ഗോർബച്ചേവ്, അന്തിമാർക്സിന്റെ ഒറ്റ്

ഗോർബച്ചേവ്, അന്തിമാർക്സിന്റെ ഒറ്റ്
Summary

ഗോർബച്ചേവിന്റെ മരണശേഷം സാമൂഹിക മാധ്യമങ്ങളിലും മറ്റും വ്യാപകമായി 'ഗോർബച്ചേവിനെ പോലെ ഒരാൾക്ക് ഒറ്റക്ക് തകർക്കാൻ കഴിയുമായിരുന്ന ഒന്നാണോ സോവിയറ്റ് വ്യവസ്ഥ? എന്തുകൊണ്ട് പാർട്ടിയിലെ മറ്റു സഖാക്കൾക്ക് ഈ അട്ടിമറിയെ തടയാൻ കഴിഞ്ഞില്ല?' തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്.

ഗോര്‍ബച്ചേവിനെക്കുറിച്ച് ശ്രീജിത്ത് ശിവരാമന്‍ എഴുതുന്നു. ലേഖനം ആദ്യഭാഗം

'അന്തിമാര്‍ക്‌സോ? അതെന്ത് സാധനമാ സഖാവേ?' അറോറ മത്തായി ചോദിച്ചു.

'അറോറ സഖാവ് അന്തിക്രിസ്തു എന്താണെന്ന് ബൈബിളിൽ വായിച്ചിട്ടുണ്ടോ? അന്തിക്രിസ്തുവിന്‍റെ തലയിൽ ചില അടയാളങ്ങളൊക്കെ ഉണ്ട്. അറുനൂറ്റി അറുപത്തിയാറ് എന്ന് എഴുതിയിരിക്കും. ഗോര്‍ബച്ചേവിന്‍റെ തലയിലെ മറുക് നീ കണ്ടിട്ടുണ്ടോ പാമീദത്തേ? അതിന് എന്തിന്‍റെ ഷേപ്പാ?'

'എന്തിന്‍റെ ഷേപ്പാ?' അച്ഛനും പാമീദത്തും ഉദ്വേഗത്തോടെ ചോദിച്ചു.

'അത് അമേരിക്കയുടെ മാപ്പാണ്. ഓന്‍റെ തലയിൽ അമേരിക്കയുടെ മാപ്പാണ്. അമേരിക്കയുടെ മാപ്പ് തലയിൽ കൊണ്ടുനടക്കുന്നവന്‍ മാര്‍ക്‌സിസത്തെ തൊലയ്ക്കും. അന്തിമാര്‍ക്‌സ്.'

ആരും ചിരിച്ചില്ല. കാരണം കണ്ണൂര്‍ക്കാരന്‍ സഖാവ് ചിരിപ്പിക്കുവാന്‍ വേണ്ടിയല്ല അതു പറഞ്ഞത്. അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.

(നാലാം ലോകം - എൻ.എസ്. മാധവൻ).

'സോവിയറ്റ് യുണിയന്റേത് ഒരു സ്വാഭാവികമരണമായിരുന്നില്ല. അതൊരു ആത്മഹത്യയായിരുന്നു.'

