പ്രതാപ് പോത്തന്‍, അടുത്ത വീട്ടിലെ പയ്യൻ അല്ലാതിരുന്ന നടൻ

Prathap Pothen
Prathap Pothen
Summary

യാഥാസ്ഥിതിക മലയാളിയുടെ ലൈംഗിക സങ്കല്പങ്ങളിലെ 'അരുതു'കളെ ഒരേസമയം ആകസ്മികവും സങ്കീര്‍ണ്ണവുമായ മനുഷ്യാവസ്ഥകളിലൂടെ കടന്നുപോകുന്ന 'ചാമര'ത്തിലെ വിനോദിലൂടെ ഞെട്ടിച്ച പ്രതാപ് പോത്തന്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം 'കേന്‍ ഐ ഹാവ് സെക്‌സ് വിത്ത് യൂ' എന്ന് 'ഒരു ഗ്ലാസ് വെള്ളം തരുമോ'യെന്ന ലാഘവത്തോടെ ചോദിക്കുന്ന വില്ലനായും അതേ ആഘാതം അനന്തരതലമുറകളിലെ മലയാളികളിലേയ്ക്കും പകര്‍ന്നു.

പ്രതാപ് പോത്തന്റെ അഭിനയസപര്യയെക്കുറിച്ച് സംവിധായകന്‍ പ്രേംലാല്‍ എഴുതുന്നു

മലയാളത്തിന്റെ ആദ്യ കോസ്‌മോപോളിറ്റന്‍ നടനശരീരവും മുഖവുമായിരുന്നു പ്രതാപ് പോത്തന്‍. ലോകത്തിന്റെ ഏതു കോണിലെയും പുതുകാലനാഗരികതയുടെ അടയാളങ്ങള്‍ വഹിക്കുന്ന മനുഷ്യരുടെ ഇടയിലേയ്ക്ക് കയറിനില്ക്കാന്‍ അനായാസം കഴിയുമായിരുന്ന ഒരു നടന്‍ !

60-കളിലും 70-കളിലുമായി ഊട്ടിയിലെ ലോറന്‍സ് സ്‌ക്കൂളിലെയും തുടര്‍ന്ന് മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെയും പഠനകാലവും മദ്രാസിലെ ഏറ്റവും പഴക്കമുള്ള ഇംഗ്ലീഷ് നാടകട്രൂപ്പായിരുന്ന 'ദ മദ്രാസ് പ്ലെയേഴ്‌സി'ലെ അഭിനയദിനങ്ങളും ചേര്‍ന്ന് ഉരുവാക്കിയ പ്രതാപ് പോത്തന്‍ എന്ന നടന് കോസ്‌മോപോളിറ്റന്‍ കാഴ്ചപ്പാടും പെരുമാറ്റരീതികളും ഏറെക്കുറെ സ്വാഭാവികമായ ഉള്‍ച്ചേരലായിരുന്നിരിക്കാം. അതേ സമയം, ആദ്യകാഴ്ചയില്‍ മനസ്സില്‍ തറയ്ക്കുന്നതും ഒപ്പം ചമയത്തിന് സാദ്ധ്യതകളൊരുക്കുകയും ചെയ്ത ഒരു മുഖവും പ്രതാപ് പോത്തന്റെ സവിശേഷതയായിരുന്നു. കൃതാവിലെയും മീശയിലെയും ചില മൂര്‍ച്ചകളും കുനിപ്പുകളും കൊണ്ടും മുടിയിഴകളുടെ അലസപ്രകാരം കൊണ്ടും കഥാപാത്രങ്ങളെ രൂപപരമായി വേറിട്ടുനിര്‍ത്താന്‍കൂടി കഴിഞ്ഞു ആ നടന്. അതുകൊണ്ടു കൂടിയാണ് 'ചാമര'ത്തിലെ വിനോദിനെയും നവംബറിന്റെ നഷ്ടത്തിലെ ദാസിനെയും പോലെ നാഗരികതയുടെ ചിഹ്നങ്ങള്‍ നടപ്പിലും എടുപ്പിലും വാക്കിലുമുള്ള സ്വാഭാവികയൗവ്വനരൂപങ്ങളെ അവതരിപ്പിക്കുന്ന അതേ ലാഘവത്തോടെ പ്രതാപ് പോത്തന് 'തകര'യായും 'ആരവ'ത്തിലെ കൊക്കരക്കോ ആയും 'ലോറി'യിലെദാസപ്പനായും മലയാളിക്ക് സംവദിക്കാന്‍ കഴിയുന്ന വിധം ഗ്രാമ്യതയുടെ പുതിയ ചില ഭാവരൂപപ്പകര്‍ച്ചകള്‍സാദ്ധ്യമായത്.

