
എന്താണ് ശശി തരൂരിന്റെ ലക്ഷ്യങ്ങൾ? എങ്ങനെയാണ് ആ ലക്ഷ്യത്തിലേക്കെത്താൻ അദ്ദേഹം ശ്രമിക്കുന്നത്? എന്താണ് അദ്ദേഹത്തിന്റെ റോഡ് മാപ്പ്? എന്തൊക്കെയാണ് അദ്ദേഹത്തിന്റെ സാധ്യതകൾ? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങൾ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ അസ്വസ്ഥമാക്കുന്നുണ്ട്. ഇതിനെല്ലാമുപരിയായി ശശി തരൂരിന് പ്രാമുഖ്യം ലഭിക്കുന്ന ഒരു അവസ്ഥയിൽ സ്വന്തം റോൾ എന്തായിരിക്കും എന്നതാണ് അവരെ അലട്ടുന്ന ചോദ്യം.
നിസാം സെയ്ദ് എഴുതുന്നു
ശശി തരൂരുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും കോൺഗ്രസിനുള്ളിലേക്കും അതിന്റെ അലയൊലികൾ പൊതുമണ്ഡലത്തിലേക്കും സജീവമാകുകയാണ്. എൻ.എസ്.എസിന്റെ വേദിയിൽ മന്നം ജയന്തി ഉദ്ഘാടനത്തിന് ശശി തരൂർ ക്ഷണിക്കപ്പെട്ടതും ആ ചടങ്ങിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ തരൂരിനെ പ്രശംസിച്ച് നടത്തിയ പ്രസംഗവുമാണ് തരൂരിനെ വീണ്ടും വാർത്താ മദ്ധ്യത്തിലേക്ക് എത്തിച്ചത്. അതിനു ശേഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുകുമാരൻ നായർ തരൂരിനെ പുകഴ്ത്തുന്നതിനോടൊപ്പം ചില കോൺഗ്രസ് നേതാക്കൾക്കെതിരെ നടത്തിയ പരാമർശങ്ങൾ വലിയ ചലനങ്ങളാണ് കോൺഗ്രസിനുള്ളിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ചടുലമായ നീക്കങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കാനുള്ള ശ്രമങ്ങൾ തരൂർ സമർത്ഥമായി നടത്തുന്നു.
ഒരു ചാനൽ പരിപാടിയിൽ മുഖ്യമന്ത്രിയാകാനുള്ള താല്പര്യം പരസ്യമാക്കുന്നു. അതിനുശേഷം ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ സന്ദർശിക്കുന്നു. അവിടെയെല്ലാം അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണങ്ങൾ ലഭിക്കുന്നു. അതിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് താൻ ഇനി കേരളത്തിൽ കൂടുതൽ സജീവമായി പ്രവർത്തിക്കും എന്ന് പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ നീക്കങ്ങൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ പ്രതിസന്ധികളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
എന്താണ് ശശി തരൂരിന്റെ ലക്ഷ്യങ്ങൾ? എങ്ങനെയാണ് ആ ലക്ഷ്യത്തിലേക്കെത്താൻ അദ്ദേഹം ശ്രമിക്കുന്നത്? എന്താണ് അദ്ദേഹത്തിന്റെ റോഡ് മാപ്പ്? എന്തൊക്കെയാണ് അദ്ദേഹത്തിന്റെ സാധ്യതകൾ? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങൾ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ അസ്വസ്ഥമാക്കുന്നുണ്ട്. ഇതിനെല്ലാമുപരിയായി ശശി തരൂരിന് പ്രാമുഖ്യം ലഭിക്കുന്ന ഒരു അവസ്ഥയിൽ സ്വന്തം റോൾ എന്തായിരിക്കും എന്നതാണ് അവരെ അലട്ടുന്ന ചോദ്യം.
കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ ആഗ്രഹിക്കുന്നുവെന്ന പ്രസ്താവനയിലൂടെ തനിക്ക് ദേശീയ മോഹങ്ങളില്ലെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിക്കുക എന്നത് ശശി തരൂരിന്റെ പ്രാഥമിക ലക്ഷ്യങ്ങളിൽ ഒന്നാണ്. കേരളത്തിൽ നിന്ന് തന്നെയുള്ള ചില സ്തുതിപാഠകർ ശശി തരൂർ നെഹ്റു കുടുംബത്തെ വെല്ലുവിളിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രചരിപ്പിച്ച് അദ്ദേഹത്തെ രാഹുൽ ഗാന്ധിയുടെ ശത്രുവാക്കാൻ നടത്തുന്ന ശ്രമങ്ങളെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം കൂടിയുണ്ട് തരൂരിന്റെ നീക്കത്തിന്. തന്നെ കോൺഗ്രസിൽ നിന്ന് പുകച്ച് പുറത്ത് ചാടിക്കുക എന്നൊരു ലക്ഷ്യം ഹൈക്കമാൻഡിനോട് അടുപ്പമുള്ള ചില ആളുകൾക്കുണ്ടെന്ന് അദ്ദേഹത്തിനറിയാം. അവരുടെ ശ്രമങ്ങൾ പരാജയപ്പെടുത്തി കോൺഗ്രസിൽ തന്നെ തുടരുക എന്ന അദ്ദേഹത്തിന്റെ ഉദ്ദേശ്യമാണ് വ്യക്തമാവുന്നത്. ഇന്നത്തെ അവസ്ഥയിൽ തനിക്ക് പ്രവർത്തിക്കാൻ കഴിയുന്ന ഏക പാർട്ടി കോൺഗ്രസാണെന്ന ഉറച്ച ബോധ്യം അദ്ദേഹത്തിനുണ്ട്.
കേരളത്തിലെ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വിവിധ സാമുദായിക വിഭാഗങ്ങളെ പാർട്ടിയുമായി ചേർത്തുനിർത്താൻ കഴിയുന്ന, സോഷ്യൽ എഞ്ചിനീറിങ്ങിൽ പ്രാവീണ്യമുള്ള നേതാക്കളുടെ അഭാവമാണ്. സോഷ്യൽ എഞ്ചിനീയറിങ് എന്ന ഒരു പ്രയോഗം രാഷ്ട്രീയ നിഘണ്ടുവിൽ ഉണ്ടാകുന്നതിന് മുമ്പ് തന്നെ അത് വളരെ വിദഗ്ദമായി നടപ്പിലാക്കിയ നേതാവായിരുന്നു കെ. കരുണാകരൻ. എല്ലാ സാമുദായിക നേതാക്കളുമായും അദ്ദേഹം നല്ല ബന്ധം കാത്തുസൂക്ഷിച്ചു. പക്ഷെ ആർക്കെങ്കിലും കീഴടങ്ങാനോ ആരുടെയെങ്കിലും വരുതിയിൽ നിൽക്കാനോ അദ്ദേഹം തയ്യാറായില്ല. ഓരോ ജില്ലയിലും ഘടകത്തിലും എല്ലാ സാമുദായിക വിഭാഗത്തിൽ നിന്നുള്ളവർക്കും പാർട്ടിയിൽ സ്ഥാനം ഉറപ്പാക്കി. പരമ്പരാഗതമായി കോൺഗ്രസിന് സ്വാധീനം കുറഞ്ഞ ദളിത്, ഈഴവ വിഭാഗങ്ങളിൽ നിന്നും നേതാക്കളെ കണ്ടെത്തി ,അവർക്ക് പ്രത്യേക പരിഗണന നൽകി. ദളിത് വിഭാഗത്തിൽ പെട്ടവർ കോൺഗ്രസിന് ഏറ്റവും കൂടുതൽ വോട്ട് ചെയ്തിരുന്നത് കരുണാകരൻ യു.ഡി.എഫിനും കോൺഗ്രസിനും നേതൃത്വം നൽകിയ കാലത്താണ്.
