ലിയോ പതിനാലാമന്‍: സംവാദത്തിന്റെ സഭാശ്രേഷ്ഠന്‍

ലിയോ പതിനാലാമന്‍: സംവാദത്തിന്റെ സഭാശ്രേഷ്ഠന്‍
Published on
Summary

'നിങ്ങള്‍ക്ക് സമാധാനം' വത്തിക്കാനില്‍ വി.പത്രോസിന്റെ ബസിലിക്കായുടെ ചത്വരത്തില്‍ ആകാംക്ഷയോടെ കാത്തുനിന്ന ജനലക്ഷങ്ങള്‍ക്ക്, പത്രോസിന്റെ 267-ാം പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന്റെ പ്രഥമ ആശംസയും ആശീര്‍വാദവും.

ഏഴാം തീയതി ധ്യാനത്തോടെ തുടങ്ങിയ കോണ്‍ക്ലേവില്‍ 71 രാജ്യങ്ങളില്‍ നിന്നുള്ള 133 കര്‍ദിനാള്‍മാരാണ് തിരഞ്ഞെടുപ്പിലുണ്ടായത്. രണ്ടാം ദിനം തന്നെ നാലാമത്തെ വോട്ടെടുപ്പില്‍ പുതിയ പാപ്പ തിരഞ്ഞെടുക്കപ്പെട്ടത് നേട്ടമാണ്. റോബര്‍ട്ട് ഫ്രാന്‍സിസ് പ്രവോസ്ത് എന്ന തന്റെ പേരിലെ ഫ്രാന്‍സിസിനെ പുതിയ നാമകരണവേളയില്‍ വിട്ടുകളഞ്ഞെങ്കിലും മുന്‍ഗാമി ഫ്രാന്‍സിസിന്റെ വഴികളിലൂടെ തന്നെയാണ് താനും എന്ന ആദ്യസൂചനകള്‍ പ്രഥമ സന്ദേശമധ്യേ നല്‍കിയത് ശ്രദ്ധേയമാണ്.

''ഈസ്റ്റര്‍ പ്രഭാതത്തില്‍ റോമായ്ക്കും ലോകത്തിനും ആശീര്‍വാദം നല്കിയ ഫ്രാന്‍സിസ് പാപ്പയുടെ ദുര്‍ബലവും എന്നാല്‍ സുധീരവുമായ ആ ശബ്ദം ഇപ്പോഴും നമ്മുടെ ചെവികളില്‍ മുഴങ്ങുന്നുണ്ട്! അതേ അനുഗ്രഹം തുടരാന്‍ എന്നെ അനുവദിക്കുക.''

അമേരിക്കയിലാണ് പുതിയ പാപ്പ ജനിച്ച് വളര്‍ന്നതെങ്കിലും, (ചിക്കാഗോയില്‍ 1955 സെപ്തംബര്‍ 14ന്) തെക്കുള്ള സാമ്പത്തിക പിന്നോക്ക രാജ്യമായ പെറുവില്‍ ആയിരുന്നു ഒരു ദശകത്തിലധികം അദ്ദേഹത്തിന്റെ മേല്‍പ്പട്ട ശുശ്രൂഷ എന്നതുകൊണ്ട് കാഴ്ചപ്പാടില്‍ ദരിദ്രരെയും അഭയാര്‍ഥികളെയും മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും പുതിയ പാപ്പായ്ക്കാകും എന്നത് ലോകത്തിന്റെ വലിയ പ്രതീക്ഷ തന്നെയാണ്.