Actor-filmmaker Pratap Pothen passes away
Actor-filmmaker Pratap Pothen passes away

'യക്ഷി'യിലും 'അനുഭവങ്ങള്‍ പാളിച്ചകളി'ലും 'ഭാര്യ'യിലും സത്യന്‍ മാഷ് അവതരിപ്പിച്ചതു പോലുള്ള അപൂര്‍വ്വം ചില കഥാപാത്രങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍ നായകനും വില്ലനുമിടയിലെ അതിര്‍വരമ്പുകളെ അപ്രസക്തമാക്കിയ മികച്ച പല കഥാപാത്രങ്ങളെയും അവതരിപ്പിച്ച മലയാളത്തിലെ മാത്രമല്ല തമിഴിലെയും ആദ്യനടന്മാരില്‍ മുന്‍നിരയിലുണ്ട് പ്രതാപ് പോത്തന്‍. 'നവംബറിന്റെ നഷ്ട'ത്തിലെ വഞ്ചകനായ ദാസ് ചിത്രാന്ത്യത്തില്‍ നായികയായ മീരയുടെ കയ്യാല്‍ കഴുത്തില്‍ ബെല്‍റ്റ് മുറുകപ്പെട്ട് കൊല ചെയ്യപ്പെടുകയാണ്. ബാലു മഹേന്ദ്ര സംവിധാനം ചെയ്ത് 1980-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ 'മൂടുപനി'യില്‍ നായകനായ ചന്ദ്രു എന്ന ബിസിനസ്സുകാരന്‍ യഥാര്‍ത്ഥത്തില്‍ മനോരോഗിയായ ഒരു സീരിയല്‍ കില്ലറാണ്. ഭാവുകത്വപരമായി വലിയ പരിണാമങ്ങളിലേയ്ക്ക് പ്രവേശിച്ച 80-കളിലെ മലയാള സിനിമയുടെ നായകസങ്കല്പങ്ങളെ സുകുമാരന്റെയും സോമന്റെയും ജയന്റെയും രതീഷിന്റെയുമെല്ലാം ആണത്തപ്രകടനങ്ങള്‍ക്കും വേണുനാഗവള്ളിയുടെ വിഷാദകാമുകനുമപ്പുറം പുതിയ ചില സാമൂഹ്യ- സാംസ്‌കാരികതുറസ്സുകളിലേയ്ക്ക് വഴി നടത്തിയ നായകന്‍ തന്നെയായിരുന്നു പ്രതാപ് പോത്തന്‍.

ദൃശ്യബോധവുംമികച്ച തിരക്കഥാധാരണയും സാങ്കേതികത്തികവുമുള്ള സംവിധായകനെന്ന നിലയിലും പ്രതാപ് പോത്തന്‍ സ്വയം അടയാളപ്പെടുത്തിയിട്ടുണ്ട്. തമിഴില്‍ ചെയ്ത മസാലയില്‍ മുക്കിയ ചിത്രങ്ങള്‍ക്കപ്പുറം പ്രതാപിലെ സംവിധായകനെയും കൂടുതല്‍ മികവോടെ കാണാനാവുന്നത് അദ്ദേഹത്തിന്റെ മലയാളസിനിമകളില്‍ തന്നെ. തറവാടുകളെ പ്രമേയപരിസരമാക്കി എം ടി എഴുതിയിട്ടുള്ള തിരക്കഥകളുടെ

ചലച്ചിത്രാവിഷ്‌ക്കാരങ്ങളില്‍ വേറിട്ടുനില്ക്കുന്ന ശൈലി അവകാശപ്പെടാന്‍ കഴിയുന്ന ചിത്രമാണ്, 'ഋതുഭേദം'. അവകാശത്തര്‍ക്കങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയ മനുഷ്യരെയും ബന്ധങ്ങളെയും പരമാവധി കുടുസ്സായ ഫ്രെയിമുകളിലൂടെ പകര്‍ത്തിക്കൊണ്ട് തിരക്കഥയെ ദൃശ്യപരമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്ന സംവിധായകനെ ചിത്രത്തില്‍ കാണാം. മലയാളത്തില്‍ കൗമാരത്തിന്റെ ഹൃദയവികാരങ്ങളെ ആസ്പദമാക്കിയൊരുക്കപ്പെട്ട ചിത്രങ്ങളില്‍ ആഖ്യാനശൈലിയുടെയും ദൃശ്യഭാഷയുടെയും കാര്യത്തില്‍ ഏറ്റവും മികച്ചുനില്ക്കുന്ന ഒരു സിനിമയായി 'ഡെയ്‌സി'യെവിലയിരുത്താന്‍ കഴിയും.

