പി.ജി യുടെ ചരിത്രാലോചനകളും നവോത്ഥാനം എന്ന പ്രശ്നമണ്ഡലവും

പി.ജി യുടെ ചരിത്രാലോചനകളും നവോത്ഥാനം എന്ന പ്രശ്നമണ്ഡലവും
Summary

സാമ്പ്രദായിക അര്‍ത്ഥത്തിലുളള ഒരു ചരിത്രാപഠിതാവല്ല പി.ഗോവിന്ദപ്പിളള. ചരിത്രം എന്ന ജ്ഞാനവിഷയത്തേക്കാള്‍ ചരിത്രാന്വേഷണങ്ങളിലെ വിവിധ ധാരകളെക്കുറിച്ചും, ചരിത്രചിന്തയിലേയും ചരിത്രസങ്കല്‍പ്പനങ്ങളിലേയും ആന്തരികപ്രശ്‌നങ്ങളെക്കുറിച്ചും ആരായാനുളള ശ്രമങ്ങളാണ് പി.ജി.യില്‍ കാണാന്‍ കഴിയുക. ചരിത്രവത്കരണമെന്ന മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനസങ്കല്‍പ്പം പി.ജി.യുടെ ഓരോ ഇടപെടലിലുമുണ്ട്

റഫീഖ് ഇബ്രാഹിം എഴുതുന്നു

പി.ഗോവിന്ദപ്പിള്ള നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒന്‍പത് വര്‍ഷമാകുന്നു. ആധുനിക കേരളസമൂഹരൂപീകരണത്തിന്റെ ഒരു സവിശേഷഘട്ടത്തില്‍, അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ 'സാംസ്‌കാരിക കേരളത്തിന്റെ മേല്‍പ്പുരയുടെ പണിയാരംഭിച്ച 1937'-നു ശേഷം ആലോചനകളില്‍ ഏര്‍പ്പെട്ടു തുടങ്ങുകയും മൂന്നോ നാലോ പടവുകള്‍ പിന്നിട്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും ക്രിയാത്മകമായി നമുക്കിടയില്‍ നിലനില്‍ക്കുകയും ചെയ്ത ധൈഷണികജീവിതമാണ് പി.ജി.യുടേത്. പത്രപ്രവര്‍ത്തനത്തില്‍ നിന്നാരംഭിച്ച് സാഹിത്യവിമര്‍ശകന്‍, ചരിത്രചിന്തകന്‍, ശാസ്ത്രപഠിതാവ് എന്നിങ്ങനെ സംസ്‌കാരപഠനം വരെ നീണ്ടു നില്‍ക്കുന്നവയാണ് അദ്ദേഹത്തിന്റെ ഇടപെടലുകള്‍. ഭിന്നവും സമഗ്രവുമായ അദ്ദേഹത്തിന്റെ ധൈഷണികാന്വേഷണങ്ങളിലെ ഒരു പ്രമേയത്തെ മാത്രം ചര്‍ച്ചയ്‌ക്കെടുക്കുകയാണ് ഈ ലേഖനം. ചരിത്രപഠിതാവ് എന്ന നിലയില്‍ പി.ജി.സവിശേഷമായി അന്വേഷിച്ച നവോത്ഥാനാലോചനകളുടെ പ്രസക്തിയെ പരിശോധിക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്. അന്തിമമായ ഉത്തരമായോ, കറതീര്‍ന്ന മുന്നേറ്റമായോ നവോത്ഥാനം ഇന്ന് മനസ്സിലാക്കപ്പെടുന്നില്ല. ചരിത്രപ്രക്രിയയുടെ വൈവിധ്യങ്ങളും സന്നിഗ്ദ്ധതകളും നവോത്ഥാനഘട്ടത്തിലും ആഴത്തില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന തിരിച്ചറിവ് അത്തരമൊരു ഏകമുഖവാദത്തെ തളളിക്കളയുന്നുണ്ട്. സര്‍വ്വസമ്മതമായ ഭൂതകാലമൂല്യങ്ങളിലേക്കുളള തിരിച്ചുപോക്ക് എന്നതിനേക്കാള്‍ മുമ്പോട്ടുളള യാത്രയില്‍ ഉപയുക്തമാകുന്ന തരത്തില്‍ ഭൂതകാലത്തെ അപനിര്‍മിക്കുകയാണ് സാധ്യമായ വഴി. ഈ വഴിയാണ് നവോത്ഥാനത്തെക്കുറിച്ചുളള ചര്‍ച്ചയില്‍ പി.ഗോവിന്ദപ്പിളളയെന്ന ചിന്തകന്‍ സ്വീകരിച്ചിരുന്നത്. തിരിഞ്ഞുനോക്കുമ്പോള്‍ ഒരുപാട് പരിമിതികള്‍ കണ്ടെടുക്കാന്‍ കഴിയുമെങ്കിലും നവോത്ഥാനത്തെ പ്രശ്‌നവല്‍ക്കരിക്കാനുളള മലയാളത്തിലെ സാര്‍ഥകമായ ശ്രമങ്ങളിലൊന്ന് പി.ജി.യുടേതായിരുന്നു.

ഒന്ന്

പി.ജി.യുടെ സുപ്രധാന അന്വേഷണമേഖലകളിലൊന്ന് ചരിത്രമായിരുന്നു. സാമ്പ്രദായിക അര്‍ത്ഥത്തിലുളള ഒരു ചരിത്രാപഠിതാവല്ല പി.ഗോവിന്ദപ്പിളള. ചരിത്രം എന്ന ജ്ഞാനവിഷയത്തേക്കാള്‍ ചരിത്രാന്വേഷണങ്ങളിലെ വിവിധ ധാരകളെക്കുറിച്ചും, ചരിത്രചിന്തയിലേയും ചരിത്രസങ്കല്‍പ്പനങ്ങളിലേയും ആന്തരികപ്രശ്‌നങ്ങളെക്കുറിച്ചും ആരായാനുളള ശ്രമങ്ങളാണ് പി.ജി.യില്‍ കാണാന്‍ കഴിയുക. ചരിത്രവത്കരണമെന്ന മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനസങ്കല്‍പ്പം പി.ജി.യുടെ ഓരോ ഇടപെടലിലുമുണ്ട്. 'മാര്‍ക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രം ഉത്ഭവവും വളര്‍ച്ചയും' എന്ന ആദ്യകാല പ്രബന്ധമായാലും 'സംസ്‌കാരപഠനം പുതുമ പഴമ പ്രസക്തി' എന്ന അവസാനകാല പ്രബന്ധമായാലും പി.ജി.പൊതുവെ മുഴുകുന്നത് അവയിലെ ചരിത്രബന്ധങ്ങളെ പുറത്തു കൊണ്ടുവരാനാണ്. ചരിത്രവിജ്ഞാനീയം (Historiography) എന്ന മേഖലയോട് ചേര്‍ന്നുനില്‍ക്കുന്നവയാണ് പി.ജി.യുടെ ചരിത്രാന്വേഷണങ്ങള്‍. ആദ്യഘട്ടത്തില്‍ ചിന്ത വാരികയില്‍ കൈകാര്യം ചെയ്ത പംക്തിയില്‍ കേവല രാഷ്ട്രീയവസ്തുതകള്‍ എന്നതിനപ്പുറത്ത് സാര്‍വ്വദേശീയ പ്രശ്‌നങ്ങളെ രാഷ്ട്രീയചരിത്രമാക്കി അവതരിപ്പിക്കാനുളള ശ്രമങ്ങളുണ്ട്.

