ഇന്ത്യക്കാർക്ക് മുന്നിലെ പുതിയ അഗ്നിപരീക്ഷകൾ

ഇന്ത്യക്കാർക്ക് മുന്നിലെ 
പുതിയ അഗ്നിപരീക്ഷകൾ
Summary

ഹിന്ദുത്വ ഫാഷിസത്തിൻ്റെ പിടിയിൽ നിന്നും രാജ്യത്തെ എത്രയും വേഗം മോചിപ്പിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇന്ത്യയുടെ സ്വാതന്ത്ര്യം വെറുമൊരു മിത്തായി മാറുക തന്നെ ചെയ്യും. ഇന്ത്യൻ ജനാധിപത്യം അന്ത്യശ്വാസം വലിച്ചെന്നും വരാം. ഗുജറാത്തും അയോധ്യയും മണിപ്പൂരുമൊക്കെ സംഭവിച്ചുകൊണ്ടേയിരിക്കും. അതിലൊന്നും വേദനിക്കാത്ത, ഭയം തോന്നാത്ത ഭരണാധികാരികൾ അവർക്കു ലഭിച്ച അവസരങ്ങളിലും അധികാരത്തിലും അഭിരമിക്കും. ഇന്ത്യ നമ്മുടെ ഇന്ത്യയല്ലാതാവും. നിരൂപകൻ എൻ.ഇ സുധീർ എഴുതുന്നു

ഞാനൊക്കെ ജനിക്കുമ്പോഴേക്കും നെഹ്റു മരിച്ചിരുന്നു. ലാൽ ബഹദൂർ ശാസ്ത്രിയും മരിച്ച് ഇന്ദിരാഗാന്ധി അധികാരത്തിലെത്തിയ കാലം. അപ്പോഴും ഒരു നെഹ്റുവിയൻ മനസ്സ് ഇന്ത്യയിലെ ഭരണാധികാരികളിൽ നിലനിന്നിരുന്നു. നെഹ്റു കെട്ടിപ്പടുത്ത ഇന്ത്യയെന്ന ആശയം ജനങ്ങളെ ഒന്നിപ്പിച്ചു നിർത്തി. ബഹുസ്വര ഇന്ത്യയുടെ സൗന്ദര്യം ഇന്ത്യക്കാരനിൽ ഊർജ്ജമായി നിലകൊണ്ടു. എൻ്റെ മതം നിൻ്റെ മതത്തേക്കാൾ മെച്ചപ്പെട്ടത് എന്നൊരു ചിന്ത പൊതുവിലുണ്ടായിരുന്നില്ല. ഞാനും നീയും ഇന്ത്യക്കാരാണ് എന്ന സത്തയാണ് ഇന്ത്യയിലെ ഭൂരിപക്ഷം മനുഷ്യരേയും മുന്നോട്ടു നയിച്ചത്. വിവിധ മതങ്ങളിൽ ജനിച്ച മനുഷ്യർ നല്ല ഇന്ത്യക്കാരായി പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിച്ചു പോന്നു. അതിൻ്റെ സൗരഭ്യം ഞങ്ങളുടെയൊക്കെ ജീവിതത്തെ സുന്ദരമാക്കി, സന്തോഷപ്രദമാക്കി. അങ്ങനെയാണ് ഇന്ത്യയിൽ നല്ലൊരു പൗരസമൂഹമുണ്ടായത്.

