
മോദിസർക്കാർ 2014ൽ അധികാരമേറിയശേഷം ന്യൂനപക്ഷ ജനത തുടർച്ചയായി വേട്ടയാടപ്പെടുകയാണെന്ന കാര്യത്തിൽ സംശയമില്ല. ആദ്യം അവർ ലക്ഷ്യമാക്കിയത് മുസ്ലിങ്ങളെയായിരുന്നു. ലൗജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും പേരിൽ മാത്രമല്ല, അവർ കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിലും പൊതുസ്ഥലങ്ങളിലെ പ്രാർഥനയുടെ പേരിലും വേട്ടയാടപ്പെട്ടു. മസ്ജിദുകൾ കുഴിച്ച് ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെടുക്കാനുള്ള അമിതാവേശവും മുസ്ലിങ്ങളെ ലക്ഷ്യം വച്ചായിരുന്നു. യുപിയിലെയും ഹരിയാനയിലെയും മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും ബുൾഡോസർ പ്രയോഗവും, അവസാനമായി പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമവും അവരെ ലക്ഷ്യം വച്ചായിരുന്നു. ഇപ്പോഴിതാ സംഘപരിവാർ ക്രൈസ്‌തവർക്കെതിരെയും സംഘടിതമായി തിരിഞ്ഞിരിക്കുകയാണ്. ഏപ്രിലിൽമാത്രം അരഡസനോളം നടപടികളാണ് ക്രൈസ്‌തവർക്കെതിരെ ഉണ്ടായത്. ഇതിൽ ഏറ്റവും അവസാനത്തേതാണ് ഈസ്റ്റർ വിശുദ്ധവാരത്തിൽ ഡൽഹിയിലെ ഡൽഹി സേക്രട്ട് ഹാർട്ട് ദേവാലയത്തിലേക്കുള്ള കുരിശിന്റെ വഴി പ്രദക്ഷിണത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചത്. രണ്ട് ദശാബ്ദമായി ഓശാന ഞായറിൽ നടക്കാറുള്ള കുരിശിന്റെ വഴി പ്രദക്ഷിണമാണ് ഇത്തവണ മുടങ്ങിയത്. അധികൃതരുടെ അനുമതി ലഭിക്കാത്തതിനാൽ പള്ളി അങ്കണത്തിൽ മാത്രം പ്രദക്ഷിണം നടത്തി വിശ്വാസികൾ പിരിഞ്ഞു.
ഡൽഹിയിലെ ക്രമസമാധാനപാലനം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ളതാണ്. അതിനാൽ അമിത് ഷായുടെ അറിവോടെയാണ് ഈ നടപടി എന്നതിൽ സംശയിക്കേണ്ടതില്ല. സുരക്ഷാപ്രശ്നവും ഗതാഗത തടസ്സവും മുൻനിർത്തിയാണ് അനുമതി നിഷേധിച്ചത് എന്നാണ് ഡൽഹി പൊലീസിന്റെ വിശദീകരണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി, 2024ലെ ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സേക്രട്ട് ഹാർട്ട് പള്ളി സന്ദർശിച്ചതും അവിടെ മരം നട്ടതും വലിയ വാർത്തയായിരുന്നു. കഴിഞ്ഞ ക്രിസ്‌മസ് ദിനത്തിൽ കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെ പി നഡ്ഡയും സേക്രട്ട് ഹാർട്ട് പള്ളി സന്ദർശിച്ചു. ഇതെല്ലാം വോട്ട് തട്ടാനുള്ള നാടകമായിരുന്നെന്ന് ഓരോനാൾ കഴിയുന്തോറും വ്യക്തമാകുകയാണ്. രാജ്യത്തെമ്പാടും കൊലവിളിയുമായി വാളും ദണ്ഡും ഉയർത്തിയുള്ള ഹിന്ദുത്വ സംഘടനകളുടെ പ്രകടനങ്ങൾക്കും ഘോഷയാത്രകൾക്കും നിർബാധം അനുമതി നൽകുമ്പോഴാണ് കുരുത്തോലയുമായി സമാധാനപൂർണമായി നടന്നുവരാറുള്ള കുരിശിന്റെ വഴി പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിത്. നാനാത്വത്തിൽ ഏകത്വം എന്ന സങ്കൽപ്പത്തിനും എതിരായ നടപടിയാണിത്. കുരുത്തോല പ്രദക്ഷിണം എന്ത് സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്ന് വിശദീകരിക്കാൻ കേന്ദ്രമന്ത്രി ജോർജ് കുര്യനുപോലും കഴിഞ്ഞിട്ടില്ല. സുരക്ഷാ ഭീഷണിയല്ല അന്യമത വിദ്വേഷമാണ് നടപടിക്ക് പിന്നിലുള്ളത്.
