സാമ്പത്തിക പ്രശ്നങ്ങളിൽ കൂപ്പുകുത്തുന്ന ബ്രിട്ടൻ

സാമ്പത്തിക പ്രശ്നങ്ങളിൽ കൂപ്പുകുത്തുന്ന ബ്രിട്ടൻ
Summary

സാമ്പത്തിക പ്രശ്നങ്ങൾ ബ്രിട്ടനെ വിട്ടുമാറാത്തതിന് പിന്നിലെന്ത്? ബ്രിട്ടനിലെ ജനങ്ങൾ ഓരോ ദിവസവും സമരത്തിലാണ്. ബ്രിട്ടനിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് ഇപ്പോൾ സംഭവിക്കുന്നത്. ഋഷി സുനകിന്റെ ഭരണ പരാജയമാണോ നിലവിലുള്ള അവസ്ഥയ്ക്ക് കാരണം ? അലൻ പോൾ വർഗ്ഗീസ് എഴുതുന്നു.

രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികൾ ബ്രെക്സിറ്റ്‌ കാലം മുതലേ ബ്രിട്ടനെ പിന്തുടരുകയാണ്. രാഷ്ട്രീയത്തിലെ അസ്ഥിരതയും തെറ്റായ ജിയോപൊളിറ്റിക്കൽ, സാമ്പത്തിക നയങ്ങളും രൂക്ഷമായ പ്രതിസന്ധി ബ്രിട്ടനിൽ സൃഷ്ടിച്ചിട്ടുണ്ട്. 2023 പുതുവർഷത്തിൽ ഒരു സമര കലണ്ടർ വരെ പുറത്തിറങ്ങി. ഓരോ ദിവസവും ഓരോ വിഭാഗം സമരം ചെയ്യുന്ന അവസ്ഥയിലാണ് ബ്രിട്ടൻ. ഫയർ ഫോഴ്സ്, നേഴ്‌സുമാർ, റെയിൽവേ തൊഴിലാളികൾ തുടങ്ങി വിദ്യാർത്ഥികളും അധ്യാപകരും വരെ ചെറുതും വലുതുമായ സമരത്തിലാണ്. വളർച്ച നിരക്കുകളുടെ സൂചികയിൽ എല്ലാം തന്നെ ബ്രിട്ടൻ താഴോട്ടാണ്.

ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണ് ഇപ്പോൾ സംഭവിക്കുന്നത് എന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണ്ടെത്തൽ. 1920 മുതൽ പരിശോധിക്കുകയാണെങ്കിൽ ഏറ്റവും അപകടകരമായ പ്രതിസന്ധിയാണെന്ന് കേന്ദ്ര ബാങ്ക് വിലയിരുത്തിയത് 2022 ലാണ്. നൂറു കൊല്ലം കൂടുമ്പോൾ മുതലാളിത്ത വ്യവസ്ഥയിൽ വലിയ കുഴപ്പങ്ങൾ ഉണ്ടാകുന്നത് ഒരു യാദൃശ്ചികതയല്ല എന്ന മാർക്സിയൻ സാമ്പത്തിക ശാസ്ത്ര നിരീക്ഷണം ഇവിടെ പ്രസക്തമാണ്.

എന്താണ് ഈ തകർച്ചയ്ക്ക് കാരണം ? മാർഗരറ്റ് താച്ചറിലൂടെ തുടങ്ങി വച്ച് ഇപ്പോൾ ഋഷി സുനക് അടക്കം നടത്തി കൊണ്ട് പോകുന്ന ജനക്ഷേമ വിരുദ്ധ ചെലവ് ചുരുക്കൽ നയമാണ് കാരണം. മാർഗരറ്റ് താച്ചറിൽ നിന്ന് ആരംഭിക്കുന്ന ചരിത്രം മുഴുവനായി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 2008 മുതൽ ആരംഭിച്ച്, ബ്രെക്സിറ്റ്‌ , കോവിഡ് പിന്നെ പോസ്റ്റ് കോവിഡ് സമ്പദ് വ്യവസ്ഥ എന്നീ ടൈംലൈനുകൾ പരിശോധിക്കാനാണ് ശ്രമിക്കുന്നത്.

നൂറു വർഷത്തിൽ ആദ്യമായി ബ്രിട്ടനിൽ ആയുർ ദൈർഘ്യം വളർച്ച നിലച്ചു എന്ന് മാർമോട്ട് റിപ്പോർട്ട് 2020 പറയുന്നു.

