അത് അഭിനയമായിരുന്നില്ല, പ്രേക്ഷകനെ പൊള്ളിച്ച കണ്ണുനീരായിരുന്നു; 'ഓറഞ്ചസ് ആന്റ് സ്റ്റോണ്‍സ്' എന്ന പാലസ്തീന്‍ നാടകാനുഭവം

അത് അഭിനയമായിരുന്നില്ല, പ്രേക്ഷകനെ പൊള്ളിച്ച കണ്ണുനീരായിരുന്നു; 'ഓറഞ്ചസ് ആന്റ് സ്റ്റോണ്‍സ്' എന്ന പാലസ്തീന്‍ നാടകാനുഭവം
Published on
Summary

തട്ടിയെടുക്കപ്പെടുന്ന ഭൂമിയും വെള്ളവും നെഞ്ചോട് ചേര്‍ക്കാനുള്ള അവസാന ശ്രമം പോലും പരാജയപ്പെടുമ്പോള്‍ നമ്മുടെ കാതുകളില്‍ ഒരായിരം ശിശുരോദനമുയരും. പിടഞ്ഞു വീഴുന്ന മനുഷ്യരെ വേദനയോടെ അതിലേറെ നിസ്സഹായതയോടെ നമ്മളോര്‍ക്കും. ഇറ്റ്ഫോക്കിൽ അവതരിപ്പിച്ച 'ഓറഞ്ചസ് ആന്റ് സ്റ്റോണ്‍സ്' എന്ന പാലസ്തീന്‍ നാടകാനുഭവം.

നാടകം കണ്ടുകൊണ്ടിരിക്കെ പെരുവിരലില്‍ നിന്ന് ഇരച്ച് കയറുന്ന ഒരു തരം മരവിപ്പ് വല്ലാത്തൊരു അനുഭവമാണ്. പലസ്തീനിലെ സ്വന്തം ഭൂമിയില്‍ നിന്ന് കുടിയിറക്കപ്പെട്ട സ്ത്രീയുടെ കണ്ണീരിലൂടെ ഒരു ജനതയുടെ വിലാപം നമ്മുടെ കാതിനെ വലയം വെക്കുന്നതറിഞ്ഞു. ഒരു വെടിയൊച്ച പോലും വേദിയിലുണ്ടായിട്ടില്ല, ഒരു കുഞ്ഞിന്റെ കരച്ചില്‍ പോലും കേള്‍പ്പിക്കുന്നുമില്ല. എന്തിന് കഥാപാത്രങ്ങള്‍ ഒരു ഭാഷയിലും സംസാരിക്കുന്നുപോലുമില്ല. എന്നിട്ടും നമ്മള്‍ ചരിത്രത്തെ മുഖാമുഖം കാണും.

തട്ടിയെടുക്കപ്പെടുന്ന ഭൂമിയും വെള്ളവും നെഞ്ചോട് ചേര്‍ക്കാനുള്ള അവസാന ശ്രമം പോലും പരാജയപ്പെടുമ്പോള്‍ നമ്മുടെ കാതുകളില്‍ ഒരായിരം ശിശുരോദനമുയരും. പിടഞ്ഞു വീഴുന്ന മനുഷ്യരെ വേദനയോടെ അതിലേറെ നിസ്സഹായതയോടെ നമ്മളോര്‍ക്കും. അനുഭവങ്ങള്‍ക്ക് ഭാഷയെന്തിന് ഒടുവില്‍ സദസ്സ് എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുമ്പോള്‍ അരങ്ങില്‍ ജീവിച്ചവരുടെ ശബ്ദമിടറി, അത് അഭിനയമായിരുന്നില്ല. 'ഞങ്ങള്‍ കുറച്ചുപേര്‍ മാത്രമെ ഇനി ബാക്കിയുള്ളു, അതും എത്ര നാള്‍ എന്നറിയില്ല' എന്ന നിസ്സഹായതയാണ്. നിങ്ങളുടെ കൈയ്യടികള്‍ ഞങ്ങളോടുള്ള ഐക്യദാര്‍ഢ്യവും സ്നേഹവുമാകുന്നതില്‍ സന്തോഷമെന്ന് അവര്‍ ആവര്‍ത്തിക്കുമ്പോള്‍ അവരുടെ വാക്കുകള്‍ തിയറ്റര്‍ വിട്ടാലും നമ്മെ പിന്‍തുടരും. അതിരുകളില്ലാത്ത കുടുംബമാണ് നാടകം. നമ്മള്‍ ആ കുടുബത്തിലെ വിട്ടുപോകാന്‍ കഴിയാത്ത അംഗങ്ങളും. അതിരുകളില്ലാത്ത മനുഷ്യത്വത്തിന്റെ മറുപേരായി, നിശബ്ദതയിലെ ശബ്ദമായി, മൗനത്തിലെ വാചാലതയായി നാടകം മാറുന്നത് വിപ്ലവകരമായ രാഷ്ട്രീയമല്ലാതെ മറ്റെന്താണ്.

