മത വ്യാഖ്യാതാക്കളുടെ ഇരുണ്ട ലോകങ്ങൾ

Shihabuddin Poithumkadavu
Shihabuddin Poithumkadavu
Summary

അഫ്ഗാനില്‍ ഹാസ്യനടന്‍ ഖാഷയെയും ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖിയെയും താലിബാന്‍ കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതുന്നു

തൊണ്ണൂറുകളുടെ മധ്യത്തിലാണ് പ്രശസ്ത നടന്‍ ശ്രീ.കെ.പി.ഉമ്മറിനെ പരിചയപ്പെടുന്നത്. അദ്ദേഹം പരന്ന വായനക്കാരനും മികച്ച എഴുത്തുകാരനും കൂടിയാണെന്ന കാര്യം നമ്മില്‍ പലര്‍ക്കും അറിയില്ല. സംസാരിച്ചുകൊണ്ടിരിക്കേ ഉമ്മര്‍ക്ക എന്നോട് പറഞ്ഞു: 'ഒരു നടന്‍ എന്ന നിലയില്‍ മുസ്ലിം യാഥാസ്ഥിതികരാല്‍ ഞാന്‍ ഒരു പാട് ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്. മതപ്രസംഗത്തിനിടയില്‍ അവര്‍ക്ക് ഇഷ്ടമില്ലാത്തവരെ അപമാനിച്ചു രസിക്കല്‍ ഈ വിവരദോഷികളുടെ ഒരു ഹോബിയാണ്. അതൊക്കെ കേട്ട് രസിക്കാന്‍ മണ്ടന്മാരായ കുറേ ഭക്തരും മുന്നിലിരിക്കുന്നുണ്ടാകും. ഞാനൊന്ന് ചോദിക്കട്ടെ: പ്രജകളുടെ ക്ഷേമങ്ങളറിയാന്‍ ഖലീഫ ഉമര്‍ വേഷപ്രച്ഛന്നനായി നടക്കാറുണ്ടെന്ന് ചരിത്രത്തില്‍ പറയുന്നു. അപ്പോള്‍ അത് അഭിനയമല്ലേ? ഫോട്ടോ എടുക്കുന്നത് ഹറാമാണെന്ന് പറഞ്ഞ് അതിനെ വിലക്കിക്കൊണ്ട് കുറെക്കാലം വലിയ ഉപദ്രവമായിരുന്നു. ഇപ്പോള്‍ അവരും ഫോട്ടോ എടുത്തു തുടങ്ങിയിട്ടുണ്ട്.അതോടെ അതെല്ലാം സ്വീകാര്യമായി . അല്പജ്ഞാനം മാത്രം കൈമുതലായുള്ള ഈ മതവ്യാഖ്യാതാക്കളെ ആര് നിലയ്ക്ക് നിര്‍ത്തും? '

അദ്ദേഹം ഇത് പറയുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇ.കെ.അയമുവിന്റെ'ജ്ജ് നല്ലൊരു മന്‍സനാകാന്‍ നോക്ക്' എന്ന പ്രശസ്തമായനാടകം കളിച്ചു കൊണ്ടിരിക്കേ നടി നിലമ്പൂര്‍ ആയിഷയ്ക്കു നേരെ ഒരു മതഭ്രാന്തന്‍ വെടിവെച്ചു. ഉന്നം തെറ്റിയത് കൊണ്ട് മാത്രം അവര്‍ രക്ഷപ്പെട്ടു. ഇതാ, ഇപ്പോള്‍ അഫ്ഗാനി ഹാസ്യനടന്‍ ഖാഷയെ താലിബാന്‍ മതഭീകരര്‍ കഴുത്തറുത്ത് കൊന്നതായി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നു. ലോകപ്രശസ്ത ഫോട്ടോ ജേണലിസ്റ്റും പുലിറ്റ്‌സര്‍ ജേതാവുമായ ഡാനിഷ് സിദ്ദിഖി അബദ്ധത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടതല്ലെന്നും താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊല്ലുകയായിരുന്നെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു.

കെ.പി ഉമ്മര്‍
കെ.പി ഉമ്മര്‍
ചേകന്നൂര്‍ വധത്തെക്കാള്‍ എന്നെ ഞെട്ടിച്ചത് നൂറായിരം മത സംഘടനകള്‍ ഒരു പോലെ പാലിച്ച ആ കാലത്തെ മൗനമാണ്. ഇന്നും ആ മൗനം തുടരുന്നു! അഭയ കൊലക്കേസിലും നാമത് കണ്ടു. എന്താണ് ആ മൗനത്തിന്റെ അര്‍ത്ഥം? മൗനം ചിലപ്പോള്‍ പങ്ക് ചേരലുമാണെന്ന് ചിന്തിക്കുന്നവര്‍ക്കൊക്കെ അറിയാം.
ചേകന്നൂര്‍ മൗലവി
ചേകന്നൂര്‍ മൗലവി

ഖാഷയെ തട്ടിക്കൊണ്ടുപോയ താലിബാന്‍ ഭീകരന്മാര്‍ അദ്ദേഹത്തിന്റെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ മനുഷ്യകുലത്തെത്തന്നെ ലജ്ജിപ്പിക്കുന്നു. എന്തോ പറഞ്ഞ് ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന ഖാഷയുടെ കരണക്കുറ്റിക്കടിക്കുന്ന ഭീകരരെ നോക്കി അപ്പോഴും ചിരിക്കുകയാണ് ഖാഷ. കഴുത്തറുത്ത് കൊല്ലുമ്പോഴും ഈ സര്‍ഗ്ഗാത്മകചിരി തുടരുന്നുണ്ടാവും അദ്ദേഹം!

