

ശ്രീനിവാസന് ഇനിയില്ല. ഏറെക്കാലമായി സിനിമയില്‍ ഉണ്ടായിരുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലോ, അഭിമുഖങ്ങളിലോ വന്നു മറയുന്നതിനപ്പുറം നമ്മുടെ ചലച്ചിത്ര വര്‍ത്തമാനത്തില്‍ കുറച്ചുവര്‍ഷങ്ങളായി ശ്രീനിവാസന്‍ സജീവമായിരുന്നില്ല. അപ്പോഴും സമകാലിക സിനിമയ്‌ക്കൊപ്പം സഞ്ചരിക്കുന്ന അദൃശ്യ സാന്നിധ്യമായി അയാള്‍ ഇവിടെയുണ്ടായിരുന്നു. ആരോഗ്യം വീണ്ടെടുത്ത് ഒരുനാള്‍ തിരിച്ചുവരുമെന്ന സാധ്യത നിലനിന്നിരുന്നു. ശ്രീനിവാസന്‍ ഇനി വരില്ല. ആ അഭാവത്തെ നാമെങ്ങനെ ആവിഷ്‌കരിക്കും?
ഒരാള്‍ കടന്നുപോകുമ്പോള്‍ ഓര്‍മ്മകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. അയാളുടെ അഭാവം സൃഷ്ടിച്ച ശൂന്യതയെ ഓര്‍മ്മകളാല്‍ നിറയ്ക്കുകയോ, പൂരിപ്പിക്കുയോ, മറികടക്കുകയോ ചെയ്യുകയെന്നതു സമൂഹത്തിന്റെ അതിജീവനതന്ത്രവും ആവിഷ്‌കാര രീതിയുമാണ്. ഒറ്റയ്ക്കും കൂട്ടായും വ്യക്തികള്‍ പങ്കിടുകയും വീണ്ടെടുക്കുകയും ചെയ്യുന്ന ഓര്‍മ്മകളിലൂടെ അയാള്‍ നിരന്തരം പുനരാനയിക്കപ്പെടും. കഥയായും കഥാപാത്രങ്ങളായും സംഭാഷണങ്ങളായും ശരീരചലനങ്ങളായും മുഖഭാവങ്ങളായും പ്രസംഗത്തിലോ അഭിമുഖങ്ങളിലോ പറഞ്ഞുപോയ കാര്യങ്ങളായും ശ്രീനിവാസന്‍ പുനരാനയിക്കപ്പെടുന്നത് അതുകൊണ്ടാണ്. സമൂഹത്തിന്റെ കൂട്ടായ സ്മരണകള്‍ ശ്രീനിവാസനെ മരണത്തിനു വിട്ടുകൊടുക്കാതെ വീണ്ടെടുത്തുകൊണ്ടിരിക്കും.
അപരനായകന്റെ പൊറാട്ടുകള്‍
നാലുപതിറ്റാണ്ടുനീണ്ട ചലച്ചിത്ര കാലത്തിനുള്ളില്‍ വടക്കുനോക്കിയന്ത്രം (1989), ചിന്താവിഷ്ടയായ ശ്യാമള (1998) എന്നീ ചിത്രങ്ങളാണു ശ്രീനിവാസന്‍ സംവിധാനം ചെയ്തത്. എന്തുകൊണ്ടു രണ്ടുസിനിമകള്‍ എന്ന ചോദ്യത്തിന് 'ഒരു സിനിമപോലും സംവിധാനം ചെയ്യാത്ത എത്രയോ കോടി ജനങ്ങള്‍ കേരളത്തിലുണ്ട്?' എന്നായിരുന്നു ശ്രീനിവാസന്റെ മറുചോദ്യം. 'ഞാന്‍ ചെയ്യാതെ പോയ നൂറുകണക്കിനു സിനിമകളാണു മലയാള സിനിമയ്ക്കു ഞാന്‍ നല്‍കിയ സംഭാവന' എന്നദ്ദേഹം അതിമുമ്പുതന്നെ പറഞ്ഞിരുന്നു. 2005ല്‍ 'ശ്രീനിവാസന്‍ ഒരു പുസ്തകം' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവേളയില്‍ 'ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നറിഞ്ഞിരുന്നുവെങ്കില്‍ കുറച്ചുകൂടി സംഭവബഹുലമായി ജീവിക്കാമായിരുന്നു' എന്നദ്ദേഹം പറയുന്നുണ്ട്. ഈ പറച്ചിലുകളിലൂടെ ശ്രീനിവാസന്‍ രേഖപ്പെടുത്തുന്നതെന്താണ്?
സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നിട്ടും കഴിയാതെപോയ മനുഷ്യരെയാണ്, അഭിനയിക്കാതെപോയ, എഴുതാതെപോയ, സാധിക്കാതെപോയ, ഉപേക്ഷിച്ച സിനിമകളെയാണ്, സംഭവ ബഹുലമാക്കാമായിരുന്നൊരു ഭൂതകാല ജീവിതത്തെയാണ് ശ്രീനിവാസന്‍ മുഖ്യധാരയില്‍ ഉന്നയിച്ചത്. അദൃശ്യതകളുടെ ഈ പൊതുപ്രവേശനം മലയാള സിനിമയുടെ പ്രതിചരിത്രമോ അപര ചരിത്രമോ ആണ്. ഈ അപരത്വാവിഷ്‌കാരം, അപരാഖ്യാനം ശ്രീനിവാസന്‍ ചലച്ചിത്രങ്ങളുടെ സവിശേഷതയാണ്.
ശ്രീനിവാസന്‍ തിരക്കഥയെഴുതിയ സിനിമകളിലും സംവിധാനം ചെയ്ത ചിത്രങ്ങളിലും മാത്രമല്ല, വേഷമിട്ട കഥാപാത്രങ്ങളിലുമുണ്ട് ഈ അപരസാന്നിധ്യം. മുഖ്യധാരാ സിനിമയുടെ സൗന്ദര്യ സങ്കല്‍പത്തിന് പാകമാകാത്ത, നിറമില്ലാത്ത, അപകര്‍ഷതാബോധമുള്ള, അലസനായ, ജീവിക്കാന്‍ അറിയാത്ത പുരുഷന്‍ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ഹാസ്യം ഉല്‍പ്പാദിപ്പിക്കുമ്പോഴും മലയാളസിനിമയുടെ നായക സങ്കല്‍പത്തിനുള്ളില്‍ അരക്ഷിതമാക്കപ്പെടുന്ന ശരീരമായിരുന്നു ശ്രീനിവാസന്റേത്. അതുകൊണ്ടുതന്നെ ശ്രീനിവാസന്‍ കഥാപാത്രങ്ങള്‍ ഓരോന്നും സിനിമകള്‍ക്കുള്ളിലും മറ്റൊരാഖ്യാനം സൃഷ്ടിക്കുകയും അതിലെ നായകനായിത്തീരുകയും ചെയ്യുന്നതായി കാണാം. മുഖ്യധാരയുടെ ആഖ്യാനമണ്ഡലത്തിനുള്ളില്‍ സ്വന്തം ഉപമണ്ഡലം സ്ഥാപിച്ചെടുക്കുന്ന 'പൊറാട്ടു'കളാണ് ശ്രീനിവാസന്‍ സിനിമകളും കഥാപാത്രങ്ങളും.
ഈ 'പുറം ആട്ടം' കൂടിയാട്ടത്തിലെ മനുഷ്യകഥാപാത്രമായ വിദൂഷകനെപ്പോലെയോ, നാടന്‍/നാടോടി കലാരൂപങ്ങളിലെ കൂളിയാട്ടം പോലെയോ ഒരു ഉപാഖ്യാനത്തിലൂടെ മുഖ്യവേദിയില്‍ സ്വയം സ്ഥാനപ്പെടുന്നു. സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിലെ ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്‍, ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റിലെ മാധവന്‍, നാടോടിക്കാറ്റിലെ വിജയന്‍, പട്ടണപ്രവേശത്തിലെ വിജയന്‍ വേഷം മാറിയ തങ്കപ്പന്‍, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നുവിലെ വിശ്വനാഥ്, ചിത്രത്തിലെ ഭാസ്‌കരന്‍ നമ്പ്യാര്‍, മിഥുനത്തിലെ പ്രേമന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ പ്രധാന കഥയുടെ ഓരങ്ങളിലൂടെ കടന്നുകയറി ആഖ്യാനത്തെ പിടിച്ചെടുക്കുന്ന പുറം ആട്ടങ്ങളാണ്. ആഖ്യാനത്തിനുള്ളില്‍ രസകരമായി നിബന്ധിക്കുമ്പോള്‍ തന്നെ അതു സ്വയം പുറത്താണെന്നു ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. മധ്യവര്‍ഗ്ഗ/വരേണ്യ സൗന്ദര്യബോധത്തിനുള്ളില്‍, ഉന്നതജാതിയില്‍ പിറന്ന, വെളുത്ത പുരുഷ നായകന്റെ സ്വാഭാവിക തട്ടകമായ ആഖ്യാനത്തിനകത്ത് സ്വന്തമായൊരു സ്ഥലം ഉല്‍പ്പാദിപ്പിക്കുന്നതിലൂടെ ശ്രീനിവാസന്‍ കഥാപാത്രങ്ങള്‍ ആധുനിക, മതനിരപേക്ഷ, ജനാധിപത്യ ബോധ്യങ്ങളെ പ്രശ്നവല്‍ക്കരിക്കുന്നതായുള്ള നിരീക്ഷണം (എസ.സഞ്ജീവ്, സി.എസ്.വെങ്കിടേശ്വരന്‍, 2005) ഇവിടെ പ്രസക്തമാണ്.