ഫിദൽ കാസ്ട്രോ

ഗോർബച്ചേവ് മരിച്ചു. കോൺഗ്രസ്സ് നേതാക്കൾ മുതൽ വലതു കമ്മ്യൂണിസ്റ്റുകൾ വരെ ഗോർബച്ചേവിന് അന്ത്യസ്തുതികൾ പാടുന്ന തിരക്കിലാണ്. സോവിയറ്റ് യുണിയന്റേത് അനിവാര്യമായ പതനമായിരുന്നു എന്നും അതിനെ ജനാധിപത്യത്തിന്റെയും സർവാധിപത്യവിരുദ്ധതയുടെയും മാനവികതയുടെയും കാറ്റും വെളിച്ചവും കടത്തിവിട്ട് നവീകരിക്കാനായിരുന്നു ഗോർബച്ചേവ് ശ്രമിച്ചതെന്നും എന്നാൽ ആ ശ്രമത്തിനു പോലും രക്ഷിക്കാൻ കഴിയാത്ത ജീർണതയായിരുന്നു സോവിയറ്റ് യുണിയന്റേത് എന്നുമാണ് ഇവരുടെ പൊതുവാദം. ബുഖാറിൻ മുതൽ ക്രൂഷ്ചേവിലൂടെ ഗോർബച്ചേവിൽ എത്തി നിന്ന സോവിയറ്റ് പരിഷ്കരണവാദികളുടെ ഇന്ത്യൻ പതിപ്പായ വലതു കമ്മ്യൂണിസ്റ്റുകൾ ഗോർബച്ചേവിന്റെ മരണത്തിൽ വിങ്ങിപ്പൊട്ടുന്നതിൽ ആത്മാർത്ഥതയുണ്ട്. അതിനെ അംഗീകരിക്കേണ്ടതാണ്. എന്നാൽ മാർക്സിസം ലെനിനിസത്തെ വിപ്ലവസിദ്ധാന്തമായി കാണുന്നവർക്ക് ഗോർബച്ചേവിന്റെ കാലം സോവിയറ്റ് അട്ടിമറിയിൽ വഹിച്ച പങ്കിനെ വസ്തുനിഷ്ഠമായി വിലയിരുത്തിയേ മതിയാകൂ. അതൊരു വ്യക്തിയോടുള്ള ആദരവിന്റെയോ അനാദരവിന്റെയോ പ്രശ്നമല്ല, മറിച്ച് വരുംകാല സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾക്കുള്ള പാഠം എന്ന നിലയ്ക്കാണ്.

വിപ്ലവാനന്തരം റഷ്യയിൽ നിലനിന്നിരുന്ന പരിഷ്കരണവാദ നിലപാടുകളുടെ സൈദ്ധാന്തികമുഖമായിരുന്നു ബുഖാറിൻ. പൊതുധാരണയിൽ നിന്ന് ഭിന്നമായി സ്റ്റാലിന്റെ കാലത്ത് പോലും വലിയരീതിയിൽ ഉള്ള റിവിഷനിസ്റ്റ് നിലപാടുകളും അതിനെതിരായ സമരങ്ങളും സോവിയറ്റ് പാർട്ടിക്കകത്ത് നടന്നിരുന്നു. സ്റ്റാലിന്റെ മരണശേഷം അധികാരത്തിലെത്തിയ ക്രൂഷ്ചേവ് ഈ റിവിഷനിസ്റ്റ് നിലപാടുകളുടെ ആൾരൂപമായിരുന്നു. സോവിയറ്റ് യൂണിയനിൽ വർഗ്ഗവൈരുദ്ധ്യങ്ങൾ അവസാനിച്ചെന്നും ഇനി തൊഴിലാളിവർഗ്ഗപാർട്ടി ആവശ്യമില്ലെന്നും 'പാർട്ടി എല്ലാ ജനങ്ങളുടെയും പാർട്ടിയാണെന്നും' ക്രൂഷ്ചേവ് പ്രഖ്യാപിച്ചു. ഡീസ്റ്റാലിനൈസേഷൻ എന്ന പേരിൽ റിവിഷനിസ്റ്റ് വിരുദ്ധ കമ്മ്യുണിസ്റ്റുകളെ മുഴുവൻ മൂലയ്ക്കാക്കി. ഈ പ്രവണതകളുടെ ഉത്പന്നമായിരുന്നു ഗോർബച്ചേവ്. സോവിയറ്റ് യൂണിയനിലെ വലതുവ്യതിയാനത്തെ മുഴുവൻ പരാമർശിക്കുക ഇവിടെ സാധ്യമല്ല. അതിനാൽ ഗോർബച്ചേവിയൻ പരിഷ്കാരങ്ങളും അവയുടെ പ്രത്യാഘാതങ്ങളും മാത്രമാണ് ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്.

ചേർണങ്കോയുടെ മരണത്തെ തുടർന്നാണ് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി മിഖായേൽ ഗോർബച്ചേവ് തെരഞ്ഞെടുക്കപ്പെടുന്നത്. 1985 ഏപ്രിലിൽ നടന്ന സിസി പ്ലീനത്തിൽ ഉത്പാദനം പുനഃസംവിധാനം ചെയ്യാനും തീവ്രഗതിയിലാക്കാനുമുള്ള പദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിച്ചു. ഇത്തരം നിലപാടുകൾ ആൻഡ്രോപ്പോവിന്റെ ശരിയായ നിലപാടുകളുടെ തുടർച്ചയായി പാർട്ടിയിലെ റിവിഷനിസ്റ്റ് വിരുദ്ധർ പോലും സ്വീകരിച്ചു. പിൽക്കാലത്ത് ഗോർബച്ചേവിന്റെ കടുത്ത എതിരാളിയും സോവിയറ്റ് അട്ടിമറിക്ക് ശേഷം റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവുമായിരുന്ന ലീഗാച്ചേവിനെ പോലുള്ളവർ പോലും ഈ ഘട്ടത്തിൽ അദ്ദേഹത്തെ പിന്തുണച്ചു. എന്നാൽ പിന്നീട് പതിയെ ഗോർബച്ചേവിന്റെ നിലപാടുകൾ പാർട്ടിയെ തകർച്ചയിലേക്ക് നയിക്കും വിധം അപകടകരമായി.

