
മല്ലികാര്‍ജുന്‍ ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെടും എന്ന കാര്യം ഉറപ്പാണ്. എങ്കിലും തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തിയതിലൂടെ ശശി തരൂര്‍ പാര്‍ട്ടിക്ക് മികച്ച സേവനമാണ് നല്‍കിയിരിക്കുന്നത്. ജനാധിപത്യം നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന സന്ദേശം പകരാന്‍ ശശി തരൂരിന് കഴിഞ്ഞിരിക്കുന്നു. നിസ്സാം സെയ്ദ് എഴുതുന്നു
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയും പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന ജനാധിപത്യ രീതിയിലുള്ള മത്സരവും കോണ്‍ഗ്രസിനെ ജനശ്രദ്ധയിലേക്കും ദേശീയ മാധ്യമങ്ങളിലെ സജീവ ചര്‍ച്ചാ വിഷയമായും തിരികെയെത്തിച്ചിരിക്കുകയാണ്. സമീപ കാലങ്ങളിലെല്ലാം കോണ്‍ഗ്രസ് മാധ്യമങ്ങളിലെത്തിയിരുന്നത് അതിന്റെ ആസന്ന മരണ പ്രഖ്യാപനങ്ങളായും രാഹുല്‍ ഗാന്ധിയെ പരിഹാസ്യനായി ചിത്രീകരിക്കപ്പെടുന്നതിനും വേണ്ടി മാത്രമായിരുന്നു.
2014 ലെ തെരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസ് വിജയിക്കുന്ന സീറ്റുകളുടെ എണ്ണത്തിലും, നേടുന്ന വോട്ടുകളുടെ ശതമാനത്തിലും, തുടര്‍ച്ചയായ പതനങ്ങളിലൂടെയാണ് കടന്നുപോയത്. 2014 ല്‍ 44 സീറ്റും 2019 ല്‍ 52 സീറ്റും മാത്രമാണ് കോണ്‍ഗ്രസിന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിഞ്ഞത്. നിരവധി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടു. ഇന്ന് രാജസ്ഥാനിലും ഛത്തിസ്‌ഗഢിലും മാത്രമാണ് കോണ്‍ഗ്രസ് തനിച്ച് അധികാരത്തിലുള്ളത്. ബീഹാറിലും ജാര്‍ഖണ്ഡിലും മൈനര്‍ സഖ്യകക്ഷിയായി ഭരണത്തില്‍ പങ്കാളികളാണ്. ധാരാളം നേതാക്കള്‍ മെച്ചപ്പെട്ട മേച്ചില്‍പുറങ്ങള്‍ തേടി മറ്റു പാര്‍ട്ടികളില്‍, പ്രത്യേകിച്ച് ബി.ജെ.പി യില്‍ ചേക്കേറിയപ്പോള്‍ പാര്‍ട്ടിയുടെ അടിത്തറക്ക് ശോഷണം സംഭവിച്ചിരിക്കുന്നു. അങ്ങനെ സ്വന്തം നിലനില്‍പ്പും പ്രസക്തിയും തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു ഘട്ടത്തിലൂടെയാണ് കോണ്‍ഗ്രസ് കടന്നുപോകുന്നത്.
ഈ തകര്‍ച്ചക്ക് ഒട്ടേറെ കാരണങ്ങളുണ്ട്. അത് ഒരു ദിവസം കൊണ്ടോ ഒരു തെരഞ്ഞടുപ്പ് കൊണ്ടോ സംഭവിച്ചതല്ല. എണ്‍പത്തിയൊന്‍പത് മുതല്‍ പാര്‍ട്ടിയുടെ പതനം ആരംഭിച്ചിരുന്നു. അതിനു ശേഷം മൂന്നു വട്ടമായി പതിനഞ്ച് വര്‍ഷം ഭരണം കയ്യാളിയെങ്കിലും 'സ്വാഭാവിക ഭരണ പാര്‍ട്ടി' എന്ന സ്ഥാനം കോണ്‍ഗ്രസിന് നഷ്ടമായിരുന്നു.