കൊസാംബിയുടെ അന്വേഷണരീതിയെയാണ് പി.ജി. ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കുന്നത്. 1975 ല്‍ തന്നെ ഡി.ഡി. കൊസാംബിയെക്കുറിച്ച് 'കൊസാംബി ചരിത്ര ശാസ്ത്രത്തിലെ വഴിത്തിരിവ്' എന്ന പഠനം പി.ജി.യുടേതായി പുറത്തുവന്നിരുന്നു. ആധുനികവും ശാസ്ത്രീയവുമായ ഇന്ത്യാചരിത്രരചനയുടെ പിതാവെന്ന് ഡെയ്ല്‍ റെയ്പ് വിശേഷിപ്പിച്ച കൊസാംബി ഇന്ത്യന്‍ ചരിത്രവിജ്ഞാനത്തെ വലിയ തോതില്‍ പൊളിച്ചുപണിയുകയുണ്ടായി. ഇന്ത്യയിലെ ആദ്യകാല മാര്‍ക്‌സിസ്റ്റ് ഗവേഷണങ്ങളും പഠനങ്ങളും മാര്‍ക്‌സിസ്റ്റ് പദാവലികള്‍ സുലഭമായി ഉപയോഗിച്ചിരുന്നു എന്നല്ലാതെ മാര്‍ക്‌സിസ്റ്റ് രീതിശാസ്ത്രം പാലിച്ചിരുന്നില്ല എന്നും ഇത്തരമൊരന്വേഷണം ആദ്യമായി നടത്തുന്നത് ഡി.ഡി. കൊസാംബിയാണ് എന്നും കെ.എന്‍.പണിക്കര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആദ്യകാല ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റ് ചരിത്രാന്വേഷണങ്ങളുടെ പരിമിതിയും അത് മറികടക്കാനുളള കൊസാംബിയുടെ ശ്രമങ്ങളും പല രീതിയില്‍ വിശദീകരിക്കപ്പെട്ടു കഴിഞ്ഞതാണ്. നിയതാര്‍ത്ഥത്തില്‍ മാര്‍ക്‌സിസ്റ്റ് ചരിത്രാന്വേഷണങ്ങള്‍ ഇന്ത്യയില്‍ തുടങ്ങുന്നത് കൊസാംബിയോടുകൂടിയാണ്. ഔദ്യോഗിക മാര്‍ക്‌സിസത്തോട് വിമര്‍ശനാത്മക അകലം പാലിച്ചാണ് കൊസാംബി തന്റെ രീതിശാസ്ത്രം കെട്ടിയുയര്‍ത്തിയത്. ചരിത്ര രചനയ്ക്ക്-പ്രത്യേകിച്ചും ഇന്ത്യാ ചരിത്രരചനയ്ക്ക് ലഭ്യമായ ഉപദാനങ്ങളായി മിത്തുക്കളെയും നരവംശശാസ്ത്രത്തെയും ഐതിഹ്യങ്ങളെയും കൊസാംബി പരിഗണിച്ചിരുന്നു. പില്‍ക്കാലത്ത് വളര്‍ന്നു വികസിച്ച സംസ്‌കാരചരിത്രമെന്ന സങ്കല്‍പ്പനത്തിന്റെ അടിസ്ഥാനങ്ങള്‍ കൊസാംബിയിലുണ്ട്. സാമ്പത്തിക ഉല്‍പ്പാദന ബന്ധങ്ങളെ മാത്രം മുന്‍നിര്‍ത്തുന്ന ചരിത്രവീക്ഷണമല്ല കൊസാംബിയുടേതെന്നും വാമൊഴിയേയും ലിംഗ്വിസ്റ്റിക്‌സിനെയും വരെ കൊസാംബി ചരിത്രരചനക്ക് സ്വീകരിക്കുന്നുവെന്നും പി.ജി. ചൂണ്ടിക്കാട്ടുന്നു. ആത്മനിഷ്ഠ തെളിവുകള്‍/വസ്തുനിഷ്ഠ തെളിവുകള്‍ എന്നിങ്ങനെ വിഭജിച്ച് ഇവ രണ്ടിനെയും ചരിത്രരചനയില്‍ കൊസാംബി ഉപയോഗിക്കുന്നു എന്നാണ് പി.ജി.പറയുന്നത്. എന്തായാലും ഔദ്യോഗിക മാര്‍ക്‌സിസത്തോട് ഇടയുന്ന ഒരു ചരിത്രചിന്തയ്ക്ക് പി.ജി. ആദ്യഘട്ടം തൊട്ടേ പ്രമുഖ സ്ഥാനം നല്‍കുന്നു എന്നത് ശ്രദ്ധേയമാണ്.

പി.ജി.യുടെ ചരിത്രചിന്തയിലെ അടിസ്ഥാനവ്യതിയാനം ഇതാണ്. സാഹിത്യത്തിലോ ശാസ്ത്രത്തിലോ നടത്തിയ അന്വേഷണങ്ങളെക്കാള്‍ നവമാര്‍ക്‌സിസം, ഘടനാവാദാനന്തരത, സംസ്‌കാര ചിന്തകള്‍ എന്നിവയുമായി ചരിത്രവിജ്ഞാനത്തില്‍ പി.ജി. ചേര്‍ന്നു നില്‍ക്കുന്നു. അതിനാല്‍ തന്നെ പി.ജി.യുടെ ചരിത്രചിന്തയില്‍ ആദ്യഘട്ടം തൊട്ടേ പ്രശ്‌നവത്കരണം (problematique) എന്ന ആശയം പ്രവര്‍ത്തിക്കുന്നത് കാണാം. ചരിത്രവും ശാസ്ത്രവും തമ്മിലുളള ബന്ധത്തെ വളരെ വ്യക്തമായി പി.ജി. പ്രശ്‌നവത്കരിക്കുന്നുണ്ട്. 1993-ല്‍ തന്നെ ഇത് ആരംഭിക്കുന്നു. 'ചരിത്രമെന്നാല്‍ പൂര്‍ണമനുഷ്യന്റെ ചരിത്രമാണ്, പൂര്‍ണമനുഷ്യന്‍ ആരാണെന്നതാണ് പ്രശ്‌നം. ഈ വീക്ഷണമനുസരിച്ച് 'അണ്ടന്റെയും അടകോടന്റേയും' ചരിത്രമൊന്നും ചരിത്രമല്ല. മനുഷ്യന്റെ മഹത്വം അത് കാണണമെങ്കില്‍ നോക്കിക്കൊളളൂ- മഹാനായ അലക്‌സാണ്ടര്‍, നെപ്പോളിയന്‍, അക്ബര്‍! ഈ ചരിത്രവീക്ഷണം കുറെനാള്‍ നിലനിന്നിരുന്നു. അതുവരെയെഴുതപ്പെട്ട ചരിത്രത്തിനാകെ ഈ സ്വഭാവമായിരുന്നു. ചരിത്രം വസ്തുനിഷ്ഠ തെളിവുകളുടെയടിസ്ഥാനത്തില്‍ ഒരു ശാസ്ത്രമായി മാറാന്‍ തുടങ്ങിയ കാലത്തായിരുന്നു'. ആധുനിക ശാസ്ത്രത്തിന്റെ രീതിപദ്ധതികളോട് പ്രത്യക്ഷത്തില്‍ തന്നെ ഇടയുന്നുണ്ട് പി.ജി. ഇവിടങ്ങളില്‍. സമ്പൂര്‍ണ ചരിത്രരചനാ സിദ്ധാന്തത്തെ നിരസിക്കാനും ഓരോ ചരിത്രരചനയുടെയും താല്‍പര്യങ്ങളെയും അനാവരണം ചെയ്യാനുമുളള ശ്രമങ്ങള്‍ ഈ പഠനങ്ങളില്‍ കാണാം.

