ഉമ്മൻചാണ്ടിയുടെ അപരനെത്തേടി

ഉമ്മൻചാണ്ടിയുടെ അപരനെത്തേടി
Summary

വെളുപ്പാൻ കാലത്തു വിളിക്കുന്ന മുൻ മുഖ്യമന്ത്രിമാരുണ്ടോ എന്നോർത്ത് ഇത്രകൂടി പറഞ്ഞു: “പക്ഷേ, അതിനുവേണ്ടി ഞാൻ ഉമ്മൻ ചാണ്ടിയാണെന്നും മറ്റും പറഞ്ഞു ഞങ്ങളെ വിരട്ടണ്ട.”

ഉമ്മൻചാണ്ടി നിയമസഭയിൽ അമ്പത് വർഷം പൂർത്തിയാക്കിയ സന്ദർഭത്തിൽ വീക്ഷണം പ്രസിദ്ധീകരിച്ച 'ഇതിഹാസം- നിയമസഭയിൽ അരനൂറ്റാണ്ട്' എന്ന പുസ്തകത്തിൽ മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ തോമസ് ജേക്കബ് ഉമ്മൻചാണ്ടിയെക്കുറിച്ച് എഴുതിയ ലേഖനം

അൻപത് വർഷം തുടർച്ചയായി തിരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും ഒരു അപരനെ നേരിടേണ്ടി വന്നിട്ടില്ലാത്ത നേതാവാണ് ഉമ്മൻ ചാണ്ടി. അത്ര അപൂർവമായൊരു പേരാണത്. ഇനി ഒരു അപരനുണ്ടാവണമെങ്കിൽ പേരുമാറ്റി ഗസറ്റിൽ പരസ്യം ചെയ്തു വരേണ്ടി വരും. വലിയ സംഭവങ്ങൾ നടക്കുമ്പോഴും അതിലെ കൊച്ചുകൊച്ചു കാര്യങ്ങളാണല്ലോ മനസ്സിൽ നിൽക്കുക. വേറൊരു ഉമ്മൻ ചാണ്ടി കേരളത്തിലുണ്ടോ എന്നറിയാൻ നിയമസഭാ പ്രവേശത്തിന്റെ കനകജൂബിലിക്കാലത്തു 'മനോരമ' ഒരു അന്വേഷണം പ്രഖ്യാപിച്ചു. അടുത്തൊരു ദിവസം 'മാതൃഭൂമി'യും ഇതേ അന്വേഷണവുമായി രംഗത്തെത്തി.

ആദ്യം വലയിറക്കിയ 'മനോരമ'യ്ക്കാണ് മറ്റൊരു ഉമ്മൻ ചാണ്ടിയാണെന്നും അല്ലെന്നും പറയാവുന്ന ഒരാളെ കിട്ടിയത്: നെടുങ്കുന്നംകാരനായ പനവേലിൽ ഉമ്മൻ ചാണ്ടി. പക്ഷേ, പാസ്പോർട്ടിലേ ആ പേരുള്ളൂ. മറ്റെല്ലായിടത്തും പി.ഒ. ചാണ്ടി ആണ്. പി.ഒ. ചാണ്ടിയും നമ്മുടെ ഉമ്മൻ ചാണ്ടിയെപ്പോലെ ആളുകൾക്കു ഭാഗ്യം വിതറി നിൽക്കുകയാണ്: കറുകച്ചാൽ ബസ് സ്റ്റാൻഡിൽ ലക്കി സെന്റർ നടത്തുകയാണ് കക്ഷി.

പേരുകളിലെ ഈ അപൂർവത വിശ്വാസ്യതയിലുമുള്ള നേതാവാണ് ഉമ്മൻ ചാണ്ടി. കോവിഡ് ദുരന്തകാലത്ത് നമ്മുടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കെല്ലാവർക്കും കൂടി ലഭിച്ചതിന്റെ എത്രയോ ഇരട്ടി ഫോൺകോളുകളാണ് പ്രതിപക്ഷത്തെ ഈ എംഎൽഎയ്ക്കു നിസ്സഹായരിൽനിന്നു ലഭിച്ചതെന്നു നോക്കിയാൽ മതി അദ്ദേഹത്തിന്റെ വിശ്വാസ്യതയുടെ ഗ്രാഫ് കാണാൻ.

ഉമ്മൻ ചാണ്ടിയെ ഞാൻ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നുവെന്നു പറയാൻ, വെറുതെ ഉപന്യസിക്കാതെ ചില സംഭവങ്ങളിലൂടെ കടന്നുപോകട്ടെ.

