ഒരു മാധ്യമ കലാപകാരി

ഒരു മാധ്യമ കലാപകാരി

ഫ്രാന്‍സ് മൊറോക്കോ സെമി കണ്ട് കിടന്നതാണ്. വെളുപ്പിന് എപ്പോഴോ ഉണര്‍ന്ന് ജനല്‍ വഴി പുറത്തേക്ക് നോക്കിയപ്പോള്‍ അസാധാരണമായ രീതിയില്‍ മൂടല്‍മഞ്ഞ് കണ്ടു. പിന്നെയും ഉറങ്ങി. ആ മഞ്ഞുമറയ്ക്ക് അപ്പുറത്ത് ഒരു മരണം ഒളിച്ചുകടത്തപ്പെട്ടുവെന്ന് അറിഞ്ഞത് നേരം പുലര്‍ന്നപ്പോഴാണ്. കെ.അജിത്, ഞങ്ങളുടെ തലമുറയിലെ ഒരു മാധ്യമ കലാപകാരി, ആ മഞ്ഞില്‍ അലിഞ്ഞുപോയി.

അജിത്തിന് ആദരാഞ്ജലികള്‍.

എന്റെ ആദ്യകാല സഹപ്രവര്‍ത്തകന്‍ എന്നു പറഞ്ഞാല്‍ അത് ക്രൂരമായ പിശുക്ക് ആയിപ്പോകും. ഏഷ്യാനെറ്റിലെ ആദ്യ വാര്‍ത്താമുറിയിലെ മിന്നുന്ന പ്രതിഭ. നമ്മളിന്ന് കാണുന്ന ടെലിവിഷന്‍ വാര്‍ത്തയ്ക്ക് ആദ്യമായി ഘടന ഉണ്ടാക്കിയ ആള്‍. ഫിലിപ്പീന്‍സില്‍ നിന്ന് സംപ്രേഷണം ആരംഭിച്ച ന്യൂസ് ബ്രോഡ്കാസ്റ്റിന്റെ വാര്‍ത്താശരീരം എങ്ങനെയാകണം എന്നതില്‍ ആദ്യത്തെ സംഭാവന ഇങ്ങ് തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ചിരുന്ന ഡെസ്‌കില്‍ സജീവ സാന്നിധ്യമായിരുന്ന അജിത്തിന്റെ ആയിരുന്നു. ഇന്ന് ന്യൂസ് റൂമുകളില്‍ rundown എന്ന് വിളിക്കുന്ന ആ ഘടനയുടെ ആദ്യരൂപത്തിന് മെസേജ് എന്നാണ് അജിത് പേരിട്ടത്. ഫിലിപ്പീന്‍സിലേക്ക് ഫാക്‌സ് വഴി അയക്കുന്ന കടലാസില്‍ എഴുതിത്തയാറാക്കുന്ന സന്ദേശം എന്ന അര്‍ത്ഥത്തില്‍. പ്രധാനവാര്‍ത്താ ഭാഗം (പ്ര.വാ.ഭാ), കേരളം, ദേശീയം, അന്തര്‍ദേശീയം, ഇടവേള, വീണ്ടും കേരളം (വീ.കേ), സ്‌പോര്‍ട്‌സ്, കാലാവസ്ഥ എന്നിങ്ങനെയുള്ള സെഗ്മെന്റുകളായി തിരിച്ച് അജിത്തിന്റെയോ എന്‍.പി.ചന്ദ്രശേഖരന്റെയോ കയ്യക്ഷരത്തില്‍ വരാറുള്ള 'മെസേജുകള്‍' ആയിരുന്നു ഫിലിപ്പീന്‍സില്‍ ഇരുന്ന് (പിന്നീട് സിംഗപ്പൂരിലും) വാര്‍ത്ത പ്രൊഡ്യൂസ് ചെയ്യാന്‍ ഞങ്ങള്‍ക്കുള്ള വഴികാട്ടി. (അജിത്തിന്റെയും എന്‍പിസിയുടെയും കയ്യക്ഷരങ്ങള്‍ കൊതിപ്പിക്കുന്ന വിധം സൗന്ദര്യാത്മകമായിരുന്നു. അത് അനുകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവന്‍ ഈ ഞാന്‍).

