ടാറ്റ എന്ന ബ്രാന്‍ഡിന് നൂറ്റാണ്ടിലേറെ പാരമ്പര്യമുണ്ടെങ്കിലും ആധുനിക ഇന്ത്യയില്‍ ടാറ്റയെന്നാല്‍ രത്തന്‍ ടാറ്റയായിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാന്‍, ചെയര്‍മാന്‍ എമരിറ്റസ് എന്ന പദവിയില്‍ തുടരുകയായിരുന്നു അദ്ദേഹം. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ ടാറ്റ മാത്രമായിരുന്ന ഒരു കാലമുണ്ടായിരുന്നു ഇന്ത്യയില്‍. ജംഷെഡ്ജി ടാറ്റയില്‍ നിന്ന് ദോറാബ്ജി ടാറ്റയിലേക്കും തുടര്‍ന്ന് ജെ.ആര്‍.ഡി ടാറ്റയിലൂടെ രത്തന്‍ ടാറ്റയിലേക്കും പകര്‍ന്നു കിട്ടിയതാണ് ആ പാരമ്പര്യം. 1991ലാണ് രത്തന്‍ നവല്‍ ടാറ്റ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായി സ്ഥാനമേറ്റെടുക്കുന്നത്. ഇന്ത്യയുടെ വ്യാവസായിക ഭാവി മുന്നില്‍ കണ്ട് ജവഹര്‍ലാല്‍ നെഹ്‌റു നല്‍കിയ പ്രോത്സാഹനത്തില്‍ ടാറ്റ ഗ്രൂപ്പിനെ ലോകോത്തര ബ്രാന്‍ഡാക്കി പ്രതിഷ്ഠിച്ച ജെആര്‍ഡി ടാറ്റയുടെ മരണശേഷം ആ വന്‍ പ്രസ്ഥാനത്തിന്റെ അമരത്തേക്ക് രത്തന്‍ ടാറ്റയെത്തുകയായിരുന്നു. രാജ്യത്ത് സാമ്പത്തിക ഉദാരവല്‍ക്കരണം നടപ്പിലായ അതേ വര്‍ഷം തന്നെയാണ് രത്തന്‍ ടാറ്റ കമ്പനിയുടെ അമരത്തേക്ക് എത്തിയതെന്നതും യാദൃച്ഛികതയാണ്. രത്തന്‍ ടാറ്റയുടെ കാലത്താണ് ടാറ്റ ഗ്രൂപ്പ് ഏറ്റവും അധികം ഏറ്റെടുക്കലുകള്‍ നടത്തിയത്. ടെറ്റ്‌ലി എന്ന രാജ്യാന്തര ചായ ബ്രാന്‍ഡ് മുതല്‍ ജാഗ്വാറും ലാന്‍ഡ് റോവറും വരെ ടാറ്റയുടെ കീഴിലായി. സാധാരണക്കാരന് ഒരു ലക്ഷം രൂപയ്ക്ക് കാര്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കിക്കൊണ്ട് ടാറ്റ അവതരിപ്പിച്ച നാനോ എന്ന കുഞ്ഞന്‍ കാറിന് പിന്നിലെ ആശയവും രത്തന്‍ ടാറ്റയുടേതായിരുന്നു.
1937 ഡിസംബര്‍ 28നായിരുന്നു രത്തന്‍ ടാറ്റയുടെ ജനനം. ജംഷെഡ്ജി ടാറ്റയുടെ മകന്‍ രത്തന്‍ജി ടാറ്റയുടെ ദത്തുപുത്രനായ നവല്‍ ടാറ്റയുടെയും സൂനുവിന്റെയും പുത്രന്‍. 17-ാം വയസില്‍ ന്യൂയോര്‍ക്കിലെ കോര്‍ണെല്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന രത്തന്‍ ടാറ്റ 1962 ആര്‍ക്കിടെക്ചറില്‍ ബിരുദം കരസ്ഥമാക്കി. അതേ വര്‍ഷം തന്നെ അദ്ദേഹം ടാറ്റ ഗ്രൂപ്പില്‍ ചേര്‍ന്നു. ടാറ്റ ഇന്‍ഡസ്ട്രീസില്‍ അസിസ്റ്റന്റായാണ് തുടക്കം. ടാറ്റ മോട്ടോഴ്‌സ് എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ടാറ്റ എന്‍ജിനീയറിംഗ് ആന്‍ഡ് ലോക്കോമോട്ടീവ് കമ്പനിയില്‍ ആറു മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം 1963ല്‍ ടാറ്റ സ്റ്റീലിന്റെ ആദ്യ രൂപമായ ടാറ്റ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി (ടിസ്‌കോ)യില്‍ പരിശീലനത്തിനെത്തി. 1965ല്‍ ടിസ്‌കോയില്‍ ടെക്‌നിക്കല്‍ ഓഫീസറായി നിയമിതനായി. 1969ല്‍ ടാറ്റ ഗ്രൂപ്പിന്റെ ഓസ്‌ട്രേലിയയിലെ റെസിഡന്റ് പ്രതിനിധിയായി. 1970ല്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തി അദ്ദേഹം ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ കുറച്ചു കാലം പ്രവര്‍ത്തിച്ചു. 1971ല്‍ നാഷണല്‍ റേഡിയോ ആന്‍ഡ് ഇല്‌ക്ട്രോണിക്‌സ് കമ്പനി ലിമിറ്റഡില്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ആയി നിയമിതനായി. 