പ്ലീനറി സമ്മേളനം: പാർലിമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ പടയൊരുക്കമാകുമോ?

പ്ലീനറി സമ്മേളനം: പാർലിമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ പടയൊരുക്കമാകുമോ?

കോൺഗ്രസ് പ്ലീനറി സമ്മേളനം ഫെബ്രുവരി 24 മുതൽ 26 വരെ ഛത്തീസ്ഗഡിലെ റായ്പൂരിൽ വച്ച് നടക്കുകയാണ്. 2024 ൽ നടക്കുന്ന പാർലിമെന്റ് തെരഞ്ഞെടുപ്പിനും ഈ വർഷം നടക്കാനിരിക്കുന്ന നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും പാർട്ടിയെ സജ്ജമാക്കുന്നതിനു വേണ്ടിയുള്ള നയങ്ങളും തന്ത്രങ്ങളും രൂപീകരിക്കുക എന്നതാണ് എഐസിസി സമ്മേളനത്തിന്റെ പ്രഖ്യാപിത ലക്‌ഷ്യം. ഇത്തരം കാര്യങ്ങളിലൊന്നും അന്തിമ തീരുമാനം കൈക്കൊള്ളുന്നത് എഐസിസി പോലെ വിശാലമായ ഒരു വേദിയിലായിരിക്കില്ലെങ്കിലും പൊതുവായി ഒരു ദിശാ സൂചിക ഇത്തരം സമ്മേളനങ്ങളിൽ ഉരുത്തിരിഞ്ഞ് വരും.

'ആസന്ന മൃത്യു' പ്രവചിച്ച നിരീക്ഷകരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് കോൺഗ്രസ് ഒരു പുനരുജ്ജീവനത്തിന്റെ പാതയിലാണെന്ന പ്രതീതി ഉളവാക്കിയിരിക്കുന്ന ഘട്ടത്തിലാണ് ഈ സമ്മേളനം വരുന്നത് എന്നതാണ് ശ്രദ്ധേയം.

രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നൊരു സാഹചര്യം കൂടിയുണ്ട്. ആ പ്രക്രിയ വലിയ തോതിൽ ദേശീയ ശ്രദ്ധ നേടുകയും പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയോ വിദ്വേഷമോ സൃഷ്ടിക്കാതെ പൂർത്തിയാക്കുകയും ചെയ്തു. ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്ന മല്ലികാർജുൻ ഖാർഗെ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും ശശി തരൂർ മികച്ച മത്സരം കാഴ്ചവെച്ചു. തെരഞ്ഞെടുപ്പ് കോൺഗ്രസിന്റെ ജനാധിപത്യ സ്വഭാവത്തിന് അടിവരയിടുകയും പാർട്ടിയെ ദേശീയ മാധ്യമ ശ്രദ്ധയിലേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു.

എല്ലാ പ്രതീക്ഷകളെയും അതിലംഘിച്ച് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് എല്ലാ സ്ഥലങ്ങളിലും ലഭിച്ച പ്രതികരണം വിമർശകരെയും അനുയായികളെയും ഒരുപോലെ അത്ഭുതപ്പെടുത്തി. എല്ലാ ദുഷ്പ്രചരണങ്ങളെയും അതിജീവിച്ച് രാഹുൽ ഗാന്ധിയുടെ പരിവേഷം ജനമനസ്സുകളെ കീഴടക്കി. കോൺഗ്രസിന്റെ പ്രചരണ യാത്ര എന്നതിലുപരി ഇന്ത്യയിലെ മുഴുവൻ സെക്കുലർ, ലിബറൽ, ജനാധിപത്യവാദികളുടെ സംഗമ വേദിയായി ഭാരത് ജോഡോ യാത്ര മാറി.

