സോമനാഥ് ലാഹിരി, ഭരണഘടനാ നിര്‍മ്മാണ സഭയിലെ കമ്യൂണിസ്റ്റ്

സോമനാഥ് ലാഹിരി, ഭരണഘടനാ നിര്‍മ്മാണ സഭയിലെ കമ്യൂണിസ്റ്റ്
Summary

ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായിരുന്ന സോമനാഥ് ലാഹിരിയെ കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബൈജു ചന്ദ്രന്‍ എഴുതിയത്

ഒരിക്കലും കൊണ്ടാടപ്പെടാത്ത ഒരു പഴയ കമ്മ്യൂണിസ്റ്റുകാരനെ സംബന്ധിക്കുന്ന കുറിപ്പാണ് ഇത്. സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുമുൻപ് രൂപം കൊണ്ട ഭരണഘടനാ നിർമ്മാണസഭയിൽ അംഗമായിരുന്ന ഒരാൾ.

'ചരിത്രം കുറിച്ച ആ ഒറ്റയാൾപോരാട്ടം'

''ഇവിടെ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മൗലികാവകാശങ്ങളിൽ പലതും രൂപപ്പെടുത്തിയിരിക്കുന്നത് ഒരു പോലീസ് കോൺസ്റ്റബിളിന്റെ കണ്ണിലൂടെയാണ്. വളരെയധികം ബുദ്ധിമുട്ടോടെയും മനസ്സില്ലാ മനസ്സോടെയും ഇപ്പോൾ അനുവദിക്കാൻ ഉദ്ദേശിക്കുന്ന പരിമിതമായ 'അവകാശങ്ങൾ' പോലും ചില വ്യവസ്ഥകൾക്ക് വിധേയമാണ് എന്നു കാണാൻ സാധിക്കും. ഗുരുതരമായ ചില അടിയന്തിരഘട്ടങ്ങളിൽ ഈ അവകാശങ്ങൾ പൂർണ്ണമായും എടുത്തുകളയുന്നതാണെന്ന് അവയുടെ അനുബന്ധമായി ചേർത്തിട്ടുള്ള ആ വ്യവസ്ഥകൾ കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. എന്താണ് ഈ 'ഗുരുതരമായ അടിയന്തിരഘട്ട'മെന്ന് ദൈവത്തിനു മാത്രമേ അറിയൂ. അപ്പോൾ, സ്വാഭാവികമായും ഭരിക്കുന്ന പാർട്ടിക്കോ ഗവണ്മെന്റിനോ അനിഷ്ടം ജനിപ്പിക്കുന്ന ഏതു കാര്യം സംഭവിച്ചാലും അപ്പോൾ തന്നെ അതൊരു 'ഗുരുതരമായ അടിയന്തര ഘട്ട'മായി പ്രഖ്യാപിച്ചു കൊണ്ട്, ഈ ചെറിയ അവകാശങ്ങൾ പോലും എടുത്തുകളയാൻ ശ്രമിക്കും എന്നുള്ളത് തീർച്ചയാണ്."

സ്വാതന്ത്ര്യത്തിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്ന ഇന്ത്യയിലെ ഒരു സാധാരണ പൗരന്റെ മൗലികാവകാശങ്ങളെ കുറിച്ച്, ഉയർന്ന ജനാധിപത്യബോധത്തോടും അതിശയിപ്പിക്കുന്ന ദൂരക്കാഴ്ചയോടും കൂടി അങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞത് ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു. കോൺഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും ഹിന്ദു മഹാസഭയുടെയും നേതാക്കൾ, നാട്ടുരാജ്യങ്ങളിൽ നിന്നുള്ള പൗരപ്രമുഖർ തുടങ്ങിയവരൊക്കെ നിറഞ്ഞുതിങ്ങിയ ഭരണഘടന നിർമ്മാണസഭയിൽ അയാൾ ഏകനായിരുന്നു. ഒരേയൊരു കമ്മ്യൂണിസ്റ്റ്. സാമ്രാജ്യത്വഭരണകൂടത്തിന്റെ കാലടികൾ അതേപടി പിന്തുടർന്നുകൊണ്ട്, സ്വതന്ത്ര ഇന്ത്യയിലെ പൗരാവകാശത്തിന് വിലങ്ങുതടികൾ പലതും സൃഷ്‌ടിക്കാനൊരുമ്പെടുന്ന പുത്തൻ ഭരണവർഗത്തിന്റെ മുഖത്താണ് അന്ന് ആ മനുഷ്യൻ മുഷ്ടി ചുരുട്ടി ആഞ്ഞു പ്രഹരിച്ചത്. ആ കമ്മ്യൂണിസ്റ്റു വിപ്ലവകാരിയുടെ പേര് സോമനാഥ്‌ ലാഹിരി എന്നായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുമുമ്പ്, ഇന്ത്യയുടെ കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിൽ അംഗമായി നിയോഗിക്കപ്പെട്ടതു വഴി ചരിത്രത്തിന്റെ അരങ്ങത്ത് അപൂർവമായൊരു ഇരിപ്പിടം വലിച്ചിട്ടിരുന്ന സോമനാഥ്‌ ലാഹിരി.

