ഫ്രാൻസിലെ തീരാത്ത കലാപങ്ങൾക്ക് കാരണമെന്ത്?

ഫ്രാൻസിലെ തീരാത്ത കലാപങ്ങൾക്ക് കാരണമെന്ത്?
Summary

ഫ്രാൻസിൽ വളർന്നുവരുന്ന കലാപങ്ങൾക്ക് പിന്നിൽ വംശീയത വഹിക്കുന്ന പങ്ക് ചെറുതല്ല. അതിൽ കൂടുതലും ഫ്രഞ്ച് പൊലീസ് നേതൃത്വം കൊടുക്കുന്ന ക്രൂരതകളാണ്. 17 കാരനായ നഹേലിനെ പൊലീസ് കൊലപ്പെടുത്തിയത് ഇതിനൊരു ഉദാഹരമാണ്. തീവ്ര വലതുപക്ഷ സംഘടനകളും അനുഭാവികളും പ്രകോപനത്തിന്റെ അകമ്പടിയോടെ ഘോഷയാത്ര നടത്തി കലാപത്തിന് ആക്കം കൂട്ടുകയാണ്. അലൻ പോൾ വർഗ്ഗീസ് എഴുതുന്നു

17 കാരനായ നഹേലിനെ പോലീസ് കൊലപ്പെടുത്തിയതിന് ശേഷം ഫ്രാൻസിൽ ഉയർന്നുവന്ന സമീപകാല കലാപങ്ങളും ഏറ്റുമുട്ടലുകളും തീവ്ര വലതുപക്ഷത്തിന്റെ കുടിയേറ്റ വിരുദ്ധ വാചാടോപങ്ങളുടെ പ്രചാരണത്തിന്റെ പുതിയ ആയുധമാണ്. വിദ്വേഷ പ്രചാരണങ്ങൾ ഫ്രാൻസിന്റെ അതിർത്തി കടന്ന് ഇന്ത്യയിൽ വരെ എത്തിയിരിക്കുന്നു. വലതുപക്ഷക്കാരുടെ ആഗോള രോഷം കുടിയേറ്റക്കാർക്കും മുസ്ലീം ന്യൂനപക്ഷങ്ങൾക്കും ആഫ്രിക്കൻസിനും എതിരെയാണ്. സംഭവത്തിന്റെ വസ്തുതാപരമായ പരിശോധനയും ഫ്രാൻസിലെ വംശീയതയുടെ സമഗ്രമായ ചരിത്രവും വിദ്വേഷ പ്രചാരണങ്ങളുടെ പൊള്ളത്തരം തുറന്ന് കാണിക്കും

പ്രായപൂർത്തിയാകാത്ത കുട്ടികളെ പോലും പൊലീസ് വെറുതെ വിടുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അറബ് അല്ലെങ്കിൽ ആഫ്രിക്കൻ വംശജരായ 17 വയസ്സിന് താഴെയുള്ള കുട്ടികൾ അധിക്ഷേപകരമായ ഭാഷയും അപമാനവും പോലീസ് സ്റ്റോപ്പുകളും നേരിടുന്നു

ഫ്രഞ്ച് ഭരണകൂടം നിഷേധിച്ചാലും, കൊളോണിയൽ ഭൂതകാലത്തിൽ നിന്ന് പാരമ്പര്യമായി ലഭിച്ച വ്യവസ്ഥാപരമായ വംശീയത ഇപ്പോഴും രാജ്യത്തുടനീളം നിലനിൽക്കുന്നു. വെടിവയ്പ്പിനും അക്രമത്തിനും ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ യു.എൻ മനുഷ്യാവകാശ ഓഫീസ് ഫ്രാൻസിനോട് വംശീയതയുടെയും വിവേചനത്തിന്റെയും പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഫ്രഞ്ച് സർക്കാർ സ്വയം "കളർ ബ്ലൈൻഡ്‌ " എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും (അത് വംശീയതയും വിവേചനവും നടത്തുന്നില്ലെന്ന് സൂചിപ്പിക്കുന്നു) വസ്തുത മറ്റൊന്നാണ്. ഹ്യൂമൻ റൈറ്റ്‌സ് വാച്ച് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഫ്രാൻസിലെ, പ്രത്യേകിച്ച് പോലീസിലെ വംശീയതയുടെ ആഴത്തെക്കുറിച്ച് കണ്ണുതുറപ്പിക്കുന്നതാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളെ പോലും പൊലീസ് വെറുതെ വിടുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അറബ് അല്ലെങ്കിൽ ആഫ്രിക്കൻ വംശജരായ 17 വയസ്സിന് താഴെയുള്ള കുട്ടികൾ അധിക്ഷേപകരമായ ഭാഷയും അപമാനവും പോലീസ് സ്റ്റോപ്പുകളും നേരിടുന്നു. പിന്നീട് കുട്ടികളെ മാനസികമായി തളർത്തുന്ന ഇത്തരം നിരവധി സംഭവങ്ങൾ റിപ്പോർട്ട് എടുത്തുകാണിക്കുന്നു.

