ഡെന്‍വര്‍ ആശാന്റെ ബ്രഹ്മാവേ എന്ന് പറഞ്ഞൊരു കെട്ടിപ്പിടി

ഡെന്‍വര്‍ ആശാന്റെ ബ്രഹ്മാവേ എന്ന് പറഞ്ഞൊരു കെട്ടിപ്പിടി

ഞാൻ വേണുച്ചേട്ടനെ ആദ്യമായി കാണുന്നത് ബെസ്റ്റ് ആക്ടറിന്റെ സമയത്താണ്. ഡെൻവർ ആശാൻ എന്ന കഥാപാത്രം നെടുമുടി വേണുച്ചേട്ടൻ ചെയ്യണമെന്ന് തന്നെയായിരുന്നു ഞങ്ങളുടെ ആഗ്രഹം. കഥ വായിച്ചപ്പോൾ അദ്ദേഹത്തിനും അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിന് ഡേറ്റുകളുടെ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. വേണുച്ചേട്ടന് വേണ്ടി എല്ലാം ഞങ്ങൾ ചെയ്തുവെച്ചിരുന്നു. അദ്ദേഹം ചെയ്തേ പറ്റൂ എന്നതരത്തിലുള്ള കഥാപാത്രമായപ്പോൾ ഡേറ്റുകൾ അങ്ങോട്ടുമിങ്ങോട്ടും അഡ്ജസ്റ്റ് ചെയ്ത ഡെൻവർ ആശാൻ എന്ന കഥപാത്രത്തെ അദ്ദേഹം അവതരിപ്പിക്കുകയായിരുന്നു.

വേണുച്ചേട്ടൻ ഇതുവരെ ചെയ്തിട്ടില്ലാത്തതരം കഥാപാത്രമായിരുന്നു ഡെൻവർ ആശാൻ. പിന്നീട് ഭാഷാപോഷിണിയിൽ അദ്ദേഹത്തിന്റെ വ്യത്യസ്തമായ പത്ത് കഥാപാത്രങ്ങളിൽ ഒരെണ്ണമായി തിരഞ്ഞെടുക്കപ്പെട്ടത് ഡെൻവർ ആശാനാണ്. പലയിടങ്ങളിലും അദ്ദേഹംത്തന്നെ പറഞ്ഞിട്ടുണ്ട്; താൻ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത തരം ഭാഷയും കഥപാത്രവുമാണ് ഡെൻവർ ആശാനെന്ന്.

ആദ്യത്തെ രണ്ട് ദിവസം അദ്ദേഹത്തിന് കുറച്ച് കഷ്ടപ്പെടേണ്ടിവന്നിട്ടുണ്ട്. ഭാഷാശൈലിയും, ശരീരഭാഷയുമൊക്കെ ഒന്ന് ശരിയായി വരാൻ എടുത്ത സമയമായിരുന്നു അത്. ഭാസ്‌കയുടെ പ്രശ്നം വളരെ വലുതായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ സൗകര്യത്തിന് വേണ്ടി കഥാപാത്രത്തിന്റെ ഡയലോഗുകളൊക്കെ ഒരു കാസറ്റിലാക്കി റെക്കോർഡ് ചെയ്ത് കൊടുത്തു. പിന്നെ അദ്ദേഹം ഇടക്കൊക്കെ ശനിയും ഞായറുമൊക്കെയേ ഷൂട്ടിങ്ങിന് വരുകയുള്ളു. പക്ഷെ പിന്നീട് അദ്ദേഹം പെർഫെക്റ്റ് ആയിരുന്നു. കൊച്ചിയിൽത്തന്നെ ആയിരുന്നല്ലോ ഷൂട്ടിങ് എല്ലാം. അദ്ദേഹം ആൾക്കാരെ നിരീക്ഷിക്കുകയും , കഥാപാത്രത്തിന്റെ ഒരു സ്വഭാവം ലഭിക്കാൻ അവരുമായി കൂടുതൽ ഇടപഴകുകയുമൊക്കെ ചെയ്യും. അത്തരത്തിൽ വളരെ രസകരമായിരുന്നു വേണുച്ചേട്ടന്റെയൊപ്പമുള്ള നിമിഷങ്ങൾ.