ഭരണഘടന നിർമ്മിക്കുക എന്ന ചരിത്രദൗത്യത്തിന്റെ ഭാഗമാകുമ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങളും നയങ്ങളും പുറംലോകത്തെ അറിയിക്കാനുള്ള വേദിയായി അസംബ്ലിയെ ഉപയോഗപ്പെടുത്താനാണ്, ലെനിനിസ്റ്റ് തത്വങ്ങൾ മുറുകെ പിടിച്ചിരുന്ന സോമനാഥ്‌ ലാഹിരി ആ ചെറിയ കാലയളവിൽ ഉടനീളം ശ്രമിച്ചുപോന്നത്.
മുസാഫർ അഹ്‌മദ്‌,ബങ്കിം മുഖർജി,പി സി ജോഷി,സോമനാഥ് ലാഹിരി
മുസാഫർ അഹ്‌മദ്‌,ബങ്കിം മുഖർജി,പി സി ജോഷി,സോമനാഥ് ലാഹിരി

കരുത്തനായ ഒരു തൊഴിലാളി നേതാവ്, പരിണതപ്രജ്ഞനായ പാർലമെന്റേറിയനും ഭരണാധികാരിയും അണികളുടെ നാഡിമിടിപ്പ് തൊട്ടറിഞ്ഞ സംഘാടകൻ, സൂക്ഷ്മനിരീക്ഷണവും വിശകലന സാമർത്ഥ്യവും സ്വായത്തമാക്കിയ പത്രാധിപർ, ബംഗാളി സാഹിത്യത്തിൽ വേറിട്ടൊരു വഴിതെളിച്ചു മുന്നോട്ടുപോയ കഥാകൃത്ത്... അക്ഷരാർത്ഥത്തിൽ തന്നെ പ്രതിഭയുടെ പല കൈവഴികൾ കൂടിച്ചേർന്ന അപൂർവവ്യക്തിത്വമായിരുന്നു സോമനാഥ്‌ ലാഹിരി. ബംഗാളിന്റെ നവോത്ഥാനപുരുഷന്മാരിൽ പ്രമുഖനായ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ സമകാലീനനായിരുന്ന രാംതനു ലാഹിരിയുടെ അനന്തര തലമുറയിൽപ്പെട്ട സോമനാഥ്‌ ലാഹിരി ജനിച്ചത്

1909-ലാണ്. ബംഗാളിനെ പ്രകമ്പനം കൊള്ളിച്ച നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും ആ പന്ത്രണ്ടു വയസുകാരനെ വളരെയധികം സ്വാധീനിച്ചു.എല്ലാവരും എല്ലാത്തിനെയും സംശയത്തോടും അന്വേഷണാത്മകമായ മനസ്സോടും കൂടി നോക്കിക്കണ്ടിരുന്ന ആ നാളുകളെ 'സംശയത്തിന്റെയും അന്വേഷണപരതയുടെയും കാലഘട്ടം' എന്നാണ് സോമനാഥ്‌ പിൽക്കാലത്ത് വിശേഷിപ്പിച്ചത്. തേയില, ചണം, റെയിൽവേ, ടെക്സ്റ്റൈൽ തുടങ്ങിയ തൊഴിൽ മേഖലകളിൽ കമ്മ്യൂണിസ്റ്റുകാർ വലിയ പ്രക്ഷോഭങ്ങൾ നയിക്കുന്നതും 'പൂർണ്ണ സ്വാതന്ത്ര്യം'എന്ന മുദ്രാവാക്യം ഉറക്കെവിളിച്ചുകൊണ്ട്, അഖിലേന്ത്യാ കോൺഗ്രസ് സമ്മേളനം നടക്കുന്ന കൽക്കത്ത യിലെ പാർക്ക് സർക്കസ് മൈതാനത്തേക്ക് അരലക്ഷം പേർ തള്ളിക്കയറുന്നതുമൊക്കെ വിദ്യാർത്ഥിയായ സോമനാഥ്‌ ആവേശത്തോടെ കണ്ടുനിന്നു. എന്നാൽ സ്വാതന്ത്ര്യദാഹികളായ ഒട്ടേറെ ചെറുപ്പക്കാരെ ഈയാംപാറ്റകളെ പോലെ ആകർഷിച്ച ഭീകരപ്രസ്ഥാനങ്ങളുടെ അർത്ഥശൂന്യത സോമനാഥിന് അന്നുതന്നെ ബോദ്ധ്യമായിരുന്നു. അന്ന് ബംഗാളിസമൂഹത്തിൽ പ്രബലമായിരുന്ന വിഗ്രഹാരാധനയെയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയുമെല്ലാം ആ യുവാവ് ശക്തിയുക്തം എതിർത്തു.

