സദാചാരം സെക്യൂരിറ്റിയിൽ പൊതിഞ്ഞ നൈറ്റ് കർഫ്യൂകൾ; രാത്രികൾ എന്നാണ്  സ്ത്രീകൾക്ക് സ്വന്തമാവുക?

സദാചാരം സെക്യൂരിറ്റിയിൽ പൊതിഞ്ഞ നൈറ്റ് കർഫ്യൂകൾ; രാത്രികൾ എന്നാണ് സ്ത്രീകൾക്ക് സ്വന്തമാവുക?

Summary

രാത്രികൾ എന്നാണ് സ്ത്രീകൾക്ക് സ്വന്തമാവുക? ഒരുപക്ഷേ സ്ത്രീപക്ഷ ചിന്തകളുടെയത്രയും പഴക്കമുണ്ട് ഈ ചോദ്യത്തിന്. പുരുഷന്റേതാണ് ലോകം, രാത്രികളും. ഭയപ്പെടുത്തുന്ന കഥകളാണ് ചുറ്റും. തട്ടിക്കൊണ്ടു പോയതിന്റെ, ബലാത്സംഗം ചെയ്തതിന്റെ, കൊലപാതകങ്ങളുടെ. യഥാർത്ഥത്തിൽ ഭയം മാത്രമാണോ രാത്രികളെ സ്ത്രീകൾക്ക് അന്യമാക്കുന്നത്? ലോകം വളർന്നിട്ടും കഴിഞ്ഞ കാലത്തിന്റെ വേലിക്കെട്ടുകളെ ഉറപ്പിച്ചു നിർത്തുന്ന സദാചാര മൂല്യങ്ങളുണ്ടിവിടെ. മുതലാളിത്തം ഫ്യൂഡലിസത്തോട്, ഫ്യൂഡൽ മൂല്യങ്ങളോട് സന്ധി ചെയ്തതിന്റെ ഫലമാണ് സ്ത്രീകളനുഭവിക്കുന്നത്.

ന്യൂ ഡൽഹി ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിലെ Ph.D ഗവേഷകനാണ് ലേഖകൻ

ഹോസ്റ്റൽ സമയങ്ങളിലെ വിവേചനപരമായ നിയമങ്ങൾക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ സമരത്തിലാണ്. ഇത്തരം സമരങ്ങൾ ഇന്ത്യയിലെ മിക്ക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാണാം. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെയും ഡെൽഹി യൂണിവേഴ്സിറ്റിയിലെയും കാര്യവട്ടം കാമ്പസിലെയും കേരളവർമ്മയിലെയും പെൺകുട്ടികൾ ആൺകുട്ടികൾക്കില്ലാത്ത രാത്രി കർഫ്യൂ തകർക്കാനുള്ള സമരങ്ങളൊരുപാട് ചെയ്തിട്ടുണ്ട്. പക്ഷേ, അവർ പോരാടി നേടിയ അവകാശങ്ങൾ തിരിച്ചുവാങ്ങുവാൻ തക്ക വലിയ ശക്തികളുമുണ്ട്. എത്രയെത്ര കോടതിവിധികൾ വന്നു! പക്ഷേ അവയ്ക്കപ്പുറം സദാചാരം സെക്യൂരിറ്റിയിൽ പൊതിഞ്ഞ നൈറ്റ് കർഫ്യൂകൾ ഇന്നും ക്യാമ്പസുകളിൽ തുടരുന്നുണ്ട്.

പുരോഗമനം മുതലാളിത്തത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. മുതലാളിത്തത്തിന്റെ ഡിഫോൾട്ട് ഫീച്ചറൊന്നുമല്ല അത്. അല്ലാതെത്തന്നെ റിസർവ് ലേബർ ശക്തമാണ്. ‘സോഷ്യൽ റീപ്രൊഡക്ഷൻ’ അല്ലാതെ സ്ത്രീ തൊഴിലിനെ മുഖ്യധാരാ ഉല്പാദനത്തിന് ആവശ്യമായി വരുന്ന ഘട്ടത്തിലാണ് മുതലാളിത്തം ലിബറേഷറെക്കുറിച്ച് സംസാരിച്ചു തുടങ്ങുക. അങ്ങനെ വരുന്ന സാഹചര്യത്തിൽ മാത്രമാണ് സ്ത്രീസുരക്ഷയ്ക്കു വേണ്ടത് വ്യവസ്ഥ തന്നെ ഒരുക്കുക. അല്ലാത്ത പക്ഷം പെറ്റുപോറ്റാനും വച്ചുണ്ടാക്കാനുമുള്ള ഉപകരണങ്ങളായിത്തന്നെയാണ് ഇന്ത്യൻ മുതലാളിത്തവും സ്ത്രീകളെ കാണുന്നത്.

