മാതൃഭാഷാപ്രേമം ദളിതന്റെയും ദരിദ്രന്റെയും മാത്രം സാംസ്‌ക്കാരികബാധ്യതയല്ല; ഇംഗ്ലീഷ് വരേണ്യന്റെ കുത്തകയാക്കുന്ന പരിഷത്തിന്റെ പ്രമേയം

മാതൃഭാഷാപ്രേമം ദളിതന്റെയും ദരിദ്രന്റെയും മാത്രം സാംസ്‌ക്കാരികബാധ്യതയല്ല; ഇംഗ്ലീഷ് വരേണ്യന്റെ കുത്തകയാക്കുന്ന പരിഷത്തിന്റെ പ്രമേയം

'സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ള ന്യൂനപക്ഷമായിരുന്നു നേരത്തെ ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസത്തെ തിരഞ്ഞെടുത്തിരുന്നതെങ്കില്‍ ഇന്നത് മലയാളഭാഷയുടെ നിലനില്‍പ്പിനുപോലും പ്രതികൂലമായ രീതിയില്‍ വളര്‍ന്നുകഴിഞ്ഞിരിക്കുന്നു''.

വരേണ്യര്‍ക്കു മാത്രം പ്രാപ്യമായിരുന്ന ഇംഗ്ലീഷ് വിദ്യാഭ്യാസം എന്തെല്ലാം കുറവുകളോടെയാണെങ്കിലും സാധാരണക്കാര്‍ക്കും ലഭിച്ചു തുടങ്ങിയതിനെ സംബന്ധിച്ച് പരസ്യമായി പങ്കുവെച്ച ഈ ആധി, പരിഷത്തിന്റെ ഉദ്ദേശ്യശുദ്ധിയ്ക്കു നേരെ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

''മാതൃഭാഷയെ വിദ്യാഭ്യാസരംഗം കയ്യൊഴിയുന്നു എന്നതില്‍ നമുക്ക് ലജ്ജിക്കാതിരിക്കാനാവില്ല'' എന്നൊക്കെയാണ് കോഴിക്കോട് ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ തെറ്റുകളുടെ പേരില്‍ കുരിശേറിയ യേശുദേവന്റെ പോസില്‍ നിന്നാവണം പ്രമേയ രചയിതാവ് ഈ വരികള്‍ക്ക് പേന ചലിപ്പിച്ചത്. സത്യത്തില്‍, ഇത്തരം അസംബന്ധങ്ങള്‍ എഴുതി പ്രചരിപ്പിക്കുന്ന പരിഷത്തിനെ ഓര്‍ത്താണ് പൊതുസമൂഹം ലജ്ജിക്കേണ്ടത്.

2020 മാര്‍ച്ചില്‍ 55.90 ശതമാനം വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് മാധ്യമത്തിലൂടെ പത്താം ക്ലാസ് പരീക്ഷയെഴുതിയതാണ് കോഴിക്കോട്ടെ പരിഷത്തുകാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. പണ്ട്, അണ്‍ എയിഡഡ് സ്‌കൂളില്‍ മലയാളി കുട്ടികളെ ചേര്‍ക്കുന്നേ എന്നായിരുന്നല്ലോ നിലവിളി. ഇപ്പോള്‍ പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് മിഡീയത്തില്‍ കുട്ടികള്‍ കൂടുന്നേ എന്നായി. ഇവര്‍ക്ക് സത്യത്തില്‍ എന്താണ് പ്രശ്‌നം?

ഇന്ന് പൊതുവിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് മാധ്യമത്തില്‍ അധ്യയനം സാധ്യമാണ്. ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത് പിഎസ്‌സി വഴി നിയമിതരാകുന്നവരും.

അണ്‍ എയിഡഡ് സ്‌കൂളിലെ കനത്ത ഫീസും പട്ടാളച്ചിട്ടകളും താങ്ങാനും അംഗീകരിക്കാനും കഴിയാത്തവര്‍ക്ക് സൗജന്യമായി സര്‍ക്കാര്‍ തന്നെ ഇംഗ്ലീഷ് മീഡിയത്തില്‍ വിദ്യാഭ്യാസത്തിനുള്ള അവസരം ഇന്നുണ്ട്. അബദ്ധത്തില്‍ മലയാളം പറഞ്ഞാല്‍ അവിടെ പിഴയില്ല എന്നു മാത്രമല്ല, മലയാളം കൂടി കലര്‍ത്തിയാണ് ഇംഗ്ലീഷ് മീഡിയം പഠനം.