ജനപ്രിയ സിനിമയുടെ വരേണ്യ സാമാന്യബോധത്തിനുള്ളില്‍ അതിന്റെ വാണിജ്യ തന്ത്രങ്ങളോടു കൂട്ടുചേര്‍ന്നുകൊണ്ടാണു ശ്രീനിവാസന്‍ കഥാപാത്രങ്ങള്‍ ആഖ്യാനത്തെ പിടിച്ചെടുക്കുന്നത്. ഒരേ ചലച്ചിത്ര ശരീരത്തിനുള്ളില്‍ സമാന്തരമായി പുലരുന്ന ആഖ്യാനങ്ങളായി അത് ഉടഞ്ഞു ദൃശ്യമാകുന്നു. ഈ ശകലീകരിക്കല്‍ ജാതി, ശരീര, സൗന്ദര്യശാസ്ത്ര നിലയെ പ്രശ്നവല്‍ക്കരിച്ചുകൊണ്ടാണു നിലനില്‍ക്കുന്നത്.
പുതിയ സാമൂഹ്യ പ്രക്രിയക്കുകീഴില്‍ വര്‍ഗ്ഗങ്ങളുടെയും ജാതികളുടെയും ബന്ധങ്ങളുടെ ഘടന പുനഃക്രമീകരിക്കപ്പെടുകയും ഔദ്യോഗികവും സാമ്പത്തികവുമായ ഉന്നത പദവികളിലേയ്ക്കു ചില തുറസ്സുകള്‍ കീഴാള സമൂഹങ്ങള്‍ക്കും ലഭ്യമാവുകയും ചെയ്ത കാലത്താണ് ശ്രീനിവാസന്‍ കഥാപാത്രങ്ങള്‍ വിവിധ പദവികളില്‍ എത്തിച്ചേരുന്നത്. മറ്റൊരുതരത്തില്‍ മണ്ഡല്‍ -സംവരണ സംവാദങ്ങള്‍ സജീവമാകുന്ന സവിശേഷ ചരിത്രസന്ദര്‍ഭത്തിലാണ് ഉദ്യോഗം കൈയ്യാളുന്ന അവര്‍ണ പുരുഷനായി ശ്രീനിവാസന്‍ കഥാപാത്രങ്ങള്‍ കടന്നുവരുന്നത്. ചരിത്രത്തിലൂടെ വഴി വെട്ടി വന്ന അപര നായകനായിരുന്നു ശ്രീനിവാസന്.
ഈ സിനിമകളിലെല്ലാം ശ്രീനിവാസന്‍ കഥാപാത്രങ്ങള്‍ മതനിരപേക്ഷ-ജനാധിപത്യ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഔദ്യോഗികവും സാമ്പത്തികവുമായ ഉന്നതപദവിയിലാണ്. കണിശക്കാരനായ ഉദ്യോഗസ്ഥനാണ്. എന്നിട്ടും അയാള്‍ വിദൂഷകനായി കാണപ്പെട്ടത് / ആഘോഷിക്കപ്പെട്ടത് എന്തുകൊണ്ടാകാം?
'ആധുനികതയുടെ ഈ ലക്ഷണങ്ങള്‍ അയാള്‍ക്ക് ചേരുന്നില്ല. അഹന്തയോ, ധാര്‍ഷ്ഠ്യമോ, പൊങ്ങച്ചമോ ആയി അതു പ്രകടിപ്പിക്കപ്പെടുന്നു. അയാളുടെ സ്വത്വത്തിനു ചേരാത്ത പദവികളാണെന്ന കാഴ്ച നിര്‍മ്മിക്കപ്പെടുന്നു. എന്നാല്‍ ഇതേഗുണങ്ങള്‍ തന്നെ (കണിശക്കാരന്‍, സത്യസന്ധനായ ഉദ്യോഗസ്ഥന്‍) മധ്യവര്‍ഗ്ഗത്തില്‍പെട്ട വെളുത്ത തൊലിനിറമുള്ള സവര്‍ണ്ണ പുരുഷനായകന് നന്നായി ചേരും. ആകര്‍ഷണീയത, വിവരം, ധൈര്യം, കൃതജ്ഞത, വിശ്വസ്തത തുടങ്ങിയ ധനാത്മക ഗുണങ്ങള്‍ ശ്രീനിവാസന് അന്യമായിരിക്കുമ്പോള്‍ അയാളുടെ സഹജീവിയായെത്തുന്ന കഥാപാത്രങ്ങളില്‍ (മോഹന്‍ലാല്‍, ജയറാം, മമ്മൂട്ടി, സുരേഷ്ഗോപി) അവ സ്വാഭാവികമോ അന്തര്‍ലീനമോ ആണ്. അവര്‍ക്കത് ഒരിക്കലും പ്രകടിപ്പിക്കുകയോ തെളിയിക്കുകയോ ചെയ്യേണ്ടതില്ല (2005). സ്വാഭാവികമാക്കപ്പെട്ട ഈ സാമൂഹിക ബോധത്തെയും ലാവണ്യ ശീലങ്ങളെയും വിമര്‍ശിക്കുന്ന വിദൂഷഭാവം ശ്രീനിവാസന്‍ കഥാപാത്രങ്ങള്‍ എടുത്തണിയുന്നത് ഈ സാഹചര്യത്തിലാണ്. ശ്രീനിവാസന്റെ കഥാപാത്രങ്ങള്‍ പരമ്പരാഗത കലാ-ലാവണ്യ ബോധ്യങ്ങള്‍ക്കെതിരായ ആട്ടങ്ങളായിത്തീരുന്നതും അതുകൊണ്ടാണ്.