1974ലാണ് ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് രത്തന്‍ ടാറ്റ എത്തുന്നത്. പിന്നീട് 75ല്‍ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് ആഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കി. 1981ല്‍ ടാറ്റ ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായി അദ്ദേഹം നിയമിക്കപ്പെട്ടു. 1983ല്‍ രത്തന്‍ ടാറ്റയാണ് ടാറ്റ സാള്‍ട്ട് എന്ന ബ്രാന്‍ഡില്‍ ഇന്ത്യയില്‍ ആദ്യമായി പാക്കേജ്ഡ് ഉപ്പ് വിപണിയില്‍ എത്തിച്ചത്. 1986ല്‍ എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി അദ്ദേഹത്തെ നിയമിച്ചു. 1932ല്‍ ജെആര്‍ഡി ടാറ്റ, ടാറ്റ എയര്‍ സര്‍വീസസ് എന്ന പേരില്‍ ആരംഭിച്ച എയര്‍ലൈന്‍ കമ്പനി 1953ല്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. 1977 വരെ ജെആര്‍ഡി ടാറ്റ തന്നെയായിരുന്നു ഇതിന്റെ കമ്പനിയുടെ ചെയര്‍മാന്‍. പിന്നീട് രത്തന്‍ ടാറ്റ 1986 മുതല്‍ 89 വരെ എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി. പിന്നീട് 2022ല്‍ എയര്‍ ഇന്ത്യയെ സര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ അതേറ്റെടുക്കാനും രത്തന്‍ ടാറ്റ തയ്യാറായി. 18,000 കോടി രൂപയ്ക്കാന്‍ ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുത്തത്.
1991ല്‍ ജെആര്‍ഡി ടാറ്റയുടെ മരണ ശേഷം ടാറ്റ ഗ്രൂപ്പിന്റെ സാരഥ്യം ഏറ്റെടുത്ത രത്തന്‍ ടാറ്റ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് അനുസരിച്ച് കമ്പനിയെയും പുനഃക്രമീകരിക്കാനുള്ള നയങ്ങള്‍ ആവിഷ്‌കരിച്ചു. 2000ന് ശേഷം നടത്തിയ ഏറ്റെടുക്കലുകളില്‍ ഒരു മധുര പ്രതികാരത്തിന്റെ കഥ കൂടി ടാറ്റയ്ക്ക് പറയാനുണ്ട്. ടാറ്റ മോട്ടോഴ്‌സിന്റെ ഇന്‍ഡിക്ക കാര്‍ പുറത്തിറങ്ങിയ സമയം. ആ മോഡലിന് പക്ഷേ കാര്യമായ വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞില്ല. വിപണിയില്‍ നഷ്ടമായതോടെ പാസഞ്ചര്‍ കാര്‍ ബിസിനസ് വില്‍ക്കാന്‍ കമ്പനി തീരുമാനിച്ചു. ഫോര്‍ഡ് മോട്ടോഴ്‌സിനെയാണ് ടാറ്റ സമീപിച്ചത്. ഒട്ടു പരിചയമില്ലാത്ത മേഖലയില്‍ കൈവെച്ച് തോല്‍വി പറ്റിയെന്ന് പരിഹസിച്ച് ഫോര്‍ഡ് ചെയര്‍മാന്‍ ബില്‍ ഫോര്‍ഡ് അന്ന് രത്തന്‍ ടാറ്റയെ മടക്കി അയച്ചു. 1999ലായിരുന്നു സംഭവം. അതോടെ പാസഞ്ചര്‍ കാര്‍ വിഭാഗം വില്‍ക്കേണ്ടെന്ന് രത്തന്‍ ടാറ്റ തീരുമാനിച്ചു. 9 വര്‍ഷത്തിന് ശേഷം 2008ല്‍ ടാറ്റയുടെ പാസഞ്ചര്‍ കാര്‍ വിഭാഗം വിപണിയില്‍ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാം സ്ഥാനത്തെത്തി. ഈ സമയത്ത് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്ന ഫോര്‍ഡിന്റെ ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ ബ്രാന്‍ഡുകള്‍ വാങ്ങാമെന്ന് ടാറ്റ ബില്‍ ഫോര്‍ഡിന് മുന്നില്‍ ഓഫര്‍ വെച്ചു. അത് സമ്മതിച്ച ബില്‍ ഫോര്‍ഡ് മുംബൈയില്‍ നേരിട്ടെത്തിയാണ് കരാറില്‍ ഒപ്പുവെച്ചത്. നഷ്ടം സഹിച്ചായിരുന്നു ഏറ്റെടുക്കലെങ്കിലും ഇന്ന് ലോകത്ത് വിറ്റഴിയുന്ന വാഹനങ്ങളില്‍ മുന്‍പന്തിയിലാണ് ഈ മോഡലുകള്‍.