തൃശ്ശൂരില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ തിയറ്റര്‍ ഫെസ്റ്റിവലില്‍ പലസ്തീനില്‍ നിന്നുള്ള ഓറഞ്ചസ് ആന്റ് സ്റ്റോണ്‍സ് എന്ന ഉള്ളുലയ്ക്കുന്ന നാടകാനുഭവമാണിത്. പലസ്തീനിലെ പ്രശസ്ത നാടക സംഘമായ അഷ്തര്‍ തിയേറ്ററാണ് ഓറഞ്ചസ് ആന്റ് സ്റ്റോണ്‍സ് അരങ്ങിലെത്തിച്ചത്. സ്വന്തം വീട്ടില്‍ ഓറഞ്ച് തോട്ടം പരിപാലിച്ച് സമാധാനത്തോടെ കഴിയുന്ന സ്ത്രീയുടെ ജീവിതത്തിലേക്ക് ക്ഷീണിതനായി ഒരു അപരിചിതന്‍ കടന്നുവരുന്നു. മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ലാത്ത അവര്‍ അയാള്‍ക്ക് കുടിക്കുവാന്‍ വെള്ളം നല്‍കുന്നു. ആര്‍ത്തിയോടെ വെള്ളം കുടിക്കുന്നതിനിടെ അയാള്‍ വെള്ളപ്പാത്രം തട്ടിത്തെറിപ്പിക്കാന്‍ ശ്രമിക്കുന്നു. അഭയം തേടിയെത്തിയവന്റെ അധികാരത്തിലേക്കുള്ള ഹുങ്ക് അവിടെ തുടങ്ങുന്നു.

എന്താണ് സംഭവിക്കുന്നതെന്നറിയാതെ അവര്‍ അതിശയിച്ച് നില്‍ക്കവെ അയാളുടെ തകരപ്പെട്ടിയില്‍ നിന്ന് ഒരു കുഞ്ഞുടുപ്പെടുക്കുന്നു അത് അവരുടെ വീട്ടിലെ കസേരക്കൈയ്യില്‍ തൂക്കിയിടുന്നു. പിന്നീട് പഴകിയ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് കുടുംബഫോട്ടോ അവര്‍ക്ക് നല്‍കുന്നു. അതിന്റെ കൗതുകം വിട്ടുമാറും മുമ്പെ അയാളത് അവരുടെ വീട്ടില്‍ തന്നെ പ്രേക്ഷകര്‍ക്ക് അഭിമുഖമായി വെക്കുന്നു. ഇല്ലാത്ത പാരമ്പര്യവും അവകാശവും സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നവന്റെ കൗശലങ്ങളില്‍ നിസ്സംഗതയോടെ അവര്‍ നില്‍ക്കവെ അതേ തകരപ്പെട്ടിയില്‍ നിന്ന് ഒരു പേപ്പര്‍ അവര്‍ക്ക് നേരെ നീട്ടിന്നു. ആകാംക്ഷയോടെ അത് നിവര്‍ത്തി വായിക്കുന്ന അവരുടെ മുഖഭാവം പറഞ്ഞറിയിക്കാനാകാത്ത വികാരങ്ങളാല്‍ മുറിപ്പെടുന്നത് നമുക്ക് കാണാം. അവര്‍ ഒരുഭാഷയിലും ഒച്ചയെടുക്കുന്നില്ല പക്ഷെ നമ്മള്‍ പ്രേക്ഷകര്‍ക്ക് അയാള്‍ ഇല്ലാത്ത അധികാരം കൈക്കലാക്കി അവരുടെ ഭൂമിയുടെ വീടിന്റെ ഉടമസ്ഥാവകാശം കൈക്കലാക്കുന്നത് തിരിച്ചറിയുവാന്‍ കഴിയും.