വിസ്മൃതിയിലാകാതെയും പ്രസക്തി നഷ്ടപ്പെടാതെയും കാലഘട്ടങ്ങളെ അതിജീവിക്കുകയെന്നത് ഏതൊരു കലാകാരന്റെയും സ്വപ്നമായിരിക്കും. സിനിമ പോലെ ഒരു മേഖലയില്‍ പക്ഷേ ഭൂരിപക്ഷം പേര്‍ക്കും ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഭൂതകാലത്തിന്റെ ഗൃഹാതുരമായ ഓര്‍മ്മ മാത്രമായി അടയാളപ്പെടേണ്ടി വരാറുണ്ട്. എന്നാല്‍ പ്രതാപ് പോത്തന്‍ എന്ന നടന്‍ പുതിയ കാലഘട്ടത്തിനും തലമുറയ്ക്കും വര്‍ത്തമാനകാലത്തെ പരിചിതമുഖമായി നിലനില്ക്കുമ്പോള്‍ത്തന്നെയാണ് യാത്രയാകുന്നത്. അഭിനയത്തിന്റെ 44 വര്‍ഷങ്ങള്‍ക്കിപ്പുറവും അത്തരത്തില്‍ സജീവമായി നിലകൊള്ളാന്‍ അദ്ദേഹത്തിന്റെ 'കോസ്‌മോപോളിറ്റന്‍' സ്പര്‍ശത്തിന്റെ തുടച്ചുമിനുക്കിയ അഭിനയശൈലി തന്നെ പിന്തുണയായി. 'ബാംഗ്ലൂര്‍ ഡെയ്‌സി'ലെയും 'അയാളും ഞാനും തമ്മിലി'ലെയും യും '22 ഫീമെയില്‍ കോട്ടയ'ത്തിലെയും കഥാപാത്രങ്ങളിലൂടെ ഒട്ടും ബഹളായമാനമല്ലാത്ത, നിയന്ത്രിതവും പ്രൗഢവുമായ ആഗോളപ്രതികരണശൈലികളോട് ഇണങ്ങുന്ന അഭിനയത്തെ വീണ്ടും പ്രതാപ് പോത്തന്‍ മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിച്ചു. യാഥാസ്ഥിതിക മലയാളിയുടെ ലൈംഗിക സങ്കല്പങ്ങളിലെ 'അരുതു'കളെ ഒരേസമയം ആകസ്മികവും സങ്കീര്‍ണ്ണവുമായ മനുഷ്യാവസ്ഥകളിലൂടെ കടന്നുപോകുന്ന 'ചാമര'ത്തിലെ വിനോദിലൂടെ ഞെട്ടിച്ച പ്രതാപ് പോത്തന്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം 'കേന്‍ ഐ ഹാവ് സെക്‌സ് വിത്ത് യൂ' എന്ന് 'ഒരു ഗ്ലാസ് വെള്ളം തരുമോ'യെന്ന ലാഘവത്തോടെ ചോദിക്കുന്ന വില്ലനായും അതേ ആഘാതം അനന്തരതലമുറകളിലെ മലയാളികളിലേയ്ക്കും പകര്‍ന്നു.

സാധാരണയായി നടന്മാര്‍ക്ക് ലഭിക്കുന്ന വിശേഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായി, നമ്മളിലൊരാളായി അനുഭവപ്പെടുത്താത്ത ഒരു നടനായിരുന്നു പ്രതാപ് പോത്തന്‍. അടുത്ത വീട്ടിലെ പയ്യനേ അല്ലായിരുന്നു, അയാള്‍! ഒരു ശരാശരി മലയാളിയ്ക്ക് അപ്രാപ്യമായ ജീവിതങ്ങളെയും നിലപാടുകളെയുമാണ് അയാളുടെ ശ്രദ്ധേയമായ നാഗരികകഥാപാത്രങ്ങള്‍ പ്രതിനിധീകരിച്ചത്. പക്ഷേ ആ കഥാപാത്രങ്ങള്‍, സാംസ്‌കാരികമായി മിനുസപ്പെടുത്തപ്പെട്ട, നവീകരിക്കപ്പെട്ട, സ്വാതന്ത്ര്യദാഹിയായ ജീവിതങ്ങള്‍ ജീവിച്ചുകൊണ്ട് മലയാളിയെ ആന്തരികമായി മോഹിപ്പിച്ചു ; ഏതൊരു സാധാരണക്കാരന്റെയും ജീവിതാസക്തികളെ പ്രലോഭിപ്പിച്ചു.

അത്തരത്തില്‍ പുതിയ കാലഘട്ടത്തിന്റെ സ്വാതന്ത്ര്യബോധത്തെക്കൂടി പ്രതാപ് പോത്തന്‍ എന്ന നടന്‍ പ്രതിനിധീകരിച്ചുവെന്ന് നിരീക്ഷിക്കാം. കൂടുതല്‍ വിശാലമായ മാനവികതാസങ്കല്പങ്ങളെ മുന്‍നിര്‍ത്തി ആഗോള വില്ലേജെന്നും ആഗോള പൗരനെന്നുമൊക്കെയുള്ള വാക്കുകളും വിവക്ഷകളും സാമൂഹികാന്തരീക്ഷത്തില്‍ നിറയുന്ന ഈ കാലത്ത്, ആ വാക്കുകളുടെ സാംസ്‌ക്കാരികാര്‍ത്ഥത്തെ വിനിമയം ചെയ്യുന്ന കഥാപാത്രങ്ങളിലൂടെയും അഭിനയശൈലിയിലൂടെയും സ്വയം രേഖപ്പെടുത്താന്‍ കഴിഞ്ഞ മലയാളത്തിലെ ആദ്യ നടനായിരുന്നു പ്രതാപ് പോത്തന്‍. ആ അര്‍ത്ഥത്തില്‍ 'കോസ്‌മോപോളിറ്റന്‍' എന്ന നടനമുദ്ര ആ നടന്റെ ഒന്നാമത്തെ കാക്കപ്പുള്ളിയായി പരിണമിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in