2000ലാണ് 271 മില്യന്‍ യൂറോയ്ക്ക് ടെറ്റ്‌ലിയെ ടാറ്റ ഏറ്റെടുത്തത്. തേയില വ്യവസായത്തില്‍ നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ടാറ്റയ്ക്ക് ടെറ്റ്‌ലിയെന്ന വമ്പന്‍ ഏറ്റെടുക്കല്‍ മുതല്‍ക്കൂട്ടായി മാറി. 2004ല്‍ കമ്പനിയുടെ ഐടി വിഭാഗമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. ഇന്ന് 183.36 ബില്യന്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയായി മാറിയിരിക്കുകയാണ് ടിസിഎസ്. ഉദാരവത്കരണ നയങ്ങള്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട് കമ്പനിയെ മറ്റൊരു തലത്തിലേക്ക് വളര്‍ത്തുകയായിരുന്നു രത്തന്‍ ടാറ്റ. ചെയര്‍മാന്‍ സ്ഥാനത്തുണ്ടായിരുന്ന 21 വര്‍ഷങ്ങള്‍ കൊണ്ട് കമ്പനിക്ക് 40 ഇരട്ടിയിലേറെ വളര്‍ച്ചയുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് 2012ല്‍ അദ്ദേഹം വിരമിക്കുകയും ചെയര്‍മാന്‍ എമരിറ്റസ് എന്ന പദവിയില്‍ തുടരുകയും ചെയ്തു. തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആരാകും എത്തുകയെന്നതില്‍ പ്രതിസന്ധിയുണ്ടായി. ടാറ്റ ഗ്രൂപ്പിലെ ഏറ്റവു വലിയ വ്യക്തിഗത ഓഹരിയുടമയായിരുന്ന പല്ലോന്‍ജി മിസ്ത്രിയുടെ മകന്‍ സൈറസ് മിസ്ത്രിയാണ് തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനത്തെത്തിയത്. ഡയറക്ടര്‍ ബോര്‍ഡിന്റെ കടുത്ത എതിര്‍പ്പിനിടെ നിയമിതനായ മിസ്ത്രിയെ പിന്നീട് 2016ല്‍ പുറത്താക്കി. ഇതിന് ശേഷം ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ പ്രവര്‍ത്തിച്ചു. 2017 ജനുവരിയില്‍ നടരാജന്‍ ചന്ദ്രശേഖരന്‍ ചെയര്‍മാന്‍ ആകുന്നതു വരെ അദ്ദേഹം തുടര്‍ന്നു. സ്‌നാപ്ഡീല്‍, ടീബോക്‌സ്, കാഷ്‌കരോ.കോം, ഓല ക്യാബ്‌സ് തുടങ്ങിയ കമ്പനികളില്‍ അദ്ദേഹത്തിന് വ്യക്തിപരമായി നിക്ഷേപങ്ങളുണ്ട്.
വ്യവസായി എന്ന നിലയില്‍ മാത്രമല്ല, വിദ്യാഭ്യാസ മേഖലയില്‍ നല്‍കിയ സംഭാവനകളിലൂടെയും അറിയപ്പെടുന്ന വ്യക്തിത്വമാണ് രത്തന്‍ ടാറ്റ. ടാറ്റ എഡ്യുക്കേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ട്രസ്റ്റ് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രയോജനകരമാകുന്നത്. രത്തന്‍ ടാറ്റ പഠിച്ച കോര്‍ണെല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യക്കാരായാ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 2.8 കോടി ഡോളറിന്റെ ടാറ്റ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ ടാറ്റ ഹാള്‍ എന്ന പേരില്‍ ഒരു എക്‌സിക്യൂട്ടീവ് സെന്റര്‍ ടാറ്റ നിര്‍മിച്ചു നല്‍കി. ബോംബെ ഐഐടിയില്‍ ടാറ്റ സെന്റര്‍ ഫോര്‍ ടെക്‌നോളജി ആന്‍ഡ് ഡിസൈന്‍ സ്ഥാപിച്ചു. അല്‍ഷിമേഴ്‌സുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കും ഗവേഷണത്തിനുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന് കീഴിലുള്ള സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സിന് 750 ദശലക്ഷം രൂപയുടെ സഹായം നല്‍കിയത് രത്തന്‍ ടാറ്റ ചെയര്‍മാനായ ടാറ്റ ട്രസ്റ്റാണ്. 2000ല്‍ രത്തന്‍ ടാറ്റയ്ക്ക് രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചു. 2008ല്‍ പത്മവിഭൂഷണും അദ്ദേഹത്തിന് ലഭിച്ചു.