കരുണാകരന് ശേഷം കേരള രാഷ്ട്രീയത്തിൽ സോഷ്യൽ എഞ്ചിനീയറിങ് ഏറ്റവും ഫലപ്രദമായി നടത്തിയിട്ടുള്ളത് പിണറായി വിജയനാണ്. പരമ്പരാഗതമായ എല്ലാ കമ്മ്യൂണിസ്‌റ്റ് രീതികളും മാറ്റിവെച്ച് അദ്ദേഹം സാമുദായിക നേതാക്കളുമായി നേരിട്ട് ധാരണകൾ ഉണ്ടാക്കി. അതിന്റെ രാഷ്ട്രീയ വിജയമാണ് രണ്ട് തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിക്കാൻ കഴിഞ്ഞത്. പിണറായി വിജയൻ നടത്തിയിരിക്കുന്ന സോഷ്യൽ എഞ്ചിനീയറിങ്ങിനെ ഭേദിച്ചുകൊണ്ട് മാത്രമേ കേരളത്തിലെ കോൺഗ്രസിന് വിജയ സമവാക്യങ്ങൾ കണ്ടെത്താൻ കഴിയൂ. അതിനു കഴിയുന്ന ആരും നിലവിലെ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലില്ല എന്നിടത്താണ് ശശി തരൂരിന്റെ പ്രസക്തിയും സാധ്യതകളും.
അദ്ദേഹം തന്റെ കേരള പര്യടനം ആരംഭിച്ചത് തന്നെ പാണക്കാടെത്തി മുസ്ലിം ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ടാണ്. അവിടെ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇനിയൊരു വട്ടം സംസ്ഥാന അധികാരത്തിന് പുറത്ത് നിൽക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത മുസ്ലിം ലീഗ്, യു.ഡി.എഫിന്റെ തിരിച്ചുവരവിന് ശശി തരൂരിന്റെ സാന്നിധ്യം അനിവാര്യമാണെന്ന സന്ദേശം കോൺഗ്രസിന് നൽകിക്കഴിഞ്ഞു. യു.ഡി.എഫ് രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന്റെ അഭിപ്രായത്തിനുള്ള വില എല്ലാവർക്കും ബോധ്യമാണല്ലോ. ചങ്ങനാശ്ശേരി അതിരൂപതയുടെയും പാലാ രൂപതയുടെയും പരിപാടികളിൽ പങ്കെടുത്തും ഓർത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ ദേവലോകം അരമനയിലുമെത്തി ക്രിസ്ത്യൻ വിഭാഗങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു. മാരാമൺ കൺവെൻഷനിൽ പ്രസംഗിക്കാൻ ക്ഷണം ലഭിക്കുക വഴി മറ്റു രാഷ്ട്രീയ നേതാക്കൾക്കൊന്നും ലഭിക്കാത്ത അംഗീകാരമാണ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. എൻ.എസ്.എസ് വേദിയിലെ സാന്നിധ്യം കൂടിയായപ്പോൾ വ്യത്യസ്ത സാമുദായിക വിഭാഗങ്ങൾക്കിടയിൽ അംഗീകാരമുള്ള മതേതരവാദിയായ നേതാവ് എന്ന പ്രതിച്ഛായയാണ് ശശി തരൂരിന് കൈവന്നിരിക്കുന്നത്.
ശശി തരൂരിന്റെ ഏറ്റവും വലിയ ശക്തി കേരളത്തിലെ പൊതുസമൂഹത്തിന്റെ മികച്ച പിന്തുണയാണ്. പരമ്പരാഗത രാഷ്ട്രീയ രീതികളിൽ മനം മടുത്തിരിക്കുന്ന മധ്യവർഗം ശശി തരൂരിൽ പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിന്റെ സാധ്യതകൾ കാണുന്നു. കേരളത്തിൽ നിന്ന് എങ്ങനെയും വിദേശത്തേക്ക് കടക്കണമെന്ന് ആഗ്രഹിക്കുന്ന യുവാക്കളും വിദ്യാർത്ഥികളും അവസാനത്തെ പ്രതീക്ഷയായി അദ്ദേഹത്തെ വിലയിരുത്തുന്നു. പുതിയൊരു രാഷ്ട്രീയ ആഖ്യാനം സൃഷ്ടിക്കാൻ കഴിയുന്ന സാർവദേശീയ വീക്ഷണവും അറിവും ദർശനവുമുള്ള വ്യക്തി എന്ന പ്രതിച്ഛായയാണ് മധ്യവർഗത്തെ ശശി തരൂരിലേക്ക് ആകർഷിക്കുന്നത്. ഭാവിയിൽ ആം ആദ്മി പാർട്ടിയിലേക്കോ ട്വന്റി ട്വന്റി പോലെയുള്ള സംഘടനകളിലേക്കോ ആകർഷിക്കപ്പെടാവുന്ന ജനവിഭാഗമാണിത്. അവരെ ഒന്നായി കോൺഗ്രസിന് പിന്നിൽ അണിനിരത്താൻ ശശി തരൂരിന്റെ നേതൃത്വത്തിന് കഴിയും.
