ഖുർആൻ വായിക്കുന്ന സുഹ്‌റയും ശോഭീന്ദ്രൻ എന്ന വസന്തവും

ശോഭീന്ദ്രൻ മാഷിന്റെ ഫോട്ടോ
COURTESY: POPINS
ശോഭീന്ദ്രൻ മാഷിന്റെ ഫോട്ടോ COURTESY: POPINS

'കൈയിൽ പണമില്ല. വെറും തടി. എങ്കിലും ജീവിക്കും. ഒരു യുവാവാണ്. മജീദ് പോയി. അതിനു മുമ്പ് സുഹ്റായുടെ സമീപത്തേക്കു നടന്നു. പതിവായി ഇരിക്കാറുള്ള മാവിൻ ചുവട്ടിൽ, ഇരുളിന്റെ ഏകാന്തതയിൽ നിന്നു. ദൂരത്തായി സുഹറായുടെ മനോഹര ശബ്ദം മുഴങ്ങി. മണ്ണെണ്ണ വിളക്കിനു മുമ്പിൽ ഇരുന്ന് അവൾ ഖുർ-ആൻ പാരായണം ചെയ്യുകയാണ്. ഇടയ്ക്ക് അവൾ മുഖമുയർത്തി മാവു നില്ക്കുന്ന ഭാഗത്തേക്കു നോക്കി. എന്തോ കേൾക്കാനെന്ന പോലെ കണ്ണുകൾ നിശ്ചലങ്ങളായി. തങ്കം പോലുള്ള കവിൾത്തടങ്ങൾ പ്രകാശിച്ചു. ചോര തൊട്ടെടുക്കാവുന്ന ചുണ്ടുകൾ വിടർന്നു. കുറേ സമയം അങ്ങനെ ഇരുന്നിട്ട് സുഹ്റാ വീണ്ടും വായന തുടർന്നു. "സുഹ്റാ!' മജീദ് വിളിച്ചു. ചുണ്ടുകൂട്ടിയാണ്; ഹൃദയത്തിൽ ഉറച്ചു വിളിക്കണമെന്നു തോന്നി. ഒടുവിലത്തെ യാത്ര പറയാം. വേണ്ട മജീദ് നടന്നു,'

