'തന്റെ വാക്കു ഞാൻ വിശ്വസിക്കട്ടെ? ഉമ്മൻ ചാണ്ടിസാർ ചോദിച്ചു'

'തന്റെ വാക്കു ഞാൻ വിശ്വസിക്കട്ടെ?
ഉമ്മൻ ചാണ്ടിസാർ ചോദിച്ചു'
Summary

"തന്റെ ഈ വാക്ക് വിശ്വസിച്ച് ഞാൻ പത്രസമ്മേളനം നടത്താൻ പോവുകയാണ്" എന്നു പറഞ്ഞാണ് ഉമ്മൻ ചാണ്ടി സാർ ഫോൺ കട്ട് ചെയ്യുന്നത്. യുഡിഎഫിന്റെ വിജയം അവകാശപ്പെട്ടു കൊണ്ടുള്ള പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനം നടന്നത് പിന്നീടുള്ള നിമിഷങ്ങളിലാണ്. തൃത്താല ഉൾക്കൊള്ളുന്ന പട്ടാമ്പി താലൂക്കിന്റെ സൃഷ്ടാവും ഉമ്മൻ ചാണ്ടിയാണ് വി.ടി ബൽറാം എഴുതുന്നു.

2011ലെ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുമ്പോൾ ഏറ്റവും ഒടുവിലായി റിസൾട്ട് വന്നത് തൃത്താലയിലാണ്. കേരള ഭരണം ഏത് മുന്നണിക്ക് എന്നതിലും അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്നിരുന്നു. വോട്ടെണ്ണലിനിടെ ഹാളിൽ നിന്ന് പുറത്തിറങ്ങി ഫോൺ സ്വിച്ച് ഓൺ ചെയ്തപ്പോൾ ആദ്യം വന്നത് കന്റോൺമെന്റ് ഹൗസിൽ നിന്ന് ഉമ്മൻ ചാണ്ടി സാറിന്റെ വിളിയാണ്. എന്താണ് തൃത്താലയുടെ അവസ്ഥ എന്നറിയാനുള്ള ആകാംക്ഷയായിരുന്നു ആ ശബ്ദത്തിൽ. വിജയത്തിനാവശ്യമായ ലീഡ് നേടിക്കഴിഞ്ഞിട്ടുണ്ടെന്നും അവസാന റൗണ്ടിൽ ലീഡ് അൽപ്പം കുറഞ്ഞാലും വിജയമുറപ്പാണ് എന്നും എന്നിൽ നിന്ന് നേരിട്ട് കേട്ടപ്പോഴാണ് അദ്ദേഹത്തിന് സമാധാനമായത്. "തന്റെ ഈ വാക്ക് വിശ്വസിച്ച് ഞാൻ പത്രസമ്മേളനം നടത്താൻ പോവുകയാണ്" എന്നു പറഞ്ഞാണ് ഫോൺ വിളി അവസാനിപ്പിച്ചത്. യുഡിഎഫിന്റെ വിജയം അവകാശപ്പെട്ടു കൊണ്ടുള്ള പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനം നടന്നത് പിന്നീടുള്ള നിമിഷങ്ങളിലാണ്.

തൃത്താല ഉൾക്കൊള്ളുന്ന പട്ടാമ്പി താലൂക്കിന്റെ സൃഷ്ടാവും ഉമ്മൻ ചാണ്ടി തന്നെയാണ്. മുൻപ് മുഖ്യമന്ത്രിമാരേയും റവന്യൂ വകുപ്പ് മന്ത്രിമാരേയുമൊക്കെ വിജയിപ്പിച്ച മണ്ഡലമാണ് പട്ടാമ്പി. പക്ഷേ അന്നൊന്നും നമ്മുടെ ന്യായമായ അവകാശമായ താലൂക്ക് അനുവദിക്കപ്പെട്ടിരുന്നില്ല.

