിലേക്ക് ദക്ഷിണ കൊറിയ കൂപ്പുകുത്തി. ഈ കാലഘട്ടത്തിലാണ് സൗത്ത് കൊറിയയുടെ സാമ്പത്തിക ഘടന ഒരു പ്രത്യേക വളർച്ചയ്ക്ക് വിധേയമാകുന്നതും.

നോർത്ത് കൊറിയ ഒരു സോഷ്യലിസ്റ്റ് സമ്പദ് ഘടനയിലൂടെ മുന്നേറി തകർന്നു. സൗത്ത് കൊറിയ ഫ്രീമാർക്കറ്റിലൂടെ വളർന്നു. ഇതാണ് പൊതുവെ നമ്മൾ കേട്ടിട്ടുള്ള നറേറ്റിവ്. എന്നാൽ നോർത്ത് കൊറിയയുടെ മേൽ ചുമത്തപ്പെട്ട സാമ്പത്തിക ഉപരോധത്തെ കുറിച്ച് പൊതു ലിറ്ററേച്ചറുകൾ ചർച്ച ചെയ്യാറില്ല. യഥാർത്ഥത്തിൽ സ്വതന്ത്രമായ ഒരു കമ്പോളം കൊണ്ടാണോ സൗത്ത് കൊറിയ വളർന്നത് ?

സ്വതന്ത്ര കമ്പോളം അഥവാ ഫ്രീമാർകെറ്റ് നയങ്ങൾ സ്വീകരിച്ച ശേഷം ദക്ഷിണ കൊറിയയ്ക്ക് എന്താണ് സംഭവിച്ചത് ?

സൗത്ത് കൊറിയൻ എക്കണോമിസ്റ്റ് ആയ ഹാ ജുൻ ചാങ് എഴുതിയ പുസ്തകങ്ങളും ഈസ്റ്റ് ഏഷ്യയിലെ സാമ്പത്തിക പ്രതിഭാസങ്ങളെ കുറിച്ചുള്ള സാമ്പത്തിക ശാസ്ത്രജ്ഞരുടെ എഴുത്തുകളുമാണ് ഇതിനെ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്നത്. മലയാളികൾക്ക് അധികം സുപരിചിതനല്ലെങ്കിലും യൂറോപ്പിലും മറ്റും സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഏറെ പ്രിയപ്പെട്ട എക്കണോമിസ്റ്റ് ആണ് ചാങ്. കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ചാങ് സൗത്ത് കൊറിയയുടെ മുൻ വ്യവസായ വകുപ്പ് മന്ത്രിയുടെ മകനാണ്. സിയോൾ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ചാങ് അനേകം പുസ്തകങ്ങളും ധനശാസ്ത്ര സംബന്ധമായ ലേഖനങ്ങളും പ്രസദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയ Bad Samaritans : The Myth of Free Trade and Secret History of Capitalism , ഹോംഗ് -ജെ പാർക്ക് ചുൽ ഗ്യു യൂ എന്നീ രണ്ട്‌ ദക്ഷിണ കൊറിയൻ സാമ്പത്തിക ശാസ്ത്രജ്ഞർക്കൊപ്പം എഴുതിയ Interpreting the Korean Crisis: Financial Liberalization, Industrial Policy and Corporate Governance എന്നീ ലേഖനങ്ങളാണ് സൗത്ത് കൊറിയൻ എക്കണോമിക് ഹിസ്റ്ററി അറിയാൻ റെഫർ ചെയ്യുന്നത്.

ഹാ ജുൻ ചാങ് (സാമ്പത്തിക ശാസ്ത്രജ്ഞൻ)
ഹാ ജുൻ ചാങ് (സാമ്പത്തിക ശാസ്ത്രജ്ഞൻ)