സ്വാമി വിവേകാനന്ദന്റെ സഹോദരനും അരോബിന്ദോഘോഷിന്റെ സഹപ്രവർത്തകനും വിപ്ലവകാരിയുമായിരുന്ന ഡോ.ഭൂപേന്ദ്രനാഥ്‌ ദത്തയുമായുള്ള അടുപ്പമാണ് സോമനാഥ്‌ ലാഹിരിയെ കമ്മ്യൂണിസത്തിന്റെയും വിപ്ലവത്തിന്റെയും പാതയിലേക്ക് കൈപിടിച്ച് കൊണ്ടുപോയത്. എംഗൽസിനെയും ലെനിനെയും ആഴത്തിൽ വായിക്കാനും പഠിക്കാനുമുള്ള അവസരം ലഭിച്ചതോടെ ലാഹിരി ഒരുറച്ച കമ്മ്യൂണിസ്റ്റുകാരനായി മാറി. കോളേജ് വിദ്യാഭ്യാസം പാതിയിൽ ഉപേക്ഷിച്ചു. കേന്ദ്ര അസംബ്ലിയിൽ ഭഗത് സിംഗ് ബോംബെറിയുന്നതും തൂക്കിലേറ്റപ്പെടുന്നതുമായ സംഭവങ്ങളെല്ലാം അരങ്ങേറുന്നത് ആ നാളുകളിലാണ്. സുഹൃത്തായ അബ്ദുൽ മോമിനോടൊപ്പം ലാഹിരി കറാച്ചിയിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോയി. ഭഗത് സിംഗ്, സുഖ് ദേവ്, രാജ് ഗുരു എന്നിവരെ തൂക്കിക്കൊന്നതിൽ പ്രതിഷേധിച്ചുകൊണ്ട് അവിടെ നടന്ന റാലിയിൽ അവർ ഇരുവരും പങ്കുചേർന്നു.

കറാച്ചിയിൽ നിന്ന് മടങ്ങിവന്ന സോമനാഥ്‌ ലാഹിരി റെയിൽവേ വർക്കേഴ്‌സ് യൂണിയൻ സംഘടിപ്പിക്കാനായി മുന്നിട്ടിറങ്ങി. കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കുള്ള ലാഹിരിയുടെ പ്രവേശനം അങ്ങനെ തൊഴിലാളിപ്രസ്ഥാനത്തിലൂ ടെയാണ് സംഭവിച്ചത്. ഫാക്ടറി ഗ്രൂപ്പ്, ലേബർ പാർട്ടി ഗ്രൂപ്പ്, ഇന്ത്യൻ പ്രോലിറ്റേറിയറ്റ്, റവല്യൂഷനണറി പാർട്ടി ഗ്രൂപ്പ്... ഇങ്ങനെ പല പേരുകളിൽ കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ പ്രവർത്തനം വീറോടെ നടന്നിരുന്ന നാളുകൾ. കൽക്കട്ട ഗ്രൂപ്പ്, കൽക്കട്ട കമ്മിറ്റി എന്നീ വിഭാഗങ്ങളും അക്കൂട്ടത്തിൽ രൂപം കൊണ്ടു. അഖിൽ ബാനർജി, രണൻ സെൻ, അബനി ചൗധുരി രാമൻ എന്നിവരുടെ നേതൃത്വത്തിൽ 1930-ലാണ് കൽക്കട്ട കമ്മിറ്റി രൂപം കൊള്ളുന്നത്. സോമനാഥ്‌ ലാഹിരിയും അബ്ദുൽ ഹലീമും വൈകാതെ അതിന്റെ ഭാഗമായി.

1933-ൽ അഖിലേന്ത്യാ തലത്തിൽ നടന്ന പാർട്ടി പുനഃസംഘടനയുടെ ഭാഗമായുള്ള സമ്മേളനത്തിൽ സോമനാഥ്‌ ലാഹിരി, അബ്ദുൽ ഹലീം, രണൻ സെൻ എന്നിവർ പങ്കെടുത്തു. കേന്ദ്ര നേതൃത്വത്തിൽ നിന്ന് ഡോ.ജി അധികാരിയും പി.സി. ജോഷിയും സംബന്ധിച്ചിരുന്നു. ലാഹിരി അപ്പോഴേക്കും ഒരു തീപ്പൊരി പ്രസംഗകനായി മാറിക്കഴിഞ്ഞിരുന്നു. 'ഗാർഡൻ റീച്ച് മാച്ച് ഫാക്ടറി' തൊഴിലാളികളുടെ യോഗത്തിൽ "ചൂഷകരായ ബ്രിട്ടീഷ് ഭരണകൂടത്തിന് ഈ രാജ്യം ഭരിക്കാനുള്ള യോഗ്യത യില്ലെ"ന്ന് ലാഹിരി പ്രഖ്യാപിച്ചത് ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ലാഹിരിയുടെ പേരിലിറങ്ങിയ 'ഇന്ത്യൻ വിപ്ലവവും നമ്മുടെ കടമകളും'എന്ന ലഘുലേഖ ബ്രിട്ടീഷ് ഗവണ്മെന്റ് പിടിച്ചെടുത്തു. വൈകാതെ തന്നെ പാർട്ടി നിരോധിക്കപ്പെട്ടു.