സർക്കാർ ജീവനക്കാർക്കു നിയമനകാലത്ത് ഉറപ്പു നൽകിയിട്ടുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷൻ കൊടുക്കാൻതന്നെ പണമില്ലാതെ സർക്കാർ വിഷമിക്കുന്ന കാലത്താണ് മന്ത്രിസഭയോട് ആലോചിക്കുകപോലും ചെയ്യാതെ ഒരു മന്ത്രി കെ.എസ്.ആർ.ടി.സി.യിലേക്കുകൂടി പെൻഷൻ വ്യാപിപ്പിച്ചത്. കരുത്തനായ മുഖ്യമന്ത്രിയായിരുന്നിട്ടും കെ. കരുണാകരന് അതു നടപ്പാക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ, പ്രഖ്യാപനം നടന്നുകഴിഞ്ഞതിനാൽ. ഇന്ന് കെ.എസ്.ആർ.ടി.സി. കുത്തുപാളയെടുത്തു നിൽക്കുന്നത് ഈ പെൻഷൻ തീരുമാനം കാരണമാണ്.

തോമസ് ജേക്കബ്
തോമസ് ജേക്കബ്

പിന്നെയും വർഷങ്ങൾ കഴിഞ്ഞ് പെൻഷൻ തുകകൾ വർധിക്കുകയും ആയുർദൈർഘ്യം കൂടുന്നതനുസരിച്ചു പെൻഷന്റെ മൊത്തം ബാധ്യത ഗവൺമെന്റിനെ കടക്കെണിയിലാക്കുകയും ചെയ്തപ്പോഴാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ‘കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീം’ പ്രഖ്യാപിച്ചത്. നിലവിലുള്ളവർക്കല്ല, പുതുതായി ചേരുന്നവർക്ക്. അവരുകൂടി ഒരു വിഹിതം അടച്ചാലേ ഈ പങ്കാളിത്തപെൻഷൻ കിട്ടൂ.

ഗവൺമെന്റിന്റെ ശമ്പളപെൻഷൻ ബാധ്യത കുറയ്ക്കാൻ കേരളത്തിലെ ഒരു മുഖ്യമന്ത്രി എടുത്ത ഏറ്റവും ധീരമായ നടപടിയായിരുന്നു ഇത്. എന്നിട്ടും ഇതിന്റെ പേരിൽ ഉമ്മൻ ചാണ്ടി കുറേ ചീത്തവിളി കേൾക്കേണ്ടി വന്നു. ഒന്നും നഷ്ടപ്പെടാനില്ലാത്ത, സർവീസിലിരിക്കുന്നവർവരെ സമരം ചെയ്തു. പെൻഷൻ കിട്ടാൻ ജീവനക്കാരും വിഹിതം അടയ്ക്കണമെന്ന വ്യവസ്ഥ ഇടതുപക്ഷം അധികാരത്തിൽ വന്നാലുടൻ എടുത്തു കളയുമെന്ന് ഇടതുമുന്നണി നേതൃത്വം പ്രഖ്യാപിച്ചു. പക്ഷേ, ഇടതുഭരണം അഞ്ചു വർഷം പൂർത്തിയാക്കുമ്പോഴു‌ം പങ്കാളിത്ത പദ്ധതി അങ്ങനെതന്നെ നിൽക്കുന്നു.

ഉമ്മൻ ചാണ്ടിക്കോ, ഒരുപക്ഷേ അദ്ദേഹത്തിന്റെ പാർട്ടിക്കു തന്നെയോ ഒരു പ്രയോജനവും കിട്ടണമെന്നില്ലാത്ത പദ്ധതിയാണിത്. ഇനി ഒരു ഇരുപതു വർഷം കഴിഞ്ഞ് കേരളത്തിൽ അധികാരത്തിൽ വരുന്ന ഗവൺമെന്റിനും മുഖ്യമന്ത്രിക്കുമാണ് ഇതിന്റെ പ്രയോജനം പൂർണമായി ലഭിക്കുക. തനിക്കും പാർട്ടിക്കും പ്രയോജനമില്ലാത്ത ഒരു പദ്ധതിക്കു വേണ്ടി 'ജനവിരുദ്ധൻ' ആകാനുള്ള ആ സന്നദ്ധതയുടെ പേരിൽ ഞാൻ ഉമ്മൻ ചാണ്ടിയെ ഇഷ്ടപ്പെടുന്നു.

ഒരു മുഖ്യമന്ത്രിയാണെന്ന ധാർഷ്ട്യം കാണിക്കാതെ, ഏതു പാവപ്പെട്ടവനും ഏതു സമയത്തും കയറിവന്ന് പരാതി നേരിട്ടു പറയാൻ അവസരം നൽകിയതിലൂടെ എത്രയോ പേരെ ദുരിതക്കയത്തിലാഴ്ത്തിയിരുന്ന നിയമങ്ങളാണ് അദ്ദേഹം തിരുത്തിയത്!