ഈ തിരിച്ചറിവോടെ പ്രവര്‍ത്തിക്കാനോ വേണ്ട നടപടികളെടുക്കുന്നതിനോ നേതൃത്വത്തിന് കഴിഞ്ഞില്ല. പിന്തുണയുടെ സാമൂഹിക ഘടനയിലും വലിയ മാറ്റങ്ങളുണ്ടായി. മുന്നോക്ക വിഭാഗങ്ങള്‍ ബി.ജെ.പി യിലേക്ക് മാറിയപ്പോള്‍ പിന്നോക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ബി.ജെ.പി വിരുദ്ധ പ്രാദേശിക പാര്‍ട്ടികളിലേക്കും ദളിത് വിഭാഗങ്ങള്‍ ബി.എസ്.പി യിലേക്കും ചേക്കേറി. അങ്ങനെ 'ബ്രാഹ്മിന്‍, ന്യൂനപക്ഷ, ദളിത് ഐക്യം' എന്ന കോണ്‍ഗ്രസിന്റെ വിജയ സമവാക്യം തകര്‍ന്നു.
തുടര്‍ച്ചയായ വര്‍ഗീയ ലഹളകളുടെ സംഘാടനത്തിലൂടെ ആര്‍.എസ്.എസും ബി.ജെ.പിയും വര്‍ഗീയ ധ്രുവീകരണം സാധ്യമാക്കിയപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ നോക്കിനില്‍ക്കാനേ കോണ്‍ഗ്രസിന് കഴിഞ്ഞുള്ളൂ.
രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്തെ വിവിധ അഴിമതി ആരോപണങ്ങള്‍ - കല്‍ക്കരി, 2ജി, ആദര്‍ശ് കുംഭകോണം, കോണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങി നിരവധി- ജനങ്ങളുടെ മുമ്പില്‍ പാര്‍ട്ടിയുടെ മതിപ്പ് തകര്‍ത്തു. എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമെന്ന നിലയില്‍, വന്‍കിട കോര്‍പ്പറേറ്റുകളുടെയും മാധ്യമ സാമ്രാജ്യങ്ങളുടെയും ആര്‍.എസ്.എസിന്റെ സംഘടനാ ശക്തിയുടെയും പിന്‍ബലത്തോടെ നരേന്ദ്ര മോഡി അവതരിപ്പിക്കപ്പെട്ടപ്പോള്‍, അതിലെ പൊള്ളത്തരം തുറന്നു കാട്ടുന്നതിനോ, ബദലായി ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയും വിശ്വാസ്യതയും ഉയര്‍ത്തിക്കാട്ടുന്നതിനോ ഉള്ള ഗൃഹപാഠം ചെയ്യുന്നതിന് കോണ്‍ഗ്രസിന് കഴിഞ്ഞില്ല.
എല്ലാം തകര്‍ന്നു എന്ന് കരുതുന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസ് തങ്ങള്‍ക്ക് കഴിയാവുന്ന എറ്റവും വലിയ രണ്ട് നടപടികളുമായി പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിനുള്ള പ്രയത്‌നം ആരംഭിക്കുന്നത്.
തുടര്‍ച്ചയായ വര്‍ഗീയ ലഹളകളുടെ സംഘാടനത്തിലൂടെ ആര്‍.എസ്.എസും ബി.ജെ.പിയും വര്‍ഗീയ ധ്രുവീകരണം സാധ്യമാക്കിയപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ നോക്കിനില്‍ക്കാനേ കോണ്‍ഗ്രസിന് കഴിഞ്ഞുള്ളൂ. ഇങ്ങനെ നിരവധി ഘടകങ്ങള്‍ കോണ്‍ഗ്രസിന്റെ പതനത്തിന് ആക്കം കൂട്ടി.