ഭാഗ്യവശാൽ സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ ഗാന്ധിജി ഇന്ത്യയുടെ രക്ഷകനെ തിരിച്ചറിഞ്ഞിരുന്നു. അയാളുടെ കൈകളിൽ ഇന്ത്യയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. ആ രക്ഷകനാണ് ജവഹാർലാൽ നെഹ്റു

എന്നാൽ അത് ഇന്ത്യക്കാരനിൽ സ്വാഭാവികമായി ഉണ്ടായ ഒന്നായിരുന്നില്ല. പൈതൃകമെന്ന നിലയിൽ നിലനിന്നതുമല്ല. വിവേകത്തോടെയുള്ള ഇടപെടലുകളിലൂടെ നിർമ്മിക്കപ്പെട്ട ഒരു സത്തയാണത്. ഇന്ത്യയുടെ മനസ്സിൽ വർഗീയതയുടെ കടുത്ത മുറിവുകളുണ്ടായിരുന്നു. മറക്കാനാവാത്ത വേദനകളുണ്ടായിരുന്നു. 1947 ആഗസ്റ്റ് മാസത്തിൽ സ്വാതന്ത്ര്യം നേടിയതോടൊപ്പം ഇന്ത്യ എന്ന മഹാരാജ്യം മതത്തിൻ്റെ പേരിൽ രണ്ടായി വിഭജിക്കപ്പെടുകയും ചെയ്തു. തുടർന്ന് അതുവരെയുണ്ടായിരുന്ന സ്നേഹവും സൗഹൃദവും മറന്ന് ഇന്ത്യക്കാർ പരസ്പരം കൊലയിലും കൊള്ളയിലും തിമർത്താടിയതാണ്. ഏകദേശം പത്തുലക്ഷത്തിലധികം ഇന്ത്യക്കാർ അന്ന് കൊല്ലപ്പെട്ടു. ലക്ഷക്കണക്കിനു വീടുകൾ കൊള്ളയടിക്കപ്പെട്ടു. എഴുപത്തയ്യായിരം സ്ത്രീകൾ ലൈംഗിക പീഢനങ്ങൾക്ക് വിധേയമാക്കപ്പെട്ടു എന്നാണ് കണക്ക്. ആയിരക്കണക്കിന് കുടുംബങ്ങൾ ശിഥിലമാക്കപ്പെട്ടു. ഏക്കറ് കണക്കിന് കൃഷിയിടങ്ങൾ നശിപ്പിക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും ഭീകരമായ ദുരന്തങ്ങളിലൊന്നായി അത് ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല; വർഗീയതയുടെ വിളയാട്ടം മാത്രം.

അവിടെ നിന്നാണ് രാജ്യമെന്ന നിലയിലെ നമ്മുടെ തുടക്കം. എന്തായിരിക്കും നമ്മുടെ ഭാവി ? എന്തിനെയാണ് നാം ഏറ്റവുമധികം ഭയക്കേണ്ടത്? ലോകം മുഴുവൻ വലിയ ആകാംക്ഷയിലായിരുന്നു. ഇന്ത്യക്ക് ഭാവിയുണ്ടോ? ഇങ്ങനെ ആകാംക്ഷാഭരിതമായ ചോദ്യങ്ങൾ ഉയർന്നു കൊണ്ടിരിക്കുമ്പോഴേക്കും മറ്റൊരു ദുരന്തംകൂടി സംഭവിച്ചു. വിഭജനവും സ്വാതന്ത്ര്യവും നടന്ന് മാസങ്ങൾക്കകമുണ്ടായ ദുരന്തം ഇന്ത്യയെ അക്ഷരാർത്ഥത്തിൽ നടുക്കി. ഇന്ത്യയുടെ ആത്മാവായിരുന്ന മഹാത്മാഗാന്ധി കൊല്ലപ്പെടുന്നു. അതും ഒരു ഹിന്ദുത്വവാദിയുടെ വെടിയുണ്ടയേറ്റ്. വീണ്ടും വർഗീയ ലഹളകൾ, കലാപങ്ങൾ.

ഏഴര പതിറ്റാണ്ടു മുമ്പ് നെഹ്റു ഭയന്നത്, ലോകം സംശയിച്ചത്, ഇന്ത്യയിലിപ്പോൾ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു. ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കപ്പെടുന്നു. മതാധിഷ്ഠിത രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തിൽ പിടിമുറുക്കിയിരിക്കുന്നു. വംശീയ ജനാധിപത്യത്തിലേക്ക് ഇന്ത്യ നീങ്ങുകയാണെന്ന് വിദഗ്ദന്മാർ വിലയിരുത്തുന്നു.

