ഡോഗ്റ്റർ മോക്കറി സ്പീക്കിങ്ങ്

ഡോഗ്റ്റർ മോക്കറി സ്പീക്കിങ്ങ്
Summary

ജോണിനെപ്പോലെത്തന്നെ മൊകേരിയും മരിക്കാനായി തന്റെ പ്രിയ നഗരമായ കോഴിക്കോട്ടേക്കെത്തുകയായിരുന്നു എന്ന് വേണം കരുതാൻ. അവസാനവേഷം കോഴിക്കോട് ടൗൺഹാളിൽ മരിച്ചവരുടെ ഛായാപടങ്ങൾക്ക് നടുവിൽ ഒരു ശരീരമായി മൊബൈൽ മോർച്ചറിയിൽ മാഷ് കണ്ണടച്ചുകിടക്കുന്നതായിരുന്നു. ഡോ. രാമചന്ദ്രൻ മൊകേരിയെ കുറിച്ച് പ്രേംചന്ദ് എഴുതുന്നു.

ഒരു നവോത്ഥാന പ്രണയകവിത

by ഡോഗ്റ്റർ മോക്കറി വർമ്മ.

'ഞങ്ങൾ ഇടതുവലതു

സവർണ ബ്രാഹ്മണ

നവോത്ഥാന

ബുദ്ധിജീവികളും..!

ആഢ്യസമ്പന്ന

കലാകാരന്മാരും

ദളിത് സ്നേഹം കൊണ്ട്

വീർപ്പു മുട്ടുന്നു സാറന്മാരെ..!

ജാതി

നിലനിൽക്കണം സാറന്മാരെ ...!

എന്നെന്നും ...!

-ഡോഗ്റ്റർ മോക്കറി വർമ്മ'

കോഴിക്കോട് നഗരം ഓണത്തിന് മുന്നോടിയായുള്ള അവസാനത്തെ ഞായറാഴ്ച ഉണർന്നുവരുമ്പോഴാണ് നടനും നാടകകൃത്തും കലാപകാരിയുമായ രാമചന്ദ്രൻ മൊകേരിയുടെ മരണവാർത്ത പുറത്തുവരുന്നത്. നടനും സ്കൂൾ ഓഫ് ഡ്രാമയിലെ പൂർവ്വ വിദ്യാർത്ഥിയുമായ മുരളിമേനോനാണ് വിളിച്ചുണർത്തുന്നത്. 'സ്കൂൾ ഓഫ് ഡ്രാമയിലെ ഗ്രൂപ്പുകളിൽ ഒരു വിവരം കാണുന്നു, മൊകേരി മാഷ് പോയി എന്ന്. ശരിയാണോ?' എന്ന്. അപ്പോഴേക്കും തുടരെ ഫോൺകോളുകളായി. മൊകേരിയുടെ ഗുരുവായൂരപ്പൻ കോളേജ് സഹപ്രവർത്തകനായ ശോഭീന്ദ്രൻ മാഷ് അടക്കം പലരെയും വിളിച്ചുചോദിച്ചു. ആരുമറിഞ്ഞിട്ടില്ല. കുറച്ചു കാലമായി ആർക്കും മാഷെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. കോവിഡ് കാലത്തിന്റെ നീണ്ട നിശബ്ദതയിൽ പുറത്തുവന്ന ഫെയ്സ്ബുക്ക് കുറിപ്പുകൾക്കപ്പുറം സൗഹൃദങ്ങൾ ഒറ്റപ്പെട്ട തുരുത്തുകളിലേക്ക് പിന്മാറിയ കാലം പിന്നിട്ട് സൗഹൃദങ്ങളും ഉണർന്നു വരുന്നതേയുള്ളു. അതിനിടയിൽ പ്രിയപ്പെട്ടവർ അശരീരികളായി മാറുന്ന, ഉലയ്ക്കുന്ന വാർത്തകൾക്കു പോലും ഒരു മരവിപ്പുണ്ടായിരുന്നു.

