രൂപേഷ് പീതാംബരന്റേത് ഔചിത്യമില്ലാത്ത പ്രസ്താവന; പുരാണങ്ങളെ കൂട്ടുപിടിക്കുന്നത് പ്രശ്നമായി കാണുന്നു: ഡോ ശാരദാ ദേവി

രൂപേഷ് പീതാംബരന്റേത് ഔചിത്യമില്ലാത്ത പ്രസ്താവന; പുരാണങ്ങളെ കൂട്ടുപിടിക്കുന്നത് പ്രശ്നമായി കാണുന്നു: ഡോ ശാരദാ ദേവി

കടുവ എന്ന ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിലെ വിവാദ ഡയലോഗിനെ ന്യായീകരിച്ചുള്ള നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്റെ പരാമർശത്തിനെതിരെ ഡിസബിലിറ്റി കമ്മ്യൂണിറ്റി. ഇതുപോലെയുള്ള യാതൊരു ഔചിത്യവുമില്ലാത്ത പ്രസ്താവനകൾ വരുമ്പോൾ, യുക്തിഹീനമായി തോന്നുന്നുവെന്നും, മതഗ്രന്ഥങ്ങളെയൊക്കെ പറ്റി പറയുമ്പോൾ അതിൽ പ്രശ്‌നമുണ്ടെന്നും ആക്ടിവിസ്റ്റും ഗവേഷകയുമായ ഡോ ശാരദാ ദേവി ദി ക്യുവിനോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം സ്ഫടികം എന്ന ചിത്രത്തിന്റെ റീറിലീസുമായി ബന്ധപ്പെട്ട് ദി ക്യുവുമായി നടത്തിയ അഭിമുഖത്തിലാണ് രൂപേഷ് പീതാംബരന്റെ പരാമർശമുണ്ടായത്. മുൻപ് വിവാദങ്ങൾക്കൊടുവിൽ കടുവ എന്ന ചിത്രത്തിലെ ഡയലോഗ് മ്യൂട്ട് ചെയ്തിരുന്നു. എന്നാൽ അത് ആവശ്യമില്ലെന്നും, താനായിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നു എന്നുമാണ് രൂപേഷ് പറഞ്ഞത്. തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ ആരംഭിച്ച സാഹചര്യത്തിലാണ് ഡിസബിലിറ്റി കമ്യൂണിറ്റിയിൽ നിന്നുമുള്ള അംഗങ്ങൾ അതിനെതിരെ പ്രതികരണങ്ങളുമായി എത്തിയത്.

സിനിമകളിൽ ജാതീയമായോ, സ്ത്രീവിരുദ്ധമായോ ഉണ്ടാവുന്ന പരാമർശങ്ങളിൽ ഇപ്പോൾ സിനിമകൾ കൂടുതൽ ശ്രദ്ധചെലുത്തുന്നുണ്ടെന്നും, അത്തരമൊരു അവബോധം ഡിസബിലിറ്റി സംബന്ധിച്ച വിവേചനങ്ങളുടെ കാര്യത്തിൽ സിനിമയിലോ സമൂഹത്തിന്റെ ഇല്ലെന്നും, അതിന്റെ പ്രതിഫലനമാണ് ഇത്തരം ഡയലോഗുകളെന്നും ഡോ ശ്രാദ്ധ ദേവി പറഞ്ഞു. സിനിമ എന്ത് അവതരിപ്പിക്കുന്നു എന്നിടത്തല്ല പ്രശ്നമെന്നും അത് എങ്ങനെ അവതരിപ്പിക്കുന്നു എന്നിടത്തും ആളുകളിയ്ക്ക് എങ്ങനെയെത്തുന്നു എന്നുള്ളിടത്തുമാണ് പ്രശ്നമെന്നും ശാരദാദേവി ചൂണ്ടിക്കാട്ടി.