സംസ്‌കാരചരിത്രരചനയോട് ചേര്‍ന്നു നില്‍ക്കാനുളള ശ്രമം പി.ജി.യില്‍ ആദ്യഘട്ടം തൊട്ടേ ദൃശ്യമാണ്. സാഹിത്യത്തിലോ മറ്റു മേഖലകളിലോ ക്ലാസിക്കല്‍ മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന സങ്കല്‍പ്പങ്ങളെ വിടാന്‍ കൂട്ടാക്കാത്ത ഘട്ടത്തിലും ചരിത്രചിന്തയില്‍ പി.ജി. വ്യത്യസ്തനില സ്വീകരിച്ചു. 'ചരിത്രം' ഈ ഘട്ടത്തിലൊന്നും മലയാള മാര്‍ക്‌സിസ്റ്റ് ചിന്തയിലെ സംവാദവിഷയമായിരുന്നില്ല എന്നതാവാം ഇതിനു കാരണം. ചരിത്രത്തിലെ തന്റെ ആവിഷ്‌കാരങ്ങള്‍ ദൈനംദിന രാഷ്ട്രീയത്തെ ബാധിക്കില്ല എന്ന തുറസ്സ് പുതിയ സാധ്യതകളെ ഉപയോഗിക്കാന്‍ പി.ജി.യെ സഹായിച്ചു എന്നു കരുതാം. സാഹിത്യത്തില്‍ ഇത് സാധ്യമായിരുന്നില്ല. പി.ജി.സ്വയം വിശേഷിപ്പിച്ച 'എ ലെഫ്റ്റ് വിങ് ആക്ടിവിസ്റ്റി'ന്റെ അനിവാര്യമായ ചില പരിമിതികളാണവ. ഈ പരിമിതികളെ കടന്ന് പോകുന്നു എന്നതിനാല്‍ തന്നെ പി.ജി.യുടെ ചരിത്രചിന്തകളുടെ പ്രസക്തി വളരെയേറെയാണ്.

പി ഗോവിന്ദപ്പിള്ള
പി ഗോവിന്ദപ്പിള്ള കടപ്പാട്: ആര്‍.പാര്‍വതി ദേവിയുടെ ഫേസ്ബുക്ക് പേജ്

രണ്ട്

മുന്‍പേ പറഞ്ഞതുപോലെ പി.ജി. ഒരു ചരിത്രകാരനല്ല. ചരിത്രരചനയില്‍ ഇ.എം.എസിനെപ്പോലെ മൗലികമായ ഒരാഖ്യാനശ്രമം പി.ജി.യുടേതായില്ല. എങ്കിലും ചരിത്രത്തിലെ തന്റെ അന്വേഷണങ്ങളെ 'നവോത്ഥാന'മെന്ന ചരിത്ര-സാമൂഹ്യാ വസ്ഥയിലേക്ക് വികസിപ്പിച്ചെടുക്കുകയായിരുന്നു പി.ജി. 'നവോത്ഥാനത്തിന്റെ ചരിത്രകാരന്‍' എന്നദ്ദേഹം വിശേഷിപ്പിക്കപ്പെടാറുണ്ട്. കേരള നവോത്ഥാനത്തെക്കുറിച്ചുളള സമഗ്രമായ പഠനമാണ് പി.ജി.യുടെ ഈ മേഖലയിലെ മൗലിക സംഭാവന. നവോത്ഥാനത്തെക്കുറിച്ചുളള മുഖ്യധാരാ ചര്‍ച്ചകളെ പിന്‍പറ്റാതെ കേരള നവോത്ഥാനത്തെ സമഗ്രമായി വിലയിരുത്താനും വിവിധ വിതാനങ്ങളില്‍ പരിശോധിക്കാനുമുളള ശ്രമമാണിത്. നാലു വാള്യങ്ങളായിറങ്ങിയ ഈ പഠനം മാത്രമല്ല പി.ജി.യുടെ നവോത്ഥാന ചിന്ത. അത് ആദ്യഘട്ടം മുതലേ ആരംഭിക്കുന്നതും വിവിധ മേഖലകളില്‍ പടര്‍ന്നുകിടക്കുന്നതും സാഹിത്യ-ചരിത്രചിന്തകളില്‍ ചിതറിക്കിടക്കുന്നവയുമാണ്. ഇവയെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ടേ പി.ജി.യുടെ നവോത്ഥാന ചര്‍ച്ചകളെ വിശകലനം ചെയ്യാന്‍ സാധ്യമാവൂ

വൈജ്ഞാനികവിപ്ലവത്തിന്റെ മൂന്ന്, നാല് (നവോത്ഥാനം, മതനവീകരണം) ഭാഗങ്ങളിലാണ് പി.ജി. നവോത്ഥാനത്തെ വിമര്‍ശനപരമായി സമീപിക്കുന്നത്. ഇതിനുമുന്‍പ് ഈ മേഖലയില്‍ നടത്തിയ ചര്‍ച്ചകളെ മുഴുവന്‍ ക്രോഡീകൃതരൂപത്തില്‍ അവതരിപ്പിക്കുകയാണ് ഈ ഭാഗത്ത് ചെയ്യുന്നത്. അപകോളനീകരണ സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ നവോത്ഥാന ആശയങ്ങളെ പഴയ രീതിയില്‍ നിന്ന് മാറി സമീപിക്കുകയാണ് പി.ജി.ചെയ്യുന്നത്. പുതിയ ചര്‍ച്ചാമണ്ഡലങ്ങളെ കൂടെ പരിഗണിച്ചുകൊണ്ടാണ് നവോത്ഥാനത്തെ വിശദമാക്കുന്നത്. ആധുനിക ചരിത്രാന്വേഷണങ്ങളില്‍ നവോത്ഥാനത്തെക്കുറിച്ചുളള അടിസ്ഥാനമായത് ജേക്കബ് ബ്രക്ക്ഹാര്‍ടിന്റെ വീക്ഷണങ്ങളാണ്. പാശ്ചാത്യനവോത്ഥാനത്തെ മനുഷ്യവംശത്തിന്റെ സാംസ്‌കാരിക വളര്‍ച്ചയിലെ നിര്‍ണായകബിന്ദുവായി ആദ്യം സ്ഥാനപ്പെടുത്തിയത് ജേക്കബ് ബ്രക്ക് ഹാര്‍ട്ടാണ്. പ്രാചീന റോമാസാമ്രാജ്യവും ഗ്രീക്ക് സംസ്‌കാരവും വഴി രൂപപ്പെട്ട, മധ്യകാലഘട്ടത്തില്‍ ഇരുളിലാണ്ടു പോയ, പതിമൂന്നാം നൂറ്റാണ്ടോടെ യൂറോപ്പ് കണ്ടെടുത്ത വൈജ്ഞാനിക സംഭാവനയായാണ് ബ്രക്ക് ഹാര്‍ട്ട് നവോത്ഥാനത്തെ അവതരിപ്പിച്ചത്.