ഇക്കാലത്ത് അപൂർവമായി മാത്രം സംഭവിക്കുന്ന മറ്റൊന്നുകൂടി ഈ കാലയളവിൽ സംഭവിച്ചു. കോൺഗ്രസ് ഒരു സംസ്ഥാന തെരഞ്ഞെടുപ്പിൽ വിജയിച്ചു. ഹിമാചൽ പ്രദേശിൽ ബിജെപിയിൽ നിന്നും കോൺഗ്രസ് അധികാരം പിടിച്ചെടുത്തു. ഗുജറാത്തിലെ ഭീമമായ പരാജയം അപ്രതീക്ഷിതമല്ലായിരുന്നു. പക്ഷെ ബിജെപി അധ്യക്ഷന്റെ സംസ്ഥാനത്ത് കോൺഗ്രസ് നേടിയ വിജയം, മോഡി പ്രഭാവത്തെ ഉത്തർപ്രദേശിനും ഗുജറാത്തിനും പുറത്ത് ചോദ്യം ചെയ്യപ്പെടാൻ കഴിയുന്നതാണെന്ന് തെളിയിച്ചു. ഈ സംഭവങ്ങൾ പകർന്ന ആത്മവിശ്വാസത്തോടെയാണ് റായ്പൂർ എഐസിസി സമ്മേളനം നടക്കുന്നത്.

സ്വാഭാവികമായും അടുത്ത തെരഞ്ഞെടുപ്പുകൾ നേരിടാനുള്ള തന്ത്രങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകും. ബിജെപിയെ നേരിടാനുള്ള സഖ്യങ്ങൾ രുപീകരിക്കുന്നതിനു കോൺഗ്രസ്സ് എന്ത് നിലപാടാണ് കൈകൊള്ളുന്നതെന്ന് മറ്റു പ്രതിപക്ഷ കക്ഷികളും നിരീക്ഷകരും ഉറ്റുനോക്കുന്നുമുണ്ട്. പ്രതിപക്ഷ ഐക്യം സാധ്യമാക്കാൻ കോൺഗ്രസ് ആണ് മുൻകൈ എടുക്കേണ്ടത് എന്ന പ്രസ്താവനയിലൂടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സഖ്യരൂപീകരണത്തിന്റെ ഉത്തരവാദിത്തം ആ പാർട്ടിക്കാണെന്ന് പറഞ്ഞുകഴിഞ്ഞു.

അതേസമയം തന്നെ ഏത് പ്രതിപക്ഷ സഖ്യത്തിന്റെയും നേതൃസ്ഥാനം കോൺഗ്രസിനായിരിക്കുമെന്നും ആ പ്രസ്താവന പറയാതെ പറയുന്നുണ്ട്. 2003 ൽ ഷിംലയിൽ നടന്ന സമ്മേളനത്തിന് ശേഷം സഖ്യങ്ങൾ രൂപീകരിക്കാൻ മുന്നിട്ടിറങ്ങണമെന്ന തീരുമാനമാണ് 2004 ലെ തെരഞ്ഞടുപ്പ് വിജയത്തിന് നിദാനമായത്. അത്തരമൊരു തീരുമാനമോ നീക്കമോ റായ്പൂരിൽ ഉണ്ടാകുമോ എന്ന ചോദ്യം അതുകൊണ്ട് പ്രസക്തമാകുന്നു.

എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കാര്യം കോൺഗ്രസ് വർക്കിങ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോ എന്നതാണ്. വർക്കിങ് കമ്മറ്റി അംഗങ്ങളുടെ എണ്ണം ഇരുപത്തിനാലിൽ നിന്ന് ഇരുപത്തിയെട്ടാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. പകുതിയോളം സീറ്റുകൾ ദളിത്, പിന്നോക്ക, ന്യൂനപക്ഷ, വനിതാ വിഭാഗങ്ങൾക്കായി മാറ്റിവെക്കും എന്നും തീരുമാനിക്കപ്പെട്ടിട്ടുണ്ട്. പന്ത്രണ്ട് പേരെയാണ് തെരഞ്ഞെടുക്കുക. തെരെഞ്ഞെടുപ്പ് നടക്കുന്നതിനു അനുകൂലമായും പ്രതികൂലമായുമുള്ള വാദങ്ങൾ പാർട്ടിയിൽ ഉയരുന്നുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും വർക്കിങ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത് പാർട്ടിയിലെ ആന്തരിക സംഘർഷങ്ങൾ വർദ്ധിപ്പിക്കും എന്നതാണ് എതിരായുള്ള പ്രധാന വാദം.