ഡോ ശാരദാദേവി പറഞ്ഞത്:

കടുവ എന്ന സിനിമ റിലീസ് ചെയ്ത്, ഇങ്ങനെയൊരു വിവാദപരമായ ഡയലോഗ് വന്ന സമയത്ത് തന്നെ ഞങ്ങൾ പലരും അതിൽ പ്രതികരിച്ചിരുന്നു. സിനിമ എന്നത് തീർച്ചയായും ഒരു ബിസിനസ്സ് ആണ്, അതൊരു എന്റർടൈൻമെന്റ് പർപ്പസിന് വേണ്ടിയാണ് എങ്കിൽ പോലും ഒരു വിഷ്വൽ മീഡിയ ആയതുകൊണ്ട് തന്നെ, അതിനെത്രമാത്രം സമൂഹത്തെ സ്വാധീനിക്കാൻ സാധിക്കും എന്നത് നമുക്കറിയാവുന്ന കാര്യവുമാണ്. പാർശവത്കരിക്കപ്പെട്ട കമ്മ്യൂണിറ്റികളെയും അവരുടെ സാമൂഹിക സാഹചര്യങ്ങളെയും സ്വാധീനിക്കാൻ എത്രത്തോളം സിനിമക്ക് കഴിയുമെന്നുള്ളത് പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.

ചാന്തുപൊട്ട് എന്ന സിനിമയൊക്കെ, എത്രമാത്രമാണ് ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ജീവിതത്തെ സ്വാധീനിക്കുന്നതെന്ന് പലരും പറയാറുണ്ട്. ഇത്തരത്തിലുള്ള ചിത്രീകരണങ്ങൾ ഇപ്പോഴും അവരെ ബാധിക്കുന്നതാണ് എന്നും നമുക്ക് അറിയുന്നതാണ്. അത്തരത്തിലാണ് മുൻപ് കടുവയിലെ ഡയലോഗ് വിമർശിക്കപ്പെട്ടതും, പിന്നീട് ഡിസബിലിറ്റി കമ്മീഷൻ ഉൾപ്പെടെ വിഷയത്തിൽ ഇടപെടുകയുമൊക്കെ ചെയ്തത്. അവസാനം അവർക്ക് അതിന്റെയൊരു ഗ്രാവിറ്റി എത്രത്തോളം ഉണ്ടെന്ന് മനസ്സിലായിട്ടുണ്ടാവും. ഒരുപക്ഷെ മുൻപ് അവരത് എക്‌സ്‌പെകറ്റ് ചെയ്യുകയോ, അങ്ങനെയൊരു പ്രശ്‌നം അവിടെ കിടപ്പുള്ളതായി ചിന്തിക്കുകയോ പോലും ചെയ്തു കാണില്ലായിരിക്കും.

ഇക്കാര്യത്തിൽ പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുള്ളത്, ഡിസബിലിറ്റിയുടെ കാര്യം വരുമ്പോൾ ഇത്തരം ചിന്തകൾ വരുന്നില്ല എന്നതാണ്. കാസ്റ്റ് ബേസ്ഡ് ആയിട്ടുള്ള ഡിസ്‌ക്രിമിനേഷൻ ആണെങ്കിലും, ജെൻഡർ ഡിസ്‌ക്രിമിനേഷൻ ആണെങ്കിലും, അതിനെക്കുറിച്ചൊക്കെ നമുക്കിപ്പോൾ അവബോധമുണ്ട്. ഇപ്പോൾ കുറെ നാളുകളായി, സിനിമകളിലൂടെ പറയുന്നത് സ്ത്രീ വിരുദ്ധമാണ്, അല്ലെങ്കിൽ ദളിത് വിരുദ്ധമാണ് എന്നത് നമ്മൾ പെട്ടന്ന് മനസ്സിലാക്കുന്നുണ്ട്. അത് ഒഴിവാക്കാൻ സംവിധായകരും അഭിനേതാക്കളും ശ്രമിക്കാറുള്ളതായി അവർ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷെ ഡിസബിലിറ്റിയുടെ കാര്യത്തിൽ, നമ്മുടെ സിനിമകളിൽ മാത്രമല്ല സൊസൈറ്റിയിൽ മുഴുവനുമായി തന്നെ കൃത്യമായ ഒരു അവബോധം ഉണ്ടായിട്ടില്ലെന്ന് പലപ്പോഴായും തോന്നിയിട്ടുണ്ട്. അതിന്റെയൊരു പ്രതിഫലനം ആയിട്ടായിരിക്കാം ആ ഫിലിം ക്രൂവിനും ഇതിനെക്കുറിച്ച് ഒരു ബോധ്യം ഉണ്ടാവാതിരുന്നത്.

പക്ഷെ അവരത് മനസ്സിലാക്കി അങ്ങനെയെങ്കിലും ഒരു നടപടി എടുക്കുകയും അത് മ്യൂട്ട് ചെയ്യുകയും ചെയ്തു. അതിനെ ഞങ്ങൾ ഏല്ലാവരും അന്ന് അഭിനന്ദിച്ചിരുന്നു. പക്ഷെ ഇപ്പോൾ അത് വീണ്ടും ഉയർന്നു വരികയാണ്.