കഴിഞ്ഞ എട്ടുവര്‍ഷങ്ങള്‍ക്കിടയില്‍ ഈ പതനത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചത് അസാമാന്യമായ അതിജീവനത്വരക്ക് പേരുകേട്ടിരുന്ന പാര്‍ട്ടി, ആത്മഹത്യാ പ്രവണത കാട്ടുന്നു എന്ന പ്രതീതിസൃഷ്ടിക്കപ്പെട്ടതാണ്. സ്ഥിരമായ നേതൃത്വമില്ല, അണികള്‍ വിട്ടുപോകുന്നതിനെ തടയാന്‍ എന്തെങ്കിലും ചെയ്യുന്നു എന്ന തോന്നലുളവാക്കുന്നില്ല, സംസ്ഥാനങ്ങളില്‍ ആഭ്യന്തര പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അവ പരിഹരിക്കാനോ ലഘൂകരിക്കാനോ മുമ്പ് ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്ന 'മിഡില്‍ ലെവല്‍ ക്രൈസിസ് മാനേജ്‌മെന്റ്' സംവിധാനത്തിന്റെ പൂര്‍ണ്ണമായ അഭാവം, സര്‍ക്കാരിനെതിരേയുള്ള പോരാട്ടങ്ങള്‍ക്ക് സ്ഥിരതയോ തുടര്‍ച്ചയോ ഇല്ലാതാവുക, നിയമ നിര്‍മാണ വേദികളില്‍ സജീവമായ ഇടപെടലുകള്‍ നടത്തി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ കഴിയാതിരിക്കുക, ഒറ്റക്ക് സര്‍ക്കാരിനെയും ഭരണകക്ഷിയേയും എതിര്‍ക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞ് മറ്റു കക്ഷികളുമായി സഭയ്‌ക്കകത്തും പുറത്തും പ്രവര്‍ത്തന ഐക്യം രൂപീകരിക്കാന്‍ കഴിയാതിരിക്കുക തുടങ്ങി ഒട്ടേറെ ദൗര്‍ബല്യങ്ങള്‍ ഈ കാലയളവില്‍ പ്രകടമായി. ഇവയോടൊപ്പം തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ കൂടിയായപ്പോള്‍ ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്ന ധാരണ പാര്‍ട്ടിക്കുള്ളിലും പുറത്തും വ്യാപകമായി.
ജനാധിപത്യം നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന സന്ദേശം പകരാന്‍ ശശി തരൂരിന് കഴിഞ്ഞിരിക്കുന്നു.
എല്ലാം തകര്‍ന്നു എന്ന് കരുതുന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസ് തങ്ങള്‍ക്ക് കഴിയാവുന്ന എറ്റവും വലിയ രണ്ട് നടപടികളുമായി പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിനുള്ള പ്രയത്‌നം ആരംഭിക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നത്തെ സാഹചര്യത്തില്‍ ഒരു പാര്‍ട്ടിക്കോ വ്യക്തിക്കോ നടത്താവുന്ന ഏറ്റവും വെല്ലുവിളി നിറഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. 150 ദിവസങ്ങള്‍ കൊണ്ട് കന്യാകുമാരി മുതല്‍ കാഷ്‌മീര്‍ വരെ 3570 കിലോമീറ്ററുകള്‍ നടക്കുക എന്നത് സമാനതകളില്ലാത്ത യജ്ഞമാണ്. ഇതിനോടകം തന്നെ യാത്ര വന്‍ വിജയമാണെന്ന് വിലയിരുത്തപ്പെടുന്നു. വലിയ ജനപങ്കാളിത്തമാണ് യാത്രക്ക് ഉണ്ടാവുന്നത്. പാര്‍ട്ടി സംവിധാനത്തെ ചലനാത്മകമാക്കാന്‍ കഴിഞ്ഞു എന്നതിനപ്പുറത്ത് യഥാര്‍ത്ഥ രാഹുല്‍ ഗാന്ധിയെ ജനങ്ങളുടെ നടുവിലേക്ക് എത്തിക്കുവാന്‍ യാത്രക്ക് കഴിഞ്ഞിരിക്കുന്നു. ബി.ജെ.പി യും അവരുടെ സന്നാഹങ്ങളും സൃഷ്ടിച്ച കാരിക്കേച്ചറല്ല രാഹുല്‍ ഗാന്ധിയെന്ന് തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ടാകുന്നു. തങ്ങള്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്നയാളാണ് രാഹുല്‍ ഗാന്ധിയെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. വളരെ ക്രിയാത്മകമായ സൂചനകളാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാഹുല്‍ ഗാന്ധിക്കും ഭാരത് ജോഡോ യാത്ര നല്‍കുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
യാത്ര ഒരു സാമൂഹിക മുന്നേറ്റം എന്ന നിലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയേക്കാം. പക്ഷേ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ തെരഞ്ഞെടുപ്പുകള്‍ വിജയിക്കുക എന്നത് പരമ പ്രധാനമാണ്.