നിർണായകമായ പൊതുതെരഞ്ഞെടുപ്പുകൾ നേരിടാനിരിക്കെ അത്തരമൊരു സാഹചര്യം പാർട്ടിക്ക് താങ്ങാനാവില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന് സ്വന്തം ടീമിനെ നിയമിക്കാനുള്ള അവസരം നൽകുകയാണ് പാർട്ടിയെ ശക്തമായി മുന്നോട്ടുനയിക്കാൻ സഹായകരമാകുക എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പ് പാർട്ടിക്ക് ഗുണം മാത്രേ ചെയ്തിട്ടുള്ളു എന്നും ആ പ്രക്രിയയുടെ സ്വാഭാവികമായ തുടർച്ചയാണ് വർക്കിങ് കമ്മറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പെന്നും തെരഞ്ഞെടുപ്പാനുകൂലികളും ചൂണ്ടിക്കാണിക്കുന്നു. പ്രസിഡന്റിന് പതിനൊന്ന് പേരെ നോമിനേറ്റ് ചെയ്യാമെന്നിരിക്കെ സ്വന്തമായി ഒരു ടീമിനെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്നും അവർ വാദിക്കുന്നു.

തെരഞ്ഞെടുപ്പ് നടത്തണമോ വേണ്ടയോ എന്നുള്ള അന്തിമ തീരുമാനം ഇരുപത്തിനാലാം തിയ്യതി നടക്കുന്ന സ്റ്റീയറിങ് കമ്മറ്റിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 1977ലെ പിളർപ്പിന് ശേഷം 92ലും 98ലും മാത്രമാണ് വർക്കിങ് കമ്മറ്റിയിലേക് മത്സരം നടന്നിട്ടുള്ളത്. ഗാന്ധി - നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ആളുകളായിരുന്നു ഈ രണ്ട് തവണയും കോൺഗ്രസ് പ്രസിഡന്റ് എന്നതാണ് പ്രധാനപ്പെട്ട വസ്തുത. നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നും കോൺഗ്രസ് പ്രസിഡന്റ് ഉണ്ടാകുമ്പോൾ അധികാര കേന്ദ്രീകരണത്തിനുള്ള സാധ്യത കുറയുകയും ഉൾപാർട്ടി ജനാധിപത്യം ശക്തമാവുകയും ചെയ്യും എന്നതാണ് അനുഭവം. 92ൽ തിരുപ്പതിയിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റായിരുന്ന നരസിംഹ റാവുവിന്റെ ഹിതമനുസരിച്ചായിരുന്നില്ല ഫലം. അർജുൻ സിങ് ഒന്നാമനായി വിജയിച്ചപ്പോൾ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് എ.കെ ആന്റണി രണ്ടാം സ്ഥാനത്ത് എത്തി.

തൊട്ടുമുമ്പ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വയലാർ രവിയോട് പരാജയപ്പെട്ട എ.കെ ആന്റണിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ പുനർജന്മമായി ഈ തെരഞ്ഞെടുപ്പ്. ഈ ഫലത്തോടെ അദ്ദേഹം കോൺഡ്രസിന്റെ ദേശീയ തലത്തിൽ പ്രമുഖനായി മാറി. നേരത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച ശരദ് പവാറിന് പോലും ആന്റണിയുടെ പിന്നിലെത്താനേ കഴിഞ്ഞൊള്ളു. അന്ന് പരാജയപ്പെട്ട പ്രമുഖരിൽ പ്രണബ് മുഖർജി, പി.എ സാംഗ്‌മ, താരിഖ് അൻവർ, വൈ.എസ് രാജശേഖർ റെഡ്ഢി, നരസിംഹറാവുവിന്റെ മകൻ പി.വി രംഗറാവു എന്നിവർ ഉൾപ്പെട്ടിരുന്നു.