അജിത്ത് ഇ.എ

മുതലാളിത്തം ആധുനികത കൊണ്ടുവരും എന്ന് വിശ്വസിച്ചിരിക്കുന്നവരുടെ മുഖത്തേക്ക് വലിച്ചെറിയാനുള്ള ഉദാഹരണമാണ് ഇന്ത്യയുടേത്. സ്ത്രീകളുടേതല്ലാത്ത റിസർവ്വ് ലേബർ ശക്തമായി തുടരുന്നിടത്തോളം ഫ്യൂഡൽ മൂലങ്ങളുമായുള്ള അവിഹിത ബന്ധം മുതലാളിത്തം തുടർന്നുകൊണ്ടേയിരിക്കും. എന്നാണോ രാത്രികളിൽ സ്ത്രീകളുടെ ലേബർ മൂല്യധാരാ ഉല്പാദനത്തിന് ആവശ്യമായി വരുന്നത്, അന്നേ മുതലാളിത്തം രാത്രികളെ സ്ത്രീകൾക്കായി സ്വതന്ത്രമാക്കൂ

ഉദാഹരണത്തിന്: ഇന്ത്യയുടെ വ്യാവസായിക നഗരങ്ങൾ സ്ത്രീകൾക്കു വേണ്ടി രാത്രികളെ ഭാഗികമായെങ്കിലും തുറന്നു കൊടുത്തിട്ടുണ്ട്. മുംബെയിലെ സ്ത്രീകൾ രാത്രികളിൽ പുറത്തിറങ്ങി നടക്കുന്നതും കൊച്ചിയിൽ അതിനായുള്ള മാറ്റങ്ങൾ നടക്കുന്നതും മുതലാളിത്തത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്. പുരോഗമനമല്ലാതെ ആകാശത്തുനിന്ന് പൊട്ടിവീണതൊന്നുമല്ല.

രാത്രികൾ മനോഹരങ്ങളാണ്. ക്ലാസ്മുറികളിൽ കിടന്നുറങ്ങിയതും ഹോസ്റ്റൽ മുറ്റത്ത് ഉച്ചത്തിൽ പാടിയതും തെരുവീഥികളിലൂടെ നാവു കുഴയാതെ നഗരം നഗരം മഹാ സാഗരം പാടിയതും സെക്കന്റ് ഷോ കഴിഞ്ഞ് തട്ടുകടകളിൽ പൊറോട്ടയ്ക്ക് കാത്തുനിന്നതും, ഒരു കാര്യവുമില്ലാത്ത ആണികൾ പറിച്ചതുമെല്ലാം കലാലയ മാഗസിനുകളിലെ നൊസ്റ്റാൾജിയ സാഹിത്യങ്ങളുടെ അവിഭാജ്യ ഘടകമാണ്.

പക്ഷേ ആരുടെ നൊസ്റ്റാൾജിയ? ഇത്തരം നൊസ്റ്റാൾജിയ സാഹിത്യകാരിലൊന്നും പെൺകുട്ടികളെ കാണാൻ കഴിയില്ല. കാരണം ഹോസ്റ്റൽ മതിൽക്കെട്ടിനകത്തെ നൊസ്റ്റാൾജിയയേ പെൺകുട്ടികൾക്ക് വിധിച്ചിട്ടുള്ളൂ.

നിയമത്തിനു മുന്നിൽ സ്ത്രീകൾ തുല്യരായിരിക്കാം, പക്ഷേ സമൂഹത്തിന് മുന്നിലല്ല എന്നതാണ് യാഥാർത്ഥ്യം. സുരക്ഷയുടെ പേരും പറഞ്ഞ് സൂര്യൻ കടലിൽ ചാടുന്നതിനു മുന്നേ മിക്ക ലേഡീസ് ഹോസ്റ്റലുകളിലെയും വാതിലുകൾ അടഞ്ഞിരിക്കും. ലേഡീസ് ഹോസ്റ്റലുകളിൽ ഇലക്ടിക് സോക്കറ്റുകൾതന്നെ ഈ അടുത്ത കാലത്തായിരിക്കും വന്നത്. ഫോൺ വിളിച്ച് വഴിപിഴയ്ക്കരുത് എന്ന വാദത്തിന് ഇപ്പോൾ ചെറിയൊരു ശമനമുണ്ട്. അവിടെയാണ് നമ്മൾ രാത്രികൾ സ്വതന്ത്രമാക്കണമെന്ന് ആവശ്യപ്പെടുന്നത്.

അജിത്ത് ഇ.എ

സ്ത്രീ സുരക്ഷ എന്നത് ഹോസ്റ്റലിനകത്ത് മാത്രം സംഭവിക്കുന്ന കാര്യമായാണ് ഫ്യൂഡലിസ്റ്റുകൾ കരുതുന്നത്. ഇനി അതിനകത്തെത്തന്നെ കാര്യമെടുക്കാം. മതിയായ സ്ട്രീറ്റ് ലൈറ്റുകൾ വേണമെന്നതോ സെക്യൂരിറ്റി ജീവനക്കാർ വേണമെന്നതോ ആരുടെയും കൺസേണല്ല. മിക്ക ലേഡീസ് ഹോസ്റ്റലുകളിലും വനിതാ സെക്യൂരിറ്റി ജീവനക്കാരില്ല. മതിലുകൾ എത്രത്തോളം ശക്തമാണ് എന്നതൊന്നും ആർക്കും പ്രശ്നമില്ല.

