വികസനമില്ല എന്ന സിപിഎം പ്രചാരണം പുതുപ്പള്ളിക്കാർക്ക് അപമാനമായാണ് തോന്നിയത്

വികസനമില്ല എന്ന സിപിഎം പ്രചാരണം പുതുപ്പള്ളിക്കാർക്ക് അപമാനമായാണ് തോന്നിയത്

പുതുപ്പള്ളിയിൽ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. കോൺഗ്രസ്സ് നേതാക്കൾ അവകാശപ്പെട്ടത് പോലെ, പ്രതീക്ഷിച്ചത് പോലെ, സ്വപ്ന തുല്യമായ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ചാണ്ടി ഉമ്മൻ വിജയിച്ചിരിക്കുന്നു. ഉമ്മൻ ചാണ്ടി എന്ന അതികായൻ അമ്പത്തിമൂന്ന് വർഷക്കാലം പ്രതിനിധീകരിച്ച പുതുപ്പള്ളിയെ ഇനി നിയമസഭയിൽ അദ്ദേഹത്തിന്റെ പുത്രൻ പ്രതിനിധീകരിക്കും.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ അന്തിമ ഫലത്തെ കുറിച്ച് യാഥാർത്ഥ്യ ബോധമുള്ള ആർക്കും സംശയമുണ്ടായിരുന്നില്ല. പക്ഷെ ഇത്രയും വലിയൊരു തോൽവി സിപിഎമ്മും എൽഡിഎഫും പ്രതീക്ഷിച്ചതല്ല. കടുത്ത മത്സരം നടന്നുവെന്നും അയ്യായിരത്തിനും ഏഴായിരത്തിനുമിടയിൽ ഭൂരിപക്ഷത്തിന് പരാജയപ്പെടുമെന്നുമായിരുന്നു തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന്റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്ന തന്ത്രം രൂപീകരിക്കുന്നത് മുതൽ സിപിഎമ്മിന് സംഭവിച്ച പാളിച്ചകൾ അവരുടെ അന്തിമ വിശകലനത്തിലും സംഭവിച്ചു എന്നാണു നമുക്കിപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്.

തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് സിപിഎമ്മിന് ഒരു വ്യക്തതയും ഉണ്ടായിരുന്നില്ല. അവർ പരിഗണിച്ച രണ്ട് സ്ഥാനാർത്ഥികളും മത്സരിക്കാൻ വിമുഖരാണ്‌ എന്ന വാർത്ത ആദ്യം തന്നെ വ്യാപകമായി. കോൺഗ്രസിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ഒരാളെ സിപിഎം മത്സരിപ്പിക്കാൻ ശ്രമിക്കുന്നു എന്ന വാർത്തയും ഉയർന്നു. ഈ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടുന്നതിൽ സിപിഎമ്മിന് ആത്മവിശ്വാസക്കുറവുണ്ട് എന്ന പ്രതീതിയായാണ് ഈ രണ്ട് വാർത്തകളും സൃഷ്ടിച്ചത്. അവസാനം ജെയ്ക്ക് സി തോമസിനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചപ്പോൾ മറ്റു മാർഗങ്ങൾ ഇല്ലാത്തത് കൊണ്ട് അത് ചെയ്യേണ്ടി വന്നു എന്ന തോന്നലാണ് ഉളവാക്കിയത്.