അതിലുമെത്രയോ വർഷങ്ങൾക്ക് മുമ്പാണ് മനസ്സിലെ ഇതിഹാസ തുല്യനായ നേതാവ് ഉമ്മൻ ചാണ്ടിയുടെ ശബ്ദം ആദ്യമായി ലാൻഡ് ഫോണിലൂടെ കേട്ടത്. 1999ലാണെന്നാണ് ഓർമ്മ. കെ എസ് യു പ്രവർത്തകനായിരുന്ന ഞാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിലേക്ക് വിദ്യാർത്ഥി പ്രതിനിധിയായി വിജയിച്ചതിന് ശേഷം സിന്റിക്കേറ്റിലേക്ക് മത്സരിക്കുകയായിരുന്നു. പരാജയമുറപ്പായ മത്സരമായിരുന്നെങ്കിലും പരമാവധി വോട്ട് പിടിക്കണമെന്നായിരുന്നു അന്നദ്ദേഹം നിർദ്ദേശിച്ചത്. അതെനിക്കുണ്ടാക്കിയ ആവേശം ഇന്നും ഓർമ്മയിലുണ്ട്. ജയ പരാജയങ്ങളിലും സുഖ ദുഃഖങ്ങളിലുമെല്ലാം ഏതൊരു സാധാരണ പാർട്ടി പ്രവർത്തകനുമൊപ്പം നിരന്തരം നിൽക്കുന്ന ഉമ്മൻ ചാണ്ടി എന്ന നേതാവിന്റെ വലിയ മനസ്സ് നേരിട്ടറിയാനുള്ള അവസരങ്ങൾ പിന്നീട് ഒരുപാട് തവണ അനുഭവിച്ചിട്ടുണ്ട്.

2011ലെ ഞാനടക്കമുള്ള ഒരുപറ്റം യുവാക്കളുടെ സ്ഥാനാർത്ഥിത്വം അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വത്തിന്റെ നയപരമായ ഇടപെടലിന്റെ ഭാഗമായിരുന്നു. എന്നിരുന്നാലും സ്ഥാനാർത്ഥിത്വം സീരിയസായി പരിഗണിക്കപ്പെട്ടു തുടങ്ങിയ ഘട്ടം മുതൽ ഉമ്മൻ ചാണ്ടി സാറിന്റെ പരിപൂർണ്ണമായ പിന്തുണയുണ്ടായിരുന്നു. വിജയത്തിന് ശേഷം ഒരു പുതുമുഖ ജനപ്രതിനിധിക്കുള്ള സ്നേഹപൂർണ്ണമായ കരുതലും പ്രോത്സാഹനവും മാർഗദർശനവുമായിരുന്നു അദ്ദേഹത്തിൽ നിന്ന് എനിക്കനുഭവിക്കാൻ കഴിഞ്ഞത്. ഒരു മുഖ്യമന്ത്രിയെ സംബന്ധിച്ച് തീർത്തും അപ്രധാനമായേക്കുമെന്ന് പ്രതീക്ഷിച്ച് അദ്ദേഹത്തിനു മുമ്പിലവതരിപ്പിച്ച വിഷയങ്ങൾക്ക് പോലും അങ്ങേയറ്റം ഗൗരവതരമായ പരിഗണനയായിരുന്നു ഉമ്മൻ ചാണ്ടി സാറിൽ നിന്ന് എപ്പോഴും ലഭിച്ചിരുന്നത്. സംസ്ഥാനത്തിന്റെ മുഖച്ഛായയും വികസന പ്രതിച്ഛായയും മാറ്റിത്തീർക്കുന്ന വമ്പൻ പദ്ധതികൾക്കൊപ്പം തീർത്തും പ്രാദേശികമായ ചെറിയ വികസന പദ്ധതികൾക്കും ജനോപകാരപ്രദമായ പ്രശ്നപരിഹാരങ്ങൾക്കും അദ്ദേഹത്തിന്റെ മനസ്സിൽ വലിയ പ്രാധാന്യമായിരുന്നു.

"എന്റെ സമുദായത്തിൽ നിന്ന് 10 ബി.എ.ക്കാരെ കാണണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം" എന്ന് മഹാത്മാ ഗാന്ധിയോട് മഹാനായ അയ്യൻകാളി പറഞ്ഞത് നമ്മുടെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ 10 ബി.എക്കാർക്ക് പകരം 100 എംബിബിഎസ് ഡോക്ടർമാരെ ഓരോ വർഷവും സൃഷ്ടിക്കുന്ന ഒരു സർക്കാർ മെഡിക്കൽ കോളേജാണ് പട്ടികജാതി ക്ഷേമവകുപ്പിന്റെ കീഴിൽ ഉമ്മൻ ചാണ്ടി സർക്കാർ പാലക്കാടിനായി സമ്മാനിച്ചത്.

