'രണ്ടില ചിഹ്നത്തിൽ രാമു കാര്യാട്ടിനെ വിജയിപ്പിക്കുക'

'രണ്ടില ചിഹ്നത്തിൽ രാമു കാര്യാട്ടിനെ വിജയിപ്പിക്കുക'
Summary

സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് നോമിനേഷൻ കൊടുത്തത്തെങ്കിലും രാഷ്ട്രീയഭേദമെന്യേ എല്ലാ വിഭാഗത്തിൽ പ്പെട്ടവരുടെയും പിന്തുണയാർജ്ജിക്കാൻ തുടക്കത്തിൽ കാര്യാട്ടിന് കഴിഞ്ഞിരുന്നു. അന്നത്തെ സൂപ്പർ താരങ്ങളായ പ്രേംനസീർ, മധു, ഷീല തുടങ്ങിയവർ പങ്കെടുത്ത വലിയ തെരഞ്ഞെടുപ്പ് സമ്മേളനമാണ് തേക്കിൻകാട് മൈതാനത്ത് നടന്നത്.

തൃശൂരിൽ പഴയ ഒരു തിരഞ്ഞെടുപ്പ് കാലം. നേരം അർദ്ധരാത്രി. നഗരവീഥിയിൽ ചുവരെഴുത്തിനിറങ്ങിയിരിക്കുകയാണ്, ചങ്ങാതിമാരുടെ ഒരു സംഘം. ചിലർ കുമ്മായപ്പാട്ടയും ബ്രഷുകളും ചുമക്കുന്നു. ചിലർ ചുവരിന്റെ വെള്ളയടിക്കുന്നു.കൂട്ടത്തിലെ തീരെ മെലിഞ്ഞ, താടി വെച്ച ചെറുപ്പക്കാരൻ മതിലിൽ 'രണ്ടില'യുടെ പടം വരച്ച് വലിയ അക്ഷരങ്ങളിൽ സ്ഥാനാർത്ഥിയുടെ പേരെഴുതുന്നു

"തൃശൂർ ലോക്സഭാ നിയോജകമണ്ഡലത്തിൽ നിന്ന് രണ്ടില ചിഹ്നത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി രാമു കാര്യാട്ടിനെ വിജയിപ്പിക്കുക."

ചുവരെഴുതുന്ന ചെറുപ്പക്കാരൻ പിൽക്കാലത്ത് ചലച്ചിത്ര സംവിധായകനായി മാറിയ, അതിനു മുൻപ് കലാസംവിധായകനായി പേരെടുത്ത അമ്പിളിയാണ്. ചുവരിൽ വെള്ളയടിക്കുന്നതും ക്രമം തെറ്റാതെയെഴുതാൻ നൂല് പിടിച്ചുകൊടുക്കുന്നതും ചായം കൊണ്ട് അക്ഷരങ്ങൾ ഫില്ലു ചെയ്യുന്നതുമൊക്കെ ചില്ലറമനുഷ്യരൊന്നുമല്ല .സാഹിത്യലോകത്ത് ജ്വലിക്കുന്ന താരമായി ഉദിച്ചുയർന്നു കൊണ്ടിരിക്കുന്ന പി പത്മരാജനും വിഖ്യാത ചലച്ചിത്ര നിർമ്മാതാവും ഫോട്ടോ സ്റ്റുഡിയോ ഉടമയുമായ ശോഭനാ പരമേശ്വരൻ നായരുമാണ്. പത്രപ്രവർത്തകനും എഴുത്തുകാരനുമായ വിജയൻ കരോട്ടും തൃശൂർ ആകാശവാണിയിൽ ഉദ്യോഗസ്ഥനായ വി കെ മണികണ്ഠൻ നായരുമൊക്കെയുണ്ട് കൂട്ടിന്. ആവശ്യമുണ്ടെങ്കിൽ തങ്ങളുടെ ചങ്ക് പറിച്ചു കൂട്ടുകാരനു കൊടുക്കാൻ തയ്യാറായി ഇറങ്ങിപ്പുറപ്പെട്ടവരാണ് സ്ഥാനാർത്ഥിയുടെ ഈ ആത്മാർത്ഥ സുഹൃത്തുക്കൾ. ഇത്തവണ ചങ്ങാതിയെ എങ്ങനെയും ജയിപ്പിച്ചെടുത്തേ അടങ്ങൂ എന്ന വാശിയിലാണ് അവരെല്ലാം.1971 മാർച്ചിൽ ലോക്സഭയിലേക്ക് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിന്റെ കഥയാണിത്.

