താൻ പൗരൻമാരുടെ മുതലാളിയാണെന്ന രീതി ഉമ്മൻ ചാണ്ടിക്കില്ല

താൻ പൗരൻമാരുടെ മുതലാളിയാണെന്ന രീതി ഉമ്മൻ ചാണ്ടിക്കില്ല

ഉമ്മൻ ചാണ്ടിയെ പറ്റിയുള്ള എന്റെ ഏറ്റവും രസകരമായ ഓർമ്മയിതാണ്: കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒരു രാഷ്ട്രീയ പാർട്ടിയുടെ യുവജന സംഘടന പയ്യന്നൂരിൽ വച്ച് എന്നെ കയ്യേറ്റം ചെയ്തു. എന്റെ കുറച്ച് സുഹൃത്തുക്കൾ തിരുവനന്തപുരത്ത് ഒരു പ്രതിഷേധ യോഗം വിളിച്ചുകൂട്ടി. ഒരു പ്രാസംഗികൻ ഉമ്മൻ ചാണ്ടിയായിരുന്നു. (അമ്പതു പേര് പോലുമില്ല യോഗത്തിൽ. ഒരു എഴുത്തുകാരൻ കയ്യേറ്റം ചെയ്യപ്പെട്ടത് അത്ര വലിയ സംഭവമൊന്നുമല്ലല്ലോ) അദ്ദേഹം അൽപം വൈകിയാണ് വന്നത്. വേദിയിൽ എന്റെ തൊട്ടടുത്ത കസേരയിൽ ഇരുന്നു.

അല്പ സമയം കഴിഞ്ഞ് എന്നോട് ചോദിച്ചു; ‘പരിചയപ്പെട്ടിട്ടില്ല, എന്താണ് പേര്?' ഞാൻ പേര് പറഞ്ഞു. പിന്നെ അൽപം കുശലപ്രശ്നം ചെയ്തു. ഞാനാണ് കഥാപാത്രം എന്നദ്ദേഹത്തിന് മനസ്സിലായില്ല എന്ന് വ്യക്തം. പെട്ടെന്ന് അദ്ദേഹം ചോദിച്ചു; ‘എന്ത് ചെയ്യുന്നു?' എഴുത്തുകാരനാണ് എന്ന് ഞാൻ പറഞ്ഞു. അപ്പോളാണ് അദ്ദേഹത്തിന് ഒരു സംശയം ഉണ്ടായത്. ‘ക്ഷമിക്കണം, കയ്യേറ്റം ചെയ്യപ്പെട്ട ആളാണോ?'. 'അതേ' ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു. അപ്പോൾ അദ്ദേഹം എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് ആരാഞ്ഞു. ഞാൻ വിവരങ്ങൾ പറഞ്ഞു. അദ്ദേഹത്തിന്റെ ഊഴം വന്നപ്പോൾ ശക്തവും ആത്മാർത്ഥവുമായ ഒരു പ്രസംഗം ചെയ്തു. മീറ്റിംഗ് പിരിയാറായപ്പോൾ എന്നോട് പറഞ്ഞു, ‘ക്ഷമിക്കണം കേട്ടോ. വായനയിൽ ഞാൻ വളരെ പിന്നോക്കമാണ്' ഞാൻ പറഞ്ഞു, ‘സാരമില്ല. തിരക്കുകൾ എനിക്കറിയാം.' ഞാൻ ആസ്വദിച്ച ഹൃദ്യമായ ഒരനുഭവമായിരുന്നുവത്. ഒരു തെളിഞ്ഞ മനസിനെയാണ് ഞാൻ അവിടെ സന്ധിച്ചത്. നാട്യവും ഒളിച്ചുവയ്ക്കലുമില്ലാത്ത ഒരു മനുഷ്യനെയാണ് ഞാൻ കണ്ടുമുട്ടിയത്.