ഇതൊക്കെ കണ്ട പലരും ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായി മാറ്റപ്പെട്ടേക്കും എന്ന് വിധിയെഴുതി. അതു തന്നെ സംഭവിക്കുമായിരുന്നു. അങ്ങനെ ആഗ്രഹിച്ച പലരും രാജ്യത്തിൻ്റെ അധികാരത്തിലും ഉണ്ടായിരുന്നു. ഭാഗ്യവശാൽ സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ ഗാന്ധിജി ഇന്ത്യയുടെ രക്ഷകനെ തിരിച്ചറിഞ്ഞിരുന്നു. അയാളുടെ കൈകളിൽ ഇന്ത്യയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. ആ രക്ഷകനാണ് ജവഹാർലാൽ നെഹ്റു.

വിഭജനത്തിൻ്റെയും ഗാന്ധിവധത്തിൻ്റെയും ഞെട്ടലിലും ഏറ്റെടുത്ത ദൗത്യത്തെപ്പറ്റി നെഹ്റുവിന് വ്യക്തതയുണ്ടായിരുന്നു. ഇന്ത്യയെ രക്ഷിക്കുക എന്ന ദൗത്യം. ഇന്ത്യയിൽ മതത്തെ നിയന്ത്രണവിധേയമാക്കാത്ത പക്ഷം അത് ഈ രാജ്യത്തെയും ജനങ്ങളെയും ഇല്ലായ്മ ചെയ്യും എന്ന് ജവാഹർലാൽ നെഹ്റു തിരിച്ചറിഞ്ഞിരുന്നു. ആ തിരിച്ചറിവാണ് ഈ രാജ്യത്തെ ഇത്രയും കാലം സംരക്ഷിച്ചു നിർത്തിയത്.

നെഹ്റുവിന് ശേഷം വന്ന ഭരണാധികാരികളും ഇക്കാര്യത്തിൽ സമാനമനസ്കരായിരുന്നു. അതുകൊണ്ടാണ് നമ്മൾ ഒരു വിധം ഇവിടംവരെയെത്തിയത്. എന്നാലിന്നിപ്പോൾ സ്വാതന്ത്ര്യം അർത്ഥശൂന്യമായിപ്പോകുന്ന ഒരു കാലത്തിലൂടെയാണ് രാജ്യം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ആത്മപരിശോധനയിലൂടെ സമൂഹത്തിൻ്റെ രോഗത്തെ തിരിച്ചറിഞ്ഞ് ലിബറൽ ജനാധിപത്യത്തെ എന്തു വില കൊടുത്തും നിലനിർത്തിയേ മതിയാവൂ. ഏഴര പതിറ്റാണ്ടു മുമ്പ് നെഹ്റു ഭയന്നത്, ലോകം സംശയിച്ചത്, ഇന്ത്യയിലിപ്പോൾ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു. ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കപ്പെടുന്നു. മതാധിഷ്ഠിത രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തിൽ പിടിമുറുക്കിയിരിക്കുന്നു. വംശീയ ജനാധിപത്യത്തിലേക്ക് ഇന്ത്യ നീങ്ങുകയാണെന്ന് വിദഗ്ദന്മാർ വിലയിരുത്തുന്നു. വർഗീയത അരങ്ങു തകർക്കുന്നു. കലാപങ്ങൾക്ക് അറുതിയുണ്ടാകുന്നില്ല. അറുതി വരുത്തണമെന്ന് ഭരണാധികാരികൾ ആഗ്രഹിക്കുന്നു പോലുമില്ല. പലപ്പോഴും അവരാൽ നിർമ്മിക്കപ്പെടുന്നതാണ് ഇപ്പോഴത്തെ കലാപങ്ങൾ. കലാപങ്ങളെ അവസരങ്ങളായി നോക്കിക്കാണുന്ന ഒരു രാഷ്ടീയം ഇന്ത്യയിൽ അധീശത്വം നേടിയിരിക്കുന്നു.