രസം ഉണ്ടാക്കുന്ന വിധം
ശ്രീനിവാസന്‍ കഥാപാത്രങ്ങളുടെ ശരീര, മുഖ, സംഭാഷണ ഭാഗങ്ങളെ ഒരു ഫ്രെയിമിനുള്ളില്‍ സങ്കല്‍പ്പിക്കുക. അയാള്‍ സ്വാഭാവികമായി ചിരിക്കുകയോ, നടക്കുകയോ, സംസാരിക്കുകയോ ചെയ്യുന്നില്ല. ആദ്യരാത്രിയില്‍ മുറിയിലേയ്ക്കു കടന്നുവരുന്ന ഭാര്യയെ വരവേല്‍ക്കാന്‍ റിഹേഴ്‌സല്‍ ചെയ്യുന്ന തളത്തില്‍ ദിനേശന്‍ (വടക്കുനോക്കിയന്ത്രം) യഥാര്‍ത്ഥത്തില്‍ ചലച്ചിത്രാഭിനയത്തിന്റെ ക്ലീഷേകളോടു കലഹിക്കുകയാണ്. ''അയ്യോ അച്ഛാ പോകല്ലേ...'' (ചിന്താവിഷ്ടയായ ശ്യാമള) എന്ന് മക്കളെ പറഞ്ഞു പഠിപ്പിക്കുന്ന വിജയനില്‍ ഏകതാനമായ ശരീരഭാഷയെ പരിഹസിക്കുന്ന ശ്രീനിവാസ ചിന്തയുടെ പ്രതിഫലനമുണ്ട്. പെരുമാറുകയല്ല (Behave) മറിച്ച് അഭിനയിക്കുക (Acting) തന്നെയാണെന്ന് ശ്രീനിവാസന്‍ കഥാപാത്രങ്ങള്‍ കാട്ടിത്തരുന്നു. ആ അഭിനയമാകട്ടെ, സിനിയുടെയോ തിയറ്ററിന്റെയോ പരിധി/പരിമിതികളെ ലംഘിച്ചുകൊണ്ടിരുന്നു.
നാടകാഭിനയത്തില്‍ ആരംഭിക്കുകയും ഫിലിംസ്‌കൂളില്‍ നിന്ന് അഭിനയം പഠിക്കുകയും ചെയ്തതിന് ശേഷമാണു ശ്രീനിവാസന്‍ സിനിമാലോകത്ത് എത്തുന്നത്. പി.എ.ബക്കറിന്റെയും കെ.ജി.ജോര്‍ജിന്റെയും ആദ്യകാല സിനിമകളിലെ ചെറു വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ശ്രീനിവാസന്‍ പില്‍ക്കാലത്തു സ്വന്തം ശരീരത്തെ മാറ്റിപ്പണിയുന്നത് നാടകത്തിന്റെയും സിനിമയുടെയും അഭിനയ ക്രമത്തിനു പുറത്തു മറ്റൊരു ശൈലി സൃഷ്ടിച്ച് ഉറപ്പിച്ചുകൊണ്ടായിരുന്നു. പതിവു നാട്യപാഠങ്ങളേയും ആട്ടപ്രകാരങ്ങളെയും നിരാകരിക്കുന്ന ഒരാട്ടം ശ്രീനിവാസന്‍ കഥാപാത്രങ്ങള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു. 'മേഘ'ത്തിലെ കഥാപാത്രമായ ഷണ്‍മുഖന്‍ തിയറ്റര്‍ ഉടമയാണ്. രവി തമ്പുരാനു (മമ്മൂട്ടി)മായി കണ്ടുമുട്ടുന്ന സന്ദര്‍ഭത്തിലെ ഷണ്‍മുഖന്റെ മുഖാഭിനയം സിനിമാ അഭിനയ പാഠങ്ങളുടെ പാരഡിയാണ്. മമ്മൂട്ടി എന്ന താരത്തിന്റെ മുഖാഭിനയത്തിന്റെ സമീപദൃശ്യങ്ങള്‍ മറുവശത്തു നിര്‍ത്തിയാണ് ശ്രീനിവാസന്റെ മുഖപേശികള്‍ കോമിക് ആക്ടിന്റെ രസം ഉണ്ടാക്കുന്നത്.