സെറ്റിൽത്തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം വലിയൊരു എനർജിയായിരുന്നു ഞങ്ങൾക്ക്. ഒരുദിവസം പെട്ടെന്ന് അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ 'ഡെൻവർ ആശാന്റെ ബ്രഹ്മാവേ' എന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു. അദ്ദേഹത്തിന് ഒരു എഴുത്തുകാരനെ അവ്വിധം കെട്ടിപിടിക്കേണ്ട ഒരു കാര്യവുമില്ല. ഭയങ്കരമായ സന്തോഷമാണ് ആ സമയത്ത് അദ്ദേത്തിന്റെ മുഖത്തുണ്ടായിരുന്നത്.

ബെസ്റ്റ് ആക്ടറിന്റെ ഇടവേളകളിൽ ഇടയ്ക്കെല്ലാം അദ്ദേഹം എന്നോടൊപ്പമിരിക്കും. ഞാൻ ഒരു മലയാള അധ്യാപകനായതുകൊണ്ടുതന്നെ ചില കവിതകളുടെ കാര്യമൊക്കെ പറയും. അങ്ങെനയാണ് ഞങ്ങളുടെ ബന്ധം വളർന്നത്. സ്ഥിരമായി ഫോൺ ഉപയോഗിക്കാത്ത ആളാണെങ്കിൽപോലും എപ്പോൾ വേണമെങ്കിലും എനിക്ക് വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എടുത്തില്ലെങ്കിൽ പിന്നീട് ഇങ്ങോട്ട് തിരിച്ചുവിളിക്കും. നിരന്തരമായി സംസാരിക്കുന്ന ആളുകളല്ലെങ്കിൽപോലും മാസങ്ങൾ കഴിഞ്ഞ് വിളിക്കുമ്പോളും ഇന്നലെ പറഞ്ഞുനിർത്തിയ ഇടത്തിൽനിന്ന് സംസാരം തുടങ്ങാൻതക്ക ബന്ധമാണ് ഞങ്ങളിൽ ഉണ്ടായിരുന്നത്.

കഴിഞ്ഞ വർഷം മികച്ച ചലച്ചിത്രലേഖനത്തിലുള്ള അവാർഡ് കിട്ടിയപ്പോൾ അദ്ദേഹം എന്നെ വിളിച്ചുസംസാരിച്ചു. താനും ഒരു ചലച്ചിത്രലേഖകനായിട്ടാണ് തുങ്ങിയതെന്നും അതുകൊണ്ടുതന്നെ ചലച്ചിത്രലേഖനത്തിന് നമുക്ക് പരിചയമുളവർക്ക് അവാർഡ് ലഭിക്കുമ്പോൾ ഞാൻ വേണമല്ലോ വിളിക്കാൻ എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു ജ്യേഷ്ഠസഹോദരൻ എന്ന രീതിയിൽ അദ്ദേഹം എനിക്ക് നൽകിയ പിന്തുണ ഒരിക്കലും മറക്കാൻ പറ്റാത്തതാണ്.

പിന്നീട് പാവാട എന്ന പടത്തിലും ഡേറ്റ് പ്രശ്നങ്ങളൊന്നും വകവെക്കാതെ അദ്ദേഹം അഭിനയിച്ചു. ഒരുദിവസം എങ്ങനെ ഈ കഥാപാത്രത്തെ മെച്ചപ്പെടുത്താമെന്നൊക്കെ വളരെ നന്നായി അദ്ദേഹം ഞാനുമായി ചർച്ചചെയ്തു. കഥാപാത്രം എങ്ങനെയൊക്കെ സംസാരിക്കണം, എങ്ങനെ നടക്കണം എന്നതിനെക്കുറിച്ചൊക്കെ അദ്ദേഹം സംസാരിച്ചു. അത്തരത്തിൽ അദ്ദേഹത്തിന് മാത്രം ചെയ്യാൻ പറ്റുന്ന ചില കഥാപാത്രങ്ങളുണ്ട്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ളൊരു വ്യക്തി ഇനിയില്ലല്ലോ എന്നതാണ് എന്റെ വിഷമം.

The Cue
www.thecue.in