സോവിയറ്റ് സമൂഹത്തിന്റെ സോഷ്യലിസ്റ്റ് പരിവർത്തന ഘട്ടത്തിലെ പ്രശ്ങ്ങളെക്കുറിച്ച് തന്റെ അവസാന കാലത്ത് സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിരുന്നു എന്നാൽ പിന്നീട് വന്ന ക്രൂഷ്‌ചേവും സംഘവും ഈ മുന്നറിയിപ്പുകൾ പൂർണമായി അവഗണിക്കുകയും 'മുതലാളിത്ത പുനഃസ്ഥാപനം സാധ്യമല്ലാത്ത വിധം സോവിയറ്റ് യൂണിയൻ സോഷ്യലിസ്റ്റ് പാതയിൽ മുന്നേറിയെന്നും അതിനാൽ അതൊരു ജനകീയ ഭരണകൂടമായിരിക്കുന്നു' എന്നും വാദിച്ചു . അത്തരമൊരു ഭരണകൂടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി എന്നത് തൊഴിലാളി വർഗ്ഗപാർട്ടി ആകില്ലെന്നും മറിച്ച് മുഴുവൻ ജനങ്ങളുടെയും പാർട്ടി ആണെന്നും ഭരണവും പാർട്ടിയും ഒന്നാണെന്നും' സ്ഥാപിക്കാൻ ശ്രമിച്ചു. ഇതാകട്ടെ സോവിയറ്റ് യൂണിയനെ പുതിയ പ്രതിസന്ധികളിലേക്ക് നയിച്ചു. ഉത്പാദനം മുരടിച്ചു. കാർഷിക മേഖലയിൽ സ്തംഭനം ഉണ്ടായി. രണ്ടാം സമ്പദ്‌വ്യവസ്ഥ എന്നറിയപ്പെട്ട നിയമവിരുദ്ധ സമാന്തരസംവിധാനം അതിശക്തമായി. ഈ പ്രതിസന്ധിഘട്ടത്തിലാണ് ഗോർബച്ചേവ് അധികാരത്തിലെത്തുന്നത്. 85-87 കാലഘട്ടത്തിൽ ഈ പ്രതിസന്ധിയെ പരിഹരിക്കാനുള്ള തീവ്രശ്രമങ്ങൾക്ക് താൻ നേതൃത്വം നൽകുന്നു എന്ന പ്രതീതിയാണ് അദ്ദേഹം സൃഷ്ടിച്ചത്. ലെനിനിസ്റ്റ് റെട്ടറിക്കുകൾ വൻതോതിൽ വാരിവിതറി. അതിനായി പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കുക എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. 1986 ഫെബ്രുവരിയിലെ ഇരുപത്തിയേഴാം പാർട്ടി കോൺഗ്രസ്സിൽ അൻപതു ശതമാനത്തിലധികം കേന്ദ്രകമ്മിറ്റി അംഗങ്ങളും പുറത്തായി. ക്രൂഷ്‌ചേവിന്റെ സ്റ്റാലിൻ വിരുദ്ധ അട്ടിമറിക്കു ശേഷം ഇത്രയേറെപ്പേർ ഒന്നിച്ചു പുറത്തായത് ആദ്യമായിരുന്നു. എന്നിട്ടും തീരാതെ 1987 ജനുവരിയിൽ നടന്ന കേന്ദ്രകമ്മിറ്റി പ്ലീനത്തിൽ ഗോർബച്ചേവ് ഒരു രേഖ അവതരിപ്പിച്ചു. 'പുനഃസംവിധാനവും പാർട്ടിയുടെ ഭാരവാഹികളെ സംബന്ധിച്ച നയവും' എന്നതായിരുന്നു ആ രേഖയുടെ തലക്കെട്ട്. അതിൽ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു. 'എല്ലാ പാർട്ടിപ്രവർത്തകരും പുനഃസംഘടനയുടേതായ പരീക്ഷണത്തിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ്. എന്നാൽ അവർ വ്യത്യസ്തമായ രീതിയിലാണ് അതിനെ നേരിടുന്നത്. ചില പാർട്ടിനേതാക്കളെ സംബന്ധിച്ചിടത്തോളം പുനഃസംഘടന അത്ര എളുപ്പത്തിൽ സംഭവിക്കില്ല.' എന്നാൽ ക്രൂഷ്‌ചേവിന്റെ കാലത്ത് പോലും നടക്കാത്ത മാറ്റം അടിത്തട്ടിലും നടന്നു. 1987 ആഗസ്ത് ആകുമ്പോഴേക്കും റിപ്പബ്ലിക് പാർട്ടികമ്മിറ്റി ഒന്നാം സെക്രട്ടറിമാരിൽ 14-ൽ 6 പേരും ഒബ്‌ളാസ്റ്റ് കമ്മിറ്റികളിൽ 150-ൽ 75 പേരും റിപ്പബ്ലിക് പാർട്ടി ബ്യൂറോകളിലെ വോട്ടവകാശമുള്ള 163-ൽ 84 പേരും നീക്കം ചെയ്യപ്പെടുകയും റിവിഷനിസ്റ്റുകളാൽ പകരം വെക്കപ്പെടുകയും ചെയ്തു. സിറ്റി കമ്മിറ്റികളിലും ജില്ലാ കമ്മിറ്റികളിലും അമ്പതു ശതമാനത്തിനുമേൽ പാർട്ടിക്ക് പുറത്തായി. എന്നിട്ടും നിയന്ത്രണം പോരാതെ 1941-നു ശേഷം ആദ്യമായി അഖിലയൂണിയൻ കോൺഫറൻസ് വിളിച്ചുചേർക്കാൻ ഗോർബച്ചേവ് കേന്ദ്രകമ്മിറ്റിയിൽ ആവശ്യപ്പെട്ടു. ഏറെ ചർച്ചകൾക്ക് ശേഷം ഈ തീരുമാനം അംഗീകരിക്കപ്പെട്ടു. ഇതാകട്ടെ സോവിയറ്റ് അട്ടിമറിയിലെ പ്രധാന വഴിത്തിരിവായിരുന്നു.