ഒരാൾ എവിടെയാണോ മരിക്കുന്നത് അതിനടുത്തുള്ള ഓഫിസിലാണ് മരണം രജിസ്റ്റർ ചെയ്യേണ്ടത് എന്നാണു നിയമം. ശബരിമലയിലേക്കു മല കയറി വരുമ്പോൾ ഹാർട്ട് അറ്റാക്ക് ഉണ്ടായി കോട്ടയം മെഡിക്കൽ കോളജിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്ന തീർഥാടകനെപ്പോലൊരാൾ യാത്രയ്ക്കിടയിൽ എവിടെയെങ്കിലു‌ംവച്ചു മരിച്ചാൽ ആ മരണം രേഖപ്പെടുത്താൻ ഏത് ഓഫിസാണ് ദയ കാണിക്കുക? ഓടുന്ന വണ്ടിയിലെ മരണം എല്ലായിടത്തും ഒരു പ്രശ്നമായിരുന്നു. സംസ്കാരം നടത്തുന്ന സ്ഥലത്തിനടുത്തുള്ള ഓഫിസ് എന്ന് വരുത്തിയ ഒരു തിരുത്തൽ കാരണം അപരിചിത നാടുകളിലെ ഓഫിസിൽ കയറിയിറങ്ങി ജീവിതം പാഴാക്കുന്ന എത്രയോ ആയിരങ്ങളെയാണ് ഉമ്മൻ ചാണ്ടി രക്ഷിച്ചത്!

പാവങ്ങൾക്കുള്ള പെൻഷൻ, ഭർത്താവിന്റെ മരണശേഷം ഭാര്യയ്ക്കു ലഭിക്കാൻ വ്യവസ്ഥയുണ്ട്. പക്ഷേ, ഭാര്യയുടെ മരണശേഷം ഭർത്താവിനു ലഭിക്കുമായിരുന്നില്ല. ഭാര്യയ്ക്കുണ്ടായിരുന്ന പെൻഷൻ ഭാര്യയോടൊപ്പം നഷ്ടപ്പെട്ട ഒരു പാവപ്പെട്ട ഭർത്താവിന്റെ സങ്കടത്തിൽ നിന്ന് ഈ അനീതിയറിഞ്ഞ ഉമ്മൻ ചാണ്ടി എല്ലാ വിഭാര്യന്മാർക്കും വേണ്ടി നിയമം തിരുത്തിക്കൊടുത്തു.

'ആശ്വാസ കിരൺ' പദ്ധതിയിലൂടെ രക്ഷപ്പെടുന്ന അനാഥക്കുട്ടികൾ അനേകായിരമാണ്. അച്ഛനെയു‌ം അമ്മയെയും നഷ്ടപ്പെട്ട കുട്ടികളെ പതിനെട്ടു വയസ്സുവരെ ഗവൺമെന്റ് ദത്തെടുത്ത് ഭക്ഷണവും ഫീസും നൽകി പഠിപ്പിച്ചു സംരക്ഷിക്കുന്ന ഈ പദ്ധതി തദ്ദേശ സ്ഥാപനങ്ങളിലൂടെയാണ് നടപ്പാക്കിയിരിക്കുന്നത്.

വയസ്സുകാലത്ത് രോഗം ബാധിച്ചവരെ സ്വന്തക്കാർപോലും നോക്കാതാവുമ്പോൾ ആയയെ/സഹായിയെ വച്ച് അവരെ ശുശ്രൂഷിക്കുന്ന 'ആശ്രയ' പദ്ധതി എ.കെ. ആന്റണി സർക്കാർ 2003ൽ തുടങ്ങിവച്ചിരുന്നു. അത് എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചത് 2006ൽ ഉമ്മൻ ചാണ്ടിയാണ്.

മുറിവുണ്ടായാൽ രക്തം കട്ടപിടിക്കാതെ ഒഴുകിക്കൊണ്ടിരിക്കുന്ന ഹീമോഫീലിയ രോഗികൾക്കു മരുന്നിനായി ആദ്യം ഒരു ലക്ഷം രൂപ അനുവദിച്ചു. പിന്നെയതു രണ്ടു‌ം രണ്ടരയും ലക്ഷംവരെ ഉയർത്തി. ഇത്തരം രോഗികൾ ജീവിതകാലം മുഴുവൻ ചികിൽസ ആവശ്യമുള്ളവരാകയാൽ അതൊരു ആയുഷ്കാല ചികിൽസാ പദ്ധതിയായി ഉമ്മൻ ചാണ്ടി ദീർഘിപ്പിച്ചു.