ശശി തരൂർ യു.ഡി.എഫ് നേതൃത്വത്തിലേക്ക് വരുവാനുള്ള സാധ്യതകൾ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപുള്ള കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം അനുസരിച്ചായിരിക്കും. 2026 ൽ കേരളത്തിൽ ശക്തവും പ്രകടവുമായ ഭരണവിരുദ്ധ വികാരം നിലവിലുണ്ടെങ്കിൽ അദ്ദേഹത്തിന്റെ സാധ്യതകൾ ദുർബലമായിരിക്കും. യു.ഡി.എഫിന് അനായാസ വിജയത്തിന്റെ എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ അദ്ദേഹം പരിഗണിക്കപ്പെടില്ല. തുല്യശക്തികളുടെ ബലാബലത്തിൽ വിജയം ഉറപ്പു വരുത്താൻ അദ്ദേഹം അനിവാര്യമാണ് എന്നുവന്നെങ്കിൽ മാത്രമേ ശശി തരൂരിന്റെ നേതൃത്വം കോൺഗ്രസ് നേതൃത്വം അംഗീകരിക്കുകയുള്ളൂ. 2006ൽ വി.എസ് അച്യുതാനന്ദനെ മത്സരിപ്പിക്കാൻ സി.പി.എം നിർബന്ധിതമായത് പോലെതന്നെയുള്ള ഒരു സാഹചര്യമാണ് ശശി തരൂർ മുന്നിൽ കാണുന്നത്.
അത്തരമൊരു സാഹചര്യം പ്രയോജനപ്പെടുത്തണമെങ്കിൽ ശശി തരൂരിന് കേരളത്തിലെ ആന്തരിക സമവാക്യങ്ങളിൽ മാറ്റം വരുത്താൻ കഴിയണം. തന്നോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്ന നേതാക്കളുമായി മികച്ച ബന്ധം സ്ഥാപിക്കുകയാണ് പ്രധാനമായും വേണ്ടത്. വി.ഡി സതീശനെ പോലെയുള്ളവരുമായി വളരെ തണുത്ത ബന്ധമാണ് അദ്ദേഹത്തിനുള്ളത്. എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച താൻ കെ.പി.സി.സി ആസ്ഥാനം സന്ദർശിക്കാനെത്തിയപ്പോൾ അത് പൂട്ടിയിടാൻ നിർദേശിച്ചത് സതീശനാണെന്ന് തരൂർ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ അവർ നേരിട്ട് കാണുമ്പോൾ ബന്ധങ്ങളിലെ ഊഷ്മളതയില്ലായ്മ പ്രകടമാകുന്നുണ്ട്. അത്തരം വ്യക്തിപരമായ ഈഗോകൾ മാറ്റിവെക്കാൻ തരൂരിന് കഴിയുമോ എന്നത് പ്രധാനമാണ്.
അതുപോലെ തന്നെ ശശി തരൂരിന് പ്രതികൂലമാകുന്ന ഒരു ഘടകം തിരുവനന്തപുരത്തിന് പുറത്തുള്ള കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും അദ്ദേഹം അപ്രാപ്യനാണെന്ന ധാരണയാണ്. കോൺഗ്രസിൽ വിജയിച്ചിട്ടുള്ള നേതാക്കളെല്ലാം പ്രവർത്തകർക്കും സാധാരണക്കാർക്കും എളുപ്പം ബന്ധപ്പെടാൻ കഴിയുന്നവരാണ്. ആ തലത്തിലേക്ക് ഉയരുന്നതിനെ അനുസരിച്ചായിരിക്കും ശശി തരൂരിന്റെ വിജയം. ഇങ്ങനെ ഒട്ടേറെ പരീക്ഷകളും പരീക്ഷണങ്ങളുമാണ് ശശി തരൂരിനെ കേരളത്തിൽ കാത്തിരിക്കുന്നത്.