എന്തുകൊണ്ട് കുട്ടികള്‍ ഉടന്‍ സ്‌കൂളില്‍ പോയി തുടങ്ങണം?

എന്തുകൊണ്ട് കുട്ടികള്‍ ഉടന്‍ സ്‌കൂളില്‍ പോയി തുടങ്ങണം?
Summary

സ്‌കൂളുകള്‍ ഇനിയും അടച്ചിടുന്നത് നമ്മുടെ കുട്ടികളുടെ ഭാവിജീവിതത്തെ ഒന്നടങ്കം ബാധിക്കുന്ന ഗുരുതര പ്രതിസന്ധിയാണ്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം സ്‌കൂളില്‍ നിന്നും കൊഴിഞ്ഞത് 24 കോടി വിദ്യാര്‍ത്ഥികളാണ്. ഇന്ത്യയില്‍ 77 ശതമാനം കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമല്ല. കുട്ടികള്‍ മുഖാമുഖം കാണുന്ന, സ്‌നേഹിക്കുന്ന , കലഹിക്കുന്ന, ഒരുമിച്ചിരിക്കുന്ന സ്‌കൂളുകള്‍ ഉടന്‍ തുറന്നേ മതിയാകൂ.

എന്തുകൊണ്ട് ലോകമെമ്പാടുമുള്ള കുട്ടികള്‍ സ്‌കൂളുകളിലേക്ക് പോകണം. ആധുനിക മനുഷ്യരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയാണ് ഓരോ വിദ്യാര്‍ത്ഥിയും കടന്നുപോകുന്നത്. മുന്‍പൊരിക്കലും അവര്‍ക്ക് ഇത്രയും കെട്ടകാലം ഉണ്ടായിട്ടില്ല. രണ്ട് കൊല്ലമാകുന്നു നമ്മുടെ കുട്ടികള്‍ സ്‌കൂളുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിപ്പോയിട്ട്. പരസ്പരം ആലിംഗനം ചെയ്യാതിരിക്കുക, ചിരികളികളില്‍ ഇല്ലാതിരിക്കുക, സ്വന്തം അധ്യാപകരെ നേരിട്ട് കാണാതിരിക്കുക. രണ്ടാം ലോകമഹായുദ്ധകാലത്ത് പോലും ലോകമെമ്പാടുമുള്ള സ്‌കൂളുകള്‍ ഇങ്ങനെ സ്‌കൂളുകള്‍ അടച്ചിടപ്പെട്ടിട്ടില്ല. ഈ സാഹചര്യം ഉണ്ടാക്കാവുന്ന ഭവിഷ്യത്തുകള്‍ ഭാവിയിലെ തെളിഞ്ഞുകാണുകയുള്ളു. അവയെ നിര്‍ണ്ണയിക്കാനും നിയന്ത്രിക്കാനുമുള്ള യാതൊരു ശക്തിയും നമ്മടെ കയ്യിലില്ല. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസചിന്തകര്‍ തന്നെ അനിശ്ചിതകാലത്തേക്കുള്ള ഈ അടച്ചിടല്‍ നമ്മള്‍ ചിന്തിക്കുന്നതിന് അപ്പുറമുള്ള ദുരന്തമാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്നാണ്. കൊവിഡ് രണ്ടാം തരംഗം ഏറെക്കുറെ അവസാനിച്ചുകഴിഞ്ഞു. മൂന്നാംതരംഗത്തെ നമ്മള്‍ മുന്‍കൂട്ടിക്കണ്ടുകഴിഞ്ഞു. എന്നാല്‍ അടച്ചിടപ്പെട്ട സ്‌കൂളുകള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ നമ്മുക്ക് ധാരണയില്ല. വളരെ കുറച്ചിടങ്ങളില്‍ മാത്രമേ ഇപ്പോള്‍ സ്‌കൂളുകള്‍ തുറന്നിട്ടുള്ളു. മറ്റെല്ലാ മേഖലകളും പതിയെ തുറന്നുകൊടുക്കുമ്പോഴും, സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് ഗൗരവതരമായി ചിന്തിക്കാന്‍ ലോകം എന്തുകൊണ്ടാണ് മടിക്കുന്നത്?

ആധുനിക ലോകം കണ്ട ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി അടച്ചിടപ്പെട്ട സ്‌കൂളുകള്‍ മാറുമെന്ന ചിന്തകള്‍ പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഡെല്‍റ്റാ വകഭേദത്തെക്കുറിച്ചുള്ള ആശങ്ക പെരുകുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നതില്‍ കാലതാമസം ഇനിയുമുണ്ടാകുമെന്നും അവര്‍ ആശങ്കപ്പെടുന്നു.