വിപ്ലവപ്രവർത്തനങ്ങളിലേക്ക് കൂടുതൽ കേഡർമാരെ ആകർഷിച്ച്, പാർട്ടിയുടെ ബഹുജനാടിത്തറ വികസിപ്പിക്കാൻ വേണ്ടി ഒളിവിലും തെളിവിലുമായി രാപകൽ അദ്ധ്വാനിച്ച ലാഹിരി 1938 കാലത്ത്, കുറച്ചുനാൾ കേന്ദ്രനേതൃത്വത്തിൽ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു.

പി സി ജോഷി ജനറൽ സെക്രട്ടറി സ്ഥാനത്തെത്തിയതിനു പിന്നാലെ, ഇന്ത്യയിലെ മൂന്നാമത്തെ രാഷ്ട്രീയ കക്ഷിയായി വളർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി കല, സംസ്കാരം, ട്രേഡ് യൂണിയൻ, മഹിള, യുവജനങ്ങൾ, വിദ്യാർത്ഥി തുടങ്ങിയ ബഹുജനപ്രസ്ഥാനങ്ങൾ വഴി കരുത്തുള്ള സാന്നിദ്ധ്യമായി മാറി. പാർട്ടി അതുവരെ അകന്നുമാറിനിന്നിരുന്ന പാർലമെന്ററി രംഗത്തേക്ക് കടക്കാനുള്ള തീരുമാനം ഇതോടൊപ്പം ഉണ്ടായി.

തൊഴിലാളി-കർഷക ബഹുജന വിഭാഗങ്ങൾ നയിക്കുന്ന വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കുന്നതിന് തത്ക്കാലം സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിൽ, സാമൂഹ്യ മുന്നേറ്റം സാദ്ധ്യമാക്കുന്നതിനായി ബൂർഷ്വാ പാർലമെന്റുകളെ ഉപയോഗപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന ലെനിന്റെ സിദ്ധാന്തം നടപ്പിൽ വരുത്തുകയായിരുന്നു പാർട്ടി.

first day of Constituent Assembly | Wikimedia Commons
first day of Constituent Assembly | Wikimedia Commons

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കൈമാറുന്നതിന്റെ ഭാഗമായി, പുതിയൊരു ഭരണഘടന ഉണ്ടാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനും മറ്റുമായി ഒരു കോൺസ്റ്റിറ്റുവന്റ് അസംബ്ലി രൂപീകരിക്കാനുള്ള തീരുമാനം വൈസ്രോയ് പ്രഖ്യാപിച്ചു.1945/46-ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച വിവിധ പ്രവിശ്യകളിലെ നിയമസഭാംഗങ്ങളുടെ ഇടയിൽ നിന്നും നാട്ടുരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളാണ് കോൺസ്റ്റിറ്റുവന്റ്‌ അസംബ്ലിയിൽ അംഗങ്ങളായത്.' നിരോധനം നീക്കപ്പെട്ടതിന് ശേഷം ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് വിവിധ നിയമസഭകളിലായി ആകെ എട്ട് സീറ്റുകൾ നേടാൻ കഴിഞ്ഞു. എന്നാൽ പാർട്ടിക്ക് നിർണ്ണായകസ്വാധീനമുണ്ടായിരുന്ന ബംഗാൾ നിയമസഭയിൽ നിന്ന് ഒരാളെ കോൺസ്റ്റിറ്റുവന്റ് അസംബ്ളിയിലേക്ക് അയക്കാൻ സാധിച്ചത് പാർട്ടിയുടെ ചരിത്രനേട്ടമായി മാറി. 1946 ഡിസംബർ മാസത്തിൽ ഡൽഹിയിൽ കോൺസ്റ്റിറ്റുവന്റ് അസംബ്ലി സമ്മേളിച്ചപ്പോൾ ഇതാദ്യമായി ഒരു കമ്മ്യൂണിസ്റ്റുകാരൻ അവിടെയൊരു സീറ്റിൽ ഇരിപ്പുറപ്പിക്കുന്ന കാഴ്ചയ്ക്ക് ചരിത്രം അങ്ങനെ അത്ഭുതത്തോടെ സാക്ഷ്യം വഹിച്ചു.