ഇത് ഓറഞ്ച് കൃഷിയിലൂടെ മധുരമായി ജീവിച്ച് ഒരു സുപ്രഭാതത്തില്‍ മറ്റാരൊക്കെയോ വന്ന് ആട്ടിയോടിച്ച ഒരു സ്ത്രീയുടെ കഥയല്ല. ഒരു ജനതയുടെ വിലാപവും നിസ്സഹായതയുമാണ്. ഒരു ജനത ബഹിഷ്‌കൃതമായതിന്റെ പ്രതീകമാണ് ഈ നാടകം. അയാളുടെ തകരപ്പെട്ടിയില്‍ മതഗ്രന്ഥങ്ങളുണ്ട്. ഒരു വിശ്വാസത്തിനും ന്യായീകരിക്കുവാന്‍ കഴിയാത്ത വേദനയാണ് പാലസ്തീന്‍. ഈ നാടകത്തിന് ഭാഷയില്ല. അഭിനയവും സംഗീതവും വെളിച്ചവും മാത്രം. അധിനിവേശങ്ങളുടെ ഇരകള്‍ക്ക് ഒറ്റ ഭാഷയേയുള്ളു അത് നിസ്സഹായതയുടെതാണ്, ജീവന്‍ നല്‍കിയുള്ള ചെറുത്തുനില്‍പ്പിന്റേതാണ്. അയാള്‍ തട്ടിക്കളയുന്ന കുടിവെള്ളം തുണി മുക്കി പിഴിഞ്ഞെടുക്കുന്ന അവരുടെ ദൈന്യതയെ കവച്ച് വെക്കാന്‍ ഭൂമിയില്‍ ഏത് ഭാഷയുണ്ട്? തുള്ളി തുള്ളിയായി കരുതലോടെ സൂക്ഷിച്ചുവെക്കുന്ന കുടിവെള്ളം ദയാരഹിതമായി തട്ടിക്കളയുന്നവന്റെ രാഷ്ട്രീയം തിരിച്ചറിയുവാന്‍ ഭാഷയെന്തിന്? അരങ്ങ് ഏതെങ്കിലും ഒരു രാജ്യത്തിന്റെ വ്യവഹാര ഭാഷയെക്കാള്‍ വാചാലമായ നിമിഷം. ഇത് ചരിത്രമല്ല നാം ജീവിക്കുന്ന ഈ നിമിഷം ഈ ലോകത്ത് സംഭവിക്കുന്നതാണ് എന്ന് നാടകം ഓര്‍മ്മിപ്പിക്കുമ്പോള്‍ നമ്മള്‍ പ്രേക്ഷകര്‍ നിലവിളികളാല്‍ ദുര്‍ബലമെങ്കിലും ചെറുത്തുനില്‍പ്പില്‍ വിശ്വസിക്കുന്ന നടീനടന്‍മാരാകാതെ തരമില്ല. അങ്ങിനെ നടീനടന്‍മാരും പ്രേക്ഷകരും തമ്മിലുള്ള അതിരുകള്‍ മായക്കപ്പെടുകയും നാടകം മാനവികമാവുകയും ചെയ്യുന്നു.