85 മുതൽ തുടങ്ങിയ പെരിസ്‌ട്രോയിക്കയും ഗ്ലാസ്‌നോസ്തും രണ്ടു വർഷങ്ങൾക്കു ശേഷവും ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കിയില്ലെന്നു മാത്രമല്ല സാമ്പത്തികരംഗത്ത് കടുത്ത സ്തംഭനാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. (സോവിയറ്റ് വ്യവസ്ഥയുടെ പരാജയമായി ലിബറലുകൾ ലോകമെമ്പാടും എടുത്താഘോഷിക്കുന്ന കാലിയായ സ്റ്റോറുകളുടെയും നീണ്ട ക്യൂകളുടെയും ചിത്രങ്ങൾ യഥാർത്ഥത്തിൽ ഈ ഗോര്ബച്ചേവിയൻ പരിഷ്കാരങ്ങൾക്കു ശേഷമുള്ളതാണ് എന്നതാണ് വൈരുധ്യം). ഗോർബച്ചേവിന്റെ യഥാർത്ഥ ലക്‌ഷ്യം പുറത്തുകൊണ്ടുവരുന്നതായിരുന്നു അദ്ദേഹം അവതരിപ്പിച്ച രേഖ. പുറമേക്ക് സോവിയറ്റ് ബ്യൂറോക്രസിയെയും ജനാധിപത്യത്തെയുമെല്ലാം നിശിതമായി വിമർശിച്ച ശേഷം അദ്ദേഹം അതിനു കടകവിരുദ്ധമായ ഒരു തീരുമാനം അവിടെ കൈക്കൊണ്ടു. സിപിഎസ് യുവിന്റെ ജനറൽ സെക്രട്ടറിയുടെ പദവിയും ഡെപ്യൂട്ടികളുടെ സമ്മേളനം തെരഞ്ഞടുക്കേണ്ടതായ പ്രസിഡന്റിന്റെ പദവിയും ഒരേ വ്യക്തിയിൽ തന്നെ നിക്ഷിപ്തമാക്കണം എന്ന നിർദ്ദേശമായിരുന്നു അത്. അതോടെ ഈ രണ്ടു പദവികളും ഗോർബച്ചേവിൽ നിക്ഷിപ്‌തമായി. അതേസമയം ഡെപ്യൂട്ടികളുടെ തെരഞ്ഞടുപ്പാകട്ടെ കൂടുതൽ സങ്കീർണവുമാക്കി. അതായത് എല്ലാ തലത്തിലുമുള്ള സെക്രട്ടറിമാരും തങ്ങളുടെ പദവിയിൽ തുടരാൻ തെരഞ്ഞടുപ്പിനെ നേരിടണം എന്നാൽ ഗോർബച്ചേവിന് മാത്രം ഇത് ബാധകമല്ല എന്ന അവസ്ഥ വന്നു. അതായത് കമ്മുണിസ്റ്റ് പാർട്ടിയുടെ കേന്ദ്രീകൃതജനാധിപത്യത്തിനെതിരെ രംഗത്ത് വന്ന ഗോർബച്ചേവ് തന്നെ അധികാരങ്ങൾ തന്നിൽ കേന്ദ്രീകരിക്കുന്ന നിലയുണ്ടായി.