ഉമ്മൻചാണ്ടിക്കെതിരെയുള്ള ഏതൊരാക്രമവും വിപരീത ഫലമായിരിക്കും ഉണ്ടാക്കുക എന്ന സാമാന്യ ബോധത്തെ വെല്ലുവിളിച്ച് കൊണ്ട് അദ്ദേഹത്തിനെ വിമർശിച്ച് ഒരു സിപിഎം സംസ്ഥാന കമ്മറ്റി അംഗം തന്നെ രംഗത്ത് വന്നു എന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തി. അത് അദ്ദേഹം സ്വയം തീരുമാനം എടുത്ത് ചെയ്തതാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. സിപിഎം പോലെ ഒരു പാർട്ടിയിൽ അതിനുള്ള സ്വാതന്ത്ര്യം ആർക്കെങ്കിലും ഉണ്ടെന്ന് കരുതാൻ വയ്യ. അദ്ദേഹത്തിനെ ഏൽപ്പിച്ച ജോലി അദ്ദേഹം ചെയ്യുന്നതായി മാത്രമേ ജനങ്ങൾ കരുതിയുള്ളൂ. അത് വലിയ തോതിൽ തിരിച്ചടി ഉണ്ടാക്കുമെന്ന് മനസ്സിലാക്കിയ സിപിഎം അദ്ദേഹത്തെ തള്ളിപ്പറയുകയും ആ നടപടിയുടെ ഉത്തരവാദിത്തം അദ്ദേഹത്തിന് മാത്രമാണെന്ന് പറയുകയും ചെയ്തുവെങ്കിലും സംഭവിക്കാനുള്ള അപകടം സംഭവിച്ച് കഴിഞ്ഞിരുന്നു.

ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയായപ്പോൾ മക്കൾ രാഷ്ട്രീയത്തിനെതിരെ ട്രോളുകളും വിമർശനവുമായി രംഗത്ത് എത്തിയെങ്കിലും ത്രിപുരയിലെ ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയാക്കിയിരുന്നത് മരിച്ചുപോയ സിറ്റിംഗ് എംഎൽഎയുടെ മകനെയാണെന്ന് അറിഞ്ഞതോടെ അവ തിരിഞ്ഞ് കൊത്തി. വികസനം ചർച്ചയാക്കാൻ ശ്രമിച്ചപ്പോൾ വീണ്ടും ഉമ്മൻ ചാണ്ടി കേന്ദ്ര ബിന്ദുവായി. ഒരു വികസനവും നടത്താതെയാണ് ഉമ്മൻ ചാണ്ടി പന്ത്രണ്ട് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചതെന്ന പ്രചാരണം പുതുപ്പള്ളിക്കാർക്ക് മുഴുവൻ അപമാനകാരമായി മാറി. എംഎൽഎ ഓഫീസ് ഇല്ലാത്ത മണ്ഡലം, ആഴ്ചയിൽ ഒരു ദിവസം മാത്രം മണ്ഡലത്തിലെത്തുന്ന എംഎൽഎ, തുടങ്ങിയ വാദങ്ങളെല്ലാം ഫലത്തിൽ ഉമ്മൻചാണ്ടിക്കെതിരെയുള്ള അക്രമണമായാണ് ജനങ്ങൾ കണ്ടത്. അതിനെതിരെ പുതുപ്പള്ളിക്കാർ പ്രതികരിച്ചു. ഇങ്ങനെ സിപിഎമ്മിന്റെ എല്ലാ അടവുകളും പാളുന്നതാണ് പുതുപ്പള്ളിയിൽ കണ്ടത്.

മറുഭാഗത്ത് കോൺഗ്രസിൽ എല്ലാം ഭദ്രമായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ അവർ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച്, ഒരു കോൺഗ്രസുകാരനെ സ്ഥാനാർത്ഥിയാക്കാനുള്ള സിപിഎം ശ്രമത്തെ ഫലപ്രദമായി പരാജയപ്പെടുത്തി. വി.ഡി സതീശൻ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് മിഷിനറി സജ്ജമാക്കി. തിരുവഞ്ചൂർ രാധാകൃഷ്ണനെ പോലെയുള്ള ഇലക്ഷൻ മാനേജർമാർ സിപിഎമ്മിന്റെ പേര് കേട്ട ബൈ-ഇലക്ഷൻ മിഷിണറിയുടെ പ്രവർത്തനങ്ങളെ നിർവീര്യമാക്കി. വീട് കയറിയുള്ള വോട്ടു തേടലിലും പ്രചാരണ സാമഗ്രികളുടെ മികവിലും യുഡിഎഫ് മുന്നിട്ട് നിന്നു.

