ബ്രഹ്മപുരം ദുരന്തം; ഇനിയെങ്കിലും പഠിക്കേണ്ടതുണ്ട്

ബ്രഹ്മപുരം ദുരന്തം; ഇനിയെങ്കിലും പഠിക്കേണ്ടതുണ്ട്
Summary

ബ്രഹ്മപുരം ദുരന്തത്തിൽ നിന്ന് എന്തൊക്കെ പാഠങ്ങളാണ് നാം ഉൾക്കൊള്ളേണ്ടത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. ഇനി മുന്നോട്ട് ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം. ഓർഗാനിക്സ് ആന്റ് ക്ലൈമറ്റ് ക്യാമ്പെയ്നർ, GAIA - ഏഷ്യ പസഫിക്, ഷിബു കെ.എൻ എഴുതുന്നു.

1. ജൈവമാലിന്യങ്ങൾ കുന്നുകൂടി കിടക്കുമ്പോൾ ഏറ്റവും അടിത്തട്ടിലേക്ക് വായുസഞ്ചാരം ഉണ്ടായിരിക്കില്ല. അവിടെ അനെയ്റോബിക് ഡൈജഷൻ നടക്കുകയും അതിന്റെ ഫലമായി മീഥെയ്ൻ ഉണ്ടാകുകയും ചെയ്യും. കൂടാതെ ഈ പ്രവർത്തനത്തിന്റെ ഫലമായി നല്ലതുപോലെ താപം ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യും.

മാലിന്യക്കൂമ്പാരത്തിന്റെ മേൽപാളിയിലും മാലിന്യക്കൂമ്പാരത്തിനകത്തുമുള്ള പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങൾ ഒരു പാളിപോലെ പ്രവർത്തിച്ച് താപം പുറത്തുവിടാതിരിക്കുകയും അകത്തെ താപം ക്രമേണ കൂടിവരികയും ചെയ്യും. താപവും മർദ്ദവും കൂടിവരുന്ന സാഹചര്യത്തിൽ ഒരു പൊട്ടിത്തെറിയോടെ മീഥെയ്ൻ തീപിടിക്കാനുള്ള സാഹചര്യം വളരെ കൂടുതലാണ്. അതുകൊണ്ടാണ് ബയോ മൈനിംഗ് ചെയ്യുന്നതിന് മുമ്പ് മീഥെയ്നിന്റെ അളവിനെക്കുറിച്ച് പഠനം നടത്തുന്നതും അതിനെ സുരക്ഷിതമായി പുറത്തെത്തിച്ച് കത്തിച്ചുകളയാനുള്ള സംവിധാനങ്ങളൊരുക്കുന്നതും.

ബോംബെ ഐ.ഐ.ടി യിലെ ഒരു വിദഗ്ധനുമായി ബോംബെയിലെ ലാന്റ് ഫില്ലിനെക്കുറിച്ച് പരാമർശിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അവിടെ അടിയിൽ വൻതോതിൽ മീഥെയ്ൻ ഉണ്ട്. പക്ഷേ അത് പുറത്തെടുത്ത് സുരക്ഷിതമായി ഉപയോഗിക്കാനോ കത്തിച്ചുകളയാനോ പറ്റിയ സാഹചര്യമല്ല. അപകടസാധ്യത ഏറെയാണ്. എങ്ങാനും പാളിയാൽ വലിയ തീപിടുത്തത്തിലാകും ചെന്നു നിൽക്കുക എന്നാണ്. അതുകൊണ്ട് സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള എല്ലാ മാലിന്യക്കൂനകളുടെയും സ്ഥിതിയെക്കുറിച്ച് ഒരു അവലോകനം നടത്തി മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.

2. ബ്രഹ്മപുരത്ത് ജീവൻ പണയം വെച്ച് നമ്മുടെ ഫയർ ആന്റ് റെസ്ക്യൂ ടീമും മറ്റ് സന്നദ്ധപ്രവർത്തകരും നാട്ടുകാരുമൊക്കെ ചേർന്ന് തീയണച്ചിട്ടുണ്ട്. നമുക്ക് ചിന്തിക്കാനാവുന്നതിനുമപ്പുറം ദുർഘടവും അസാധ്യവുമായ ഒരു ജോലിയാണ് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് അവർ തീർത്തത്. (സംശയിക്കേണ്ട, ഇന്ത്യയിലെ മറ്റ് മാലിന്യമലകളൊക്കെ ഇപ്പോഴും കെടുത്താൻ പറ്റാത്തവിധം പുകഞ്ഞുകൊണ്ടിരിക്കുന്നത് കാണാം).

