സംഘപരിവാർ ഉദ്ദേശിക്കുന്ന സിവിൽ കോഡ്

സംഘപരിവാർ ഉദ്ദേശിക്കുന്ന 
സിവിൽ  കോഡ്
Summary

ബി.ജെ.പിയെ സംബന്ധിച്ച് ഏകീകൃത സിവിൽ കോഡ് ഒരു ആയുധം മാത്രമാണ്. സാമുദായികമായ ഏറ്റക്കുറച്ചിലുകൾ ഏറെ പ്രകടമാകുന്ന ബി.ജെ.പിയിൽ സിവിൽ കോഡ് നടപ്പാക്കാനുള്ള ആത്മാർത്ഥതയും തിടുക്കവും ഒരർത്ഥത്തിൽ വലിയ തമാശയാണ്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിൽ പ്രതിപക്ഷ പാർട്ടികൾ ഒത്തുകൂടിയ ദിവസങ്ങളിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിലെ ഒരു പൊതുസമ്മേളനത്തിൽ ഏകീകൃത സിവിൽ കോഡ് വീണ്ടും ചർച്ചയാക്കാനുള്ള നീക്കം നടത്തി എന്നത് ഇതിനുപിന്നിലെ രാഷ്ട്രീയം വ്യക്തമാക്കുന്നുണ്ട്. ഡോ.അബേഷ് രഘുവരൻ എഴുതുന്നു.

ഏകീകൃത സിവിൽ കോഡ് എന്ന ബി.ജെ.പിയുടെ നാലുവർഷം മുമ്പത്തെ തെരഞ്ഞെടുപ്പു വാഗ്ദാനം, നാലുവർഷത്തിനിപ്പുറം മറ്റൊരു തന്ത്രപ്രധാനമായ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ ഒരുങ്ങുമ്പോൾ പൊടിതട്ടിയെടുത്തിയിരിക്കുകയാണല്ലോ. ഭരണഘടന നിലവിൽവന്ന് 73 വർഷം പിന്നിട്ടിട്ടും, നടപ്പിലാക്കാനുള്ള പ്രയോഗികബുദ്ധിമുട്ടുകൾ മൂലം ഒരു സർക്കാരും നടപ്പാക്കാൻ ശ്രമിക്കാത്ത സിവിൽ കോഡ് ബി.ജെ.പി ഇപ്പോൾ പുറത്തെടുക്കുന്നത് സാമൂഹികസമത്വം എന്ന ഉദാത്തമായ ലക്ഷ്യം മാത്രം മനസ്സിൽ വച്ചിട്ടാണോ? ഏകീകൃത സിവിൽ കോഡ് ഇന്ത്യൻ സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതം രാഷ്ട്രീയ നേട്ടമാക്കാൻ കഴിയും എന്ന നീണ്ട നാലുവർഷത്തെ പഠനത്തിനും ഗവേഷണത്തിനും ശേഷമാണോ ബി.ജെ.പി ഇത് പൊടിതട്ടി എടുത്തിരിക്കുന്നത്? ‘ഔട്ട് ഓഫ് ദ സിലബസിൽ’ തന്നെ നൂറ്‌ ചോദ്യങ്ങൾ ബാക്കിവച്ചാണ് ഏകീകൃത സിവിൽ കോഡ് അടുത്തവർഷം നടക്കാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഹോട്ട് ടോപ്പിക് ആകാൻ പോകുന്നത്.