ഈ പ്രശ്‌നത്തിൽ ഞാൻ മുൻപ് പറഞ്ഞത് പോലെ, പൊളിറ്റിക്കലി കറക്ട് ആവണം എന്ന് പറയുന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്, ഈവിൾ ആയിട്ടുള്ള, സമൂഹത്തിൽ മോശം ആയിട്ട് കരുതപ്പെടുന്ന കാര്യങ്ങൾ, അല്ലെങ്കിൽ ചില വിഭാഗങ്ങളെ മോശമായിട്ട് അവതരിപ്പിക്കുന്ന, ചില വിഭാഗങ്ങളെ ബാധിക്കുന്ന തരത്തിലുള്ള മോശമായിട്ടുള്ള കാര്യങ്ങൾ അവതരിപ്പിക്കുകയേ ചെയ്യരുത് എന്നല്ല. അതൊരിക്കലും നടക്കില്ല. കാരണം, സൊസൈറ്റിയിൽ ഡിസബിൾഡ് ആയിട്ടുള്ള വ്യക്തികൾക്കെതിരെ ധാരാളം ഡിസ്‌ക്രിമിനേഷനും, അട്രോസിറ്റീസും ഒക്കെ നടക്കുന്നുണ്ട്. അത് സിനിമയിൽ അവതരിപ്പിക്കുന്നതുകൊണ്ട് ചെയ്യുന്നതിനോട് ഞങ്ങൾ എതിരല്ല. പക്ഷെ ഇവിടത്തെ പ്രശ്‌നം അത് റെപ്രെസെന്റ് ചെയ്തിരിക്കുന്ന രീതിയാണ്. അവിടെയാണ് അതിലെ പ്രശ്നമിരിക്കുന്നത്.

ഇതെങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്നത് പ്രധാനമാണ്. ചെയ്യുന്ന കാര്യം തെറ്റാണ് എന്ന് പ്രേക്ഷകനെ തോന്നിപ്പിക്കുന്നതരത്തിലാണ് അത് അവതരിപ്പിക്കുന്നതെങ്കിൽ, ഒരുപക്ഷെ ഇത്തരം കാര്യങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ടെന്നും അതിലെ തെറ്റെന്താണെന്നുമുള്ള തിരിച്ചറിവ് അവരിൽ ഉണ്ടാക്കിയേക്കും. ഇവിടെ ഹീറോ കഥാപാത്രമാണ് ഇങ്ങനെയൊരു ഡയലോഗ് വിവേക് ഒബ്റോയിയുടെ കഥാപാത്രത്തോട് പറയുന്നത്. വിവേക് ഒബ്റോയിയുടെ കഥാപാത്രം എന്തായാലും ആന്റ്റഗോണിസ്റ്റ് ആണല്ലോ. അങ്ങനെയൊരു പശ്ചാത്തലത്തിൽ വരുമ്പോൾ, ആ ഡയലോഗ് തെറ്റാണ്. ഒരു ഹീറോ പരിവേഷത്തിലാണ് ആളുകൾ അത് ആഘോഷിച്ചത്. ഡിസേബിൾഡ് കമ്മ്യൂണിറ്റിയുമായി ബന്ധമില്ലാതെ നിൽക്കുന്ന ആളുകൾക്ക് അതൊരു പ്രശ്‌നമായി അവിടെ ബോധ്യപ്പെടില്ല. അവരതിനെ ഒരു മാസ്സ് ഡയലോഗ് ആയിട്ട് ആസ്വദിക്കുകയും ആഘോഷിക്കുകയുമാണ് ചെയ്തത്. ആ സമയത്ത് സിനിമ തിയേറ്ററിൽ കാണാൻ പോയിരുന്ന സുഹൃത്തുക്കൾ പറഞ്ഞു കേട്ടിരുന്നു, മ്യൂട്ട് ചെയ്യുന്നതിന് മുൻപ് ഈ ഒരു ഡയലോഗ് കാണിക്കുന്ന സമയത്ത് വലിയ കയ്യടിയും പ്രോത്സാഹനവുമായിരുന്നു വെന്ന്. അതെല്ലാം ആളുകൾ ആഘോഷിക്കുന്നുണ്ട്, പക്ഷെ അതെ സമയം അതിലെ പ്രശ്‌നങ്ങൾ അവർ മനസ്സിലാക്കുന്നില്ല.