ഭരണഘടന നിർമ്മിക്കുക എന്ന ചരിത്രദൗത്യത്തിന്റെ ഭാഗമാകുമ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങളും നയങ്ങളും പുറംലോകത്തെ അറിയിക്കാനുള്ള വേദിയായി അസംബ്ലിയെ ഉപയോഗപ്പെടുത്താനാണ്, ലെനിനിസ്റ്റ് തത്വങ്ങൾ മുറുകെ പിടിച്ചിരുന്ന സോമനാഥ്‌ ലാഹിരി ആ ചെറിയ കാലയളവിൽ ഉടനീളം ശ്രമിച്ചുപോന്നത്. ബഹുജനപ്രക്ഷോഭത്തിലൂടെയല്ലാതെ ചർച്ചകളിലൂടെയും ഒത്തുതീർപ്പ് സംഭാഷണങ്ങളിലൂടെയും സ്വാതന്ത്ര്യം നേടിയെടുക്കാമെന്ന 'മിഥ്യാധാരണ'യ്ക്കെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ കന്നിപ്രസംഗം ആരംഭിച്ചതു തന്നെ. "വിപ്ലവത്തിന്റെ മാർഗത്തിലൂടെ അധികാരം പിടിച്ചെടുത്തു കൊണ്ടു മാത്രമേ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടാൻ കഴിയൂ" വെന്ന് ലാഹിരി വെട്ടിത്തുറന്നു പറഞ്ഞു.

ബൂർഷ്വാ അസംബ്ലി ഉടൻതന്നെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട ലാഹിരി എത്രയും പെട്ടെന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട്‌ കോൺഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും പ്രതിനിധികൾ അടങ്ങുന്ന ഇടക്കാല ഗവണ്മെന്റിന് രാജ്യത്തിന്റെ പരമാധികാരം കൈമാറാനുള്ള നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു. "സ്വാതന്ത്ര്യപ്രക്ഷോഭത്തിൽ പങ്കെടുത്ത എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയുള്ള" ഈ താൽക്കാലിക ഭരണകൂടം പ്രായപൂർത്തിയായ എല്ലാവർക്കും വോട്ടവകാശമുള്ള ഒരു തെരഞ്ഞെടുപ്പിലൂടെ ഒരു യഥാർത്ഥ ഭരണഘടനാ നിർമ്മാണസഭയെ തെരഞ്ഞെടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരർത്ഥത്തിൽ, കോൺസ്റ്റിറ്റുവന്റ്‌ അസംബ്ലിയ്ക്കെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി അവതരിപ്പിച്ച അവിശ്വാസപ്രമേയം തന്നെയായിരുന്നു ലാഹിരിയുടെ പ്രമേയം. അതുകൊണ്ടു തന്നെ ആ പ്രമേയം ചർച്ചയ്ക്കു പോലുമെടുക്കാതെ അദ്ധ്യക്ഷൻ തള്ളിക്കളയുകയാണ് ചെയ്തത്. മുസ്ലീം മതവിഭാഗങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, ദേശീയത, സംസ്‌ഥാനങ്ങളുടെ സ്വയം നിർണ്ണയാവകാശം തുടങ്ങി സ്വതന്ത്ര ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ചുള്ള നിർണ്ണായക പ്രശ്നങ്ങളെ കുറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് പറയാനുള്ളതൊക്കെ ലാഹിരി തന്റെ വികാരതീക്ഷ്ണമായ പ്രസംഗങ്ങളിലൂടെ ലോകത്തെ അറിയിച്ചു.

കത്തിടപാടുകളിലെ സ്വകാര്യതയ്ക്കുള്ള അവകാശം (Right to privacy of correspondence) മൗലികാവകാശമായി പ്രഖ്യാപിക്കാനുള്ള ഒരു നിർദ്ദേശം ലാഹിരി മുന്നോട്ടു വെച്ചു."Right to Freedom" -ത്തിന്റെ കീഴിൽ "The privacy of correspondence shall be inviolable and may be infringed only in cases provided by law" എന്ന ഉപവകുപ്പ് നിർദ്ദേശിച്ചുകൊണ്ട് ആ കമ്മ്യൂണിസ്റ്റുകാരൻ അവതരിപ്പിച്ച ഭേദഗതി വോട്ടിനിടാനോ ചർച്ചയ്ക്കെടുക്കാനോ സർക്കാർ സന്നദ്ധത കാട്ടിയില്ല.