അരങ്ങില്‍ ഭാരിച്ച ഒരു പ്രോപ്പര്‍ട്ടിയുമില്ല. നിലത്ത് വൃത്താകൃതിയില്‍ നിരത്തിവെച്ച ഓറഞ്ചുകളും കല്ലുകളും മാത്രം. അത് എത്ര വലിയ പ്രതീകങ്ങളാണന്ന് നാം പതിയെ തിരിച്ചറിയും. ഒരു ജനതയെ ഓര്‍മ്മപ്പെടുത്തുവാന്‍ ഈ മനുഷ്യരുടെ അഭിനയത്തിന് കഴിയുന്നുണ്ടല്ലോ എന്നോര്‍ത്ത് നാടകാന്ത്യത്തില്‍ ഏവരും എഴുന്നേറ്റ് നിന്ന് കൈയ്യടിക്കവെ ഓറഞ്ച് തോട്ടത്തിന് കാവല്‍ നിന്ന സ്ത്രീയായി അഭിനയിച്ച ഇമാന്റെ കണ്ണുകള്‍ നിറഞ്ഞു. ശബ്ദമിടറി. അത് അഭിനയമായിരുന്നില്ല. നാടകം അരങ്ങേറിയ തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ നിറഞ്ഞ് കവിഞ്ഞ ചെറിയ തിയറ്റര്‍ ലോകത്തോളം വലുതായി. കൊടും ചൂടിനെ ജനം മറന്നു. അവര്‍ പരസ്പരം ലോകത്തിന്റെ നിശ്വാസങ്ങള്‍ കേട്ടു. സംവിധായിക മോജിസോലാ അദെബായോ തണ്ണിമത്തന്‍ ചിത്രം അലേഖനം ചെയ്ത ടീ ഷര്‍ട്ടിട്ട് വേദിയിലെത്തിയപ്പോള്‍ ഞങ്ങളും നിങ്ങളോടൊപ്പമുണ്ടന്ന് പ്രേക്ഷകര്‍ കൈയ്യടിച്ചു. അധിനിവേശക്കാരനായെത്തിയ എഡ്വേര്‍ഡും തന്ത്രശാലിയായ വില്ലനായി പകര്‍ന്നാടി.

'ദി ലാസ്റ്റ് പ്ലേ ഫ്രം ഗാസ'' എന്ന പലസ്തീന്‍ നാടകം കൂടി ഇക്കുറി ഇറ്റ്ഫോക്കിലുണ്ടായിരുന്നു. എന്നാല്‍ അവരുടെ വിസ തടഞ്ഞുവെച്ച വാര്‍ത്തയാണ് ഇപ്പോള്‍ അറിയുന്നത്. ഒരു ജനതയെ ഇല്ലാതാക്കുന്നവരുടെ ഭീരുത്വം അവര്‍ പ്രതിഷേധങ്ങളെ സാംസ്‌കാരിക പ്രതിരോധങ്ങളെ ഭയക്കുന്നതില്‍ നിന്ന് വ്യക്തമാണ്. ഓറഞ്ച് തോട്ടത്തിലെ കൈയ്യേറ്റക്കാരനിലൂടെ രാഷ്ട്രീയ അധിനിവേശം ഓര്‍മ്മിപ്പിച്ച ബ്രില്യന്‍സിന് പകരം പ്രകടമായ രാഷ്ട്രീയം വിളിച്ചുപറഞ്ഞിരുന്നെങ്കില്‍ ഈ നാടകത്തിനും വിലക്ക് വീഴുമായിരുന്നു. അതാണ് കലയുടെ ശക്തി. എത്ര വിലക്കിയാലും നിശബ്ദമാക്കിയാലും പ്രതിഷേധത്തിന്റെ ബദലുകള്‍ തെളിയും. മനുഷ്യത്വം മുഴുവനായി നശിക്കാത്ത ഈ ലോകത്ത് മനുഷ്യര്‍ ഈ ഫാസിസത്തിനെതിരെ സംഘടിക്കുക തന്നെ ചെയ്യും. നാടകത്തിനൊടുവില്‍ ഇമാന്‍ ഒരു ഓറഞ്ച് പ്രേക്ഷകരിലൊരാള്‍ക്ക് കൊടുക്കുന്നുണ്ട്. ആ മധുരവും മണവും കണ്ണീരുപ്പോടെ അറിഞ്ഞാണ് പ്രേക്ഷകര്‍ തിയറ്റര്‍ വിട്ടിറങ്ങിയത്. ഇവിടെ ഈ ഒരൊറ്റ നാടകം മതി, ഇത്തവണത്തെ അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഈ നിശബ്ദതയിലെ ശബ്ദങ്ങള്‍ എന്ന ടാഗ് ലൈന്‍ അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍.

Related Stories

No stories found.
logo
The Cue
www.thecue.in