മോര്‍ബി പാലവും പാലാരിവട്ടവും, പഞ്ചവടിപ്പാലങ്ങളുടെ രാഷ്ട്രീയനേട്ടങ്ങള്‍

മോര്‍ബി പാലവും പാലാരിവട്ടവും,
പഞ്ചവടിപ്പാലങ്ങളുടെ രാഷ്ട്രീയനേട്ടങ്ങള്‍
Summary

ഏതെങ്കിലും അഴിമതി പുറത്തു വരുമ്പോള്‍ ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്നല്ല അവരെ കൊണ്ട് തങ്ങള്‍ക്ക് വേണ്ടവിധത്തില്‍ ചിന്തിപ്പിക്കുന്നതാണ് പുത്തന്‍കൂറ്റ് രാഷ്ട്രീയത്തിന്റെ പ്രധാനപാഠമെന്നാണ് ഈ രണ്ട് സംഭവങ്ങളും വരച്ചിടുന്നത്. അരവിന്ദ് ബാബു എഴുതുന്നു

അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ രണ്ട് സംസ്ഥാനങ്ങളിലെ രണ്ട് പാലങ്ങളുടെ തകര്‍ച്ച തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രതിഫലിക്കപ്പെട്ടത് വിവിധ തരത്തിലാണെന്നത് കൗതുകം ജനിപ്പിക്കുന്നു. കേരളത്തിലെ പാലാരിവട്ടവും, ഗുജറാത്തിലെ മോര്‍ബിയുടെയും തകര്‍ച്ച പ്രതിപക്ഷത്തിനു മേല്‍ അനുകൂലമായ ഫലങ്ങളാണ് ഭരണകക്ഷികള്‍ക്ക് നല്‍കിയത്. വ്യത്യസ്തമായ രണ്ട് രാഷ്ട്രീയ സാക്ഷരത നിലനില്‍ക്കുന്നയിടത്ത് ഏതെങ്കിലും അഴിമതി പുറത്തു വരുമ്പോള്‍ ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്നല്ല അവരെ കൊണ്ട് തങ്ങള്‍ക്ക് വേണ്ടവിധത്തില്‍ ചിന്തിപ്പിക്കുന്നതാണ് പുത്തന്‍കൂറ്റ് രാഷ്ട്രീയത്തിന്റെ പ്രധാനപാഠമെന്നാണ് ഈ രണ്ട് സംഭവങ്ങളും വരച്ചിടുന്നത്.

മോര്‍ബിയിലെ ബി.ജെ.പി വിജയത്തിന് പിന്നില്‍

ഭരണവിരുദ്ധ വികാരം മുറ്റി നിന്ന ഗുജറാത്തില്‍ മോര്‍ബി ദുരന്തം അതിനെ ഇരട്ടിപ്പിക്കുമെന്നും ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റുമെന്നും ചില രാഷ്ട്രീയ നിരീക്ഷണങ്ങളുണ്ടായെങ്കിലും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കാന്തിലാല്‍ അമൃത്യ 62079 വോട്ടുകളുടെ വമ്പന്‍ ഭൂരിപക്ഷത്തോടെ ജയിച്ചുകയറുകയായിരുന്നു. 47 കുട്ടികളടക്കം 135 പേരുടെ അന്ത്യമുണ്ടായിടത്താണ് ബി.ജെ.പി രാഷ്ട്രീയ വിജയം കൊയ്‌തെടുത്തത്. ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പ് വിജയം ദേശീയ തലത്തില്‍ പോലും ചര്‍ച്ചയായിക്കഴിഞ്ഞു.