രാമു കാര്യാട്ടിനെ സംബന്ധിച്ചിടത്തോളം ആദ്യത്തെ തിരഞ്ഞെടുപ്പ് പോരാട്ടമായിരുന്നില്ല അത് .1965 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നാട്ടികയിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച കാര്യാട്ടിന് രണ്ടു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും പിന്തുണയുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിന് തൊട്ടു പിന്നാലെ നടന്ന അസംബ്ലി ഇലക്ഷനിൽ പരസ്പരം കടിച്ചു കീറാൻ തയ്യാറെടുത്തുകൊണ്ട് പോർക്കളത്തിലിറങ്ങിയ രണ്ടു വിഭാഗവും ഏക മനസ്സോടെ തിരഞ്ഞെടുപ്പിനെ നേരിട്ട അപൂർവം മണ്ഡലങ്ങളിലൊന്നായിരുന്നു നാട്ടിക. മറ്റെല്ലാ മണ്ഡലങ്ങളിലും നാലും അഞ്ചും സ്ഥാനാർത്ഥികൾ രംഗത്തുണ്ടായിരുന്നപ്പോൾ, രണ്ടേ രണ്ടു പേർ മാത്രമാണ് നാട്ടികയിൽ മത്സരിക്കാനുണ്ടായിരുന്നത്. വാശിയേറിയ പോരാട്ടത്തിൽ 3286 വോട്ടുകൾക്ക് കോൺഗ്രസിലെ വി കെ കുമാരനെ തറ പറ്റിച്ചുകൊണ്ട് രാമു കാര്യാട്ട് ജയിച്ചു. പക്ഷേ ഒരു പാർട്ടിക്കും മന്ത്രിസഭ രൂപീകരിക്കാനായുള്ള പരസ്പര ധാരണ യിലെത്തിച്ചേരാൻ കഴിയാഞ്ഞതു കൊണ്ട് ആ നിയമസഭ ചാപിള്ളയായി. അന്നെന്നല്ല, പിന്നീടൊരിക്കലും നിയമസഭയുടെ പടി ചവിട്ടാൻ അവസരം ലഭിക്കാത്ത അപൂർവം ഹതഭാഗ്യരുടെ കൂട്ടത്തിലൊരാളായി കാര്യാട്ടും.

കാര്യാട്ടിന്റെ മാഗ്നം ഓപ്പസായ 'ചെമ്മീനി'ൻ്റെ ചിത്രീകരണം പൂർത്തിയായതിന് തൊട്ടുപിറകെയായിരുന്നു 65ലെ തിരഞ്ഞെടുപ്പ്. അതുകഴിഞ്ഞപ്പോഴേക്കും ചെമ്മീൻ സ്വർണ്ണ മെഡൽ നേടിയതിന്റെയും സൂപ്പർ ഹിറ്റായതിന്റെയും ആഘോഷങ്ങൾ തുടങ്ങി. ഒപ്പം അടുത്ത ചിത്രമായ 'ഏഴു രാത്രികളു'ടെ പ്രീ പ്രൊഡക്ഷൻ ജോലികളും. അതുകൊണ്ട് 1967ലെ തിരഞ്ഞെടുപ്പിൽ കാര്യാട്ട് മത്സരിച്ചില്ല. ഏഴു രാത്രികളും അതിനു ശേഷം സംവിധാനം ചെയ്ത അഭയവും,ചെമ്മീനിൻ്റെ സ്രഷ്ടാവിൻ്റെ സൽപ്പേര് ഉയർത്താൻ ഒട്ടും സഹായിച്ചില്ലെന്നു മാത്രമല്ല, സാമ്പത്തികമായും വിജയിച്ചില്ല. ഇതിനെല്ലാം പുറമേ കാര്യാട്ടിന് കനത്ത ആഘാതമേൽപ്പിച്ചു കൊണ്ട് മകൻ സോമൻ്റെ വേർപാട് സംഭവിക്കുന്നതും അക്കാലത്താണ്.പക്ഷേ രാമു കാര്യാട്ട് എന്ന നിതാന്ത പോരാളിയെ തളർത്താൻ ഇതിനൊന്നിനും കഴിഞ്ഞില്ല.

