ഈ യുദ്ധത്തിൽ നമ്മൾ സൽമാൻ റുഷ്ദിക്കൊപ്പമാണ് നിലകൊള്ളേണ്ടത്

Salman Rushdie attacked in New York / NE Sudheer
Salman Rushdie attacked in New York / NE Sudheer
Summary

ഈ യുദ്ധത്തിൽ നമ്മൾ റുഷ്ദിക്കൊപ്പമാണ് നിലകൊള്ളേണ്ടത്. അത് മാനവരാശിയുടെ മുന്നോട്ടു പോക്കുമായി ബന്ധപ്പെട്ട നിലപാടാണ്. റുഷ്ദിയുടെ കണ്ണിൻ്റെ കാഴ്ച ഇല്ലാതാക്കിയാലും അദ്ദേഹം രചനകളിലൂടെ മുന്നോട്ടുവെച്ച ഉൾക്കാഴ്ചകൾ ലോകത്തിന് വെളിച്ചം പകർന്നു കൊണ്ടിരിക്കും.

എന്‍.ഇ.സുധീര്‍ എഴുതുന്നു

1988 സെപ്തംബറിലാണ് സൽമാൻ റുഷ്ദിയുടെ നാലാമത്തെ നോവലായ 'ദ സത്താനിക് വേഴ്സസ് ' ലണ്ടനിലെ വൈക്കിങ്ങ്/പെൻഗ്വിൻ എന്ന പ്രസാധകർ പുറത്തിറക്കിയത്. പൊതുവെ നല്ല സ്വീകരണമാണ് അതിന് തുടക്കത്തിൽ ലഭിച്ചത്. ബ്രിട്ടീഷ് മാധ്യമങ്ങളെല്ലാം നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ആ വർഷത്തെ മികച്ച നോവലിനുള്ള വിറ്റ്ബ്രഡ് പുരസ്കാരവും അതിനെത്തേടിയെത്തി. ഇന്ത്യയിൽ വന്ന ആദ്യറിവ്യൂ ഇലസ്ട്രേറ്റഡ് വീക്കിലിയിലായിരുന്നു. പത്രാധിപർ ഖുശ്വന്ത് സിങ്ങ് എഴുതിയ ആ നിരൂപണത്തിൽ ഇത് അപകടകാരിയായ നോവലാണെന്നും ഇന്ത്യയിൽ നിരോധിക്കുന്നതാണ് നല്ലതെന്നും അഭിപ്രായപ്പെട്ടു. അതേത്തുടർന്ന് ഇസ്ലാമികപണ്ഡിതനും അന്നത്തെ പാർലമെൻ്റംഗവുമായ സയിദ് ഷഹാവുദ്ദീൻ 'സത്താനിക് വേഴ്സസ് ' എന്ന പുസ്തകം ഇന്ത്യയിൽ നിരോധിക്കണമെന്ന ആവശ്യം ഗവൺമെൻ്റിൻ്റെ മുന്നിൽ വെച്ചു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഒട്ടും വൈകാതെ അക്കാര്യത്തിൽ തീരുമാനമെടുത്തു. 'സത്താനിക് വേഴ്സസ് ' എന്ന സൽമാൻ റുഷ്ദിയുടെ പുസ്തകം ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു കൊണ്ട് ഗവൺമെൻ്റ് ഉത്തരവിറക്കി.

