റിമിയുടെ ജീവിതം അവര്‍ തീരുമാനിക്കട്ടേ, കമന്റുകളിലെ ആള്‍ക്കൂട്ടം ചികിത്സ തേടട്ടേ 
Courtesy Mazhavil Manorama Youtube

റിമിയുടെ ജീവിതം അവര്‍ തീരുമാനിക്കട്ടേ, കമന്റുകളിലെ ആള്‍ക്കൂട്ടം ചികിത്സ തേടട്ടേ 

ഗായികയും അഭിനേത്രിയുമായ റിമി ടോമി കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ അവയോടുള്ള പ്രതികരണങ്ങളും കമന്റുകളും ശ്രദ്ധിച്ചിരുന്നോ?. 'കല്ലട ബസില്‍ കയറ്റി ബാംഗ്ലൂര്‍ക്ക് വിടണം ഇവളെ, ഇവളെ സഹിച്ച ഭര്‍ത്താവിന് സല്യൂട്ട് 'എന്ന് തുടങ്ങി വ്യക്തിഹത്യയുടെയും സഭ്യതയുടെയും എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നതാണ് കൂടുതല്‍ പ്രതികരണങ്ങളും. വിവാഹവും വിവാഹമോചനവും ഒരാളുടെ ജീവിതത്തിലെ തീര്‍ത്തും വ്യക്തിപരമായ കാര്യമാണ്. ആ സ്വകാര്യതയ്ക്ക് മേല്‍ ആക്രമണം നടത്തിയുള്ള ഒളിനോട്ട തൃപ്തി ആഘോഷിക്കപ്പെടേണ്ടതുമല്ല. റിമി ടോമിയുടെ പാട്ടിനെയും അവതരണ ശൈലിയെയോ വിമര്‍ശിക്കാം, പക്ഷേ പക്ഷേ അവരുടെ സ്വകാര്യജീവിതത്തെ ആക്രമിക്കാനും സദാചാര സംരക്ഷകരെന്ന വ്യാജേന പെരുമാറ്റച്ചട്ടം അടിച്ചേല്‍പ്പിക്കാനും ആര്‍ക്കും അവകാശമില്ലെന്ന് മനസിലാക്കണം. ഇത്തരം ആക്രമണങ്ങളും സൈബര്‍ ബുള്ളിയിംഗും റിമി ടോമിയില്‍ മാത്രം അവസാനിക്കുന്നതല്ല, തൊടുപുഴയില്‍ സുഹൃത്തിനൊപ്പം ചേര്‍ന്ന് സ്വന്തം മകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സ്ത്രീക്ക് നേരെയുള്ള സൈബര്‍ ആള്‍ക്കൂട്ട ആക്രമണവും സമാനമായിരുന്നു. കുറ്റകൃത്യം ചെയ്തയാള്‍ എന്നതിനപ്പുറം നേരിടേണ്ട വിചാരണയ്ക്കപ്പുറം സ്ത്രീ എന്ന നിലയില്‍ പാലിക്കേണ്ട/ പുലര്‍ത്തേണ്ട സാമൂഹ്യ-കുടുംബ മര്യാദകള്‍ പഠിപ്പിച്ചുകൊണ്ടായിരുന്നു ഇവര്‍ക്കെതിരെയുണ്ടായ ആക്രമണം. പൊതുബോധം നിര്‍വചിക്കുന്ന തരത്തില്‍ ജീവിക്കാന്‍ തയ്യാറാകാത്തവരെ കൂട്ടത്തോടെ ആക്രമിക്കാനും വ്യക്തിഹത്യ നടത്താനും അവര്‍ക്കെതിരെ കൊലവിളിക്കാനുമുള്ള അവകാശം ആര്‍ക്കാണുള്ളത്?