ഒക്ടോബര്‍ 17 ാം തീയതി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെടും എന്ന കാര്യം ഉറപ്പാണ്. എങ്കിലും തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്തിയതിലൂടെ ശശി തരൂര്‍ പാര്‍ട്ടിക്ക് മികച്ച സേവനമാണ് നല്‍കിയിരിക്കുന്നത്. ജനാധിപത്യം നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന സന്ദേശം പകരാന്‍ ശശി തരൂരിന് കഴിഞ്ഞിരിക്കുന്നു. എല്ലാ സമ്മര്‍ദ്ദങ്ങളേയും അതിജീവിച്ച് പ്രസിഡന്റ് സ്ഥാനത്തേക്കില്ല എന്ന തീരുമാനത്തിലുറച്ചു നിന്ന രാഹുല്‍ ഗാന്ധി രണ്ട് നേട്ടമാണുണ്ടാക്കിയിരിക്കുന്നത്. വാക്കും പ്രവര്‍ത്തിയും തമ്മില്‍ ശക്തമായ ബന്ധമുള്ള നേതാവാണ് താനെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു. രണ്ടാമതായി കുടുംബാധിപത്യം നിലനില്‍ക്കുന്ന പാര്‍ട്ടി എന്ന പ്രചരണത്തെ ഒരു പരിധി വരെയെങ്കിലും നേരിടാന്‍ കോണ്‍ഗ്രസിനെ പ്രാപ്‌തമാക്കിയിരിക്കുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനും ഭാരത് ജോഡോ യാത്രക്കും ശേഷം എന്ത് എന്ന ചോദ്യമാണ് കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനെ സംബന്ധിച്ചിടത്തോളം മര്‍മപ്രധാനം. യാത്ര ഒരു സാമൂഹിക മുന്നേറ്റം എന്ന നിലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയേക്കാം. പക്ഷേ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ തെരഞ്ഞെടുപ്പുകള്‍ വിജയിക്കുക എന്നത് പരമ പ്രധാനമാണ്. അതുപോലെ തന്നെ ഖാര്‍ഗെ പ്രസിഡന്റായാലും രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ മുഖ്യ മുഖമായി തുടരുമെന്ന കാര്യം ഉറപ്പാണ്. ഖാര്‍ഗെ വെറുമൊരു റബ്ബര്‍ സ്റ്റാംപ് അല്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാന്‍ അത്യാവശ്യമാണ്.
ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് മന്‍മോഹന്‍ സിങ്ങിന് ഭരണ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടത്താന്‍ സോണിയ ഗാന്ധി നല്‍കിയ മികച്ച പിന്തുണ മാതൃകയാക്കാം. രാഹുലിന്റെയും ഖാര്‍ഗെയുടെയും റോളുകള്‍ കൃത്യമായി നിര്‍വചിക്കാന്‍ പാര്‍ട്ടിക്ക് കഴിയണം.