സൽമാൻ റുഷ്ദി
സൽമാൻ റുഷ്ദി

പരിഷ്കാരസമ്പന്നനും പുരോഗമനാശയക്കാരനെന്നും പേരെടുത്തിരുന്ന യുവപ്രധാനമന്ത്രിക്ക് ഇക്കാര്യത്തിൽ ഒരു സ്വകാര്യ താൽപ്പര്യമുണ്ടായിരുന്നു എന്നും ആരോപിക്കാവുന്നതാണ്. റുഷ്ദിയുടെ 'മിഡ്നെറ്റ്സ് ചിൽഡ്രൻ' എന്ന പ്രശസ്ത നോവലിലെ ചില പരാമർശങ്ങളുടെ പേരിൽ രാജീവ്ഗാന്ധിയുടെ അമ്മ ഇന്ദിരാഗാന്ധി മുൻപ് റുഷ്ദിക്കെതിരേ ഒരു കേസു കൊടുത്തിരുന്നു. രാജീവിനെയും വേദനിപ്പിക്കുന്ന ഒരു പരാമർശം ആ നോവലിലുണ്ടായിരുന്നു. രാജീവിൻ്റെ പിതാവ് ഫിറോസ് ഗാന്ധിയുടെ അകാല മരണത്തിന് അവഗണനയുടെ പേരിൽ ഇന്ദിരാഗാന്ധി കാരണക്കാരിയാണെന്നാണ് റുഷ്ദി അതിലെഴുതിയത്. ഏതായാലും 'സത്താനിക് വേഴ്സസ് ' നിരോധിച്ച ആദ്യരാജ്യം എന്ന സ്ഥാനം ഇന്ത്യ കൈക്കലാക്കി. വിവാദം അന്താരാഷ്ട്ര തലത്തിൽ കൊഴുത്തു. പല ഇസ്ലാമിക രാജ്യങ്ങളിൽ നിന്നും ഭീഷണിക്കത്തുകൾ പ്രസാധകരെത്തേടിയെത്തി. പുസ്തകം വില്പനക്കു വെച്ചിരുന്ന ലണ്ടനിലെ ചില പുസ്തകക്കടകൾക്കു നേരെ അക്രമമുണ്ടായി. ചില മാധ്യമസ്ഥാപനങ്ങളും അക്രമത്തിനിരയായി. പെൻഗ്വിൻ ബുക്ക്സ് സ്ഥിതി ചെയ്തിരുന്ന ലണ്ടനിലെ ലിബർട്ടി ബിൽഡിങ്ങിൽ സ്ഫോടനമുണ്ടായി. ശ്രീലങ്ക, ബംഗ്ലാദേശ്, സുഡാൻ എന്നിവിടങ്ങളിലും പുസ്തകം നിരോധിച്ചു.

രാജീവ്ഗാന്ധി
രാജീവ്ഗാന്ധി

1989 ഫെബ്രുവരി 14-ന് ഇറാനിലെ പരമാധികാരി അയത്തുള്ള ഖൊമൈനിയുടെ വിചിത്രമായ ഫത്ത്വാ കേട്ടുകൊണ്ടാണ് ലോകം ഉണർന്നത്. 'ഇസ്ലാമിനേയും മുഹമ്മദ് നബിയെയും അവഹേളിച്ചുകൊണ്ട് പുസ്തക രചന നടത്തിയ സൽമാൻ റുഷ്ദി വധിക്കപ്പെടേണ്ടവനാണ്. അത് ഏതൊരു നല്ല മുസൽമാൻ്റെയും കടമയാണ്.' ഖൊമൈനി ഫത്വയിലൂടെ പ്രഖ്യാപിച്ചു. ലോകം ഇന്നുവരെ കേട്ടിട്ടില്ലാത്ത ഈ ഫത്ത്വാ പുറത്തുവന്നതോടെ റുഷ്ദിയുടെ ജീവൻ അപകടത്തിലായി. റുഷ്ദിയെ കൊല്ലുന്നയാൾക്ക് വലിയൊരു തുകയുടെ പാരിതോഷികവും സ്വർഗ്ഗത്തിൽ സ്ഥാനവും ഖൊമൈനി ഉറപ്പുകൊടുത്തിരുന്നു!