ഗോർബച്ചേവിന്റെ മരണശേഷം സാമൂഹിക മാധ്യമങ്ങളിലും മറ്റും വ്യാപകമായി 'ഗോർബച്ചേവിനെ പോലെ ഒരാൾക്ക് ഒറ്റക്ക് തകർക്കാൻ കഴിയുമായിരുന്ന ഒന്നാണോ സോവിയറ്റ് വ്യവസ്ഥ? എന്തുകൊണ്ട് പാർട്ടിയിലെ മറ്റു സഖാക്കൾക്ക് ഈ അട്ടിമറിയെ തടയാൻ കഴിഞ്ഞില്ല?' തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്. മേൽവിവരിച്ച വിധം സോവിയറ്റ് പാർട്ടിയിൽ ഗോർബച്ചേവ് എത്ര സമർത്ഥമായാണ് ആധിപത്യം ഉറപ്പിച്ചതെന്നു മനസിലാക്കിയാൽ ഈ ചോദ്യത്തിന്റെ ഭാഗികഉത്തരമാകും. ലീഗാച്ചേവ് ഉൾപ്പെടെയുള്ള മാർക്സിസ്റ്റ് ലെനിനിസ്റ്റുകളെ പൂർണമായും വെട്ടിനിരത്തിയായിരുന്നു ഗോർബച്ചേവിന്റെ പരിഷ്‌കാരങ്ങൾ. 1988 മെയ് 7-ന് ഗോർബച്ചേവ് മറ്റൊരു നിർദ്ദേശം കൂടി നൽകി. 'തൊഴിലാളികൾ കർഷകർ വനിതകൾ തുടങ്ങിയ ക്വോട്ട അടിസ്ഥാനത്തിലല്ല ഇനി പാർട്ടി സമ്മേളങ്ങളിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കേണ്ടത്. മറിച്ച് പെരിസ്‌ട്രോയിക്കക്ക് പൂർണ പിന്തുണ നൽകുന്നവരെ മാത്രമാണ് സമ്മേളനങ്ങളിലേക്ക് അയക്കേണ്ടത്.' അതായത് വർഗ്ഗപരവും പ്രാദേശികവും ലിംഗപരവുമായ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള എല്ലാ ക്വോട്ടയും നിർത്തലാക്കി, പകരം തന്റെ നയങ്ങളുടെ സ്തുതിപാഠകർ മാത്രം സമ്മേളനങ്ങളിൽ മതിയെന്ന നിർദ്ദേശം വന്നു. 1990 ജൂലൈ മാസം നടന്ന പാർട്ടി കോൺഗ്രസ്സിൽ വെറും 14 % ആയിരുന്നു തൊഴിലാളി പ്രാതിനിധ്യം എന്നറിയുമ്പോഴാണ് ഈ നയത്തിന്റെ തീവ്രത മനസ്സിലാവുക. അതായിരുന്നു കൊട്ടിഘോഷിക്കപ്പെട്ട ഗോർബച്ചേവിയൻ ജനാധിപത്യം. അപ്പോഴും ഉയരാവുന്ന മറ്റൊരു ചോദ്യം, എന്തുകൊണ്ട് പൊതുസമൂഹം ഈ അട്ടിമറിയെ എതിർക്കാനും പാർട്ടിയെ സംരക്ഷിക്കാനും രംഗത്തു വന്നില്ല എന്ന പ്രസക്തമായ ചോദ്യമാണ്. ലിബറലുകളുടെയും വിനോദന്മാരുടെയും രോദനം പോലെ ദുരിതമയമായിരുന്നോ സോവിയറ്റ് ജീവിതം?