ബിക്കിനി ധരിച്ചു തായ്ലന്‍ഡില്‍ എത്തിയ ജോസഫ് എന്ന സിനിമയിലെ നായിക മാധുരിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലുള്ള കമന്റുകളിലും ചട്ടവും ചിട്ടയും പഠിപ്പിക്കാന്‍ ഇറങ്ങിയ സ്വയംപ്രഖ്യാപിത സദാചാരസംരക്ഷകരുടെ ആഹ്വാനങ്ങളും അസഭ്യവുമാണ് നിറയെ. കെവിന്‍ വധക്കേസിലെ വിചാരണയെക്കുറിച്ചുള്ള വാര്‍ത്തകളില്‍ നീനുവിന്റെ മൊഴി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ദുരഭിമാനക്കൊലയുടെ ആരാധകക്കൂട്ടമെന്ന് സംശയിക്കേണ്ട മനുഷ്യരുടെ ആക്രമണം കാണാം.

Neenu / Google images

കെവിന്റെ മരണത്തിന് ഉത്തരവാദികളായ മാതാപിതാക്കള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന നീനുവിനെതിരെ അസഭ്യവര്‍ഷം പരിഹാസവും മുഴക്കുന്നവരുടേത് എത്രമാത്രം വികലമായ മാനസിക നില ആയിരിക്കും?. 'ജനിപ്പിച്ച അച്ഛനേം അമ്മയേം തഴഞ്ഞവള്‍, എല്ലാം വരുത്തി വെച്ചവള്‍ 'എന്ന രീതിയില്‍ തുടങ്ങി ഇവിടെയും അസഭ്യവര്ഷങ്ങളാണ്. ആക്രമണത്തെ അതിജീവിച്ച് കരിയറില്‍ സജീവമായ മലയാളത്തിലെ നടി അവരുടെ തിരിച്ചുവരവിനെക്കുറിച്ച് അഭിമുഖത്തില്‍ സംസാരിച്ചപ്പോള്‍ അതിന് പ്രതികരണങ്ങളായി പെരുകുന്ന കമന്റുകളില്‍ വെര്‍ബല്‍ റേപ്പിന്റെയും ഹിംസാത്മകതയുടെയും മനോനില കാണാം.

എന്ത് കൊണ്ടാണ് സെലിബ്രിറ്റികളായ സ്ത്രീകള്‍ മാത്രം ആക്രമിക്കപ്പെടുന്നതെന്ന് കൂടെ ആലോചിക്കണം. കുറ്റകൃത്യങ്ങളില്‍ ഇരയോ, പ്രതിയോ ആയി സ്ത്രീകളെത്തുമ്പോള്‍ അവര്‍ക്ക് നേരെയുള്ള ആക്രമണം 'കുടുംബ-സാമൂഹ്യ-സദാചാര' മൂല്യങ്ങളെ മുന്‍നിര്‍ത്തിയുള്ള ഓഡിറ്റിംഗ് ആയി മാറും. ഒരു പുരുഷന്റെ വാര്‍ത്ത ആഘോഷിക്കപ്പെടുമ്പോള്‍ സ്ത്രീക്ക് കിട്ടുന്നത് തിരിച്ചും.