ഇവിടെ നമുക്ക് വീണ്ടും നെഹ്റുവിലേക്ക് മടങ്ങാം. നെഹ്റു പല തലത്തിലും ജനാധിപത്യത്തിലെ ഒരു പാഠപുസ്തകമാണ്. അതിനാൽ നെഹ്റുവിലേക്ക് മടങ്ങുക എന്നാൽ ജനാധിപത്യത്തിലേക്ക് മടങ്ങുക എന്നു തന്നെയാണ്. അതുകൊണ്ടാണ് ഹിന്ദുത്വവാദികൾ നെഹ്റുവിനെ ഭയപ്പാടോടെ അകറ്റി നിർത്തുന്നത്. വർഗീയതയെ നെഹ്റു എങ്ങനെ നേരിട്ടു എന്ന ചോദ്യം ഇന്ത്യയെ സംബന്ധിച്ചേടത്തോളം എന്നും പ്രധാനമാണ്. വർഗീയവും വംശീയവുമായ ലഹളകളെയും കലാപങ്ങളെയും നേരിടാനായി ജനക്കൂട്ടത്തിന്റെ നടുവിലേക്ക് നേരിട്ടിറങ്ങിയ ഒരു ഭരണാധികാരിയായിരുന്നു നെഹ്റു . ജനങ്ങളെ ഭയക്കാതെ അവരെ നയിച്ച ഒരാൾ. നെഹ്റു ഒന്നിൽ നിന്നും ഒളിച്ചോടിയില്ല. കലാപത്തിനിടയിൽപ്പെട്ട ഒരു മുസൽമാനെ രക്ഷിക്കാനായി പോലീസിൻ്റെ ലാത്തി കയ്യിലെടുത്ത നെഹ്റു! കലാപകാരികളായ ആൾക്കൂട്ടത്തിനിടയിൽ നിലക്കൊണ്ട് ഇരുവിഭാഗക്കാരേയും പിന്തിരിപ്പിച്ച നെഹ്റു.

പൗരൻ ആദ്യം ഹിന്ദുവോ മുസ്ലിമോ കൃസ്ത്യാനിയോ ആവും. തുടർന്ന് ഇന്ത്യൻ പൗരനാവാൻ യോഗ്യനാണോ എന്ന അഗ്നിപരീക്ഷയെ നേരിടേണ്ടി വരും. ഈ അഗ്നിപരീക്ഷകളെപ്പറ്റിവേണം ഈ സ്വാതന്ത്ര്യദിനത്തിൽ ഒരു ശരാശരി ഇന്ത്യക്കാരൻ ചിന്തിക്കാൻ

ഇതൊക്കെ ചരിത്രമാണ്. ആധുനിക ഇന്ത്യയുടെ ഏടുകളിലെ മങ്ങലേൽക്കാത്ത ചരിത്രം. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയുടെ ജീവിതത്തില ചരിത്ര മുഹൂർത്തങ്ങൾ. മറച്ചുവെച്ചാലും മായ്ച്ചു കളഞ്ഞാലും ഇല്ലാതാവാതെ നിലകൊള്ളുന്ന ചരിത്രം. രാജ്യം മതവാദികളുടെ കയ്യിലകപ്പെടാതിരിക്കാനായി അഹോരാത്രം പ്രവർത്തിച്ച ഒരു പ്രധാനമന്ത്രിയുടെ ചരിത്രം . അതിനു തടസ്സം നിൽക്കുന്നവരുമായി അദ്ദേഹം നിരന്തരം തർക്കത്തിലേർപ്പെട്ടു. ഇക്കാര്യത്തിൽ ആളും തരവും നോക്കാതെ തന്നെ പ്രതികരിച്ചു. തൻ്റെ മന്ത്രിസഭയിലെ പ്രധാനിയും ആഭ്യന്തരമന്ത്രിയുമായിരുന്ന സർദാർ പട്ടേലുമായുള്ള വിയോജിപ്പും തർക്കങ്ങളും പ്രധാനമായും ഇതിന്റെ പേരിലായിരുന്നു എന്നോർക്കുക. വർത്തമാനകാല ഇന്ത്യയിൽ നെഹ്റു അവഗണിക്കപ്പെടുന്നതും പട്ടേൽ ആരാധ്യനാവുന്നതും എന്തിൻ്റെ ലക്ഷണമാണ് എന്നും ഇതിൽ നിന്നും വ്യക്തമാണ്.

