പത്ത് വര്‍ഷം മുന്‍പാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്, ഒരു ദശാബ്ദത്തിനപ്പുറം ഇന്ന് പ്രതാപ് സര്‍ ഇല്ല: ബോബി ചെറിയാന്‍

പത്ത് വര്‍ഷം മുന്‍പാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്, ഒരു ദശാബ്ദത്തിനപ്പുറം ഇന്ന് പ്രതാപ് സര്‍ ഇല്ല: ബോബി ചെറിയാന്‍

2012 ലെ ജൂലൈ മാസം. ജീവിതത്തില്‍ ആദ്യമായി പരസ്പരം കാണുകയാണ്. പക്ഷേ ആദ്യത്തെ ഒരു മിനിറ്റിനുള്ളില്‍ത്തന്നെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. അദ്ദേഹത്തിന്റെ വിശാലമനസ്‌കത ഒന്നു കൊണ്ടുമാത്രമാണ് അങ്ങനെ സംഭവിച്ചത് എന്ന് ഞാന്‍ കരുതുന്നു. അതെ - പറഞ്ഞത് പ്രതാപ് പോത്തന്‍ സാറിനെപ്പറ്റിത്തന്നെ.

പിന്നീടുള്ള ദിവസങ്ങളില്‍ 'ഡോ.സാമുവല്‍ 'ആയി അദ്ദേഹം ആടിത്തിമിര്‍ത്തു. ഞങ്ങള്‍ പ്രതീക്ഷിച്ചതിലും മേലെയുള്ള ഒരു പ്രഭാവലയം ആ കഥാപാത്രത്തിന് അദ്ദേഹം നല്‍കി. ഇന്നും അയാളും ഞാനും തമ്മില്‍ എന്ന സിനിമ ഓര്‍ക്കുന്നവര്‍ക്ക് ഡോ.സാമുവല്‍ ഒരു ബിംബമായി നില്‍ക്കുന്നത് പ്രതാപ് പോത്തന്‍ എന്ന മജീഷ്യന്‍ കാരണമാണ്.

ഉറക്കെ സംസാരിക്കും. അതിലുമുറക്കെ പൊട്ടിച്ചിരിക്കും. മനസ്സില്‍ തോന്നുന്നതെല്ലാം അപ്പപ്പോള്‍ പുറത്തുവരും. ഇതൊക്കെയാണെങ്കിലും ആ സ്വഭാവസവിശേഷതയ്ക്ക് ആരെയും നീരസപ്പെടുത്താത്ത ഒരു നിഷ്‌കളങ്കതയുണ്ടായിരുന്നു.

നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു ഞങ്ങള്‍ തമ്മില്‍. ധാരാളം സമയം സംസാരിക്കും. ഞങ്ങളുടെ ഉയരെ എന്ന സിനിമയിലേയ്ക്ക് ക്ഷണിച്ചപ്പോള്‍ വലിയ സന്തോഷത്തോടെയാണ് ഓടി വന്നത്. 'കുറച്ച് നല്ല പടങ്ങള്‍ ഈയിടെയായി ചെയ്യാന്‍ പറ്റുന്നുണ്ട്. ഉടനെ ഒരു സിനിമ സംവിധാനം ചെയ്യണം' - ഉയരെയുടെ ലൊക്കേഷനില്‍ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. അതിനുള്ള ഹോം വര്‍ക്കുകളും അദ്ദേഹം ചെയ്യുന്നുണ്ടായിരുന്നു.

പ്രായത്തിലുള്ള വലിയ വ്യത്യാസം സുഹൃത് ബന്ധങ്ങള്‍ക്ക് തടസ്സമല്ല എന്ന് എന്നെ ബോധ്യപ്പെടുത്തി തന്നയാള്‍ ഇനിയില്ല. എപ്പോള്‍ കണ്ടാലും തന്റെ സ്വതസിദ്ധമായ ശബ്ദത്തില്‍ ഉറക്കെ 'ബോബി ' എന്ന് വിളിച്ച് വന്ന് ആലിംഗനം ചെയുന്ന ആ സ്‌നേഹസ്പര്‍ശവും ഇനി ഉണ്ടാവില്ല. പക്ഷേ ഒന്നെനിക്കുറപ്പാണ്. എന്റെ മനസ്സില്‍ അദ്ദേഹം എന്നുമുണ്ടാകും.

ഇതെഴുതുമ്പോള്‍ വെറുതെ ഓര്‍ത്തു പോവുകയാണ്. പത്ത് വര്‍ഷം മുന്‍പ് ഏതാണ്ട് ഈ സമയത്താണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ഒരു ദശാബ്ദത്തിനപ്പുറം- ഇന്ന് - പ്രതാപ് സര്‍ ഇല്ല. അദ്ദേഹം പോയി.

I will miss him

Related Stories

No stories found.
logo
The Cue
www.thecue.in