പത്രസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള പൗരവകാശങ്ങൾക്ക് പരിമിതി നിശ്ചയിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം ജനങ്ങളുടെ നേർക്കുള്ള കൊഞ്ഞനം കാട്ടലാണെന്ന് ലാഹിരി ആക്ഷേപിച്ചു."മൗലികാവകാശങ്ങൾ ഇത്തരത്തിലാണ് നിർവചിക്കപ്പെടുന്നതെങ്കിൽ, ലോകത്തെ എല്ലാ ജനാധിപത്യരാഷ്ട്രങ്ങൾക്കും മുന്നിൽ നമ്മൾ ഒരു പരിഹാസപാത്രമായി ത്തീരും." അദ്ദേഹം മുന്നറിയിപ്പ് നൽകി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ആജ്ഞ സ്വീകരിച്ചു കൊണ്ട്, സ്വതന്ത്രഭാരതത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്ന ചരിത്രപ്രക്രിയയിൽ നാട്ടുരാജ്യങ്ങളുടെ ഭരണാധികാരികളെ പങ്കെടുപ്പിക്കുന്നതിനെയും ലാഹിരി ശക്തമായ ഭാഷയിൽ വിമർശിച്ചു.

ബജറ്റിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്തുകൊണ്ട്, മന്ത്രിമാരുടെയും ഉന്നതോദ്യോഗസ്ഥരുടെയും ശമ്പളം വെട്ടിക്കുറയ്ക്കണമെന്നും അസംബ്ലി യിലെ അംഗങ്ങളുടെ അലവൻസിലും കുറവ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം ഭൗതികസുഖങ്ങളുടെ പിറകെ പോകാതെ സാധാരണക്കാരനെ പോലെ ജീവിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം സഹമെമ്പർമാരെ ഉപദേശിച്ചു. താഴേക്കിടയിലുള്ള സർക്കാർ ജീവനക്കാരുടെ ശമ്പളം കൂട്ടണമെന്നതായിരുന്നു ലാഹിരിയുടെ മറ്റൊരാവശ്യം. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ തീ പാറുന്ന ഈ ഒറ്റയാൾ പോരാട്ടം, സാമ്രാജ്യത്വ ഭരണകൂടത്തിന്റെയും കോൺഗ്രസ്സ് നയിക്കുന്ന ഇടക്കാല ഗവണ്മെന്റിന്റെയും സഭയിൽ ഉണ്ടായിരുന്ന നാടുവാഴികളുടെയും വലതുപക്ഷ രാഷ്ട്രീയനേതാക്കളുടെയുമൊക്കെ ക്ഷമ പരീക്ഷിക്കുകയായിരുന്നു.

അധികം വൈകാതെ പോലീസ് സോമനാഥ്‌ ലാഹിരിയുടെ കൽക്കട്ടയിലെ വസതി റെയ്ഡ് ചെയ്ത് ചില രേഖകൾ പിടിച്ചെടുത്തു. പട്ടാളത്തെ ഉപയോഗിച്ചുകൊണ്ട്‌, ബഹുജന പ്രക്ഷോഭങ്ങളെയും വിപ്ലവപ്രവർത്തനങ്ങളെയും അടിച്ചമർത്താനായി ബ്രിട്ടീഷ് സർക്കാർ ആസൂത്രണം ചെയ്ത ചില പദ്ധതികളെ സംബന്ധിച്ച രഹസ്യരേഖകൾ, 'Patriot's Note book' എന്ന പേരിൽ ആ നാളുകളിൽ പാർട്ടി മുഖപത്രമായ പീപ്പിൾസ് ഏജിൽ പ്രസിദ്ധീകരിച്ചിരുന്നു. 'Operation Asylum' എന്ന ലഘുലേഖ യുടെ രൂപത്തിലും പാർട്ടി ആ രേഖകൾ വ്യാപകമായി വിതരണം ചെയ്തു.ഇടക്കാല ഗവണ്മെന്റിലെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ പട്ടേലിന്റെ ഉത്തരവ് അനുസരിച്ച് 1947 ജനുവരി14-ന് ഇന്ത്യയെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്യുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായിട്ടാണ് ലാഹിരിയുടെ വീടും റെയ്ഡ് ചെയ്തത്. ഇതോടനുബന്ധിച്ച് മുപ്പത്തിയാറ് കമ്മ്യൂണിസ്റ്റ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ലാഹിരി അറസ്റ്റിൽ നിന്ന് രക്ഷപ്പെട്ടു.1948-ൽ കൽക്കട്ട തീസിസ് നടപ്പാക്കിയ ബി. ടി. രണദിവേയുടെ പോളിറ്റ്‌ ബ്യൂറോയിലെ അംഗമായിരുന്നു സോമനാഥ്‌ ലാഹിരി. അതോടെ ലാഹിരിയുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും അണ്ടർഗ്രൗണ്ടി ലായി. പിന്നീട് അസംബ്ലിയിലേക്ക് ഒരിക്കലും തിരിച്ചു പോയില്ല. കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ പ്രവർത്തനങ്ങൾ നിരോധിക്കപ്പെടുകയും സഖാക്കൾ വ്യാപകമായി അറസ്റ്റ് ചെയ്ത് തടവറ യ്ക്കുള്ളിൽ അടയ്ക്കപ്പെടുകയും ചെയ്ത നാളുകളായിരുന്നു പിന്നീട്.