ബാല്യകാല സഖി / വൈക്കം മുഹമ്മദ് ബഷീർ

വർഷങ്ങൾക്കു മുമ്പ് ഗുരുവായൂരപ്പൻ കോളേജിൽ ബിരുദപഠനത്തിന് അഡ്‌മിഷൻ എടുക്കാൻ കുന്നു കയറി കിതച്ചു കിതച്ചു ചെല്ലുമ്പോഴാണ് ആ പച്ച രൂപം പച്ച സീറ്റുള്ള ബൈക്കിൽ സഞ്ചരിക്കുന്നത് ആദ്യം കണ്ടത്. അങ്ങിനെ മറ്റൊരാളെ അതിനു മുമ്പെവിടെയും കണ്ടിട്ടില്ല. വിചിത്രമായ വേഷം, പതിഞ്ഞ മട്ടിലുള്ള നടത്തവും നീട്ടിയുള്ള സംസാരവും ഇളം പുഞ്ചിരി തങ്ങി നിൽക്കുന്ന വദനവും. ഒരു പുഞ്ചിരി അപ്പൂപ്പൻ താടി പോലെ ദേവലോകത്തെ ഗന്ധർവനിൽ നിന്ന് പാറിവന്ന് ഈ മുഖത്ത് വന്ന് തങ്ങി നിൽക്കുകയാണ് എന്ന് തോന്നിപ്പിക്കുന്ന വിധമാണ് ആ ഇളം പുഞ്ചിരി. കോളേജിൽ മാഷ് പഠിപ്പിക്കുന്നത് സാമ്പത്തിക ശാസ്ത്രമായിരുന്നെങ്കിലും പത്തു മൂവായിരം കുട്ടികളെയും താൻ കൈകാര്യം ചെയ്യുന്നുണ്ട് എന്ന മട്ടിൽ ക്യാമ്പസിലെ പുൽക്കൊടികൾ പോലും മാഷെ കണ്ടാൽ പിറകെ കൂടും. എല്ലാവർക്കും (ഇവിടെ എല്ലാവരും എന്ന് പറഞ്ഞാൽ ബഷീറിൻറെ എല്ലാവരുമാണ്. എന്നുവെച്ചാൽ ആ നൂറേക്കറിൽ അധികം വരുന്ന ക്യാമ്പസിലെ സർവ ചരാ-അചരങ്ങളും!) വീതം വെച്ച് നൽകാൻ മാത്രം ആ പാൽ പുഞ്ചിരി ധാരാളമായി ഉണ്ടായിരുന്നു. ഇക്‌ണോമിക്‌സ് ക്ലാസിൽ പഠിപ്പിക്കാൻ മാഷ്ക്ക് സമയമുണ്ടായിരുന്നു എന്ന് തോന്നുന്നില്ല. അതിൽ ആർക്കും പരിഭവവും ഉണ്ടായിരുന്നില്ല. ഒരു ക്യാമ്പസ് മുഴുവനും മാത്രമല്ല പുറംലോകവും പച്ചപ്പ്‌ അണിയിക്കണം. പെറ്റു പെരുകുന്ന ജീവജാലങ്ങൾക്കെല്ലാം ഓക്സിജൻ വേണം. തണൽ വേണം കായ്കനികൾ വേണം. ഈ ഭൂമിയിൽ വസന്തം നട്ടുപിടിപ്പിക്കാൻ നടന്നു പോകുന്ന പൂന്തോട്ടം പോലെ ഒരു ഭയങ്കര മനുഷ്യൻ! അതെ ബഷീർ പറഞ്ഞ പോലെ 'ഞാൻ തന്നെയാകുന്നു പൂവും പൂന്തോട്ടവും' എന്ന കണക്ക് സഞ്ചരിക്കുന്ന പച്ചപ്പിന്റെ ശാന്തസമുദ്രം! രാവും പകലും മാഷ് ക്യാമ്പസിലാണ്. എൻ എസ എസ് (നാഷണൽ സർവീസ്അ സ്‌കീം ) അക്കാലത്ത് വളരെ സജീവമാണ്. മിക്ക മാസവും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ക്യാമ്പുണ്ടാവും. വിദ്യാർത്ഥികളുടെ കയ്യിൽ പേനക്കും പുസ്തകത്തിനും പകരം കൈക്കോട്ടും കൊട്ടയും കൊടുത്ത് ഹരിത ആത്മീയത നട്ടുപിടിപ്പിക്കലാണ്, പരസ്പരം കൈകോർത്ത് സ്നേഹഗീതികൾ പാടുകയാണ് ജീവിതത്തെ മനോഹരമാക്കാനുള്ള കൈവഴികൾ എന്ന് പറയാതെ പറയുന്ന ഒരു പ്രകൃതി ഭീകരൻ. കാണാൻ അതി സുന്ദരനായിരുന്നു മാഷ്. തങ്കപ്പെട്ട സ്വഭാവവും. ആരോടും കയർത്തു സംസാരിച്ചു കണ്ടിട്ടേയില്ല. എല്ലാം പുഞ്ചിരിയിൽ മാച്ചു കളഞ്ഞ വസന്തം! കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു വിഹിതം അദ്ദേഹം ക്യാമ്പസിൽ തന്നെ ചെലവഴിച്ചു. തികയാത്തത് പിരിവെടുത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്യാമ്പസ് പ്രതിമകൾ ഗുരുവായൂരപ്പൻ കോളേജിൽ നിർമിച്ചു. ഞങ്ങൾ പഠിക്കുന്ന കാലത്താണ് ഖുർ ആൻ വായിക്കുന്ന സുഹ്റ എന്ന് പേരിട്ട പ്രതിമയുടെ നിർമാണം ആരംഭിച്ചത്. വർഷങ്ങളും ഒന്നിലധികം ശില്പികളും ചേർന്നാണ് അത് പൂർത്തീകരിച്ചത്. ഫാറൂഖ് കോളേജിൽ അല്ല, ഹിന്ദുത്വക്ക് അക്കാലത്തു തന്നെ ശക്തമായ അപ്രമാദിത്വ മുള്ള ഗുരുവായൂരപ്പൻ കോളേജിലാണ് ഈ പ്രതിമയുടെ പേര് ബഷീറിന്റെ ബാല്യകാലസഖിയിലെ ആ മനോഹരമായ സ്വീക്ക്വൻസ്‌ കൊണ്ട് പൂർത്തീകരിക്കാൻ ഒരാൾ ധൈര്യം കാണിക്കുന്നത്. അതിനുള്ള എതിർപ്പുകളെല്ലാം തന്റെ സ്വതസിദ്ധമായ പുഞ്ചിരി കൊണ്ട് അലിയിച്ചു കളയാൻ ആ മനുഷ്യന് സാധിച്ചത്.