അദ്ദേഹത്തിന് പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടാവണം. അദ്ദേഹം സോണിയാ ഗാന്ധിയുടെയോ രാഹുലിന്റെയോ ഇഷ്ടങ്ങള്‍ക്കപ്പുറത്ത് എന്തെങ്കിലും തീരുമാനം എടുക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എങ്കിലും പാര്‍ട്ടി പ്രസിഡന്റ് എന്ന ആദരവ് അദ്ദേഹത്തിന് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് മന്‍മോഹന്‍ സിങ്ങിന് ഭരണ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടത്താന്‍ സോണിയ ഗാന്ധി നല്‍കിയ മികച്ച പിന്തുണ മാതൃകയാക്കാം. രാഹുലിന്റെയും ഖാര്‍ഗെയുടെയും റോളുകള്‍ കൃത്യമായി നിര്‍വചിക്കാന്‍ പാര്‍ട്ടിക്ക് കഴിയണം. സംഘടനാ രംഗത്ത് പ്രസിഡന്റ് എന്ന നിലയില്‍ രാഹുലിന്റെ പ്രകടനം ഒട്ടേറെ പോരായ്‌മകള്‍ നിറഞ്ഞതായിരുന്നു. പാര്‍ട്ടി നേതാക്കള്‍ക്ക് അദ്ദേഹം പ്രാപ്യനല്ല എന്ന ധാരണ വ്യാപകമായിരുന്നു. താന്‍ മനസില്‍ കണ്ട മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ശക്തി കോണ്‍ഗ്രസ് സംഘടനക്ക് ഇല്ല എന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പക്ഷേ രാഹുല്‍ നിരന്തരമായി, സ്ഥിരമായി ചെയ്‌തുകൊണ്ടിരിക്കുന്നത് നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ വിട്ടുവീഴ്‌ചയില്ലാതെ പോരാടുക എന്നതാണ്. ആ പോരാട്ടത്തിന്റെ മുഖമായി രാഹുല്‍ നിലനില്‍ക്കണം. സംഘടനാപരമായ ചുമതലകള്‍ പ്രസിഡന്റിന് വിട്ടുനല്‍കണം.
തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വിജയസാധ്യത കൂടുതലുള്ള സ്ഥാനാര്‍ത്ഥി എന്ന നിലക്ക് ഖാര്‍ഗെ ചെയ്യേണ്ടത്, തെരഞ്ഞെടുപ്പ് പ്രക്രിയ മാന്യവും അന്തസ്സുറ്റതുമാണെന്ന് ഉറപ്പ് വരുത്തുക എന്നുള്ളതാണ്.
എന്താണ് നെഹ്രു കുടുംബത്തിന് പുറത്തുള്ള കോണ്‍ഗ്രസ് പ്രസിഡന്റില്‍ നിന്ന് പ്രവര്‍ത്തകരും ജനങ്ങളും പ്രതീക്ഷിക്കുന്നത്? പാര്‍ട്ടിയെ ഒന്നിപ്പിച്ച് നിര്‍ത്തുക എന്നതായിരിക്കണം പ്രധാന ചുമതല. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വിജയസാധ്യത കൂടുതലുള്ള സ്ഥാനാര്‍ത്ഥി എന്ന നിലക്ക് ഖാര്‍ഗെ ചെയ്യേണ്ടത്, തെരഞ്ഞെടുപ്പ് പ്രക്രിയ മാന്യവും അന്തസ്സുറ്റതുമാണെന്ന് ഉറപ്പ് വരുത്തുക എന്നുള്ളതാണ്. അന്യോന്യം വിദ്വേഷം ജനിപ്പിക്കുന്ന ഒന്നും ഈ ഘട്ടത്തില്‍ ഉണ്ടാവരുത്. തെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് ഒരു ശക്തിയാണെന്ന് തിരിച്ചറിയണം. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ശശി തരൂരിന് ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയിലാവണം തെരഞ്ഞെടുപ്പിന്റെ നടത്തിപ്പ്. അദ്ദേഹത്തിനെ ഈ പാര്‍ട്ടിക്ക് ആവശ്യമുണ്ട്. മധ്യവര്‍ഗത്തിന്റെ വലിയ സമ്മതി ഉള്ള ആളാണ് തരൂര്‍. അദ്ദേഹം പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് പോവുന്നു എന്നും, അദ്ദേഹത്തിന് കോണ്‍ഗ്രസില്‍ തുടരാന്‍ കഴിയില്ല എന്നുമുള്ള പ്രതീതി സൃഷ്ടിക്കുന്നത് എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള പാര്‍ട്ടി എന്ന നിലയിലേക്ക് വളരാന്‍ തടസമാകും. അതുപോലെ തന്നെ പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കുവാന്‍ ആത്മാര്‍ത്ഥമായ ശ്രമം കോണ്‍ഗ്രസ് പ്രസിഡന്റ് നടത്തണം. ബി.