നമുക്ക് ലോകസാഹചര്യങ്ങളെ ഒന്ന് പരിശോധിക്കാം. ലോക്ഡൗണിലാക്കപ്പെട്ട വിദ്യാഭ്യാസത്തെപ്പറ്റി വാഷിംഗ്ടണ്‍ പോസ്റ്റ് എഴുതിയ വിശദമായ എഡിറ്റോറിയല്‍ പറയുന്നത്, മുഖാമുഖമുള്ള പഠനങ്ങള്‍ ഇല്ലാതായതോടുകൂടി ലോകമെമ്പാടുമുള്ള സ്‌കൂള്‍ വിദ്യാഭ്യാസം താറുമാറായിരിക്കുന്നു എന്നാണ്. ഏറ്റവും ഭയാനകമായ ഒരു കാര്യം, ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍നിന്നും പുറത്താക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ്. അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികളില്‍ 20 % പേരും സ്‌കൂള്‍ അറ്റന്‍ഡ് ചെയ്യുന്നത് എന്നന്നേക്കുമായി അവസാനിപ്പിച്ചിരുന്നു. ഇത് പ്രൈമറി വിദ്യാഭ്യാസത്തെ മാത്രമല്ല, ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തെപ്പോലും ഈ അടച്ചിടല്‍ കാര്യമായി ബാധിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയലും സമാന നിരീക്ഷണം പങ്കുവച്ചിട്ടുണ്ട്.

യുനെസ്‌കോയും യൂണിസെഫും കൂടി പുറത്തിറക്കിയ വിജ്ഞാപനം അതീവഗൗരവത്തോടെ ഈ വിഷയത്തെ പരിഗണിക്കുന്നുണ്ട്. സ്‌കൂളുകള്‍ തുറന്നാലും, ഇനിയൊരിക്കലും വിട്ടുപോകാനിടയില്ലാത്ത പ്രതിസന്ധികളില്‍ നമ്മുടെ കുട്ടികള്‍ അകപ്പെട്ടിരിക്കുകയാണെന്ന് ഈ വിജ്ഞാപനം പറയുന്നത്. ജീവിതകാലം മുഴുവന്‍ നേരിടേണ്ട പ്രതിസന്ധിയിലേക്കാണ് ഈ അടച്ചിടല്‍ കുട്ടികളെ തള്ളിയിട്ടിരിക്കുന്നത്.

സ്‌കൂളുകള്‍ അടച്ചിട്ടതുമൂലം 24 കോടി കുട്ടികളാണ് എന്നന്നേയ്ക്കുമായി പഠനം ഉപേക്ഷിച്ചത്, 77 % കുട്ടികള്‍ക്കും മതിയായ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങളില്ല. 2 കൊല്ലമായി നമ്മുടെ വിദ്യാര്‍ത്ഥികളെ പിടികൂടിയിരിക്കുന്നത് വന്‍ വിപത്താണെന്ന് നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. എത്രയും പെട്ടെന്ന് നമ്മുടെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള സൂചനകളാണ് ഈ റിപ്പോര്‍ട്ടുകള്‍ ഓരോന്നും നല്‍കുന്നത്.

ഇന്ത്യന്‍ സാഹചര്യങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. കിന്റര്‍ഗാര്‍ട്ടന്‍, നഴ്‌സറി മേഖലകളിലെ 90 % സ്‌കൂളുകളും കഴിഞ്ഞ 2 കൊല്ലത്തില്‍ പ്രവര്‍ത്തിക്കാതെയായി. പാര്‍ലമെന്ററി കമ്മിറ്റി ഓണ്‍ എഡ്യൂക്കേഷന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്‌കൂളുകള്‍ അടച്ചിട്ടതുമൂലം 24 കോടി കുട്ടികളാണ് എന്നന്നേയ്ക്കുമായി പഠനം ഉപേക്ഷിച്ചത്, 77 % കുട്ടികള്‍ക്കും മതിയായ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങളില്ല. 2 കൊല്ലമായി നമ്മുടെ വിദ്യാര്‍ത്ഥികളെ പിടികൂടിയിരിക്കുന്നത് വന്‍ വിപത്താണെന്ന് നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. എത്രയും പെട്ടെന്ന് നമ്മുടെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള സൂചനകളാണ് ഈ റിപ്പോര്‍ട്ടുകള്‍ ഓരോന്നും നല്‍കുന്നത്.

ഇന്ത്യയിലെ 62% വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ സ്‌കൂളുകളെയാണ് പഠനത്തിനായി ആശ്രയിക്കുന്നത്. അവരില്‍ ഭൂരിഭാഗം പേര്‍ക്കും വീടുകളില്‍ ഓണ്‍ലൈന്‍ സൗകര്യങ്ങളില്ല. വെറും 10% കുട്ടികള്‍ മാത്രമേ കനത്ത ഫീസ് കൊടുത്ത് പഠിക്കുന്നുള്ളൂ. ബാക്കി 28 % കുട്ടികളും പഠിക്കുന്നത് ഇടത്തരം സ്‌കൂളുകളിലാണ്. തന്മൂലം, മേല്‍ത്തട്ടിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഈ സ്‌കൂള്‍ അടച്ചിടലിനെ അതിജീവിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. കൃത്യമായ ഓണ്‍ലൈന്‍ സംവിധാനങ്ങളും, സംശയങ്ങള്‍ തീര്‍ത്തുകൊടുക്കാനുള്ള സംവിധാനങ്ങളും ഉള്ള കുട്ടികള്‍ മാത്രമേ ഈ അടച്ചിടലിനെ അതിജീവിച്ചിട്ടുള്ളു.