മോദി സർക്കാരിനെ നയിക്കുന്നത് ഫാസിസ്റ്റ് സംഘടനയായ ആർഎസ്എസാണ്. അവരെ സംബന്ധിച്ച് മുസ്ലിങ്ങളും കമ്യൂണിസ്റ്റുകളും എന്നപോലെ ക്രൈസ്‌തവരും ആഭ്യന്തര ശത്രുക്കളാണ്. രണ്ടാം സർസംഘചാലകായിരുന്ന ഗോൾവാൾക്കർ എഴുതിയ "ബഞ്ച് ഓഫ് തോട്ട്സ്’ (വിചാരധാര) എന്ന പുസ്തകത്തിൽ ‘ആഭ്യന്തര ഭീഷണികൾ’ എന്ന പ്രത്യേകഭാഗംതന്നെയുണ്ട്. അതിൽ മൂന്ന് അധ്യായത്തിലായി ഈ ആഭ്യന്തരഭീഷണികളെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചും പറയുന്നുണ്ട്. അതിൽ രണ്ടാമത്തെ അധ്യായം ക്രൈസ്‌തവരെക്കുറിച്ചാണ്. മനുഷ്യത്വത്തിന്റെയും സേവനത്തിന്റെയും മറവിൽ മതപരിവർത്തനം മാത്രമാണ് ക്രിസ്ത്യൻ പാതിരിമാരുടെയും മിഷനറിമാരുടെയും ലക്ഷ്യമെന്നും അതിനാൽ അതിന് തടയിടണമെന്നുമാണ് ഗോൾവാൾക്കർ ആഹ്വാനം ചെയ്‌തത്.
കേന്ദ്രത്തിൽ സ്വന്തം ഭൂരിപക്ഷത്തിൽ സർക്കാർ രൂപീകരിച്ചതോടെ ഗോൾവാൾക്കറുടെ ആഹ്വാനം ആർഎസ്എസ് പ്രചാരകനായിരുന്ന മോദി നടപ്പാക്കാൻ തുടങ്ങി. ഡബിൾ എൻജിൻ സർക്കാരുകൾ ഉള്ളിടത്ത് ന്യൂനപക്ഷ ആക്രമണത്തിന് ശേഷി കൂടുതലാണെന്നുമാത്രം. വനവാസി കല്യാൺ ആശ്രം എന്ന സംഘടനയ്‌ക്ക് ആർഎസ്എസ് രൂപം നൽകിയതുതന്നെ ആദിവാസി ഗോത്രമേഖലകളിലെ ക്രിസ്ത്യൻ മിഷനറി പ്രവർത്തനം തടയാനാണ്. 1990കളുടെ അവസാനമാണ് ക്രൈസ്‌തവർക്കെതിരെ സായുധ ആക്രമണങ്ങൾ ആരംഭിച്ചത്. ഒഡിഷയിൽ കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ഇടയിൽ പ്രവർത്തിച്ച ഗ്രഹാം സ്റ്റുവർട്ട് സ്‌റ്റെയിൻസിനെയും ഒമ്പതും ഏഴും വയസ്സുമുള്ള രണ്ട് മക്കളെയും ചുട്ടുകൊന്നത് 1999 ജനുവരിയിലായിരുന്നു. 1997– -99 കാലത്ത് ഗുജറാത്തിലെ ദാംഗ്സിൽ ക്രൈസ്‌തവർ ആക്രമിക്കപ്പെട്ടു. ഒഡിഷയിലെ കന്ദമലിൽ 2008ൽ ക്രൈസ്‌തവ വിരുദ്ധ കലാപം നടന്നു. ഇക്കഴിഞ്ഞ മാർച്ച് 22ന് ഒഡിഷയിലെ ഗജപതി ജില്ലയിലെ ജൂബ ഇടവകയിലുള്ള പള്ളിയിൽ കയറി രണ്ട് കത്തോലിക്കാ പുരോഹിതരെയും സ്‌ത്രീകളടക്കമുള്ള വിശ്വാസികളെയും പൊലീസ് ക്രൂരമായി മർദിച്ചു. ഇടവകയിലെ വികാരി മലയാളിയായ ഫാ. ജോഷി ജോർജും സഹവികാരി ഒഡിഷ സ്വദേശിയായ ഫാ. ദയാനന്ദ് നായക്കുമാണ് മർദിക്കപ്പെട്ടത്. പള്ളി ഓഫീസിൽനിന്ന് 40,000 രൂപ മോഷ്ടിച്ചു. ‘ഡബിൾ എൻജിൻ’ സർക്കാരുള്ള ഒഡിഷയിൽ സംഘപരിവാർ ആക്രമണംപൊലീസ് തന്നെ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ.