പാർട്ടി മുഖപത്രമായ സ്വാധീനതയുടെ തുടക്കം മുതൽക്കുള്ള പത്രാധിപർ എന്ന നിലയിൽ സോമനാഥ്‌ ലാഹിരിയ്ക്ക് ബംഗാളിന്റെ സാംസ്‌ക്കാരിക രംഗത്ത് ആദരണീയമായ സ്ഥാനമുണ്ടായിരുന്നു. മഹാത്മാഗാന്ധി രക്തസാക്ഷിത്വം വരിച്ചതിന്റെ പിറ്റേന്ന് "ശോക്‌ നോയ്‌,ക്രോധ്"(ശോകമല്ല വേണ്ടത്, ക്രോധം) എന്ന പേരിൽ ലാഹിരിയെഴുതിയ മുഖപ്രസംഗം വികാരോജ്ജ്വലമായിരുന്നു.'കലിയുഗേർ ഗൽപ്പോ' (കലിയുഗത്തിലെ കഥകൾ) പോലെയുള്ള ഒരുപാട് രചനകളിലൂടെ വായനക്കാരെ വശീകരിച്ച ഒരു മികച്ച കഥാകാരനും കൂടിയായിരുന്നു അദ്ദേഹം. സാഹിത്യ ത്തോടും സിനിമയോടും സംഗീതത്തോടുമൊക്കെ അങ്ങേയറ്റത്തെ അഭിനിവേശം പുലർത്തിയിരുന്ന ലാഹിരി സുഭാഷ് മുഖോപാദ്ധ്യായ ഉൾപ്പെടെ ഒട്ടേറെ എഴുത്തുകാർക്ക് പ്രചോദനം പകർന്നു.

സ്വാതന്ത്ര്യ സമരത്തിന്റെ അവസാനഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന നാളുകൾ. അന്നത്തെ ജോലിക്ക് ശേഷം പത്രമാഫീസിൽ മടങ്ങിയെത്തിയ റിപ്പോർട്ടർമാരോട്, "ഇന്ന് നിങ്ങൾ കണ്ട ഏറ്റവും പ്രധാന സംഭവമെന്താണെ"ന്ന് ലാഹിരി തിരക്കി. ഓരോരുത്തരും അവരുടെ അനുഭവങ്ങൾ വിവരിച്ച കൂട്ടത്തിൽ, നിഖിൽ ചക്രവർത്തി എന്ന യുവപത്രലേഖകൻ അന്ന് സമരമുഖത്ത് താൻ കണ്ട ഒരു കാഴ്ചയെ കുറിച്ച് പറഞ്ഞു.

പോലീസ് വെടിവെപ്പ് നടക്കുമ്പോൾ സ്വന്തം ജീവനെ പോലും തൃണവൽഗണിച്ചുകൊണ്ട് പ്രക്ഷോഭകാരികൾ മുന്നോട്ടേക്ക് പാഞ്ഞടുക്കുന്നതായിരുന്നു അത്.

അതുകേട്ട് ലാഹിരി ആവേശത്തോടെ പറഞ്ഞു.

"അതെ, ഇതു തന്നെയാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവം. ജനങ്ങൾ ഭയമെന്ന വികാരത്തെ മറികടന്നിരിക്കുന്നു. ബഹുജനമുന്നേറ്റത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണിത്. ഇത്തരം സംഭവങ്ങളാണ് നമ്മൾ റിപ്പോർട്ട് ചെയ്യേണ്ടത്."

ബംഗാളിലെ ട്രേഡ്‌യൂണിയൻ പ്രസ്ഥാനത്തിന് വേണ്ടി ജീവിതം സമർപ്പിച്ച ലാഹിരി വളരെക്കാലം കൽക്കട്ട ട്രാം വർക്കേഴ്‌സ് യൂണിയന്റെ നേതൃസ്ഥാനം വഹിച്ചിരുന്നു.1957 മുതൽ 77 വരെ ബംഗാൾ നിയമസഭയിൽ അംഗമായി. 1967 ൽ അജോയ്‌ മുഖർജി നയിച്ച ഐക്യ മുന്നണി സർക്കാരിൽ സാംസ്‌ക്കാരിക-ഇൻഫർമേഷൻ വകുപ്പുകളുടെ മന്ത്രിയായിരുന്ന ലാഹിരി,1969-70 കാലഘട്ടത്തിലെ രണ്ടാമത്തെ യു എഫ് മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണം, പൊതുമരാമത്ത് വകുപ്പുകളുടെ ചുമതല വഹിച്ചു. മുന്നണിയിലെ പ്രമുഖ ഘടകകക്ഷികളായ ബംഗ്ളാ കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള തുറന്ന പോരാട്ടവും നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ആവിർഭാവവും രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പരകളുമെല്ലാമായി ബംഗാളിന്റെ ചരിത്രത്തിലെ ഏറ്റവും കലുഷിതമായ ആ കാലഘട്ടത്തിലെ സോമനാഥ്‌ ലാഹിരിയെയും രേണു ചക്രവർത്തിയെയും പോലെയുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിമാരുടെ സംഭാവനകൾ വേണ്ടവിധത്തിൽ ഇനിയും വിലയിരുത്തപ്പെട്ടിട്ടില്ല.