Rimi tomy facebook page

വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തിലെ ഒരു മുന്‍നിര നായികയുടെ വിവാഹം വാര്‍ത്തയായപ്പോള്‍ ഫോര്‍വേഡ് എസ് എം എസുകള്‍ സജീവമായിരുന്ന കാലമായതിനാല്‍ കൂടുതല്‍ പ്രചരിപ്പിക്കപ്പെട്ടൊരു മെസ്സേജ് ഇതായിരുന്നു. ഇത്രയും നാള്‍ പൊതുമേഖലയിലായിരുന്ന സ്ഥാപനം സ്വകാര്യമേഖലയിലായി എന്ന്. സൈബര്‍ ബുള്ളിയിങ്ങിന്റെയും ഒളിഞ്ഞുനോട്ട ലഹരിയുടെയും വ്യക്തിഹത്യയുടെയും ഇരകള്‍ സ്ത്രീകളാണെന്നതിന് ഫോര്‍വേഡ് എസ് എം എസ് കാലത്തും ഫേസ്ബുക്ക് കാലത്തും മാറ്റമില്ലെന്ന് മനസിലാക്കണം. വിവാഹിതയാകുന്ന സ്ത്രീയും ഭാര്യയായ സ്ത്രീയും അമ്മയായ സ്ത്രീയുമൊക്കെ നിരന്തരം സമൂഹത്തിന് ഓഡിറ്റിംഗിന് അവകാശമുള്ള വസ്തുക്കളെന്ന് നിലയ്ക്ക് പരിഗണിക്കപ്പെടുന്നു. കമന്റ് ബോക്‌സിലെ ഇതേ കൂട്ടമാണ് തെരുവിലേക്കും ഇടവഴികളിലേക്കും അയല്‍വീട്ടിലേക്കുമായി പെരുകി ആള്‍ക്കൂട്ട വിചാരണയുടെയും കൊലയുടെയും നടത്തിപ്പുകാരാകുന്നത്. ഒരു പ്രത്യേകതരം സ്വയം പ്രഖ്യാപിത സംരക്ഷകരാണ് ഇവര്‍. സ്ത്രീകള്‍, പ്രത്യേകിച്ചും സെലിബ്രിറ്റികളായ സ്ത്രീകളെ സംരക്ഷിക്കേണ്ടത് ഞങ്ങടെ ചുമതലയാണ്, അത് കൊണ്ടാണ് അവര്‍ വഴി തെറ്റാതെ പോകുന്നത് എന്ന വിചാരമാണ് ഇവരുടേത്. സമൂഹത്തില്‍ അന്തര്‍ലീനമായ സ്ത്രീവിരുദ്ധതയുടെ പലഭേദങ്ങളാണ് ഓരോ പ്രതികരണങ്ങളിലുമായി കമന്റ് ബോക്‌സിന്റെ എണ്ണം കൂട്ടുന്നത്. സ്ത്രീകളുടെ നേരെ ആകുമ്പോള്‍ ലൈംഗികദാരിദ്ര്യം ആവോളം പ്രദര്‍ശിപ്പിക്കാമെന്ന ധൈര്യമോ ധാരണയോ ഇവരിലുണ്ട്. തങ്ങളുടെ അധികാരം അടിച്ചേല്‍പ്പിക്കുകയും ചെയ്യാം. സ്വഭാവവൈകല്യം തങ്ങള്‍ക്കല്ല മുന്നിലുള്ള ഈ സെലിബ്രിറ്റികള്‍ക്കാണ് എന്ന മിഥ്യാധാരണയിലാണ് ഈ പ്രതികരണങ്ങളേറെയും.

മുമ്പ് സൈബര്‍ ബുള്ളിയിംഗിന് പലരും ഫേക്ക് ഐഡിയാണ് ഉപയോഗിക്കുന്നതെങ്കിലും ഈ കമന്റുകള്‍ മിക്കതും സ്വന്തം ഐ ഡി യില്‍ വന്നാണ്. സ്വന്തം കര്‍ത്തവ്യമാണ്, തങ്ങള്‍ ഇത് ചെയ്‌തേ ഒക്കൂ എന്ന ചിന്തയിലാണ് ഇവര്‍ ആങ്ങള ചമഞ്ഞും കാരണവര്‍ ചമഞ്ഞും അസഭ്യവര്‍ഷം നടത്തുന്നത്. സെലിബ്രിറ്റി സ്ത്രീകളുടെ സംരക്ഷണം ഞങ്ങളുടെ ചുമതല എന്ന് കരുതുന്ന ഈ കൂട്ടര്‍ക്ക് ലിംഗ വ്യത്യാസം ഇല്ല എന്നതും ശ്രദ്ധേയമാണ്. അവഗണിക്കുക മാത്രം ആയിരുന്നു ഇത്രയും കാലം ഇങ്ങനെ ഉള്ള അസഭ്യവര്‍ഷങ്ങളോട് ചെയ്തിരുന്നത്. അവഗണിക്കുന്തോറും കൂടി വരുന്ന നിത്യേന സംരക്ഷരുടെ എണ്ണം. സഭ്യമല്ലാത്ത കമന്റ്കള്‍ ഉള്ള ഐഡികള്‍ക്കെതിര നിയമനടപടി എടുക്കാതെ ഓണ്‍ലൈന്‍ ആങ്ങളമാര്‍ അടങ്ങുമെന്ന് പ്രതീക്ഷ അസ്ഥാനത്താണ് എന്ന് തന്നെ തോന്നുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in