പി.ഗോവിന്ദപിള്ളയുടെ ഏറെ ശ്രദ്ധേയമായ ചിത്രം
മാതൃഭൂമിക്ക് വേണ്ടി മധുരാജ് പകര്‍ത്തിയത്
പി.ഗോവിന്ദപിള്ളയുടെ ഏറെ ശ്രദ്ധേയമായ ചിത്രം മാതൃഭൂമിക്ക് വേണ്ടി മധുരാജ് പകര്‍ത്തിയത് മധുരാജ്

ഇത്തരമൊരു യൂറോകേന്ദ്രിത വീക്ഷണത്തിന്റെ പരിമിതിയെക്കുറിച്ച് ജോര്‍ജ്ജ് ഗീവര്‍ഗീസ് ജോസഫ് മയൂരശിഖയില്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പൗരസ്ത്യാന്വേഷണങ്ങളെയും അറബികളടക്കമുളളവരുടെ വൈജ്ഞാനിക സംഭാവനകളെയും മറച്ചുവെക്കാനാണ് ഇത് ഉതകിയതെന്നും യൂറോകേന്ദ്രിതമായ ഒരു ലോകവീക്ഷണത്തിന്റെ ആധാരശില നവോത്ഥാനത്തെക്കുറിച്ചുളള മുഖ്യധാരാ സങ്കല്‍പ്പനങ്ങളാണെന്നും മയൂരശിഖയില്‍ ജോര്‍ജ്ജ് ജോസഫ് പറഞ്ഞുവെക്കുന്നു. സമാനമാണ് ജോര്‍ജ്ജ് ജി.എം.ജെയിംസിന്റെ മോഷ്ടിക്കപ്പെട്ട പൈതൃകം പോലുളള പഠനങ്ങളും. ഗ്രീക്ക് ദര്‍ശനത്തിന്റെ ഉറവിടം ആഫ്രിക്കയാണെന്ന് ജോര്‍ജ്ജ് ജി.എം. ജെയിംസ് ധാരാളം വസ്തുതകള്‍ നിരത്തി വാദിച്ചുറപ്പിക്കുകയാണ് ചെയ്യുന്നത്. അലക്‌സാണ്ടറുടെ പടയോട്ടം വഴി ഈജിപ്തില്‍ നിന്നും അലക്‌സാണ്‍ഡ്രയിലെത്തിയ വിലപ്പെട്ട ഗ്രന്ഥങ്ങളെ മുന്‍നിര്‍ത്തിയാണ് അരിസ്റ്റോട്ടില്‍ ഗ്രീക്ക് ദര്‍ശനത്തിന് അടിത്തറ പാകിയതെന്ന് ജോര്‍ജ്ജ് ജി.എം. ജയിംസ് ചൂണ്ടിക്കാട്ടുന്നു. സമാനമാണ് ജോസഫ് നീഥാം (Culture and Civilization in China) മാര്‍ട്ടിന്‍ ബര്‍ണല്‍ (Black Athena) ജോണ്‍ ഹോബ്‌സണ്‍ (The Eastern Origins Of Western Civilization) തുടങ്ങിയവരുയര്‍ത്തുന്ന ആശയങ്ങളും.

യൂറോകേന്ദ്രവാദവിമര്‍ശനത്തിന്റെ പൊതുചട്ടക്കൂടില്‍ നിന്നാണ് പി.ജി.തന്റെ നവോത്ഥാന ചര്‍ച്ചകള്‍ സംവിധാനം ചെയ്തിട്ടുളളത്. യൂറോപ്പിന്റെ നവോത്ഥാനത്തെ നവോത്ഥാനം, മതനവീകരണം, വൈജ്ഞാനിക വിപ്ലവം, രാഷ്ട്രീയ വിപ്ലവം എന്നിങ്ങനെ നാലു തലത്തിലാണ് പി.ജി.പരിശോധിക്കുന്നത്. ഇവയില്‍ ഏതെങ്കിലും ഒന്നിന് പ്രാമുഖ്യം നല്‍കുന്നതിനേക്കാള്‍ നാലു മേഖലകളെയും പരസ്പരം ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് ഇവ തമ്മിലുളള ബന്ധങ്ങളെ വിശദമാക്കുകയാണ് ചെയ്യുന്നത്. അതുവഴി വൈജ്ഞാനിക വിപ്ലവത്തിന് നവോത്ഥാനമെങ്ങനെ അടിത്തറ പാകി എന്നു വിശദമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ആര്‍.വി.ജി.മേനോന്‍ വരച്ചുകാണിച്ച നവോത്ഥാന ചരിത്രത്തിന്റെ പോരായ്മയെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് പി.ജി. തുടങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്. കേരളത്തിന്റെ വൈജ്ഞാനികലോകത്ത് പി.ജി.യും ആര്‍.വി.ജി. മേനോനും പങ്കു വെക്കുന്ന ചിന്താമണ്ഡലം താരതമ്യേന ഒന്നാണ്. ശാസ്ത്രത്തില്‍ ആര്‍.വി.ജി. മേനോനോട് ചേര്‍ന്നു നില്‍ക്കാന്‍ പി.ജി. ശ്രമിക്കുന്നുണ്ടെങ്കിലും ചരിത്രത്തില്‍ അതില്‍ നിന്നുളള വിടുതല്‍ കാണാം.

പി ഗോവിന്ദപ്പിള്ള ഫോട്ടോ: ജി പ്രമോദ്‌
പി ഗോവിന്ദപ്പിള്ള ഫോട്ടോ: ജി പ്രമോദ്‌ deshabhimani

കേരളീയ നവോത്ഥാനത്തെക്കുറിച്ചുളള ചര്‍ച്ചയിലും പി.ജി. മുഖ്യധാരാ ചരിത്രസങ്കല്‍പ്പങ്ങളില്‍ നിന്നു പുറത്തുവരുന്നു. കെ.എന്‍. പണിക്കരടക്കമുളളവര്‍ അവതരിപ്പിച്ച നവോത്ഥാന സങ്കല്‍പ്പനങ്ങളോടാണ് അദ്ദേഹം ചേര്‍ന്നത്; വിശിഷ്യാ ഇന്ത്യന്‍ നവോത്ഥാനത്തെക്കുറിച്ചുളള ചര്‍ച്ചകളില്‍. ദേശീയവാദ ചരിത്രകാരന്‍മാര്‍ അവതരിപ്പിച്ചിരുന്ന കൊളോണിയല്‍ നവോത്ഥാന സങ്കല്‍പ്പത്തെ ചോദ്യം ചെയ്യുന്ന പണിക്കരോടാണ് താന്‍ ചേര്‍ന്നു നില്‍ക്കുന്നതെന്ന് പലയിടത്തും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കൊളോണിയല്‍ ചരിത്രസങ്കല്‍പ്പം സൃഷ്ടിച്ച വാര്‍പ്പുമാതൃകകളും (stereotypes) ഉപരിപ്ലവമായ നിഗമനങ്ങളു (superficial assessment) മാണ് ഇന്ത്യന്‍ ചരിത്രകാരന്മാരും പിന്‍പറ്റിപ്പോന്നിരുന്നതെന്ന വിമര്‍ശനം കെ.എന്‍.പണിക്കരില്‍ കാണാം. 'ഇന്ത്യന്‍ നവോത്ഥാനത്തിന് സംഭവിച്ചതെന്ത്' എന്ന പഠനത്തില്‍ നവോത്ഥാനത്തെ അടിമുടി പ്രശ്‌നവത്കരിക്കുന്നുണ്ട് പണിക്കര്‍. ബഹുവിധ നവോത്ഥാനം എന്നൊരാശയമാണ് അദ്ദേഹമുയര്‍ത്തുന്നത്. സമാനമാണ് പി.ജി. അവതരിപ്പിക്കുന്ന നവോത്ഥാനചിന്തയും.

