ഋതുപര്‍ണോ ഘോഷ്: കാലത്തിനും ചരിത്രത്തിനുമുള്ള മറുപടികള്‍

ഋതുപര്‍ണോ ഘോഷ്: കാലത്തിനും ചരിത്രത്തിനുമുള്ള മറുപടികള്‍
#RituparnoGhosh

ധീരമായ പ്രമേയങ്ങളും കാവ്യാത്മകമായ ആഖ്യാനശൈലിയും കൊണ്ട് തിരശ്ശീലകളെ പ്രകമ്പനം കൊള്ളിച്ച് ഒരു കൊടുങ്കാറ്റു പോലെ കടന്നു വരികയും തികച്ചും അപ്രതീക്ഷിതമായി കാലയവനികയ്ക്കുള്ളില്‍ മറയുകയും ചെയ്ത ഋതുപര്‍ണോ ഘോഷ് ഇന്‍ഡ്യന്‍ സിനിമയിലെ പരിവര്‍ത്തനത്തിന്‍റെ വസന്തം തന്നെയായിരുന്നു. തൊണ്ണൂറുകളില്‍ ബംഗാളി സിനിമ ഒരു മാറ്റത്തിനു കാത്തുനില്‍ക്കുമ്പോഴായിരുന്നു ഋതുപര്‍ണോ ഘോഷിന്‍റെ സിനിമാപ്രവേശം. കൃത്യമായി പറഞ്ഞാല്‍ സത്യജിത് റേ മരിച്ച 1992-ല്‍. റേയുടെയും ഋത്വിക് ഘട്ടക്കിന്‍റെയും മൃണാള്‍ സെന്നിന്‍റെയുമൊക്കെ തലമുറ പിന്‍വാങ്ങിക്കഴിഞ്ഞിരുന്നു. ബംഗാളിലെ നാഗരിക മദ്ധ്യവര്‍ഗ്ഗം സിനിമാശാലകളില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു. ബംഗാളി സിനിമ അതുവരെ കാത്തുസൂക്ഷിച്ചിരുന്ന മഹത്തായ പാരമ്പര്യത്തെ അവഹേളിക്കുന്ന തരത്തിലുള്ള നിലവാരം കുറഞ്ഞ ചലച്ചിത്രങ്ങള്‍ പുറത്തുവന്നുകൊണ്ടിരുന്നു. ബംഗാളി സിനിമാവ്യവസായം തന്നെ മാന്ദ്യത്തിലായിരുന്നു. ഇടത്തരക്കാരുടെ കുടുംബബന്ധങ്ങളെയും ആകുലതകളെയും പ്രതീക്ഷകളെയും പ്രണയങ്ങളെയും സൂക്ഷ്മമായി വിശകലനം ചെയ്ത ഘോഷിന്‍റെ ആദ്യകാലചിത്രങ്ങളെ സാധാരണക്കാരായ പ്രേക്ഷകര്‍ ആഹ്ലാദപൂര്‍വ്വം സ്വീകരിച്ചു.