'സിനിമാ അഭിനയം നാടകാഭിനയത്തില്‍നിന്ന് ഒരുപടികൂടി പുരോഗതി പ്രാപിച്ചതാണ്.' എന്നു പ്രശസ്ത ചലച്ചിത്രകാരനായ പുഡോവ്കിന്‍ അഭിപ്രായപ്പെടുന്നുണ്ട്. സിനിമയിലെ ഒരഭിനയ സന്ദര്‍ഭം കണ്ട് 'നാടകം പോലിരിക്കുന്നു' എന്നു പറഞ്ഞാല്‍ ചലച്ചിത്ര നടനെയോ-നടിയെയോ സംബന്ധിച്ച് അതൊരു വിമര്‍ശനമാണ്. അരങ്ങിലെ ഉടല്‍ നിലയില്‍ നിന്നും തികച്ചും ഭിന്നമാണു സിനിമയിലെ ശരീരവിനിമയം. ശ്രീനിവാസന്റെ ശരീര വിനിമയത്തിന്റെ ഫ്രെയിമുകള്‍ കുറച്ചുകൂടി കടന്ന് ഏകാഭിനയത്തിന്റെ സാധ്യതകള്‍ ആരായുന്നു. ''ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ഷോപ്പില്‍ കയറിയ ഒരാള്‍'' എന്ന ഏകാഭിനയ സന്ദര്‍ഭം ഉദാഹരണമാണ്. ജീവിതത്തില്‍ അഭിനയിച്ചു പരാജയപ്പെടുന്ന കഥാപാത്രമാണ് ദിനേശന്‍. ഈ പരാജിതനെയാണ് ശ്രീനിവാസന്‍ എന്ന നടന്‍ 'അഭിനയിച്ചു' വിജയിപ്പിക്കുന്നത്. നടിച്ചു പരാജയപ്പെടുന്ന കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കുന്ന നടന്‍ എന്ന രൂപകം ഉദയനാണു താരത്തിലെ സരോജ്കുമാറിലും കാണാം. രാജപ്പന്‍ എന്ന പരാജിത വ്യക്തിയായും സരോജ് കുമാര്‍ എന്ന അഭിനയശേഷിയില്ലാത്ത താരമായും പ്രേക്ഷകര്‍ക്കു മുന്നില്‍ തകര്‍ത്താടുന്നത് ശ്രീനിവാസന്‍ എന്ന നടനാണ്.
ഏകാഭിനയത്തിന്റെയും, മുഖാഭിനയത്തിന്റെയും അതിഭാവുകത്വ ഘടകങ്ങള്‍ പരീക്ഷിക്കുന്നതില്‍ ശ്രീനിവാസന്‍ കഥാപാത്രങ്ങള്‍ക്ക് പ്രത്യേക കൗശലമുണ്ട്. മലയാള സിനിമയിലെ ചില സംഭാഷണ ശകലങ്ങള്‍ ശ്രീനിവാസന്റെ അതിഭാവുകത്വം നിറഞ്ഞ മുഖഭാവങ്ങളോടെയാണ് പ്രേക്ഷകര്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത്.
'ഞാളെ ചെറിയ ബുദ്ധിയില്‍ തോന്നിയ കാര്യം'
'പോട്ടം പിടിക്കിറ എഞ്ചിന്‍''
'ഇത് തേങ്ങയല്ല, ഇത് ഉലക്കയുമല്ല.'
'ഇവിടെ എല്ലാവര്‍ക്കും നൂറുരൂപാ വെച്ചു കൊടുക്കുന്നുണ്ടെന്ന് കേട്ടു.'
'ക്യാമറയും കൂടെ ചാടട്ടെ'
'കേമറ, ഏക്ഷന്‍, കട്ട്... ഇതിലേതാണ് മനസ്സിലാവാത്തത്?'
'അത്ര കാറ്റ് എനിക്കാവശ്യം വരില്ല'
''ഒരു ഗ്ലാസ്സ് റം'
''കുട്ടികളുണ്ടാവാനുള്ള മൂത്രംകാട്ടിഹോമം''
എന്നിങ്ങനെ ശ്രീനിവാസന്‍ സൃഷ്ടിച്ച അഭിനയ സന്ദര്‍ഭങ്ങള്‍ അനന്യമായ ഒറ്റയൊറ്റ ഫ്രെയിമുകളാണ്. അതില്‍ നാടകവും മിമിക്രിയും ഏകാഭിനയവും മുഖാഭിനയവുമുണ്ട്. കഥാപാത്രങ്ങളിലേയ്ക്ക് സ്വന്തം ശരീരത്തെ എടുത്തു പ്രയോഗിക്കുന്ന അഭിനയ പ്രക്രിയയുണ്ട്. ഇതെല്ലാം സിനിമയ്ക്കുള്ളില്‍ അയാള്‍ സ്വന്തമാക്കിയ വേദിയില്‍ നടത്തിയ ഒറ്റയാള്‍ നടനമായിരുന്നു.