കോവിഡ് തരംഗത്തിനു മുമ്പേ തന്നെ രാമചന്ദ്രൻ മൊകേരി എന്ന മലയാള നാടകവേദിയിലെ ഒറ്റയാൾ കലാപകാരി പൊതുസമൂഹത്തിൽ നിന്നു പിൻവാങ്ങിയിരുന്നു. ഫെയ്സ്ബുക്കിൽ "ഡോഗ്റ്റർ മോക്കറി' എന്ന തന്റെ പ്രൊഫൈലിൽ നിന്നു മെസഞ്ചർ വഴി അയക്കുന്ന ചില സന്ദേശങ്ങളിലേക്കു മാത്രമായി മാഷ് ചുരുങ്ങി.

മരണവൃത്താന്തമായി മാഷ് എത്തുമ്പോൾ കോഴിക്കോട് പഴയ കോഴിക്കോടല്ലായിരുന്നു. ഓർക്കുന്നവർ, ഓർമ്മയുള്ളവർ പലയിടങ്ങളിലായി ചിന്നിച്ചിതറിപ്പോയിരുന്നു. പലരും എത്താനാവാത്ത ദൂരത്ത്. ബാക്കിയായവരെ എണ്ണാം. അതാണ് മാറുന്ന കാലം.

സുഹൃത്ത് സുഹൈബാണ് ആദ്യം വിവരമറിഞ്ഞ് ആസ്പത്രിയിലെത്തുന്നത്. കോഴിക്കോട് അപ്പോൾ അറിഞ്ഞിട്ടേയില്ല. ആസ്പത്രിയിൽ മറ്റാരും എത്തിയിട്ടുമില്ല. ഒരായുഷ്ക്കാലം തെരുവിൽ പോരാട്ടത്തിന്റെ, പ്രതിരോധത്തിന്റെ നാടകം അരങ്ങേറ്റിയവരെ നാം മഹാനടൻ എന്ന് വിശേഷിപ്പിക്കാറില്ല. അതിന് വെള്ളിത്തിരയുടെ അധികാരം വേണം. അതില്ലാത്തവർ ആൾക്കൂട്ടത്തെ ആകർഷിക്കില്ല. മൊകേരി പക്ഷേ, ഒരിക്കലും ഒരു ആൾക്കൂട്ടത്തെയും കാത്തുനിന്ന മനുഷ്യനല്ല. ആൾക്കൂട്ടത്തെ അവരുള്ളിടത്തേക്ക് ചെന്ന് അവരുടെ സ്വാസ്ഥ്യം കെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ മോക്കറി നാടകവേദി. വെള്ളിത്തിരയല്ല, തെരുവായിരുന്നു അതിന്റെ വേര്.

ഗുരുനാഥൻ

നീണ്ട അടിയന്തരാവസ്ഥയിൽ മരവിച്ചു കിടന്ന കാമ്പസിനെ ഉണർത്തിയ അദ്ധ്യാപകരിൽ ഒരാളാണ് രാമചന്ദ്രൻ മൊകേരി. ഗുരുവായൂരപ്പൻ കോളേജിൽ രാമചന്ദ്രൻ മാഷിന്റെ വിദ്യാർത്ഥിയായിരിക്കാനായത് വഴി വെറുമൊരു അദ്ധ്യാപകനെയല്ല, ആയുഷ്ക്കാലസഖാവിനെ തന്നെയായിരുന്നു ലഭിച്ചത്. കാമ്പസിനെ തന്റെ വിമോചനതൃഷ്ണകൾ പ്രസരിപ്പിക്കുന്ന നാടകബോധത്തിലൂടെ സർഗ്ഗാത്മകമാക്കുകയായിരുന്നു മൊകേരി മാഷ്. പൗലോ ഫ്രെയർ അന്ന് മലയാളിവായനയിലേക്ക് എത്തിയിട്ടില്ല. എന്നാൽ മൊകേരിയുടെ ക്ലാസ്സിലിരിക്കുകയെന്നത് ലോകത്തെ മാറ്റലായിരുന്നു.