നോർത്ത് കൊറിയയേക്കാൾ നിയന്ത്രിതമായ സമ്പദ്‌വ്യവസ്ഥയായിരുന്നു സൗത്ത് കൊറിയയുടേത്. ആ കാലഘട്ടത്തിൽ ഭീമമായ ഇറക്കുമതി തീരുവ ചുമത്തി തദ്ദേശ വ്യവസായങ്ങളെ വളർത്തിയ രാജ്യങ്ങളിൽ പ്രധാനിയായിരുന്നു സൗത്ത് കൊറിയ. എന്നാൽ പട്ടാളഭരണത്തിന് കീഴിൽ തുച്ഛമായ വേതനമാണ് പലർക്കും ലഭിച്ചിരുന്നത്. സിനിമ പ്രേമികൾ ഓർത്തിരിക്കുന്ന പാരാസൈറ്റ് എന്ന ചിത്രത്തിൽ കാണുന്ന പോലെ ഭൂമിയ്ക്ക് അടിയിൽ അല്ലെങ്കിൽ ഭൂനിരപ്പിന് താഴെയുള്ള "വീടുകളിലാണ്" തൊഴിലാളികളും കൂലിവേല ചെയ്യുന്നവരും ജീവിച്ചിരുന്നത്. മെച്ചപ്പെട്ട ചുറ്റുപാടിൽ ജനിച്ച ചാങ് ഫ്ലെഷ് സംവിധാനമുള്ള ബാത്രൂം വരെ ആ കാലത്ത് ലക്ഷ്വറിയായിരുന്നു എന്ന് ഓർത്തെടുക്കുന്നുണ്ട്. നോബൽ സമ്മാനം ലഭിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ ജോസഫ് സ്റ്റിഗ്ലിറ്റസുമായി നടത്തിയ സംഭാഷണത്തിലാണ് ചാങ് ഇതിനെ കുറിച്ച് സംസാരിക്കുന്നത്. 1961 ൽ അധികാരം കൈവശപ്പെടുത്തിയ പാർക്ക് ചുങ് ഹീ തിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ മൂന്ന് പ്രാവശ്യം രാജ്യത്തിൻറെ പ്രെസിഡന്റായി. ജനാധിപത്യവും കമ്മ്യൂണിസവും ആപത്താണെന്നും നോർത്ത് കൊറിയയെ തോൽപിക്കാൻ സൗത്ത് കൊറിയക്കാർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും " എല്ലാം രാജ്യത്തിന്റെ നല്ലതിനാണ്" ( മറ്റെന്തിനോടെങ്കിലും സാമ്യം തോന്നിയാൽ യാദൃശ്ചികം ) എന്ന തീവ്രദേശീയ നിലപാടായിരുന്നു പാർക്കിന്റേത്. ഈ കടുത്ത ദേശീയതയെ അടിസ്ഥാനാമാക്കി അനേകം വ്യവസായങ്ങൾ ആരംഭിച്ചു. എന്നാൽ സ്വതന്ത്രമായ ഒരു കമ്പോളം അനുവദിച്ചു നൽകിയിരുന്നില്ല. തദ്ദേശ ഉത്പന്നങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമായിരുന്നു മുൻഗണന. വിദേശ വസ്തുക്കൾ ഉപയോഗിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നത് മഹത്തായ രാജ്യസ്നേഹത്തിന്റെ ലക്ഷണമാണ് എന്ന് വിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നു.

പാരാസൈറ്റ് എന്ന ചിത്രത്തിലെ ഒരു രംഗം
പാരാസൈറ്റ് എന്ന ചിത്രത്തിലെ ഒരു രംഗം

ചുരുക്കി പറഞ്ഞാൽ ഭരണകൂടം നിയന്ത്രിക്കുന്ന അവർക്കിഷ്ടമുള്ളവർക്ക് വേണ്ടി മാത്രം ചലിക്കുന്ന ഒരു സമ്പദ് ഘടനയായിരുന്നു സൗത്ത് കൊറിയയുടേത്. സാമ്പത്തിക ശാസ്ത്രത്തിൽ ഇതിനെ protectionist എന്നും cronyism എന്നും വിശേഷിപ്പിക്കും. 1973 ൽ ജനറൽ പാർക്ക് ഹെവി ആൻഡ് കെമിക്കൽ ഇൻഡസ്ട്രിയലിസഷൻ അഥവാ എച്.സി.ഐ എന്ന പരിപാടി ആരംഭിച്ചു. സൗത്ത് കൊറിയയിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകാൻ ജനങ്ങൾക്ക് അവകാശമില്ലായിരുന്നു. സർക്കാരിന്റെ കണ്ണിൽ തൃപ്തികരവും ഫലപ്രദവുമായ ആളുകൾക്ക് മാത്രമാണ് വിദേശ യാത്ര അനുവദിച്ചു നൽകുക. ഇലക്ട്രോണിക്സ് വ്യവസായങ്ങൾ ഇതോടൊപ്പം വളരാൻ ആരംഭിച്ചു. പുറത്തുള്ള രാജ്യങ്ങൾക്ക് ഇലക്ട്രോണിക് ചരക്കുകൾ വിൽക്കുമ്പോഴും അപ്പുറത്ത് നിന്ന് ഒരു മുട്ടുസൂചി പോലും ജനങ്ങൾ വാങ്ങരുത് എന്ന് സൗത്ത് കൊറിയൻ ഭരണകൂടം ശഠിച്ചു. ഈ വളർച്ചയുടെ മറ്റൊരു വശം ഗ്രാമങ്ങളിൽ സംഭവിച്ച വലിയ തോതിലുള്ള സ്ക്കൂൾ ഡ്രോപ്പ് ഔട്ടുകളും സാമ്പത്തിക അസമത്വങ്ങളുമായിരുന്നു. സോവിയറ്റ് യൂണിയന് എതിരായ ശീതയുദ്ധത്തിൽ സൗത്ത് കൊറിയയിൽ ഒരു സ്വതന്ത്ര കമ്പോളം ഇല്ലാതിരുന്നത് ഒരു പ്രശ്നമായി അമേരിക്കയും മറ്റു സഖ്യകക്ഷികളും കരുതിയില്ല. മതിയായ വേതനം നൽകാതെ മനുഷ്യരെ ഫാക്ടറികളിൽ പന്ത്രണ്ട് മണിക്കൂറോളം ഉടമകൾ പണിയെടുപ്പിച്ചിരുന്നു. തെരുവുകളിലും മറ്റും ജീവിച്ച ഈ മനുഷ്യർക്ക് ആവശ്യമുള്ള ആഹാരം ലഭിച്ചിരുന്നില്ല. നഗരങ്ങളുടെ തെരുവിൽ ജീവിച്ചിരുന്നവരെ പോലീസ് ദൂരെ മാലിന്യം കൂട്ടിയിടുന്ന വെളിമ്പറമ്പുകളിലേക്ക് നിർബന്ധിതമായി മാറ്റി താമസിപ്പിക്കും.

