മുലായം, സോഷ്യലിസ്റ്റ് നിരയിലെ പ്രധാനി

മുലായം, സോഷ്യലിസ്റ്റ് നിരയിലെ പ്രധാനി
Summary

മന്ത്രി എം.ബി രാജേഷ് മുലായം സിംഗ് യാദവിനെ അനുസ്മരിക്കുന്നു, പാര്‍ലമെന്റ് അംഗമായിരിക്കെ ലഭിച്ച പിന്തുണയെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചും എഴുതുന്നു

ദേശീയ രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവായ മുലായം സിംഗ് യാദവിനൊടൊപ്പം പാര്‍ലമെന്റില്‍ 10 വര്‍ഷം പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. മാത്രമല്ല, ദീര്‍ഘകാലം അദ്ദേഹം ചെയര്‍മാനായ ഊര്‍ജകാര്യ സ്ഥിരം സമിതിയില്‍ ഞാന്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഊര്‍ജകാര്യ സ്ഥിരം സമിതി അംഗമെന്ന നിലയില്‍ അദ്ദേഹവുമായി വളരെ അടുത്ത് ഇടപെടാനും പ്രവര്‍ത്തിക്കാനുമുള്ള അവസരം ലഭിച്ചിരുന്നു.

#MulayamSinghYadav
#MulayamSinghYadav

വളരെ തലമുതിര്‍ന്ന നേതാവായ അദ്ദേഹം ആ സമിതിയിലെ ചെറുപ്പക്കാരനായിരുന്ന എന്നോട് വളരെ വാത്സല്യത്തോടെയാണ് പെരുമാറിയിരുന്നത്. സമിതി യോഗങ്ങളിലെ ഇടപെടലുകള്‍ക്ക് അദ്ദേഹം ധാരാളം അവസരങ്ങള്‍ തന്നു. ഞാന്‍ ഉന്നയിച്ച പല പ്രശ്‌നങ്ങള്‍ക്കും വിശദീകരണം നല്‍കാന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമായിരുന്നു. വലിയ പ്രോത്സാഹനമാണ് അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടുള്ളത്.

2008ല്‍ രണ്ടാം യു പി എ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചപ്പോള്‍, അവസാന നിമിഷം എസ് പി മറിച്ചൊരു നിലപാടെടുത്തിരുന്നു. അതിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ അമര്‍ സിംഗായിരുന്നു. അമര്‍ സിംഗിന്റെ തന്ത്രങ്ങള്‍ക്ക് വഴങ്ങുകയല്ലാതെ, മുലായം സിംഗ് യാദവിന് മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല.
#MulayamSinghYadav
#MulayamSinghYadav

മറ്റൊരു അവിസ്മരണീയമായ സന്ദര്‍ഭം ഞാനിപ്പോള്‍ ഓര്‍ക്കുകയാണ്. സഭയില്‍ ഒരു ദിവസം ഞാന്‍ ഹിന്ദിയില്‍ പ്രസംഗിച്ചു. പാലക്കാട് കോച്ച് ഫാക്ടറി ആരംഭിക്കുന്നത് സംബന്ധിച്ച വിഷയമാണ് ഹിന്ദിയില്‍ ഉന്നയിച്ചത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള അംഗങ്ങള്‍, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള ഒരാള്‍ ഹിന്ദിയില്‍ പ്രസംഗിക്കുമ്പോള്‍ സഭയുടെ ശ്രദ്ധയാകെ ആകര്‍ഷിക്കാനാകും എന്നതിനാലാണ് ആ തന്ത്രം പ്രയോഗിച്ചത്. അത് വിജയിക്കുകയും ചെയ്തു. സ്പീക്കറും സഭയിലെ അംഗങ്ങളാകെയും എന്നെ അഭിനന്ദിച്ചു. എന്നാല്‍ പ്രസംഗം കഴിഞ്ഞയുടന്‍ മുലായം സിംഗ് യാദവ് അടുത്തെത്തി എന്നെ ചേര്‍ത്തുപിടിച്ച് അഭിനന്ദിച്ചത് അവിസ്മരണീയമായ അനുഭവമായി. ചുമലില്‍ പിടിച്ചുകൊണ്ട് അദ്ദേഹം, ഹിന്ദിയില്‍ പ്രസംഗിച്ചത് നന്നായി, നല്ല ഹിന്ദിയായിട്ടുണ്ട് എന്നും പറഞ്ഞു. 'നവജവാന്‍, അഗര്‍ ദേശ് കാ നേതാ ഹോനാ ചാഹിയേ തോ ഹിന്ദി മേ ഹീ ഭാഷന്‍ കര്‍നാ ഹേ' എന്ന് പറഞ്ഞ് ഇനിയും ഹിന്ദിയില്‍ പ്രസംഗിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. (അന്ന് ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന സാഹചര്യം രൂപപ്പെട്ട് കഴിഞ്ഞിരുന്നില്ല. ഹിന്ദിയില്‍ സംസാരിക്കാന്‍ ഞാന്‍ സ്വയം തീരുമാനിച്ചതായിരുന്നു. ഇന്ന് ഹിന്ദി അടിച്ചേല്‍പ്പിക്കുമ്പോള്‍, അതിനെ ശക്തമായി ചെറുക്കേണ്ടതുണ്ട് എന്നുകൂടി പറയാതിരിക്കാനാവില്ല) അതുപോലെ പല സന്ദര്‍ഭങ്ങളിലും, പ്രത്യേകിച്ച് പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയ സന്ദര്‍ഭങ്ങളിലെല്ലാം പാര്‍ലമെന്റില്‍ അദ്ദേഹം വലിയ പിന്തുണയും പ്രോത്സാഹനവും തന്നത് ഓര്‍മ്മിക്കുകയാണ്.

ഇടതുപക്ഷത്തോട് എക്കാലത്തും അദ്ദേഹത്തിന് ആഭിമുഖ്യമുണ്ടായിരുന്നു. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് അദ്ദേഹത്തിന് ഗുരുതുല്യനായിരുന്നു. എന്നാല്‍ 2008ല്‍ രണ്ടാം യു പി എ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചപ്പോള്‍, അവസാന നിമിഷം എസ് പി മറിച്ചൊരു നിലപാടെടുത്തിരുന്നു. അതിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ അമര്‍ സിംഗായിരുന്നു. അമര്‍ സിംഗിന്റെ തന്ത്രങ്ങള്‍ക്ക് വഴങ്ങുകയല്ലാതെ, മുലായം സിംഗ് യാദവിന് മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല.

#MulayamSinghYadav
#MulayamSinghYadav

വളരെ രസകരമായ മറ്റൊരു സംഭവമുണ്ട്. മുലായം യുപി മുഖ്യമന്ത്രിയും സഖാവ് നായനാര്‍ കേരള മുഖ്യമന്ത്രിയുമായിരിക്കുമ്പോള്‍, നായനാര്‍ക്ക് മുലായം ഹിന്ദിയില്‍ ഒരു കത്ത് അയച്ചു. അതിന് മറുപടി നായനാര്‍ മലയാളത്തില്‍ അയയ്ക്കുകയുണ്ടായി. ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ മുലായത്തെക്കുറിച്ച് മനസില്‍ വരുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവന്ന നേതാക്കളുടെ നിരയില്‍ പ്രമുഖനായിരുന്നു മുലായം സിംഗ് യാദവ്. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ആ തലമുറയിലെ ഒരു പ്രധാന കണ്ണിയാണ് അറ്റുപോകുന്നത്. മുലായത്തിന് ആദരാഞ്ജലികള്‍

Related Stories

No stories found.
logo
The Cue
www.thecue.in