പേരെന്നാല്‍ പെരുമാറ്റം കൂടിയാണെന്ന് മുന്‍ഗാമി തെളിയിച്ചതിന്റെ ഓര്‍മ്മയിലാകണം തന്റെ നാമകരണവേളയില്‍ ലിയോ പതിനാലാമന്‍ എന്ന് പുതിയ പാപ്പ ഉറപ്പിച്ചത്. 1878 മുതല്‍ 1903 വരെ സഭയെ നയിച്ച ഭാഗ്യസ്മരണാര്‍ഹനായ ലിയോ പതിമൂന്നാമന്റെ സാമൂഹിക ദര്‍ശനത്തിന്റെയും നീതിബോധത്തിന്റെയും യഥാര്‍ഥ പിന്‍ഗാമിയായി തന്നെ അവതരിപ്പിച്ചുകൊണ്ടാണ് മനഃപൂര്‍വമായ ഈ നാമ സ്വീകരണം. 'റേരും നൊവാരും' പോലുള്ള ചാക്രിക ലേഖനത്തിലൂടെ പാവപ്പെട്ടവരെയും തൊഴിലാളികളെയും സമൂഹഹത്തിന്റെയും സഭയുടെയും മുഖ്യസ്ഥാനത്ത് പുനഃപ്രതിഷ്ഠിച്ച ലിയോ പതിമൂന്നാമനെ തന്നെ മാതൃകയാക്കിക്കൊണ്ട് പുതിയ പാപ്പ തുടങ്ങുമ്പോള്‍ അത് പുതിയ ലോകക്രമത്തിന്റെ കൂടി തുടക്കമാവുകയാണ്.

കമ്യൂണിസത്തെയും ക്യാപ്പിറ്റലിസത്തെയും ഒരുപോലെ തള്ളിക്കളഞ്ഞുകൊണ്ട് മനുഷ്യനെയും മനുഷ്യത്വത്തെയും പ്രധാന പ്രതിഷ്ഠയാക്കിയ ആ മുന്‍ഗാമിയുടെ നല്ല അനുഗാമിയായി കത്തോലിക്കാസഭയുടെ പുതിയ പരമാധ്യക്ഷന്‍ വരുമ്പോള്‍ ട്രംമ്പമേരിക്കയുടെ പുതിയ ആധിപത്യനയങ്ങള്‍ എതിര്‍ക്കപ്പെടുമെന്നുറപ്പാണ്. പാവപ്പെട്ടവരോട് പക്ഷം ചേരുന്ന പുരോമഗന മധ്യവര്‍ത്തിയായി (Cautious Centrist) പുതിയ പോപ്പിനെ വീക്ഷിക്കുന്നവരുണ്ട്. ഫ്രാന്‍സിസ് പാപ്പയുടെ പരിസ്ഥിതി ദര്‍ശനത്തെ നന്നായി ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുമെന്ന് ഉറപ്പിക്കുന്നവരുമുണ്ട്. ഇംഗ്ലീഷ് നന്നായി സംസാരിക്കാനറിയുന്ന പുതിയ പോപ്പിന് അദ്ദേഹം ആഗ്രഹിക്കുന്നതുപോലെ 'സംവാദത്തിന്റെ പുതിയ തുറസ്സിടങ്ങളെ' നന്നായി വികസിപ്പിക്കാനാകും.

''ലോകത്തിന് ക്രിസ്തുവിന്റെ പ്രകാശം ആവശ്യമാണ്. ദൈവത്തിനും അവിടുത്തെ സ്നേഹത്തിനും എത്തിച്ചേരാനുള്ള ഒരു പാലമായി ക്രിസ്തുവിനെ മനുഷ്യരാശിക്ക് ആവശ്യമുണ്ട്. സംഭാഷണത്തിലൂടെയും കണ്ടുമുട്ടലുകളിലൂടെയും പാലം പണിയുന്നവരാകാന്‍ നിങ്ങള്‍ ഞങ്ങളെ സഹായിക്കുക.''വിഭാഗീയതയുടെ മതിലുയര്‍ത്തി വളര്‍ത്തുന്ന വംശവെറിയെ പുതിയ ലോകക്രമമാക്കുന്ന ഇക്കാലത്ത് സംവാദപ്പാലത്തിലൂടെ സൗഹാര്‍ദ സമൂഹനിര്‍മ്മിതിയെ കാലഘട്ടത്തിന്റെ ആവശ്യമായി പുതിയ പാപ്പ ആദ്യമെ തന്നെ തിരിച്ചറിയുന്നുവെന്നത് ഈ യുദ്ധകാലത്ത് എത്രയോ ആശ്വാസകരമാണ്.

