പ്രസിഡന്റ് ആദിവാസിയാണെന്ന് ഇപ്പോൾ പറയേണ്ട കാര്യമില്ല

പ്രസിഡന്റ് ആദിവാസിയാണെന്ന് ഇപ്പോൾ പറയേണ്ട കാര്യമില്ല
Summary

മതേതരത്വത്തിന്റെ അന്ത്യം കുറിച്ചിരിക്കുന്നു. അന്ത്യം തുടങ്ങിയെന്നല്ല, അന്ത്യമായി. ഇനി ഇത്തരം കക്ഷികളെ അധികാരത്തിൽ തുടരാൻ അനുവദിച്ചുകൂടാ. സ്ഥിരതയും തുടർച്ചയുമാണിവർ ആഗ്രഹിക്കുന്നത്, അതിനു വേണ്ടിയാണിവർ പ്രവർത്തിക്കുന്നത്. എന്നാൽ സമൂഹത്തിലെ ഒഴിവാക്കപ്പെട്ടവരെ സംബന്ധിച്ചെടുത്തോളം വേണ്ടത് മാറ്റമാണ്. ചെങ്കോൽ തിരിച്ചു കൊണ്ട് വരിക എന്നതിലൂടെ ഫ്യൂഡലിസം തിരിച്ചുകൊണ്ടുവരിക എന്ന് തന്നെയാണ് അവരുദ്ദേശിക്കുന്നത്. പ്രൊഫ. എം കുഞ്ഞാമൻ എഴുതുന്നു

ജനാധിപത്യത്തിനും മതേതരത്വത്തിനും വിരുദ്ധമായ രീതിയിലാണ് സർക്കാർ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടനം നടത്തിയത്. രാഷ്ട്രത്തിന്റെ ഭരണാധികാരിയായ പ്രസിഡന്റിനെ ആ ചടങ്ങിൽ നിന്നും മാറ്റി നിർത്തി. ഹെഡ് ഓഫ് സ്റ്റേറ്റ് എന്ന് പറഞ്ഞാൽ ഭരണഘടനയുടെ രക്ഷാധികാരി എന്നുകൂടിയാണ്. വളരെ വർഗ്ഗീയമായിയാണ് ഈ ചടങ്ങുകൾ നടത്തിയിട്ടുള്ളത്. മതേതരത്വത്തിന്റെ അന്ത്യം കുറിച്ചിരിക്കുന്നു. അന്ത്യം തുടങ്ങിയെന്നല്ല, അന്ത്യമായി. ഇനി ഇത്തരം കക്ഷികളെ അധികാരത്തിൽ തുടരാൻ അനുവദിച്ചുകൂടാ. ഇതുവരെയുള്ള തലമുറകളുണ്ടാക്കിയ നേട്ടങ്ങളെയും നമ്മുടെ പ്രതീക്ഷകളെയും ഇല്ലാതാക്കുകയാണ്. രാജ്യത്തിനും ഇവിടുത്തെ ജനങ്ങൾക്കും ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല. മറ്റുള്ള രാജ്യങ്ങൾക്കുമുന്നിൽ നമുക്ക് ഒരു ഇമേജ് ഉണ്ട്. അത് മാറി നമ്മൾ ഒരു മതജനാധിപത്യമാകുന്നു എന്നാണ് ഇത് കാണിക്കുന്നത്.