#RituparnoGhosh
#RituparnoGhosh

ബംഗാളിലെ ശ്രേഷ്ഠരായ സംവിധായകര്‍ക്കും ആഗോളീകരണാനന്തര തലമുറയ്ക്കും ഇടയില്‍ നിലനിന്നിരുന്ന വലിയ അകലം ഋതുപര്‍ണോ ഘോഷ് തന്‍റെ അനുപമമായ ചലച്ചിത്രങ്ങളിലൂടെ ഇല്ലാതാക്കി. വ്യത്യസ്തമായ കാഴ്ചപ്പാടുകളുമായി വേറിട്ട ചാലുകളിലൂടെ സഞ്ചരിക്കാനാഗ്രഹിച്ച പുതിയ തലമുറയിലെ സംവിധായകര്‍ക്ക് ധൈര്യം പകര്‍ന്നുകൊടുക്കുകയായിരുന്നു ഘോഷ്. എല്ലാ അര്‍ത്ഥത്തിലും ഇന്‍ഡ്യന്‍ സിനിമയിലെ ലക്ഷണമൊത്ത ന്യൂ ജെനറേഷന്‍ ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. അടിസ്ഥാനപരമായി മികച്ചൊരു കഥപറച്ചിലുകാരനായിരുന്ന ഘോഷ് ബംഗാളിന്‍റെ സമൃദ്ധമായ സാഹിത്യപാരമ്പര്യത്തെ സങ്കീര്‍ണ്ണമായ ആധുനിക ജീവിതയാഥാര്‍ത്ഥ്യങ്ങളുമായി കൂട്ടിയിണക്കി. ഏതു ഭാഷയിലെയും സാഹിത്യകൃതികളില്‍ ആവിഷ്കൃതമായിരിക്കുന്ന ജീവിതമുഹൂര്‍ത്തങ്ങള്‍ സാര്‍വ്വലൗകികമാണെന്ന് ഘോഷിന്‍റെ സിനിമകള്‍ വിളിച്ചു പറഞ്ഞു. അതിസാധാരണമെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന സന്ദര്‍ഭങ്ങളെപ്പോലും അസാധാരണമായ ഉള്‍ക്കാഴ്ച്ചയോടെ തിരശ്ശീലയില്‍ അവതരിപ്പിക്കാനുള്ള ഉല്‍കൃഷ്ടമായ ചലച്ചിത്രാവബോധം അദ്ദേഹം എല്ലാ സിനിമകളിലും പ്രകടിപ്പിച്ചിരുന്നു. 1992-ല്‍ പുറത്തുവന്ന ഹിരേര്‍ അങ്തി മുതല്‍ മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ് ചിത്രീകരണം പൂര്‍ത്തിയാക്കിയ സത്യാന്വേഷി വരെ, രണ്ടു ദശാബ്ദം നീണ്ടു നിന്ന ചലച്ചിത്ര ജീവിതത്തില്‍ അദ്ദേഹം സംവിധാനം ചെയ്ത ഇരുപതു ചിത്രങ്ങളും ഏതെങ്കിലും തരത്തില്‍ സവിശേഷതകളുള്ളവയായിരുന്നു.

#RituparnoGhosh
#RituparnoGhoshPicasa
ഇന്‍ഗ്രിഡ് ബര്‍ഗ്മാനും ലിവ് ഉള്‍മാനും അമ്മയും മകളുമായി വേഷമിട്ട ഓട്ടം സൊണാറ്റയെ ഋതുപര്‍ണോ ഘോഷ് പുനരവതരിപ്പിച്ചപ്പോള്‍ അപര്‍ണ സെന്നും ദേബശ്രീ റോയിയും മുഖ്യകഥാപാത്രങ്ങളായി. ഋതുപര്‍ണോ ഘോഷ് കാലത്തിനും ചരിത്രത്തിനും ചില മറുപടികള്‍ കൊടുക്കുകയായിരുന്നു.

സ്ത്രീ കഥാപാത്രങ്ങളെയും സ്ത്രീകളുടെ മനശ്ശാസ്ത്രത്തെയും ആഴത്തില്‍ പഠിച്ചിരുന്ന ഘോഷിന്‍റെ ചിത്രങ്ങളുമായി സഹകരിച്ച അഭിനേത്രികള്‍ അവരുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ദേശീയതലത്തില്‍ ബഹുമതികള്‍ നേടുകയും ചെയ്തു. ദേബശ്രീ റോയ് (ഉനിഷേ ഏപ്രില്‍), ഇന്ദ്രാണി ഹല്‍ദെര്‍, റിതുപര്‍ണ സെന്‍ഗുപ്ത (ദഹന്‍), കിരണ്‍ ഖേര്‍, സുദീപ്ത ചക്രബര്‍ത്തി (ബാരിവാലി), രാഖി (ശുഭോ മുഹൂരത്), അനന്യ ചാറ്റര്‍ജി (അബോഹോമാന്‍) എന്നിവര്‍ ഘോഷിന്‍റെ ചിത്രങ്ങളിലൂടെ ദേശീയതലത്തില്‍ പുരസ്കാരങ്ങള്‍ നേടിയ നടിമാരാണ്. കച്ചവടസിനിമകളില്‍ അഭിരമിച്ചിരുന്ന ഋതുപര്‍ണ സെന്‍ ഗുപ്ത എന്ന നടിയുടെ പ്രതിച്ഛായ മാറിയത് ഘോഷിന്‍റെ ദഹന്‍ എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ്. ഇന്ദ്രാണി ഹല്‍ദറിനൊപ്പം ആ ചിത്രത്തില്‍ അവര്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് പങ്കിട്ടു. ബംഗാളി സിനിമയിലെ ഇതിഹാസതാരമായ സുചിത്ര സെന്നിന്‍റെ മകള്‍ റൈമ സെന്നിന്‍റെ അഭിനയജീവിതത്തിലെ വഴിത്തിരിവായി ഘോഷിന്‍റെ ഛോക്കെര്‍ ബാലി എന്ന സിനിമയിലെ വേഷം. ഷര്‍മ്മിള ടാഗോര്‍, നന്ദിത ദാസ് (ശുഭോ മുഹുരത്), അപര്‍ണ സെന്‍ (ഉനിഷെ ഏപ്രില്‍), ഐശ്വര്യ റായ് (ഛോക്കെര്‍ ബാലി, റെയ്ന്‍ കോട്ട്), മനീഷ കൊയ്രാള (ഖേല), പ്രീതി സിന്‍റ (ദി ലാസ്റ്റ് ലിയര്‍), ബിപാഷ ബസു (ശുഭ് ചരിത്രോ കാല്‍പൊനിക്) എന്നിവരും ഘോഷിന്‍റെ സിനിമകളില്‍ തിളങ്ങിയ നടിമാരാണ്. അമിതാഭ് ബച്ചന്‍, അര്‍ജ്ജുന്‍ രാംപാല്‍ (ദ ലാസ്റ്റ് ലിയര്‍), ജാക്കി ഷ്റോഫ്, അഭിഷേക് ബച്ചന്‍ (അന്തര്‍ മഹല്‍), അജയ് ദേവ്ഗണ്‍ (റെയ്ന്‍ കോട്ട്) തുടങ്ങിയ ബോളിവുഡ് താരങ്ങളും ഘോഷിന്‍റെ സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു.സാഹിത്യസൃഷ്ടികളെ ആസ്പദമാക്കിയുള്ള ഘോഷിന്‍റെ ചിത്രങ്ങളെല്ലാം ശ്രദ്ധേയങ്ങളായി. ശിശിരേന്ദു മുഖോപാദ്ധ്യായയുടെ നോവലിനെ അധികരിച്ചാണ് ആദ്യചിത്രമായ ഹിരേര്‍ ആങ്തി അദ്ദേഹം സംവിധാനം ചെയ്തത്.

#RituparnoGhosh
#RituparnoGhosh

സുചിത്ര ഭട്ടാചാര്യയുടെ നോവലില്‍ നിന്ന് ദഹന്‍, രവീന്ദ്രനാഥ ടാഗോറിന്‍റെ കൃതികളില്‍ നിന്ന് ഛോക്കെര്‍ ബാലിയും നൗകാ ഡൂബിയും, ഒ. ഹെന്‍റിയുടെ ദി ഗിഫ്റ്റ് ഓഫ് ദ മെജൈ എന്ന ചെറുകഥയില്‍ നിന്ന് റെയ്ന്‍ കോട്ട് തുടങ്ങിയ ചിത്രങ്ങള്‍ ഘോഷ് അണിയിച്ചൊരുക്കി. വിശ്വപ്രസിദ്ധ കുറ്റാന്വേഷണ നോവലിസ്റ്റ് അഗത ക്രിസ്റ്റിയുടെ ദി മിറര്‍ ക്രാക്ക്ഡ് ഫ്രം സൈഡ് റ്റു സൈഡ് എന്ന നോവലിനെ പൂര്‍ണ്ണമായും സ്ത്രീപക്ഷത്തുനിന്ന് വ്യാഖ്യാനിച്ചുകൊണ്ട് ഘോഷ് സംവിധാനം ചെയ്ത ചിത്രമാണ് ശുഭോ മുഹൂരത്. ഒരു സാഹിത്യസൃഷ്ടിക്ക് എങ്ങനെ തീര്‍ത്തും സ്വതന്ത്രമായ ചലച്ചിത്രവ്യാഖ്യാനം നല്‍കാം എന്നതിനുള്ള മികച്ച ഉദാഹരണം കൂടിയാണ് ഈ സിനിമ.