അഗസ്റ്റീനിയന്‍ സന്യാസ സഭാംഗമായ പുതിയ പാപ്പ താന്‍ വി.അഗസ്റ്റിന്റെ മകനാണെന്നതില്‍ അഭിമാനിക്കുന്നുവെന്ന് 'നഗരത്തിനും ലോകത്തിനും' നല്കിയ പ്രഥമ സന്ദേശത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. 'ഏറ്റുപറച്ചിലു'കള്‍ (Confessions) അനുരഞ്ജനവഴികള്‍ എത്രയോ അനിവാര്യമെന്ന് വി. അഗസ്റ്റിന്റെ ജീവിതം സഭയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. 'തീര്‍പ്പുകളുടെ' (certainity) കാനോനിക ശാഠ്യങ്ങള്‍ വൈദികാധിപത്യത്തിന് മേല്‍ക്കൈയുണ്ടാക്കുന്ന സഭാ സംവിധാനത്തെ ക്രിസ്തുവില്‍ പുതുക്കുവാനും സിനഡാത്മക സഭയായി പുതുക്കിപ്പണിയുവാനും മുന്‍ഗാമിയുടെ മാതൃക പ്രചോദനമാകട്ടെ. പുതിയപാപ്പ ആഗ്രഹിക്കുന്നതു പോലെ ''എപ്പോഴും തുറന്ന കൈകളോടെ നമ്മുടെ സഹായവും സാന്നിധ്യവും സംഭാഷണവും, സ്നേഹവും ആവശ്യമുള്ള ഏവരെയും സ്വീകരിക്കുന്ന സഭയാകാന്‍'' കത്തോലിക്കാസഭയ്ക്കും, ലോകസമൂഹത്തിനും കഴിയട്ടെ. വിശപ്പില്ലാത്ത, അഭയാര്‍ഥികളില്ലാത്ത, യുദ്ധമില്ലാത്ത പുതിയ ലോകപ്പിറവി പാപ്പായിലൂടെ സംഭവിക്കട്ടെ.

ഉപസംഹാരം

പുതിയ പാപ്പയെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ ഏറെയാണ്. ഫ്രാന്‍സിസ് പാപ്പ തുടങ്ങിവച്ച പലതും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഔപചാരികതയില്ലാതെ എല്ലാവരെയും സ്വീകരിച്ച് സ്വന്തമാക്കിയ ഫ്രാന്‍സിസ് ശൈലി ആളുകളുടെ മനസ്സിലുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇപ്പോഴും അയവില്ലാതെ തുടരുന്നു. റഷ്യന്‍-യുക്രൈയ്ന്‍ പോര് തുടരുമ്പോള്‍ തന്നെയാണ്, ഇന്ത്യ-പാക് അതിര്‍ത്തിയിലെ പുതിയ യുദ്ധ സമാന സാഹചര്യങ്ങള്‍, പരിസ്ഥിതി, അഭയാര്‍ഥികള്‍, ട്രംമ്പമേരിക്കയുടെ വെല്ലുവിളികള്‍, സഭാഘടനയിലെ അര്‍ബുദാഘാതമായ അഴിമതി തുടങ്ങിയവ അവയില്‍ ചിലതു മാത്രമാണ്. ചങ്ങാത്ത മുതലാളിത്തം ഭരണാധിപത്യമേറുന്ന പുതിയ ലോകക്രമത്തില്‍ സാമൂഹിക നീതിയിലധിഷ്ഠിതമായ സമാധാനത്തെ ശാശ്വതീകരിക്കന്‍ പുതിയ പാപ്പയ്ക്കാകട്ടെ.

Related Stories

No stories found.
logo
The Cue
www.thecue.in