കാലം വളരെയധികം ഒഴുകിപ്പോയി. സാമൂഹിക രാഷ്ട്രീയ കാലാവസ്ഥകൾ മാറി. ഭഗവതിയുടെ മുഖത്തു തുപ്പാൻ ഒരു വെളിച്ചപ്പാടിനും ഇനി സാധിക്കില്ല എന്ന് പറഞ്ഞ പോലെ ഹിന്ദുത്വയുടെ കൊടിക്കൂറ പാറിക്കളിക്കുന്ന ഒരു ക്യാമ്പസ്സിൽ അങ്ങിനെ ഒരു സെക്കുലർ കൊടിക്കൂറയുടെ ഇളകിയാട്ടം സ്ഥാപിക്കാൻ ഇനി ആർക്കും സാധിക്കാത്ത വിധം ലോക കാലാവസ്ഥയും മാറിപ്പോയി. ഇതൊരു കേവല വിലാപമല്ല, ഒരു സെക്കുലർ പച്ച ഭീകരനെ കുറിച്ചുള്ള ഒളിമങ്ങാത്ത ഓർമയാണ്.

കോളേജ് വിട്ടതിനു ശേഷവും ഞാൻ മാഷെ പിരിഞ്ഞിരുന്നില്ല. പല സന്ദർഭങ്ങളിലും എന്റെ യൗവനം മാഷോടൊപ്പം പലയിടത്തും തോണി തുഴഞ്ഞു. കോഴിക്കോട് ജില്ലയിലെ നൊച്ചാട് HSS ൻറെ NSS ക്യാമ്പിൽ മാഷെ ഞാൻ കൊണ്ട് പോയി. ഒരു പുഴക്കക്കരെ ട്രക്കിങ്ങിന് വേണ്ടി ഞങ്ങൾ അത് തോണിയിൽ കുറുകെ കടക്കുകയാണ്. മൂന്നാലു തോണികളിൽ ഞങ്ങൾ. മാഷും ഞാനും ഒരു തോണിയിലാണ് യാത്ര. ആ തോണിയിൽ മാഷെ തൊട്ടിരുന്നു പുഴ കടക്കാൻ മറ്റു തോണികളേക്കാൾ തിരക്ക്. പുഴമധ്യത്തിൽ എത്തുമ്പോഴേക്കും തോണി ഉലഞ്ഞു. ഇപ്പോൾ മറിയും എന്ന അവസ്ഥ. എനിക്കാണെങ്കിൽ നീന്തൽ ഒട്ടും അറിയില്ല.നെഞ്ച് പെട പെട മിടിക്കുന്നു. ഞാൻ മാഷെ നോക്കി. ആ ഇളം പുഞ്ചിരിക്ക് ഒരു മാറ്റവുമില്ല. താടി പതിവ് പോലെ നീട്ടിയുഴിഞ്ഞു കൊണ്ട് പതിയെ പറയുന്നു.' ആരും ഭയപ്പെടാണ്ടിരിക്കു, മറിഞ്ഞാൽ നമുക്കൊരുമിച്ചങ്ങു പോകാം... ഒന്നോ രണ്ടോ പേർ ചാടി അടുത്ത തോണിയിൽ കയറിയപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. മാഷ് നട്ടു പിടിപ്പിച്ച മരങ്ങൾ കോക്കല്ലൂർ സ്‌കൂളിലും നൊച്ചാട് സ്‌കൂളിലുമെല്ലാമുണ്ട്. ഒരിക്കൽ ചിന്താവളപ്പിൽ സ്ഥിതിചെയ്യുന്ന അധ്യാപകരുടെ താമസസ്ഥലമായ ശിക്ഷക് സദനിൽ കുറെ സുഹൃത്തുക്കളോടൊപ്പം താമസിക്കുമ്പോൾ അവിടെനിന്നും റോഡിലേക്ക് പടർന്ന്കയറി ടാക്സിക്കാർക്കും മറ്റും തണലേകുന്ന ഒരു വൃക്ഷം പരസ്യ ബോർഡ് സ്ഥാപിക്കുന്നതിന് വേണ്ടി മുറിച്ചുമാറ്റാൻ അധികൃതർ തീരുമാനിക്കുന്നു. ഞാനുടനെ ശോഭീന്ദ്രൻ മാഷെ ഓർക്കുന്നു. സാമൂതിരിരാജാവ് മരം മുറിക്കാൻ കോളേജ് ക്യാമ്പസിൽ വന്നപ്പോൾ ഞങ്ങളെയും കൂട്ടി അവരെ വിറപ്പിച്ചു വിട്ട പൂവും പൂന്തോട്ടവുമാണ് ശോഭീന്ദ്രൻ. ഞങ്ങൾ കുട്ടികളെ സാക്ഷി നിർത്തി മാഷ് മാനേജ്‌മെന്റ് പ്രതിനിധികളോട് താടി ഉഴിഞ്ഞു പ്രസ്താവിച്ചു. നിങ്ങൾ ഈ മരങ്ങൾ മുറിച്ചാൽ പണം കിട്ടുമായിരിക്കും! പക്ഷെ കിളികളും കുട്ടികളുമെല്ലാം തണലിനും കൂടിനും എവിടെ പോകും ?' മരം വെട്ടുകാർക്ക് നിവൃത്തിയില്ലാതെ തിരികെ പോകേണ്ടി വന്നു! ഞാൻ ശോഭീന്ദ്രൻ മാഷെ തന്നെ വിളിച്ചു. അതെ ശാന്തസ്വരം മുഴങ്ങുന്നു.'റാഫി ഇപ്പോൾ അവിടെയില്ലേ ? ഞാൻ വരുന്ന വരെ മരം മുറിക്കാൻ അനുവദിക്കരുത്!" മാഷുടെ പച്ച ബൈക്ക് താമസിയാതെ ശിക്ഷക് സദൻ പിടിച്ചു! ആക്‌ഷൻ പ്ലാൻ ആരംഭിച്ചു. താൽക്കാലികമായി മരം മുറി നിർത്തിവെപ്പിച്ചു .സമീപത്തെ ടാക്സിക്കാരുമായി സംസാരിച്ചു നിവേദനം തയ്യാറാക്കി. വാർത്ത എഴുതി പത്രമോഫീസുകൾ കയറിയിറങ്ങി. ഓരോ പത്രമോഫീസിലും കയറിയിറങ്ങുമ്പോൾ സെക്കൂരിറ്റി വരെ മൂപ്പരെ ബഹുമാനിക്കുന്നു. ഓഫീസിനുള്ളിൽ ഡസ്ക്കിലുള്ളവർ ചിലരൊക്കെ മൂപ്പരെകണ്ട് എഴുന്നേൽക്കുന്നു. ആ ബഹുമാനം കൂടെ ചെന്ന നമുക്കും കിട്ടുന്നു! തന്റെ മഹിമകൾ എഴുതിപ്പിക്കാൻ ചെല്ലാത്ത അപൂർവം മനുഷ്യരിൽ ഒരാളായ പച്ച മാഷെ മറ്റുള്ളവർ ബഹുമാനിക്കാതിരിക്കുന്നതെങ്ങിനെ ?