സുരക്ഷയെന്നാൽ സെക്യൂരിറ്റി ക്യാമറകൾ മാത്രമാണെന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. അതാവുമ്പോൾ ആവശ്യത്തിന് സർവൈലൻസുമായി. മിക്ക പെൺകുട്ടികളും അവർക്ക് കംഫർട്ടബിളായി വസ്ത്രം ധരിക്കുന്നതും നടക്കുന്നതും ഇരിക്കുന്നതുമെല്ലാം ഹോസ്റ്റലിനകത്താണ്. ആ സ്വാതന്ത്ര്യത്തെപ്പോലും ഹനിക്കുന്നവയാണ് സെക്യൂരിറ്റി ക്യാമറകൾ. അകത്തും പുറത്തുമില്ല സ്വാതന്ത്ര്യം എന്ന് സാരം. അബേദ്കറിനെക്കുറിച്ചും ഭരണഘടനയെക്കുറിച്ചുമെല്ലാം പഠിപ്പിക്കും. പക്ഷേ അതൊക്കെ ഉത്തരപ്പേപ്പറിൽ ഛർദ്ദിച്ചാൽ മതി. ജീവിതത്തിൽ വേണമെന്ന് വാശിപിടിക്കരുത്.

യു.ജി.സി. റെഗുലേഷനുകളാണല്ലോ കോടതി പോലും ഇപ്പോൾ അന്തിമമാണെന്ന് പറയുന്നത്. അതേ യു.ജി.സി. തന്നെ പറയുന്നുണ്ട് സ്ത്രീ സുരക്ഷ എന്നാൽ 'സെക്യൂരിറ്റൈസേഷനോ പ്രൊട്ടക്ഷനിസ്റ്റ് സമീപനങ്ങളോ അല്ല' എന്ന്. സത്യം പറഞ്ഞാൽ അതൊക്കെ സ്ത്രീകളെ അടക്കിയിരുത്താനുള്ള മാർഗ്ഗങ്ങൾ മാത്രമാണ്. ഇങ്ങനെ അച്ചടക്കം പഠിപ്പിച്ച് പഠിപ്പിച്ചാണ് സ്ത്രീകളുടെ ഉള്ള കോൺഫിഡൻസു കൂടി നശിപ്പിക്കുന്നത്.

ലേഡീസ് ഹോസ്റ്റൽ കർഫ്യൂവിലേക്ക് തിരിച്ചു വരാം. യു.ജി.സി. റെഗുലേഷൻ - 2015 ഇങ്ങനെ പറയുന്നു.'Concern for the safety of women students must not be cited to impose discriminatory rules for women in the hostels as compared to male students. Campus safety policies should not result in securitization, such as over monitoring or policing or curtailing the freedom of movement, especially of women employees and students.'

സ്‌ത്രീസുരക്ഷയുടെ പേരിൽ ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഇല്ലാത്ത യാതൊരു നിയമങ്ങളും പെൺകുട്ടികളുടെ ഹോസ്റ്റലിലും പാടില്ല. വനിതാ വിദ്യാർത്ഥികളെയും ജീവനക്കാരെയും അമിതമായി നിരീക്ഷിച്ചും പോലീസിങ്ങ് നടത്തിയും അവരുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയും ആവരുത് ക്യാമ്പസ് സുരക്ഷ ഉറപ്പുവരുത്തേണ്ടത്. ഇതൊക്കെ പരിശോധിച്ചുകൊണ്ട് കോടതി വിധികളും വന്നിട്ടുണ്ട്. എന്നിട്ടും തത്തമ്മേ പൂച്ച, പൂച്ച പാടാനാണ് കോളേജ്/ഹോസ്റ്റൽ അധികാരികളുടെ ആഗ്രഹം.

രാത്രികൾ സ്ത്രീകൾക്കു കൂടി അവകാശപ്പെട്ടതാവണമെങ്കിൽ ഫ്യൂഡൽ മൂല്യങ്ങൾക്കെതിരെയുള്ള വലിയ സമരങ്ങൾ വളർന്നുവരേണ്ടതുണ്ട്. സുരക്ഷവൽക്കരിക്കലല്ല സ്ത്രീസുരക്ഷ എന്നത് അധികാരികൾ മനസ്സിലാക്കണം. എളുപ്പവഴിയേ സഞ്ചരിച്ചല്ല ലോകം മുന്നോട്ടുപോയിട്ടുള്ളത്, ബാരിക്കേഡുകളും കർഫ്യൂകളും ലംഘിച്ചു തന്നെയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in