തെരഞ്ഞെടുപ്പുകൾ എങ്ങനെ അഭിമുഖീകരിക്കണമെന്നും, എങ്ങനെ വിജയം കൊയ്യാമെന്നും മറ്റുപാർട്ടികൾ ബി.ജെ.പിയെ കണ്ടുപഠിക്കണം. അജണ്ടകൾ കൃത്യമായി പറയുകയും, അത് സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്യുന്ന കയ്യടക്കം തീർത്തും അഭിനന്ദനാർഹമാണ്. എന്നാൽ 2024 തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ബി.ജെ.പിയുടെ തുറുപ്പുചീട്ട് ആയ ഏകീകൃത സിവിൽ കോഡ് അവർക്കുതന്നെ വിനയാകാനാണ് സാധ്യത. ഇന്ത്യയെപ്പോലെ ഇത്രയേറെ വൈവിധ്യപൂർണ്ണമായ ഒരു രാജ്യത്ത്, സ്വന്തം ജാതിമതവിശ്വാസങ്ങളുമായി ജീവിക്കാൻ ഭരണഘടന അനുവാദം നൽകുന്ന രാജ്യത്ത് ഒരുപോലെയുള്ള വ്യക്തിനിയമങ്ങൾ നടപ്പിലാക്കുവാൻ എങ്ങിനെയാണ് കഴിയുന്നത്? അത് എതർത്ഥത്തിലും ഭരണഘടനയുടെതന്നെ ലംഘനമായി മാറില്ലേ എന്ന ചോദ്യം പ്രസക്തമാണ്.

ചരിത്രം

നിർദ്ദേശക തത്വങ്ങളിലെ 44 ആം അനുഛേദത്തിലാണ് ഏകീകൃത സിവിൽ കോഡിനെപ്പറ്റി പറഞ്ഞിരിക്കുന്നത്. രാജ്യത്താകമാനം എല്ലാ പൗരന്മാർക്കും ഏക സിവിൽ കോഡ് കൊണ്ടുവരാൻ ഭരണകൂടം ശ്രമിക്കണമെന്നാണ് ഇതിൽ പറയുന്നത്. അപ്പോഴും രാജ്യത്തിൻറെ സാമൂഹിക അന്തരീക്ഷം പരിഗണിച്ച് ഏതെങ്കിലും കോടതി ഇവ നടപ്പിലാക്കാൻ നിർബന്ധിക്കരുതെന്നും, ഭരണകൂടം തന്നെ അത് അടിച്ചേൽപ്പിക്കരുതെന്നും നിഷ്‌കർഷിക്കുന്നു.

ഭരണഘടനാ ശില്പികളായ ഡോ.അംബേദ്‌കറും, സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവും ഏക സിവിൽ കോഡിന് അനുകൂലമായിരുന്നുവെങ്കിലും ഒരിക്കലും അടിച്ചേൽപ്പിക്കാൻ പാടില്ലെന്ന് പറഞ്ഞിരുന്നു. വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ ഒഴികെ ഇന്ത്യയിൽ പലയിടത്തും 1937 ൽ മുസ്‌ലിം ശരിഅത്ത് നിയമം വരുന്നതുവരെ പിന്തുടർച്ചാവകാശത്തിൽ മുസ്ലിങ്ങൾ ഹിന്ദുനിയമമാണ് പാലിച്ചിരുന്നതെന്നും അംബേദ്‌കർ ചൂണ്ടിക്കാണിച്ചിരുന്നു. ഭരണഘടനാനിർമ്മാണസഭയിൽ ഇതിനെക്കുറിച്ച് സുദീർഘമായ ചർച്ചകൾ നടന്നെങ്കിലും എങ്ങനെ നടപ്പിലാക്കണമെന്നതിനെ കുറിച്ച് ഒരു സമവായമുണ്ടാക്കാൻ അന്നും കഴിഞ്ഞിരുന്നില്ല.

“ഹിന്ദുസമൂഹം എന്തുതന്നെ മാറ്റങ്ങൾ സ്വീകരിച്ചാലും ശൂദ്രന്റെയും സ്ത്രീകളുടെയും അടിമത്തത്തിനുവേണ്ടി അതിന്റെ സാമൂഹിക ഘടനകളെ, അതായത് ചാതുർവർണ്യം എന്ന സങ്കല്പത്തെ ഉപേക്ഷിക്കില്ല. ഈയൊരു കാരണം കൊണ്ടുതന്നെ ഈ സന്ദർഭത്തിൽ നിയമം അവരുടെ രക്ഷയ്‌ക്കെത്തിയാൽ മാത്രമേ സമൂഹത്തിന് മുന്നോട്ടു പോകാനാവൂ” എന്ന് ഏകീകൃത സിവിൽ കോഡിനെപ്പറ്റി ചർച്ചനടക്കുമ്പോൾ ഡോ.അംബേദ്‌കർ പറഞ്ഞതിന് വലിയ അർഥതലങ്ങൾ ഉണ്ട്. ഈ നിയമം മൂലം ബി.ജെ.പിയുടെയും ആർ.എസ്.എസ്സിന്റെയും ജാതിയോടുള്ള സമീപനത്തിൽ ഇതുവരെയില്ലാത്ത മാറ്റം ഉണ്ടാകുമെന്ന് കരുതുകവയ്യ. അപ്പോഴും അവർ ഈ നിയമം നടപ്പാക്കാൻ മുന്നോട്ടു വരുന്നതിന്റെ വിരോധാഭാസമാണ് കൂടുതൽ ആഴത്തിൽ ചർച്ച ചെയ്യേണ്ടത്.