മാക്ബത്തിലൂടെ അധികാരത്തെ അറിയുകയായിരുന്നു. വിദ്യാർത്ഥികളെ അദ്ദേഹം തുല്യരായി ഒപ്പം കൂട്ടി. ക്ലാസ്സ്മുറിയുടെ അധികാരബന്ധം പൊളിച്ചെഴുതപ്പെട്ടു. പാഠഭാഗങ്ങൾക്കപ്പുറത്തേക്കുള്ള ലോകം അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. അങ്ങനെ, മൊകേരിയുടെ ഇംഗ്ലീഷ് ക്ലാസ്സ് വഴി അദ്ദേഹത്തിന്റെ സൗഹൃദവലയം ഞങ്ങളുടെയും സൗഹൃദമായി മാറി. അടിയന്തരാവസ്ഥക്കാലത്തേ രൂപംകൊണ്ട അന്നത്തെ കൾച്ചറൽ ജിംനേഷ്യം എന്ന ചിന്താവിഭാഗത്തിൽ ടി.കെ.രാമചന്ദ്രനും നിസ്സാർ അഹമ്മദും സേതുവും ഒക്കെ അങ്ങിനെ ജീവിതത്തിന്റെ ഭാഗമായി. ജി.എൻ. പിള്ള, കുന്നിക്കൽ നാരായണേട്ടന്റെ സഹോദരൻ കുന്നിക്കൽ പുരുഷോത്തമന്റെ ' സൊസൈറ്റി' തുടങ്ങിയ ഒറ്റയാൾ ചിന്താസമൂഹത്തിലൂടെ കടന്നുപോകാനിടയാക്കിയതും ആ സൗഹൃദമാണ്. കടമ്മനിട്ടയും ബാലചന്ദ്രൻ ചുള്ളിക്കാടും ഇപ്പോൾ വിവാദപുരുഷനായ സിവിക്ചന്ദ്രനുമൊക്കെ അടിയന്തരാവസ്ഥാനന്തര ലോകത്തെ ഉണർത്തുവാനുള്ള കവിയരങ്ങുകൾ പണിയുന്നു. ജയിൽമോചിതനായ മധുമാഷ് വയനാട് സാംസ്കാരികവേദിയുടെ 'പടയണി' എന്ന നാടകത്തിന്റെ സന്ദേശവുമായി ഗുരുവായൂരപ്പൻ കോളേജിലുമെത്തി.

പടയണിയുടെ കോഴിക്കോട്ടെ ആദ്യ അവതരണത്തിന് മൊകേരി മാഷിന്റെ ഗുരുവായൂരപ്പൻ കോളേജിലെ ശിഷ്യഗണങ്ങളിൽ വലിയൊരു വിഭാഗം ടൗൺഹാളിലെത്തിയിരുന്നു. പടയണിയാണ് ആദ്യത്തെ ഉണർത്തുപാട്ട്. തൊട്ടുപിറകെ മധുമാഷ് 'അമ്മ' നാടകത്തിന്റെ അണിയറ പ്രവർത്തനങ്ങൾ കോഴിക്കോട് മുത്തപ്പങ്കാവ് രണ ചേതനാ തിയറ്റേഴ്സിന്റെ ബാനറിൽ തുടങ്ങിയതോടെ ഞാനൊക്കെ അതിന്റെ അണിയറപ്രവർത്തകനും മധുമാഷിന്റെ സഹായിയുമായി. അമ്മയിലെ വിപ്ലവകാരിയായ സഖാവായിരുന്നു രാമചന്ദ്രൻ മൊകേരിയുടെ വേഷം. മനുഷ്യർ പരസ്പരം സ്നേഹിക്കുകയും അപരന്റെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുകയും ചെയ്യുന്ന കാലം വരിക തന്നെ ചെയ്യും എന്ന സഖാവിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള ഡയലോഗ് പിന്നീട് ജനകീയ സാംസ്കാരികവേദിയുടെ വളർച്ചയിലെ നിർണ്ണായ പ്രചോദന ശക്തികളിൽ ഒന്നായിരുന്നു.