കോവിഡിന് മുന്‍പ്, ശരാശരി 2.4 കോടി കുട്ടികളാണ് എല്ലാ അധ്യയനവര്‍ഷവും ഒന്നാം ക്ലാസ്സിലേക്ക് അഡ്മിഷന്‍ നേടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് കൊല്ലമായി അവ പകുതിക്കും താഴെ പോയിരിക്കുന്നുവെന്ന് കണക്കുകള്‍ പറയുന്നു. സ്‌കൂളുകളിലെത്തന്നെ വിവിധ വിഭാഗങ്ങളിലുള്ള, 8 മുതല്‍ 10 കോടിയോളമുള്ള കുട്ടികള്‍ക്ക്, കൂട്ടാനും കുറയ്ക്കാനും അറിയില്ല. ഈയൊരു പ്രതിസന്ധി നിലനില്‍ക്കുമ്പോളാണ് നമ്മള്‍ കുട്ടികളെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പ്രേരിപ്പിക്കുന്നത്. ആനുവല്‍ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷന്‍ റിപ്പോര്‍ട്ട് പറയുന്നത് കഴിഞ്ഞ രണ്ട് കൊല്ലംകൊണ്ട് തകര്‍ന്ന് തരിപ്പണമായിരിക്കുന്നു എന്നാണ്.

എസ്. ഗോപാലകൃഷ്ണന്‍
എസ്. ഗോപാലകൃഷ്ണന്‍ dilli dali

ഇന്ത്യയില്‍ കുട്ടികള്‍ സ്‌കൂളുകളിലേക്ക് പോകുന്നത് പഠിക്കാന്‍ വേണ്ടി മാത്രമല്ല. ഭക്ഷണത്തിന് വേണ്ടിയും കൂടിയാണ്. സൗജന്യമായി ഉച്ചഭക്ഷണം ലഭിക്കുന്നതിനാല്‍ കൂടിയാണ് പല രക്ഷിതാക്കളും വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലേക്ക് പറഞ്ഞുവിടുന്നത്. പാര്‍ലമെന്ററി കമ്മിറ്റി ഓണ്‍ എഡ്യൂക്കേഷന്റെ റിപ്പോര്‍ട്ട് പറയുന്നത്, കഴിഞ്ഞ 2 കൊല്ലം കൊണ്ട് 37 .5 കോടി കുട്ടികള്‍ക്ക് ഭാരക്കുറവും വിളര്‍ച്ചയും ഉണ്ടായെന്നും, അവരുടെ ശാരീരികവളര്‍ച്ച മുരടിച്ചിരിക്കുന്നു എന്നുമാണ്. ഇങ്ങനെ കുട്ടികളെല്ലാം സ്‌കൂളുകള്‍ക്ക് പുറത്ത് നില്‍കുമ്പോള്‍, നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ ബഡ്ജറ്റില്‍ 5000 കോടിരൂപയുടെ കുറവ് വരുത്തിയിരിക്കുന്നു. അംഗന്‍വാടികള്‍ക്കുള്ള 4500 കോടി രൂപയും നീക്കിയിരിക്കുന്നു.

നമ്മുടെ കുട്ടികളുടെ പഠനത്തെക്കുറിച്ച് ആര്‍ക്കും ആധിയില്ല. അവര്‍ നേരിടുന്ന ഗുരുതര പ്രതിസന്ധിയെക്കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നുമില്ല. ആരാധനാലയം തുറക്കാന്‍ നമ്മള്‍ കാണിച്ച തിടുക്കത്തില്‍ ഒരംശമെങ്കിലും നമ്മള്‍ സ്‌കൂളുകള്‍ തുറക്കാനായി കാണിച്ചിട്ടുണ്ടോ? ഇപ്പോള്‍ കാണിക്കുന്നുണ്ടോ? എല്ലാ കോവിഡ് നിയന്ത്രണങ്ങളും നിലനിര്‍ത്തികൊണ്ടുതന്നെ സ്‌കൂളുകള്‍ തുറക്കാനുള്ള അടിയന്തിര സാഹചര്യം അടുത്തെത്തിയിരുന്നു. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ ചിന്തകര്‍ തന്നെ പറയുന്നു, ഇനി അധികകാലം നമ്മുടെ സ്‌കൂളുകള്‍ അടഞ്ഞുകിടക്കാന്‍ പാടില്ലെന്ന്.

എസ്. ഗോപാലകൃഷ്ണന്‍ ദില്ലി ദാലിയില്‍ നടത്തിയ പോഡ്കാസ്റ്റ്. വീഡിയോ രൂപം ഈ ലിങ്കില്‍ കാണാം

Related Stories

No stories found.
logo
The Cue
www.thecue.in