ആളൊഴിഞ്ഞ സ്ഥലത്ത് പോയല്ല ഇതെല്ലാം പറയുന്നത്, സ്വത്വപരമായ അധിക്ഷേപങ്ങള്‍ വ്യക്തിയെയല്ല സമൂഹത്തെയാണ് ബാധിക്കുന്നത്

ആളൊഴിഞ്ഞ സ്ഥലത്ത് പോയല്ല ഇതെല്ലാം പറയുന്നത്, സ്വത്വപരമായ അധിക്ഷേപങ്ങള്‍ വ്യക്തിയെയല്ല സമൂഹത്തെയാണ് ബാധിക്കുന്നത്

Published on

മലയാളം ടെലിവിഷന്‍ ചാനലുകളില്‍ ഏറ്റവും കൂടുതല്‍ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന കോമഡി റിയാലിറ്റി പ്രോഗ്രാമുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്,

ഏറെക്കുറെ എപ്പോഴും ഒരാളുടെ കുറവിനെ, അതല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ ഒരു കുറവ് ഉണ്ടെന്ന പൊതുബോധം നിര്‍മ്മിച്ച് കൊണ്ടാണ് ഇത്തരം തമാശകള്‍ സൃഷ്ടിക്കപ്പെടുന്നത്.

? ഒരു വശത്ത് വെളുത്ത നിറമുള്ള ആള്‍ മറുവശത്ത് നിറം കറുത്തയാള്‍.

? ഒരുവശത്ത് പൊക്കം കൂടിയ ആള്‍ മറുവശത്ത് പൊക്കം കുറഞ്ഞ വ്യക്തി.

സ്ത്രീകള്‍, തമിഴര്‍ ട്രാന്‍സ്‌ജെന്റഡ് വിഭാഗം, ഇതര സംസ്ഥാന തൊഴിലാളികള്‍, അടിസ്ഥാന തൊഴില്‍ ചെയ്യുന്നവര്‍ ഇങ്ങനെ ഇങ്ങനെ അവരുടെ ലിസ്റ്റ് നീണ്ടു പോകുന്നു.

എല്ലായിപ്പോഴും അരികുവത്ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ നിസ്സഹായതയെ വംശീയമായ തമാശകളാല്‍ രൂപപെടുത്തി എടുക്കുകയും അതിനെ കൃത്യമായി മാര്‍ക്കറ്റ് ചെയ്യുകയും, മധ്യവര്‍ഗ എലീറ്റ് ക്ലാസ് ജീവിത ഇടവേളകളെ ആനന്ദകരമാക്കാന്‍ വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോകളാണിവ.

അതുമല്ലെങ്കില്‍ അത്തരത്തില്‍ ഒരു മാനസികാവസ്ഥയിലേക്ക് പൊതുസമൂഹത്തെ ആകമാനം എത്തിക്കാന്‍ പരിശ്രമിക്കുന്നതില്‍ ഇവ വഹിക്കുന്ന പങ്ക് ചെറുതല്ല.

ഇത്രയും ചരിത്രം നമ്മള്‍ പലയാവര്‍ത്തി പറഞ്ഞു കഴിഞ്ഞ കാര്യം തന്നെയാണ്.

ഇത് ചെയ്തു വെക്കുന്ന കലാകാരന്‍മാര്‍ പലപ്പോഴും അവരുടെ ജീവിതത്തോട് തന്നെ ചേര്‍ന്ന് നില്‍ക്കുന്ന കാര്യങ്ങള്‍ ഉപയോഗിച്ചാണ് സ്‌ക്രിപ്റ്റ് ചെയ്യുന്നതെന്ന്, അത്തരം നിസ്സഹായ ജീവിതാനുഭവങ്ങള്‍ അവര്‍ക്ക് തന്നെ കോമഡി ആയി മാറുന്നത് എങ്ങനെയെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല.

സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഇതിനെതിരെ ശബ്ദം ഉയര്‍ന്നതിനെ തുടര്‍ന്നോ മറ്റോ ഏറ്റവും ഒടുവില്‍ ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് പ്രോഗ്രാം വേദിയില്‍ നിരന്തരം വംശീയ, ജാതീയ, ലിംഗ പരമായ തമാശകള്‍ പറയുന്ന ആളുകള്‍ ഇതില്‍ ചില ന്യായീകരണം നടത്തുന്നത് കേള്‍ക്കുകയുണ്ടായി.

സമൂഹത്തെ ആകമാനം ബാധിക്കുന്ന ഒരു വിഷയത്തെ അവരുടെ മാത്രം പേഴ്സണല്‍ വിഷയമായി മാറ്റുന്ന കാഴ്ചയാണ് അവരുടെ വാക്കുകളിള്‍ മുഴച്ചു നിന്നത്,

ഒരു പബ്ലിക് പ്ലാറ്റ്ഫോമില്‍ അവര്‍ നിരന്തരം ചെയ്തു വെക്കുന്ന കാര്യങ്ങളുടെ ഫലമായി സമൂഹത്തില്‍ ആ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആളുകള്‍ക്ക് ഉണ്ടാകുന്ന സോഷ്യല്‍ ഡാമേജ് അവര്‍ക്ക് ഇപ്പോഴും മനസിലായിട്ടില്ല.