2008 ൽ സംഭവിച്ച സാമ്പത്തിക മാന്ദ്യത്തിന് "പരിഹാരമായി" 2010 ൽ അധികാരത്തിൽ വന്ന ഡേവിഡ്‌ കാമറൂൺ ചെയ്തത് അമിതമായ ചിലവ് ചുരുക്കൽ(austerity )നയം കൊണ്ട് വന്നതാണ്. സാമൂഹിക സുരക്ഷ പരിപാടികളിൽ വലിയ വെട്ടി ചുരുക്കലുകൾ ഉണ്ടായി. ഇതിന്റെ പ്രത്യാഘാതം 2020 ൽ പുറത്ത് വന്ന മൈക്കൽ മാർമോട്ട് റിപ്പോർട്ട് തുറന്ന് കാണിക്കുന്നുണ്ട്. ഏതൊരു രാജ്യത്തിന്റെയും പൗരന്മാരുടെ ആയുർ ദൈർഘ്യം അഥവാ ലൈഫ് എക്സ്പറ്റൻസി വർധിക്കുന്നത് ഒരു പോസിറ്റീവ് സൂചികയാണ്. എന്നാൽ നൂറു വർഷത്തിൽ ആദ്യമായി ബ്രിട്ടനിൽ ആയുർ ദൈർഘ്യം വളർച്ച നിലച്ചു എന്ന് മാർമോട്ട് റിപ്പോർട്ട് 2020 പറയുന്നു. യു.സി.എൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഇക്വിറ്റിയുടെ ഡയറക്ടർ ആണ് മൈക്കൽ മാർമോട്ട്. 2010 മുതൽ സർക്കാരിന്റെ ചിലവ് ചുരുക്കൽ നയങ്ങൾ മൂലം ആരോഗ്യ മേഖലയിൽ വലിയ അസമത്വങ്ങൾ ഉണ്ടായിയെന്നും അത് മൂലം ജനങ്ങളുടെ ആയുർ ദൈർഘ്യം അടക്കമുള്ള കാര്യങ്ങളിൽ ഗുരുതരമായ കുറവ് സംജാതമായി എന്നും റിപ്പോർട്ട് പറയുന്നു.

റിപ്പോർട്ടിലെ ചില പ്രസക്തഭാഗങ്ങൾ

# ഏറ്റവും പിന്നാക്കം നിൽക്കുന്ന 10 ശതമാനം പ്രദേശങ്ങളിലെ സ്ത്രീകളുടെ ആയുർദൈർഘ്യം 2010-12 നും 2016-18 നും ഇടയിൽ കുറഞ്ഞു.

# പ്രദേശങ്ങൾക്ക് അനുസരിച്ച് ആയുർദൈർഘ്യത്തിൽ പ്രകടമായ വ്യത്യാസങ്ങൾ ഉണ്ട്, പ്രത്യേകിച്ച് കൂടുതൽ ദരിദ്രമായ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്കിടയിൽ.

# 50 വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക് കുറയുന്ന ലക്ഷണമില്ല. വാസ്തവത്തിൽ, 45-49 വയസ് പ്രായമുള്ളവരുടെ മരണനിരക്ക് വർദ്ധിച്ചു. ഈ പ്രായത്തിൽ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥകൾ ആരോഗ്യത്തെ ദുർബലപ്പെടുത്തിയിരിക്കാൻ സാധ്യതയുണ്ട്.

# 2010 മുതൽ ഇംഗ്ലണ്ടിലുടനീളം ആളുകൾ മോശമായ ആരോഗ്യത്തോടെ ചെലവഴിക്കുന്ന സമയത്തിന്റെ അളവ് വർദ്ധിച്ചു.

# 2010-ൽ റിപ്പോർട്ട് ചെയ്തതുപോലെ, ആരോഗ്യത്തിലെ അസമത്വങ്ങൾ വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും ദോഷകരമായി ബാധിക്കുന്നു.