പഴയ മതഗ്രന്ഥങ്ങളിലൊക്കെ ഇങ്ങനെ ഉണ്ടോയെന്ന് എനിക്കറിയില്ല. പക്ഷെ, പണ്ട് മുതലേ പറഞ്ഞു കേൾക്കുന്ന ഒരു നെഗറ്റീവ് ചിന്താഗതിയാണ് ഈ ഡയലോഗിൽ ഉള്ളത്. ഈ ഒരു കമ്യൂണിറ്റി ഇപ്പോഴും പുരോഗമിച്ചു വരുന്നതേയുള്ളു. എല്ലാ ഡിസേബിൾഡ് വ്യക്തികളും പുരോഗതിയിലേക്ക് എത്തിയാലേ ഞങ്ങളുടെ കമ്മ്യൂണിറ്റി നല്ലൊരു നിലയിലേക്കെത്തി എന്ന് പറയാൻ സാധിക്കുകയുള്ളു. അതിൽ വ്യക്തിപരമായിട്ടാണ് പലരുടെയും വളർച്ചയുള്ളത്. അങ്ങനെയിരിക്കുമ്പോൾ ഒരുപാടു അവഗണനകൾ, ഇതുപോലെയുള്ള കുത്തുവാക്കുകൾ എല്ലാം അവർക്ക് കേൾക്കേണ്ടി വരുന്നുണ്ട്. ആ വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കുമാണ് ഇത് കൂടുതൽ അനുഭവിക്കേണ്ടി വരുന്നത്. ഇത് ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. ആ സാഹചര്യത്തിൽ ഇത്തരം കാര്യങ്ങൾ അവതരിപ്പിക്കുന്ന രീതി കുറച്ച് വ്യത്യാസമുള്ളതാകണം.

അത് നായകൻ പറയുമ്പോഴാണ് കൂടുതൽ പ്രശ്‌നം വരുന്നത്. ഇപ്പോൾ വില്ലനാണ് ഇത് പറഞ്ഞതെങ്കിൽ നമുക്കും, സിനിമയെപ്പറ്റി വലിയ ഗ്രാഹ്യമില്ലാത്ത ഒരാൾക്കാണെങ്കിൽ പോലും ദേഷ്യം വരും. പക്ഷെ ഇവിടെ നായക കഥാപാത്രം ഇങ്ങനെയൊരു ഡയലോഗ് പറയുമ്പോൾ അതിന്റെയൊരു ഗ്രാവിറ്റി ആളുകൾക്ക് മനസ്സിലാവില്ല. നായക സങ്കൽപ്പം പൊതുവിൽ അങ്ങനെയാണല്ലോ. എത്ര നെഗറ്റീവ് ഷെയ്ഡ് നായകനിൽ ഉണ്ടെന്നു പറഞ്ഞാലും അതൊരു മാസ്സ്, ഹീറോ രീതിയിലാണല്ലോ പലപ്പോഴും സമീപിക്കപ്പെടാറുള്ളത്. അതാണ് അതിന്റെയൊരു വലിയ പ്രശ്‌നം. അല്ലാതെ, ഇത്തരത്തിലുള്ള ഡയലോഗ്‌സ് നേരിട്ട് കേൾക്കുന്ന ഒരുപാട് പേരുണ്ട്. പക്ഷെ, അത് ഈ സിനിമയിൽ കുറച്ചുകൂടെ കൺവിൻസിംഗ് രീതിയിൽ, ഇത് തെറ്റാണ് എന്ന് ആളുകൾക്ക് ബോധ്യപ്പെടുന്നതുപോലെ അവതരിപ്പിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു കോൺട്രോവേർസി പോലും വരില്ലായിരുന്നു.