കുട്ടിയ്ക്ക് അതൊരുതരം സമ്മര്‍ദ്ദവും ഉണ്ടാക്കുന്നില്ല. താല്‍പര്യമില്ലാത്തവര്‍ക്ക് മലയാളം മീഡിയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. ഒരു പൊതുവിദ്യാലയത്തില്‍ ഇംഗ്ലീഷ് മീഡിയത്തിന് അമിതപ്രാധാന്യവും മലയാളം മീഡിയം കുട്ടികള്‍ക്ക് അവഗണനയുമുണ്ടെങ്കില്‍ അതു വേറെ വിഷയമാണ്. അതു പരിഹരിക്കാന്‍ ധാരാളം വഴികള്‍ വേറെയുണ്ട്.

പക്ഷേ, പരിഷത്തിന്റെ പ്രശ്‌നം അതല്ല. എസ്എസ്എല്‍സി പരീക്ഷയെഴുതിയവരില്‍ പകുതിയ്ക്കു മീതെ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ ആയിപ്പോയതാണ്. ഓട്ടോ തൊഴിലാളിയുടെയും ടാപ്പിംഗ് തൊഴിലാളിയുടെയും ചേരികളിലും കോളനികളിലും കഴിയുന്നവരുടെയും മക്കള്‍ ആ സൗകര്യം പ്രയോജനപ്പെടുത്തുന്നതുകൊണ്ടാണല്ലോ ഇതു സംഭവിക്കുന്നത്. അതില്‍ പരിഷത്തുകാര്‍ പ്രകോപിതരാകുന്നുവെങ്കില്‍ രോഗം വേറെയാണ്.

ബോധന മാധ്യമം വിദേശഭാഷയിലായാല്‍ കുട്ടി കാണാപ്പാഠമേ പഠിക്കൂ, കാര്യം മനസിലാക്കില്ല എന്നാണ് ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തിനെതിരെ ഉയരുന്ന ക്രിയാത്മകമെന്ന് തോന്നിപ്പിക്കുന്ന വിമര്‍ശനം. എന്നാല്‍ ആ വിമര്‍ശനം സാധുവാക്കുന്ന പഠനങ്ങളോ സര്‍വേകളോ ലഭ്യവുമല്ല. 4,22,092 കുട്ടികളാണ് 2020ല്‍ എസ്എസ്എല്‍സി എഴുതിയത്. അതിന്റെ 55.90 ശതമാനം, അതായത് 2,35,949 പേരാണ് ഇംഗ്ലീഷ് മീഡിയം കുട്ടികള്‍.

ബോധനമാധ്യമം ഇംഗ്ലീഷ് ആയതുകൊണ്ട് വിഷയം ഗ്രഹിക്കാന്‍ ഈ കുട്ടികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു എന്നു തെളിയിക്കുന്ന ഏതെങ്കിലുമൊരു പഠന റിപ്പോര്‍ട്ട് പരിഷത്തുകാരുടെ കൈവശമുണ്ടെങ്കില്‍, അതു പൊതുജനങ്ങള്‍ക്കു കൂടി പ്രാപ്യമാക്കണം. പഠിച്ചേ പറയൂ എന്നാണല്ലോ പരിഷത്തിനെക്കുറിച്ച് പരക്കെയുള്ള അന്ധവിശ്വാസം.

നമ്മുടെ പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ യഥാര്‍ത്ഥ ഇംഗ്ലീഷ് മീഡിയം ആണോ? അല്ലേയല്ല. മലയാളത്തിലും ഇംഗ്ലീഷിലുമാണ് വിഷയം കൈകാര്യം ചെയ്യുന്നത്. ഡോ.കെ.പി. അരവിന്ദനെപ്പോലുള്ളവര്‍ ഇതിനെ ''മണിപ്രവാള പഠനം'' എന്നാണ് പരിഹസിക്കുന്നത്. പക്ഷേ, ഈ മണിപ്രവാള പഠനം യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ക്ക് അനുഗ്രഹമായല്ലേ ഭവിക്കുന്നത്? അണ്‍ എയിഡഡ് സ്‌കൂളിലെ കുട്ടികള്‍ അനുഭവിക്കുന്ന പട്ടാളച്ചിട്ടയുടെ ഒരു സമ്മര്‍ദ്ദവും പൊതുവിദ്യാലയത്തിലെ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ അനുവഭിക്കുന്നേയില്ല.

