സതീശനെപ്പോലെ ഊർജസ്വലനായ ഒരു സ്ഥാനാർത്ഥിയുടെ മികവാണ്‌ ആ പോരാട്ടത്തെ അത്രയും കടുപ്പമേറിയതാക്കി മാറ്റിയത്‌

സതീശനെപ്പോലെ ഊർജസ്വലനായ ഒരു സ്ഥാനാർത്ഥിയുടെ മികവാണ്‌ ആ പോരാട്ടത്തെ അത്രയും കടുപ്പമേറിയതാക്കി മാറ്റിയത്‌
Summary

കോൺഗ്രസ്‌ പ്രവർത്തകൻ എന്ന നിലയിൽ തന്റെ പ്രസ്ഥാനത്തോട്‌ അങ്ങേയറ്റത്തെ കൂറും പ്രതിബദ്ധതയും പുലർത്തിയ ഒരാളായിരുന്നു സതീശനെന്ന് എപ്പോളും തോന്നിയിട്ടുണ്ട്‌.

സതീശൻ പാച്ചേനിയുടെ മരണവാർത്ത അതീവവേദനയോടെയാണ്‌ കേട്ടത്‌. ഏതാനും ദിവസങ്ങളായി അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന്‌ അറിഞ്ഞിരുന്നെങ്കിലും മരണവാർത്ത കേൾക്കുമ്പോൾ തീവ്രമായ ദുഖം അനുഭവപ്പെടുന്നു. ഞങ്ങൾ തമ്മിലുള്ള സൗഹൃദം വിദ്യാർത്ഥി നേതാക്കളായിരിക്കുമ്പോൾ തുടങ്ങിയതാണ്‌. ഞാൻ എസ്‌എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോൾ, സതീശൻ കെഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. പല യോഗങ്ങളിലും വിരുദ്ധ ചേരിയിലാണെങ്കിലും ഒരുമിച്ച്‌ പങ്കെടുക്കേണ്ടി വരാറുണ്ട്‌, ടെലിവിഷൻ ചർച്ചകളിലും അക്കാലത്ത്‌ ഒരുമിച്ച്‌ പങ്കെടുത്തിരുന്നു. അങ്ങനെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനകാലത്ത്‌ ആരംഭിച്ച സൗഹൃദം, ഊഷ്മളവും ഹൃദ്യവുമായി മുന്നോട്ടുപോയി.

കണ്ണൂരുകാരനായ സതീശൻ 2006ൽ മലമ്പുഴയിൽ സ്ഥാനാർത്ഥിയായെത്തി. സഖാവ്‌ വിഎസ്‌ ആയിരുന്നു എതിർ സ്ഥാനാർത്ഥി. വിഎസിനെപ്പോലെ ഒരു തലമുതിർന്ന നേതാവിനെതിരെ കടുത്ത പോരാട്ടം തന്നെ കാഴ്ചവെക്കാൻ സതീശനായി. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ മലമ്പുഴയിൽ കുറഞ്ഞ വോട്ടുകൾക്കാണ്‌ സ. വി എസിനോട്‌ സതീശൻ പരാജയപ്പെട്ടത്‌.