പിന്നീടൊരിക്കൽ സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം അദ്ദേഹമാണ് എനിക്ക് സമ്മാനിച്ചത്. ഇതാണ് ഞാൻ ഉമ്മൻ ചാണ്ടിയെ നേരിട്ടു കണ്ടിട്ടുള്ള മൂന്ന് സന്ദർഭങ്ങളിൽ രണ്ടെണ്ണം. അതിനും മുമ്പ് ഞാനദ്ദേഹവുമായി കണ്ടുമുട്ടിയത് 1970-ലാണ്. ഒരു വയ്യാവേലി പ്രശ്നവുമായാണ് എന്റെ സുഹൃത്തുക്കളും ഞാനും കാഞ്ഞിരപ്പള്ളിയിൽ നിന്നും പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ വീട്ടിൽ ഒരു രാത്രി വൈകി ചെന്നത്. അന്നദ്ദേഹം കന്നി എം.എൽ.എയാണ്. ഉയർന്നു വരുന്ന യുവ നേതാവാണ്. ഒരു കോളജ് സമരമായിരുന്നു പ്രശ്നം. പ്രശ്നമുണ്ടാക്കിയത് ഞങ്ങൾ തന്നെ. അദ്ദേഹം എന്തുപറഞ്ഞു എന്നോർമ്മയില്ല. എനിക്കോർമ്മയുള്ളത് വീടിന്റെ മുറ്റത്തും വരാന്തയിലും മുറികളിലും നിറഞ്ഞു നിന്ന ആൾക്കൂട്ടത്തെയാണ്. അദ്ദേഹം മന്ത്രിയും മുഖ്യമന്ത്രിയുമെല്ലാമായതിനു ശേഷവും തുടർന്നു പോന്ന ആ ജനമദ്ധ്യനിലകൊള്ളൽ അന്നേ ആരംഭിച്ചിരുന്നല്ലോ എന്ന് ഞാൻ പിന്നീട് ചിന്തിച്ചിട്ടുണ്ട്.

അദ്ദേഹത്തെ ഞാൻ ആത്മാർത്ഥമായി ആദരിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ഈ അക്ഷീണമായ പൗരബന്ധമാണ്. പൗരന്മാരെയും അവരുടെ കൊച്ച് കൊച്ച് ആവശ്യങ്ങളെയും പരാതികളെയും -ഒരുപക്ഷേ, അവ വ്യാജമോ അസംബന്ധമോ പോലുമായിരിക്കാം- തള്ളിക്കളയാതിരിക്കാനും പുച്ഛിക്കാതിരിക്കാനും അവയെ ക്ഷമയോടെ കേൾക്കാനും സാധ്യമായ പരിഹാരങ്ങൾ ഉടൻ ഇടപാട് ചെയ്യാനുമുള്ള ഈ സന്നദ്ധതയാണ് ജനാധിപത്യത്തിന്റെ ഒരന്ധവിശ്വാസിയും ഒരുപക്ഷേ, അതിന്റെയൊരു തീവ്രവാദിയുമായ എന്നെ ഉമ്മൻ ചാണ്ടിയുടെ വ്യക്തിത്വത്തിൽ ഏറ്റവും ആകർഷിക്കുന്ന വൈശിഷ്ട്യം. അത് പാർട്ടിയോടോ രാഷ്ട്രീയത്തോടോ ബന്ധപ്പെട്ട ഒരു സവിശേഷതയാണ് എന്നെനിക്ക് തോന്നുന്നില്ല. അത് ഉമ്മൻ ചാണ്ടിയുടെ ജനിതകമാണ്. ഒരു യഥാർത്ഥ ജനപ്രതിനിധിയുടെ മനഃസാക്ഷി ഉമ്മൻ ചാണ്ടിയിലുണ്ട് എന്നതാണ് വാസ്തവം - ഒരു നല്ല മനുഷ്യന്റെ - അത് മന്ത്രിയാകുമ്പോളും മുഖ്യമന്ത്രിയാകുമ്പോളും അപ്രത്യക്ഷമാകുന്നില്ല. താൻ പൗരൻമാരുടെ മുതലാളിയാണെന്ന രീതിയിൽ ഉമ്മൻ ചാണ്ടി പെരുമാറിയിട്ടുള്ളതായി കേട്ടിട്ടില്ല.