അതേസമയം, അവര്‍ മാതൃഭാഷയില്‍ കാര്യം ഗ്രഹിക്കുകയും ഇംഗ്ലീഷില്‍ പ്രകടിപ്പിക്കാന്‍ ശീലിക്കുകയും ചെയ്യും. ഇംഗ്ലീഷും മലയാളവും അവര്‍ ഉല്ലസിച്ചും ആഹ്ലാദിച്ചും ഒരുപോലെ കൈകാര്യം ചെയ്യും.

ഉന്നതവിദ്യാഭ്യാസത്തില്‍ ബോധന മാധ്യമം ഇംഗ്ലീഷാണ്. അവിടെ ഇക്കൂട്ടര്‍ക്ക് പഠനവും ആശയപ്രകടനവും കൂടുതല്‍ അനായാസമാവാനാണ് സാധ്യത. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍, അതിന് തെളിവു ഹാജരാക്കണം.

ബോധനമാധ്യമത്തെ അടിസ്ഥാനമാക്കി, നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഇപ്പോള്‍ മൂന്നു വിഭാഗക്കാരുണ്ട്. ഒന്ന്, മലയാളം മീഡിയത്തില്‍ പഠിക്കുന്നവര്‍. രണ്ട്, പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്നവര്‍, മൂന്ന്, അണ്‍ എയിഡഡ് ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്നവര്‍. ഡോക്ടര്‍ കെ പി അരവിന്ദനെപ്പോലുള്ളവര്‍ വാദിക്കുന്നതുപോലെ ''സയന്‍സും കണക്കും സാമൂഹ്യപാഠവുമൊക്കെ പഠിക്കുമ്പോള്‍ പ്രധാനം ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍'' പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ? അവരെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ മാതൃഭാഷയില്‍ പഠിക്കുന്നവര്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ? ഇവരെ താരതമ്യപ്പെടുത്തി ഇത്തരമൊരു പഠനം നടത്താതെ എങ്ങനെയാണ് ഇക്കാര്യങ്ങളില്‍ അന്തിമമായ അഭിപ്രായം സാധ്യമാവുക. സമ്മേളനത്തിന് വടയും ചായയും കഴിച്ച് പ്രമേയമെഴുതുന്ന ലാഘവത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ പറ്റുന്ന വിഷയമല്ല ഇത്.

എളുപ്പത്തില്‍ പരിശോധിക്കാവുന്ന ഒരു കാര്യമുണ്ട്. 2020ല്‍ പ്ലസ് ടു പരീക്ഷാ ഫലം വന്നപ്പോള്‍ 18510 പേര്‍ക്കാണ് ഫുള്‍ എ പ്ലസ് കിട്ടിയത്. 234 പേര്‍ക്ക് ഫുള്‍ മാര്‍ക്കും കിട്ടി. ഇതേ ബാച്ച് 2018ലാണല്ലോ എസ്എസ്എല്‍സി എഴുതിയത്? അന്ന് 34,313 പേര്‍ക്കാണ് ഫുള്‍ എ പ്ലസ് ഉണ്ടായിരുന്നത്. പ്ലസ് ടുവിന് ഫുള്‍ എ പ്ലസ് വാങ്ങിയവര്‍ക്കും മികച്ച മാര്‍ക്കു കിട്ടിയവര്‍ക്കുമായിരിക്കുമല്ലോ ഡിഗ്രിയ്ക്ക് അഡ്മിഷന്‍ കിട്ടുക.

2020ല്‍ ഫുള്‍ എ പ്ലസ് കിട്ടിയ പ്ലസ് ടുക്കാരില്‍ എസ്എസ്എല്‍സിയ്ക്ക് മലയാളം മീഡിയത്തില്‍ പഠിച്ചവരെത്ര, പൊതുവിദ്യാലയത്തിലെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചവരെത്ര, അണ്‍ എയിഡഡ്/സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചവരെത്ര എന്നു എളുപ്പത്തില്‍ പരിശോധിക്കാവുന്നതേയുള്ളൂ.

ഉപരിപഠനത്തിന് യോഗ്യത നേടുന്നവരില്‍ മലയാളം മീഡിയത്തില്‍ പഠിച്ചവരത്ര, പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചവരെത്ര, അണ്‍എയിഡഡ് സിബിഎസ്ഇയില്‍ പഠിച്ചവരെത്ര എന്ന കണക്ക് പുറത്തു വിടട്ടെ. മാതൃഭാഷയില്‍ പഠിച്ചാലേ കാര്യം മനസിലാവൂ എന്ന് സിദ്ധാന്തിക്കുന്നവര്‍ക്ക്, ആ മനസിലാക്കല്‍ കൊണ്ട്, ഉപരിപഠനം സാധ്യമാകുമോ എന്നു മറുപടി പറയാനും ബാധ്യതയുണ്ട്. ചുമ്മാ പറഞ്ഞാല്‍ പോര. കണക്കുകള്‍ വെച്ച് തെളിയിക്കുകയും വേണം.