ചാനൽ സംവാദങ്ങളിൽ സിപിഎം പ്രതിനിധികളെ നിഷ്പ്രഭമാക്കിയ കോൺഗ്രസ്സിലെ യുവനിര വികസനത്തിന്റെ വിഷയത്തിലും സംസ്ഥാന സർക്കാരിന്റെ പ്രകടനത്തിലും സിപിഎമ്മിനെ പ്രതിക്കൂട്ടിയിലാക്കി. യുവജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള സൈബർ പോരാട്ടത്തിലും മേൽകൈ നേടാൻ കോൺഗ്രസ്സിലെ സൈബർ സംഘത്തിന് കഴിഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ മരണത്തിനു ശേഷം കേരളമൊട്ടാകെ അദ്ദേഹത്തോട് തെറ്റു ചെയ്തു എന്ന തോന്നൽ വ്യാപകമായിരുന്നു. മലയാളികളുടെ 'കളക്ടീവ്' ഗിൽറ്റ് കോൺഷ്യസ്നെസ്സ് ആണ് കടുത്ത ദുഃഖ പ്രകടനമായി അദ്ദേഹത്തിന്റെ അന്ത്യയാത്രയിൽ മാറിയത്. അദ്ദേഹത്തെ അകാരണമായി പീഡിപ്പിച്ചവരോടുള്ള വികാരം പുതുപ്പള്ളിയിൽ ശക്തമായിരുന്നു. അത് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. അതുപോലെ, പെരുമാറ്റത്തിൽ ഉമ്മൻ ചാണ്ടി പുലർത്തിയിരുന്ന ജനാധിപത്യ ശൈലിക്കുള്ള അംഗീകാരം കൂടിയായിരുന്നു അദ്ദേഹത്തിന് ലഭിച്ച യാത്രയയപ്പ്.

ദുരന്തങ്ങളെ നേരിടുമ്പോൾ, പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോൾ ഒരു ശക്തനായ നേതാവ് എന്ന പ്രതിച്ഛായ ജനങ്ങൾക്ക് ആകർഷകമായേക്കാം. എന്നാൽ ഒരു സാധാരണ രാഷ്ട്രീയ അവസ്ഥയിൽ കാംക്ഷിക്കുന്നത് തങ്ങൾക്ക് പ്രാപ്യനായ, സൗമ്യനായ, സഹിഷ്ണുതയുള്ള ഒരു ഭരണാധികാരിയെ ആണെന്ന സന്ദേശവും പുതുപ്പള്ളിയിലെ ഫലം മുന്നോട്ട് വെക്കുന്നു.

സിപിഎം ഈ തെരഞ്ഞെടുപ്പിൽ നിന്നും എന്ത് പാഠമാണ് പഠിക്കുന്നതെന്നത് പ്രധാനമാണ്. സഹതാപതരംഗം, ബിജെപി വോട്ട് മറിച്ചു തുടങ്ങിയ പരാജയത്തിനുള്ള ന്യായങ്ങൾ അപഹാസ്യമായി മാത്രമേ ജനങ്ങൾ കാണുകയുള്ളൂ. എൽഡിഎഫ് ആറ് പഞ്ചായത്തുകൾ ഭരിക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി. അതുകൊണ്ട് പുതുപ്പള്ളിയെ കേരളത്തിന്റെ ഒരു പരിച്ഛേദമായി കണക്കാക്കാവുന്ന ഒരു മണ്ഡലമാണ്. കേരളമൊട്ടാകെ ഒരു സർക്കാർ വിരുദ്ധ വികാരം നിലനിൽക്കുന്നു എന്നാണ് ഈ വിധിയിലൂടെ വ്യക്തമാകുന്നത്. ഈ ഫലം ഉൾക്കൊള്ളാനുള്ള വിനയം സിപിഎം കാണിക്കുമോ എന്നതാണ് കേരളം കാത്തിരിക്കുന്നത്.