അഗത ക്രിസ്റ്റിയുടെ ജനപ്രിയ കഥാപാത്രമായ മിസ് മാര്‍പ്പിള്‍ എന്ന സ്വതന്ത്ര കുറ്റാന്വേഷകയെ ഒരു സാധാരണ ബംഗാളി അമ്മായിയാക്കി അവതരിപ്പിച്ച ഘോഷിന്‍റെ ഭാവനയെ പ്രണമിച്ചേ തീരൂ. ഈ കഥാപാത്രത്തെ അവതരിപ്പിച്ച രാഖിക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതില്‍ അത്ഭുതമൊന്നുമില്ല.ഘോഷിന്‍റെ ആദ്യകാല ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഉനിഷെ ഏപ്രില്‍ വിശ്വവിഖ്യാത സ്വീഡിഷ് ചലച്ചിത്രകാരന്‍ ഇങ്മര്‍ ബര്‍ഗ്മാന്‍റെ ഓട്ടം സൊണാറ്റ എന്ന സിനിമയുടെ സ്വതന്ത്ര റീമേക്ക് ആണ്. കലാജീവിതത്തിന്‍റെ ഉയരങ്ങള്‍ കീഴടക്കിയ സരോജിനി എന്ന നര്‍ത്തകിയും അവരുടെ മകള്‍ അദിതിയും തമ്മിലുള്ള ബന്ധത്തിന്‍റെ മനശ്ശാസ്ത്രപരമായ വിശകലനമാണ് ഉനിഷെ ഏപ്രില്‍. ഇന്‍ഗ്രിഡ് ബര്‍ഗ്മാനും ലിവ് ഉള്‍മാനും അമ്മയും മകളുമായി വേഷമിട്ട ഓട്ടം സൊണാറ്റയെ ഋതുപര്‍ണോ ഘോഷ് പുനരവതരിപ്പിച്ചപ്പോള്‍ അപര്‍ണ സെന്നും ദേബശ്രീ റോയിയും മുഖ്യകഥാപാത്രങ്ങളായി. ഋതുപര്‍ണോ ഘോഷ് കാലത്തിനും ചരിത്രത്തിനും ചില മറുപടികള്‍ കൊടുക്കുകയായിരുന്നു.

ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ചരിത്രത്തെയും വര്‍ത്തമാനകാല സമസ്യകളെയും ഘോഷ് ധീരമായി അഭിമുഖീകരിച്ചിട്ടുണ്ട്. ഇരുപതു വര്‍ഷം നീണ്ട ചലച്ചിത്രജീവിതത്തിനിടെ അനന്യസാധാരണമായ നിരീക്ഷണപാടവത്തോടെ ഇന്‍ഡ്യന്‍ യാഥാര്‍ത്ഥ്യങ്ങളെ ആവിഷ്കരിക്കുകയായിരുന്നു അദ്ദേഹം - സാഹിത്യം, രാഷ്ട്രീയം, കൊളോണിയലിസം, അന്ധവിശ്വാസം, സ്ത്രീപീഡനം, ലിംഗരാഷ്ട്രീയത്തിലെ അസമത്വം, എല്ലാത്തരത്തിലുമുള്ള ലൈംഗികത..അങ്ങനെ ഒരു സമകാലിക ഇന്‍ഡ്യന്‍ സംവിധായകനും സ്വപ്നം കാണാന്‍ പോലും കഴിയാത്ത വിഷയവൈവിദ്ധ്യം.

ചിത്രാംഗദയില്‍ ഭീകരമാം വിധം ഏകാന്തതയനുഭവിക്കുന്ന രുദ്ര ചാറ്റര്‍ജിയെ അവതരിപ്പിക്കുമ്പോള്‍ എന്തായിരുന്നിരിക്കാം, ഇന്‍ഡ്യന്‍ സിനിമയിലെ ഏകാന്തപഥികരില്‍ ഒരാളായിരുന്ന ഋതുപര്‍ണോ ഘോഷിന്‍റെ മനസ്സില്‍?