1979 ൽ ജനറൽ പാർക്ക് കൊല്ലപ്പെട്ടെങ്കിലും ചുൻ ദൂ ഹ്വാൻ എന്ന മറ്റൊരു സൈനിക തലവൻ ഭരണം കൈക്കലാക്കി. സാമ്പത്തിക നയം ഇങ്ങനെ തന്നെ തുടർന്നു. സൗത്ത് കൊറിയ വ്യവസായ മേഖലയിലും ഇലക്ട്രോണിക് നിർമാണ മേഖലയിലും വലിയ നേട്ടം കൈവരിച്ചു തുടങ്ങുകയും അധികം വൈകാതെ OECD രാജ്യങ്ങളുടെ ഭാഗമാവുകയും ചെയ്തു. അത്യധികം നിയന്ത്രിതമായ ഒരു സമ്പദ്‌വ്യവസ്ഥയായതിനാൽ കമ്പ്യൂട്ടർ ഉപയോഗിക്കാനായി റിവേഴ്‌സ് എഞ്ചിനീയറിംഗ് അഥവാ പൈറേറ്റഡ് ആയ സോഫ്റ്റ് വെയറുകൾ ആണ് സൗത്ത് കൊറിയക്കാർ ഉപയോഗിച്ചിരുന്നത്. 1990 കളോടെ സൗത്ത് കൊറിയയിൽ പട്ടാള ഭരണം അവസാനിക്കുകയും 93 ൽ കിം യാങ് സാം രാജ്യത്തിന്റെ പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നമ്മൾക്ക് കേട്ട് പരിചയമുള്ള വാക്കാണ് " ക്രോണി ക്യാപിറ്റലിസം" അഥവാ ചങ്ങാത്ത മുതലാളിത്തം. 1997 ൽ സംഭവിച്ച ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഈ വാക്ക് പ്രശസ്തമായി മാറിയത്. അതിന് പ്രധാന കാരണം സമ്പന്നരെ മാത്രം സഹായിക്കുന്ന സാമ്പത്തിക നയങ്ങൾ പിന്തുടരുന്ന ഏഷ്യയിലെ ചില രാജ്യങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുകയുണ്ടായി. ആദ്യ ഘട്ടത്തിൽ ഫിലിപ്പീൻസിനേയും പിന്നീട് തായ്‌വാനെയും സൗത്ത് കൊറിയയെയും ക്രോണി ക്യാപിറ്റലിസ്റ് എന്ന് വിശേഷിപ്പിച്ചു. പട്ടാള ഭരണകാലത്ത് ഭരണകൂടത്തിന്റെ അകമഴിഞ്ഞ സഹായം ലഭിച്ച സാംസങ് അടക്കമുള്ള ബിസിനസ്സ് കുടുംബങ്ങളെ കൊറിയൻ ഭാഷയിൽ " ഝെബോൾ" ( Chaebol ) എന്നാണ് വിശേഷിപ്പിക്കുക. ഇവരും സൗത്ത് കൊറിയൻ ഭരണകൂടവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്.