ഈ തെരഞ്ഞെടുപ്പിൽ വലിയ പ്രഹരമേറ്റ മറ്റൊരു കക്ഷി കേരളാ കോൺഗ്രസ് മാണി വിഭാഗമാണ്. തങ്ങൾക്ക് സ്വാധീനമുണ്ടെന്ന് അവർ അവകാശപ്പെട്ടിരുന്ന അയർക്കുന്നം, അകലക്കുന്നം, കൂരോപ്പട തുടങ്ങിയ പഞ്ചായത്തുകളിലൊന്നും ഒരു സ്വാധീനവും ചെലുത്താൻ അവർക്ക് കഴിഞ്ഞില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ മേഖലകളിൽ എൽഡിഎഫിന് നേട്ടമുണ്ടായത് തങ്ങളുടെ സ്വാധീനം കൊണ്ടാണെന്ന അവകാശവാദമായിരുന്നു ജോസ് കെ മാണി ഉയർത്തിയിരുന്നത്.

യഥാർത്ഥത്തിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ മുസ്ലിങ്ങൾക്കെതിരെ സൃഷ്ടിക്കപ്പെട്ട വികാരവും യുഡിഎഫ് അധികാരത്തിൽ വന്നാൽ മുസ്ലിം ലീഗ് ആണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്ന പ്രചാരണങ്ങളുമാണ് യുഡിഎഫിനെതിരെ ചിന്തിക്കാൻ അവരെ പ്രേരിപ്പിച്ചത്. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ആ വികാരത്തിന്റെ ഗുണഭോക്താക്കളായി മാറുകയായിരുന്നു.

അന്നത്തെ ക്രിസ്ത്യൻ - മുസ്ലിം വിഭജനത്തിന്റേതായ അന്തരീക്ഷം ഇന്ന് നിലവിലില്ലാതിരുന്നതിനാലും, മണിപ്പൂർ സംഭവം ക്രൈസ്തവർക്കിടയിൽ ഉണ്ടാക്കിയ ആഘാതം മൂലവും കോൺഗ്രസിന് അനുകൂലമായി ഈ വിഭാഗം വീണ്ടും ചിന്തിക്കുന്നു എന്ന സന്ദേശമാണ് പുതുപ്പള്ളി നൽകുന്നത്. അത് നഷ്ടമാക്കുന്നത് ജോസ് കെ മാണിയുടെ വിലപേശൽ ശക്തിയെയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ അത് നേരിടാനുള്ള വലിയ ഊർജമാണ് ഈ വിജയം കോൺഗ്രസ്സിനും യുഡിഎഫിനും പകർന്ന് നൽകുന്നത്. അതിലുപരി ഇനിയൊരിക്കലും മാറാൻ കഴിയാത്ത വിധം കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ ഇടതുപക്ഷമുന്നണിക്ക് അനുകൂലമായി മാറിയിരിക്കുന്നു എന്ന പ്രചാരണത്തിന്റെ മുനയൊടിക്കാനും പുതുപ്പള്ളിയിലെ വിജയത്തിലൂടെ കഴിഞ്ഞിരിക്കുന്നു. അറുപത്തിയേഴിലെ ഒമ്പത് സീറ്റ്‌ മാത്രം ലഭിച്ച കനത്ത പരാജയത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മകൾ ഉണർത്താനും പുതിയ ദിശാബോധത്തിലേക്ക് ചിറകടിച്ച് ഉയരാനും കോൺഗ്രസ്സിന് പുതുപ്പള്ളി പ്രചോദനമായേക്കും.

Related Stories

No stories found.
logo
The Cue
www.thecue.in