സംഗതി തീക്കളിയാണെന്ന് ലോകം തിരിച്ചറിഞ്ഞു. ബ്രിട്ടീഷ് ഗവൺമെൻ്റ് അദ്ദേഹത്തിൻ്റെ സുരക്ഷയ്ക്കായി പ്രത്യേക സൈനിക സുരക്ഷാഭടന്മാരെ നിയോഗിച്ചു. അങ്ങനെ ഇരുപത്തിനാലു മണിക്കൂറും റുഷ്ദി അവരുടെ സംരക്ഷണവലയത്തിൽ ജീവിച്ചു തുടങ്ങി. അവരുടെ ജാഗ്രത ഒന്നു കൊണ്ടു മാത്രമാണ് അദ്ദേഹം കൊല്ലപ്പെടാതിരുന്നത്. ഫത്ത്വാ നിലവിൽ വന്നതുമുതൽ അദ്ദേഹം ഒളിവിൽ താമസിച്ചു തുടങ്ങി. സുരക്ഷാഭടന്മാരോടൊത്തുള്ള ഒളിവുജീവിതം. തുടർന്നും പുസ്തകത്തിനെതിരേ ലോകത്ത് പലേടത്തും പ്രക്ഷോഭങ്ങൾ തുടർന്നു. ബോംബെയിൽ നടന്ന ഒരു പ്രതിഷേധറാലി അക്രമാസക്തമായി. ബോംബെയിൽ പന്ത്രണ്ടു പേരും ഇസ്ലാമാബാദിൽ ആറു പേരും കൊല്ലപ്പെട്ടു. ഇറാനും ബ്രിട്ടനും തമ്മിലുള്ള നയതന്ത്രബന്ധത്തിന് ഉലച്ചിൽ തട്ടി. നോവൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച മറ്റുഭാഷാ പ്രസാധകരും ആക്രമിക്കപ്പെട്ടു. 1991-ൽ ജപ്പാനീസ് പരിഭാഷകനായ ഹിതോഷി ഇഗാറാഷി വധിക്കപ്പെട്ടു. ഇറ്റാലിയൻ പരിഭാഷകനായ ഇട്ടോറെ കാപ്രിയോളക്ക് അക്രമത്തിൽ സാരമായ പരിക്കേറ്റു. ഓസ്ളോവിൽ നോർവീജിയൻ പ്രസാധകന് വെടിയേറ്റു. ലോകം അന്ധാളിച്ചു പോയി. സാഹിത്യസമ്മേളനങ്ങൾ നടന്ന ഹോട്ടലുകൾക്ക് തീ കൊടുക്കലുകളുണ്ടായി. പലേടത്തും ബോംബ് സ്ഫോടനങ്ങൾ നടന്നു. ലോകചരിത്രത്തിലെ ഏറ്റവും ക്രൂരമായ പുസ്തകവിവാദത്തിന് ഭീകരവാദത്തിൻ്റെ മുഖം കൈവന്നു. മധ്യകാല അസഹിഷ്ണുതയെ വെല്ലുന്ന കടുത്ത സംഭവങ്ങൾ ഒട്ടേറെ രാജ്യങ്ങളിൽ അരങ്ങേറി. എന്നിട്ടും ലോകം റുഷ്ദിയെ സംരക്ഷിച്ചു. ഇന്നലെ വരെ.

സൽമാൻ റുഷ്ദി
സൽമാൻ റുഷ്ദി

അയത്തുള്ള ഖൊമൈനിയുടെ മരണശേഷവും ഫത്ത്വാ നിലനിന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആർക്കും നിയന്ത്രണമില്ലാതായി. 1999-ൽ അധികാരമേറ്റ ഇറാനിയൻ പ്രസിഡൻ്റ് മുഹമ്മദ് ഖത്താമി റുഷ്ദിയെ വധിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് പ്രസ്താവിച്ചു. ഇതിനിടയിലൊരിക്കൽ റുഷ്ദി താൻ കാരണമുണ്ടായ പ്രശ്നങ്ങളിൽ മുസ്ലീം സമൂഹത്തോട് ഖേദം പ്രകടിപ്പിച്ചു. ആ ഖേദപ്രകടനം വേണ്ടായിരുന്നു എന്ന നിലപാടിൽ പിന്നീടദ്ദേഹം എത്തുകയും ചെയ്തു.

നീണ്ട ഒളിവുജീവിതത്തിൽ നിന്നു സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരണമെന്ന് അദ്ദേഹം ആഗഹിച്ചു. വർഷങ്ങൾ പലതു കഴിഞ്ഞു. പുസ്തകത്തിൻ്റെ പരിഭാഷാവകാശം ഇനിആർക്കും കൊടുക്കുന്നില്ല എന്നദ്ദേഹം തീരുമാനിച്ചു. എന്നിട്ടും അദ്ദേഹം സ്വതന്ത്രനായില്ല. അടുത്ത കാലത്തുപോലും സാഹിത്യോത്സവങ്ങളിൽ സത്താനിക് വേഴ്സസിൽ നിന്നുള്ള ഭാഗങ്ങൾ വായിച്ചവർക്ക് ജീവനും കൊണ്ടോടേണ്ടി വന്നു. ജയ്പൂർ സാഹിത്യോത്സവത്തിൽ അദ്ദേഹത്തെ പങ്കെടുപ്പിച്ചില്ല. പുസ്തകത്തിലെ ചില ഭാഗങ്ങൾ വായിച്ചപ്പോൾ അവിടെ പ്രശ്നങ്ങളുണ്ടാവുകയും ചെയ്തു.