ഏഷ്യാനെറ്റിന്റെ വാര്‍ത്താസംപ്രേഷണം ചെന്നൈയിലേക്ക് മാറിയപ്പോഴും തിരുവനന്തപുരത്തേക്ക് എത്തിയപ്പോഴും മെസേജ് എന്ന പേര് തുടര്‍ന്നു എന്നാണ് ഓര്‍മ. പ്രൊഫഷണല്‍ മാറ്റങ്ങളുടെ ഭാഗമായാണ് പിന്നീട് എല്ലായിടത്തും rundown ആകുന്നത്. ഡെസ്‌കില്‍ നിന്ന് ബ്യൂറോയില്‍ എത്തിയപ്പോഴാണ് അജിത്തിലെ മനുഷ്യസ്‌നേഹിയെയും കലാപകാരിയെയും കൂടുതല്‍ അറിഞ്ഞത്. അരാജകത്വത്തിലും ലഹരിപര്യവേക്ഷണങ്ങളിലും മുങ്ങിത്തുടിച്ചു കൊണ്ടാണെങ്കിലും അജിത് ചെയ്ത സ്റ്റോറികള്‍ അതിജീവനഗാഥകള്‍ ആയിരുന്നു. കണ്ണാടിക്കു വേണ്ടി ചെയ്ത മനുഷ്യജീവിതകഥകള്‍! അതിനിടയില്‍ ഞാനിപ്പോഴും സിഡിയിലാക്കി സൂക്ഷിക്കുകയും ജേണലിസം ക്ലാസുകളില്‍ കുട്ടികളെ കാണിക്കുകയും ചെയ്യുന്ന ഒരു സ്റ്റോറി പക്ഷെ ഒരു തെരുവുപട്ടിയുടേത് ആണ്.

ആരോ കൗതുകത്തിന് വലിച്ചെറിഞ്ഞ പേനാക്കത്തി മുതുകില്‍ ചെന്ന് തറച്ച് അതില്‍ നിന്ന് പൊറുതി തേടി അലഞ്ഞുനടക്കുന്ന ഒരു തെരുവു പട്ടി. വാക്കുകള്‍ കൊണ്ടു വിവരിക്കേണ്ട ആവശ്യമില്ലാത്ത ആ ദൃശ്യം അജിത്തിന്റെ മിതവും കൂര്‍ത്തതുമായ ശൈലിയില്‍ ഒരു ദൃശ്യകഥയായി മാറിയപ്പോള്‍ ഉണ്ടായത് അസാധ്യമായ സ്‌റ്റോറിടെല്ലിങ്ങാണ്. അലഞ്ഞുതിരിഞ്ഞു പോലീസ് സ്റ്റേഷനില്‍ എത്തുന്ന പട്ടിയുടെ മുതുകില്‍ മേല്‍വിലാസം എഴുതാത്ത പരാതിപോലെ ആ കത്തി തറഞ്ഞുകിടന്നു എന്നായിരുന്നു അജിത്തിന്റെ വാക്കുകള്‍! (പൊലീസുകാര്‍ ആണ് പട്ടിയെ ആ പങ്കപ്പാടില്‍ നിന്ന് രക്ഷിക്കുന്നത്).

ഏറ്റവുമൊടുവില്‍, കേരള മീഡിയ അക്കാദമിയില്‍ ഏതാനും വര്‍ഷങ്ങളായി വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട സാര്‍ (അല്ല ജ്യേഷ്ഠസഹോദരന്‍) ആയിരുന്നു അജിത്. അയാള്‍ പരിശീലനം നല്‍കി അയക്കുന്ന പുതുതലമുറക്കാര്‍ക്ക് ചാനലുകളിലെ പണി നേരെ വന്ന് തുടങ്ങാന്‍ കഴിഞ്ഞിരുന്നു. കഴിഞ്ഞമാസം അവിടെ ഒരു ക്ലാസിന് പോയപ്പോഴാണ് അജിത്തിനെ ഒടുവില്‍ കണ്ടത്. ഇന്ന് (മൂന്ന് പതിറ്റാണ്ട് മുന്‍പ് ഞാന്‍ ജേണലിസം പഠിക്കാന്‍ ചെന്ന) അക്കാദമിയുടെ ലോബിയില്‍ ചില്ലുകൂട്ടില്‍ നിശ്ചലനായി കിടന്ന അജിത് 'മെസേജ്' കിട്ടിയില്ലേ എന്ന് എന്നോട് (ഫിലിപ്പീന്‍സിലേക്ക് വിളിച്ചു) ചോദിച്ചു. ഞങ്ങള്‍ക്കല്ലേ പോയത് എന്ന് അവിടെ പല ഭാഗത്തായി നിന്ന് കണ്ണീരൊഴുക്കിയ ജേണലിസം വിദ്യാര്‍ഥികളുടെ കണ്ണുകളും ചോദിക്കുന്നുണ്ടായിരുന്നു.

അജിത്, വിട.

Related Stories

No stories found.
logo
The Cue
www.thecue.in