മതാധിഷ്‌ഠിതമാകുന്നതിന്റെ ദോഷം നമ്മൾ ഭാവിയിൽ അനുഭവിക്കും. ഇത്തരം കക്ഷികൾ അധികാരത്തിൽ തുടരുന്നത് തടയാൻ, ചെയ്യാവുന്നതെല്ലാം ചെയ്യണം. അതിനുള്ള കർമ്മ പരിപാടികൾ ആവിഷ്കരിക്കാനും അതിൽ ജനങ്ങൾക്ക് താല്പര്യമുണ്ടാക്കാനും കഴിയണം. പാർശ്വവൽക്കരിക്കപ്പെട്ട, പുറംതള്ളപ്പെട്ട മനുഷ്യർക്കനുകൂലമായ പരിപാടികളിലൂടെ മാത്രമേ ഇത്തരം ഫ്യുഡൽ ശക്തികളെ മാറ്റി നിർത്താനാകു. അവർക്കു വേണ്ടി കുറച്ച് പ്രസ്താവനകൾ ഇറക്കിയാൽ മാത്രം പോരാ. ഇതൊക്കെ സമ്പത്തിന്റെ പുനർവിതരണവുമായി ബന്ധപ്പെട്ടു കൂടി കിടക്കുന്നതാണ്. ഇവരെല്ലാം നിലനിൽക്കുന്ന വ്യവസ്ഥിതി തുടർന്ന് പോകാൻ ആഗ്രഹിക്കുന്നവരാണ്. സ്ഥിരതയും തുടർച്ചയുമാണിവർ ആഗ്രഹിക്കുന്നത്, അതിനു വേണ്ടിയാണിവർ പ്രവർത്തിക്കുന്നത്. എന്നാൽ സമൂഹത്തിലെ ഒഴിവാക്കപ്പെട്ടവരെ സംബന്ധിച്ചെടുത്തോളം വേണ്ടത് മാറ്റമാണ്. ആ മാറ്റം സമ്പത്തിന്റെ പുനർവിതരണത്തോടെ തുടങ്ങണം. അല്ലാതെ കുറച്ച് രാഷ്ട്രീയ പാർട്ടികൾ പ്രസ്താവനകൾ ഇറക്കിയാൽ പോരാ. ആ പ്രവർത്തനം വളരെ വ്യത്യസ്തമായ സാമ്പത്തിക പരിപാടിയിൽ ഊന്നിക്കൊണ്ട് ജനങ്ങളെ ഒരുമിപ്പിക്കുന്നതാകണം. അത് ബി.ജെ.പി ഇതര പാർട്ടികളുടെ ഉത്തരവാദിത്വമാണ്. ഏതായാലും ബി.ജെ.പിയുടെ ഈ നയം നമ്മുടെ രാജ്യത്തിന് ആഭ്യന്തരമായിട്ടും അതുപോലെ തന്നെ വിദേശ രാജ്യങ്ങൾക്കിടയിൽ നമ്മൾ സൃഷ്ടിക്കുന്ന ഇമേജിനെയും അപകടമായിരിക്കും.

പ്രസിഡന്റ് ഒരു ആദിവാസിയാണ് എന്ന് ഇപ്പോൾ എടുത്ത് പറയേണ്ട കാര്യമില്ല. അവർ ഇലക്ഷനിൽ മത്സരിക്കുമ്പോഴും അവർ ആദിവാസി തന്നെയായിരുന്നു, അന്ന് അവരുടെ തെരഞ്ഞടുപ്പ് തടയാൻ വേണ്ടി മറ്റൊരു ബി.ജെ.പി സ്ഥാനാർത്ഥിയെ ആണ് മറ്റുള്ളവർ പിന്തുണച്ചത്. യെശ്വന്ത്‌ സിൻഹ പഴയ ധനകാര്യ മന്ത്രിയായിരുന്നു. ദ്രൗപതി മുർമു ഇന്ന് മാത്രമല്ല ഇലക്ഷനിൽ മത്സരിക്കുന്ന കാലത്തും ആദിവാസിയായിരുന്നു

ചെങ്കോൽ തിരിച്ചു കൊണ്ട് വരിക എന്നതിലൂടെ ഫ്യൂഡലിസം തിരിച്ചുകൊണ്ടുവരിക എന്ന് തന്നെയാണ് അവരുദ്ദേശിക്കുന്നത്. അത് മറ്റു പല തരത്തിലും അവർ ചെയ്യുന്നുണ്ട്. പാഠ്യപദ്ധതി മാറ്റിയത് അത്തരമൊരു നീക്കമാണ്, ചിലരുടെ ചിന്തകളും ആശയങ്ങളും പാഠ്യപദ്ധതിയിൽ നിന്നും നീക്കം ചെയ്യണം എന്ന് പറയുന്നു. വിദ്യാർഥികൾ എന്ത് പഠിക്കണം എന്ന് അവർ തീരുമാനിക്കുന്നു. അതിലൂടെ സ്വാതന്ത്ര്യം തടഞ്ഞു നിർത്തുകയാണ് ചെയ്യുന്നത്. ഇതൊരു വിപുലമായ അജണ്ടയുടെ ഭാഗമാണ്. നമ്മുടെ ഭരണഘടന മുന്നോട്ടു വെക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ പൂർണ്ണമായും അവഗണിച്ചുകൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. അത് മാധ്യമ രംഗത്തും, വിദ്യാഭ്യാസ രംഗത്തും, അതുപോലെ കലാ സാംസ്‌കാരിക രംഗങ്ങളിലും നിലനിൽക്കുന്നു. ഭരണാധികാരികൾക്കിഷ്ടപ്പെടുന്ന ചില കാര്യങ്ങൾ മാത്രമേ നമുക്ക് പ്രകടിപ്പിക്കാൻ സാധിക്കുന്നുള്ളൂ. അവർക്കിഷ്ടമുള്ളത് മാത്രം പറയുകയും, അവർക്കിഷ്ടപ്പെടാത്തവ പറയാതിരിക്കുകയും വേണമെന്ന കാഴ്ചപ്പാടിലൂടെ സ്വാതന്ത്ര്യം തന്നെ നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. അതിലൂടെ ഭരണഘടനയുടെ പത്തൊൻപതാം വകുപ്പ് അപ്രസക്തമാക്കുകയാണ്.