വർഗീയരാഷ്ട്രീയത്തിൻ്റെ പിടയിൽ നിന്നും, ഹിന്ദുത്വ ഫാഷിസത്തിൻ്റെ പിടിയിൽ നിന്നും രാജ്യത്തെ എത്രയും വേഗം മോചിപ്പിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇന്ത്യയുടെ സ്വാതന്ത്ര്യം വെറുമൊരു മിത്തായി മാറുക തന്നെ ചെയ്യും. നമ്മുടെ ഭരണഘടന വെറുമൊരു പുസ്തകമായി മാറി നിൽക്കുകയും ചെയ്യും. ഫാസിസം അപ്രതിരോധ്യ ശക്തിയായി വികാസം കൊള്ളും. ഇന്ത്യൻ ജനാധിപത്യം അന്ത്യശ്വാസം വലിച്ചെന്നും വരാം. ഗുജറാത്തും അയോധ്യയും മണിപ്പൂരുമൊക്കെ സംഭവിച്ചുകൊണ്ടേയിരിക്കും. അതിലൊന്നും വേദനിക്കാത്ത, ഭയം തോന്നാത്ത ഭരണാധികാരികൾ അവർക്കു ലഭിച്ച അവസരങ്ങളിലും അധികാരത്തിലും അഭിരമിക്കും. ഇന്ത്യ നമ്മുടെ ഇന്ത്യയല്ലാതാവും.

പൗരൻ ആദ്യം ഹിന്ദുവോ മുസ്ലിമോ കൃസ്ത്യാനിയോ ആവും. തുടർന്ന് ഇന്ത്യൻ പൗരനാവാൻ യോഗ്യനാണോ എന്ന അഗ്നിപരീക്ഷയെ നേരിടേണ്ടി വരും. ഈ അഗ്നിപരീക്ഷകളെപ്പറ്റിവേണം ഈ സ്വാതന്ത്ര്യദിനത്തിൽ ഒരു ശരാശരി ഇന്ത്യക്കാരൻ ചിന്തിക്കാൻ. കാരണം നമ്മൾ നെഹ്റുവിൽ നിന്നും ഒരു പാട് ദൂരം അകന്നിരിക്കുന്നു. ജനാധിപത്യത്തിൻ്റെ കാതലായ സത്തയിൽ നിന്നും നമ്മൾ വല്ലാതെ അകന്നു പോയിരിക്കുന്നു. വർഷങ്ങൾക്കപ്പുറം ഞാൻ എൻ്റെ രാജ്യത്തെയോർത്ത് കൂടുതൽ ദു:ഖിക്കേണ്ടി വരുമോ എന്ന ചിന്ത എന്നെ വല്ലാതെ അലട്ടുന്നുണ്ട്. നെഹ്റുവിനെയും ശാസ്ത്രിയേയുമൊക്കെ മനസ്സിൽ ക്കൊണ്ടു നടക്കുന്ന ഞാൻ ഇനിയുള്ള കാലത്ത് ഏതൊക്കെ തരം ഭരണാധികാരികളെ നേരിടേണ്ടി വരും എന്ന ആശങ്കയും ഇല്ലാതില്ല. എൻ്റെ സ്വാതന്ത്ര്യം എന്നത് ആരുടെയൊക്കയോ ഔദാര്യമായി മാറുന്ന ഒരു ദുരന്തത്തെയും ഞാൻ ഭയപ്പെടുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in