അത്തരം പഠനങ്ങളുടെയോ കണക്കുകളുടെയോ പിന്‍ബലമില്ലാതെയാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി, ഇവിടെ പരാമര്‍ശിച്ച പ്രമേയവുമായി രംഗത്തു വന്നിരിക്കുന്നത്. അതിന്റെ ലക്ഷ്യമെന്ത് എന്ന് പൊതുസമൂഹം പൊതുവിലും രക്ഷിതാക്കള്‍ വിശേഷിച്ചും അന്വേഷിക്കുക തന്നെ വേണം. രക്ഷിതാക്കളുടെ പേരിലാണല്ലോ പരിഷത്തുകാര്‍ ലജ്ജയൊക്കെ അഭിനയിക്കുന്നത്.

പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ പേരിലാണ് ഈ മുതലക്കണ്ണീര്‍. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഒരു മലയാള പരിപോഷണ പരിപാടിയേ അല്ല. മലയാള ഭാഷയെ രക്ഷിക്കാനും പുഷ്ടിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള ഒരു ചുമതലയും അത് രക്ഷിതാക്കളിലോ കുട്ടികളിലോ അടിച്ചേല്‍പ്പിക്കുന്നില്ല. എന്നു മാത്രമല്ല, ലോകത്തെവിടെയും സമപ്രായക്കാരായ കുട്ടികള്‍ ആര്‍ജിക്കുന്ന അറിവും കഴിവും സ്വന്തം സാധ്യതയുടെ പരമാവധിയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രഥമലക്ഷ്യം എന്ന് സര്‍ക്കാര്‍ അച്ചടിച്ച് പരസ്യപ്പെടുത്തിയിട്ടുമുണ്ട്.

ഈ ലക്ഷ്യം നേടാന്‍ മലയാളവും കെട്ടിപ്പിടിച്ചിരുന്നാല്‍ മതിയോ എന്നു പരിഷത്തുകാരോട് ചോദിക്കേണ്ടത് രക്ഷിതാക്കളും കുട്ടികളുമാണ്. മത്സരാധിഷ്ഠിത ലോകത്തില്‍ അതിജീവനത്തിന് ആവശ്യമായ ആത്മവിശ്വാസവും അറിവും പ്രാപ്തിയും കുട്ടി ആര്‍ജിക്കണമെന്നാണ് യജ്ഞത്തിന്റെ മാര്‍ഗരേഖ നിര്‍ദ്ദേശിക്കുന്നത്. (മാര്‍ഗരേഖ, പേജ് 26).

ഈ ലക്ഷ്യം നേടുന്നതിന് ഏതു മാധ്യമം തിരഞ്ഞെടുക്കണമെന്നത് കുട്ടിയുടെയും രക്ഷിതാവിന്റെയും ചോയിസാണ്. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമുള്‍പ്പടെ വിദ്യാര്‍ഥികളുടെ ആശയവിനിമയശേഷിയും ജീവിത നൈപുണികളും വികസിപ്പിക്കുക എന്നതും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യമായി നിര്‍വചിക്കപ്പെട്ടിരിക്കുന്നു.

ഈ ലക്ഷ്യങ്ങള്‍ മുന്നോട്ടുവെച്ചാണ് പൊതുവിദ്യാലയത്തിലേയ്ക്ക് കുട്ടികളെ ആകര്‍ഷിക്കുന്നത്. അണ്‍ എയിഡഡ് സ്‌കൂളുകളില്‍ നിന്നും കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേയ്ക്ക് ആകര്‍ഷിക്കപ്പെടണമെങ്കില്‍ അവിടെ ഇംഗ്ലീഷ് മീഡിയം കൂടിയേ തീരൂ. ക്വാളിഫൈഡായ അധ്യാപകരും മെച്ചപ്പെട്ടതും ആകര്‍ഷകവുമായ പഠനാന്തരീക്ഷവും മികച്ച അധ്യാപക രക്ഷാകര്‍ത്തൃ ബന്ധവും കൂടി പൊതുവിദ്യാലയങ്ങള്‍ രക്ഷിതാക്കള്‍ക്ക് ഉറപ്പു നല്‍കുന്നുണ്ട്.