https://www.hrw.org/report/2020/06/18/they-talk-us-were-dogs/abusive-police-stops-france

2022 ഡിസംബറിലെ എല്ലാത്തരം വംശീയ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര കൺവെൻഷൻ ഫ്രാൻസിൽ വർദ്ധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. വിവേചനം തിരിച്ചറിയുന്നതിൽ അവരുടെ പക്കലുള്ള ഡാറ്റ അവർ ഉപയോഗിച്ച തൃപ്തികരമല്ലാത്ത പാരാമീറ്ററുകൾ കാരണം അപൂർണമാണ് എന്ന് റിപ്പോർട്ട് ഫ്രഞ്ച് സർക്കാരിനെ ഓർമ്മിപ്പിച്ചു. "The Committee takes note of the explanations provided by the State party concerning the collection of data disaggregated by racial or ethnic origin, and welcomes the efforts made to collect information on discrimination, such as the “Living environment and security “, so-called “victimization” and the “Trajectories and origins” survey. However, it regrets that the tools developed for data collection are still limited and do not provide a comprehensive view of the situation of racial discrimination faced by different ethnic groups throughout the State party, including in overseas territories." (പ്രസ്താവനയിൽ നിന്നുള്ള ഉദ്ധരണികൾ) ( റിപ്പോർട്ടിന്റെ ലിങ്ക് :

https://docstore.ohchr.org/SelfServices/FilesHandler.ashx?enc=6QkG1d%2FPPRiCAqhKb7yhsrYJhxxpxgI0H2gkhVJfP3NcZ4uN8876U9aKyu9KUDePqn29RRa7M1yMDhRLcbwCbtmVaKgyNCarcONXctndqZUTuWpWY1yMJvWn09fCNfdatkgNyLSqgpU42si9k%2FjxSw%3D%3D

ഡിഫെണ്ടേഴ്സ് റൈറ്റ്സ് എന്ന സംഘടനയുടെ കണക്കുകൾ പ്രകാരം ഫ്രാൻസിൽ, കറുത്തവരോ വടക്കേ ആഫ്രിക്കൻ വംശജരോ ആണെന്ന് കരുതപ്പെടുന്ന യുവാക്കൾ മറ്റ് ജനസംഖ്യയെ അപേക്ഷിച്ച് പോലീസ് ഐഡന്റിറ്റി പരിശോധനയ്ക്ക് വിധേയരാകാനുള്ള സാധ്യത 20 മടങ്ങ് കൂടുതലാണ്. വ്യവസ്ഥാപിത പോലീസ് വിവേചനത്തിന്റെ ഒരു രൂപമായി പരിശോധിക്കുന്നതിനെതിരെ ഒരു അപ്പീൽ വ്യവസ്ഥ പോലും ഇല്ല എന്നതും യാഥാർഥ്യമാണ്.

https://www.defenseurdesdroits.fr/fr/communique-de-presse/2021/02/la-defenseure-des-droits-defend-une-meilleure-tracabilite-des-controles
പല പോലീസ് സേനകളിലും പൊതുവായുള്ള സ്ഥാപനപരമായ വംശീയതയ്‌ക്കപ്പുറം, കൂടുതൽ ക്രൂരതകൾ ഫ്രഞ്ച് പോലീസ് നടത്തുന്നു എന്ന് ആംനസ്റ്റി ഇന്റർനാഷണലും കൗൺസിൽ ഓഫ് യൂറോപ്പും ഉൾപ്പെടെയുള്ള ഗ്രൂപ്പുകൾ ചൂണ്ടി കാണിക്കുന്നു.