ഈ ജനാധിപത്യ ബോധത്തിന് ഒരു അർപ്പണ സ്വഭാവമുണ്ട്. അതിൽ നിന്നായിരിക്കണം, പലരിൽ നിന്നും ഞാൻ കേട്ടിട്ടുള്ളത് പോലെ, സുഖസൗകര്യങ്ങളോടും സ്വാദിഷ്ട ഭക്ഷണത്തോടും വിശ്രമത്തോടു പോലുമുള്ള അദ്ദേഹത്തിന്റെ വിരക്തി പുറപ്പെടുന്നത്. ഇതെല്ലാം താനറിയാതെ അദ്ദേഹത്തിന് ഒരു ആന്തരികശക്തി നൽകുന്നുണ്ട് എന്ന് സംശയമില്ല. അദ്ദേഹത്തിന്റെ കഴിഞ്ഞ ടേമിൽ സരിതയെ സംബന്ധിച്ച കേസിൽ, അദ്ദേഹത്തിന്റെ മേൽ കോരിച്ചൊരിയപ്പെട്ട ആസൂത്രിത അപമാനം ഒന്നും നഷ്ടപ്പെടാനില്ലാത്ത ഒരു സാധാരണ വ്യക്തിക്ക് പോലും താങ്ങാനാവുന്നതായിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സംബന്ധിച്ചു പോലും ഒരു മുൻ മുഖ്യമന്ത്രിയുടെ വായിൽ നിന്നുതിർന്ന വാക്കുകൾ ഭീകരങ്ങളായിരുന്നു. പക്ഷേ, അതിന്റെയെല്ലാം മുന്നിൽ ബാഹ്യമായെങ്കിലും അദ്ദേഹം കുലുങ്ങാതെയും ക്ഷോഭിക്കാതെയും നിലകൊള്ളുന്നത് ഞാൻ അത്ഭുതത്തോടെ നിരീക്ഷിച്ചിട്ടുണ്ട്. പക്ഷേ, രാഷ്ട്രീയത്തിന്റെ വിജയപരാജയങ്ങൾക്കപ്പുറത്തുള്ള ഒരു വേദന അദ്ദേഹം അനുഭവിച്ചിട്ടുണ്ടെന്ന് തീർച്ച. എന്നാൽ അതു സംബന്ധിച്ച ഒരു പ്രതികാര ബുദ്ധിയും എന്റെ പരിമിതമായ നിരീക്ഷണത്തിൽ അദ്ദേഹത്തിൽ പ്രത്യക്ഷപ്പെട്ടതായി ഞാൻ കണ്ടിട്ടില്ല.

അടിസ്ഥാനപരമായി ഉമ്മൻ ചാണ്ടി, അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളും നീക്കങ്ങളും എന്തുമാവട്ടെ, ഒരു വ്യക്തിയെന്ന നിലയിൽ ഒരു പ്രത്യേക നൈർമ്മല്യത്തിന്റെ ഉടമയാണ്. അത് പൊതുപ്രവർത്തകർക്കിടയിൽ അപൂർവ്വമാണ്. ജന്മസിദ്ധവും ഹൃദയപൂർവ്വവുമായ ഒരു എളിമയും സൗമ്യതയും സഹാനുഭൂതിയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ പ്രകാശിപ്പിക്കുന്നു. നിയമസഭയിൽ അദ്ദേഹം പ്രകടിപ്പിക്കുന്ന പ്രതിപക്ഷ ബഹുമാനം അതിന്റെ ഭാഗമാണ്. ഒരു നല്ല മനുഷ്യനിൽ നിന്നേ ഒരു നല്ല രാഷ്ട്രീയ നേതാവ് ഉണ്ടായി വരൂ എന്ന സത്യത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ് ഉമ്മൻ ചാണ്ടി.

Related Stories

No stories found.
logo
The Cue
www.thecue.in