അപ്പോൾ പലരും കരുതും അങ്ങനെയെങ്കിൽ പിന്നെ ഒന്നും സിനിമകളിൽ കാണിക്കാൻ പാടില്ലല്ലോ എന്ന്. പക്ഷെ അങ്ങനെയല്ല. അത് അവതരിപ്പിക്കുന്ന രീതി ആണ് പ്രധാനം. അവിടെയാണ് പ്രശ്‌നമുള്ളത്. അതെങ്ങനെ ആളുകൾ ഉൾക്കൊള്ളും, എങ്ങനെ ആളുകൾ അത് പെർസീവ് ചെയ്യും എന്നതൊക്കെയും സിനിമയിൽ അതെങ്ങനെ അവതരിപ്പിച്ചിരിക്കുന്നു എന്നതിനനുസരിച്ചിരിക്കും. അത് തെറ്റാണെന്ന രീതിയിൽ ചിത്രീകരിച്ചാൽ ഇതിന്റെ പ്രശ്‌നമെന്താണ് എന്നുള്ളതും ആളുകൾ മനസ്സിലാക്കും. അത്തരത്തിലുള്ള ചിത്രീകരണങ്ങളാണ് പൊളിറ്റിക്കൽ കറക്ട്‌നെസ്സ് എന്നത്‌കൊണ്ട് ഞാൻ മനസ്സിലാക്കുന്നത്.

വിദേശ സിനിമകളിലൊക്കെ ഇതുപോലെയുള്ള റെപ്രെസെന്റഷന്‌സ് വരുമ്പോഴെല്ലാം അത് വിമർശിക്കപ്പെട്ടിട്ടുള്ളതാണ്. അത്തരമൊരു സാഹചര്യത്തിൽ യാതൊരു ഔചിത്യമില്ലാത്ത രീതിയിലുള്ള പ്രസ്താവനകൾ വരുമ്പോൾ, അത് യുക്തിഹീനമായി തോന്നുന്നു. ഈ മതഗ്രന്ഥങ്ങളെയൊക്കെ പറ്റി പറയുമ്പോൾ എനിക്കതിലൊരു പ്രശ്‌നം തോന്നിയതുകൊണ്ടാണ് അതിനെക്കുറിച്ച് പോസ്റ്റ് ചെയ്യണമെന്ന് തീരുമാനിച്ചത്. അതിൽ വലിയ പ്രയോജനമില്ലെന്ന് അറിയാം. കാരണം, അത്തരത്തിൽ ചിന്തിക്കുന്നവർ ഒരിക്കലും മാറി ചിന്തിക്കില്ല, അവർ പിന്നെയും അതിങ്ങനെ ന്യായീകരിച്ചുകൊണ്ടിരിക്കും. വേറെ പലതുമുണ്ടല്ലോ സിനിമകളിൽ അപ്പോൾ എന്താണ് ഇതുണ്ടായാലുള്ള പ്രശ്‌നം എന്നൊക്കെ ചോദിക്കുന്നവരുണ്ടായിരിക്കും. അവരതിങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. പക്ഷെ, നമ്മൾ പറയാനുള്ളത് നമ്മൾ പറയണമല്ലോ. അത് ഏതെങ്കിലും ഒരാളുടെ എങ്കിലും പെർസപ്ഷനിൽ മാറ്റം വരുത്തുമെങ്കിൽ അത്രയും നല്ലതെന്ന് ചിന്തിക്കുന്നവരാണ് ഞങ്ങളിൽ പലരും.

അതുപോലെ തന്നെ വീഡിയോയുടെ താഴെ പലരും കമെന്റ് ചെയ്തിട്ടുണ്ട്, പൊക ടീമുകൾ ആണ് ഇത് വിവാദമാക്കിയത് എന്നൊക്കെ. പക്ഷെ സത്യം പറഞ്ഞാൽ, എന്റെ അറിവിൽ ആ പ്രശ്നത്തിൽ പ്രതികരിച്ചത് ഡിസേബിൾഡ് വ്യക്തികളും, അവരുടെ കുടുംബങ്ങളും, അലൈസ് എന്ന് പറയുന്ന ആളുകളും മാത്രമാണ്. അല്ലാതെ അതൊരു പബ്ലിക് മൂവ്‌മെന്റ് ഒന്നും ആയിരുന്നില്ല. ആർക്കാണോ അതുകൊണ്ടൊക്കെ ബുദ്ധിമുട്ടുണ്ടായത്, അവരൊക്കെത്തന്നെയാണ് അതിൽ പ്രതികരിച്ചത്. അല്ലാതെ അതുമായി യാതൊരു ബന്ധവുമില്ലാത്ത, ഇവർ പറയുന്നത്‌ പോലെയുള്ള പൊളിറ്റിക്കൽ കറക്ട്‌നെസ്സ് ടീമുകളൊന്നും അല്ല. അത് ഒരു തെറ്റിധാരണയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in