ഇനിയും സൂക്ഷിക്കണം. വൻതോതിൽ ജലം പമ്പു ചെയ്തിട്ടുണ്ട്. അവിടെ നിലവിലുള്ള ജൈവമാലിന്യക്കൂമ്പാരങ്ങളിലേക്ക് വൻതോതിൽ ജലം ഇറങ്ങുമ്പോൾ അനെയ്റോബിക് ഡൈജഷൻ വീണ്ടും ആരംഭിക്കും. കാരണം ജലാംശം ഉയരുമ്പോൾ വായുവിന് അകത്തേക്ക് കടക്കാൻ ആവില്ല. വീണ്ടും മീഥെയ്ൻ ഉണ്ടാകും. ഇനി വേനൽ മഴകൂടി പെയ്യുകയാണെങ്കിൽ ഇത് ഒന്നുകൂടി വർദ്ധിക്കും. ചെറിയ അളവിലാണെങ്കിലും എവിടെയെങ്കിലും തീയുണ്ടെങ്കിൽ അത് വീണ്ടും കത്തിപ്പിടിക്കും. പക്ഷേ അത്ര മാരകമായിരിക്കില്ല. തീയണക്കാനായി ഇപ്പോൾ മാലിന്യമല കുറേയൊക്കെ ഇളക്കി മറിച്ചതുകൊണ്ട് വൻതോതിൽ മീഥെയ്ൻ പുറത്തേക്ക് പോയിട്ടുണ്ടാവും. എന്നു വെച്ച് മീഥെയ്ൻ ഉൽപാദനം നിലക്കുന്നില്ല എന്ന കാര്യം മറക്കരുത്.

ഇനി വരുന്ന ദിവസങ്ങളിൽ മാലിന്യ മലയുടെ ഉയരം കുറക്കുകയും പരമാവധി വായു സഞ്ചാരം ഉറപ്പാക്കാൻ പാകത്തിൽ ഇളക്കിയിടുകയോ, പൈപ്പുകളും കംപ്രസറുമുപയോഗിച്ച് വായു അകത്തേക്ക് കടത്തിവിടുകയോ ഒക്കെ ചെയ്ത് മീഥെയ്ൻ ഉൽപാദനത്തിൻറെ വേഗം കുറക്കാൻ ശ്രമിക്കണം. വിദഗ്ധരുമായി കൂടിയാലോചിച്ച് വേണ്ടത് ചെയ്യണം.

3. അഗ്നിശമന സുരക്ഷാ പ്രവർത്തനങ്ങളിലേർപ്പെട്ടവരുമായി ഏറ്റവും അടുത്ത ദിവസങ്ങളിൽ സംസാരിച്ച്, എന്തൊക്കെ ബുദ്ധിമുട്ടുകളായിരുന്നു നേരിട്ടതെന്ന് മനസ്സിലാക്കി ഭാവിയിൽ ഇത്തരമൊരു സാഹചര്യം കൂടുതൽ സുരക്ഷിതമായും കാര്യക്ഷമമായും കൈകാര്യം ചെയ്യാനും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എഴുതിത്തയ്യാറാക്കാനും ശ്രമിക്കണം. കേരളത്തിനു മാത്രമല്ല മറ്റു സംസ്ഥാനങ്ങൾക്കും ഇത് പ്രയോജനപ്പെടും.

4. ബ്രഹ്മപുരം ദുരന്തത്തിന് ശേഷം കൊച്ചിയിലെ മാലിന്യ സംസ്കരണ പരിപാടി അടിമുടി മാറുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. രാഷ്ട്രീയ നേതൃത്വവും സർക്കാരും ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്തത് തന്നെ ശുഭാപ്തി വിശ്വാസം പകരുന്നു. ഉറവിടത്തിൽ തന്നെ മാലിന്യങ്ങൾ തരം തിരിക്കുക എന്നത് കൊച്ചിയിൽ മാത്രമല്ല കേരളത്തിലൊട്ടാകെ നടപ്പിലാക്കിയെടുക്കേണ്ട ഒന്നാണ്. ശക്തമായ പ്രചാരണവും നിയമനടപടികളുമൊക്കെ വേണ്ടിവരും.

