മലയാള ചലച്ചിത്ര രംഗത്ത് വീണ്ടുമൊരു അടച്ചിടല്‍ സമരം സംഭവിക്കാന്‍ പോകുന്നൂ. അഭിനേതാക്കളുടെ ഒഴികെയുള്ള സിനിമാ സംഘടനകള്‍ ഒന്നടങ്കം എടുത്ത തീരുമാനമായതിനാലും, നേടിയെടുക്കാന്‍ സാധിക്കാത്തവ കൂടി സമരാവശ്യങ്ങളിലുണ്ട് എന്നതിനാലും അനിശ്ചിത കാലത്തേയ്ക്ക് അടച്ചിടല്‍ നീളനാണ് സാധ്യത. അങ്ങനെയൊരു സമരം സംഭവിച്ചാല്‍, എല്ലാ ആഴ്ചയും തിയറ്ററില്‍ പോയി തന്നെ സിനിമകള്‍ ആസ്വദിക്കണം എന്ന് നിര്‍ബന്ധമുള്ള സജീവ സിനിമാ പ്രേമികള്‍ക്ക് നിരാശ തോന്നിയേക്കാം, പക്ഷേ, ലക്ഷക്കണക്കിന് വരുന്ന സാധാരണ സിനിമാ പ്രേക്ഷകര്‍ക്ക് അതൊരു മിസ്സിംഗ് ആവില്ല. കാരണം വിനോദ കോണ്ടന്റുകള്‍ക്ക് ക്ഷാമമില്ലന്നത് തന്നെ. രണ്ടാഴ്ച മുന്‍പ് ഒരു സുഹൃത്ത് പറയുകയുണ്ടായി, വന്‍ ഹിറ്റാണെന്ന് കേട്ടാലേ അവരിപ്പോള്‍ തിയറ്ററില്‍ പോകാറുള്ളൂ, പകരം യൂട്യൂബില്‍ സിനിമാ പ്രൊമോഷന്‍ ഇന്റര്‍വ്യൂസ് ആണത്രേ കാണാറ്. നിരവധി വിനോദ കോണ്‍ടെന്റുകള്‍ റീല്‍സിലൂടെയും ഷോര്‍ട്സിലൂടെയുമൊക്കെ വിരല്‍ത്തുമ്പിലുള്ളപ്പോള്‍ ആള്‍ക്കാര്‍ക്ക് സിനിമ ഒരു മസ്റ്റ് അല്ലേയല്ല. മാത്രമല്ല, ലോകത്തെ എല്ലാ സിനിമകളും വീട്ടിലിരുന്നു സബ് ടൈറ്റിലോടെ കാണാന്‍ ശീലിച്ചു കഴിഞ്ഞ പ്രേക്ഷകരാണ് ഇപ്പോഴുള്ളത്. ആ ശീലം ഒരു അഡിക്ഷനിലേക്ക് എത്തിക്കുവാന്‍ പ്രസ്തുത സമരം ഹേതുവാകുമോ എന്ന ആകുലത എന്നെ അലടുന്നത് കൊണ്ടാണ് ഈ സമര പ്രഖ്യാപനത്തെ അവലോകനം ചെയ്യാന്‍ ഇവിടെ മുതിരുന്നതും. ഞാന്‍ അംഗമായ മൂന്ന് സിനിമാ സംഘടനയിലെയും സുഹൃത്തുക്കള്‍ ക്ഷമിക്കുവാനും ശ്രദ്ധിക്കുവാനും അഭ്യര്‍ത്ഥന.