ചേകന്നൂര്‍ മൗലവിയെ ഇത് പോലൊരു വാഹനത്തില്‍ തട്ടിക്കൊണ്ടുപോയ യാത്രയിലും എന്താണ് സംഭവിച്ചിരിക്കുക. ആവേശപൂര്‍വ്വം മതതാര്‍ക്കികത തുടരുന്നതിനിടയില്‍ത്തന്നെയാവും പിന്നില്‍ നിന്ന് മുണ്ടിട്ട് മുറുക്കിയത്. ഇത്ചെയ്തവര്‍ സ്വര്‍ഗ്ഗപ്പൂങ്കാവനത്തില്‍ പുണ്യം കിട്ടുന്ന പ്രവര്‍ത്തിയായി കരുതാതിരിക്കില്ല. അരസികത്വവും അസഹിഷ്ണുതയും കൂടിക്കലര്‍ന്ന ഈ രണ്ടു ചെകുത്താന്‍ യാത്രയിലും ദൈവത്തിന്റെ വിദൂര സാന്നിധ്യത്തെയെങ്കിലും ഈ വിഡ്ഢികള്‍ക്ക് അനുഭവസാധ്യമായിട്ടുണ്ടായിരിക്കണം!

ചേകന്നൂര്‍ വധത്തെക്കാള്‍ എന്നെ ഞെട്ടിച്ചത് നൂറായിരം മത സംഘടനകള്‍ ഒരു പോലെ പാലിച്ച ആ കാലത്തെ മൗനമാണ്. ഇന്നും ആ മൗനം തുടരുന്നു! അഭയ കൊലക്കേസിലും നാമത് കണ്ടു. എന്താണ് ആ മൗനത്തിന്റെ അര്‍ത്ഥം? മൗനം ചിലപ്പോള്‍ പങ്ക് ചേരലുമാണെന്ന് ചിന്തിക്കുന്നവര്‍ക്കൊക്കെ അറിയാം. പരസ്പരം പോരടിക്കുന്ന മത വംശങ്ങളുടെ ശൈലിയെല്ലാം ഒന്നാണ്. എന്നാല്‍ ആചാരലംഘനത്തിന്റെ കാര്യങ്ങളിലെത്തിയപ്പോള്‍ എതിര്‍ പക്ഷത്തെ മത മുതലാളിമാരെല്ലാം ഒരുമിച്ച് പിന്തുണ കൊടുത്തത് ഈ കൊച്ചു കേരളത്തില്‍പ്പോലും നാം കണ്ടത് അത്രയേറെ വര്‍ഷം മുമ്പൊന്നുമല്ല. ഒരേ തെരുവിലെ കച്ചവടക്കാര്‍ നേരിടുന്ന അഗോചര പ്രതിസന്ധിയായിട്ടാണ് അവരതിനെ വായിച്ചത് എന്നതല്ലേ സത്യം?

ഡാനിഷ് സിദ്ദീഖി
ഡാനിഷ് സിദ്ദീഖി

ലോകമെമ്പാടും അരങ്ങേറുന്ന മതതീവ്രപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തിയെപ്പറ്റി മാത്രം നാം ചര്‍ച്ച ചെയ്തവസാനിപ്പിച്ച് കൂടാ. അധികാരം, പണ സംഭരണം, എന്നിവയുമായി അവയ്ക്കുള്ള ഗൂഢ ബന്ധവും അതിന്റെ അന്താരാഷ്ട്രാ ക്രയവിക്രയങ്ങളും നാം പ്രജ്ഞ കൊണ്ടെങ്കിലും നിരീക്ഷിക്കുകയും പഠിക്കേണ്ടിയുമിരിക്കുന്നു. ജാഗ്രതപ്പെടേണ്ടിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഗുജറാത്ത് മനുഷ്യഹത്യയെ ഒന്ന് പിറകോട്ട് നടന്നു ചിന്തിക്കുമ്പോള്‍ തെളിയുന്ന ചിലതിനെയും നാം തിരയേണ്ടതുണ്ട്. ആ ' വൃത്തി'യാക്കലുകള്‍ കോര്‍പറേറ്റ് അജണ്ടകളുടേതാണെന്ന് നാം ഇന്നറിയുന്നു.