മുദ്രാവാക്യങ്ങൾ സർഗ്ഗാത്മകമായ കാലമായിരുന്നു അത്. പുരന്തരദാസിന്റെ സംഗീതത്തിൽ 'അമ്മ' നാടകത്തിലെ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ ആദ്യം മലയാളത്തിലാക്കിയത് സച്ചിദാനന്ദനായിരുന്നുവെങ്കിലും അത് പാട്ടിന്റെ താളത്തിനൊത്ത് ക്രമപ്പെടുത്താൻ മൊകേരിയുടെ പുതിയ പരിഭാഷ വേണ്ടിവന്നു. 'ഉണരുവിൻ ഉയരുവിൻ പട്ടിണിയുടെ തടവുകാരേ നിങ്ങളുയരുവിൻ’ എന്ന കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ മൊകേരിയുടെയും സംഘത്തിന്റെയും കനത്ത ശബ്ദത്തിലാണ് മുഴങ്ങിയത്. സാംസ്കാരികവേദിക്കാലത്തിന്റെ മരണത്തിന് ശേഷം അത് പിന്നീട് അനശ്വരമാകുന്നത് ജോൺ എബ്രഹാമിന്റെ 'അമ്മ അറിയാൻ' എന്ന സിനിമയിലാണ്. അമ്മയിൽ നിന്നും അമ്മ അറിയാനിലേക്ക് ചരിത്രത്തിന്റെ അദൃശ്യമായ ഒരു കൈവഴി ഒഴുകുന്നുണ്ട്. അതധികം അടയാളപ്പെടുത്തിയിട്ടില്ല. അത് വഴിയാണ് ജോൺ എബ്രഹാം കോഴിക്കാടിന്റെ ഭാഗമാകുന്നത്. പരാജയപ്പെട്ട കയ്യൂർ സിനിമാസംരംഭം ഉണ്ടാകുന്നത്.

സൊസൈറ്റി ഫോർ സോഷ്യലിസ്റ്റ് സ്റ്റഡീസും അന്റോണിയോ ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടും നിള പബ്ലിഷേഴ്സും എൻ.എസ്. മാധവന്റെ ചൂളൈ മേട്ടിലെ ശവങ്ങൾ ചിന്ത രവീന്ദ്രന്റെ പഠനത്തോടെ പുറത്തു വരുന്നതും സച്ചിദാനന്ദൻ പത്രാധിപരായി ഉത്തരം എന്ന മാഗസിൻ ഉണ്ടാകുന്നതും രവീന്ദ്രൻ എഡിറ്ററായി കലാ വിമർശം മാർക്സിസ്റ്റ് മാനദണ്ഡം എന്ന ബൃഹത്ഗ്രന്ഥം പുറത്തു വരുന്നതും ഒഡേസയുണ്ടാകുന്നതും അമ്മ അറിയാൻ ഉണ്ടാകുന്നതും. മൊകേരി ഇതിനിടയിലൂടെ ഒഴുകിക്കൊണ്ടിരുന്നു. ഗ്രാംഷി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ പിറക്കാതെ പോയ പുസ്തകങ്ങളിൽ ഒന്നാണ് വിൽഹം റീഹിന്റെ മാസ്സ് സൈക്കോളജി ഓഫ് ഫാസിസം എന്ന പുസ്തകത്തെ ആസ്പദമാക്കി റീഹിനെ മലയാളത്തിൽ അവതരിപ്പിക്കാൻ ഉദ്ദേശിച്ച ഒരു സമഗ്രഗ്രന്ഥം. മൊകേരി മാഷും സേതുവും കൂടി എഴുതും എന്നായിരുന്നു ധാരണ. 'ഉത്തര'ത്തിന്റെ ചർച്ചകളിൽ ജോണും ഉണ്ടായിരുന്നു. ടി.എൻ. ജോയിയും ടി.കെ.യും ബി.രാജീവനും കെ.രാജീവനും സച്ചിദാനന്ദനും കവിയൂർ ബാലനും അടങ്ങുന്ന ടീമായിരുന്നു സൊസൈറ്റി ഫോർ സോഷ്യലിസ്റ്റ് സ്റ്റഡീസിന്റെ കോ-ഓർഡിനേറ്റർമാർ.