ഒളിവുകാല ജീവിതത്തെപ്പറ്റിയുള്ള ഓർമ്മപ്പുസ്തകം 2012-ൽ റുഷ്ദി പുറത്തിറക്കി. 'ജോസഫ് ആൻ്റേൺ' എന്നായിരുന്നു അതിൻ്റെ പേര്. ഒളിവുകാലത്ത് അദ്ദേഹം ആ പേരായിരുന്നു തനിക്കായി സ്വീകരിച്ചത്. ആ പേരിൻ്റെ പുറകിലും കൗതുകകരമായ ഒരു സത്യമുണ്ട്. റുഷ്ദിയുടെ പ്രിയപ്പെട്ട എഴുത്തുകാരായിരുന്ന ജോസഫ് കോൺറാഡിൻ്റെ പേരിലെ ജോസഫും ആൻ്റേൺ ചെക്കോവിൻ്റെ പേരിൽ നിന്നുള്ള ആൻ്റേണും എടുത്ത് ജോസഫ് ആൻ്റേൺ എന്ന പുതിയൊരു പേര് ഉണ്ടാക്കുകയായിരുന്നു. ഒളിവുകാലത്തും റുഷ്ദി എഴുത്തിൽ വളരെ സജീവമായിരുന്നു. അദ്ദേഹം അക്കാലത്തും നിരവധി നോവലുകളും കഥകളും ലേഖനങ്ങളുമെഴുതി. Moor's Last Sigh, The Ground Beneath Her Feet, Fury, The Enchantress of Florence, Two Years Eight Months and Twenty-Eight Nights, The Golden House, Quichotte എന്നീ നോവലുകളൊക്കെ സത്താനിക് വേഴ്സസിനു ശേഷം രചിച്ച നോവലുകളാണ്. കഥാസമാഹാരങ്ങളും ലേഖന സമാഹാരങ്ങളും വേറെയും. സർഗ്ഗാത്മകമായി അദ്ദേഹത്തെ തളർത്താൻ വിവാദത്തിന് കഴിഞ്ഞില്ല എന്നർത്ഥം.