ഇതെല്ലാം കൂട്ടിയോജിപ്പിച്ച് മത്സരാധിഷ്ഠിതമായ ലോകത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് അതിജീവനത്തിനുള്ള യോഗ്യതയും നൈപുണ്യവും ഉണ്ടാക്കിക്കൊടുക്കുകയാണ് പൊതുവിദ്യാലയങ്ങളുടെ കര്‍ത്തവ്യം.

പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് മീഡിയം വിഭാഗത്തില്‍ കുട്ടികളുടെ എണ്ണം കൂടുന്നത് രക്ഷിതാക്കളിലും സമൂഹത്തിലും പൊതുവിദ്യാലയങ്ങളെക്കുറിച്ച് ഉണ്ടായ വിശ്വാസ്യതയുടെ പ്രതിഫലനമാണ്. അത് ആവേശകരവും തുടര്‍ച്ച ഉറപ്പു വരുത്തേണ്ടതുമാണ്. നിര്‍ഭാഗ്യവശാല്‍, അതെന്തോ മോശപ്പെട്ട കാര്യമാണ് എന്ന പുതിയ സിദ്ധാന്തവുമായാണ് പരിഷത്ത് അവതരിക്കുന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി പൊതുവിദ്യാലയങ്ങള്‍ കൈവരിച്ച ഏറ്റവും പ്രധാനപ്പെട്ട നേട്ടമാണ് വിദ്യാലയങ്ങളുടെ വിശ്വാസ്യത. അതിനെ അപ്പാടെ റദ്ദാക്കിക്കൊണ്ടുള്ള കോഴിക്കോട് പരിഷത്തിന്റെ ഈ രംഗപ്രവേശത്തിന്റെ യഥാര്‍ത്ഥ അജണ്ടയെന്ത് എന്ന് ഇനിയും വ്യക്തമാകേണ്ടിയിരിക്കുന്നു.

ഇങ്ങനെയൊരു അറുപിന്തിരിപ്പന്‍ അസംബന്ധ നിലപാട് പുറത്തു വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഒരുകാര്യം ഖണ്ഡിതമായി തീരുമാനിക്കണം. പരിഷത്തിലെ പരീക്ഷണഭ്രാന്തന്മാരായ വെട്ടുകിളികള്‍ക്ക് കൊത്തിപ്പറിക്കാന്‍ നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയെ ഇനി വിട്ടുകൊടുക്കരുത്. ഇവര്‍ക്ക് പന്താടാനുള്ളതല്ല നമ്മുടെ കുട്ടികളുടെ ഭാവിയും രക്ഷിതാക്കളുടെ സ്വപ്നങ്ങളും. വിദ്യാഭ്യാസ മേഖലയില്‍ പരിഷത്തുകാരുടെ പരീക്ഷണങ്ങള്‍ക്ക് ഫുള്‍സ്റ്റോപ്പിടുക തന്നെ വേണം. ഇനിയവര്‍ ബാലവേദിയുടെ സിലബസ് പരിഷ്‌കരിക്കട്ടെ.

വരേണ്യര്‍ കൈയടക്കി വെച്ചിരിക്കുന്ന ഇംഗ്ലീഷ് വിദ്യാഭ്യാസ രംഗത്തേയ്ക്ക് സാധാരണക്കാര്‍ കടന്നുവരുന്നതിലെ ഈര്‍ഷ്യയാണ് പ്രമേയമെഴുതിയ പരിഷത്തുകാര്‍ പ്രകടിപ്പിക്കുന്നത്. വാചകഘടനയും പ്രയോഗങ്ങളും ആ വിമര്‍ശനം സാധൂകരിക്കുന്നുണ്ട്. ''സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ള ന്യൂനപക്ഷമായിരുന്നു നേരത്തെ ഇംഗ്ലീഷ് മാധ്യമ വിദ്യാഭാസത്തെ തിരഞ്ഞെടുത്തിരുന്നതെങ്കില്‍ ഇന്നത് മലയാളഭാഷയുടെ നിലനില്‍പ്പിനുപോലും പ്രതികൂലമായ രീതിയില്‍ വളര്‍ന്നുകഴിഞ്ഞിരിക്കുന്നു'' എന്ന വാക്യത്തിലൂടെ, വരേണ്യരായി ഒരു ന്യൂനപക്ഷം മാത്രമേ നിലനില്‍ക്കാവൂ എന്ന് തെളിച്ചു തന്നെ പറഞ്ഞിരിക്കുന്നു.