# ജനക്ഷേമ പരിപാടികൾ വെട്ടിച്ചുരുകുന്നത് സാമൂഹിക സൂചികകളെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്.

റിപ്പോർട്ടിന്റെ പൂർണ രൂപം : https://www.health.org.uk/sites/default/files/2020-03/Health%20Equity%20in%20England_The%20Marmot%20Review%2010%20Years%20On_executive%20summary_web.പ്ദഫ്

ആരോഗ്യ മേഖലയിൽ ഇതാണ് സ്ഥിതിയെങ്കിൽ സാമ്പത്തിക വ്യവസ്ഥയുടെ ശോചനീയാവസ്ഥ ആലോചിച്ചു നോക്കൂ. തൊമസ് കോറം റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം പ്രകാരം കുട്ടികൾക്ക് ഇടയിലുള്ള ദാരിദ്ര്യം അഥവാ ചൈൽഡ് പോവെർട്ടി രണ്ടാം ലോക മഹായുദ്ധ സമയത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. OECD യുടെ കണ്ടെത്തൽ പ്രകാരം പോളണ്ട്, ഐയർലാൻഡ് , ഒ ഇ സി ഡി രാജ്യങ്ങളിലെ ചൈൽഡ് പോവെർട്ടിയെക്കാൾ കൂടുതലാണ് യു.കെ യിൽ. ഡേവിഡ്‌ കാമറൂൺ സർക്കാരിന്റെ ചിലവ് ചുരുക്കൽ നയങ്ങൾ സാരമായി ബാധിച്ച ഒരു മേഖല നാഷണൽ ഹെൽത്ത് സർവീസാണ്. ഒരുപാട് പേരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. പൊതുമേഖല ആശുപത്രികൾക്ക്‌ നൽകി വരുന്ന ബഡ്‌ജറ്റ്‌ വിഹിതങ്ങൾ കുറഞ്ഞു വന്നു. ആരോഗ്യ സേവനം ഒരു ലക്ഷ്വറി ഉത്പന്നമായി. പബ്ലിക്ക് സ്‌പെൻഡിങ് കുറഞ്ഞതോടെ സമ്പദ് വ്യവസ്ഥയിൽ ഡിമാൻഡ് ഇല്ലാതാകാൻ തുടങ്ങി. അതോടെ തൊഴിലില്ലായ്‌മ രൂക്ഷമായി. സമ്പദ് വ്യവസ്ഥയുടെ ചലനങ്ങൾ താളം തെറ്റിയതോടെ ശമ്പളം , റിസേർച്ചിനുള്ള ഫണ്ടുകൾ എന്നിവ കുറഞ്ഞു തുടങ്ങി. ഇത് കൂടുതൽ സമരങ്ങൾക്ക് വഴി തെളിയിച്ചു .

ഋഷി സുനകിന്റെ പരാജയ ഭരണം

കോൺസെർവറ്റിവ് പാർട്ടിയ്ക്ക് ഉള്ളിൽ നടത്തിയ ആഭ്യന്തര കളികളുടെ ഫലമായിട്ടാണ് ലിസ് ട്രെസ്സ് രാജി വച്ച് ഋഷി സുനക് പ്രധാനമന്ത്രിയാകുന്നത്. എല്ലാ കോൺസെർവറ്റിവ് പാർട്ടി പ്രധാനമന്ത്രിമാരെ പോലെയും വെൽഫെയർ രാഷ്ട്രീയ വിരുദ്ധനും ചിലവ് ചുരുക്കൽ വിദഗ്ദനുമാണ് സുനക്. അധികാരത്തിൽ വന്നപ്പോൾ നൽകിയ വാഗ്ദാനങ്ങൾ എല്ലാം തന്നെ പാഴായി

അഞ്ചു പ്രഖ്യാപനങ്ങളാണ് സുനക് ബ്രിട്ടന് നൽകിയത്. 1. വിലക്കയറ്റം പകുതിയായി കുറയ്ക്കും. 2. സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്തും 3. നാഷണൽ ഹെൽത്ത് സർവീസിലെ (എൻ എച്ച് എസ് )വെയ്റ്റിംഗ് ലിസ്റ്റുകൾ കുറച്ചു കൊണ്ട് വരും ( ചികിത്സ ദ്രുത ഗതിയിലാക്കും ) 4. ദേശീയ പൊതു കടം കുറയ്ക്കും. 5. അനധികൃത കുടിയേറ്റം കുറയ്ക്കും