1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളരുന്നതിന് ഏറെക്കാലംമുമ്പ്‌ തന്നെ ദേശീയജനാധിപത്യമുന്നണി എന്ന ആശയത്തിന് വേണ്ടി സോമനാഥ് ലാഹിരി ശക്തമായ നിലപാട് കൈക്കൊണ്ടിരുന്നു. ബംഗാൾ പാർട്ടിയുടെ മുഖപത്രമായ 'കാലാന്തറി'ന്റെ 1963-ലെ റിപ്പബ്ലിക് ദിനപ്പതിപ്പിൽ എഴുതിയ മുഖപ്രസംഗത്തിൽ ഇന്ത്യയെ ആക്രമിക്കുകയും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഭിന്നിപ്പുണ്ടാക്കുകയും ചെയ്ത ചൈനയെയും അവിടുത്തെ പാർട്ടിയെയും അതിരൂക്ഷമായ ഭാഷയിലാണ് ലാഹിരി വിമർശിച്ചത്.

ദീർഘകാലം എംഎൽ എ യും രണ്ടു തവണ മന്ത്രിയും സി പി ഐ യുടെ ഉന്നത നേതൃസമിതികളിലൊക്കെ അംഗവുമായിരുന്ന സോമനാഥ്‌ലാഹിരി യ്ക്ക് മരിക്കുന്നതുവരെ ഒരു രൂപയുടെ ബാങ്ക് ബാലൻസോ ഒരു തുണ്ട് ഭൂമിയോ ഒരു വീടോ സ്വന്തമായി ഉണ്ടായിരുന്നില്ല. പാർട്ടി പ്രവർത്തകരായ ഏകമകൾ സോനാലിയും മരുമകൻ പ്രോബീറും മാത്രം അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം.തികച്ചും നിസ്വനായ ഒരു കമ്മ്യൂണിസ്റ്റുകാരനായി തന്നെ 1984-ൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.

ഭരണകൂടത്തിന് അനിഷ്ടം ജനിപ്പിക്കുന്ന വാക്കുകൾക്ക് വിലങ്ങും ജയിലും സമ്മാനിക്കുന്ന മോദിയുടെയും യോഗിയുടെയും ഇന്ത്യയിൽ, സോമനാഥ്‌ലാഹിരിയുടെ അന്നത്തെ ആ വാക്കുകൾ വീണ്ടും വീണ്ടും ഓർമ്മിക്കപ്പെടുകയാണ്.

"രാജ്യദ്രോഹപരമായ ഒരു പ്രസംഗം ശിക്ഷാർഹമായ കുറ്റകൃത്യമാണെന്നാണ് (ആഭ്യന്തര മന്ത്രി) സർദാർപട്ടേൽ പറയുന്നത്. നാളെയൊരിക്കൽ, അന്ന് പട്ടേൽ ഭരണത്തിലുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും എന്നെയോ സോഷ്യലിസ്റ്റ്പാർട്ടിയുടെ നേതാക്കളെയോ ഇക്കാര്യം ആരോപിച്ച് ജയിലിലടയ്ക്കാം. എന്നാൽ രാജഗോപാലാചാരി അതുകൊണ്ടും തൃപ്തനല്ല. ഒരു പ്രസംഗം നടത്തുന്നതിന്റെ പേരിലാണ് സർദാർപട്ടേൽ നമ്മെ ശിക്ഷിക്കുന്നതെങ്കിൽ, അതിന് തയ്യാറെടുക്കുന്നതിനു മുമ്പ് തന്നെ പിടിച്ച് അകത്തിടാനാണ് രാജാജി ഉദ്ദേശിക്കുന്നത്. ഒരാൾ രാജ്യദ്രോഹപരമായ പ്രവൃത്തി ചെയ്യാൻ പോകുകയാണെന്ന് മുൻകൂട്ടി കണ്ട് അങ്ങനെയൊരു പ്രസംഗം നടത്തുന്നത് തന്നെ തടയാനാണു പോലും വിവേകശാലിയായ അദ്ദേഹത്തിന്റെ ആഗ്രഹം."

എഴുപത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം, നമുക്ക് ഈ പ്രസംഗത്തിൽ നിന്ന് എടുത്തുമാറ്റാനും പകരം വെക്കാനുമുള്ളത് രണ്ടേ രണ്ടു പേരുകൾ മാത്രം.

Related Stories

No stories found.
The Cue
www.thecue.in