ഭരണവിരുദ്ധവികാരത്തെയും വിമത ശല്യത്തെയും നിയമസഭാ തെരെഞ്ഞെടുപ്പില്‍ 'മോദി ഫാക്ടര്‍' കൊണ്ട് മറികടക്കാനുള്ള നീക്കങ്ങള്‍ പരുവപ്പെടുത്തുന്നതിനിടെയാണ് ഒക്‌ടോബര്‍ 30ന് മോര്‍ബി ദുരന്തമുണ്ടായത്. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച കരാര്‍ മോര്‍ബി മുന്‍സിപ്പാസിലിറ്റിയുമായി ഒപ്പിട്ടത് പാലം നിര്‍മ്മാണത്തിലോ അറ്റകുറ്റപ്പണിയിലോ വൈദഗ്ധ്യമില്ലാത്ത ഒറേവ എന്ന കമ്പനിയായിരുന്നു. ഇൗ നടപടികള്‍ നിലവിലെ സര്‍ക്കാരിന്റെ കുറ്റം കൊണ്ടല്ല എന്ന് സമര്‍ത്ഥിക്കുന്നതില്‍ ബി.ജെ.പി പരിപൂര്‍ണ്ണമായി വിജയിക്കുകയായിരുന്നു. അതിനായി പാര്‍ട്ടി നേതൃത്വം മെനെഞ്ഞെടുത്ത വസ്തുതകള്‍ മോദിയെ മുന്നില്‍ നിര്‍ത്തി അവര്‍ നടപ്പാക്കുകയും ചെയ്തു. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ വാദങ്ങള്‍ ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തുക്കുന്നതില്‍ ഗുജറാത്തിലെ ഭരണ- പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് കഴിഞ്ഞു. അതിനായി തെരെഞ്ഞെടുപ്പിന് മുമ്പുള്ള ഒരു മാസം അവര്‍ ഭരണ തലത്തിലും രാഷ്ട്രീയ തലത്തിലും സ്വീകരിച്ചത് ദ്വിമുഖ തന്ത്രമായിരുന്നു.

തകർന്ന മോർബി പാലം
തകർന്ന മോർബി പാലം

ഭരണനേതൃത്വത്തിന്റെ പ്രതികരണം

പാലത്തിന്റെ അറ്റകുറ്റപ്പണി നടത്താന്‍ കരാര്‍ എടുത്തിരുന്ന ഒറേവ കമ്പനി നഷ്ടപരിഹാര സാധ്യത ആരായും മുമ്പേ മോര്‍ബി ദുരന്തത്തിലെ ഇരകള്‍ക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും ബി.ജെ.പി സര്‍ക്കാര്‍ അടിയന്തിരമായി പ്രഖ്യാപിച്ചു. കാലപ്പഴക്കം ഏറെയുള്ള പാലത്തില്‍ അനുവദിനീയമായതില്‍ കൂടുതല്‍ ആളുകള്‍ അപകടസമയത്ത് ഉണ്ടായിരുന്നുവെന്ന വാദം മുന്‍നിര്‍ത്തി ഒറേവയുടെ രണ്ട് കോണ്‍ട്രാക്ടറുമാരെയും, പാലത്തിന്റെ ടിക്കറ്റ്, സെക്യൂരിറ്റി ചുമതലയില്‍ ഉള്ളവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കരാറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മോര്‍ബി നഗരസഭയിലെ ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് നീക്കി നിര്‍ത്തി. സര്‍ക്കാരിന്റെ പെട്ടെന്നുള്ള നടപടികള്‍ ജനങ്ങളില്‍ വിശ്വാസ്യത ജനിപ്പിക്കുന്നതായിരുന്നു.

രാഷ്ട്രീയ നേതൃത്വത്തിന്റെ നീക്കങ്ങള്‍

മോര്‍ബി ദുരന്ത ശേഷമുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ രാഷ്ട്രീയമായി ഉറപ്പിക്കുന്നതിലും ബി.ജെ.പി വിജയിച്ചു. ജയകുഷ് പട്ടേലിന്റെ ഒറേവ കമ്പനിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഒരു മാസം നീണ്ട പ്രചാരണം ഫലപ്രദമായി നടത്തിയത് പ്രതിപക്ഷത്തിന് തിരിച്ചടിയായി. സ്വതവേ പാര്‍ട്ടിക്കും സര്‍ക്കാരിനും വഴങ്ങിയിട്ടുള്ള പരമ്പരാഗത മാധ്യമങ്ങള്‍ മോര്‍ബിയുടെ മറ്റൊരു വശം വെളിച്ചത്ത് കൊണ്ടുവന്നില്ല.