മധ്യപ്രദേശിലെ ജബൽപുരിലും സമാനമായ ആക്രമണമാണ് നടന്നത്. പൊലീസുകാർ നോക്കിനിൽക്കെയാണ് മലയാളികളായ രണ്ട് കത്തോലിക്ക പുരോഹിതരടക്കം ക്രൈസ്‌തവരെ വിഎച്ച്പി, ബജ്‌റംഗദൾ പ്രവർത്തകർ മർദിച്ചത്. ഏപ്രിൽ ഒന്നിന് മണ്ട്‌ല ഇടവകയിൽനിന്ന് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അമ്പതോളം വിശ്വാസികൾ ഒരു ബസിൽ ജബൽപുരിലെ വിവിധ പള്ളികൾ സന്ദർശിക്കുന്നതിനിടെയാണ് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് വിഎച്ച്പിക്കാർ, അവർ സഞ്ചരിച്ച ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇവരെ സഹായിക്കാനെത്തിയ ജബൽപുരിലെ വികാരി ജനറലും സെന്റ് അലോഷ്യസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സ്ഥാപകനുമായ ഫാ. ഡേവിഡ് ജോർജ് ഉൾപ്പെടെയുള്ളവരെ ജയ് ശ്രീറാം വിളികളോടെ വിഎച്ച്പി, ബജ്‌റംഗദൾ പ്രവർത്തകർ കൈയേറ്റം ചെയ്തത്. അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വിശ്വാസികൾ പ്രതിഷേധിക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുകയും പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിൽ വിഷയം ഉന്നയിക്കുകയും ചെയ്‌തതിനെ തുടർന്ന്, നാലുദിവസം കഴിഞ്ഞാണെങ്കിലും അക്രമികൾക്കെതിരെ കേസെടുക്കാൻ പൊലീസ് നിർബന്ധിതമായി. മധുരയിൽ സിപിഐ എം 24–--ാം പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെട്ടത്. പുരോഹിതരുടെ സുരക്ഷ ഉറപ്പാക്കാനും ആക്രമണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി മധ്യപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും കേരളവും നൽകിയ ഐക്യദാർഢ്യത്തിന് പുരോഹിതരുടെ കുടുംബാംഗങ്ങൾ പിന്നീട് നന്ദി അറിയിക്കുകയും ചെയ്തു. യുനൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്കനുസരിച്ച്, 2023ൽ ക്രൈസ്‌തവർക്കെതിരെ 734 ആക്രമണമാണ് നടന്നതെങ്കിൽ 2024 ൽ 834 എണ്ണമാണ് നടന്നത്. വർഷംതോറും വർധിക്കുകയാണ്.
ഇത്തരം ആക്രമണങ്ങൾ ഒരു വശത്ത് തുടരുമ്പോൾത്തന്നെ അവരുടെ സ്വത്ത് കൈയടക്കാനുള്ള ശ്രമവും അണിയറയിൽ നടക്കുകയാണെന്ന് ‘ഓർഗനൈസറി’ൽ പ്രസിദ്ധീകരിച്ച ശശാങ്ക് കുമാർ ദ്വിവേദിയുടെ ലേഖനം വ്യക്തമാക്കുന്നു. ഈ ലേഖനം വെബ്സൈറ്റിൽനിന്ന് പിൻവലിച്ചെങ്കിലും അതിലെ ഉള്ളടക്കം കത്തോലിക്കാ സഭയുടെ സ്വത്തുവകകൾ കൈയടക്കാൻ ആർഎസ്എസ് ലക്ഷ്യംവച്ചിരിക്കുന്നെന്ന് വ്യക്തമാക്കുന്നതാണ്. "ഇന്ത്യയിൽ ആർക്കാണ് കൂടുതൽ ഭൂമിയുള്ളത് വഖഫ് ബോർഡിനോ കത്തോലിക്കാ സഭയ്‌ക്കോ’ എന്ന തലക്കെട്ടോടെയുള്ള ലേഖനം പറയുന്നത് രാജ്യത്ത് ഏറ്റവും കൂടുതൽ സ്വത്തുള്ളത് വഖഫ് ബോർഡിനാണെന്നത് തെറ്റായ ധാരണയാണെന്നും കത്തോലിക്ക സഭയാണ് ഏറ്റവും കൂടുതൽ ഭൂസ്വത്തുള്ള ഗവൺമെന്റിതര സംഘടനയെന്നുമാണ്. ബ്രിട്ടീഷ് ഭരണത്തിന്റെ പിന്തുണയോടെയാണ് 20,000 കോടി രൂപ വിലമതിക്കുന്ന അത്രയും ഭൂമി നേടിയതെന്നും ബ്രിട്ടീഷുകാർ പാട്ടത്തിന് നൽകിയ ഭൂമിയുടെമേൽ 1965ലെ സർക്കാർ ഉത്തരവനുസരിച്ച് സഭയ്ക്ക് ഉടമസ്ഥാവകാശം നഷ്ടമായെന്നും അതിനാൽ സഭയുടെ കൈവശമുള്ള ഭൂമിയുടെ നിയമസാധുത ചോദ്യം ചെയ്യപ്പെടണം എന്നുമാണ് ഓർഗനൈസർ ലേഖനം പറയുന്നത്. വർഷങ്ങളായി സംഘപരിവാർ മുന്നോട്ടുവയ്‌ക്കുന്ന വാദങ്ങളാണിതൊക്കെ. വഖഫ് ഭൂമിക്കെതിരെയുള്ള നീക്കത്തിനുമുമ്പ് മോദി സർക്കാർ കത്തോലിക്കാ സഭയുടെ ഭൂമി പിടിച്ചെടുക്കാനാണ് നീങ്ങേണ്ടതെന്ന സ്വരമാണ് ലേഖനത്തിനുള്ളത്. മുസ്ലിങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്ന വഖഫ് നിയമഭേദഗതിക്കുശേഷം കത്തോലിക്കാ സഭയെ ഉന്നംവയ്‌ക്കുകയാണ് ആർഎസ്എസ് എന്നതിന് തെളിവാണ് ഈ ലേഖനം. വഖഫ് ബില്ലിനെ അനുകൂലിച്ച് എംപിമാർ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടവർ (സിബിസിഐ) ഇത് മനസ്സിലാക്കുന്നത് നന്ന്. ആട്ടിൻതോലണിഞ്ഞ ചെന്നായയെ മനസ്സിലാക്കാൻ കഴിയാതെ പോയാൽ ഒരു ജനസമൂഹത്തെ മുഴുവൻ വഞ്ചിക്കലായിരിക്കും ഫലം.
ഇസ്ലാമോഫോബിയ പടർത്തി ആർഎസ്എസുമായി സഹകരിക്കാൻ തയ്യാറാകുന്ന കത്തോലിക്കാ സഭയിലെ ചിലർ നാസിസത്തിനെതിരെ നിലകൊണ്ട ഫാദർ നിമോള്ളരുടെ "അവർ എന്നെ തേടിയെത്തിയപ്പോൾ എനിക്കുവേണ്ടി നിലകൊള്ളാൻ ആരും അവശേഷിച്ചിരുന്നില്ല’ എന്ന വരികൾ ഓർമിക്കുന്നത് നല്ലതാണ്. വഖഫ് ഭേദഗതിയിലൂടെ മുനമ്പം പ്രശ്നം പരിഹരിക്കപ്പെടുമെന്ന സംഘപരിവാർ ആഖ്യാനത്തിന് പിന്തുണയേകിയവരും ഇതൊക്കെ മനസ്സിലാക്കണം. മുനമ്പത്തുകാർ നിയമപോരാട്ടം തുടരേണ്ടി വരുമെന്നാണ് കേന്ദ്ര നിയമമന്ത്രി അവസാനമായി പറഞ്ഞത്. സംഘപരിവാറിന് ഒരു ലക്ഷ്യമേയുള്ളൂ. ഒരു വിഭാഗത്തെ കൂടെ നിർത്തി മറ്റേ വിഭാഗത്തിനു നേരെ വിദ്വേഷം പടർത്തുക. ലക്ഷ്യം കണ്ടാൽ നേരത്തേ കൂടെ നിന്നവർക്കെതിരെയും വിഷം ചീറ്റുക. ഇത് മനസ്സിലാക്കാൻ ഇനിയെങ്കിലും ബന്ധപ്പെട്ടവർ തയ്യാറാകണം. ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താൻ വിശാല മതനിരപേക്ഷ ജനാധിപത്യ വേദിയാണ് ഉയരേണ്ടത്. അതിന്റെ മുൻപന്തിയിൽ സിപിഐ എമ്മും ഇടതുപക്ഷവും ഉണ്ടാകും.