നിര്‍ദ്ദിഷ്ട്ട സമരാവശ്യങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ പരിഹരിക്കേണ്ടവയും, സിനിമാ സംഘടനാ തലത്തില്‍ പരിഹരിക്കേണ്ടവയുമുണ്ട്. അതില്‍, ദശാബ്ദങ്ങളായി സംസ്ഥാന സര്‍ക്കാർ ഈടാക്കി വരുന്ന വിനോദ നികുതി ഒഴിവാക്കണം എന്ന ജി.എസ്.ടി.ക്ക് ശേഷം മാത്രം റിലീസ് ആയ പുതുവാദത്തില്‍ കഴമ്പുണ്ടോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം, സെയില്‍സ് ടാക്സിനും സര്‍വീസ് ടാക്സിനും പകരമാണ് ജി.എസ്.റ്റി വന്നത്. മറിച്ച് വിനോദ, ആഡംബര, ഇതര നികുതികള്‍ക്ക് പകരമായിട്ടല്ല. വിനോദ നികുതി പിരിക്കുന്നത് മൂന്നാം ഗവൺമെന്റായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ആണ്. സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകള്‍ക്ക് അതില്‍ റോളില്ല. ജി.എസ്.ടി. വരുന്നതിനു മുന്‍പ് സിനിമാ ടിക്കറ്റിന് കേരളത്തില്‍ വില്‍പ്പന നികുതി ഉണ്ടായിരുന്നില്ലല്ലോ. അപ്പോള്‍ ജി.എസ്.ടി. ആണ് സിനിമയ്ക്ക് 18% അമിത നികുതി ഭാരം നല്‍കിയത് എന്നതല്ലേ യാഥാര്‍ത്ഥ്യം. അതെന്തിന് കണ്ടില്ലെന്ന് വെയ്ക്കുന്നു ? ജി.എസ്.ടി ഒഴിവാക്കാനല്ലേ ശരിക്കും സമരം സംഘടിപ്പിക്കേണ്ടത് ? പകരം ദശാബ്ദങ്ങളായി നിലനിന്നു പോരുന്ന പാവം വിനോദ നികുതിയെ വില്ലനാക്കാന്‍ ശ്രമിക്കുന്ന ട്വിസ്റ്റ് പ്രസ്തുത സമരതിരക്കഥയുടെ ബലം ചോര്‍ത്തുകയല്ലേ ചെയ്യുക?
ചെറിയൊരു ഫ്ലാഷ്ബാക്കിലേക്ക് കട്ട് ചെയ്തോട്ടെ... ജി.എസ്.ടി. ലിസ്റ്റില്‍ സിനിമയുണ്ട് എന്നറിഞ്ഞ ശേഷം കേരള മുഖ്യമന്ത്രിയെയും, സാംസ്കാരിക മന്ത്രിയെയും, ധനകാര്യ മന്ത്രി തോമസ് ഐസക്കിനെയും സിനിമാ സംഘടനാ നേതാക്കളെല്ലാം ചേര്‍ന്ന് (സിനിമാ എം.എല്‍.എ മാര്‍ ഉള്‍പ്പെടെ) പോയികാണുന്നതാണ് സീന്‍. നിവേദനം സാകൂതം ശ്രവിച്ച തോമസ് ഐസക് പറയുന്നു; "എനിക്ക് ബോധ്യപ്പെട്ടു, നിങ്ങളുടെ ആവശ്യം ന്യായമാണ്. ജി.എസ്.ടി. കൗണ്‍സിലിനോടും, കേന്ദ്ര ധനകാര്യ മന്ത്രിയോടും അടുത്ത മീറ്റിങ്ങില്‍ നേരിട്ട് ആവശ്യപ്പെടാം, മുന്‍കൂറായി കത്ത് നാളെത്തന്നെ അയയ്ക്കുകയും ചെയ്യാം, എസ്സന്‍ഷ്യല്‍ വിഭാഗത്തിലോ ബേസിക്ക് വിഭാഗത്തിലോ എങ്കിലും ഉള്‍പെടുത്തണം എന്ന് എന്നെക്കൊണ്ട് കഴിയും വിധം ഞാന്‍ വാദിക്കാം. പക്ഷേ കേന്ദ്രം സമ്മതിക്കുമോ എന്നറിയില്ല. അതിനൊരു തീരുമാനം ആവും വരെ വിനോദ നികുതി താത്ക്കാലത്തേയ്ക്ക് മൂന്നാല് മാസമെങ്കിലും ഒഴിവാക്കി തരാന്‍ പറ്റുമോന്നു നോക്കട്ടെ" ദൃക്സാക്ഷിയാണ് ഞാനതിന്. (അദ്ദേഹം പറഞ്ഞത് പ്രകാരം, അന്തിമ തീരുമാനം വരുന്നത് വരേയും വിനോദ നികുതി ഈടാക്കിയിട്ടുമില്ല ) പിന്നീട് സംഘടനകള്‍ ഫോളോ അപ്പ് ചെയ്തോ എന്നറിയില്ല, പക്ഷേ തോമസ് ഐസക്ക് സഖാവിനെ ഞാന്‍ ബന്ധപെട്ടു കൊണ്ടേയിരുന്നു. "ഇന്ത്യയിലെ ഏഴെട്ട് സ്റ്റേറ്റ് എങ്കിലും ആവശ്യപ്പെട്ടാലേ നടക്കുള്ളൂ, കാരണം കോര്‍പറേറ്റ് പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കാനാകും എന്നതിനാല്‍ അവര്‍ക്കാര്‍ക്കും ജി.എസ്.ടി ഒഴിവാക്കാന്‍ താല്പര്യമില്ല" എന്ന് അദ്ദേഹം പറഞ്ഞതായി സുരേഷേട്ടനെയും രഞ്ജിത്തേട്ടനെയും ഞാന്‍ ധരിപ്പിച്ചതും ഓര്‍മ്മയിലുണ്ട്.