വിപ്ലവകാലത്ത് അമേരിക്കയുടെ പത്തിലൊന്നു മാത്രം വ്യവസായവത്കൃതമായിരുന്ന സോവിയറ്റ്സമൂഹം വെറും അൻപത് കൊല്ലം കൊണ്ട് അമേരിക്കയുടെ 85% വ്യവസായവത്കൃതമായ സമൂഹമായി മാറി. തൊഴിലും വിദ്യാഭ്യാസവും ആരോഗ്യവും സകല മനുഷ്യർക്കും ഉറപ്പാക്കാൻ കഴിഞ്ഞ മറ്റൊരു സമൂഹവും മനുഷ്യചരിത്രത്തിൽ ഇല്ല. അങ്കണവാടികൾ മുതൽ ഗവേഷക വിദ്യാഭ്യാസം വരെ സൗജന്യവും സ്റ്റൈപ്പെൻഡുകളോട് കൂടിയായതുമായിരുന്നു. ഡോക്ടർമാരുടെ നിരക്ക് അമേരിക്കയുടെ ഇരട്ടിയായിരുന്ന സോവിയറ്റ് യൂണിയനിൽ ഏത് ചികിത്സയും സൗജന്യവുമായിരുന്നു. എല്ലാ തൊഴിലാളികൾക്കും പൊതുഅവധികൾ കൂടാതെ ഏതാണ്ട് ഒരു മാസം വെക്കേഷൻ പ്രദാനം ചെയ്ത ഒരു വ്യവസ്ഥയെ ഇക്കാലത്ത് നമുക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? ഗാർഹിക ബജറ്റിന്റെ 3% ൽ താഴെയായിരുന്നു ശരാശരി വാടക. യുനെസ്‌കോയുടെ നിരീക്ഷണ പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കുകയും സിനിമകൾ കാണുകയും ചെയ്തിരുന്നത് സോവിയറ്റ് പൗരന്മാരായിരുന്നു. 1983-ൽ സോവിയറ്റ് യൂണിയനിലെ ഏറ്റവും ഉയർന്ന ശമ്പളം ഒരു ശരാശരി തൊഴിലാളിയുടെ കൂലിയുടെ 10 ഇരട്ടി മാത്രമായിരുന്നു. എന്നാൽ അമേരിക്കയിൽ അത് ഇതേ കാലയളവിൽ 115 ഇരട്ടിയായിരുന്നു (1990 ൽ അമേരിക്കയിൽ ഈ അന്തരം 480 മടങ്ങായി വർദ്ധിച്ചു). ബഹിരാകാശ പഠന രംഗത്തും ശാസ്ത്ര സാങ്കേതികവിദ്യയിലും കലയിലും സ്പോർട്സിലും സിനിമയിലുമെല്ലാം സോവിയറ്റ് യൂണിയൻ കൈവരിച്ച നേട്ടങ്ങൾ പ്രത്യകിച്ച് കുറിക്കേണ്ടതില്ല. ഇതിനർത്ഥം പരിമിതികൾ ഉണ്ടായിരുന്നില്ല എന്നല്ല, അറുപതുകൾക്കു ശേഷം ഉത്പാദനത്തിൽ കൃഷിയിൽ എല്ലാം മാന്ദ്യം ഉണ്ടായി. രണ്ടാം സമ്പദ്‌വ്യവസ്ഥ എന്ന് വിശേഷിപ്പിക്കുന്ന കരിഞ്ചന്ത പോലുള്ള ഉത്‌പാദന, വിതരണ സമ്പ്രദായം ശക്തമായി. ഇതാകട്ടെ സാമ്പത്തികഅസമത്വവും പുതിയ ഉപഭോഗആസക്തിയും സൃഷ്ടിച്ചു. ഈ പരിമിതികളോടുള്ള എതിർപ്പ് സമൂഹത്തിൽ നിലനിന്നിരുന്നു. ആ എതിർപ്പിനെ ഊതിക്കത്തിച്ചാണ് തന്റെ റിവിഷനിസ്റ്റ് നിലപാടുകൾക്ക് ഗോർബച്ചേവ് പിന്തുണ നേടാൻ ശ്രമിച്ചത്. അതിനുപയോഗിച്ചതാകട്ടെ, സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള മാധ്യമസംവിധാനങ്ങളെയും.