നഹേലിന്റെ കൊലപാതകം ഒരു ഒറ്റപ്പെട്ട വിഷയമല്ല. 2022-ൽ മാത്രം, ഓടുന്ന കാറുകൾക്ക് നേരെ ഫ്രഞ്ച് പോലീസ് വെടിയുതിർത്തതിന്റെ 138 സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, അതേസമയം ട്രാഫിക് സ്റ്റോപ്പുകളിൽ നടന്ന വെടിവയ്പ്പിൽ 13 പേർ മരിച്ചു. 2008ലെ സാമ്പത്തിക പ്രതിസന്ധിയും ലിബറൽ, പ്രീണന സർക്കാരുകളുടെ പതനവും മൂലം മിക്ക യൂറോപ്യൻ രാജ്യങ്ങളിലും തീവ്ര വലതുപക്ഷ പാർട്ടികൾ ശക്തി പ്രാപിച്ചു. ഫ്രാൻസിൽ നവ നാസികളുടെ സാന്നിധ്യം വർദ്ധിക്കുന്നതിൽ രാഷ്ട്രീയ നിരീക്ഷകർ ആശങ്കാകുലരാണ്.

Nahel Merzouk
Nahel Merzouk

മുൻ തെരഞ്ഞെടുപ്പിലെ തീവ്ര വലതുപക്ഷ പ്രസിഡന്റ് സ്ഥാനാർത്ഥി മറൈൻ ലെ പെൻ സുസ്ഥിരമായ ജനപിന്തുണ നേടിയിരുന്നു. പ്രോട്ടോ-ഫാസിസ്റ്റ് സംഘടനകളുടെ ഏകീകരണം ഫ്രാൻസിലെ പുതിയ രാഷ്ട്രീയ പ്രതിഭാസമാണ്, ഇത് ആഗോള രാഷ്ട്രീയത്തിന് നൽകുന്നത് വളരെ ഭയാനകമായ സന്ദേശമാണ്.

നഹേലിനെ കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന് ഫ്രാൻസിലെ വലതുപക്ഷം പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. തീവ്ര വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ നാഷണൽ റാലിയിലെ അംഗവും മറൈൻ ലെ പെന്നിന്റെ മുൻ ഉപദേഷ്ടാവുമായ ഈജിപ്ഷ്യൻ വംശജനായ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ ജീൻ മെസ്സിഹ, പോലീസുകാരായ ഫ്ലോറിയൻ എമ്മിനും കുടുംബത്തിനും പിന്തുണ നൽകാൻ ക്രൗഡ് ഫണ്ടിംഗ് ക്യാമ്പെയ്ൻ ഉയർത്തി. ഏകദേശം 53,000 പേർ ഓൺലൈൻ ഫണ്ടിലേക്ക് സംഭാവനകൾ നൽകിയിരുന്നു, തിങ്കളാഴ്ച ഉച്ചവരെ ഇത് 1.05 ദശലക്ഷം യൂറോയാണ്. രാജ്യത്തെ വലതുപക്ഷ റിപ്പബ്ലിക്കൻ പാർട്ടിയുടെ തലവൻ എറിക് സിയോട്ടി പോലീസുകാരനെ പിന്തുണയ്ക്കാനുള്ള നീക്കത്തെ ന്യായീകരിച്ചു.

കഴിഞ്ഞ ദശകത്തിലുടനീളം ഫ്രാൻസിലെ വലതുപക്ഷ വ്യക്തിത്വങ്ങൾ എപ്പോഴും വിവാദമായിരുന്നു. മറൈൻ ലെ പെൻ ഫ്രഞ്ച് കൊളോണിയലിസത്തിന്റെ ക്രൂരതകളെ നിഷേധിക്കുകയും "കൊളോണിയലിസം അൾജീരിയയ്ക്ക് ഒരുപാട് നല്ല കാര്യങ്ങൾ നൽകുകയും ചെയ്തു" എന്ന് അവകാശപ്പെടുകയും ചെയ്തു.