ഇറാന്‍, ഇറാഖ്, ഗള്‍ഫ് രാജ്യങ്ങളില്‍ പെട്രോള്‍ കണ്ടെത്തുകയും ഇറാനില്‍ ആദ്യത്തെ പെട്രോള്‍ ഖനനം ആരംഭിക്കുകയും ചെയ്ത ചരിത്രം തൊട്ടെങ്കിലുംഅത് വായിക്കേണ്ടിയിരിക്കുന്നു. മേല്‍പ്പറഞ്ഞ മുസ്ലിം രാഷ്ട്രങ്ങളിലെ സാമ്രാജ്യത്വ ശക്തികളുടെ വിട്ടൊഴിയാത്ത പതിറ്റാണ്ടുകളുടെ സാന്നിധ്യവും പിടിമുറുക്കലിന്റെ ചരിത്രവും വെവ്വേറെ എടുത്തു പരിശോധിക്കുമ്പോള്‍ നമുക്ക് ഒന്ന് മനസ്സിലാക്കാം. പെട്രോള്‍ ഖനനത്തെത്തുടര്‍ന്ന് രൂപപ്പെട്ട രാഷ്ട്രീയം മറ്റൊന്നാണ്. ഗോത്രസങ്കല്പങ്ങളിലെ പഴയ ആയുധശേഖരണങ്ങള്‍ മുഴുവന്‍ തിരിച്ചെത്തിയതങ്ങനെയാണെന്നും നമുക്ക് വായിക്കാം. അതെ,ആലോചനകള്‍ തുടരേണ്ടതുണ്ട്.കാരണം 'പിന്നേയും പലത് ബാക്കി നില്‍ക്കുന്നുണ്ട്.

വര്‍ഗീയത, തീവ്രമതമൗലികവാദം എന്നിവ വേര് പിടിക്കുന്നത് മതത്തെ വിചാരത്തില്‍ നിന്ന് വികാരത്തിലേക്ക് നാട് കടത്തുമ്പോഴാണ്. അത് പ്രദര്‍ശനപരതയായി ചുരുങ്ങി ദ്രവിച്ചു പോകുമ്പോഴാണ്

ചെറുതും വലുതുമായ കൂട്ടക്കുരുതികളുടെയും കൊലപാതകങ്ങളുടെതുമാണ് പണ്ടേ എല്ലാ മുഖ്യധാരാ മതങ്ങളുടെയും ചരിത്രം. അധികാരം, ധനസമ്പാദനം ഇവയുമായി ബന്ധപ്പെട്ടപ്പോഴൊക്കെ അത് ചീഞ്ഞളിഞ്ഞ മൃതദേഹങ്ങളുടെ ഗന്ധം പുറപ്പെടുവിച്ചു. ഇതിനു കാരണമായി വര്‍ത്തിക്കുന്ന ക്രിമിനല്‍ മനസ്സുള്ള അതിന്റെ ഉന്നത വ്യാഖ്യാതാക്കളെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഭക്തരെ നാം എന്താണ് വിളിക്കേണ്ടത് എന്ന ചോദ്യവും ഇത്തരുണത്തില്‍ ഉയരുന്നുണ്ട്. അഫ്ഗാനിസ്ഥാന്റെ 'സുരക്ഷിതത്വ'ത്തിനും 'പുരോഗതി ' യ്ക്കും കാവല്‍ നിന്ന രണ്ട് പ്രബല ശക്തികളായ സോവിയറ്റ് യൂണിയന്റെയും അമേരിക്കയുടെയും യഥാര്‍ത്ഥ ലക്ഷ്യം എന്തായിരുന്നു?.

താലിബാന്‍ സേന /ഫയല്‍
താലിബാന്‍ സേന /ഫയല്‍ ഫോട്ടോ കടപ്പാട് അല്‍ജസീറ

വര്‍ഗീയത, തീവ്രമതമൗലികവാദം എന്നിവ വേര് പിടിക്കുന്നത് മതത്തെ വിചാരത്തില്‍ നിന്ന് വികാരത്തിലേക്ക് നാട് കടത്തുമ്പോഴാണ്. അത് പ്രദര്‍ശനപരതയായി ചുരുങ്ങി ദ്രവിച്ചു പോകുമ്പോഴാണ്.അത് തീര്‍ത്തും ആത്മീയ ശൂന്യമായിപ്പോകുമ്പോഴാണ്. അത് സര്‍ഗാത്മക വിരുദ്ധമായിപ്പോകുമ്പോഴാണ്.അതിന് കാരുണ്യത്തിന്റെ വര്‍ണവിചാരം നഷ്ടപ്പെട്ടു പോകുമ്പോഴാണ്. അതിലേക്കുള്ള കൊടുംവെട്ടില്‍ മുറിഞ്ഞ നിരപരാധികളുടെ ചോരയുടെ നദി എത്ര ശബ്ദത്തില്‍ ഉച്ചയുണ്ടാക്കിയിട്ടും നാമത് കേള്‍ക്കുന്നില്ല. കാരണം നമ്മുടെ ജാഗ്രതയുടെ പഞ്ചേന്ദ്രിയങ്ങള്‍ യാന്ത്രികദൈനംദിന ജീവിതത്താല്‍ അടഞ്ഞു പോയിരിക്കുന്നു.

*illustration of Nazar Mohammad Khasha, drawn July 27 in the wake of his death. (Farand Safi)

Related Stories

No stories found.
logo
The Cue
www.thecue.in