മൊകേരിയുടെ അനാർക്കിസം അവിടെയും ഒരു വിഷയമായിരുന്നു. തൃശൂരിൽ ഉത്തരത്തിന്റെ ആദ്യ യോഗത്തിന് നാം ഒരു തോറ്റ ജനതയാണ് എന്നെഴുതിവച്ച് ആത്മഹത്യ ചെയ്ത സുബ്രഹ്മണ്യദാസും ഉണ്ടായിരുന്നു. അന്ന് ചർച്ചകളിൽ ഉടനീളം കത്തുന്ന കണ്ണുകളുമായി അസ്വസ്ഥനായിരുന്ന സുബ്രഹ്മണ്യദാസിനെക്കുറിച്ച് 'ഇവനെ സൂക്ഷിയ്ക്കണം. എന്തെങ്കിലും ചെയ്തേക്കും' എന്ന് മൊകേരി സ്വകാര്യമായി പങ്കുവച്ച മുന്നറിയിപ്പ് ഇപ്പോൾ ഖേദത്തോടെ ഓർക്കുന്നു.

ഗുരുവായൂരപ്പൻ കോളേജിൽ വച്ച് തുടങ്ങിയ സൗഹൃദത്തിൽ ക്ലാസ്സ് കഴിഞ്ഞിട്ടും വീട്ടിലേക്ക് മടങ്ങാതെ പൊക്കുന്നിലെ കുന്നിൽചരുവിൽ ഉറക്കമൊഴിച്ച എത്രയോ രാത്രികളുണ്ട്. അയ്യപ്പപ്പണിക്കരുടെ രാത്രികൾ പകലുകളും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ മാപ്പുസാക്ഷിയും കെ.ജി.എസ്സിന്റെ ബംഗാളും സച്ചിദാനന്ദന്റെ കോഴിപ്പങ്കും കടമ്മനിട്ടയുടെ കോഴിയും ഒക്കെ ആ നേരങ്ങളിൽ ഏറ്റവും കൂടുതൽ ചൊല്ലപ്പെട്ട കവിതകളാണ്. മൊകേരി കവി കൂടിയായിരുന്നു. അപൂർവ്വമായി അത് അച്ചടിക്കപ്പെട്ടിട്ടുമുണ്ട്. മധു മാഷിന്റെ അമ്മ നാടകത്തിൽ വേരുറച്ച ആ സൗഹൃദം നാല് പതിറ്റാണ്ട് പിന്നിട്ടത് എത്രയോ കയറ്റിറക്കങ്ങൾ മറി കടന്നാണ്.

അവസാനയാത്രക്ക് മുമ്പ് ജോൺ എബ്രഹാമിന്റെ ഓർമ്മക്ക് സമർപ്പിച്ച് ഞങ്ങൾ ചെയ്ത ജോൺ എന്ന സിനിമയുടെ ഭാഗമായും മൊകേരി എത്തി. ജീവിതപങ്കാളിയായ ഉഷേച്ചിക്ക് ഒപ്പമാണ് മാഷ് അന്നെത്തിയത്. ആ ജീവിതയാത്രയുടെ ഭാഗമായിരുന്നു എന്നും അവർ. തെരുവിലും വേദിയിലും വയലിനുമായി അവർ എന്നും ഒപ്പം നടന്നു. മൊകേരിയുടെ വിഖ്യാതമായ ശവമഞ്ചവും പേറിയുള്ള നഗരപ്രദക്ഷിണ നാടകമാണ് 'ജോൺ' സിനിമക്കായി മാഷ് പുനരവതരിപ്പിച്ചത് . എന്നാൽ കഴിഞ്ഞ മാസം സെൻസറിങ്ങ് കഴിഞ്ഞ സിനിമ അദ്ദേഹത്തെ കാണിക്കാനായില്ലെന്ന ഖേദം ഇപ്പോൾ ബാക്കിയാകുന്നു. മൊകേരിയുടെ വിശദമായ ഒരു ജോൺ ഓർമ്മയും മുക്ത അവളുടെ ജോൺ ഡോക്യുമെന്ററിക്കായി ഷൂട്ട് ചെയ്തുവച്ചിട്ടുണ്ട്. അതൊരു കാലത്തിന്റെ കൂടി ഓർമ്മയാണ്.