ഒരു അഭിനേതാവിന്റെ വിദ്യാഭ്യാസത്തില്‍ മൂന്നു ഭാഗങ്ങളുണ്ടെന്ന് റിച്ചാര്‍ഡ് ബൊസ്ലാവ്സ്‌കി പറയുന്നുണ്ട്. ഒന്ന് സ്വന്തം ശരീരത്തെക്കുറിച്ചുള്ള അറിവാണ്. ഒപ്പം ശരീരത്തെ മെരുക്കിയെടുക്കുന്നതിനുള്ള പരിശീലനവും രണ്ടാമത്തേത് ബൗദ്ധികവും സാംസ്‌കാരികവുമായ വികാസമാണ്. കലയും സാഹിത്യവും രാഷ്ട്രീയവും അടുത്തറിയുന്ന വിശാലമായ ലോകബോധം. മൂന്നാമത്തേത് മനസ്സാണ്. സ്വന്തം ഇച്ഛാശക്തിയുടെ ആദ്യത്തെ ആജ്ഞയനുസരിച്ചു ഭാവമുഹൂര്‍ത്തങ്ങള്‍ കാഴ്ചവെയ്ക്കാന്‍ നടനെ/നടിയെ സജ്ജമാക്കുന്നത് അവരുടെ മനസ്സാണ്. ആത്യന്തികമായി തുറന്നതും വിശാലവുമായ സാമൂഹ്യ ജീവിതമാണ് അഭിനയത്തിന്റെ കളരി. സമൂഹം ശ്രീനിവാസന്റെയും അസംസ്‌കൃത ഭൂപ്രദേശമാണ്. സമൂഹത്തില്‍നിന്നു കണ്ടെടുത്ത കഥാപാത്രങ്ങളെ അപ്പാടെ കാഴ്ചവയ്ക്കുകയല്ല, മറിച്ച് കഥാപാത്ര ശരീരത്തെ കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍ ഭാഷയിലേയ്ക്കു പരാവര്‍ത്തനം ചെയ്യുകയാണു പലപ്പോഴും ശ്രീനിവാസന്‍. തളത്തില്‍ ദിനേശനും വിജയനും സരോജ്കുമാറും ജീവിത പ്രദേശങ്ങളില്‍ നിന്നും പകര്‍ത്തിയ അതിഭാവുകത്വം നിറഞ്ഞ കഥാപാത്രങ്ങളാണ്. മൂന്നുപേരും വിജയികളായി നടിക്കുന്ന പരാജിതരാണ്; അതാണ് ആ കഥാപാത്രങ്ങളുടെ ആത്യന്തിക വിജയവും.
അത്യന്തം ഉറപ്പില്ലായ്മയില്‍ നിലകൊള്ളുന്നത് ശ്രീനിവാസന്‍ കഥാപാത്രങ്ങളുടെ പ്രത്യേകതയാണ്. ട്രാഫിക് എന്ന സിനിമയില്‍ ഹൃദയവുമായി പുറപ്പെടുന്ന കോണ്‍സ്റ്റബിള്‍ സുദേവന്‍ നായരുടെ ദൗത്യം വിജയിക്കുമെന്നു ഒരുറപ്പുമില്ല. ആ അനിശ്ചിതത്വമാണു സിനിമയുടെ ആകാംക്ഷയും സന്നിഗ്ധതയും. മറ്റേതൊരു നായകനിലുമുള്ള ഉറപ്പിന്റെ ബാധ്യത ശ്രീനിവാസന്റെ താരപദവിയെ ചൂഴുന്നില്ല. ഉറപ്പില്ലായ്മയില്‍ അഥവാ അനിശ്ചിതത്വത്തില്‍ അഭിരമിച്ച താരവ്യക്തിത്വമാണ് ശ്രീനിവാസന്‍.
ഉദയനാണ് താരത്തില്‍ തിരക്കഥാ മോഷണത്തിലൂടെയാണ് സരോജ്കുമാര്‍ സൂപ്പര്‍താര പദവിയിലെത്തുന്നത്. താരത്തെ അഭിനയം പഠിപ്പിക്കാനെത്തുന്ന പച്ചാളം ഭാസിയുടെ രസാഭിനയ പാഠത്തെ ശ്രീനിവാസനിലെ വിദൂഷകന്‍ നേരിടുന്നത് ''രസം ഉണ്ടാകുകയല്ലല്ലോ. ഉണ്ടാക്കുകയല്ലേ?''എന്നു ചോദിച്ചുകൊണ്ടാണ്. ശ്രീനിവാസന്റെ അഭിനയ ജീവിതത്തില്‍ സ്വാഭാവികമായു ഉണ്ടാകുന്ന ഒന്നായിരുന്നില്ല രസം. അതയാള്‍ ഉണ്ടാക്കുകയായിരുന്നു. അഭിനയത്തില്‍ കണിശമായ ചേരുവകളോടെ നിര്‍മ്മിക്കുന്ന രസാനുഭൂതിയെക്കുറിച്ചായിരിക്കില്ലേ ശ്രീനിവാസന്‍ പറഞ്ഞത്?