വരേണ്യരുടെ ഈ സാമ്രാജ്യത്തിലേയ്ക്കാണ് പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കോളനിവാസിയും ഓട്ടോ, റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയുടെ മകനും ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി ഇടിച്ചു കയറുന്നത്. ചുളുവിലാണവര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നത്. ക്വാളിഫൈഡ് അധ്യാപകരുടെ സേവനം തികച്ചും സൗജന്യമായി പാവങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഇത്തരത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം സുഗമമായി താഴേത്തട്ടിലേയ്ക്ക് ഇറങ്ങുന്നതാണ് പരിഷത്തിന് തീരെ അംഗീകരിക്കാന്‍ കഴിയാത്തത്.

അതുകൊണ്ടെന്തു വേണം? അതിരു കടന്നവരെ തിരിച്ചു പറമ്പിലെത്തിച്ച് കുറ്റിയടിച്ചു മലയാളത്തില്‍ത്തന്നെ തളയ്ക്കാന്‍ ജനകീയാസൂത്രണം പോലെ ഒരു വലിയ പ്രസ്ഥാനം വേണം പോലും.

ഇംഗ്ലീഷ് ഭാഷ പഠിക്കണമെന്ന താല്‍പര്യവും ഇംഗ്ലീഷ് മീഡിയം വിഭ്യാഭ്യാസത്തോടുള്ള അഭിവാഞ്ചയും സമൂഹത്തിന്റെ പൊതു ഉല്‍ക്കര്‍ഷേഛയുടെ പ്രതിഫലനമാണ്. വരേണ്യര്‍ കൈയടക്കി വെച്ചിരിക്കുന്ന അധികാരവും സമ്പത്തും അവസരങ്ങളും നീതിയുക്തമായി വീതിക്കപ്പെടണമെങ്കില്‍, പാവപ്പെട്ടവരും ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയേ മതിയാകൂ.

ഏറ്റവും മുന്തിയ കോഴ്‌സുകളും പ്രീമിയം തൊഴിലവസരങ്ങളും മഹാഭൂരിപക്ഷം പാവപ്പെട്ടവര്‍ക്കും ഇന്നും അപ്രാപ്യമായി തുടരുന്നതിന്റെ പ്രധാനകാരണം, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പരിമിതിയും പോരായ്മയുമാണെന്ന് പൊതുവെ അംഗീകരിക്കപ്പെടുന്നുണ്ട്.

ദളിതരുടെ മോചനം ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന കാഴ്ചപ്പാട് അംബേദ്കര്‍ മുതല്‍ കാഞ്ച ഐലയ്യ വരെയുള്ളവര്‍ എത്രയോ കാലമായി ശക്തമായി മുന്നോട്ടു വെയ്ക്കുന്നുണ്ട്.

Dalits and OBCs losing out because of limited access to English education എന്ന തലക്കെട്ടിൽ ഹിന്ദുസ്ഥാൻ ടൈംസിൽ എഴുതിയ ഒരു ലേഖനത്തിൽ കാഞ്ച ഐലയ്യ മുന്നോട്ടു വെയ്ക്കുന്ന ഒരു നിരീക്ഷണമുണ്ട്. Brahmins, who hated other languages, learnt Persian and Urdu when the Muslims were ruling India. They were the ones who gave up Persian and learnt English during colonial rule. After 1947, they were the ones who kept English education in the private sector and regional languages in public sector.

അധികാരം വെട്ടിപ്പിടിക്കാനും സമ്പത്തും അവസരങ്ങളും കൈപ്പിടിയിലൊതുക്കാനും ഒരു മാതൃഭാഷാപ്രേമവും ഉപരിവര്‍ഗത്തിന് തടസമായില്ല. കാറ്റിന് അനുസരിച്ച് അവര്‍ തൂറ്റി. പാവപ്പെട്ടവരുടെ കാര്യം വരുമ്പോള്‍ ഈ യുക്തി തലകീഴാകും. അവനും അവളും മാതൃഭാഷയിലേ പഠിക്കാവൂ. അങ്ങനെ പഠിച്ചാലേ അവര്‍ക്ക് മനസിലാകൂ. വരേണ്യര്‍ക്ക് എന്തും മനസിലാകും. മാതൃഭാഷയിലേ പഠിക്കാവൂ എന്ന ശാഠ്യവും കുലത്തൊഴിലേ ചെയ്യാവൂ എന്ന വാദവും തമ്മില്‍ വലിയ അന്തരമൊന്നുമില്ല എന്ന് പരിഷത്തുകാര്‍ക്ക് ഏതു കാലത്താണാവോ മനസിലാകുന്നത്?