നിറത്തിന്റെ രൂപത്തിന്റെ പേരില്‍ പരിഹരിച്ച് പറയുന്നത് കൊണ്ട് തന്റെ സഹ താരത്തിന് യാതൊരു കുഴപ്പവുമില്ല എന്നൊക്കെയാണ് അദ്ദേഹത്തെ നിരന്തരം കളിയാക്കുന്നയാള്‍ പറയുന്നത്.

ഏതായാലും ആളൊഴിഞ്ഞ സ്ഥലത്ത് പോയിരുന്നല്ല ഇവര്‍ ഇതെല്ലാം പറയുന്നത്. അതുകൊണ്ട് തന്നെ ഈ രീതിയില്‍ ഉള്ള സ്വത്വപരമായ അധിക്ഷേപങ്ങള്‍ ഏതെങ്കിലും ഒരു വ്യക്തിയെ അല്ല ഒരു സമൂഹത്തെ ആകമാനമാണ് ബാധിക്കുന്നത് പൊതു സമൂഹമാണ് കേള്‍ക്കുന്നത്. അടുത്ത ദിവസം മുതല്‍ ഏറ്റെടുത്തു പ്രചരിപ്പിക്കുന്നത്.

അതുകൊണ്ട്.

? ഒരു പൊതു വേദിയില്‍ പൊതു സമൂഹത്തെ ആനന്ദം കൊള്ളിക്കാന്‍ വംശീയത/ജാതീയത ഒക്കെ വിറ്റഴിക്കുന്ന ആളുകള്‍, അവര്‍ വ്യക്തി ജീവിതത്തില്‍ സുഹൃത്തുക്കളോ മാമനോ, മച്ചാനോ, അപ്പനോ മകനോ ആരും തന്നെ ആയിക്കൊള്ളട്ടെ അതൊന്നും ഒരു ന്യായീകരണം അല്ല.

? അത് പറഞ്ഞാണ് ഉപജീവനം കണ്ടെത്തുന്നത് എങ്കില്‍ അത് ഒരിക്കലും ഒരു റീസണ്‍ അല്ല,

കാരണം നിങ്ങള്‍ നിങ്ങളുടെ നിലനില്‍പ്പിന് വേണ്ടി തീര്‍ത്തും മോശമായി ഇങ്ങനെ വിറ്റഴിക്കുന്ന ജീവിതാനുഭവങ്ങളില്‍ കഴിഞ്ഞു കൂടുന്ന ജനങ്ങള്‍ ഇത്തരത്തില്‍ അവരുടെ ആത്മാഭിമാനം പണയം വെച്ചല്ല ജീവിക്കുന്നത്.

അതുകൊണ്ട് തന്നെ നിങ്ങള്‍ ഈ പ്ലാറ്റ്ഫോം വഴി തമാശകള്‍ എന്ന ലേബലില്‍ പടച്ചുണ്ടാക്കി വിടുന്ന അറപ്പുളവാക്കുന്ന കാര്യങ്ങളുടെ ഭാരം കൂടി നിത്യ ജീവിതത്തില്‍ ചുമക്കേണ്ട ഗതികേട് അവര്‍ക്കില്ല.

പതിറ്റാണ്ടായി പല വേദിയില്‍ തുടര്‍ന്നു പോരുന്ന കാര്യത്തില്‍ ആദ്യമായി ഇങ്ങനെ ഒരു ചര്‍ച്ച നടത്തി മറുപടി നല്‍കേണ്ടി വന്നത്, എന്ത് കൊണ്ടാണെന്ന് നിങ്ങള്‍ക്ക് മനസിലായോ....!

ഇക്കാലമത്രയും അതാരും തന്നെ കാര്യമായി ചോദ്യം ചെയ്തിരുന്നില്ല എന്നത് തന്നെ, അത് തന്നെയാണ് നിങ്ങളുടെ വാക്കുകളില്‍ ഉടനീളം ഈ വിഷയത്തില്‍ ഉള്ള തിരിച്ചറിവ് ഇല്ലായ്മ വെളിവാക്കുന്നത്,

അതുകൊണ്ട് തമാശ എന്ന പേരില്‍ വംശീയത, ജാതീയത, ലിംഗ പരമായ അധിക്ഷേപങ്ങള്‍ തുടങ്ങിയവ സൃഷ്ടിച്ചു വിടുന്നതിന് പിന്നില്‍ അറിവില്ലായ്മയാണ് കാരണമെന്ന് പറഞ്ഞാലും (അതല്ലെങ്കില്‍ അങ്ങനെ നടിക്കല്‍) അതൊരു ന്യായീകരണമല്ല...

logo
The Cue
www.thecue.in