ജെ.പി യുടെ പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങി പാര്‍ട്ടി വിട്ടുപോകുന്നവരെ തടഞ്ഞു നിര്‍ത്താനാവില്ല. പക്ഷേ കപില്‍ സിബലിനെ പോലെ, കോണ്‍ഗ്രസിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുകൊണ്ട് മാത്രം ആളുകള്‍ പാര്‍ട്ടി വിട്ടുപോവുന്ന സാഹചര്യം ആവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ശക്തമായിരുന്നപ്പോഴൊക്കെ പാര്‍ട്ടിക്ക് ശക്തരായ സംസ്ഥാന നേതാക്കളുണ്ടായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് അവരെ ദുര്‍ബലപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമങ്ങളുണ്ടായിരുന്നെങ്കിലും അത്തരം നേതാക്കളെ പൂര്‍ണമായി വിശ്വസിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന സമീപനമായിരുന്നു സോണിയ ഗാന്ധിയുടേത്. ആന്ധ്രയില്‍ വൈ.എസ്. രാജശേഖര റെഡ്ഡി, ഡല്‍ഹിയില്‍ ഷീലാ ദീക്ഷിത്, രാജസ്ഥാനില്‍ ഗെഹലോട്ട്, മധ്യപ്രദേശില്‍ ദിഗ്വിജയ് സിംങ്, കര്‍ണാടകയില്‍ എസ്.എം. കൃഷ്‌ണ, കേരളത്തില്‍ എ.കെ. ആന്റണി എന്നിവര്‍ക്കെല്ലാം സോണിയ നിര്‍ലോഭമായ പിന്തുണ നല്‍കി. അവരെ അവിശ്വസിക്കുന്നതോ അസ്ഥിരപ്പെടുത്തുന്നതോ ആയ ഒരു നീക്കവും സോണിയയുടെ കാലത്തുണ്ടായിട്ടില്ല. അത്തരം ശക്തരായ പ്രാദേശിക നേതാക്കളുടെ അഭാവമാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം. വാസ്‌തവത്തില്‍ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വിയോഗത്തോടു കൂടിയാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ തകര്‍ച്ച ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷമുള്ള സാഹചര്യങ്ങളെ കൈകാര്യം ചെയ്‌തതിലുണ്ടായ ഭീമമായ പാളിച്ചകള്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തമായ സംസ്ഥാനമായിരുന്ന ആന്ധ്രാപ്രദേശില്‍ പാര്‍ട്ടിയെ ഇല്ലാതാക്കി. പാര്‍ട്ടി വിട്ടുപോകുന്നവര്‍ക്കും തിരിച്ചുവരാന്‍ ഒരു വാതില്‍ തുറന്നു വെക്കുന്നതായിരുന്നു എന്നും കോണ്‍ഗ്രസ് രീതി.
സംസ്ഥാന നേതൃത്വങ്ങളെ വിശ്വാസത്തിലെടുത്തും അവര്‍ക്ക് ശക്തി പകര്‍ന്നും മാത്രമേ കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവ് സാധ്യമാവൂ.
പക്ഷേ ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ കേസുകളെടുത്തും ജയിലിലടച്ചും അദ്ദേഹത്തെ കോണ്‍ഗ്രസിന്റെ നിതാന്ത ശത്രുവാക്കി. ഒരു വൻകിട കോർപറേറ്റിന്റെ താല്പര്യമായിരുന്നു ഇതിനു പിന്നിൽ എന്ന് പറയപ്പെടുന്നു. അത്തരം കോർപറേറ്റുകളൊക്കെ ഇപ്പോൾ എവിടെയാണെന്ന് കോൺഗ്രസ് ആലോചിക്കണം. പഞ്ചാബില്‍ അമരീന്ദര്‍ സിംഗിനെ കൈകാര്യം ചെയ്‌ത രീതിയിലും രാഷ്ട്രീയ പ്രൊഫഷണലിസത്തിന്റെ അഭാവം പ്രകടമായിരുന്നു. ഏറ്റവും അടുത്ത കാലത്ത് ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതിലുണ്ടായ ആശയക്കുഴപ്പം, നേതൃത്വം എടുക്കുന്ന ഓരോ നടപടിയും സൃഷ്ടിക്കാവുന്ന തുടര്‍ചലനങ്ങളെ മുന്‍കൂട്ടി കാണാനുള്ള കഴിവില്ലായ്‌മയാണ് വ്യക്തമാക്കിയത്. സംസ്ഥാന നേതൃത്വങ്ങളെ വിശ്വാസത്തിലെടുത്തും അവര്‍ക്ക് ശക്തി പകര്‍ന്നും മാത്രമേ കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവ് സാധ്യമാവൂ.