ഇന്ത്യന്‍ നവോത്ഥാനത്തിന്റെ ഉത്ഭവവും സ്വഭാവവും അതിന്റെ സവിശേഷതയിലും ആധികാരികതയിലും ഇന്ത്യയുടെ തനതുഭാവങ്ങള്‍ ഉള്‍ച്ചേര്‍ന്നതായിരുന്നു എന്ന് സ്ഥാപിച്ചെടുക്കുക തന്നെയാണ് പി.ജി.യുടെ നവോത്ഥാന ചിന്തകളുടെ ലക്ഷ്യം. പരിവര്‍ത്തനാത്മക പ്രസ്ഥാനങ്ങള്‍, സംസ്‌കൃതവല്‍കരണപ്രസ്ഥാനങ്ങള്‍ എന്നിങ്ങനെ രണ്ടു ധാരകളെ പി.ജി. ഇന്ത്യന്‍ നവോത്ഥാനത്തില്‍ നിന്നു കണ്ടെടുക്കുന്നുണ്ട്. മുഖ്യധാരാ നവോത്ഥാന ചര്‍ച്ചകളില്‍ ഇതില്‍ സംസ്‌കൃതവല്‍കരണ പ്രസ്ഥാനങ്ങള്‍ക്കാണ് പ്രഥമ സ്ഥാനം കിട്ടിപ്പോന്നിരുന്നത്. ആര്യസമാജം, ബ്രഹ്മസമാജം, സ്വാമിനാരായന്‍ പ്രസ്ഥാനം എന്നിങ്ങനെയുളള പൊതുവില്‍ 'ബംഗാളി നവോത്ഥാനം' എന്ന ബൃഹദ് മണ്ഡലത്തിലുള്‍പ്പെടുത്തുന്ന പ്രസ്ഥാനങ്ങളെയാണ് സംസ്‌കൃതവല്‍ക്കരണ പ്രസ്ഥാനമെന്ന് പി.ജി. വിളിക്കുന്നത്. കൊളോണിയല്‍ ആധുനികതയുടെ ആശയലോകങ്ങള്‍ തന്നെയായിരുന്നു ഈ പ്രസ്ഥാനങ്ങള്‍ പുലര്‍ത്തിപ്പോന്നത്, പരമ്പരാഗത വീക്ഷണത്തിനെതിരായി ചിന്തിച്ച ജവഹര്‍ലാല്‍ നെഹ്‌റുവും ശക്തനായ യാഥാസ്ഥിതിക ദേശീയവാദിയായിരുന്ന ആര്‍.സി. മജുംദാറും കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്കടിപ്പെടുകയായിരുന്നുവെന്ന് പി.ജി. ചൂണ്ടിക്കാട്ടുന്നു. സംസ്‌കൃതവല്‍ക്കരണ പ്രസ്ഥാനങ്ങളില്‍ ഈ രണ്ടു തരം ആശയങ്ങള്‍ ഉള്‍ക്കൊളളുന്ന പ്രസ്ഥാനങ്ങളെയും പി.ജി. ഉള്‍പ്പെടുത്തുന്നതിന്റെ കാരണമിതാണ്. വിശാലാര്‍ത്ഥത്തില്‍ ഇവ ഉള്‍ക്കൊണ്ട ആശയലോകം കൊളോണിയല്‍ ആധുനികതയുടേതായിരുന്നു.

ഇതില്‍ നിന്ന് ഭിന്നമാണ് പരിവര്‍ത്തനാത്മകപ്രസ്ഥാനങ്ങള്‍. സാമൂഹിക ശ്രേണിയിലെ ഏറ്റവും അടിത്തട്ടില്‍ പ്രവര്‍ത്തിച്ചവയാണിവ. കൊളോണിയല്‍ ഭരണത്തിനു മുന്‍പേ നിലവില്‍ വന്നവ പോലും അവയിലുണ്ടെന്നും അത്തരം പ്രസ്ഥാനങ്ങള്‍ സാധ്യമാക്കിയ കുതിച്ചുചാട്ടങ്ങള്‍ മുഖ്യധാരാ ചരിത്രരചന കാണാതെ പോവുകയാണുണ്ടായതെന്നും പി.ജി. വിശദമാക്കുന്നു. മറ്റൊരാധുനികത സാധ്യമായിരുന്നെന്ന് ഇര്‍ഫാന്‍ ഹബീബ്, റോമിലാ ഥാപ്പര്‍, മീരനന്ദ തുടങ്ങിയ ചിന്തകരുടെ വാദത്തോടാണ് പി.ജി. യോജിക്കുന്നത്. പരിവര്‍ത്തനാത്മക പ്രസ്ഥാനത്തില്‍ ഇന്ത്യയുടെ നാനാ ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന നാംധാരിസ്, നിരങ്കാരികള്‍, സത്‌നാമികള്‍, സത്യമഹിമ, സത്യശോധക്, അയ്യാവൈകുണ്ഠപ്രസ്ഥാനം എന്നിവയെയൊക്കെയാണ് പി.ജി. ഉള്‍ക്കൊളളിക്കുന്നത്. ഇവയുടെ പൊതു പ്രത്യേകത ബ്രാഹ്മണവൈദിക മതത്തോടുളള കടുത്ത വിമര്‍ശനമെന്നതായിരുന്നു. ഈ വിമര്‍ശനങ്ങളുടെ രാഷ്ട്രീയശേഷിയെ മുന്‍നിര്‍ത്തി ഇന്ത്യന്‍ നവോത്ഥാനത്തെ പ്രശ്‌നവത്കരിക്കുകയാണ് പി.ജി. ചെയ്യുന്നത്. സമാനമാണ് ഭക്തിപ്രസ്ഥാനത്തെക്കുറിച്ചുളള അവസാനകാല പഠനവും (Bhakti Renaissance or Revivalism). ഇന്ത്യന്‍ നവോത്ഥാനത്തിനും ആധുനികീകരണത്തിനും പ്രചോദനം നല്‍കിയത് ബ്രിട്ടീഷുകാരാണെന്ന ധാരണയെ തളളിക്കളയുകയാണ് പി.ജി. ചെയ്യുന്നത്. 'ഒന്നാം സഹസ്രാബ്ദത്തിലും രണ്ടാം സഹസ്രാബ്ദത്തിന്റെ പ്രഭാതോദയത്തിലും ഇന്ത്യയില്‍ രൂപം കൊളളുകയും അനന്തരം ഇന്ത്യയൊട്ടുക്ക് വളര്‍ന്നു വികസിക്കുകയും ചെയ്ത ഭക്തിപ്രസ്ഥാനം യഥാര്‍ത്ഥത്തില്‍ നവോത്ഥാനം തന്നെയായിരുന്നു. ഈ ഭക്തി നവോത്ഥാനമാണ് വിഭിന്നമായ ഇന്ത്യന്‍ ഭാഷകള്‍ക്ക് തനിമയും രൂപവും നല്‍കിയത്' എന്ന വാദത്തെ വികസിപ്പിക്കുകയാണ് ഈ പഠനത്തില്‍ ചെയ്യുന്നത്.