കിം യാങ് സാം അധികാരത്തിൽ വരുന്നതോടെ ഇന്ത്യയിൽ നരസിംഹ റാവു നടപ്പിലാക്കിയ പോലെയുള്ള ഒരു ഉദാരവത്കരണം സൗത്ത് കൊറിയയിലെ നടപ്പിലാക്കപ്പെട്ടു. അതോടെ സർക്കാർ നിയന്ത്രണം പല മേഖലയിൽ നിന്നും മുഴുവനായി ഇല്ലാതായി. വിദേശ നിക്ഷേപങ്ങൾ ഇടതടവില്ലാതെ ഹൗസിങ്, സ്റ്റോക്ക്, ഇൻഡസ്ട്രി മാർക്കറ്റുകളിലേയ്ക് ഒഴുകി. ഡീറെഗുലേഷൻ നയങ്ങളുടെ ഭാഗമായി ഝെബോളുകൾക്ക് കൂടുതൽ സ്വാതന്ത്യം നൽകപ്പെട്ടു. സർക്കാർ ഉടമസ്ഥതയിലിരുന്ന സ്ഥാപനങ്ങൾ വിറ്റഴിക്കപ്പെട്ടു. ആസൂത്രണ കമ്മീഷൻ പിരിച്ചുവിടുകയും ബാങ്കുകൾക്ക് ലോണുകൾ നൽകുന്നതിനുള്ള നിയന്ത്രണങ്ങൾ ഇല്ലാതാക്കി.

കിം യാങ് സാം
കിം യാങ് സാം

പട്ടാളഭരണത്തെക്കാൾ കൂടുതൽ ഗുണം ഝെബോളുകൾക്ക് ഉദാരവത്ക്കൃത സമ്പദ് വ്യവസ്ഥയിൽ ലഭിച്ചു തുടങ്ങി. 1997 ലെ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിയ്ക്ക് പ്രധാന കാരണം സൗത്ത് കൊറിയ അടക്കമുള്ള രാജ്യങ്ങൾ പിന്തുടർന്ന ക്രോണി ക്യാപിറ്റലിസ്റ്റ് നയങ്ങൾ ആണ്. ഈ പ്രതിസന്ധിയെ കുറിച്ചുള്ള പഠനത്തിൽ പോൾ ക്രൂഗ്മാൻ പറയുന്നത് കൊറിയയിലെ സാം ഭരണകൂടവും ബാങ്കുകളും സ്വകാര്യ കോർപ്പറേറ്റ് മേഖലയ്ക്ക് വേണ്ടി നടത്തിയ ഉദാരനയങ്ങളുടെ ഫലമായിട്ടാണ് ഈ തകർച്ച സംഭവിച്ചതെന്നാണ്. ഝെബോളുകൾ തമ്മിലുള്ള രഹസ്യ ധാരണകൾ, ഒളിഗോപോളി വ്യവസ്ഥയുടെ നിർമാണവും ഇല്ലാതാക്കണം എന്ന് ഐ.എം.എഫ് വരെ നിർദ്ദേശിച്ചു.

ഇതിനെല്ലാം നടുവിൽ എന്താണ് ജനങ്ങളുടെ അവസ്ഥ ?

പാരാസൈറ്റ് എന്ന സിനിമ സൗത്ത് കൊറിയൻ സമൂഹത്തിന്റെ കൃത്യമായ ഒരു ചിത്രമാണ്. അത് പോലെ സ്ക്വിഡ് ഗെയിം എന്ന സിനിമയും അസമത്വപരമായ കൊറിയൻ സാമൂഹിക സാമ്പത്തിക ഘടനയുടെ വിമർശനം നടത്തുന്ന ഒരു സിനിമയാണ്. 40 ഝെബോളുകൾ അഥവാ ബിസിനസ്സ് കുടുംബങ്ങൾ നിയന്ത്രിക്കുന്ന സർക്കാരാണ് ഇപ്പോഴും ഇവിടെ അധികാരത്തിൽ വരിക. ലോകത്തിലെ തന്നെ ഏറ്റവും സ്വകാര്യവത്‌കൃതമായ ആരോഗ്യ മേഖലയുള്ള രാജ്യമാണ് സൗത്ത് കൊറിയ. 1997 ലെ തകർച്ചയ്ക്ക് ശേഷം മധ്യവർഗം കൊറിയയിൽ ദുർബലമാകാൻ തുടങ്ങി. നിലവിൽ ആരോഗ്യ മേഖലയിൽ ഡോക്ടർമാരുടെ സമരം മൂലം വലിയൊരു പ്രതിസന്ധി സൗത്ത് കൊറിയയിലുണ്ട്. ചുരുക്കി പറഞ്ഞാൽ ഒരു ബനാന റിപ്പബ്ലിക്ക് ആണ് സൗത്ത് കൊറിയ എന്ന് പറയുന്നതിൽ തെറ്റില്ല

Related Stories

No stories found.
logo
The Cue
www.thecue.in