എന്നാൽ ഈ പറഞ്ഞ വാഗ്ദാനങ്ങൾ ഒന്നും നടപ്പിലാക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല യു.കെ യിലെ ഏറ്റവും വരേണ്യമായ വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ഭരണമാണ് സുനക് നടത്തുന്നത്. മേൽ പറഞ്ഞ അഞ്ചു കാര്യങ്ങളിലും ക്രിയാത്മകമായി ഇടപെടാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല എന്ന അഭിപ്രായം ജനങ്ങൾക്ക് ഇടയിൽ ശക്തമാണ് എന്ന് Ipsos UK. സർവേ ഫലം പറയുന്നു. എൻ എച്ച് എസ് വെയ്റ്റിംഗ് നിരയും വിലക്കയറ്റവും ഇപ്പോഴും കുതിച്ചുയരുകയാണ്.

ബ്രിട്ടനിൽ പെൻഷൻ സ്കീമുകളിൽ ചിലതിന് നികുതി ഇളവുകൾ ഉണ്ട്. അത് പോലെ വലിയ വരുമാനങ്ങൾ ഉള്ളവരുടെ പെൻഷൻ അലവൻസുകൾക്ക് നികുതിയും ഈടാക്കാറുണ്ട്. സമ്പന്ന വിഭാഗങ്ങളുടെ പെൻഷൻ അലവൻസിന് മേൽ ചുമത്തപ്പെട്ട നികുതി ചാൻസിലർ ആയ ജെറെമി ഹണ്ട് എടുത്ത് മാറ്റിയത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. സമ്പന്ന വിഭാഗങ്ങൾക്ക് വേണ്ടി നടത്തുന്ന നികുതി പരിഷ്കാരത്തിന് എതിരെ ജനങ്ങൾക്ക് ഇടയിൽ സംസാരങ്ങളുണ്ട്.

ഇപ്പോൾ യു.കെ യുടെ സ്ഥിതിയെന്താണ് എന്ന് സംക്ഷിപ്തമായി പറയാം

1. Institute for Employment Studies(IES) ന്റെ പഠന റിപ്പോർട്ട് പ്രകാരം ലേബർ ഫോഴ്സ് അഥവാ തൊഴിൽ മാർക്കറ്റിൽ നിന്ന് പത്ത് ലക്ഷം പേരെങ്കിലും പുറത്തായി.

2. കൊറോണ സമയത്ത് സർക്കാർ നൽകി വന്നിരുന്ന അപ്പ്രെന്റിസ് പദ്ധതികൾ ഇപ്പോൾ സുനക് നിർത്തലാക്കി. വേതന നിരക്കിലും തൊഴിലില്ലായ്‌മയിലും വലിയ വർധനവ് ഉണ്ടായിയെന്ന് IES തലവൻ ടോണി വിത്സൺ പറയുന്നു.

3. ജി 7 രാജ്യങ്ങളിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന രാജ്യമായി ബ്രിട്ടൻ മാറുമെന്ന് സൂചനകൾ. നെഗറ്റീവ് വളർച്ചയുള്ള ഏക ജി 7 രാജ്യം ബ്രിട്ടൻ ആണെന്ന് ഐ എം എഫ്‌ ഫോർകാസ്റ്

4. സർക്കാരിന്റെ കടമെടുപ്പ് ജി ഡി പി യുടെ 100% നും അധികം. കഴിഞ 70 കൊല്ലത്തിനടിയിൽ ആദ്യം.

5. ജൂൺ 8 2023ന് എൻ എച് എസ് വെയ്റ്റിങ് ലിസ്റ്റ് 7.4 മില്യൺ ആയി ഉയർന്നു.

ട്രേഡ് യൂണിയനുകൾ തകർക്കൽ ചിലവ് ചുരുക്കൽ നയം കൊണ്ട് നടക്കുന്ന പതിവ് കോൺസെർവറ്റിവ് നയത്തിൽ നിന്ന് വ്യത്യസ്തമായി ചിന്തിച്ചാൽ മാത്രമാണ് സുനക്കിന് ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയ്ക്ക് ഒരു ശമനം ഉണ്ടാക്കാൻ പറ്റൂ

(ഡൽഹി യൂണിവേഴ്സിറ്റിയിലെ എംഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയും എഐഎസ്എഫ്‌ കേരള സംസ്ഥാന കമ്മിറ്റി അംഗവുമാണ് ലേഖകൻ)

Related Stories

No stories found.
logo
The Cue
www.thecue.in