ആ സമയത്താണ് കേന്ദ്ര മന്ത്രി പനമ്പിള്ളി ഗോവിന്ദ മേനോൻ്റെ നിര്യാണത്തെ തുടർന്ന് 1970 ൽ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്.കാര്യാട്ട് മത്സരത്തിനിറങ്ങി. ഇത്തവണ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയുണ്ടായില്ല. കോൺഗ്രസ്സ് -- സിപിഐ മുന്നണിയുടെ സ്ഥാനാർത്ഥിയായ, പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് എ സി ജോർജ്ജ് , മാർക്സിസ്റ്റ് പിന്തുണയുള്ള സംഘടനാ കോൺഗ്രസ്സ് സ്ഥാനാർത്ഥി ആനി തയ്യിലിനെ പരാജയപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ കാര്യാട്ടിന് 11546 വോട്ടുകൾ പിടിക്കാൻ സാധിച്ചു.

ചെമ്മീന് ശേഷം രാമു കാര്യാട്ട്, കണ്മണി ബാബു തുടങ്ങിയവർ
ചെമ്മീന് ശേഷം രാമു കാര്യാട്ട്, കണ്മണി ബാബു തുടങ്ങിയവർ

ആ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷം തികയുന്നതിന് മുൻപേ ഇന്ദിരാ ഗാന്ധി ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രാമു കാര്യാട്ട് ഒരിക്കൽ കൂടി ഭാഗ്യപരീക്ഷണത്തിനിറങ്ങാൻ തീരുമാനിച്ചു. പരസ്പരം പോരാടാൻ കച്ച കെട്ടിയിറങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടികൾ രണ്ടും പഴയ സഖാവിനെ മത്സരിപ്പിക്കാൻ താല്പര്യം കാണിച്ചില്ല. എന്നാൽ കാര്യാട്ട് അങ്ങനെയൊന്നും വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. മുകുന്ദപുരത്ത് എ സി ജോർജ്ജ് തന്നെയായിരുന്നു ഐക്യമുന്നണിയുടെ സ്ഥാനാർത്ഥി. കാര്യാട്ട് കളം വിട്ട് തൃശൂർക്കു പോയി.

തൃശ്ശൂർ മണ്ഡലത്തിലെ ഐക്യമുന്നണിയുടെ സ്ഥാനാർത്ഥി സി പി ഐ നേതാവ് സി ജനാർദ്ദനനായിരുന്നു. 1967 ൽ തൃശൂർ നിന്ന് പാർലമെൻ്റിലേക്ക് വിജയിച്ച സി ജനാർദ്ദനൻ സി പി ഐ യുടെ ദീർഘകാലത്തെ ജില്ലാ സെക്രട്ടറി എന്ന നിലയിൽ മണ്ഡലത്തിൽ പരക്കെ സ്വാധീനമുള്ള ആളായിരുന്നു. എതിർ സ്ഥാനാർത്ഥിയായ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കെ പി അരവിന്ദാക്ഷൻ 1967 -- 68 കാലത്ത് രാജ്യസഭാംഗമായിരുന്നു. നിലവിൽ ചൂണ്ടൽ പഞ്ചായത്ത് പ്രസിഡൻ്റും.

കോൺഗ്രസ്സ്, സിപി ഐ, ആർ എസ് പി, മുസ്ലീം ലീഗ്, പി എസ് പി എന്നീ പാർട്ടികൾ നയിക്കുന്ന ഐക്യമുന്നണി കേരളാ കോൺഗ്രസുമായി ധാരണയിലെത്തിക്കൊണ്ട് സി പി എം, കെ എസ് പി, കെ ടി പി പാർട്ടികളുടെ മുന്നണിയെ നേരിട്ടു. സംഘടനാ കോൺഗ്രസ്സ് , ജനസംഘം , സോഷ്യലിസ്റ്റ് കക്ഷികളുടെ മഹാ സഖ്യമാണ് മൂന്നാം ചേരി.

സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് നോമിനേഷൻ കൊടുത്തത്തെങ്കിലും രാഷ്ട്രീയഭേദമെന്യേ എല്ലാ വിഭാഗത്തിൽ പ്പെട്ടവരുടെയും പിന്തുണയാർജ്ജിക്കാൻ തുടക്കത്തിൽ കാര്യാട്ടിന് കഴിഞ്ഞിരുന്നു. അന്നത്തെ സൂപ്പർ താരങ്ങളായ പ്രേംനസീർ, മധു, ഷീല തുടങ്ങിയവർ പങ്കെടുത്ത വലിയ തെരഞ്ഞെടുപ്പ് സമ്മേളനമാണ് തേക്കിൻകാട് മൈതാനത്ത് നടന്നത്. ആയിരക്കണക്കിനാളുകൾ തടിച്ചുകൂടിയ സമ്മേളനം ഉദ്ഘാടനം ചെയ്തത് അക്കാര്യത്തിനേറ്റവും യോഗ്യനായ ഒരാൾ തന്നെയായിരുന്നു. യൗവന കാലം തൊട്ടുള്ള കാര്യാട്ടിന്റെ ഉറ്റ സുഹൃത്ത്, കാര്യാട്ടിനോടൊപ്പം ചേർന്ന് മലയാള സിനിമയുടെ അഭിമാന സ്തംഭമായ 'നീലക്കുയിൽ' സംവിധാനം ചെയ്ത,'വയലാർ ഗർജ്ജിക്കുന്നു' എഴുതിയ പി ഭാസ്ക്കരൻ.