സിവിൽ കോഡിന്റെ രാഷ്ട്രീയം

ബി.ജെ.പിയെ സംബന്ധിച്ച് ഏകീകൃത സിവിൽ കോഡ് ഒരു ആയുധം മാത്രമാണ്. സാമുദായികമായ ഏറ്റക്കുറച്ചിലുകൾ ഏറെ പ്രകടമാകുന്ന ബി.ജെ.പിയിൽ സിവിൽ കോഡ് നടപ്പാക്കാനുള്ള ആത്മാർത്ഥതയും തിടുക്കവും ഒരർത്ഥത്തിൽ വലിയ തമാശയാണ്. സർക്കാരിനെ പിന്നിൽ നിന്ന് നയിക്കുന്ന ആർ.എസ്.എസ് എന്ന സംഘടനയുടെ ജെൻഡർ വിഷയങ്ങളിലെ നിലപാടുകൾ, ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിലെതുൾപ്പെടെ പരിശോധിക്കുമ്പോൾ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം എന്ന ആത്മാർഥമായ താല്പര്യമൊന്നും അവർക്ക് ഉണ്ടാകാൻ വഴിയില്ല. പിന്നെ എന്താകാം ഇതിനുപിന്നിലെ ചേതോവികാരം?.

അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിൽ പ്രതിപക്ഷ പാർട്ടികൾ ഒത്തുകൂടിയ ദിവസങ്ങളിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിലെ ഒരു പൊതുസമ്മേളനത്തിൽ ഏകീകൃത സിവിൽ കോഡ് വീണ്ടും ചർച്ചയാക്കാനുള്ള നീക്കം നടത്തി എന്നത് ഇതിനുപിന്നിലെ രാഷ്ട്രീയം വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ വിവിധ ഭാഗങ്ങളിൽ നിന്നും ഉയർന്നുവരുന്ന എതിർപ്പുകൾ പോലും ബി.ജെ.പിയെ സഹായിക്കാൻ ഉപകരിക്കും എന്നുപറഞ്ഞാൽ നെറ്റി ചുളിക്കേണ്ടതില്ല. കാരണം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക എന്നതിനപ്പുറം, അതിന്റെ പേരിൽ പ്രതിപക്ഷപാർട്ടികളിൽ വിള്ളൽ വീഴ്ത്തുവാനും, അതുവഴി എതിർവശത്തെ വോട്ടുകൾ ഭിന്നിപ്പിക്കാനുമാണ് ബി.ജെ.പി ശ്രമം.