ഏകമുഖമായി നവോത്ഥാനത്തെ മനസിലാക്കിക്കൂടാ എന്ന വാദങ്ങളുടെ വിജയകരമായ പരിസമാപ്തിയാണ് കേരളീയ നവോത്ഥാനത്തെക്കുറിച്ചുളള പി.ജി.യുടെ പഠനങ്ങള്‍. നേരത്തെ പറഞ്ഞതുപോലെ ഇത് കേവലം കേരള നവോത്ഥാനത്തിന്റെ നാല് സഞ്ചികകള്‍ മാത്രമല്ല. ആദ്യഘട്ടം തൊട്ടേ പി.ജി. എഴുതിപ്പോന്ന കേരള സംസ്‌കാരം, മലയാള സാഹിത്യം എന്നിവയെക്കുറിച്ചുളള ആലോചനകളെക്കൂടി മുന്‍നിര്‍ത്തി വേണം ഇവ മനസിലാക്കാന്‍. ഇ.എം.എസിന്റെ ചരിത്രപഠനങ്ങളില്‍ നിന്ന് പി.ജി.യുടെ ചരിത്രപഠനങ്ങള്‍ക്കുളള പ്രാഥമിക വ്യത്യാസം പി.ജി.യിലെത്തുമ്പോള്‍ അതുകൂടുതല്‍ സംസ്‌കാരപരമായിത്തീരുന്നു എന്നതാണ്. ഇ.എം.എസിന്റെ വര്‍ഗപരതയിലുളള ഊന്നലും വിവിധ വര്‍ഗങ്ങള്‍ തമ്മില്‍ നടക്കുന്ന സംഘര്‍ഷോന്‍മുഖമായ ബന്ധത്തില്‍ നിന്നുടലെടുക്കുന്ന സംസ്‌കാരതലത്തെ സംബന്ധിച്ചുളള വീക്ഷണവും പി.ജി. യിലെത്തുമ്പോള്‍ പലപ്പോഴും വഴിമാറിന്നുണ്ട്. ഇ.എം.എസ്. പ്രയോഗത്തിന്റെ സമകാലത്തെ പുനരുല്‍പ്പാദിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ പി.ജി.അക്കാദമികമായ വ്യക്തത കൈവരിക്കാനാണ് ശ്രമിക്കുന്നതെന്നു തോന്നും. അതേ സമയം അത് സാംസ്‌കാരികബഹുത്വത്തെ സംബന്ധിച്ച ധാരണകള്‍ വികസിപ്പിക്കുകയും ചെയ്യുന്നുണ്ട് പില്‍ക്കാല സംസ്‌കാരപഠിതാക്കള്‍ വ്യക്തമാക്കിയ സാംസ്‌കാരിക ബഹുത്വമെന്ന ആശയം തന്നെയാണ് പി.ജി.യുടെ നവോത്ഥാന ചിന്തകളുടെ വിശാലഭൂമിക.

1989-ല്‍ തന്നെ മുഖ്യധാരാ നവോത്ഥാനചിന്തയെ പ്രയോഗതലത്തില്‍ പി.ജി. കടന്നുപോവാന്‍ ശ്രമിക്കുന്നുണ്ട്. 'ഭക്തനും കലാപകാരിയുമായിരുന്ന മഹാകവി കെ.വി.സൈമണ്‍' എന്ന പഠനം ഇതിനുദാഹരണമാണ്. സാഹിത്യചരിത്രങ്ങളില്‍ സ്ഥാനം ലഭിച്ചിട്ടില്ലാത്ത കെ.വി.സൈമണ്‍-ന്റെ രചനാജീവിതത്തെയും മാര്‍ത്തോമാ സഭക്കുളളില്‍ അദ്ദേഹമുയര്‍ത്തിയ പൗരോഹിത്യ വിരുദ്ധ കലാപങ്ങളെയും ലഘുവായി വിവരിക്കുന്ന പഠനമാണിത്. മുഖ്യധാര ചരിത്രചിന്ത കൈയൊഴിഞ്ഞ ഇത്തരം മേഖലകളെ തന്റെ വിപുലമായ നവോത്ഥാന ചിന്തയിലേക്ക് കൊണ്ടുവരാന്‍ പി.ജി. ആദ്യകാലം തൊട്ടേ ശ്രമിക്കുന്നുണ്ട്. 'ബാരിസ്റ്റര്‍ ജി.പി. കേരളത്തിലെ പ്രഥമ ബഹുജന പ്രക്ഷോഭകന്‍' എന്ന പഠനവും കെ.ദാമോദരനെക്കുറിച്ചുളള ആദ്യകാല പഠനവും ഉദാഹരണങ്ങളാണ്. കേരളത്തിലെ ഭക്തിപ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത് പൂന്താനത്തെ സ്ഥാപിച്ചുകൊണ്ട് ഭക്തിപ്രസ്ഥാനത്തിന്റെ ജനകീയതയെ അന്വേഷിക്കാനുളള ശ്രമങ്ങളും ആദ്യഘട്ടം തൊട്ടേ കാണാം.

2003-ലാണ് പി.ജി.യുടെ നവോത്ഥാന പഠനങ്ങളുടെ ആദ്യ വാള്യങ്ങള്‍ പുറത്തു വരുന്നത്. ആദ്യ പതിപ്പിന്റെ ആമുഖത്തില്‍ തന്നെ കേരള നവോത്ഥാനത്തിന്റെ നാനാവശങ്ങളെ അനാവരണം ചെയ്യാനാണ് താന്‍ ശ്രമിക്കുന്നതെന്ന് പി.ജി. വ്യക്തമാക്കുന്നു. വിചാരവിപ്ലവകാരി കുറ്റിപ്പുഴ കൃഷ്ണപിളളക്കാണ് തന്റെ നവോത്ഥാന പഠനങ്ങള്‍ പി.ജി. സമര്‍പ്പിക്കുന്നത്. കുറ്റിപ്പുഴക്ക് സമാനമായി നവോത്ഥാന ചിന്തയില്‍ പി.ജി.യും വിചാരപരമായി ഒരു വിപ്ലവം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സിദ്ധാന്തപര്‍വ്വം, പ്രസ്ഥാനപര്‍വ്വം, മതനവീകരണപര്‍വ്വം എന്നീ മൂന്നു മേഖലകളിലൂടെ തന്റെ പഠനത്തിന് ഗവേഷണപരമായി സൈദ്ധാന്തിക അടിപ്പടവൊരുക്കിയതിന് ശേഷമാണ് കേരളനവോത്ഥാനം ചര്‍ച്ച ചെയ്യുന്നത്. സിദ്ധാന്തപര്‍വ്വത്തില്‍ നവോത്ഥാനമെന്ന പരികല്‍പ്പനയെയും അതിന്റെ പുതിയ ചര്‍ച്ചാമേഖലകളെയും സംഗ്രഹിച്ചു കൊണ്ട് നവോത്ഥാനത്തെ വിശദീകരിക്കുകയാണ് ചെയ്യുന്നത്. മാനവികത (Humanism), ജനാധിപത്യം (Democracy) യുക്തിവാദം (Rationalism), മതനിരപേക്ഷത (Secularism), സോഷ്യലിസം (Socialism) എന്നീ അഞ്ചു പ്രഥമതത്വങ്ങളെ പി.ജി. നവോത്ഥാനത്തിന്റെ അടിസ്ഥാന താല്‍പര്യങ്ങളായി പരിഗണിക്കുകയും 'സിദ്ധാന്തപഞ്ചകങ്ങള്‍' എന്നവയെ പേരിട്ടു വിളിക്കുകയും ചെയ്യുന്നു. തത്വചിന്താപരവും സാമൂഹ്യവുമായ ഈ പ്രവണതകളെ മുന്‍നിര്‍ത്തിയാണ് നവോത്ഥാനത്തെ വിശാലാര്‍ത്ഥത്തില്‍ സമീപിക്കുന്നത്.