തങ്ങളുടെ നിയന്ത്രണത്തിലുള്ള സമൂഹമാധ്യമങ്ങളെ ഉപയോഗിച്ച് അടുത്ത കടമ്പയും കടന്നു. പാലം തകര്‍ന്ന സമയത്ത് മുമ്പ് അഞ്ച് തവണ എം.എല്‍.എയായിരുന്ന കാന്തിലാല്‍ അമൃത്യ ലൈഫ് ജാക്കറ്റ് ധരിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ച് 'മോര്‍ബി ഹീറോ'യാക്കി ജനങ്ങളില്‍ വിശ്വാസ്യതയും നേടിയെടുത്തു. അറ്റകുറ്റപ്പണിക്കുള്ള കരാറിനെ ചുറ്റിപ്പറ്റി ആരോപണങ്ങള്‍ ഉയര്‍ന്നതോടെ നിലവിലെ നിയമസഭാംഗമായ ബ്രിജേഷ് മെര്‍ജയ്ക്ക് സീറ്റ് നിഷേധിച്ചത് വഴി അഴിമതിയ്ക്ക് എല്ലാ കാലത്തും തങ്ങള്‍ എതിരാണെന്ന സന്ദേശം ഉറപ്പിച്ച് നിര്‍ത്താനും രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞു. ഇതിന് പുറമേ സാമുദായിക നേതൃത്തിന് രാഷ്ട്രീയത്തിലുള്ള മേല്‍ക്കൈയും നന്നായി ഉപയോഗിച്ചു.

ഗുജറാത്ത് തങ്ങളെ കൈവിട്ടു പോകുന്ന പ്രതികൂല അന്തരീക്ഷത്തെ അനുകൂലമാക്കിയത് മോര്‍ബി ദുരന്തത്തിന് ശേഷം ശ്രദ്ധയോടെ ബി.ജെ.പി സ്വീകരിച്ച തന്ത്രങ്ങള്‍ കുറിക്ക് കൊണ്ടതോടെയാണ്

എക്കാലത്തും ബി.ജെ.പിയെ പിന്തുണയ്ക്കുന്ന പാട്ടീദാര്‍ സമുദായം തങ്ങളുടെ സ്വന്തമായ കാന്തിലാലിന് വേണ്ടി പ്രചാരണരംഗത്ത് ഇറങ്ങിയതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജയന്തിലാല്‍ പട്ടേല്‍ എന്ന പട്ടേല്‍ സമുദായക്കാരനെ ബി.ജെ.പി ബഹുദൂരം പിന്നിലാക്കി. ആംആദ്മി പാര്‍ട്ടി പാട്ടീദാര്‍ സമുദായാംഗമായ പങ്കജ് റന്‍സാരിയയെ ഇറക്കിയെങ്കിലും ഭരണവിരുദ്ധ വികാര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ മാത്രമാണ് അത് സാധ്യമായത്.

ഗുജറാത്ത് തങ്ങളെ കൈവിട്ടു പോകുന്ന പ്രതികൂല അന്തരീക്ഷത്തെ അനുകൂലമാക്കിയത് മോര്‍ബി ദുരന്തത്തിന് ശേഷം ശ്രദ്ധയോടെ ബി.ജെ.പി സ്വീകരിച്ച തന്ത്രങ്ങള്‍ കുറിക്ക് കൊണ്ടതോടെയാണ്. ഇതോടെ പ്രതിപക്ഷ കക്ഷികളുടെ ആരോപണം തള്ളി ജനങ്ങള്‍ ബി.ജെ.പിയെ അതേ മണ്ഡലത്തില്‍ തിരികെ അധികാരത്തിലെത്തിക്കുകയായിരുന്നു.