പിന്നീടാണ് വിനോദ നികുതി ഒഴിവാക്കണം എന്ന പുതിയ കഥാപാത്രം കടന്നു വന്നത്. അത് ഇരുട്ടുകൊണ്ട് ഗട്ടർ അടയ്ക്കുന്നത് പോലെ വിചിത്രമാണ്. യഥാര്‍ത്ഥത്തില്‍ സിനിമാ സംഘടനകള്‍ ആവശ്യപ്പെടേണ്ടത് സിനിമയെ ഏറ്റവും കുറഞ്ഞ ജി.എസ്.ടി. സ്ലാബിലേക്ക് എങ്കിലും (ബേസിക് നെസസിറ്റി സ്ലാബ് - 5%) മാറ്റണം എന്നായിരുന്നു. എങ്കിലതിന് പാന്‍ ഇന്ത്യന്‍ സ്വീകരികത പോലും ചിലപ്പോള്‍ ലഭിക്കുമായിരുന്നു.
നമ്മുടെ സംഘടനകള്‍ വര്‍ഷങ്ങളായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന മറ്റൊരു കാര്യം, തിയറ്ററുകളുടെ വൈദ്യുതി ചാര്‍ജില്‍ ഇളവ് അനുവദിക്കുക എന്നതാണ്. വര്‍ഷങ്ങളായി ആവശ്യപ്പെട്ടിട്ടും നടപ്പാകാത്തത് എന്തുകൊണ്ടെന്നും, സാധാരണ സാഹചര്യത്തില്‍ ആര്‍ക്കൊക്കെയാണ് അത്തരം ഇളവുകള്‍ അനുവദിക്കുക എന്നതും അന്വേഷിച്ച് അറിയാത്തതു കൊണ്ടാവണം ഈ ആവശ്യം ഇടയ്ക്കിടെ മുന്നോട്ടു വയ്ക്കുന്നത്. എന്റെ പരിമിതമായ അറിവില്‍, തിയറ്ററുകള്‍ക്ക് അത്തരത്തിലൊരു ഇളവിനെപ്പറ്റി ചര്‍ച്ച പോലും ചെയ്യണമെങ്കില്‍ ആദ്യം സിനിമയെ ഒരു വ്യവസായമായി അംഗീകരിക്കേണ്ടിയിരിക്കുന്നു. എങ്കില്‍ നിരവധി സാധ്യതകള്‍ നിര്‍മ്മാതാക്കള്‍ക്ക് മുന്നില്‍ തുറന്നുകിട്ടും. അതിനുള്ള ശ്രമമാവണം സിനിമാ രംഗത്തു നിന്നും ആദ്യം ഉണ്ടാകേണ്ടത്.
അടുത്ത ആവശ്യം സിനിമകളുടെ നിര്‍മ്മാണ ചിലവ് കുറയ്ക്കുക എന്നതാണ്. അമ്മ ഉള്‍പ്പെടെ എല്ലാ സംഘടനകളുടെയും പ്രധാന നേതാക്കള്‍ ഒന്നിച്ചിരുന്ന് അഭിനേതാക്കളുടെ ശമ്പളം 2019ലെ നിരക്കിലേക്ക് കുറയ്ക്കണം എന്നു തീരുമാനിച്ചാല്‍ തീരുന്ന കാര്യമേ ഉള്ളൂ അതെന്നാണ് എനിക്ക് തോന്നുന്നത്. അതിനുള്ള നേതൃപാടവവും പ്രയോഗികതയും കാര്യക്ഷമതയുമുള്ള നേതാക്കളാണ് നമ്മുടെ സംഘടനകളില്‍ ഉള്ളത്. ആ വിഷയം സമരത്തിലേക്ക് എത്തുന്നതിനു മുന്‍പേതന്നെ പരിഹരിക്കപ്പെടും എന്ന ശുഭ പ്രതീക്ഷയിലാണ് ഞാനും. ഉപസംഹരിക്കുമ്പോള്‍, ഒന്നാം ആവശ്യമായി ജി.എസ്.ടി സ്ലാബ് കുറയ്ക്കുക, രണ്ടാമതായി സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുക എന്നിവ കൂടാതെ അടിയന്തിരമായി മുന്നോട്ടു വയ്ക്കേണ്ടുന്ന ചില അടിസ്ഥാന ആവശ്യങ്ങള്‍ കൂടി സംഘടനകളെ ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ.