മമതാ ബാനര്‍ജിയുടെ ശത്രുവായ അധീര്‍ രജ്ഞന്‍ ചൗധരിയെ ലോക്‌സഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി തെരഞ്ഞെടുത്തത് കോണ്‍ഗ്രസില്‍ നിന്ന് അവരെ അകറ്റാന്‍ കാരണമായിട്ടുണ്ട്. അത്തരം നടപടികളില്‍ തിരുത്തല്‍ വേണം.
2024 നെ ലക്ഷ്യമാക്കി സഖ്യങ്ങള്‍ രൂപീകരിക്കുകയാണ് ചുമതലയേല്‍ക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്റിനെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. ഓരോ സംസ്ഥാനത്തേയും സവിശേഷതകള്‍ മനസിലാക്കി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം. ആകാശത്തോളം വലിയ ഈഗോയുള്ള പല പ്രാദേശിക നേതാക്കന്‍മാര്‍ക്കും നെഹ്രു കുടുംബത്തിലെ അംഗവുമായി ചര്‍ച്ചകള്‍ നടത്താന്‍ തടസങ്ങളുണ്ടായിരുന്നു. ഒരു ഗ്രാസ് റൂട്ട് രാഷ്ട്രീയക്കാരന്റെ മെയ് വഴക്കത്തോടും വിനയത്തോടും ചര്‍ച്ചകള്‍ നടത്താന്‍ പുതിയ കോണ്‍ഗ്രസ് പ്രസിഡന്റിന് കഴിയണം. മമതാ ബാനര്‍ജി, സ്റ്റാലിന്‍, കെ. ചന്ദ്രശേഖര്‍ റാവു, അഖിലേഷ് യാദവ്, നിതീഷ് കുമാര്‍, തേജസ്വി , നവീന്‍ പട്‌നായിക്ക്, ജഗന്‍ മോഹന്‍, സീതാറാം യെച്ചൂരി എന്നിവരില്‍ ചിലരെയെങ്കിലും ഒരു പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവന്ന് പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ കഴിയണം. ശരത് പവാറിനെ പോലെയുള്ള പരിണിതപ്രജ്ഞരുടെ സഹായം തേടണം. സഖ്യ രൂപീകരണത്തിന് വേണ്ടി തെറ്റുതിരുത്തലുകളും വിട്ടുവീഴ്‌ചകളും ഏറ്റുപറച്ചിലുകളും നടത്തണം.
മമതാ ബാനര്‍ജിയുടെ ശത്രുവായ അധീര്‍ രജ്ഞന്‍ ചൗധരിയെ ലോക്‌സഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി തെരഞ്ഞെടുത്തത് കോണ്‍ഗ്രസില്‍ നിന്ന് അവരെ അകറ്റാന്‍ കാരണമായിട്ടുണ്ട്. അത്തരം നടപടികളില്‍ തിരുത്തല്‍ വേണം. ജഗന്‍ മോഹനോട് ചെയ്‌ത തെറ്റുകള്‍ പരസ്യമായി ഏറ്റുപറയണം. കോണ്‍ഗ്രസ് ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികളുടെ മേധാവിത്വം അംഗീകരിക്കണം.
ഇത്തരം പ്രവര്‍ത്തനങ്ങളൊക്കെ നടത്താന്‍ ഖാര്‍ഗേക്ക് കഴിയുമോ, അതിന് അദ്ദേഹത്തെ അനുവദിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും കോണ്‍ഗ്രസിന്റെ ഭാവി. ലോക്‌സഭയിലെയും രാജ്യസഭയിലെയും പാര്‍ട്ടി ലീഡര്‍ എന്ന നിലയുലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷ പകരുന്നതല്ല. പക്ഷേ കോണ്‍ഗ്രസിന് മുന്നില്‍ എളുപ്പവഴികളില്ല. തുടര്‍ച്ചയായ രണ്ട് തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം തകര്‍ന്നടിഞ്ഞ സംഘടനയുടെയും ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രവര്‍ത്തകരുടെയും മനോവീര്യം വീണ്ടെടുത്ത കേരളത്തിലെ പുതിയ നേതൃത്വത്തിന്റ പ്രവര്‍ത്തനം കേന്ദ്ര നേതൃത്വത്തിനും മാതൃകയാക്കാവുന്നതാണ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് 'ന്യായ്' എന്ന മികച്ച പദ്ധതിയെ എന്തുകൊണ്ട് ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല എന്ന് പരിശോധിക്കണം. പരാജയങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണം.