കൊച്ചിയിൽ അത് വരുന്ന മൂന്നുമാസത്തിനുള്ളിൽ നടപ്പിലാക്കിയെടുക്കാനുള്ള ശ്രമമാണെന്ന് പത്രവാർത്തകൾ സൂചിപ്പിക്കുന്നു. നല്ല കാര്യം. ഉറവിടത്തിൽ വേർതിരിക്കുമ്പോൾ തന്നെ മാലിന്യപ്രശ്നത്തിൻറെ 60-70 ശതമാനം പരിഹരിക്കാനുള്ള വഴി താനേ തെളിയും. അതുപോലെ തിരുവനന്തപുരത്ത് പരീക്ഷിച്ച് വിജയിച്ച, മാലിന്യങ്ങളുടെ തരം തിരിച്ചുള്ള ശേഖരണം - ഒരു കലണ്ടർ വെച്ച് സ്ഥിരമായി ഓരോ തരം അജൈവ മാലിന്യങ്ങളും ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ ശേഖരിക്കുന്ന വിധം- മാലിന്യങ്ങൾ കുന്നുകൂടാതെ നേരിട്ട് റീസൈക്ലിംഗിന് ലഭ്യമാക്കാൻ സഹായിക്കും.

5. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ അവസരം ഉറവിടത്തിൽ മാലിന്യങ്ങളെ വേർതിരിക്കുന്നതിന് യൂണിഫോം രീതി കൊണ്ടു വരണമെന്നതാണ്. കൊച്ചിയിൽ മാത്രമല്ല, കേരളമൊട്ടാകെ. നിലവിലുള്ള ഒരു പ്രശ്നം മാലിന്യങ്ങളെ പല പേരിൽ വിളിക്കുന്നു എന്നതാണ്. ഉദാഹരണത്തിന് വെറ്റ് വേസ്റ്റ്, ഡ്രൈ വേസ്റ്റ്, അല്ലെങ്കിൽ ഓർഗാനിക്, ഇനോർഗാനിക്, ജൈവം, അജൈവം എന്നിങ്ങനെ വിളിപ്പേരിനനുസരിച്ച് പ്രശ്നങ്ങളുമുണ്ട്. നനഞ്ഞ പ്ലാസ്റ്റിക് കവർ വെറ്റ് ആണോ ഡ്രൈ ആണോ എന്നു ചോദിച്ചാൽ ഉത്തരം മുട്ടും.

കേരളത്തിന് പറ്റിയ - പുനഃചംക്രമണ സാധ്യതയെ മുൻ നിർത്തി - മാലിന്യങ്ങളെ തരം തിരിക്കുകയും അവയ്ക്ക് യൂണിഫോം പേരു നൽകുകയും അവ ശേഖരിക്കുന്നതിനുള്ള കണ്ടെയ്നറുകൾക്ക് യൂണിഫോം കളർ കോഡ് കൊടുക്കുകയും ചെയ്യുന്നത് നല്ലതായിരിക്കുമെന്ന് കരുതുന്നു. നിങ്ങൾ എവിടെയായിരുന്നാലും പച്ചബക്കറ്റിൽ ഭക്ഷണ മാലിന്യവും വെള്ള ബക്കറ്റിൽ പ്ലാസ്റ്റിക് മാലിന്യവും ചുവന്ന ബക്കറ്റിൽ ബാറ്ററികളും ഇടാൻ ശീലമാക്കണം.

മുൻസിപ്പൽ ഖരമാലിന്യ പരിപാലന ചട്ടങ്ങൾ 2022 ൽ കൃത്യമായി ഇതേക്കുറിച്ച് പറയുന്നില്ലെങ്കിലും കേരളത്തിന് ആ ചട്ടങ്ങളോട് ചേർന്നു നിന്നുകൊണ്ടു തന്നെ സ്വന്തമായി ഒരു കോഡ് ഡെവലപ്പ് ചെയ്യാം. ഓരോ പഞ്ചായത്തിലും ഓരോ സ്ഥിതി എന്ന രീതിയിൽ നിന്ന് മാറാം. ബയോ മെഡിക്കൽ മാലിന്യങ്ങൾക്കുള്ളതുപോലെ വളരെ കൃത്യമായ ഒരു കാറ്റഗറൈസേഷനും കളർ കോഡിംഗും വേണം. ഇൻഡോറിലെയോ പൂനെയിലെയോ ബാംഗ്ലൂരിലെയോ മൈസൂരിലെയോ ഒക്കെ മാതൃകകൾ പരിഗണിക്കാവുന്നതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in