കോപ്പറേറ്റീവ് സൊസൈറ്റികളെ പോലും ഭരിക്കാനുള്ള ആര്‍ത്തിയിലോടുകയാണ് കേന്ദ്രം; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നിച്ച് നില്‍ക്കണം

കോപ്പറേറ്റീവ് സൊസൈറ്റികളെ പോലും ഭരിക്കാനുള്ള ആര്‍ത്തിയിലോടുകയാണ് കേന്ദ്രം;  ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒന്നിച്ച് നില്‍ക്കണം

നമ്മുടെ ഭരണഘടനയുടെ സ്ഥാപകര്‍ ഒരു കേന്ദ്രീകൃത, ഏകശില സര്‍ക്കാരല്ല സ്ഥാപിച്ചത്. അവര്‍ അധികാരത്തെയും പ്രവര്‍ത്തനങ്ങളെയും മൂന്നായി തിരിച്ചു. അവയെ സ്റ്റേറ്റ് ലിസ്റ്റ്, കണ്‍കറന്റ് ലിസ്റ്റ്, യൂണിയന്‍ ലിസ്റ്റ് എന്നിവയുടെ കീഴില്‍ ഉള്‍പ്പെടുത്തി.

പഞ്ചായത്ത് രാജ് ആക്ട് പാസാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കി, അധികാരം വികസിപ്പിച്ചു. എന്റെ അഭിപ്രായത്തില്‍ ഗ്രാമങ്ങള്‍ വികസിക്കേണ്ടതുണ്ട്, അവയുടെ വികാസത്തിലൂടെ സംസ്ഥാനങ്ങള്‍ വളരും, അതിലൂടെ രാജ്യവും വളരും. ഇന്ത്യയിലെ ഗ്രാമങ്ങളെയും സംസ്ഥാനങ്ങളെയും നശിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് ഭരണഘടനാ വിരുദ്ധമാണ്.

ഭരണഘടന നിര്‍വചിച്ച അധികാര പരിധി മറികടന്ന് നുഴഞ്ഞു കയറി കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ അധികാരം വിപുലപ്പെടുത്തുകയാണ്.

ബ്രിട്ടീഷുകാര്‍ പോലും ഇപ്പോഴുള്ളത് പോലെ സര്‍വ്വശക്തമായ ഒരു കേന്ദ്രീകൃത ഘടന സൃഷ്ടിക്കാന്‍ തയ്യാറായിരുന്നില്ല. പ്രാദേശികതയും പ്രവിശ്യകളുടെ താത്പര്യവും അവയുടെ സ്വയംഭരണത്തിലൂടെ സംരക്ഷിക്കപ്പെടണമെന്ന് ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട്, 1919ല്‍ പറഞ്ഞിട്ടുണ്ട്. അത്തരം പ്രവിശ്യകളുടെ ഏകീകൃത ചട്ടക്കൂടിന് കേന്ദ്ര സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കണമെന്നും പറഞ്ഞിരുന്നു.

സംസ്ഥാനങ്ങളെയും തദ്ദേശ സ്ഥാപനങ്ങളെയും കിഴ്‌പ്പെടുത്തണമെന്ന ലക്ഷ്യത്തോടെ സര്‍വ്വാധികാരവും കേന്ദ്രീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രവണതകളെ ഞാന്‍ തുറന്നെതിര്‍ക്കുന്നു, ഇതൊന്നും ബ്രിട്ടീഷുകാര്‍ പോലും ചെയ്യാത്തതാണ്.

മഹാത്മ ഗാന്ധി ഒരിക്കല്‍ പറഞ്ഞിരുന്നു ' സ്വയം ഭരണാധികാരമില്ലാത്ത അധികാരം ഒരു വെള്ളക്കടുവയ്ക്ക് പകരം ഇന്ത്യന്‍ കടുവയെ പ്രതിഷ്ഠിക്കുന്നതിന് തുല്യമാണ്, എന്ന്. അതാണ് ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്. അത്തരം സ്വാതന്ത്ര്യം കൊണ്ട് ഒരു ഗുണവുമില്ലെന്നാണ് മഹത്തായ വിപ്ലവകാരി ഭഗത് സിംഗ് പറഞ്ഞത്.

തങ്ങളുടെ ജനങ്ങളുടെ ക്ഷേമ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണ്. അതിനവര്‍ പരിശ്രമിക്കുകയും ചെയ്യുന്നു.