അവസാനമായി ഏറ്റവും പ്രധാനമായി കോണ്‍ഗ്രസ് തങ്ങള്‍ നേരിടുന്ന എതിരാളികളുടെ ശക്തിയും സ്വഭാവവും മനസിലാക്കേണ്ടതുണ്ട്. അധികാരവും പണവും വലിയ കോര്‍പ്പറേറ്റുകളുടെ പിന്തുണയും, ആര്‍.എസ്.എസിന്റെ സംഘടനാ സംവിധാനവും, മാധ്യമ സ്ഥാപനങ്ങളുടെയും അന്വേഷണ ഏജന്‍സികളുടെയും നീതി ന്യായ വ്യവസ്ഥയുടെയും നിയന്ത്രണവുമുള്ള, നീതി ബോധം തരിമ്പുമില്ലാത്ത ഭീകരരൂപിയായ, രാക്ഷസ സ്വഭാവമുള്ള ഒരു തെരഞ്ഞെടുപ്പ് യന്ത്രത്തെയാണ് കോണ്‍ഗ്രസിന് നേരിടേണ്ടത്. ജനാധിപത്യം എന്നാല്‍ തെരഞ്ഞെടുപ്പുകള്‍ ജയിക്കുന്നതിലേക്കും അധികാരം കയ്യാളുന്നതിലേക്കും അവര്‍ ചുരുക്കിയിരിക്കുന്നു. അധാര്‍മിക പ്രവൃത്തികളെ ചാണക്യ തന്ത്രത്തിന്റെ പരിവേഷം അണിയിക്കുന്നു. ഇത്തരമൊരു തെരഞ്ഞെടുപ്പ് യന്ത്രത്തെ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ആര്‍ക്കും നേരിടേണ്ടി വന്നിട്ടില്ല. അതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ പതിവ് തന്ത്രങ്ങള്‍ക്ക് കഴിയില്ല. പുതിയ നയങ്ങള്‍ രൂപീകരിക്കണം. അവ ജനങ്ങളിലേക്ക് എത്തിക്കാന്‍ മെച്ചപ്പെട്ട ഒരു കമ്മ്യൂണിക്കേഷന്‍ സ്‌ട്രാറ്റജി ഉണ്ടാവണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് 'ന്യായ്' എന്ന മികച്ച പദ്ധതിയെ എന്തുകൊണ്ട് ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല എന്ന് പരിശോധിക്കണം. പരാജയങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണം.
ഇതിനൊക്കെ കോണ്‍ഗ്രസിനെ കൊണ്ട് സാധിക്കുമോ എന്നത് കോണ്‍ഗ്രസുകാര്‍ക്ക് മാത്രം താല്‍പര്യമുള്ള വിഷയമല്ല. ഇന്ത്യയിലെ ജനാധിപത്യം വീണ്ടെടുക്കണം എന്ന് ആഗ്രഹമുള്ള എല്ലാവരുടെയും താല്‍പര്യമാണ്. തകര്‍ന്നടിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ദേശീയ തലത്തില്‍ 20 ശതമാനം വോട്ടുള്ള കോണ്‍ഗ്രസിനെ ഒഴിവാക്കി ഒരു പ്രതിപക്ഷ സഖ്യം അസാധ്യമാണ്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നാല്‍ പ്രതിപക്ഷ രഹിത രാജ്യം എന്നാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്ക് ഇന്ത്യ എന്ന ആശയം നിലനില്‍ക്കുന്നിടത്തോളം പ്രസക്തിയുണ്ട്.