കോവിഡിന്റെ ആദ്യത്തെ നാലുമാസം വീട്ടിൽ അടച്ചുപൂട്ടിയിരിക്കേണ്ടി വന്നപ്പോൾ ഉമ്മൻ ചാണ്ടി എന്തു ചെയ്തു? താൻ വീട്ടിൽ ഉണ്ടെന്നും ആർക്കെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ വിളിക്കാമെന്നും കാണിച്ച് ഫോൺ നമ്പർ സഹിതം ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു. അതിനുശേഷം ഉമ്മൻ ചാണ്ടിയുടെ വീട്ടിലെ മൂന്നു ഫോണും വിശ്രമിച്ചിട്ടില്ല. രാത്രിയിൽ കോൾ എടുക്കാനുള്ള സൗകര്യത്തിനു വേണ്ടി ഫോണുകൾ കിടക്കയിൽ തന്നെ വച്ചു. നാട്ടിൽ മാത്രമല്ല, മറുനാട്ടിലും വിദേശത്തും കോവിഡ് കാലത്ത് ഒറ്റപ്പെട്ടവരുടെയെല്ലാം പ്രശ്നങ്ങൾക്ക് അദ്ദേഹം പരിഹാരമുണ്ടാക്കി. ഈ കോവിഡ്കാല കഥകൾകൊണ്ടു സമ്പൂർണമാണ് അദ്ദേഹത്തിന്റെ മുൻ പ്രസ് സെക്രട്ടറി പി.ടി. ചാക്കോയുടെ 'കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞു കഥകൾ'. അതിൽ ഇല്ലാത്ത ഒരു കഥ പുസ്തക പ്രകാശന വേളയിൽ ഉമ്മൻ ചാണ്ടി പറഞ്ഞു.

ഉമ്മൻചാണ്ടി എ.കെ ആന്റണിക്കും കെ കരുണാകരനുമൊപ്പം
ഉമ്മൻചാണ്ടി എ.കെ ആന്റണിക്കും കെ കരുണാകരനുമൊപ്പം

കോവിഡ് കാലത്ത് ബെംഗളൂരുവിൽനിന്നു നാട്ടിലേക്കു പോരാൻ താൻ അനുവാദം തരപ്പെടുത്തിക്കൊടുത്ത നാലു പെൺകുട്ടികൾ പരിഭ്രാന്തരായി അർധരാത്രിയിൽ വിളിച്ചു. വഴിതെറ്റി തങ്ങൾ കാട്ടിനുള്ളിൽ എവിടെയോ ആണ്. ഗൂഗിൾ നോക്കി അടുത്ത പോലീസ് സ്റ്റേഷനിലെത്തി തന്നെ വിളിച്ചിട്ട് ഫോൺ ഓഫിസർക്കു കൊടുക്കാൻ ഉമ്മൻ ചാണ്ടി പറഞ്ഞു.

താൻ കേരളത്തിലെ മുൻ മുഖ്യമന്ത്രിയാണെന്നും പെൺകുട്ടികൾക്കു രാത്രി സംരക്ഷണം നൽകി രാവിലെ വഴി പറഞ്ഞുകൊടുത്ത് യാത്രയാക്കണമെന്നും പുലർച്ചെ മൂന്നിന് ഉമ്മൻ ചാണ്ടി ഓഫിസറോടു പറഞ്ഞു. ഇത് ഒരു ഉത്തരവാദിത്തമായി തങ്ങൾ ഏറ്റെടുക്കുന്നുവെന്നു പറഞ്ഞ പോലീസുകാർ ഈ വെളുപ്പാൻ കാലത്തു വിളിക്കുന്ന മുൻ മുഖ്യമന്ത്രിമാരുണ്ടോ എന്നോർത്ത് ഇത്രകൂടി പറഞ്ഞു: “പക്ഷേ, അതിനുവേണ്ടി ഞാൻ ഉമ്മൻ ചാണ്ടിയാണെന്നും മറ്റും പറഞ്ഞു ഞങ്ങളെ വിരട്ടണ്ട.”

സത്യമായും താൻ ഉമ്മൻ ചാണ്ടിയാണെന്നു ഉമ്മൻ ചാണ്ടി പറയുമ്പോഴും മറ്റേ അറ്റത്ത് പോലീസുകാർ അവരുടെ പഞ്ച് ലൈനിലെ ഫലിതം ആസ്വദിച്ചു ചിരിക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in