നാടകത്തിലല്ല കഥയിലോ കവിതയിലോ നോവലിലോ ആണ് ആയുഷ്ക്കാലം ചിലവിട്ടതെങ്കിൽ രാമചന്ദ്രൻ മൊകേരി ഇന്ന് ഒരു വിഗ്രഹമായി മാറിയിട്ടുണ്ടാകുമായിരുന്നു. പുരസ്കാര പ്രവാഹം കൊണ്ട് നിറഞ്ഞിട്ടുണ്ടാകുമായിരുന്നു അദ്ദേഹത്തിന്റെ വീട്. എന്നാൽ നാടകം സാഹിത്യമല്ല ഇന്നും. അതുകൊണ്ട് സ്കൂൾ ഓഫ് ഡ്രാമയുടെ തലവനായത് കൊണ്ടൊന്നും സാഹിത്യ ലോകവും രാഷ്ട്രീയാധികാരവും ഇളകില്ല. ഒരായുഷ്കാലം ഇടത്പക്ഷത്തോടൊപ്പം നിന്ന് എല്ലാ അന്യായങ്ങൾക്കുമെതിരെ തന്റെ സർഗ്ഗാത്മക ജീവിതം കൊണ്ട് പോരാടിയ ഒരു മനുഷ്യന് കിട്ടേണ്ട ആദരവൊന്നും അദ്ദേഹത്തിന് കിട്ടിക്കണ്ടില്ല.

കോഴിക്കോട്ടെ പുരോഗമന കലാസാഹിത്യ സംഘം ടൗൺഹാളിൽ അന്തിമോപചാരമർപ്പിക്കാൻ സൗകര്യങ്ങൾ ഒരുക്കുന്നതിന് നേതൃത്വം നൽകി. ഹേമന്ത് മാഷും എ.കെ. രമേഷും ഒപ്പം നിന്നു . സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും സഖാവ് കെ.ടി. കുഞ്ഞിക്കണ്ണൻ എല്ലാറ്റിനും വിളിച്ചുകൊണ്ടേയിരുന്നു. വിട പറയും മുമ്പ് മേയർ ബീനാ ഫിലിപ്പ് ഓടിക്കിതച്ചെത്തി. അത്യവശ്യം ചാനലുകളും മാധ്യമ പ്രവർത്തകരും അവസാനം വരെ കാത്തു നിന്നു. എന്നാലും ടൗൺഹാളിലെ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടത്തെ സാക്ഷി നിർത്തി തന്റെ നാടകങ്ങൾ അരങ്ങേറ്റിയ മൊകേരി മാഷിന് അവസാന യാത്രയയപ്പ് നൽകാൻ ആ ജനക്കൂട്ടം എവിടെപ്പോയി എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. കോഴിക്കോട് പഴയ കോഴിക്കോടല്ല എന്ന് പറഞ്ഞു പോയത് അതുകൊണ്ടാണ്.

ജോണിനെപ്പോലെത്തന്നെ മൊകേരിയും മരിക്കാനായി തന്റെ പ്രിയ നഗരമായ കോഴിക്കോട്ടേക്കെത്തുകയായിരുന്നു എന്ന് വേണം കരുതാൻ. അവസാനവേഷം കോഴിക്കോട് ടൗൺഹാളിൽ മരിച്ചവരുടെ ഛായാപടങ്ങൾക്ക് നടുവിൽ ഒരു ശരീരമായി മൊബൈൽ മോർച്ചറിയിൽ മാഷ് കണ്ണടച്ചുകിടക്കുന്നതായിരുന്നു. അവസാനനാടകത്തിലെ അവസാന രംഗം പോലെ അത് കണ്ണിൽ നിന്നു മായുന്നില്ല . ബന്ധനസ്ഥനായ 'ഡോഗ്റ്റർ മോക്കറി'എന്ന കലാപകാരിയുടെ ഓർമ്മച്ചിത്രം പോലെ. ഭൂപടത്തിൽ ഇല്ലാത്ത നാട്ടിലേക്ക് യാത്രാമൊഴി നൽകി പറഞ്ഞയയ്ക്കുമ്പോൾ മനസ്സ് പറഞ്ഞു, ഇനി മരിക്കാത്ത നക്ഷത്രം.!

Related Stories

No stories found.
logo
The Cue
www.thecue.in