മാഷെ ഓർത്താൽ ഓർമ്മകൾ ഇതിലും എത്രയോ അധികം ബാക്കി കിടക്കും! കോഴിക്കോട്ടെ നളന്ദയിൽ എബ്രഹാം ബെന്ഹർ എന്ന ഏക അപരനോടൊപ്പം വയനാട് ചുരം പച്ച പിടിപ്പിക്കാൻ നടത്തുന്ന യാത്രകളുടെ ആസൂത്രണം മുതൽ പല പല ഹരിതാഭ അജണ്ടകളുടെ നടത്തിപ്പ് കാരനും കാവൽക്കാരനും ഒക്കെയായി കോഴിക്കോടൻ രാവിരവുകളുടെ ഭൗമ സാന്നിധ്യമായവൻ! മൂപ്പര് പോകുമ്പോൾ സത്യമായും ഈ ഭൂമി കുറച്ചു കുറെ അധികം വരണ്ടതാവുകയാണ്. ഒറ്റ തറ്റയായി മാത്രം കാലം കൂടുമ്പോൾ എപ്പോഴെങ്കിലുമുള്ള ചില കാലങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇത്തരം മനുഷ്യർ നമ്മളെ വിട്ടു പോവുമ്പോൾ നമ്മുടെ ജീവിതവും കുറെ അധികം ഗ്രീഷ്മമാവുകയാണ്. ഉർവരതയും ഈർപ്പവും കുറെ അധികം നമ്മളെ വിട്ടു പോവുകയാണ്. ആരാണ് ഇനി കിളികൾക്കും കുട്ടികൾക്കും നമുക്കും തണൽ നൽകുക?

ജോണിന്റെ സഹസഞ്ചാരി

ഭൂമിയുടെ കാവൽക്കാരൻ

കിളികളുടെയും പറവകളുടെയും തോഴൻ

വന നന്മകളുടെ സഞ്ചാരി

സഞ്ചരിക്കുന്ന പുഞ്ചിരി

സഞ്ചരിക്കുന്ന ഹരിതാഭ

സഞ്ചരിക്കുന്ന പച്ച പൂന്തോട്ടം

മാഷെ വിട

നെഞ്ചിൽ നിന്നും നിങ്ങൾക്കുവേണ്ടി മാത്രം

ഉരുകുന്ന വേദനയുടെ കണ്ണുനീരോടെ

Related Stories

No stories found.
logo
The Cue
www.thecue.in