1985-ൽ അലക്‌സാണ്ടർ യാക്കോവ്ലെവിനെ പാർട്ടി പ്രൊപ്പഗണ്ടാസമിതിയുടെ നേതൃത്വത്തിൽ ഗോർബച്ചേവ് നിയമിച്ചു. 1958-59 കാലത്ത് അമേരിക്കയിലെ കൊളമ്പിയ സർവകലാശാലയിൽ പഠിച്ച അദ്ദേഹം പിന്നീട് കാനഡയിൽ സോവിയറ്റ് അംബാസിഡർ ആയിരുന്നു. മുതലാളിത്തലോകത്തിന്റെ കടുത്ത പ്രശംസകനായി അറിയപ്പെട്ട അദ്ദേഹം ഗോർബച്ചേവ് കാലത്ത് മാധ്യമങ്ങളുടെ സർവമേൽനോട്ടം വഹിച്ചു. പാർട്ടി നിയന്ത്രണത്തിലെ സകല പ്രസിദ്ധീകരണങ്ങളിലും അതുവരെ പാർട്ടിവിരുദ്ധനായി അറിയപ്പെട്ടിരുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകരെ നിയമിക്കുകയും പാർട്ടി അനുഭാവികളെ നീക്കം ചെയ്യുകയും ചെയ്തു. 'പാർട്ടിക്ക് യാതൊരു സവിശേഷ അധികാരവുമില്ല' എന്നദ്ദേഹം പ്രഖ്യാപിച്ചു. സ്റ്റാലിൻ വിരുദ്ധസാഹിത്യം തെരഞ്ഞുപിടിച്ച് പ്രസിദ്ധീകരിക്കാൻ പ്രത്യേക പ്രോത്സാഹനം നൽകി. യഥാർത്ഥത്തിൽ ഈ സ്റ്റാലിൻ വിരുദ്ധസാഹിത്യം എന്നത് പാർട്ടിയെയും ലെനിനിസത്തെയും വിമർശിക്കാനുള്ള ഒരു മറ മാത്രമായിരുന്നു, അന്നും ഇന്നും! ഗോർബച്ചേവിന്റെ പരിഷ്കാരങ്ങളെ എതിർക്കുന്ന പാർട്ടിനേതാക്കളെല്ലാം 'യാഥാസ്ഥിതിക സ്റ്റാലിനിസ്റ്റുകളായി' പാർട്ടി മാധ്യമങ്ങളിലൂടെ ഇകഴ്ത്തപ്പെട്ടു. പലപ്പോഴും അവരുടെ വ്യക്തിജീവിതത്തെ പോലും ആക്രമിക്കുന്ന അവസ്ഥയുണ്ടായി. അതുകൊണ്ട്തന്നെ പലരും നിശബ്ദത പാലിച്ചു. ചരിത്രകാരൻ സ്റ്റീഫൻ കോട്ട്കിൻ നിരീക്ഷിക്കുന്നത് പോലെ, സോഷ്യലിസ്റ്റ് വിരുദ്ധർക്കും സോഷ്യലിസ്റ്റ് പരിഷ്കരണവാദികൾക്കും യോജിക്കാനുള്ള പ്ലാറ്റ്ഫോം ആയി സ്റ്റാലിൻ വിമർശനം മാറി. ഈ മാധ്യമബുദ്ധിജീവികളുടെയും യാക്കോവ്ലെവിന്റെയും ഇടപെടലുകൾ പതിയെപ്പതിയെ തനി ലിബറൽ പാതയിലേക്കുള്ള റെട്ടറിക്കുകൾ ഗോർബച്ചേവിനു തന്നെ സംഭാവന ചെയ്യുന്ന അവസ്ഥയുണ്ടായി . സാർവത്രിക മാനവിക മൂല്യം, സോഷ്യലിസ്റ്റ് ചോയ്സ്, സാർവത്രികജനാധിപത്യം, നമ്മുടെ പൊതു യൂറോപ്യൻ തറവാട് തുടങ്ങിയ പൊള്ളയായ വാക്കുകൾ (ഇപ്പോൾ സമൂഹിക മാധ്യമ പോസ്റ്റുകളിൽ കാണുന്ന അതേ വാക്കുകൾ) പാർട്ടിവേദികളിൽ സ്ഥാനം പിടിച്ചു. അമേരിക്കൻ ജേണലിസ്റ്റായ റോബർട്ട് കൈസർ ഈ കാലത്തെ നിരീക്ഷിച്ചത് ഇങ്ങനെയാണ്. 'ഗോർബച്ചേവ്, യാക്കോവ്ലെവ്, ഷെവർനദ്സെ എന്നിവരുടെ സംഘം പാർട്ടിയിലെ അവരുടെ എതിരാളികളേക്കാൾ വിഭവങ്ങളും സാധ്യതകളും ഉള്ളവരായിരുന്നു. 87 അവസാനത്തോടെ പിഞ്ഞാണക്കടയിൽ കോപ്പകൾ ആഹ്ലാദപൂർവം എറിഞ്ഞുടക്കുന്ന വികൃതിപ്പിള്ളേരെപ്പോലെ അവർ ഈ നശീകരണത്ത ആസ്വദിച്ചു'.