തിരഞ്ഞെടുപ്പ് റാലിയിൽ ഷീല. പിറകിൽ പി ഭാസ്‌ക്കരൻ
തിരഞ്ഞെടുപ്പ് റാലിയിൽ ഷീല. പിറകിൽ പി ഭാസ്‌ക്കരൻ

"ചലച്ചിത്ര വ്യവസായത്തിനും കലാകാരന്മാർക്കും വേണ്ടി പാർലമെൻ്റിൽ വാദിക്കാൻ, ശബ്ദമുയർത്താൻ ഒരാൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.അതിനു നിങ്ങൾ രണ്ടിലയിൽ വോട്ട് രേഖപ്പെടുത്തി രാമുകാര്യാട്ടിനെ വിജയിപ്പിക്കണം."

പ്രേം നസീറിൻ്റെ ആവേശോജ്ജ്വലമായ പ്രസംഗം കേട്ട്, തേക്കിൻകാട് തടിച്ചുകൂടിയ ജനം ഇളകി മറിഞ്ഞു. വീറുറ്റ സ്വാതന്ത്ര്യപ്പോരാളിയായിരുന്നെങ്കിലും പിന്നീട് രാഷ്ട്രീയത്തിൽ നിന്നു പൂർണ്ണമായും അകന്നുനിന്ന ഒരപൂർവ വ്യക്തിത്വം കാര്യാട്ടിന് വോട്ടുപിടിക്കാനായി എത്തിയത് അത്ഭുതത്തോടെയാണ് എല്ലാവരും കണ്ടത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പ് ഏറ്റുവാങ്ങാൻ പോലും വൈലാലിൽ വീടിന്റെ പടിയിറങ്ങാൻ കൂട്ടാക്കാത്ത സാക്ഷാൽ ബേപ്പൂർ സുൽത്താനാണ് പ്രിയപ്പെട്ട ശിഷ്യന് വേണ്ടി ഈ സാഹസത്തിനൊരുങ്ങിയത്. പണ്ട് ചങ്ങമ്പുഴയോടും മുണ്ടശ്ശേരിയോടുമൊപ്പം ചിലവഴിച്ച മംഗളോദയം കാലത്തെ സുഹൃദ് ബന്ധങ്ങൾ പുതുക്കിക്കൊണ്ട് വൈക്കം മുഹമ്മദ്‌ ബഷീർ രാമുവിന് വേണ്ടി വോട്ടു ചോദിച്ചു. അത്തിനുപുറമേ കാര്യാട്ടിനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു പ്രസ്താവനയിറക്കാനും തയ്യാറായി.

ബഷീറിനോടൊത്ത് രാമു കാര്യാട്ട്, കണ്മണി ബാബു
ബഷീറിനോടൊത്ത് രാമു കാര്യാട്ട്, കണ്മണി ബാബു

"രാമുവിൻ്റെ തിരഞ്ഞെടുപ്പു പ്രചരണങ്ങൾ ചരിത്രമായിരുന്നുവെന്ന് കൂട്ടുകാർ പറഞ്ഞതിനെകുറിച്ച് മറ്റൊരു പ്രിയപ്പെട്ട സുഹൃത്ത് എം ടി വാസുദേവൻ നായർ ഓർമ്മിക്കുന്നു :

"രാമു മദ്യപാനിയാണ്, വ്യഭിചാരിയാണ് എന്നൊക്കെ എതിർചേരി പ്രസംഗിച്ചു. തിരഞ്ഞെടുപ്പിൽ ഇതൊക്കെ സാധാരണമാണല്ലോ .

"......ചേച്ചിയെ ഷൂട്ട് ചെയ്യ്ണ രാമുച്ചേട്ടന് വോട്ടില്ല " -- ഒരു പ്രസിദ്ധ നടിയുടെ പേര് ചേർത്ത് പിള്ളേർ മുദ്രാവാക്യവും വിളിച്ചു. രാമു പ്രസംഗത്തിലൂടെ മറുപടി:

"ശരിയാണ്,ഞാൻ മദ്യപിക്കാറുണ്ട്, വ്യഭിചരിച്ചിട്ടുണ്ട്. പക്ഷേ,പാവപ്പെട്ടവനെ ചൂഷണം ചെയ്തോ പൊതുമുതൽ അപഹരിച്ചോ ഇതൊന്നും ഇന്നോളം നടന്നിട്ടില്ല."