ദളിത് കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കുന്നതിനെതിരെ സ്വദേശാഭിമാനി ഉന്നയിച്ച വാദം ഓര്‍ക്കുക. ''എത്രയോ തലമുറയായി ബുദ്ധിയെ കൃഷി ചെയ്തു വന്നിട്ടുള്ള ജാതിക്കാരേയും, അതിനേക്കാള്‍ എത്രയോ ഏറെ തലമുറയായി നിലം കൃഷിചെയ്തുവന്നിരിക്കുന്ന ജാതിക്കാരേയും, അതിനേക്കാള്‍ എത്രയോ ഏറെ തലമുറയായി നിലം കൃഷിചെയ്തുവന്നിരിക്കുന്ന ജാതിക്കാരേയും തമ്മില്‍ ബുദ്ധിക്കൃഷിക്കാര്യത്തിനു ഒന്നായി ചേര്‍ക്കുന്നതു കുതിരയേയും പോത്തിനേയും ഒരേ നുകത്തില്‍ കെട്ടുകയാകുന്നു''.

പാവപ്പെട്ടവര്‍ക്ക് മാതൃഭാഷയേ മനസിലാകൂ എന്നും വരേണ്യര്‍ക്ക് ഏതു ഭാഷയും സുഗമമായി ഗ്രഹിക്കാന്‍ കഴിയുമെന്നുമുള്ള വാദം, സ്വദേശാഭിമാനിയുടെ പോത്ത് കുതിര താരതമ്യത്തിന്റെ പുതിയ 'പരിപ്രേക്ഷ്യ'മാണ് (പരിപ്രേക്ഷ്യം എവിടെയെങ്കിലും ഫിറ്റു ചെയ്യാതെ ഈ കുറിപ്പെങ്ങനെ പൂര്‍ത്തിയാക്കും എന്നൊരു ആശങ്കയുണ്ടായിരുന്നു. അതു മാറി).

മാതൃഭാഷാപ്രേമം ദളിതന്റെയും ദരിദ്രന്റെയും മാത്രം സാംസ്‌ക്കാരികബാധ്യതയാണ്. അവര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു കൊതിച്ചാല്‍ പരിഹാസമായി, മുറവിളിയായി. പശ്ചാത്തലത്തില്‍ ''കോഴിച്ചാത്തന് മാനം മുട്ടാന്‍ മോഹം'' എന്ന പാട്ടും കേള്‍പ്പിക്കും. ഇംഗ്ലീഷ് വിദ്യാഭ്യാസം മോഹിക്കുന്നത് എന്തോ വലിയ സാംസ്‌ക്കാരിക കുറ്റകൃത്യമായി ചിത്രീകരിക്കുന്ന പ്രമേയങ്ങളും ലഘുലേഖകളും പുസ്തകങ്ങളും പ്രഭാഷണങ്ങളും പൊട്ടിവിടരുന്നതിന്റെ പശ്ചാത്തലം ഇതാണ്. വരേണ്യതയുടെ അതിരുകള്‍ സംരക്ഷിച്ചു നിര്‍ത്താനുള്ള വൃഥാവ്യായാമം. ഇപ്പോഴെങ്കിലും ശാസ്ത്രസാഹിത്യ പരിഷത്ത് ഇതു തുറന്നു പറഞ്ഞതു നന്നായി.

ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ദളിത് സമൂഹങ്ങള്‍ക്ക് പകര്‍ന്നു നല്‍കാന്‍, ഉത്തര്‍ പ്രദേശിലെ ബന്‍ക ഗ്രാമത്തില്‍ ഒരു ഇംഗ്ലീഷ് ദേവതയെത്തന്നെ പ്രതിഷ്ഠിച്ചിട്ടുണ്ട് എന്ന വിവരവും കോഴിക്കോട്ടെ പരിഷത്തുകാര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. 2005 ദളിത് എഴുത്തുകാരനായ ചന്ദ്രബാന്‍ പ്രസാദാണ് ഈ ആശയം മുന്നോട്ടു വെച്ചത്.

2010 ഏപ്രിലില്‍ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ മാതൃകയില്‍ അംഗ്രേസി ദേവി യാഥാര്‍ത്ഥ്യമായി. ഒരു കൈയില്‍ പേനയും മറുകൈയില്‍ ഇന്ത്യന്‍ ഭരണഘടനയുമേന്തി, ഒരു കമ്പ്യൂട്ടറിനു മുകളില്‍ പ്രതിഷ്ഠിക്കപ്പെട്ട നിലയിലാണ് ദേവീവിഗ്രഹം.

ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ ഈ വിധത്തില്‍ വിമോചനത്തിനുള്ള ആയുധമായി ആഘോഷിക്കപ്പെടുന്ന രാജ്യത്താണ് പൊതുവിദ്യാഭ്യാസം മാതൃഭാഷയില്‍ തളച്ചിടാന്‍ ജനകീയപ്രസ്ഥാനത്തിന് രൂപം നല്‍കണമെന്ന ഉച്ചക്കിറുക്കുകള്‍ പ്രത്യക്ഷപ്പെടുന്നത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൃത്യമായി നിര്‍വചിക്കുന്നതുപോലെ അതിജീവനമാണ് ലക്ഷ്യം. വരേണ്യര്‍ കൈയടക്കിവെച്ചിരിക്കുന്ന മെച്ചപ്പെട്ട തൊഴിലുകളും ജീവിതസഹചര്യങ്ങളും ഏറ്റവും ഉയര്‍ന്ന അധികാരസ്ഥാപനങ്ങളിലും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പ്രാതിനിധ്യം ഉറപ്പു വരുത്തണം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യങ്ങളില്‍ ഊന്നി എങ്ങനെ ആ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാം എന്നാണ് ഈ ഘട്ടത്തില്‍ ആലോചിക്കേണ്ടത്. ക്ലാസുകളുടെ നിലവാരം മെച്ചപ്പെടുത്തണം, സാമൂഹ്യ ഇടപെടല്‍ കൂടുതല്‍ ഫലപ്രദമാക്കണം, അടിസ്ഥാന സൗകര്യത്തില്‍ ഇനിയും കൈവരിക്കേണ്ടവ സാധ്യമാക്കണം, ഇപ്പോള്‍ നല്‍കിയിട്ടുള്ള ഉപകരണങ്ങളും സംവിധാനങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കണം.

ഇങ്ങനെ എത്രയോ ഗൗരവപ്പെട്ട ചുമതലകള്‍ നമുക്ക് ഏറ്റെടുക്കാനുണ്ട്. ആ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കാനും പുതിയ അജണ്ട സെറ്റു ചെയ്യാനുമാണ് പരിഷത്ത് ഇറങ്ങിത്തിരിക്കുന്നതെങ്കില്‍ ശക്തമായ ചെറുത്തുനില്‍പ്പ് രക്ഷിതാക്കളുടെയും കുട്ടികളുടെയും ഭാഗത്തുനിന്നുയരണം.

പരിഷത്തിന്റെ ഏകപക്ഷീയമായ വിദ്യാഭ്യാസ പരീക്ഷണങ്ങള്‍ ഇനി വിദ്യാഭ്യാസമേഖലയില്‍ അനുവദിച്ചു കൊടുക്കുകയില്ല എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട് ജില്ലാ സമ്മേളന പ്രമേയത്തിലൂടെ ഉള്ളിലിരിപ്പ് പുറത്തു വന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

ആസാം യുണിവേഴ്‌സിറ്റിയിലെ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ധനരാജു വുള്ളി പ്രബന്ധത്തിലെ നിഗമനം ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.

The Dalit academicians and activists stresses the need of English language for a multilingual country like India from the beginning of schooling. However, they also question about the danger of introducing English without ensuring the basic infrastructure facilities like trained teachers for implementation of English as the medium of instruction. The Dalit political discourse has strongly deconstructed the politics of mother tongue by taking Ambedkar's philosophy in the Indian education in various platforms.

കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മേല്‍പ്പറഞ്ഞ വിമര്‍ശനത്തെ പോസിറ്റീവായി അഭിമുഖീകരിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും അടിസ്ഥാനസൗകര്യങ്ങളുടെ ഉറപ്പുവരുത്തലുമാണ് അതിന്റെ ലക്ഷ്യം. എല്ലാ പൊതുവിദ്യാലയങ്ങളിലും സര്‍ക്കാര്‍ ചെലവില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭ്യമാകുന്നത് ഈ നാടിന്റെ മറ്റൊരു മാതൃക തന്നെയാണ്. ആ നേട്ടത്തിന്റെ തായ്‌വേര മുറിക്കാനുള്ള കോടാലിയുമായാണ് പരിഷത്ത് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ആ നീക്കം മുളയിലേ നുള്ളണം.

ആത്മഗതം - ''പട്ടിണിയായ മനുഷ്യാ നീ, പുസ്തകം കൈയിലെടുത്തോളൂ'' എന്നെഴുതിയ കവി, പുസ്തകം മാതൃഭാഷയിലേതു തന്നെ ആയിരിക്കണമെന്ന നിബന്ധന വെച്ചിരുന്നോ ആവോ?

Related Stories

No stories found.
logo
The Cue
www.thecue.in