പ്രസ്ഥാനപര്‍വ്വത്തില്‍ കേരള നവോത്ഥാനത്തെ സാധ്യമാക്കിയ പ്രായോഗിക ഇടപെടലുകളെ വിശദീകരിക്കുന്നതിനാണ് പി.ജി. ശ്രമിക്കുന്നത്. മലയാളി മെമ്മോറിയല്‍, എസ്.എന്‍.ഡി.പി, യോഗക്ഷേമസഭ, സാധുജന പരിപാലനസംഘം, എന്‍.എസ്.എസ്, അരയസമാജം, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, കല്‍പ്പാത്തി ശുചീന്ദ്രം സമരം, നിവര്‍ത്തന പ്രക്ഷോഭം എന്നിവയെ മുകളില്‍ പറഞ്ഞ സിദ്ധാന്ത പഞ്ചകങ്ങളുമായി ചേര്‍ത്തു പരിശോധിക്കാനും കേരള നവോത്ഥാനത്തില്‍ ഇവയുടെ പങ്കിനെ സൂചിപ്പിക്കാനും പി.ജി.ക്ക് കഴിയുന്നുണ്ട്. മതനവീകരണ പര്‍വ്വത്തില്‍ അയ്യാവൈകുണ്ഠര്‍, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, ബ്രഹ്മാനന്ദശിവയോഗി, പൊയ്കയില്‍ കുമാരഗുരുദേവന്‍ എന്നിവര്‍ക്ക് പുറമേ മുസ്ലീം, ക്രിസ്ത്യന്‍ നവോത്ഥാനത്തെയും ചേര്‍ത്തുവെച്ചു പരിശോധിക്കുകയും ചെയ്യുന്നു.

പി ഗോവിന്ദപ്പിള്ള
പി ഗോവിന്ദപ്പിള്ള

കേരള നവോത്ഥാനം ഒരു മാര്‍ക്‌സിസ്റ്റ് വീക്ഷണമെന്ന ഒന്നാം വാള്യത്തിലെ ഈ പ്രാഥമിക പരിശോധനയുടെ കൂടുതല്‍ വിപുലമായ രൂപമാണ് മറ്റു മൂന്ന് വാള്യങ്ങള്‍. മതാചാര്യര്‍-മതനിഷേധികള്‍, യുഗസന്തതികള്‍-യുഗശില്‍പ്പികള്‍, മാധ്യമപര്‍വ്വം എന്നിവയാണവ. മതത്തെ ഒരു ഭൗതികശക്തിയായി പരിഗണിച്ചുകൊണ്ട് മതത്തിനകമേ നടന്ന പരിവര്‍ത്തനങ്ങളെയും, പുറത്തുനിന്നുളള വിമര്‍ശനങ്ങളെയും ഒരു പോലെ ചേര്‍ത്തുനിര്‍ത്തി ഇവ തമ്മിലുളള പ്രതിപ്രവര്‍ത്തനങ്ങളിലൂടെ മതം ഒരു അധികാര ബന്ധം എന്നതില്‍ നിന്ന് കൂടുതല്‍ ജനാധിപത്യവത്കരിക്കപ്പെട്ടതെങ്ങനെ എന്ന അന്വേഷണമാണ് രണ്ടാം വാള്യത്തില്‍ നടത്തുന്നത്. 'ഭക്തിയും മാനവികതയും' എന്ന മുന്‍കാല അന്വേഷണത്തിന്റെ സാര്‍ത്ഥകമായ വികസിതരൂപമാണിത്. മതത്തെ മാറ്റിനിര്‍ത്തുന്ന ഒരു സാമൂഹിക പരിവര്‍ത്തനം സാധ്യമല്ലെന്നും മതത്തിനകമേയും പുറത്തു നിന്നും ഉയരുന്ന വിമര്‍ശനങ്ങളാണ് സാമൂഹിക നവോത്ഥാനത്തിന് കളമൊരുക്കിയതെന്നും പി.ജി. വിശദമാക്കുന്നു.

യുഗസന്തതികള്‍, യുഗശില്‍പ്പികളില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യംവരെയുളള കേരളീയ രാഷ്ട്രീയ-സാമൂഹ്യ ജീവിതത്തില്‍ വിപ്ലവകരമായ ഇടപെടല്‍ നടത്തിയവരെ സംഗ്രഹിച്ച് പരിശോധിക്കുമ്പോള്‍, മാധ്യമപര്‍വ്വത്തില്‍ അച്ചടിയും ദിനപത്രങ്ങളുടെ വളര്‍ച്ചയും എങ്ങനെയാണ് ജനാധിപത്യപരമായ ഒരു ലോകബോധത്തിലേക്ക് അടുപ്പിച്ചത് എന്നും വിശദമാക്കുന്നു. ഇങ്ങനെ നാനാവിതാനത്തില്‍ കേരളീയ നവോത്ഥാനത്തെ പരിശോധിക്കുകയാണ് പി.ജി.ചെയ്യുന്നത്.