മൂന്ന് വർഷത്തിന്‌ ശേഷം 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്‌ എൽഡിഎഫ്‌ സ്ഥാനാർത്ഥിയായി ഞാൻ മത്സരിച്ചപ്പോൾ എതിരാളിയായി എത്തിയതും സതീശൻ തന്നെ. തൊട്ടുമുൻപുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്‌ ഉൾപ്പെടുന്ന മലമ്പുഴയിൽ മത്സരിച്ചതിന്റെ ആനുകൂല്യം സതീശനുണ്ടായിരുന്നു. അതിനാൽ തന്നെ മണ്ഡലത്തിൽ‌ അദ്ദേഹം പുതുമുഖമായിരുന്നില്ല, പരിചിതനായിരുന്നു. വി എസിനെതിരെ കടുത്ത പോരാട്ടം കാഴ്ചവെച്ചതിന്റെ പരിവേഷവും സതീശനുണ്ടായിരുന്നു. രാഷ്ട്രീയ സാഹചര്യവും അന്ന് പൊതുവെ യുഡിഎഫിന്‌ അനുകൂലവുമായിരുന്നു. എല്ലാം ചേർന്നപ്പോൾ, പാലക്കാട്‌ ലോക്സഭാ സീറ്റിലെ മത്സരത്തെ അവസാന നിമിഷം വരെ പ്രവചനാതീതമാക്കി നിർത്താൻ സതീശന്റെ പോരാട്ടവീര്യത്തിനായി. അവസാന നിമിഷം വരെ ലീഡ്‌ നിലനിർത്തിയ സതീശൻ വിജയം കൈവിട്ടത്‌ വോട്ടെണ്ണലിന്റെ ഏറ്റവും അവസാനഘട്ടത്തിലാണ്‌. നേരിയ വോട്ടിന്‌, വെറും 1820 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അന്ന് ഞാൻ വിജയിച്ചത്‌. സതീശനെപ്പോലെ ഊർജസ്വലനായ ഒരു സ്ഥാനാർത്ഥിയുടെ മികവാണ്‌ ആ പോരാട്ടത്തെ അത്രയും കടുപ്പമേറിയതാക്കി മാറ്റിയത്‌. തെരഞ്ഞെടുപ്പിൽ പരസ്പരം എതിരായി മത്സരിച്ചെങ്കിലും, ഞങ്ങളുടെ സൗഹൃദത്തിന്‌ ഒട്ടും ഉലച്ചിലുണ്ടായില്ല. മത്സരം തീർത്തും രാഷ്ട്രീയമായിരുന്നു, വ്യക്തിഹത്യയോ അപവാദപചരണമോ ഒന്നും ഒരിക്കൽപ്പോലും അങ്ങോട്ടുമിങ്ങോട്ടും ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പിന്‌ ശേഷവും ആ വ്യക്തിബന്ധം കൂടുതൽ ഹൃദ്യമായി തുടർന്നു. അങ്ങേയറ്റം മാന്യനായ എതിർസ്ഥാനാർത്ഥിയായിരുന്നു സതീശൻ പാച്ചേനി.

കഴിഞ്ഞ കുറേക്കാലാമായി സതീശൻ കണ്ണൂരും ഞാൻ പാലക്കാടും കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്നതിനാൽ നേരിൽ കാണുന്നത്‌ കുറവായിരുന്നു, എങ്കിലും സതീശന്റെ പ്രവർത്തനങ്ങൾ മനസിലാക്കിയിരുന്നു. കോൺഗ്രസ്‌ പ്രവർത്തകൻ എന്ന നിലയിൽ തന്റെ പ്രസ്ഥാനത്തോട്‌ അങ്ങേയറ്റത്തെ കൂറും പ്രതിബദ്ധതയും പുലർത്തിയ ഒരാളായിരുന്നു സതീശനെന്ന് എപ്പോളും തോന്നിയിട്ടുണ്ട്‌. ആത്മാർത്ഥമായി പാർട്ടി പ്രവർത്തനം നടത്തുമ്പോളും, തെരഞ്ഞെടുപ്പ്‌ വിജയങ്ങൾ സതീശനോട്‌ അകന്നുനിന്നു. പലപ്പോളും നല്ല പോരാട്ടം കാഴ്ചവെച്ചിട്ടും നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ടതുമൂലം, അദ്ദേഹത്തിന്‌ ജനപ്രതിനിധി എന്ന നിലയിൽ പ്രവർത്തിക്കാൻ അവസരം കിട്ടിയില്ല. എങ്കിലും രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലും വിദ്യാർത്ഥി നേതാവും നല്ല സംഘാടകൻ എന്ന നിലയിലെല്ലാമുള്ള പ്രവർത്തനം കൊണ്ട്‌, സതീശൻ പാച്ചേനി ജനങ്ങൾക്കിടയിൽ സ്വീകര്യനായി മാറി. പെരുമാറ്റത്തിലെ ലാളിത്യവും വിനയവും, എതിർപക്ഷത്തുള്ളവരോടും പുലർത്തുന്ന സൗഹൃദവുമെല്ലാം സതീശനെ എല്ലാവർക്കും പ്രിയങ്കരനാക്കി മാറ്റുന്നു. സതീശൻ പാച്ചേനിയുടെ അകാലത്തിലുള്ള ദേഹവിയോഗം പൊതുരംഗത്തിനാകെ വലിയ നഷ്ടമാണ്‌. സതീശന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഖത്തിൽ പങ്കുചേരുന്നു

Related Stories

No stories found.
logo
The Cue
www.thecue.in