സോവിയറ്റ് യൂണിയനിലെ സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന മൈക്ക് ഡേവിഡോ എന്ന അമേരിക്കൻ ഇടതുപക്ഷ പത്രപ്രവർത്തകൻ 1990 ഡിസംബറിൽ എഴുതി. 'ടി വിയിലും ദിനപ്പത്രങ്ങളിലും വാരികകളിലും പ്രത്യക്ഷപ്പെടുന്ന സോഷ്യലിസ്റ്റ് വിരുദ്ധ, സോവിയറ്റ് വിരുദ്ധ, പാർട്ടിവിരുദ്ധ പ്രചാരണത്തിന്റെ മേൽനോട്ടം വഹിക്കുന്നത് പാർട്ടി തന്നെയാണെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നും. പാർട്ടി നേരിട്ടും സംഘടനയിലെ അംഗങ്ങളിലൂടെയും നടത്തിയിരുന്ന പത്രങ്ങളുടെയും വാരികകളുടെയും മാസികയുടെയും നേതൃത്വം പിടിച്ചെടുക്കാൻ പാർട്ടി വിരുദ്ധർക്ക് അവസരം നൽകിയിരിക്കുന്നു. ഇവിടെ നടപ്പാക്കപ്പെടുന്ന ഗ്ലാസ്‌നോസ്തും പെരിസ്‌ട്രോയിക്കയും ഈ വിധമുള്ളതാണ്. പടിഞ്ഞാറൻ ബൂർഷ്വാ പാർട്ടികൾക്കും അമേരിക്കയിലെ റിപ്പബ്ലിക്കുകൾക്കു പോലും ഇത് ഉൾക്കൊള്ളാൻ പ്രയാസമായിരിക്കും.'

എങ്കിലും ചില ചോദ്യങ്ങൾ ബാക്കിയാകും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുമ്പു മറയ്ക്കുള്ളിലേക്ക് ജനാധിപത്യത്തിന്റെയും മാനവികതയുടെയും കാറ്റും വെളിച്ചവും കടത്തിവിടാനല്ലേ ഗോർബച്ചേവ് ഇതെല്ലാം ചെയ്തത്? എല്ലാത്തരം സർവാധിപത്യങ്ങളും എതിർക്കപ്പെടേണ്ടതല്ലേ? ജനാധിപത്യമല്ലേ ഏറ്റവും സാർത്ഥകമായ സാമൂഹിക വ്യവസ്ഥ? തുടങ്ങിയ ലിബറൽ ചോദ്യങ്ങൾ. തീർച്ചയായും അതിനുത്തരം തേടാനായി ജനാധിപത്യം, തൊഴിലാളിവർഗ്ഗ സർവാധിപത്യം, സോവിയറ്റ് യുണിയനിലെയും സോവിയറ്റാനാന്തര റഷ്യയിലെയും ജീവിതാവസ്ഥകളുടെ താരതമ്യം, ലോകസമാധാനത്തിൽ ശീതയുദ്ധത്തിന്റെ അവസാനം ഉണ്ടായ മെച്ചം തുടങ്ങിയ ചോദ്യങ്ങളെ വസ്തുനിഷ്ഠമായി പരിശോധിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമമാകും അടുത്ത ഭാഗത്തിൽ.

Related Stories

No stories found.
logo
The Cue
www.thecue.in