സീതാറാം കേസരി പ്രസിഡന്റായിരുന്ന സമയത്താണ് 1998ൽ കൊൽക്കത്തയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. സോണിയ ഗാന്ധി ആദ്യമായി കോൺഗ്രസ് വേദിയിലെത്തിയതും ആ സമ്മേളനത്തിലാണ്. മമത ബാനർജി കോൺഗ്രസ് വിട്ട പശ്ചാത്തലത്തിലാണ് കൊൽക്കത്തയിൽ എഐസിസി നടന്നത്. ആ സമ്മേളനം മലയാളികൾക്ക് വാർത്തയായത് കെ. കരുണാകരന് നോമിനേഷൻ കൊടുക്കാൻ കഴിയാതിരുന്ന സാഹചര്യമാണ്.

കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കാതിരുന്നത് മൂലം ആർക്കും വോട്ടില്ലാതിരുന്ന ആ തെരഞ്ഞെടുപ്പിൽ അവിടുത്തെ ട്രാഫിക്ക് ജാം മൂലമാണെന്ന് പറയപ്പെടുന്നു, കരുണാകരന് കൃത്യസമയത്ത് നോമിനേഷൻ സമർപ്പിക്കാൻ കഴിഞ്ഞില്ല. അത് ബോധപൂർവം സംഭവിച്ചതാണോ അല്ലയോ എന്നത് ഇന്നും ഒരു പ്രഹേളികയായി നിലകൊള്ളുന്നു. എന്തായാലും നോമിനേഷൻ കൊടുക്കാൻ കരുണാകരൻ ചുമതലപ്പെടുത്തിയിരുന്ന വയലാർ രവിയും പി.സി ചാക്കോയും അതോടുകൂടി അദ്ദേഹവുമായി അകന്നു. അന്ന് പരാജയപ്പെട്ട പ്രമുഖരിൽ രാജേഷ് പൈലറ്റും ഉൾപ്പെടുന്നു.

പാർട്ടിക്കുള്ളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് പുതിയ നേതാക്കൾ ഉദയം ചെയ്യാൻ സാഹചര്യമൊരുക്കും എന്നതാണ് വാസ്തവം. 1991-ൽ നടന്ന സംഘടനാ തെരഞ്ഞെടുപ്പിൽ പ്രബലമായ രണ്ട് ഗ്രൂപ്പുകളെയും തോൽപ്പിച്ച് കണ്ണൂർ ഡിസിസി പ്രസിഡന്റായതോടെയാണ് ഇന്നത്തെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കോൺഗ്രസ് രാഷ്ട്രീയത്തിൽ ശക്തനാകുന്നത്.

അതുകൊണ്ടുതന്നെ റായ്പൂരിൽ സ്റ്റാറ്റസ്കോയുടെ നിലനിൽപ്പാണോ അതോ മാറ്റത്തിന്റെ കാറ്റാണോ വീശുകയെന്നത് ആ അർത്ഥത്തിൽ നിർണായകമാകുന്നുണ്ട്. പാർലിമെന്റ് തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിൽ പാർട്ടിക്കകത്തെ സാഹചര്യം കലുഷിതമാക്കാതിരിക്കാനുള്ള ശ്രമം കോൺഗ്രസ് നടത്തുമായിരിക്കും. പ്രവർത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിലും സഖ്യരൂപീകരണത്തിലും കൃത്യമായ നിലപാട് എടുക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെങ്കിൽ അത് കോൺഗ്രസ്സിനെ മാത്രമായിരിക്കില്ല ബാധിക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in