ജനം കൈയടിക്കില്ലേ? അടിച്ചു."

('നമ്മൾ വെറും മനുഷ്യർ')

എന്നാൽ ആവേശത്തോടെ കയ്യടിച്ച, നസീറി നെയും ഷീലയെയും കണ്ടപ്പോൾ ആർപ്പു വിളിച്ച ജനം പോളിംഗ് ബൂത്തിലെത്തിയപ്പോൾ കാലുമാറി. സി പി ഐ യുടെയും സി പി എമ്മിൻ്റെയും സ്ഥാനാർത്ഥികൾ തമ്മിൽ നടന്ന വാശിയുള്ള പോരാട്ടത്തിൽ ഒടുവിൽ സി ജനാർദ്ദനൻ 20,324 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ചു.സംഘടനാ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയ്ക്കും പിറകിൽ നാലാമനായി ഫിനിഷ് ചെയ്ത രാമു കാര്യാട്ടിന് 6346 വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ. ഡെപ്പോസിറ്റ് തുക ഖജനാവിന് സംഭാവന ചെയ്യുകയും ചെയ്തു. തൻ്റെ അവസാനത്തെ തിരഞ്ഞെടുപ്പ് മൽസരത്തോടെ രാഷ്ട്രീയത്തിലെ ഭാഗ്യ പരീക്ഷണങ്ങൾ എന്നെന്നേക്കുമായി അവസാനിപ്പിച്ച രാമുകാര്യാട്ട് തന്റെ സ്വന്തം തട്ടകത്തിലേക്ക് മടങ്ങിപ്പോയി.മലയാള സിനിമയെ മദിരാശിയിൽ നിന്ന് കേരളത്തിലേക്ക് പറിച്ചു നടാനും കേരളത്തിൽ ഒരു പൊതുമേഖലാ സ്റ്റുഡിയോ ആരംഭിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് ചലച്ചിത്ര സംഘടനാ രംഗത്ത് സജീവമായിരുന്നെങ്കിലും രാഷ്ട്രീയത്തിലേക്കും തിരഞ്ഞെടുപ്പ് വേദിയിലേക്കും പിന്നീട് കാര്യാട്ട് തിരിഞ്ഞു നോക്കിയില്ല.കൂട്ടുകാരുമൊത്തുള്ള നിയന്ത്രണങ്ങളൊന്നുമില്ലാത്ത ആഘോഷങ്ങളും യാതൊരു ചിട്ടയുമില്ലാത്ത ജീവിതശൈലിയും സിനിമ സമ്മാനിച്ച മാനസിക സമ്മർദ്ദ ങ്ങളുമെല്ലാം കൂടി കാര്യാട്ടിന്റെ ആരോഗ്യം തകർത്തു. അൻപത്തിരണ്ട് വയസ്സു തികഞ്ഞതിന് തൊട്ടുപിന്നാലെ 1979 ഫെബ്രുവരി 10 ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രാമു കാര്യാട്ട് വിട പറഞ്ഞു.

കാര്യാട്ട് വിദേശ ചലച്ചിത്രമേളകളിൽ ജൂറി അംഗമായി
കാര്യാട്ട് വിദേശ ചലച്ചിത്രമേളകളിൽ ജൂറി അംഗമായി

ജീവിതത്തിൽ സംഭവിക്കുന്ന തിരിച്ചടികളോടും ജയപരാജയങ്ങളോടുമുള്ള കൂട്ടുകാരൻ്റെ ഈ നിസ്സംഗമനോഭാവം കണ്ട് അത്ഭുതപ്പെട്ട എം ടി ഓർക്കുന്നു :

"പരാജയത്തിൻ്റെ മധ്യത്തിൽ നിൽക്കുമ്പോഴും തുറന്നു ചിരിക്കാൻ കഴിഞ്ഞിരുന്ന രാമുവെ കണ്ട് ഞാൻ അസൂയപ്പെട്ടിട്ടുണ്ട്. ഇലക്ഷൻ ജയിച്ച രാമുവും കെട്ടിവെച്ച പണം പോയി വരുന്ന രാമുവും ചിരിക്കും: "എടേയ്, ഒക്കെ ഒരു തമാശ."

Related Stories

No stories found.
logo
The Cue
www.thecue.in