പാലാരിവട്ടത്ത് സി.പി.എം

കേരളത്തില്‍ അപകടത്തിലായ പാലാരിവട്ടം പാലത്തില്‍ ജനങ്ങള്‍ക്ക് ജീവാപായം ഉണ്ടായില്ലെങ്കില്‍ കൂടി അതിനെ രാഷ്ട്രീയമായി അനുകൂലമാക്കി വോട്ട് നേടാന്‍ ഇടതുമുന്നണിക്ക് സാധിച്ചു. 2014ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച പാലം നിര്‍മ്മാണം 2016ല്‍ എല്‍.ഡി.എഫിന്റെ കാലത്ത് പൂര്‍ത്തിയാക്കിയെങ്കിലും പാലത്തില്‍ ഒരുവര്‍ഷത്തിനിടെ രൂപപ്പെട്ട കുഴികളാണ് പിന്നീട് യു.ഡി.എഫിന് വാരിക്കുഴി തീര്‍ത്തത്. വികസനത്തിന്റെ പേരിലുള്ള അഴിമതി തങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നുവെന്നാണ് രാഷ്ട്രീയമായും ഭരണപരമായും സി.പി.എം അവകാശപ്പെട്ടത്.

ആളുകള്‍ക്ക് ജീവാപായമോ മറ്റ് അപകടങ്ങളോ ഉണ്ടായിട്ടില്ലെങ്കില്‍ കൂടി അതിലെ അഴിമതി ആരോപണങ്ങള്‍ ഇടതുമുന്നണിക്ക് ഗുണമുണ്ടാക്കി. കേരള റോഡ്‌സ് ആന്റ് ബ്രിഡജ്‌സിന്റെ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ ആര്‍.ഡി.എസ് പ്രൊജക്ടിനായിരുന്നു 2014ല്‍ നിര്‍മ്മാണചുമതല ഉണ്ടായിരുന്നത്. 42 കോടി രൂപയാണ് ചിലവായത്. 2017ല്‍ പാലത്തില്‍ കുഴികള്‍ കണ്ടെത്തുകയും റോഡ്‌സ് ആന്റ് ബ്രിഡ്ജ്‌സ് കോര്‍പ്പറേഷന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. 2018ല്‍ ആറിടത്ത് ഗുരുതര വിള്ളല്‍ കണ്ടെത്തിയതോടെ ഗതാഗത നിയന്ത്രണമുണ്ടായി. 2019ല്‍ മദ്രാസ് ഐ.ഐ.ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഗുരുതരമായ വിഷയങ്ങള്‍ മുന്‍നിര്‍ത്തി പാലത്തില്‍ ഗതാഗതം പൂര്‍ണ്ണമായി നിര്‍ത്തി. പിന്നീട് അതേവര്‍ഷം തന്നെ ആരംഭിച്ച വിജിലന്‍സ് അന്വേഷണവും ഇ.ശ്രീധരന്റെ അന്വേഷണവും ഒട്ടേറെ വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്നു.