റഫീഖ് ഇബ്രാഹിം
റഫീഖ് ഇബ്രാഹിം

നവോത്ഥാന വിമര്‍ശനത്തിന്റെ പൊതുഭൂമിക പി.ജി. പിന്‍പറ്റുന്നുണ്ടെങ്കിലും കേരളീയസന്ദര്‍ഭത്തില്‍ അവയെ പ്രയുക്തമാക്കുന്നതിലേക്ക് അദ്ദേഹം നീങ്ങുന്നില്ല. ലളിതമായി പറഞ്ഞാല്‍ നവോത്ഥാനത്തെക്കുറിച്ചുയര്‍ന്ന അപകോളനീകരണ- ഘടനാവാദാനന്തര വിമര്‍ശനങ്ങളെയും, നവോത്ഥാന മാനവികതയെക്കുറിച്ചുളള മുഖ്യധാരാ ചര്‍ച്ചകളെയും സംഗ്രഹിക്കുകയാണ് പി.ജി. ചെയ്യുന്നത്. മുഖ്യധാരാ നവോത്ഥാന സങ്കല്‍പ്പത്തെയും നവോത്ഥാന വിമര്‍ശനത്തെയും മുഖാമുഖം നിര്‍ത്തുന്ന സംവാദാത്മക സമീപനമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇവയിലേതെങ്കിലും ഒന്നിനെ സ്വീകരിക്കാനോ അതിനെ മുന്‍നിര്‍ത്തി തന്റെ പഠനത്തിന് സൈദ്ധാന്തിക ഭദ്രതയൊരുക്കാനോ പി.ജി. ശ്രമിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. നവോത്ഥാനത്തെ സംബന്ധിച്ച ഉദാരവും ബഹുത്വപൂര്‍ണവുമായ വീക്ഷണം സൂക്ഷിക്കുമ്പോഴും അവയെ പ്രശ്‌നവല്‍ക്കരിക്കാന്‍ പി.ജി.ക്ക് ഏതളവില്‍ സാധിച്ചുവെന്ന് ചോദ്യമുയരുന്നത് ഈ പശ്ചാത്തലത്തിലാണ്. സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ വര്‍ഗപരമായ ഘടന വേര്‍തിരിച്ചെടുക്കാനോ സവര്‍ണ ആശയസംഹിതയോടുളള ഇടലുകളെ തൃപ്തികരമായി അഭിസംബോധന ചെയ്യാനോ കൊളോണിയല്‍, നാടുവാഴി നിലപാടുകള്‍ക്കെതിരായ ദേശീയ- മുതലാളിത്ത മുദ്രാവാക്യങ്ങളെ പുറത്തു കൊണ്ടുവരാനോ പി.ജി.ശ്രമിക്കുന്നില്ല.

സിദ്ധാന്ത പഞ്ചകത്തില്‍ മാനവികതയെ സ്ഥാനപ്പെടുത്തുമ്പോള്‍ ഈ പതറല്‍ പ്രത്യക്ഷത്തില്‍ പുറത്തുവരുന്നത് കാണാം. ഹ്യൂമനിസത്തിന്റെ ചരിത്രപ്രസക്തിയെ വിശദമായി ചര്‍ച്ച ചെയ്ത് മാനവികതാവാദത്തിനെതിരെ ഉയര്‍ന്ന വലിയ വിമര്‍ശനങ്ങളെ സ്പര്‍ശിക്കാതെ കടന്നുപോവുകയാണ് പി.ജി. ചെയ്യുന്നത്; അല്‍ത്യൂസറിന്റെ മാനവികതാ വിരുദ്ധവാദങ്ങളെ പരാമര്‍ശിച്ചു കൊണ്ട് പി.ജി.ഇങ്ങനെ പറഞ്ഞവസാനിപ്പിക്കുന്നു; 'ആശയ വ്യക്തതയ്ക്ക് ഉപകരിക്കുന്ന ഒരു പൂര്‍വ്വപക്ഷം എന്ന നിലയില്‍ ഈ വാദം പരിഗണനാര്‍ഹമാണെങ്കിലും അതിന്റെ ആത്യന്തിക സാധ്യതയെക്കുറിച്ച് ഈ ലേഖകന് ഉറപ്പില്ല'. 1996 ല്‍ ഗ്രാംഷിയെ പരിചയപ്പെടുത്തിയ പി.ജി. തന്റെ നവോത്ഥാന പഠനത്തില്‍ ഗ്രാംഷിയന്‍ പരികല്‍പ്പനയെ യെങ്കിലും തന്റെ നവോത്ഥാനപഠനങ്ങളില്‍ ഗ്രാംഷിയോടു ചേരാന്‍ പി.ജി. അല്പം വൈമുഖ്യം പുലര്‍ത്തുന്നുണ്ട്. യോഗക്ഷേമസഭയെയും സാധുജനപരിപാലന സംഘത്തെയും ഒരേ പോലെ പരിഗണിക്കുകയാണ് പി.ജി.ചെയ്യുന്നത്. അധീശവ്യവഹാരത്തിനെതിരായ പ്രതിപ്രവര്‍ത്തനം എന്ന നിലയില്‍ യോഗക്ഷേമസഭയെക്കാള്‍ എത്രയോ വിപ്ലവകരമായി പരിഗണിക്കപ്പെടേണ്ടത് അയ്യങ്കാളിയുടെയോ പൊയ്കയില്‍ കുമാരഗുരുദേവന്റെയോ ഇടപെടലുകളാണ്. കേരളീയ പൊതുമണ്ഡല സൃഷ്ടിയില്‍ ഇവര്‍ നടത്തിയ ഇടപെടലുകളോ സിവില്‍ സമൂഹത്തിനകത്ത് കീഴാളധാരയിലൂടെ ഉയര്‍ന്നുവന്ന വര്‍ഗസമരത്തിന്റെ പ്രസക്തിയോ വേണ്ടവിധം അഭിസംബോധന ചെയ്യാനോ പി.ജി.ക്ക് കഴിഞ്ഞിട്ടില്ല. കെ.എന്‍.പണിക്കരടക്കമുളള മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്‍മാര്‍ ചൂണ്ടിക്കാട്ടിയ കീഴാളധാരയുടെ വര്‍ഗസമരം തൃപ്തികരമായി വിശദീകരിക്കാന്‍ കഴിയാത്തതിലൂടെ തന്റെ നവോത്ഥാനപഠനങ്ങളെ വ്യാഖ്യാനാത്മകം എന്നതിനേക്കാള്‍ വിവരണാത്മകം എന്ന തലത്തില്‍ ഒതുക്കി നിര്‍ത്തുകയാണ് പി.ജി.ചെയ്തത്. ഈ വിവരണാത്മക സ്വഭാവമാണ് പി.ജി.യില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടതും.

ഈ പരിമിതികള്‍ നിലനില്‍ക്കെത്തന്നെ കേരളീയ നവോത്ഥാനത്തെ ആഴത്തില്‍ പ്രശ്‌നവത്കരിക്കാന്‍ സാധ്യമായ ഭൂമികയൊരുക്കി എന്നതാണ് പി.ജി.യുടെ പഠനങ്ങളുടെ പ്രാഥമിക പ്രസക്തി. ഉദാരമാനവികതാവാദത്തിന്റെ വാഴ്ത്തുപാട്ടുകള്‍ക്കിടയില്‍ മറയ്ക്കപ്പെട്ട എതിര്‍ബലങ്ങളെ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നു എന്നിടത്താണ് അദ്ദേഹത്തിന്റെ നവോത്ഥാനപഠനങ്ങള്‍ രാഷ്ട്രീയ വിമോചനത്തിന്റെ ചാലകശക്തിയാകുന്നത്. ആ അന്വേഷണങ്ങളുടെ പിന്‍ബലത്തിലാണ് നവോത്ഥാനവിജ്ഞാനീയം എന്നു തന്നെ വിളിക്കാനാവുന്ന ഒരു ജ്ഞാനവ്യവഹാരം മലയാളത്തില്‍ ഉരുവം കൊണ്ടത്. മുഖ്യധാരാചരിത്ര ചിന്ത കാണാതെ പോയ ധാരാളം സ്ഥാനങ്ങളെ നവോത്ഥാനത്തിലേക്കു കൂട്ടിവിളിക്കി എന്നിടത്താണ് പി.ജി.യുടെ ഇടപെടലുകള്‍ക്ക് വലിയ പ്രാധാന്യം കൈവരൂ.

The Cue
www.thecue.in