പ്രസിഡന്റിനെ പങ്കെടുപ്പിക്കാത്തതിനെ കുറിച്ച് പറയുകയാണെങ്കിൽ, പ്രസിഡന്റ് ഒരു ആദിവാസിയാണ് എന്ന് ഇപ്പോൾ എടുത്ത് പറയേണ്ട കാര്യമില്ല. അവർ ഇലക്ഷനിൽ മത്സരിക്കുമ്പോഴും അവർ ആദിവാസി തന്നെയായിരുന്നു, അന്ന് അവരുടെ തെരഞ്ഞടുപ്പ് തടയാൻ വേണ്ടി മറ്റൊരു ബി.ജെ.പി സ്ഥാനാർത്ഥിയെ ആണ് മറ്റുള്ളവർ പിന്തുണച്ചത്. യെശ്വന്ത്‌ സിൻഹ പഴയ ധനകാര്യ മന്ത്രിയായിരുന്നു. ദ്രൗപതി മുർമു ഇന്ന് മാത്രമല്ല ഇലക്ഷനിൽ മത്സരിക്കുന്ന കാലത്തും ആദിവാസിയായിരുന്നു, അത് പക്ഷെ മറ്റുള്ള രാഷ്ട്രീയ പാർട്ടികൾ കണ്ടില്ല. അവരുടെ രാഷ്ട്രീയവിഭാഗീയതകൾക്കതീതമായി ഒരു മനുഷ്യനെ കാണാൻ അവർക്ക് കഴിഞ്ഞില്ല. ഈ സ്ഥാനാർഥി ഏത് ബാക്‌ഗ്രൗണ്ടിൽ നിന്ന് വരുന്നു, അവരെ എതിർക്കുന്നതിലൂടെ നമ്മൾ എന്ത് സന്ദേശമാണ് സമൂഹത്തിനു നൽകുന്നത്? എന്ന് ചിന്തിക്കണമായിരുന്നു. അന്നും അവർ ആദിവാസിയാണ് ഇന്നും ആദിവാസിയാണ്. ഇന്ന് അവർ ആദിവാസിയായതുകൊണ്ട് അവരെ തടഞ്ഞു നിർത്തി എന്നൊന്നും നമുക്ക് പറയാൻ കഴിയില്ല. പ്രസിഡന്റിനെ അവഗണിച്ചു എന്നുള്ളതാണ് ഇവിടെ കാണേണ്ടത്. അത് ജനാധിപത്യ അവഗണനയുടെ ഭാഗമാണ്. എല്ലാ ജനാധിപത്യ മൂല്യങ്ങളും പ്രക്രിയകളും അതുപോലെ സ്ഥാപനങ്ങളും നശിപ്പിച്ചുകൊണ്ടാണ് ഇത് ചെയ്യുന്നത്. ജനാധിപത്യ പ്രക്രിയയെ നശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രസിഡന്റിനെ അവഗണിച്ചത് നമ്മൾ കാണേണ്ടത്. വൈസ് പ്രസിഡന്റിനെ അവഗണിച്ചത് അയാൾ ഒരു ദളിതൻ ആയതുകൊണ്ടല്ലല്ലോ? നമ്മുടേത് പ്രസിഡെൻഷ്യൽ ഡെമോക്രസിയല്ല പാർലമെൻററി ജനാധിപത്യമാണ്. പ്രധാനമന്ത്രിയായിരിക്കും ഗവണ്മെന്റിന്റെ തലവൻ പക്ഷെ പ്രസിഡന്റ് ആണ് രാജ്യത്തിൻറെ തലവൻ. ഈ സ്ഥാപനങ്ങളെയും മൂല്യങ്ങളെയും, പ്രക്രിയകളെയുമാണ് അവർ നശിപ്പിക്കുന്നത്. അത് ജനാധിപത്യത്തെ നശിപ്പിക്കുന്ന വിപുലമായ ഒരു പരിപാടിയുടെ ഭാഗമായി വേണം കാണാൻ.

Related Stories

No stories found.
logo
The Cue
www.thecue.in