പാലാരിവട്ടത്തെ പാലം
പാലാരിവട്ടത്തെ പാലം

ഇതെല്ലാം അന്നത്തെ മാധ്യമങ്ങള്‍ വലിയ പ്രാമുഖ്യത്തോടെ ഏറ്റെടുത്തു. അന്നത്തെ മുഖ്യപ്രതിപക്ഷമായ യു.ഡി.എഫിന് നേര്‍ക്കുള്ള മാധ്യമങ്ങളുടെ നിശിത വിമര്‍ശനം മൂലം ഭരണപക്ഷത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെട്ടു. ഇതിനു പുറമേ 2019ലെ വിജിലന്‍സ് കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറിയായ ടി.ഒ സൂരജ്, ആര്‍.ഡി.എസ് പ്രൊജക്ട് എം.ഡി സുമിത് ഗോയല്‍ തുടങ്ങിയവരുടെ അറസ്റ്റും അതിനെ തുടര്‍ന്ന് പാല നിര്‍മ്മാണ സമയത്തെ പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിലേക്ക് അന്വേഷണം എത്തിയതും തുടര്‍ന്ന് അദ്ദേഹം അറസ്റ്റിലായതും കാര്യങ്ങളുടെ ഗതി എല്‍.ഡി.എഫിന് അനുകൂലമായി. വിഷയം 2021 നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാക്കി മാറ്റിയ ഇടതുപക്ഷത്തിന്റെ 'പഞ്ചവടിപ്പാല'മെന്ന പോസ്റ്ററും ആരും മറന്ന് കാണാനിടയില്ല.

മോര്‍ബിയും പാലാരിവട്ടവും: അഴിമതിയുടെ ബാക്കിപത്രം

പാലം കടക്കുവോളം നാരായണയെന്നും പിന്നെ കൂരായണയെന്നുമാണ് ഈ അഴിമതികളുടെ ബാക്കിപത്രം. തെരെഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഈ കേസുകളുടെ ഗതി ഇത്തരത്തിലാണ്. വിജിലന്‍സ് കേസില്‍ അറസ്റ്റിലായ ടി.ഒ സൂരജ് അടക്കമുള്ളവര്‍ക്ക് 2019 നവംബര്‍ നാലിന് ഹൈക്കോടതി ജാമ്യം നല്‍കി. 2020 നവംബര്‍ 18ന് പാലാരിവട്ടം പാലം അഴിമതിയില്‍ അറസ്റ്റിലായ വി.കെ ഇബ്രാഹിം കുഞ്ഞിന് 2021 ജനുവരി എട്ടിനും ഹൈക്കോടതിയില്‍ നിന്ന് ജാമ്യം അനുവദിച്ചു. 2019 ജൂണ്‍ നാലിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. ഈ കേസ് ഇപ്പോഴും ഇഴഞ്ഞ് നീങ്ങുകയാണ്.

പാലാരിവട്ടം പാലം നിര്‍മിച്ച ആര്‍.ഡി.എസ് കമ്പനിക്കു വിവാദങ്ങള്‍ക്കിടയിലും തലസ്ഥാനത്തെ പാളയം കണ്ണിമാറ മാര്‍ക്കറ്റ് നവീകരണ പദ്ധതിയുടെ ടെണ്ടര്‍ ലഭിച്ചു. പാളയം മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന ഒന്നേ മുക്കാല്‍ ഏക്കര്‍ സ്ഥലത്ത് 118.22 കോടി രൂപ ചെലവഴിച്ച് അഞ്ച് നില കെട്ടിടം പണിയുന്നതാണു നവീകരണ പദ്ധതി. ആലപ്പുഴ ബൈപാസിന്റെയും കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെയും നിര്‍മാണത്തില്‍ പങ്കാളിത്തവും കമ്പനിക്കുണ്ടായിരുന്നു. കെ.എസ്.ടി.പി രണ്ടാംഘട്ട പദ്ധതിയിലെ കോന്നി പുനലൂര്‍ ഭാഗത്തെ കരാറും ആര്‍.ഡി.എസ് അടങ്ങിയ സംയുക്ത സംരംഭത്തിനാണു ലഭിച്ചത്.

2020ല്‍ പാലം അഴിമതി ഉയര്‍ത്തിക്കാട്ടി എല്‍.ഡി.എഫ് വിജയിച്ച ശേഷം അതേ പാലം കയറി 2022ല്‍ വന്ന ഉപതെരെഞ്ഞെടുപ്പില്‍ അതേ അഴിമതി ഉയര്‍ത്തിക്കാട്ടാന്‍ എല്‍.ഡി.എഫ് തയ്യാറായിരുന്നില്ല. 2022 മെയ് 31നായിരുന്നു തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ്

ആര്‍.ഡി.എസ് പ്രോജക്ട്‌സിനെ വിലക്കുപട്ടികയില്‍പ്പെടുത്താന്‍ നടപടി ആരംഭിച്ചുവെന്ന് സര്‍ക്കാര്‍ 2019 നവംബറില്‍ ഹൈക്കോടതിയെ അറിയിച്ചെങ്കിലും തുടര്‍നടപടി ഇഴഞ്ഞുനീങ്ങുന്നു.