'തൃത്താലക്കൊരു കോളേജ്' എന്നത് ഞാൻ ജനപ്രതിനിധിയാവുന്നതിനും പതിറ്റാണ്ടുകൾ മുമ്പേയുള്ള ആവശ്യമായിരുന്നു. എന്നാൽ അത് യാഥാർത്ഥ്യമാവാൻ ഉമ്മൻ ചാണ്ടി എന്ന ജനകീയ മുഖ്യമന്ത്രി വരേണ്ടി വന്നു. വർഷങ്ങൾക്ക് മുമ്പ് പറക്കുളത്ത് ആരംഭിക്കാനിരുന്ന എയ്ഡഡ് കോളേജ് സർക്കാരിനേക്കൊണ്ട് അനുവദിപ്പിക്കുക എന്നതായിരുന്നു എന്റെ ആദ്യ ശ്രമം. എന്നാൽ അതുമായി ബന്ധപ്പെട്ട സംഘടനയുടെ നേതൃത്വം ആ ഘട്ടത്തിൽ അതിന് അത്ര താത്പര്യം കാട്ടാതിരുന്നത് കൊണ്ട് സർക്കാർ കോളേജ് തന്നെ വേണമെന്ന ആവശ്യമുന്നയിച്ചാണ് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത്. കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ അദ്ദേഹം ആദ്യമന്വേഷിച്ചത് കോളേജിനാവശ്യമായ സ്ഥലമുണ്ടോ എന്നതാണ്. സ്ഥലം എങ്ങനെയെങ്കിലും കണ്ടെത്തിയാൽ ബാക്കി താൻ നോക്കിക്കോളാം എന്നായിരുന്നു അദ്ദേഹത്തിന്റെ ഉറപ്പ്. അതിനേത്തുടർന്ന് നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് കൂറ്റനാട്ടെ പൊതുകാര്യ പ്രസക്തനായ ശ്രീ.കെ.എം.മുഹമ്മദ് കോളേജിനായി അഞ്ചേക്കർ സ്ഥലം സൗജന്യമായി നൽകാൻ മുന്നോട്ടുവന്നതും 2013ൽ തൃത്താല ഗവൺമെന്റ് കോളേജ് പിറവിയെടുക്കുന്നതും. കോളേജുകൾ നിലവിലില്ലാത്ത മുഴുവൻ നിയോജക മണ്ഡലങ്ങൾക്കും പുതിയ സർക്കാർ കോളേജുകൾ അനുവദിക്കുക എന്ന ഒരു നയം തന്നെ രൂപീകരിക്കാൻ മുഖ്യമന്ത്രി കടന്നുവന്നു. ഒറ്റയടിക്ക് 22ഓളം പുതിയ സർക്കാർ ആർട്ട്സ്& സയൻസ് കോളേജുകളാണ് ഇങ്ങനെ കേരളത്തിൽ അനുവദിക്കപ്പെട്ടത്. പൊതുമേഖലയിൽ നിന്ന് സർക്കാരുകൾ പിൻമാറുന്നു എന്ന ആക്ഷേപത്തിനുള്ള കൃത്യമായ മറുപടിയായിരുന്നു കേരളത്തിലുടനീളം ഉയർന്നുവന്ന ഈ പുതിയ സർക്കാർ കലാലയങ്ങൾ. പറക്കുളത്തെ എയ്ഡഡ് കോളേജിനുവേണ്ടി എൻഎസ്എസ് നേതൃത്വം പിന്നീട് തയ്യാറായി കടന്നുവന്നപ്പോൾ അതിനും അനുമതി നൽകിയത് ഉമ്മൻ ചാണ്ടി സർക്കാർ തന്നെയാണ്. അങ്ങനെ ഒരു കോളേജിന് വേണ്ടി നാല് പതിറ്റാണ്ട് കാത്തിരുന്ന തൃത്താലക്ക് അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോളേജുകൾ സമ്മാനിച്ച ഭരണാധികാരിയായി ഉമ്മൻ ചാണ്ടി.

തൃത്താല ഉൾക്കൊള്ളുന്ന പട്ടാമ്പി താലൂക്കിന്റെ സൃഷ്ടാവും ഉമ്മൻ ചാണ്ടി തന്നെയാണ്. മുൻപ് മുഖ്യമന്ത്രിമാരേയും റവന്യൂ വകുപ്പ് മന്ത്രിമാരേയുമൊക്കെ വിജയിപ്പിച്ച മണ്ഡലമാണ് പട്ടാമ്പി. പക്ഷേ അന്നൊന്നും നമ്മുടെ ന്യായമായ അവകാശമായ താലൂക്ക് അനുവദിക്കപ്പെട്ടിരുന്നില്ല. സി.പി.മുഹമ്മദ് എംഎൽഎയായത് മുതൽ താലൂക്കിനായി നടത്തിയ പരിശ്രമങ്ങൾ ഫലപ്രാപ്തിയിലെത്താനും മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി തന്നെ വരേണ്ടി വന്നു. തൃത്താല എംഎൽഎ എന്ന നിലയിൽ ആ ശ്രമങ്ങളുടെ ഭാഗമാവാൻ എനിക്കും അവസരമുണ്ടായി.