കുടുംബം എന്ന രൂപകം
'സന്മനസ്സുളളവര്‍ക്ക് സമാധാന'ത്തില്‍ ഹൗസ് ഓണര്‍ ഗോപാലകൃഷ്ണ പണിക്കര്‍ പട്ടണത്തിലെത്തിയിരിക്കുന്നത് 'അര്‍ഹത'പ്പെട്ടതും മറ്റുള്ളവര്‍ കൈയ്യടക്കിവെച്ചിരിക്കുന്നതുമായ വീട് തിരിച്ചുപിടിക്കാനാണ്. കടംകയറി പാപ്പരത്തത്തിന്റെ വക്കില്‍ നില്‍ക്കുന്ന പണിക്കരുടെ കുടുംബത്തിനു രക്ഷപ്പെടാനുള്ള ഏകമാര്‍ഗ്ഗമാണ് ആ വീട്. അഴകൊഴമ്പനും പൊങ്ങച്ചക്കാരനുമായ പട്ടണത്തിലെ പൊലീസ് ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്‍ 'അര്‍ഹത'യില്ലാത്തൊരു പദവി കൈയ്യടക്കി വെച്ചിരിക്കുകയാണെന്ന തോന്നല്‍ സൃഷ്ടിക്കുന്ന കഥാപാത്രമാണ്. രാജേന്ദ്രന്‍ വാടകവീട്ടില്‍ ഒറ്റയ്ക്കാണു താമസിക്കുന്നത്. അയാളുടെ കുടുംബം അദൃശ്യമാണ്. ശ്രീനിവാസന്‍ കഥാപാത്രങ്ങളുടെ കുടുംബം പലപ്പോഴും ചലച്ചിത്രങ്ങളില്‍ മറഞ്ഞുനില്‍ക്കുന്നു.
കീഴ്ജാതി നിലയെ പ്രതിനിധാനം ചെയ്യുന്ന ഒരു കഥാപാത്രത്തിന്റെ കുടുംബം ആഖ്യാനത്തില്‍ അപ്രസക്തമാകുന്നത് എന്തുകൊണ്ടാണ്? വീടിനെ അദൃശ്യമാക്കി നിര്‍ത്തി ശരീരത്തെ പ്രതിഷ്ഠിക്കുന്നതിലൂടെ ചലച്ചിത്രങ്ങളിലെ ശ്രീനിവാസന്‍ കഥാപാത്രങ്ങള്‍ 'ഇടം' പിടിച്ചെടുക്കുകയാണെന്ന് കാണാം. 'സന്മനസ്സുള്ളവര്‍ക്ക് സമാധാനം' ആത്യന്തികമായും ഗോപാലകൃഷ്ണപ്പണിക്കരുടെ കഥയാണ്. അയാളുടെ ജീവിതവും പ്രണയവും തറവാടിന്റെ തകര്‍ച്ചയുമാണ് കേന്ദ്രപ്രമേയം. എന്നാല്‍ തറവാടു ജപ്തി ചെയ്യുന്നതോടെ വഴിയാധാരമാകുന്ന ഗോപാലകൃഷ്ണപ്പണിക്കര്‍ക്ക് തുണയാകുന്നത് രാജേന്ദ്രന്റെ വാടകവീടാണ്. ഒരു ഉപാഖ്യാനത്തിലൂടെ ശ്രീനിവാസന്‍ കഥാപാത്രം ചലച്ചിത്ര കേന്ദ്രത്തിലേയ്ക്കു പ്രവേശിക്കുന്നു. നാട്ടിന്‍പുറത്തിന്റെ വരേണ്യ ഗൃഹാതുരതയെ നഗര-അര്‍ദ്ധ നഗര പരിസരത്തില്‍വെച്ച് നേരിടുന്നതിലൂടെ ആഖ്യാനത്തിനുള്ളില്‍ സ്വന്തമായൊരു സ്ഥലമുല്‍പ്പാദിപ്പിക്കുകയാണ് ശ്രീനിവാസന്‍. കോമാളിയായ ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ കരുതല്‍, ദയ, കാരുണ്യം, അപരസ്‌നേഹം തുടങ്ങിയ ഉന്നത മനുഷിക മൂല്യങ്ങളിലൂടെ യഥാര്‍ത്ഥ നായകനെ കടന്നുവളരുന്നു. ജാതി-സമുദായ സദാചാരത്തിന്റെ മൂല്യബോധ്യങ്ങളെ സാഹോദര്യം കൊണ്ട് പകരംവയ്ക്കുന്ന സാമൂഹ്യരാഷ്ട്രീയ സന്ദര്‍ഭമായി തീരുകയാണ് ശ്രീനിവാസന്റെ കഥാപാത്രം.
ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റി'ല്‍ ശ്രീനിവാസന്‍ കഥാപാത്രം മാധവന്‍ താമസിക്കുന്നതും നഗരത്തിനുള്ളില്‍ (എന്നാല്‍ പുറത്തുമായ) ഒരു വാടകവീട്ടിലാണ്. അവിടെ അയാളോടൊപ്പെം അമ്മയും സഹോദരിയുമുണ്ട്. മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ രംഗപ്രവേശത്തിനു കളമൊരുക്കുന്ന ഏതാനും സീനുകള്‍ക്കപ്പുറം സിനിമയില്‍ ആ 'വാടകക്കുടുംബം' അദൃശ്യമാണ്. നാടോടിക്കാറ്റില്‍ ജ്യേഷ്ഠന്റെ ഭാര്യയുടെ മാല മോഷ്ടിച്ച് വീടു വിട്ടതാണെന്ന പരാമര്‍ശത്തിനപ്പുറം വിജയന്റെ (ശ്രീനിവാസന്‍) വീട് കടന്നുവരുന്നില്ല. എന്നാല്‍ ദാസന്റെ (മോഹല്‍ലാല്‍) കുടുംബത്തിന്റെ ജാതി-സമുദായ നിലയും അതിന്റെ സാമ്പത്തികവും വൈകാരികവുമായ അവസ്ഥകളും അമ്മയുമായുള്ള കൂടിക്കാഴ്ചയുടെ തീവ്ര നിമിഷങ്ങളുമെല്ലാം സിനിമയില്‍ കടന്നുവരുന്നുണ്ട്. ബന്ധങ്ങളുടെ ചരിത്രമോ പാരമ്പര്യമോ ഗൃഹാതുരമായ ഓര്‍മ്മകളോ തീണ്ടാതെ വര്‍ത്തമാനത്തില്‍ ആരംഭിച്ചു ഭാവിയിലേക്കു സന്ദിഗ്ധമായി നില്‍ക്കുന്ന ആശ്രിതത്വത്തിലാണു കീഴാള കഥാപാത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്. ഈ ഭൂതകാലമില്ലായ്മ, സവര്‍ണ്ണ ഭൂതകാലത്തെ മഹത്വവല്‍ക്കരിക്കുന്ന സാംസ്‌കാരിക പ്രത്യയശാസ്ത്രമായി പ്രവര്‍ത്തിക്കുകയാണു ചെയ്യുന്നത്.
മലയാള സിനിമയുടെ വാസ്തുരൂപങ്ങളിലൊ, അവയുടെ വരേണ്യ സൗന്ദര്യ ശാസ്ത്രത്തിനുള്ളിലോ ഒരു കീഴാള കുടുംബവും അതിന്റെ അകംപുറം കാഴ്ചകളും പലപ്പോഴും അപ്രസക്തമാകുന്നു. അതുകൊണ്ടായിരിക്കണം ആഖ്യാനത്തിലേയ്ക്കു വീടില്ലാതെ, പ്രവേശിക്കുവാന്‍ കഥാപാത്രങ്ങള്‍ നിര്‍ബന്ധിതരാകുന്നത്. ദളിതരുടെയും കീഴാളരുടെയും മറ്റു പിന്നോക്ക ജനവിഭാഗങ്ങളുടെയും സ്മരണകള്‍ക്കും അനുഭവങ്ങള്‍ക്കും പ്രാതിനിധ്യമുള്ള കാഴ്ചകള്‍ക്കു വേണ്ടിയുള്ള അന്വേഷണം വരേണ്യ സാംസ്‌കാരിക ഘടനയ്ക്കുള്ളില്‍ സാധ്യമാവുകയില്ല. ചലച്ചിത്രത്തിന്റെ പ്രത്യയശാസ്ത്ര സാംസ്‌കാരിക സാമ്പത്തിക വ്യവസ്ഥക്കുള്ളില്‍ കീഴാളരുടെ സൗന്ദര്യശാസ്ത്രവും ആഖ്യാനരീതിയും സാധ്യമാകുമോ എന്ന ചോദ്യത്തിന് ലളിതമായ ഉത്തരങ്ങളില്ല. ഈ അദൃശ്യതകളെയാണ്, അഭാവങ്ങളെയാണ് ശ്രീനിവാസന്‍ തന്റെ ചലച്ചിത്രങ്ങളില്‍ നേരിട്ടത്. അതുകൊണ്ടുതന്നെ അത് വരുംകാലം കാഴ്ചകളെ നിശിതമായി ഓര്‍മ്മിക്കുകയും പിന്തുടരുകയും ചെയ്യും.
റഫറന്‍സ്
എസ്.സഞ്ജീവ്, സി.എസ്.വെങ്കിടേശ്വരന്‍. 'ശ്രീനിവാസന്റെ തമാശക്കളികളും ജാതിയുടെ പ്രതിനിധാനവും.' ശ്രീനിവാസന്‍ ഒരു പുസ്തകം'. (2005) എഡി: വിനു എബ്രഹാം. ഒലിവ്, കോഴിക്കോട്.
ജയകുമാര്‍ കെ.പി. ജാതിവ്യവസ്ഥയും മലയാള സിനിമയും (2015 ). ഒലിവ്, കോഴിക്കോട്.
ശ്രീനിവാസന്‍ സംഭാഷണങ്ങളുടെ ഓര്‍മ്മകള്‍ക്ക് വൈശാഖന്‍ തമ്പിയോട് കടപ്പാട്