2017ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഫ്രാൻസിലെ പകുതിയിലധികം പൊലീസ് ഉദ്യോഗസ്ഥരും മറൈൻ ലെ പെന്നിന് വോട്ട് ചെയ്തു എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന കണക്ക്. സ്ഥാപനങ്ങൾക്കുള്ളിൽ വംശീയത എങ്ങനെ പൂർണമായി അംഗീകരിക്കപ്പെടുന്നുവെന്ന് ഇത് വ്യക്തമായി തെളിയിക്കുന്നു. തീവ്ര വലതുപക്ഷ സംഘടനകളും അനുഭാവികളും പ്രകോപനത്തിന്റെ അകമ്പടിയോടെ ഘോഷയാത്ര നടത്തി കലാപത്തിന് ആക്കം കൂട്ടുകയാണ്. സാഹചര്യങ്ങൾ വഷളായത് കണക്കിലെടുത്ത് ഇമ്മാനുവൽ മാക്രോണിനെ ജർമ്മനി സന്ദർശനങ്ങളും മറ്റ് അന്താരാഷ്ട്ര മീറ്റിംഗുകളും പിൻവലിക്കാൻ നിർബന്ധിതനാക്കി.

പോലീസിനുള്ള പിന്തുണയും പ്രതിഷേധക്കാരോടുള്ള വെറുപ്പും വലതുപക്ഷക്കാർ, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്ന് ഉള്ളവർ പ്രകടിപ്പിക്കുന്നത് അവരുടെ വിഷലിപ്തമായ മുസ്ലീം വിരുദ്ധ വികാരങ്ങളെ അടിസ്ഥാനമാക്കിയാണ്. അറബ്-ആഫ്രിക്കൻ പ്രവാസികളുടെ മേൽ പൂർണ്ണമായ കുറ്റം ചുമത്തിക്കൊണ്ട് അവർ സംഭവത്തെ വർഗീയമായി കാണുകയും ചിത്രീകരിക്കുകയും ചെയ്യുന്നു. അവരുടെ അറിവിലേക്ക് കൂട്ടിച്ചേർക്കട്ടെ ഫ്രാൻസിലെ പ്രധാന തൊഴിൽ ശക്തിയായ ആഫ്രിക്കൻ, അറബ് ജനസംഖ്യ അഭയാർത്ഥികളല്ല.

കുടിയേറ്റ കോളനിവൽക്കരണത്തിന്റെയും ഫ്രാൻസിന്റെ സാമ്രാജ്യത്വ അധിനിവേശത്തിന്റെയും ഫലമായി അവർ ഫ്രാൻസിലേക്ക് കുടിയേറി. 1848-ൽ അൾജീരിയ ഫ്രാൻസിന്റെ ഭാഗമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. ആഫ്രിക്കൻ കോളനികളിലെ കുടിയിറക്കലും കൊള്ളയും ഫ്രാൻസിലെ വിലകുറഞ്ഞ തൊഴിലാളികളുടെ ആവശ്യകതയും കുടിയേറ്റത്തിൽ കലാശിച്ചു. ആഫ്രിക്കൻ അല്ലെങ്കിൽ അറബ് വംശജരായ ഭൂരിഭാഗം ആളുകളും 19-ാം നൂറ്റാണ്ടിൽ പൗരത്വം നേടിയവരുടെ വംശജരാണ്.

ഫ്രാൻസ് ഇപ്പോഴും ആഫ്രിക്കൻ രാജ്യങ്ങളിൽ കൊളോണിയലിസം നടത്തുകയും കൊളോണിയൽ നികുതി പിരിക്കുകയും ചെയ്യുന്നുണ്ട്. പല രാജ്യങ്ങളിലും ഫ്രാൻസ് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട് , ഇപ്പോഴും രാജ്യങ്ങളുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഇടപെടുന്നു.

കൊളോണിയലിസത്തിനും അസമത്വത്തിനുമെതിരായ പോരാട്ടത്തിന്റെ മഹത്തായ പൈതൃകമുള്ള നമ്മൾ ഇന്ത്യക്കാർ , നമ്മെ അടിമകളാക്കി നിലനിർത്തിയ അതേ കൊളോണിയൽ പ്രത്യയശാസ്ത്രത്തിന്റെ ഉപോൽപ്പന്നങ്ങളായ ആളുകൾ പ്രചരിപ്പിക്കുന്ന വംശീയ ഊഹാപോഹങ്ങൾക്ക് പിന്നിൽ അണിനിരക്കുന്നതിന് പകരം ഫ്രാൻസിലെ അടിച്ചമർത്തപ്പെട്ട ന്യൂനപക്ഷങ്ങളെ പൂർണ്ണഹൃദയത്തോടെ പിന്തുണയ്ക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in