നരേന്ദ്രമോദി
നരേന്ദ്രമോദി

വരുതിയിലാവാത്ത തെക്കേ ഇന്ത്യ

കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ബി.ജെ.പിയെ സംബന്ധിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചടി പ്രതീക്ഷിക്കുന്ന സ്ഥലങ്ങൾ ആണ്. വരുന്ന ആറുമാസം കൊണ്ട് ആ ട്രെൻഡിനെ മറികടക്കാൻ മാജിക്കൊന്നും അവരുടെ പക്കലില്ല. എന്നാൽ വർഗ്ഗീയ കാർഡ് എന്നൊരു സാധ്യത ചെറുതായെങ്കിലും നിലനിൽക്കുന്നുണ്ട്. വടക്കേ ഇന്ത്യയിൽ ഹിന്ദു വോട്ടുകൾ ഏകോപിപ്പിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ തെക്കേ ഇന്ത്യയിൽ വെറും രാമരാജ്യവും, ദേശസ്നേഹവും പൊലിപ്പിച്ചാൽ മാത്രം മതിയാവില്ല എന്ന വാസ്തവം ഏറെക്കുറെ ബി.ജെ.പിക്ക് മനസിലായിട്ടുമുണ്ട്. 2024 ലെ തിരഞ്ഞെടുപ്പിൽ വടക്കേ ഇന്ത്യയിൽ നിന്നുമാത്രമുള്ള സീറ്റുകൾ കൊണ്ട് സർക്കാർ ഉണ്ടാക്കാൻ കഴിയില്ല. തെക്കേ ഇന്ത്യയിൽ പല പാർട്ടികളിലായി ചിതറിക്കിടക്കുന്ന ഹിന്ദു വോട്ടുകൾ സമാഹരിക്കുക എന്നതാണ് അവർക്ക് ചെയ്യാൻ കഴിയുന്ന കാര്യം. ഒപ്പം സമത്വത്തിലേക്ക് രാജ്യത്തെ നയിക്കുമ്പോൾ അതിൽ ഇടംകോലിടുന്നവരാണ് പ്രതിപക്ഷം എന്ന് സ്ഥാപിക്കാനും സാധിക്കും. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സിവിൽ കോഡ് വിഷയം അന്തരീക്ഷത്തിൽ ജീവനോടെ നിർത്തുക എന്നതാണ് ബി.ജെ.പിയുടെ തന്ത്രം.

സിവിൽ കോഡിന്റെ ഭാവി

നടപ്പിലാക്കാനാവില്ലെന്ന് പറഞ്ഞ് നിയമ കമ്മീഷൻ പോലും തള്ളിക്കളഞ്ഞ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുവാനുള്ള ശ്രമം കേന്ദ്രസർക്കാരിൽ നിന്നുണ്ടാവുമ്പോൾ, അതും വരുന്ന തെരഞ്ഞെടുപ്പിനുമുമ്പ് ചുരുങ്ങിയ മാസങ്ങളിൽ നടപ്പിലാക്കാൻ പ്രയാസം തന്നെയാണ്. വോട്ടുരാഷ്ട്രീയം ലക്ഷ്യമിട്ടുകൊണ്ട് മാത്രം ഇത് ഗോദയിലേക്ക് ഇറക്കിയ ബി.ജെ.പി നടത്തുന്നത് ഒരു വലിയ പരീക്ഷണമാണ്. 2024 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തുടർഭരണം കിട്ടാനുള്ള സാധ്യത അൻപതുശതമാനമാണ്. അത് അൻപത്തൊന്നിലേക്ക് എത്തിക്കാൻ കഴിയുന്നത്രയും ഹിന്ദുവോട്ടുകൾ സമാഹരിക്കുകയല്ലാതെ വേറെ വഴിയില്ല. തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും രാജ്യത്തെ ജനങ്ങളെ ആകെ ആശയക്കുഴപ്പത്തിലാക്കിക്കൊണ്ട് അനുകൂലമായ ഒരു സാഹചര്യം ഒരുക്കാനുള്ള വെറും പരീക്ഷണം മാത്രം. അല്ലാതെ ഇത് നടപ്പാക്കുവാനുള്ള ആത്മാർത്ഥമായ ശ്രമമോ, അതിനുള്ള ആർജ്ജവമോ ഇപ്പോഴുള്ള സർക്കാരിനില്ല. അതുകൊണ്ടുതന്നെ സിവിൽ കോഡിന് തെരഞ്ഞെടുപ്പിനപ്പുറം ഭാവിയുണ്ടെന്നു തോന്നുന്നില്ല. കലക്ക വെള്ളത്തിൽ ബി.ജെ.പി എത്രമാത്രം മീനുകളെ പിടിക്കും എന്ന് കണ്ടറിയണം!!

Related Stories

No stories found.
logo
The Cue
www.thecue.in