ഇന്‍ഡ്യയിലെ മദ്ധ്യവര്‍ഗ്ഗ സിനിമാപ്രേക്ഷകരെ തുടക്കം മുതല്‍ത്തന്നെ കയ്യിലെടുത്ത ഘോഷ് പിന്നീട് ആരും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള ആക്രമണോത്സുകതയോടെ സ്വന്തം ലൈംഗികസ്വത്വം വെളിപ്പെടുത്തിക്കൊണ്ട് അവരെ സ്തബ്ധരാക്കി. സ്വവര്‍ഗ്ഗാനുരാഗബന്ധങ്ങളെപ്പറ്റി ഘോഷ് ഒരിക്കല്‍ പറഞ്ഞു - പൊതുസമൂഹം അംഗീകരിക്കുന്ന സ്ത്രീപുരുഷ പ്രണയബന്ധങ്ങളേക്കാള്‍ ആഴമുണ്ട് സ്വവര്‍ഗ്ഗബന്ധങ്ങള്‍ക്ക്'.ڈ അത്തരമൊരു വിചിത്രമായ സ്വവര്‍ഗ്ഗ പ്രണയബന്ധത്തിന്‍റെ ഊടും പാവുമാണ് ഘോഷിന്‍റെ ചിത്രാംഗദയില്‍ കാണുന്നത്. മഹാഭാരതത്തില്‍ നിന്ന് രവീന്ദ്രനാഥ ടാഗോര്‍ കണ്ടെടുത്ത പ്രമേയത്തിന് ഋതുപര്‍ണോ ഘോഷ് എന്ന ജീനിയസ് നല്‍കിയ ആധുനിക ചലച്ചിത്രഭാഷ്യം. നൊമ്പരപ്പെടുത്തുന്ന അനുഭവമാണ് ആ സിനിമ. സ്വന്തം ലൈംഗികതയെ നിര്‍വചിക്കാന്‍ പാടുപെടുന്ന രുദ്ര ചാറ്റര്‍ജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഋതുപര്‍ണ്ണ ഘോഷ് എന്ന അഭിനേതാവിനേയും സംവിധായകനെയും ഇന്‍ഡ്യന്‍ സിനിമ എങ്ങനെ മറക്കും?ടാഗോറിനോട് ഘോഷിനുണ്ടായിരുന്ന കടുത്ത ആരാധനയുടെ സാക്ഷ്യമാണ് 2012 ല്‍ അദ്ദേഹം സംവിധാനം ചെയ്ത ജീബന്‍ സ്മൃതി എന്ന ഡോക്യുമെന്‍ററി.

#RituparnoGhosh
#RituparnoGhosh

ടാഗോറിന്‍റെ ആത്മകഥയായിരുന്നു ഇതിന് അവലംബം. ഈ ചിത്രം പൂര്‍ത്തീകരിച്ചതിനു ശേഷം ഒരഭിമുഖത്തില്‍ ഘോഷ് പറഞ്ഞു - കുട്ടിക്കാലം മുതല്‍ വാര്‍ദ്ധക്യം വരെ ഏകാന്തനായിരുന്നു ടാഗോര്‍. ഒറ്റപ്പെട്ട സഞ്ചാരിയായിരുന്നു അദ്ദേഹം. ഒരു തരത്തിലുള്ള വികാരങ്ങളും പങ്കുവെയ്ക്കാന്‍ - വിജയങ്ങള്‍ പോലും - ആരും അടുത്തില്ലാതിരുന്ന മനുഷ്യന്‍. അവസാനം പുറത്തുവന്ന ചിത്രാംഗദയില്‍ ഭീകരമാം വിധം ഏകാന്തതയനുഭവിക്കുന്ന രുദ്ര ചാറ്റര്‍ജിയെ അവതരിപ്പിക്കുമ്പോള്‍ എന്തായിരുന്നിരിക്കാം, ഇന്‍ഡ്യന്‍ സിനിമയിലെ ഏകാന്തപഥികരില്‍ ഒരാളായിരുന്ന ഋതുപര്‍ണോ ഘോഷിന്‍റെ മനസ്സില്‍?

സംവിധായകനും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.ബി വേണുവിന്റെ സിനിമയുടെ സ്വതന്ത്ര റിപ്പബ്ലിക്കുകൾ എന്ന പുസ്തകത്തിൽ നിന്നുള്ള ഋതുപർണോ ഘോഷ് അനുസ്മരണം

The Cue
www.thecue.in