കേന്ദ്ര സര്‍ക്കാരിലെ ഭരണകര്‍ത്താക്കള്‍ സംസ്ഥാനങ്ങളെ കീഴ്‌പ്പെടുത്തുന്നതിലും അവര്‍ തങ്ങളുടെ മുമ്പില്‍ ഇഴയുന്നതിലും ആനന്ദം കണ്ടെത്തുന്നത് വഞ്ചനയല്ലേ?

നികുതി വരുമാനം

ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ എത്തിയതിന് ശേഷം ജി.എസ്.ടി നടപ്പിലാക്കി. അത് സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങള്‍ക്ക് മേല്‍ കടന്നു കയറുന്നതും അവ ഇല്ലാതാക്കുന്നതുമാണ്. സംസ്ഥാനങ്ങളുടെ നികുതി വരുമാനം കേന്ദ്ര സര്‍ക്കാര്‍ തട്ടിപ്പറിക്കുകയാണ്.

അവര്‍ നഷ്ടപരിഹാരം വാഗ്ദാനം ചെയ്‌തെങ്കിലും ഇതുവരെയും വിതരണം പൂര്‍ത്തിയായിട്ടില്ല. കൂടാതെ അപൂര്‍ണമായ നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കാനും കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരിന് നല്‍കേണ്ട ഫണ്ടുകള്‍ നല്‍കാതെ അവ പിടിച്ചുവെക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 21,000 കോടി രൂപയോളം തമിഴ്‌നാടിന് മാത്രം ഇനിയും കിട്ടാനുണ്ട്.

തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഈ ആവശ്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് ഉയര്‍ത്താന്‍ കഴിയുന്നൊരിടം പ്ലാനിങ്ങ് കമ്മീഷനായിരുന്നു. പക്ഷേ, സംസ്ഥാനങ്ങളുടെ ശബ്ദത്തിന് ശരിയായൊരിടം ഉറപ്പുവരുത്തിയിരുന്ന ആ സ്ഥാപനത്തെ അവര്‍ തകര്‍ത്തു.

ദേശീയ വികസന കൗണ്‍സില്‍ സംസ്ഥാനങ്ങള്‍ക്ക് ഈ ആവശ്യങ്ങള്‍ വ്യക്തമാക്കാന്‍ കഴിയുന്ന മറ്റൊരിടമായിരുന്നു. ഇപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ റെയില്‍വേ പദ്ധതികള്‍ക്ക് തുക അനുവദിക്കുന്നില്ല. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയരാതിരിക്കാന്‍ റെയില്‍വേ ബജറ്റ് തന്നെ ഇല്ലാതാക്കി.

ഭരണഘടനയുടെ സ്റ്റേറ്റ് ലിസ്റ്റിന്റെ പരിധിയില്‍ വരുന്ന കാര്‍ഷിക മേഖലയില്‍ അവര്‍ നിയമ നിര്‍മ്മാണം നടത്തുന്നു. പക്ഷേ അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളോ സംവാദങ്ങളോ അവര്‍ നടത്തില്ല. എല്ലാ നിയമങ്ങളും ഇപ്പോള്‍ നിര്‍മ്മിക്കപ്പെടുന്നത് ചര്‍ച്ചകളില്ലാതെയാണ്. പ്രത്യേക ചര്‍ച്ചകള്‍ ഇപ്പോള്‍ പാര്‍ലമെന്റില്‍ ഇല്ല, അവിടെ ഉയര്‍ത്തപ്പെടുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരവുമില്ല.

നമ്മുടെ ഗ്രാമങ്ങളിലെ കോപ്പറേറ്റീവ് സൊസൈറ്റികളെ പോലും ഭരിക്കാനുള്ള ആര്‍ത്തിയിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

ഭരണഘടനാപരമായ ചോദ്യങ്ങള്‍

ഭൂരിപക്ഷമുണ്ടെന്ന ധാര്‍ഷ്ട്യത്തില്‍ ശിക്ഷാഭീതിയില്ലാതെയാണ് അവര്‍ ഓരോ കാര്യങ്ങളും ചെയ്ത് കൂട്ടുന്നത്. സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് എല്ലാം നടപ്പിലാക്കാമെന്നാണ് അവര്‍ കരുതുന്നത്. സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഉണ്ടായിരിക്കെ ഗവര്‍ണറുടെ ഓഫീസിലൂടെ കേന്ദ്രം ഭരിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടന വിരുദ്ധമല്ലേ?

ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഉള്ളിടത്തെല്ലാം ഗവര്‍ണറുടെ ഓഫീസിലൂടെ ഒരു സമാന്തര ഭരണം നടത്താന്‍ ശ്രമിക്കുന്നത് ഭരണഘടനാപരമാണോ? തമിഴ്‌നാട്ടില്‍ ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ രണ്ട് തവണ പാസാക്കിയ നീറ്റ് ബില്‍ പ്രസിഡന്റിന് അയക്കാന്‍ ഗവര്‍ണര്‍ വിസമ്മതിക്കുകയായിരുന്നു. ഭരണഘടനാപരമായാണോ അദ്ദേഹം പ്രവര്‍ത്തിക്കുന്നത്?

നീറ്റ് ബില്‍ മാത്രമല്ല, പതിനൊന്ന് ബില്ലുകളാണ് ഗവര്‍ണറുടെ കൈകളിലുള്ളത്. എന്തുകൊണ്ടായിരിക്കാം അദ്ദേഹം അവരുടെ ആഗ്രഹത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നത്. നാമനിര്‍ദേശത്തിലൂടെ വരുന്ന ഗവര്‍ണറുടെ അധികാരം എട്ട് കോടി ജനങ്ങളുടെ താത്പര്യത്തിനും മുകളിലാണോ? ഒരു കേന്ദ്ര സര്‍ക്കാരിന് ഈ മട്ടില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമോ? പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തിന്റെ മാനദണ്ഡം ഇതാണെങ്കില്‍ നമുക്ക് ഇപ്പോഴും ഈ രാജ്യത്തെ പ്രവര്‍ത്തനക്ഷമമായ ജനാധിപത്യം എന്ന് വിളിക്കാനാകുമോ?

യാഥാര്‍ത്ഥ്യമിതാണ്, ഞാന്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായിരിക്കാം, പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കാം, ഞങ്ങള്‍ അവര്‍ പറയുന്നത് കേട്ട് തലയാട്ടുന്നവരാണെങ്കില്‍ സര്‍ക്കാരിന് അവര്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കില്ല.

പക്ഷേ ദരിദ്രരുടെയും ദുര്‍ബലരുടെയും കീഴ്‌പ്പെട്ടവരുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനായി നമ്മള്‍ നിയമനിര്‍മ്മാണം നടത്തുന്ന നിമിഷത്തില്‍, വിദ്യാഭ്യാസപരമായ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ വ്യക്തമാക്കുമ്പോള്‍, തുല്യതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മുടെ ജോലിക്ക് മുകളില്‍ അവര്‍ സ്പാനര്‍ എറിയും, പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തും.

നാം ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കണം, നിയമനിര്‍മ്മാണത്തിലൂടെയും കോടതികളിലൂടെയും പൊതു ഇടങ്ങളിലൂടെയും നമ്മള്‍ ഇത് നേരിട്ടുകൊണ്ടിരിക്കുകയാണ്.

പോരാടാനും പ്രതിരോധിക്കാനും സംസ്ഥാനങ്ങളുടെ ഒരു കൂട്ടായ്മ നമ്മള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഒരു കൂട്ടായ്മ നാം കെട്ടിപ്പടുക്കണം, അതിന് ശേഷം ഇന്ത്യയില്ലെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ കൂട്ടായ്മ പ്രത്യേകമായി ഉണ്ടാക്കണം.

സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം ഉറപ്പാക്കാനുതകുന്ന വിധത്തില്‍ ഭരണഘടന ഭേദഗതി ചെയ്യണം. ഇതെല്ലാം സാധ്യമാകാന്‍ രാഷ്ട്രീയത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറം നാം ഒന്നിച്ച് വരണം. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ കണക്കിലെടുത്താല്‍ ഒരേ പോലെ ചിന്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ച് വരികയും ഒരു യൂണൈറ്റഡ് ഫ്രണ്ട് രൂപീകരിക്കുകയും വേണം.

സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ മാത്രമേ വിജയം സാധ്യമാകൂ. ഈ രാജ്യത്ത് സാമൂഹിക നീതി, സമത്വം, മതനിരപേക്ഷത എന്നീ ആദര്‍ശങ്ങളുടെ നിലനില്‍പ്പ് ഉറപ്പാക്കുന്നതും ഈ വിജയമായിരിക്കും. അത്തരമൊരു വിജയം ഉറപ്പാക്കാന്‍ എല്ലാ പാര്‍ട്ടികളോടും പ്രവര്‍ത്തനം ആരംഭിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് സംസ്ഥാനങ്ങളുടെ അധികാരത്തിന് വേണ്ടി പോരാടാം. നമുക്ക് ശരിയായ ഒരു ഫെഡറല്‍ ഇന്ത്യയെ വാര്‍ത്തെടുക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in