1947-ൽ മുംബൈയിൽ ജനിച്ച റുഷ്ദി ബ്രട്ടീഷ് പൗരനായിരുന്നു. 2016 മുതൽ റുഷ്ദി അമേരിക്കൻ പൗരത്വം സ്വീകരിച്ച് ന്യൂയോർക്കിൽ താമസിച്ചു വരികയായിരുന്നു. അവിടെയദ്ദേഹത്തിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കുന്നുണ്ടായിരുന്നു. എന്നാൽ മതഭീകരതയുടെ കൊലക്കത്തി തക്കം പാർത്തിരിക്കുകയാണെന്ന തിരിച്ചറിവിലേക്ക് ലോകത്തെ എത്തിച്ചു കൊണ്ട് ഇന്നലെ രാത്രി (ഇന്ത്യൻ സമയം) ന്യൂയോർക്കിൽ വെച്ച് അദ്ദേഹം ആക്രമിക്കപ്പെട്ടു. പടിഞ്ഞാറൻ ന്യൂയോർക്കിലെ ഷൗത്ക്വ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രഭാഷണത്തിനെത്തിയപ്പോഴാണ് അക്രമി കടന്നുവന്ന് അദ്ദേഹത്തെ കുത്തി പരിക്കേല്പിച്ചത്. സാരമായ പരിക്കുകളോടെ അദ്ദേഹം ചികിത്സയിലാണ്. മതനിന്ദയുടെ പേരിൽ നടന്ന ഈ സംഭവങ്ങൾ ലോകചരിത്രത്തിൽ സമാനതകളില്ലാത്ത ഒന്നായി അവശേഷിക്കും. റുഷ്ദിയുടെ അതിജീവനം ആധുനിക ലോകത്തിൻ്റെയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെയും വിജയമായി കണക്കാക്കപ്പെട്ടിരുന്നു. ആ വിശ്വാസത്തിനാണ് ഇപ്പോൾ പോറലേറ്റിരിക്കുന്നത്. മുസ്ലീം തീവ്രവാദത്തിൻ്റെ യുക്തിരഹിവും ഭ്രാന്തവുമായ മുന്നേറ്റങ്ങൾക്ക് അറുതിയാക്കാൻ ലോകത്തിന് കഴിഞ്ഞിട്ടില്ല എന്നതിൻ്റെ തെളിവുകൂടിയാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നത് ഇപ്പോഴും മതങ്ങളാൽ ചോദ്യം ചെയ്യപ്പെടുകയാണ്. അവരുടെ ഇഷ്ടാനുസരണം നടക്കേണ്ടതാണ് ആശയപ്രചാരണം എന്ന തോന്നലിൽ നിന്ന് ഒരു മതവും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മോചനം നേടിയിട്ടില്ല. അവഹേളിക്കപ്പെടുക എന്നതിനെ അക്രമത്തിലൂടെ നേരിടുന്ന രീതിയുടെ ധാർമ്മികതയെ റുഷ്ദി എല്ലായ്പ്പോഴും ചോദ്യം ചെയ്തിട്ടുണ്ട്. മതങ്ങളിലെ ധാർമ്മികതയില്ലായ്മയെ അദ്ദേഹം നിശിതമായി വിമർശിച്ചിട്ടുമുണ്ട്. ധാർമ്മികത കഴിഞ്ഞേ മതത്തിന് സ്ഥാനമുണ്ടാവൂ എന്നതായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്.

ലോകത്തിൻ്റെ സാഹിത്യാനുഭവത്തിൽ വേറിട്ടൊരെഴുത്തിൻ്റെ വാതായനങ്ങൾ തുറന്നിട്ട എഴുത്തുകാരനാണ് സൽമാൻ റുഷ്ദി. ആ എഴുത്തിൻ്റെ സ്വാധീനം പിന്നീടിങ്ങോട്ടുള്ള ലോകത്തിൻ്റെ വായനാനുഭവത്തെ സ്വാധീനിക്കുകയും ചെയ്തു. ഒന്നിനോടും വിധേയപ്പെടാത്ത ചിന്തയുടെ സ്ഫുലിംഗങ്ങൾ ആ എഴുത്തിൻ്റെ അന്തർധാരയായി വർത്തിച്ചു. ആധുനിക ജനാധിപത്യ പ്രക്രിയയോട് ചേർന്നു നിന്നു കൊണ്ടാണ് ആ എഴുത്ത് മുന്നേറിയത്. റുഷ്ദി അക്രമിക്കപ്പെടുമ്പോൾ വേദനിക്കുന്നത് പുതിയ ആശയലോകത്തിനാണ്. വർത്തമാനകാലത്തിനാണ്. ഇപ്പോഴത്തെ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് തിരിച്ച് വന്നതിനു ശേഷവും റുഷ്ദി തന്റെ അന്തകരാവാന്‍ ശ്രമിക്കുന്ന പ്രാകൃത മതവാദികളോട് വിധേയപ്പെടില്ല എന്നെനിക്ക് തീര്‍ച്ചയുണ്ട്.. മതഭീകരതയോട് സമരസപ്പെടുകയുമില്ല. ഈ യുദ്ധത്തിൽ നമ്മൾ റുഷ്ദിക്കൊപ്പമാണ് നിലകൊള്ളേണ്ടത്. അത് മാനവരാശിയുടെ മുന്നോട്ടു പോക്കുമായി ബന്ധപ്പെട്ട നിലപാടാണ്. റുഷ്ദിയുടെ കണ്ണിൻ്റെ കാഴ്ച ഇല്ലാതാക്കിയാലും അദ്ദേഹം രചനകളിലൂടെ മുന്നോട്ടുവെച്ച ഉൾക്കാഴ്ചകൾ ലോകത്തിന് വെളിച്ചം പകർന്നു കൊണ്ടിരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in