എല്ലാ മര്യാദകളും ലംഘിച്ചുള്ള എം.പിമാരുടെ സസ്‌പെന്‍ഷന്‍ ജനാധിപത്യത്തെ കുഴിച്ചുമൂടാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗം

എല്ലാ മര്യാദകളും ലംഘിച്ചുള്ള എം.പിമാരുടെ സസ്‌പെന്‍ഷന്‍ ജനാധിപത്യത്തെ കുഴിച്ചുമൂടാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗം

പാര്‍ലമെന്‍റിലെ എം.പിമാരുടെ സസ്പെന്‍ഷനെക്കുറിച്ച് സി.പി.ഐ.എം രാജ്യസഭ എം.പി ഡോ.വി ശിവദാസന്‍ ദ ക്യുവിന് നല്‍കിയ പ്രതികരണം.

പാര്‍ലമെന്റ് അടിസ്ഥാനപരമായി ചര്‍ച്ചകളുടെ കേന്ദ്രമാണ്. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഇടമായി പാര്‍ലമെന്റിനെ മാറ്റുന്നതിന് പകരം അതിനെ കോര്‍പ്പറേറ്റുകളുടെ താത്പര്യ പ്രകാരമുള്ള നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നിര്‍മ്മിച്ച് കൊടുക്കാനുള്ള ഇടമായി തീര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.

സമീപകാലത്ത് വന്നിട്ടുള്ള ഓരോ ബില്ലുകള്‍ എടുത്താലും നിയമ നിര്‍മ്മാണത്തിനായുള്ള പ്രക്രിയകള്‍ പരിശോധിച്ചാലും അത് മനസിലാകും. ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ബില്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കുന്നത് വെറും ഇരുപത് മിനുറ്റുകള്‍ കൊണ്ടാണ്.

ചര്‍ച്ചകള്‍ ആവശ്യമില്ല, ഭേദഗതികള്‍ ആവശ്യമില്ല എന്ന മട്ടിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്ത് കൊണ്ടിരിക്കുന്നത്. ഇവയൊന്നും ഇന്ത്യന്‍ ജനാധിപത്യത്തിന് ഉപകാരപ്പെടുന്നതല്ല. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതല്ല എന്നതാണ് ഒന്നാമത്തെ കാര്യം.

രണ്ടാമത്തേത് ഈ സഭയില്‍ നടന്നിട്ടുള്ള വിഷയങ്ങള്‍ നോക്കിയാല്‍ വര്‍ഷകാല സമ്മേളനത്തിന്റെ ആരംഭം മുതല്‍ പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെടുന്നതാണ് അടിയന്തര പ്രമേയം എന്ന നിലയില്‍ 267 പരിഗണിച്ചുകൊണ്ട് വിലക്കയറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തണം എന്നത്.

വിലക്കയറ്റം രാജ്യത്തിന്റെ എല്ലാ മേഖലയിലെയും ജനങ്ങളെ ബാധിക്കുന്നതാണ്. പാചകവാതകത്തിന്റെ വില വീണ്ടും വീണ്ടും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രാദേശിക വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ കൂടുതല്‍ ഉയര്‍ന്ന വിലകൊടുക്കേണ്ട സാഹചര്യവുമുണ്ട്. മലയോര മേഖലയിലുള്ളവരൊക്കെ വലിയ വില കൊടുത്താണ് പാചക വാതകം വീട്ടിലെത്തിക്കുന്നത്.

ഇതിനോടൊപ്പം തന്നെ തൊഴില്‍ ഇല്ലായ്മ രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അഗ്നിപഥ് പോലുള്ള വിഷയങ്ങളും പ്രതിപക്ഷം ഉയര്‍ത്തപ്പെടുകയുണ്ടായി. ഇങ്ങനെ നിരവധിയായ ജനകീയ വിഷയങ്ങളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉയര്‍ത്തപ്പെട്ടത്. ഈ വിഷയങ്ങളുടെ മുകളില്‍ ഒരു ചര്‍ച്ചയും നടത്താന്‍ തയ്യാറാകുന്നില്ല എന്ന് മാത്രമല്ല ജനാധിപത്യത്തോടുള്ള അങ്ങേയറ്റം അനാദരവാണ് കാണിക്കുന്നത്.

ജനാധിപത്യത്തെ കുഴിച്ചുമൂടുന്നതിനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമാണിത്. ഇന്ത്യന്‍ ജനാധിപത്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിരയാകെ രാജ്യസഭയിലും ലോക്‌സഭയിലും പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായിട്ടാണ് ഇവിടെ തെറ്റായ നിലയില്‍ എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടുള്ള സസ്‌പെന്‍ഷന്‍ ഉണ്ടായിരിക്കുന്നത്.

പാര്‍ലമെന്ററി സംവിധാനത്തില്‍ മാനിക്കേണ്ട ഘടകങ്ങളെയും വ്യക്തികളെയുമെല്ലാം പരിഗണിക്കുക എന്നുള്ളതും അതിന് അനുസരിച്ച് പെരുമാറുക എന്നുള്ളതും ഒരു ഉയര്‍ന്ന ജനാധിപത്യ ബോധത്തിന്റെ ഭാഗമായി രൂപപ്പെട്ട് വരുന്നതാണ്. പക്ഷേ ആ ജനാധിപത്യ ബോധം ബിജെപി സര്‍ക്കാരില്‍ നിന്ന് നമ്മള്‍ നാളിതുവരെ കാണുന്നല്ല. പ്രതിപക്ഷ നിരയിലുള്ള ആളുകള്‍ക്ക് ഇരിപ്പിടം നല്‍കുന്ന കാര്യത്തില്‍, അവര്‍ക്ക് ചര്‍ച്ച ചെയ്യാന്‍ സമയം നല്‍കുന്ന കാര്യത്തില്‍ എല്ലാം പ്രതിപക്ഷത്തിന്റെ ഇടപെടലിനെ തടസ്സപ്പെടുത്തികൊണ്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന ചര്‍ച്ചകള്‍ ഇല്ലാതാക്കുകയാണ്. അതിന്റെ ഭാഗമായി തന്നെ വേണം ഈ സസ്‌പെന്‍ഷന്‍ നടപടികളെയും കാണാന്‍.

Related Stories

No stories found.
logo
The Cue
www.thecue.in