2020ല്‍ പാലം അഴിമതി ഉയര്‍ത്തിക്കാട്ടി എല്‍.ഡി.എഫ് വിജയിച്ച ശേഷം അതേ പാലം കയറി 2022ല്‍ വന്ന ഉപതെരെഞ്ഞെടുപ്പില്‍ അതേ അഴിമതി ഉയര്‍ത്തിക്കാട്ടാന്‍ എല്‍.ഡി.എഫ് തയ്യാറായിരുന്നില്ല. 2022 മെയ് 31നായിരുന്നു തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ്. കാരണം അതേ മാസം മെയ് 16 മലപ്പുറം കൂളിമാട് നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണിരുന്നു.

മോര്‍ബിയിലും സ്ഥിതി വ്യത്യസ്തമല്ല. അപകടത്തിന് ശേഷം ഒറേവ കമ്പനി എം.ഡി ജയ്കുഷ് പട്ടേലിനെപ്പറ്റി പിന്നീട് വിവരങ്ങളില്ല. സംഭവത്തിന് ശേഷം അദ്ദേഹത്തെ കണ്ടെത്തുകയോ പട്ടേലിന്റെ കമ്പനി അദ്ദേഹത്തിന്റെ തിരോധാനത്തെപ്പറ്റി വിശദീകരണം നല്‍കുകയോ ചെയ്തിട്ടില്ല. അഹമ്മദാബാദിലും മോര്‍ബിയിലുമുള്ള അദ്ദേഹത്തിന്റെ ഓഫീസുകളും അടഞ്ഞു കിടക്കുകയാണ്.

മോർബി അപകടത്തിൽ പെട്ടവരെ നരേന്ദ്ര മോദി  സന്ദർശിക്കുന്നു
മോർബി അപകടത്തിൽ പെട്ടവരെ നരേന്ദ്ര മോദി സന്ദർശിക്കുന്നു

മോര്‍ബി 'ബി' ഡിവിഷന്‍ പൊലീസിട്ട പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പാലം അറ്റകുറ്റപ്പണി ഏറ്റെടുത്ത ഒറേവയുടെയും മറ്റ് പ്രമോട്ടറുമാരുടെയും പേരില്ല. പകരം മോര്‍ബി തുക്കുപാലത്തിന്റെ അറ്റകുറ്റപണിക്കും മറ്റ് നിര്‍വ്വഹണങ്ങള്‍ക്കും ഉത്തരവാദികളായ ഏജന്‍സികളെയാണ് പ്രധാന കുറ്റാരോപിതരെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

ദുരന്തത്തില്‍ ഒറേവ കമ്പനി, പദ്ധതിയില്‍ ഉള്‍പ്പെട്ട കോണ്‍ട്രാക്ടറുമാര്‍, പാലവുമായി ബന്ധപ്പെട്ട മുന്‍സിപ്പല്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്ക് അന്വേഷിക്കാന്‍ നടത്താന്‍ സര്‍ക്കാര്‍ പ്രത്യേക കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തില്‍ ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ എടുത്ത കേസും മുന്നോട്ട് പോകുകയാണ്.

ഇനി അടുത്ത തെരെഞ്ഞെടുപ്പു കാലം വരണം മോര്‍ബി ദുരന്തത്തിന്റെ നടപടികള്‍ എവിടെയെത്തിയെന്ന അന്വേഷണമുണ്ടാവാന്‍.

Related Stories

No stories found.
logo
The Cue
www.thecue.in