3. ഓണ്‍ലൈന്‍ സിനിമാ പൈറസി തടയാനുള്ള 24x7 പ്രവര്‍ത്തിക്കുന്ന സംസ്ഥാന സൈബര്‍ പോലീസിന്റെ ടീം.
4. ടെലിഗ്രാം പൈറസി തടയാനുള്ള (വേണ്ടിവന്നാല്‍ നിരോധിക്കാനുള്ള) കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
5. വിട്ടുപോയ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് തിരികെയെത്തിക്കാൻ; ചുരുങ്ങിയ നിരക്കില്‍ സര്‍ക്കാരിന്റെ ടിക്കറ്റ് ബുക്കിങ്ങ് ആപ്പ് തിയറ്ററുകളില്‍ നിര്‍ബന്ധമാക്കല്‍.
5.A തിയറ്റര്‍ കാന്റീനുകളിലെ നിരക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തല്‍.
6. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സിനിമാ ചിത്രീകരണത്തിന് ലഭ്യമാക്കാനുള്ള ഏക ജാലക സംവിധാനം.
7, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ലോകോത്തര നിലവാരമുള്ള സിനിമാ ഷൂട്ടിംഗ് സ്റ്റുഡിയോ പാര്‍ക്ക്.
ഇതൊക്കെ നടപ്പാക്കികിട്ടാന്‍ അടച്ചിടല്‍ സമരം ആവശ്യമോ എന്നത് വൈകാരികത മാറ്റി നിര്‍ത്തി ചിന്തിക്കേണ്ട വിഷയമാണ്. തൊഴില്‍ ദിനങ്ങളിലെ നഷ്ട്ടം, തിയറ്ററില്‍ നിന്നും അകന്നു പോകാനുള്ള പ്രേക്ഷക ത്വരയ്ക്ക് ആക്കം കൂട്ടല്‍ എന്നിവയൊക്കെ പരിഗണിച്ച് ഉചിതമായ തീരുമാനം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. മറ്റൊരു വിധത്തില്‍ അടച്ചിടല്‍ ഗുണം ചെയ്യുമെന്നതും പറയാതെ വയ്യ, ആവശ്യത്തിലധികമായ സിനിമാ നിര്‍മ്മാണവും, റിലീസ് കുത്തൊഴുക്കും അവസാനിച്ചാല്‍ നല്ല സിനിമകള്‍ തിയേറ്ററില്‍ നിലനില്‍ക്കുന്നതിന് വഴിയൊരുക്കിയേക്കും.
പുതുതായി സിനിമാ നിര്‍മ്മാണത്തിലേക്ക് കടന്നു വരുന്നവര്‍ക്കായി ഒരു ടെയില്‍ എന്‍ഡ് കൂടി. തിയറ്ററില്‍ ഓടുന്ന ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് മാത്രം ലഭിക്കുന്ന ബോണസ് ആണ് ഒ.ടി.ടി, സാറ്റലൈറ്റ്, ഓവര്‍സീസ് എന്നീ അവകാശങ്ങള്‍ വില്‍ക്കാന്‍ സാധിക്കുന്നത്. അതും അവര്‍ പറയുന്ന വിലയ്ക്ക് കൊടുത്താല്‍ മാത്രം. മറിച്ചുള്ള മോഹന വാഗ്ദാനങ്ങള്‍ പെട്രോള്‍ - ഗ്യാസ് വില കുറയ്ക്കുമെന്നത് പോലെയോ ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടിലും 15 ലക്ഷം വരുമെന്ന് പറഞ്ഞതു പോലെയോ ആണ്. നമ്മള്‍ അനുവദിക്കാതെ ആര്‍ക്കും നമ്മളെ ചതിക്കാനാവില്ല.