പാലക്കാട് ജില്ല ഏറെ കാത്തിരുന്ന സർക്കാർ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കിയതും ഉമ്മൻ ചാണ്ടി സർക്കാറിന്റെ നേട്ടമാണ്. ഷാഫി പറമ്പിൽ എംഎൽഎയായി വന്നതിന് ശേഷം മെഡിക്കൽ കോളേജിനായി ആരംഭിച്ച നീക്കങ്ങളോരോന്നും മാർഗ്ഗതടസ്സങ്ങൾ നീക്കി മുന്നോട്ടുകൊണ്ടുപോയത് ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രി തന്നെയാണ്. "എന്റെ സമുദായത്തിൽ നിന്ന് 10 ബി.എ.ക്കാരെ കാണണമെന്നാണ് ഏറ്റവും വലിയ ആഗ്രഹം" എന്ന് മഹാത്മാ ഗാന്ധിയോട് മഹാനായ അയ്യൻകാളി പറഞ്ഞത് നമ്മുടെ നവോത്ഥാന ചരിത്രത്തിന്റെ ഭാഗമാണ്. എന്നാൽ 10 ബി.എക്കാർക്ക് പകരം 100 എംബിബിഎസ് ഡോക്ടർമാരെ ഓരോ വർഷവും സൃഷ്ടിക്കുന്ന ഒരു സർക്കാർ മെഡിക്കൽ കോളേജാണ് പട്ടികജാതി ക്ഷേമവകുപ്പിന്റെ കീഴിൽ ഉമ്മൻ ചാണ്ടി സർക്കാർ പാലക്കാടിനായി സമ്മാനിച്ചത്. ഇവിടെ 70 ശതമാനം സീറ്റുകളും പട്ടികജാതി, വർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. അടിസ്ഥാന ജനവിഭാഗങ്ങളെ ശാക്തീകരിക്കുന്ന ഏറ്റവും വലിയ ഒരു സാമൂഹ്യ പരിഷ്ക്കരണമായിക്കൂടി ഇത് വിലയിരുത്തപ്പെടേണ്ടതുണ്ട്.

കോളേജ് ശിലാസ്ഥാപനത്തിനും വെള്ളിയാങ്കല്ല് പൈതൃക പാർക്ക് ഉദ്ഘാടനത്തിനും കൂട്ടക്കടവ് റഗുലേറ്റർ നിർമ്മാണോദ്ഘാടനത്തിനും വിജയികൾക്കുള്ള MLA അവാർഡ് ദാനത്തിനുമൊക്കെയായി നിരവധി തവണ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തൃത്താലയിലെത്തിയിരുന്നു. ഓരോ തവണയും നാടിനായി പുതിയ പദ്ധതികളും അദ്ദേഹത്തിന്റെ വകയായി അനുവദിക്കപ്പെട്ടിരുന്നു. ഒരുപക്ഷേ മുഖ്യമന്ത്രി എന്ന നിലയിലെ അദ്ദേഹത്തിന്റെ അവസാനത്തെ ഔദ്യോഗിക പരിപാടികളും തൃത്താലയിലായിരുന്നു എന്ന് പറയാം. തൃത്താല മണ്ഡലത്തിലെ പരിപാടികൾ കഴിഞ്ഞ് പാലക്കാടേക്ക് പോകുന്ന വേളയിലാണ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചത്. അതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നുകഴിഞ്ഞതിനാൽ പാലക്കാട്ടെ പരിപാടി ഉദ്ഘാടനം ചെയ്യാൻ അദ്ദേഹം തയ്യാറായില്ല.

ഉമ്മൻചാണ്ടി എന്ന പ്രഗത്ഭനായ ഭരണാധികാരിയും ജനകീയനായ രാഷ്ട്രീയ നേതാവും വിടവാങ്ങുമ്പോൾ ആ നഷ്ടം ദീർഘകാലം അദ്ദേഹത്തിന്റെ കർമ്മ മണ്ഡലമായ പുതുപ്പള്ളി എന്നതിനോടൊപ്പം തൃത്താലയടക്കം ഈ കേരളത്തിലെ ഓരോ പ്രദേശത്തിന്റേയുമാണ്. കാരണം, കേരളവും അതിലെ മൂന്നര കോടി ജനങ്ങളുമാണ് ഉമ്മൻചാണ്ടി എന്ന നേതാവിന്റെ ജീവിതവും രാഷ്ട്രീയവും.

Related Stories

No stories found.
logo
The Cue
www.thecue.in